ADVERTISEMENT

ഇങ്ങനെയും ഒരു ചങ്ങാതി (കഥ)

ഉറ്റ സുഹൃത്തുക്കളായിരുന്നു സുദേവനും കരുണനും.അയല്‍വാസികളായ ഇരുവരും ഒരു കുടംബം പോലെയാണ് കഴിഞ്ഞിരുന്നത്. ജീവന്‍ കൊടുക്കാന്‍ തക്ക സൗഹൃദം ഇവര്‍ക്കിടയില്‍ ഉണ്ടെങ്കിലും ഇരുവരും വ്യത്യസ്ത സ്വാഭാവമുള്ളവരായിരുന്നു. സുദേവന്‍ ഒരു തികഞ്ഞ കുടുംബസ്നേഹിയും നാട്ടിലെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലാതെ എല്ലാവരെയും ഒരു പോലെ സ്നേഹിക്കാനും സഹായിക്കാനും ശ്രമിക്കുന്ന ഒരു വ്യക്തിയാണ് സുദേവന്‍. കരുണന്‍ സുദേവന്‍റെ ഒപ്പം കൂടുമെങ്കിലും മദ്യപാനം അയാളുടെ ദൗര്‍ബല്യമായിരുന്നു. മുന്‍ശുണ്ഠിയും പൊങ്ങച്ചവും അയാളുടെ കൂടപ്പിറപ്പായിരുന്നു അതുകൊണ്ടു തന്നെ നാട്ടുക്കാര്‍ക്ക് അയാളെ വെറുപ്പായിരുന്നു.

 

പല പ്രശ്നങ്ങളില്‍ നിന്നും കൂട്ടുകാരനെ രക്ഷിച്ചു കൊണ്ടുവരലാണ് സുദേവന്‍റെ ജോലി. എത്ര ഉപദേശിച്ചാലും വഴക്കു പറഞ്ഞാലും കരുണന്‍റെ സ്വഭാവത്തിനു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും സുദേവനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് നാട്ടുകാര്‍ കരുണനെ വെറുതെ വിട്ടിരുന്നത്. എന്തിനാ ഇങ്ങനെ ഒരു കൂട്ടുകാരനെ കൊണ്ട് നടക്കുന്നതെന്ന് പലരും ചോദിച്ചിട്ടും കരുണനെ ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹിക്കാനെ സുദേവന്‍ ശ്രമിച്ചിട്ടുള്ളു. ചുമട്ട് തൊഴിലാളികള്‍ ആയിരുന്നു രണ്ടു പേരും. കരുണന്‍റെ മദ്യപാനവും ചീട്ടുകളിയും കാരണം കുടുംബം മുഴുപ്പട്ടിണിയില്‍ ആയിരുന്നു. കരുണന്‍റെ വീട്ടിലെ പട്ടിണി മാറ്റാന്‍ മറ്റൊരു വരുമാനം ഇല്ലാത്ത സുദേവന്‍റെ കുടുംബം പാതി പട്ടിണിയില്‍ കഴിഞ്ഞിരുന്നു.          

 

കാലം പിന്നേയും മുന്നോട്ട് പോയി.  സുദേവന്‍റെയും കരുണന്‍റെയും മക്കളൊക്കെ വലിയ കുട്ടികളായി. അമ്മയും ഭാര്യ(സുമംഗല) മക്കള്‍(ശ്യാം, ശാരി) ഇവരൊക്കെ അടങ്ങുന്നതാണ് സുദേവന്‍റെ കുടുംബം. കരുണനു ഭാര്യയും(അനിത) മൂന്നു മക്കളും(അജിത,അഖില്‍, ആശ) ഉണ്ട്. അതില്‍ മൂത്ത മകളായ അജിതക്കു വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്ന സമയമാണ്.ആലോചനകള്‍ ഒരുപാടു വരുന്നുണ്ടങ്കിലും കരുണന്‍റെ സ്വഭാവവും സാമ്പത്തിക ബുദ്ധിമുട്ടും വിവാഹത്തിനു തടസ്സങ്ങള്‍ ആയിരുന്നു. കരുണനു കുടുംബത്തെ കുറിച്ചു വലിയ ഉത്തരവാദിത്വബോധമൊന്നും ഉണ്ടായിരുന്നില്ല. 

