ADVERTISEMENT

ഒരു അന്വേഷണ കഥ (കഥ)

അന്ന് ഒരു ഞാറാഴ്ചയായിരുന്നു. റുബിൻ തന്റെ പുതിയ ക്രൈം ഫിക്ഷൻ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. നീണ്ട നാലു മാസത്തെ ചിന്തകളിൽ എങ്ങനെ ഒരു വായനക്കാരന്റ വായനയുടെ ത്രിൽ മുഴുനീളം നഷ്ടപ്പെടുതാതെ നോവൽ അവസാനിപ്പിക്കാമെന്ന കാര്യമായിരുന്നു റുബിന്റ മുന്നിൽ നിലനിന്നിരുന്ന വലിയ വെല്ലുവിളി. ഒടുവിൽ ആ വെല്ലുവിളി റുബിൻ തരണo ചെയ്തിരിക്കുന്നു. തന്റെ സുഹൃത്തായ സവിന്റ ആ ചെറിയ വാടക മുറിയിൽ താമസിച്ചു കൊണ്ടാണ് റുബിൻ നോവൽ പൂർത്തിയാക്കിയത്. എന്തിനേറെ ആ നാല് മാനസത്തെ എല്ലാ ചിലവും നോക്കിയിരുന്നത് സുഹൃത്തായ സവിൻ തന്നെയായിരുന്നു. 

 

സവിൻ ഒരു ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റ കാഷ്യയർ ആണ്. അവൻ കല്യാണം കഴിച്ചിട്ടില്ല. അവന് ആകെയുള്ളത് നാട്ടിൽ ഒറ്റക്ക് താമസിക്കുന്ന അവന്റെ അമ്മ മാത്രമാണ്. റുബിൻ നാട്ടിൽ നിന്ന് മാറി നിന്നിട്ട് ഇന്നേക്ക് അഞ്ച് മാസം പൂർത്തിയായിരിക്കുന്നു. റുബിനു വേണ്ടി നാട്ടിൽ കാത്തിരിക്കുവാൻ അവന്റെ അച്ഛനും സഹോദരിയും മാത്രമാണ്... റുബിനു ഒന്ന് പുറത്തേക്ക് ഇറങ്ങണമെന്നുണ്ടായിരുന്നു. ഈ നാല് മാസവും ആ ചെറിയ മുറിയുടെ മൂലയിലെ ആ മേശയുടെ മുന്നിലായിരുന്നു. എഴുത്ത് പൂർത്തീകരിക്കാനുള്ള തിരക്കിൽ റുബിൻ അധികം പുറത്തേക്ക് ഇറങ്ങീട്ടില്ല. രാവിലെ തന്നെ സവിൻ ബാങ്കിൽ പോയിരിക്കുന്നു. താമസിക്കുന്ന കെട്ടിടത്തിന്റ എതിരെയുള്ള രവിയേട്ടന്റ ചായ കടയിൽ നിന്നും ഒരു സ്ട്രോങ് ചായ പതിവാണ്.ആ പതിവ് റുബിൻ തെറ്റിച്ചില്ല.

 

‘രവിയേട്ടാ ... പതിവ് ചായ’

‘എന്താടാ.. നല്ല സന്തോഷത്തിലാണല്ലോ’

‘അതേ രവിയേട്ടാ ... എന്റെ നോവൽ പൂർത്തിയായി’

‘അയ് ശരി... ഇന്ന് പതിവ് വേണ്ടാ .. പിടിച്ചോ എന്റെ വക സ്പെഷൽ ബിരിയാണി ചായ’

 

ശേഷം റുബിൻ റൂമിൽ ചെന്ന് ഫ്രഷ് ആയി കഴിഞ്ഞ് ആ ചെറിയ വാടക മുറിയുടെ തുരുമ്പിച്ച പൂട്ട് പുറത്ത് നിന്നു പൂട്ടി. ഈയിടെ റിലീസായ പുതിയ മിസ്റ്ററി ഹൊറർ ത്രില്ലർ സിനിമക്ക് നല്ല അഭിപ്രായമാണെന്ന് റുബിൻ കേട്ടിരുന്നു. റുബിൻ നേരേ സവിതാ തിയേറ്ററിലേക്ക് വിട്ടു. സിനിമാ റിലീസായിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഇപ്പോഴും മാറ്റിനി ഷോയ്ക്ക് തിയേറ്ററിൽ നല്ല പോലെ തിരക്കുണ്ടായിരുന്നു. സിനിമ ആരംഭിച്ചു കഴിഞ്ഞ് ഇൻറ്റർവൽ ആയപ്പോഴാണ് താൻ ഫോൺ എടുക്കാൻ മറന്ന കാര്യം റുബിൻ മനസ്സിലാക്കുന്നത്. രണ്ടു മണിക്കൂറും നാൽപതിയൊന്ന് മിനുറ്റും കഴിഞ്ഞ് റുബിൻ നേരേ തിയേറ്ററിൽ നിന്ന് പുറത്തേകിറങ്ങി. പിന്നീട് ഹൗവ ബീച്ചിന്റ മണൽ തീരത്തിലൂടെ റുബിൻ വെറുതേ അങ്ങ് നടന്നു. ഇളം ചൂട് കലർന്ന കടൽ കാറ്റ് ആ തീരത്ത് വീശുന്നുണ്ടായിരുന്നു. സമയം വേഗത്തിൽ സഞ്ചരിച്ചു. ആകാശത്ത് മഞ്ഞയും ചുവപ്പും നിറങ്ങൾ പടർത്തിയ മേഘങ്ങൾ മെല്ലെ മാഞ്ഞു.

 

റുബിൻ തിരികെ ആ വാടക മുറിയിലേക്ക് യാത്ര തിരിച്ചു. സവിൻ ഇതുവരെ എത്തിയിട്ടില്ല. ആ തുരുമ്പിച്ച പൂട്ട് റുബിൻ മെല്ലെ തുറന്നപ്പോഴാണ് റുബിൻ അത് ശ്രദ്ധിച്ചത്. കതകിന്റ പുറത്ത് ആരോ നാലഞ്ച് പേപ്പറും പേനയും ചുരുട്ടി വച്ചിരിക്കുന്നു. റുബിൻ അത് എടുത്ത് നോക്കി. റുബിൻ ഒന്ന് ഞെട്ടി.. അത് അവന്റെ പേനയായിരുന്നു. കഥാ രചനാ മത്സരത്തിനു ഒന്നാം സമ്മാനമായി താൻ ഗുരുതുല്യനായി ആരാധിക്കുന്ന എഴുത്തുകാരനിൽ നിന്ന് ഏറ്റുവാങ്ങിയ ആ പേന. ആ പേന ഉപയോഗിച്ചായിരുന്നു തന്റെ പുതിയ നോവൽ റുബിൽ എഴുതി പൂർത്തിയാക്കിയത്. അത് റുബിൻ തന്റെ പോക്കറ്റിൽ ഭദ്രമായി വച്ചതായിരുന്നു.

 

 ‘ഇത് എപ്പോഴാ എന്റെ കൈയീന്ന് കളഞ്ഞേ’ റുബിൻ ആ പേപ്പർ നിവർത്തി നോക്കി. ആരോ ഈ പേന കൊണ്ട് കഥ എഴുതിയിരുന്നു. എന്നാൽ ആ കഥയ്ക്ക് പേരില്ലായിരുന്നു. റുബിൻ അതുമായി റൂമിന്റ അകത്തേക്ക് കടന്നു... റുബിൻ കസേരയിൽ ഇരുന്നു.മെല്ലെ ഓരോ പേജും മറച്ചു നോക്കി.അവസാനത്തെ പേജിന്റ പകുതി കഴിയുമ്പോൾ കഥ അവസാനിക്കുന്നു... റുബിൻ അത് ശ്രദ്ധിച്ചു.. പേനയുടെ മഷി തീർന്നതു കൊണ്ടാണ് ആ കഥയുടെ തുടർച്ച അവിടെ അവസാനിച്ചതെന്ന് റബിന് മനസ്സിലായി. എന്നാലും ഈ പേന എവിടെ വച്ചാ എന്റെ കൈയീന്ന് നഷ്ടമായത്?

 

‘ആരായിരിക്കും എന്റെ പേന കൊണ്ട് മഷി തീരുന്നതു വരെ കഥയെഴുതി ഇവിടെ കൊണ്ട് വച്ചത്’ ഒരുപാട് ചേദ്യങ്ങൾ ഒരേ സമയം റുബിന്റ മനസ്സിൽ ഓടിയെത്തി.റുബിൻ മേശയുടെ പുറത്ത് വച്ചിരിക്കുന്ന ലാംപ് ഓണാക്കി ആ കഥ മെല്ലെ വായിച്ചു. ഒരു പേജ് വായിച്ച് കഴിഞ്ഞ് മറു പേജ് വായിക്കുവാൻ തുടങ്ങിയപ്പോഴാണ് സവിൻ റൂമിലേക്ക് വരുന്നത്. റുബിൻ ആ പേപ്പർ എല്ലാം കൂടി മേശയുടെ റോയുടെ അകത്തേക്ക് വച്ചു.  നടന്ന ഈ കാര്യം സവിനോട് അന്നേരം റുബിനു പറയാൻ തോന്നില്ല. പിറ്റേ ദിവസം റുബിൻ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി ട്രാവൽ ഏജൻസി ഓഫീസിൽ നിൽക്കുന്ന സമയത്താണ് റുബിനു ഒരു ഫോൺ കോൾ വരുന്നത്. അത് സവിന്റ സുഹൃത്തിന്റ ഫോൺ കോളായിരുന്നു. സവിൻ റോഡപകടത്തിൽപ്പെട്ട് ആശുപത്രിയിലാണെന്ന കാര്യം റുബിൻ അറിഞ്ഞു.  ഉടൻ തന്നെ റുബിൻ ആശുപത്രിയിലേക്ക് വിട്ടു. ഐ. സി . യു വിനു പുറത്ത് സവിന്റ കൂടെ വർക്ക് ചെയ്യുന്ന അവന്റ സുഹൃത്തുകൾ ഉണ്ടായിരുന്നു.