 

സുദേവന്‍റെ മകനും കരുണന്‍റെ മകനും ഒരു പ്രായക്കാരാണ്. ഇരുവരും ഒരുമിച്ചാണ് ഇലക്ട്രോണിക്സില്‍ ഡിപ്ലോമ പാസ്സായത്. ഇരുവരും ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കെ സുദേവന്‍റെ മകനു വേണ്ടി സുഹൃത്തായ ഗഫൂര്‍ ഗള്‍ഫിലേക്ക് പോകാന്‍ ഒരു ഓഫര്‍ വന്നിട്ടുണ്ടെന്നു പറഞ്ഞു. സുദേവന്‍ മകന്‍റെ എല്ലാ സര്‍ഫിക്കറ്റുകളും ശരിയാക്കി ഗഫൂറിനെ ഏല്‍പ്പിക്കുകയും ചെയ്തു. പതിനഞ്ചു ദിവസത്തിനുള്ളില്‍ വിസ വരുമെന്ന് ഉറപ്പു കൊടുത്തു ഗഫൂര്‍ . അതിനിടയില്‍ കരുണന്‍റെ മകള്‍ക്ക് ആ നാട്ടിലെ ഒട്ടു മിക്ക വിവാഹങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ബ്രോക്കര്‍ ചന്ദന്‍ നല്ലൊരു ആലോചന കൊണ്ടു വരികയും അത് നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കരുണന്‍റെ ഉത്തരവാദിത്വമില്ലായ്മ എല്ലാ ഭാരവും മകന്‍ അഖിലിന്‍റെ തലയിലാക്കി.ഒരു ജോലി പോലും ഇല്ലാതെ ലോണ്‍ എടുക്കാനുള്ള വഴികളും അടഞ്ഞു. വീടിന്‍റെ ആധാരം പണയംവച്ചാണ് പഠിപ്പ് പൂര്‍ത്തിയാക്കിയത് . വിവാഹം നടത്താന്‍ ഒരു വഴിയും കാണാതെ അഖില്‍ ധര്‍മ്മസങ്കടത്തിലായി. അഖിലിന്‍റെ ദു:ഖം മനസ്സിലാക്കിയ സുദേവന്‍ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനത്തിനു ശേഷം ഗഫൂറിനോട് തന്‍റെ മകന് വരുന്ന വിസ അഖിലിനു ശരിയാക്കി കൊടുക്കാന്‍ ആവശ്യപെട്ടു.

 

 കരുണന്‍റെ സ്വഭാവം അറിയുന്ന ഗഫൂര്‍ ആദ്യം സുദേവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സുദേവന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് മനസ്സില്ലാ മനസ്സോടെ ഗഫൂര്‍ സമ്മതിക്കുകയും ചെയ്തു. അഖിലിന് ഗള്‍ഫിലേക്ക് പോകാനുള്ള പണത്തിനു വേണ്ടി സുദേവന്‍റെ വീടിന്‍റ ആധാരം  അലിയാര്‍ എന്ന പലചരക്കു വ്യാപാരിക്ക് പണയം വെച്ചു പൈസ വാങ്ങി. ശ്യാമിനു വന്ന വിസയാണ് അഖിലിന് കൊടുക്കുന്നതെന്ന് ഒരിക്കലും ശ്യാം അറിയരുതെന്ന്  സുദേവന് നിര്‍ബന്ധമുണ്ടായിരുന്നു. അഖിലിനുള്ള വിസ വന്നു. ശ്യാമിനു കുറച്ചു നിരാശയുണ്ടെങ്കിലും അഖിലിന്‍റെ അവസ്ഥ മനസ്സിലാക്കി അവന് ധൈര്യം കൊടുത്തു.അഖില്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഗള്‍ഫിലേക്ക് പോയത്. 

(കുറച്ച് മാസങ്ങള്‍ക്ക് ശേഷം) ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളത്തില്‍ തന്നെ അഖിന് ജോലി ശരിയായി. ശമ്പളം അയച്ചു തുടങ്ങിയതോടെ കരുണന്‍റെ വീട് പതിയെ ഉയര്‍ച്ചയിലേക്ക് വന്നു തുടങ്ങി. അജിതയുടെ വിവാഹം കഴിഞ്ഞു.വീട് പുതിയ രീതിയില്‍ പണി കഴിപ്പിക്കുകയും പഴയതൊക്കെ പതുക്കെ മറക്കാനും തുടങ്ങി.

 

കരുണന്‍റെ   മകള്‍ അജിതയുടെ ഭര്‍ത്താവുമായി ടെക്സ്റ്റയില്‍സ് ബിസ്സിനസ്സ് ആരംഭിച്ചു. സുദേവനായി ചെറിയ രീതിയില്‍ അകല്‍ച്ച ഭാവിച്ചു തുടങ്ങി. പുതിയ കൂട്ടുകെട്ടുകള്‍ കരുണനെ കൂടുതല്‍ സമ്പന്നതയിലേക്ക് നയിക്കാന്‍ സഹായിച്ചു. പഞ്ചായത്ത് ഇലക്ഷനില്‍ കരുണനെ മെമ്പറായി നോമിനേറ്റ് ചെയ്യാന്‍ ഒരു പാര്‍ട്ടി തീരുമാനിക്കുകയും സുദേവനോട് കരുണനു വേണ്ടി പ്രചരണത്തിനു ഇറങ്ങാന്‍ ആവശ്യപെടുകയും ചെയ്തു. സുദേവന്‍ ആ ആവശ്യം നിഷ്ക്കരുണം തള്ളുകയും കരുണന്‍ ഇലക്ഷനില്‍ തോല്‍ക്കുകയും ചെയ്തു. പാര്‍ട്ടിക്കാര്‍ ഈ അവസരം മുതലാക്കി സുദേവനേയും കരുണനേയും തെറ്റിക്കാനുള്ള കരുക്കള്‍ നീക്കി. ഇതോടുകൂടി കരുണനു സുദേവനോട് കടുത്ത ശത്രുത തോന്നുകയും ചെയ്തു. ഉറ്റ ചങ്ങാതിമാരായ ഇരുവരുടെയും ശത്രുത നാട്ടിലുള്ളവര്‍ക്ക് അവിശ്വസനീയമായ കാഴ്ചയായിരുന്നു. 

 

സുദേവന്‍ ചുമട്ടുതൊഴിലാളിയില്‍ നിന്നും വിരമിച്ചു പൂര്‍ണ്ണമായും കൃഷിയും ഫാമുമായി കഴിയാന്‍ തീരുമാനിച്ചു. അഖില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ല. അലിയാരുടെ കയ്യിലുള്ള ആധാരം തിരിച്ചെടുക്കാന്‍ അഖില്‍ പണം നല്‍കിയില്ല. അതിനുപകരം അലിയാരുടെ കടയിലേ ജീവനക്കാരനായി സുദേവന്‍ ജോലിക്കു നിന്നു. സുദേവന്‍റെ മകന്‍ ശ്യാമിനു ഗള്‍ഫ് ചാന്‍സ് ഒന്നും പിന്നീട് വന്നില്ല. ഗഫൂറിനെ പിന്നെ ആ ഭാഗത്തേക്കു കണ്ടതുമില്ല. ശ്യാമിന്‍റെ ഭാവി തകര്‍ത്തു എന്ന കുറ്റബോധം സുദേവനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അഖിലില്‍ നിന്നും ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. പഴയ കാര്യങ്ങള്‍ ചുട്ടുപൊള്ളിക്കുന്ന ഓര്‍മ്മകളായിരുന്നു സുദേവന്.. 