 

‘ കുറച്ച് സീരിയസാ... നാൽപതിയെട്ട് മണിക്കൂർ ഒബ്സർവേഷൻ കഴിഞ്ഞേ എന്തും പറയാൻ പറ്റൂന്ന് ഡോക്ടർ പറഞ്ഞു’

 

റുബിൻ സവിന്റ നാട്ടിലെ സുഹൃത്തിനെ വിവരമറിച്ചു. പിറ്റേ ദിവസം സവിന്റ അമ്മയും, സവിന്റ നാട്ടിലെ സുഹൃത്തായ മണിയും ആശുപത്രിയിലെത്തി. നാൽപതിയെട്ട് മണിക്കൂറത്തെ ഒബ്സർവേഷൻ കഴിഞ്ഞ് ഡോക്ടർ തോമസ് ഹോപുണ്ടെന്ന വിവരം അറിയിച്ചു. രണ്ടാഴ്ച സവിന്റെ അമ്മയുടെയും മണിയുടെയും കൂടെ മുഴുവൻ സമയവും റുബിനും ആശുപത്രിയിൽ ഉണ്ടായിരുന്നു. പിന്നീട് സവിനെ ഐ.സി. യു വിൽ നിന്നും റൂമിലേക്ക് മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ചെയ്തു സവിനെ അവന്റെ  നാട്ടിലേക്ക് യാത്രയാക്കി റുബിൻ രാത്രി ആ വാടക മുറിയിലേക്ക് തിരികെയെത്തി. 

 

റുബിനു നല്ല പോലെ ക്ഷീണമുണ്ടായിരുന്നു. റുബിൻ ബെഡിൽ കിടന്നു കണ്ണടച്ചു. റുബിൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ അഞ്ചരക്കുള്ള ബാങ്ക് വിളിയുടെ ശബ്ദം കേട്ട് റുബിൻ ഉറക്കത്തിൽ നിന്ന് ഉണർന്നു.

റുബിൻ പെട്ടന്ന് എന്തോ ഓർത്തപോലെ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. മേശയുടെ റോ തുറന്ന് ആ പേപർ എടുത്ത് റുബിൻ മുഴുവനായി ആ കഥ വായിക്കുവാൻ തുടങ്ങി.വായിച്ചു കഴിഞ്ഞപ്പോൾ റുബിൻ ശരിക്കും ഞെട്ടി. ആ കഥയിലെ സംഭവങ്ങൾ അതേപടി റുബിന്റ ജീവിതത്തിൽ നടന്നിരിക്കുന്നു. ഈ കഥയെഴുതിയ വ്യക്തി തന്റെ ജീവിതത്തിൽ നടക്കുവാൻ പോകുന്ന കാര്യങ്ങളായിരുന്നു കഥയായി എഴുതിയിരുന്നതെന്ന് റുബിനു മനസ്സിലായി.

 

എന്നാലും ആരായിരിക്കും ഇത് എഴുത്തിയത്?. പിറ്റേ ദിവസം ഇത് എഴുതിയ ആളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ ചെറുതായിയൊന്ന് റുബിൻ നടത്തിയെങ്കിലും അത് ഒന്നിന്നും വഴിയൊരുക്കില്ല. റുബിന്റ മനസ്സിൽ മറ്റൊരു ചിന്ത ഉണർന്നു. തന്റെ ജീവിതത്തിൽ നടന്ന ഈ കഥയെ ആസ്പദമാക്കി ഒരു ചെറു നോവൽ എഴുതാൻ റുബിൻ തീരുമാനിച്ചു. ഭാവി പ്രവചിച്ച് എഴുതി കൊടുക്കുന്ന മാന്ത്രികനെ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കഥ. അതേ ഒരു അന്വേഷണ കഥ.

 

Content Summary : Oru Anweshana Kadha Shortstory By Krishnachandran.K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com