(പ്രതിസന്ധികള്‍ക്കിടയിലും സുദേവന്‍ സേവനങ്ങള്‍ക്ക് മുടക്കം വരുത്തിയില്ല)

 

 

തട്ടകത്തെ അമ്പലത്തിലെ ഉത്സവം ആ നാട്ടിലെ ദേശവാസികള്‍ക്ക് ഒരു ആഘോഷമായിരുന്നു. നാലു ദേശക്കാര്‍ മത്സരരൂപേണ നടത്തുന്ന ഉത്സവമാണ്. അതു കൊണ്ട് തന്നെ കാര്യപരിപാടികള്‍ക്കും മത്സരച്ചുവയുണ്ടാകും. ഇതില്‍ കിഴക്കന്‍ ദേശക്കാരുടെ എല്ലാ ചുമതലയും സുദേവനാണ് നോക്കുന്നത്. മുന്‍പ്  കരുണനും കമ്മിറ്റിയിലെ അംഗമായിരുന്നു. സുദേവനുമായി തെറ്റിപ്പിരിഞ്ഞ ശേഷം കിഴക്കന്‍ ദേശം രണ്ടായി പിളര്‍ന്നു. കരുണന്‍ അതിന്‍റെ ചുമതല ഏറ്റടുക്കുകയും ചെയ്തു. ദേശവാസികള്‍ അതിനെ എതിര്‍ക്കുകയും പണത്തിന്‍റെയും സ്വാധീനത്തിന്‍റെയും പിന്‍ബലത്തില്‍ കമ്മിറ്റിയെ അംഗീകരിക്കുകയും ചെയ്തു. കിഴക്കന്‍ ദേശം രണ്ടു ഭാഗമായി വിഭജിച്ചു. നാല് ദേശക്കാര്‍ കൊണ്ടു വരുന്ന ആനയെ അളന്ന് ഏറ്റവും പൊക്കം കൂടിയ ആനയെ തിരഞ്ഞെടുത്താണ് തിടമ്പ് കൈമാറുക. അവിടെന്ന് തുടങ്ങി അവസാനം വെടികെട്ട് വരെ മത്സരപ്രതീതിയാണ്. 

 

3 വര്‍ഷം തുടര്‍ച്ചയായി സുദേവന്‍റെ ടീമിനായിരുന്നു തിടമ്പ് കിട്ടിയിരുന്നത്. സുദേവനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് ഒരുപാട് സ്പോണ്‍സര്‍മാരുടെ പിന്‍ബലം ഉണ്ടായിരുന്നു. കരുണന്‍റെ പിന്‍മാറ്റത്തോടുക്കൂടി സുദേവന്‍റെ മകന്‍ ശ്യാംമും കുട്ടുക്കാരും ഒപ്പമുണ്ട്. എന്തിനും ഏതിനും സഹകരിക്കാന്‍ ശ്യാമിന്‍റെ കൂട്ടുക്കാര്‍ തയ്യാറായിരുന്നു. കരുണന്‍റെ ഉന്നം ഇപ്രാവശ്യത്തെ തിടമ്പ് അവര്‍ക്ക് ലഭിക്കണമെന്നാണ്. കരുണന്‍റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന ജാഗ്രതയൊടെ തന്നെയാണ് സുദേവനും കൂട്ടരും ഇരുന്നിരുന്നത്. ഉത്സവത്തിന് മുന്നു ദിവസം ബാക്കിനില്‍ക്കെ സുദേവന്‍റെ ടീമിന്‍റെ ആന കാര്‍ത്തികേയന് മദംപൊട്ടി എന്ന അറിയിപ്പ് കിട്ടി.  നാട് മുഴുവന്‍ അറിഞ്ഞു സുദേവന്‍റെ പക്ഷക്കാരുടെ പ്രതീക്ഷ നശിച്ചു. മറ്റു ദേശക്കാര്‍ക്ക് പ്രതീക്ഷ ഏറി. കരുണന് പ്രത്യേകിച്ചും. (നാട് മുഴുവനും ഉത്സവലഹരിയില്‍)

 

 ഉത്സവം വന്നെത്തി സുദേവന്‍റെ പക്ഷക്കാരെ മറ്റു ദേശക്കാര്‍ പരിഹാസച്ചുവയോടെ നോക്കി ചിരിച്ചു.. കാര്‍ത്തികേയനു പകരം മറ്റോരു ആനയെ കൊണ്ടുവരും എന്നായിരുന്നു ദേശവാസികള്‍ക്ക് കിട്ടിയ അറിവ്. പക്ഷേ മറ്റു ഏത് ആനകളെ കൊണ്ടു വന്നാലും കാര്‍ത്തികേയന്‍റെ ഒപ്പം വരില്ലന്ന് എല്ലാവര്‍ക്കും അറിയാം . മറ്റ് ദേശക്കാരും കരുണന്‍റെ കൂട്ടാളികളും ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. ചടങ്ങുകള്‍ ആരംഭിച്ചു ആനകളെ അളക്കാനുള്ള ചടങ്ങ് തുടങ്ങി. നാലു ദേശക്കാരുടെയും ആനകളെ അളന്നു. ഉച്ചഭാഷിണിയില്‍ ഉറ്റു നോക്കി കൊണ്ട് ആര്‍ക്കാണ് തിടമ്പ് എന്ന് അറിയാന്‍ ആകാംഷയോടെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. പെട്ടെന്ന് കവാടം തുറന്ന് തിടമ്പ് ഏന്തി സുദേവന്‍റെ പക്ഷക്കാരുടെ കണ്ണിലുണ്ണിയായ കാര്‍ത്തികേയന്‍ നിവര്‍ന്ന് നിന്ന് ചിന്നം വിളിച്ചു.അതോടോപ്പം അനൗണ്‍സ്മെന്‍റും വന്നു ദേശക്കാര്‍ വിശ്വസിക്കാനാക്കാനാതെ അന്തംവിട്ടു നിന്നു . കരുണന്‍റെ കൂട്ടാളികളുടെ ഭീഷണിയെ തുടര്‍ന്ന് ആനയുടെ ഉടമസ്ഥന്‍ മദം പൊട്ടിയ കഥ ഉണ്ടാക്കി പറഞ്ഞതായിരുന്നു. കരുണന്‍ നാണം കെട്ടു. സുദേവനോടുള്ള പക ഒന്നു കൂടി വര്‍ദ്ധിച്ചു. 

                 

 

ഉത്സവത്തിന്‍റെ ബഹളം കഴിഞ്ഞ് വീട്ടിലേത്തിയ സുദേവനും ശ്യാമും കണ്ടത്  ഭാര്യ സുമംഗലയുടെയും മകള്‍ ശാരിയുടെയും കരച്ചിലാണ്. അമ്മക്ക് എന്തേങ്കിലും സംഭവിച്ചിട്ടായിരിക്കും എന്ന ഭയത്തോടെ ഓടി ചെന്നപ്പോള്‍ സുമംഗല തൊടിയിലേക്ക് ചൂണ്ടിക്കാട്ടി  പോയി നോക്കാന്‍ പറഞ്ഞു. സുദേവനും ശ്യാമും ചെന്നപ്പോള്‍ കണ്ട കാഴ്ച പത്ത് അമ്പതോളം താറാവുകള്‍ ചത്തു കിടക്കുന്നതാണ്. ആര്‍ക്കും എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. പക്ഷേ ഇതിന്‍റെ പിന്നില്‍ കരുണനാണെന്ന് സുദേവനും ശ്യാമിനും മനസ്സിലായി. കരുണന്‍ ഉത്സവത്തിന്‍റെ തോല്‍വിയുടെ കണക്ക് തീര്‍ത്തതാണ്. ശ്യാമും കൂട്ടുകാരുമെല്ലാം കൂടി പോലീസ് സ്റ്റേഷനിന്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു.പുതിയ എസ്.ഐ ചാര്‍ജ് എടുത്ത സമയമായിരുന്നു. പരാതി സമര്‍പ്പിച്ച ശേഷം കോണ്‍സ്റ്റബിള്‍ എസ്.ഐക്ക് കൈമാറി. ശ്യാമിനേയും കൂട്ടരേയും വിളിപ്പിച്ചു. എസ്.ഐയെ കണ്ട് ശ്യാം ഞെട്ടി പോയി. സ്കൂളില്‍ പഠിക്കുമ്പോള്‍ തന്‍റെ സീനിയറായിരുന്ന മനോമോഹന്‍ ആയിരുന്നു അത്. ഇരുവരും പരിചയം പുതുക്കി. ശ്യാമിന്‍റെ മനസ്സിലെ സംശയം മനോമോഹനോടു സംസാരിച്ചു. തീര്‍ച്ചയായും ഈ പരാതിയില്‍ നടപടി എടുത്തിരിക്കും എന്ന് എസ്.ഐ ഉറപ്പു നല്‍കി.

 

എസ്.ഐ മനോമോഹന്‍  പരാതിയുടെ അന്വേഷണത്തേ കുറിച്ച് ശ്യാമിനോടും കൂട്ടരോടും സംസാരിക്കുകയാ യിരുന്നു. കരുണന്‍റെ മേല്‍ ആക്ഷന്‍ എടുക്കാനുള്ള തെളിവുകള്‍ ഒന്നും നമ്മുടെ പക്കലില്ല. അഥവാ തെളിവുകള്‍ ഉണ്ടായാല്‍ അയാളുടെ രാഷ്ട്രീയ സ്വാധീനവും പണത്തിന്‍റെ പിന്‍ബലവും കൊണ്ട് എളുപ്പത്തില്‍ കേസ്സില്‍ നിന്നും ഊരിപ്പോരാനും സാധിക്കും.  അതിനാല്‍ കേസ് മുന്നോട്ടു കൊണ്ട് പോകുന്നതിനേക്കാള്‍ നല്ലത് നിങ്ങള്‍ തെളിവുകള്‍ ഒന്നും ഇല്ലാതെ തന്നെ  അയാള്‍ക്ക് തിരിച്ചൊരു പണികൊടുക്കുകയാ ചെയ്യേണ്ടത്. 

 

പകരത്തിനു പകരം ചെയ്യാനുള്ള നിര്‍ദേശം  ഒരു പോലീസ് ഉദ്യോഗസ്ഥന് ചേരുന്ന പണിയല്ല. പക്ഷേ സുദേവന്‍ എന്ന ആളോടുള്ള സ്നേഹം കൊണ്ടും നീതിയും ന്യായവും നടപ്പിലാക്കാന്‍ കഴിയാതെ നിസ്സഹായനായ  ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ ദാരുണമായ സങ്കടം അതാ എന്നെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. എസ്.ഐയുടെ ധൈര്യത്തില്‍ ശ്യാമും കൂട്ടരും പദ്ധതികള്‍ ആലോചിച്ചു തീരുമാനത്തിലെത്തി. പിറ്റേ  ദിവസം കേള്‍ക്കുന്ന വാര്‍ത്ത കരുണന്‍ സഞ്ചരിക്കുന്ന ഔഡി കാര്‍ കത്തി നശിച്ച നിലയില്‍. കരുണന്‍ പരാതിപെട്ടെങ്കിലും മനോമോഹന്‍റെ ഭാഗത്തു നിന്നു കാര്യമായ അന്വേഷണം ഉണ്ടായില്ല. രാഷ്ട്രീയസ്വാധീനം കാര്യമായ ഫലം കണ്ടില്ല. കരുണന്‍റെ ഉള്ളില്‍ ചെറിയ ഒരു ഭീതി കടന്നു കൂടി. (കരുണന്‍ കുറച്ച് നാളത്തേക്ക് സുദേവനോടുള്ള പ്രതികാരത്തിന് ഇടവേളയിട്ടു) 

 

 

കരുണന്‍റെ ഇളയമകള്‍ ആശയുടെ വിവാഹം .അതിനായി ഏഴു വര്‍ഷത്തിനു ശേഷം മകന്‍ അഖില്‍ നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ മുഴുവനും ക്ഷണിച്ചു കഴിക്കുന്ന വിവാഹം സുദേവനോടും കുടുംബത്തോടും മാത്രം പറഞ്ഞില്ല. ആര്‍ഭാടമായിത്തന്നെ വിവാഹം നടന്നു.  അലിയാരുടെ കടയില്‍ നിന്ന് ജോലിയൊക്കെ കഴിഞ്ഞ് ഇറങ്ങിയ സുദേവന്‍ സൈക്കിളില്‍ പതിയെ വീട്ടിലേക്ക് വരുന്ന സമയത്ത് ഇരുട്ടില്‍ ഒരു ആള്‍ രൂപം നില്‍ക്കുന്നത് കണ്ടു. സൈക്കിള്‍ നിര്‍ത്തി. ആരെടാ എന്ന് ചോദിച്ചു കൊണ്ട് അടുത്തേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ സുദേവനു അഭിമുഖമായി തിരിഞ്ഞു നിന്നു.സുദേവനു ആദ്യം ആളെ തിരിച്ചറിയാന്‍ പ്രയാസപെട്ടു. ആള്‍ പതിയെ സുദേവന്‍റെ അരികിലേക്ക് വന്നു. ഞാനാ ദേവേട്ടാ അഖില്‍. സുദേവനു വിശ്വസിക്കാന്‍ കഴിയാതെ ഒരു നിമിഷം നിന്നു പോയി. 

 

അഖില്‍ പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാന്‍ ദേവേട്ടനെ ചതിച്ചു കൊണ്ട് കടന്നു കളഞ്ഞുന്നു വിചാരിച്ചു അല്ലേ . അഖില്‍ നടന്ന സംഭവങ്ങള്‍ എല്ലാം ദേവനോടു പറഞ്ഞു. ഗള്‍ഫില്‍ പോയശേഷം ദേവേട്ടനുമായി ബന്ധപെടാനുള്ള മാര്‍ഗ്ഗം വീട്ടുകാര്‍ മുടക്കുകയായിരുന്നു. വേറെ നമ്പറുകള്‍ ഒന്നും തനിക്ക് അറിയില്ലായിരുന്നു.  ദേവേട്ടനു കൊടുക്കാനുള്ള    പണം ഗഫൂറിന്‍റെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നതാണെന്നും നാട്ടില്‍ അച്ഛനും ദേവേട്ടനും തമ്മില്‍ ഇത്രയും ശത്രുതയില്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അഖില്‍ വേദനയോടെ പറഞ്ഞു.  തന്‍റെ ജീവിതം ദേവേട്ടന്‍ തന്ന ദാനമാണ്. ഈ ജന്‍മം മുഴുവനും ദേവേട്ടനു  കടപ്പെട്ടിരിക്കും. തന്‍റെ കടുംബം ചെയ്ത ദ്രോഹങ്ങള്‍ക്കൊക്കെ ക്ഷമ ചോദിച്ച് അഖില്‍ സുദേവന്‍റെ മുന്നില്‍ തൊഴുതു നിന്നു. എല്ലാം അറിഞ്ഞപ്പോള്‍ സുദേവനു എന്തന്നില്ലാത്ത  സന്തോഷം തോന്നി. മകനെ പോലേ കണ്ട അഖിലിനോട് ഏല്ലാ തെറ്റിദ്ധാരണകളും മാറി . സുദേവന്‍റെ മനസ്സിനു വലിയ ഒരു ആശ്വാസം തോന്നി. അഖില്‍ തന്നെ വന്നു കണ്ട കാര്യം വീട്ടില്‍ അവതരിപ്പിക്കുകയും എല്ലാവര്‍ക്കും സന്തോഷമാവുകയും ചെയ്തു. 

 

(അഖില്‍ കൂട്ടുക്കാരുടെ അടുത്തേക്ക്) ഗള്‍ഫിലേക്ക് പോകുന്നതിനു മുന്‍പ് അടുത്ത കുറച്ചു കൂട്ടുകാരുണ്ടായിരുന്നു. അഖില്‍ പണ്ടത്തേ കൂട്ടുക്കാരെയെല്ലാം ഓര്‍ത്തെടുത്തു. ശ്യാമടക്കം അവര്‍ക്കൊക്കേ പരിഭവം കാണുമെന്നും അഖിലിനറിയാം. സ്ഥിരം കൂടാറുള്ള കല്‍പ്പടവില്‍ അഖില്‍ ചെന്നു നോക്കി ഒരു വ്യത്യാസവുമില്ല വൈകീട്ട് 5 മണിക്ക് കൂടുന്ന സഭ ഇന്നും ഉണ്ട്. അഖിലിനെ കണ്ടതും എല്ലാവരും സംസാരം നിര്‍ത്തി. ഒരു ചമ്മലോടെ അഖില്‍ എന്തു പറയണമെന്ന് അറിയാതെ നിന്നു. അതില്‍ ഒരു കൂട്ടുകാരന്‍ ചോദിച്ചു.  ഞങ്ങളെയൊക്കെ അങ്ങേക്ക് ഓര്‍മ്മയുണ്ടോ? കളിയാക്കിയതായാലും അവര്‍ ഒന്നു സംസാരിച്ചതില്‍ അഖിലിന് ആശ്വാസം തോന്നി. 

 

 

പിന്നെ ശ്യാമിന്‍റെ അടുത്തിരുന്നു കൊണ്ട് തന്‍റെ സാഹചര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം അഖിലിനെ തെറ്റിദ്ധരിച്ചതില്‍ കുറ്റബോധം തോന്നി.പിന്നീട് പഴയതെല്ലാം ഓര്‍ത്തെടുത്ത് തമാശകള്‍ പറഞ്ഞ് വീണ്ടും അവര്‍ ഒരു ടീമായി മാറി.  (കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം) അഖില്‍ ദൂരെ യാത്ര പോയി കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.  വഴിയരികില്‍ ബ്രോക്കര്‍ ചന്ദ്രന്‍ കാറിന് കൈകാണിച്ചു നില്‍ക്കുന്നു.  മുഖം കണ്ടപ്പോള്‍ തന്നോടു എന്തോ ദേഷ്യമുണ്ടെന്ന് മനസ്സിലായി. കാറില്‍ നിന്നും പുറത്തിറങ്ങി  ചന്ദ്രനോടു കാര്യം തിരക്കി. ചന്ദ്രന്‍ അഖിലിനോട് പറഞ്ഞു. പണം വരുമ്പോള്‍ മനുഷ്യനു എന്തും ആകാമെന്ന്  കുഞ്ഞിന്‍റെ അച്ഛന്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലേ. എന്താ കാര്യം ചന്ദ്രേട്ടാ ! അഖില്‍ ആശ്ചര്യത്തോടെ ചോദിച്ചു?

 

ഒരുപാട് വിവാഹങ്ങള്‍ നടത്തിയ ഒരാളാണ് ഞാന്‍.. ഇന്നേവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല ചന്ദ്രന്‍ പറഞ്ഞു.  കുഞ്ഞിന് വിവാഹം ആലോചിക്കാന്‍ കരുണന്‍ ചേട്ടന്‍  ബയോഡാറ്റ തന്നിരുന്നു. എന്‍റെ കൈയ്യില്‍ കുറെ പെണ്‍കുട്ടികളുടെ ബയോഡാറ്റയും ജാതക കുറുപ്പും ഉണ്ടായിരുന്നു. ഞാന്‍ ജോത്സ്യരെ കൊണ്ട് ഒത്തു നോക്കിയപ്പോള്‍ ചേര്‍ന്ന രണ്ടു ബയോഡാറ്റയുമായി വീട്ടില്‍ ചെന്നു. അതില്‍ ഒരെണ്ണം ദേവേട്ടന്‍റെ മകള്‍ ശാരിയുടെതാണെന്ന് ഞാന്‍ അറിഞ്ഞില്ല. 9 പൊരുത്തം ഉണ്ടായിരുന്നു. കരുണേട്ടന്‍ ഞാനും ദേവേട്ടനും കൂടി മനപ്പൂര്‍വം ചെയ്തതാണെന്നും പറഞ്ഞ് ദേവേട്ടന്‍റെ വീട്ടില്‍ ചെന്ന് ബഹളം വെച്ചു നാട്ടുക്കാരെ ഒക്കെ അറിയിച്ചു. ദേവേട്ടന്‍ നിങ്ങൾക്കൊക്കെ എത്ര ഉപകാരം ചെയ്തതാ അത് ഒക്കെ മറന്ന് എന്തോക്കെ ദ്രോഹാ കുഞ്ഞിന്‍റെ അച്ഛന്‍ ചെയ്ത് കൂട്ടുന്നത് കഷ്ടം..ദേഷ്യം കൊണ്ട് അഖിലിന്‍റെ മുഖം ചുവന്നു. ചന്ദ്രനോട് മറുപടിയൊന്നും പറയാനാവാതെ അഖില്‍ നിസ്സഹായനായി നിന്നു.

 

 

വീട്ടില്‍ തിരിച്ചെത്തിയ അഖില്‍ ദേഷ്യം ഉള്ളിലോതുക്കി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഖിലിനോട്  അനിത(അമ്മ) പകല്‍ നടന്ന സംഭവം സുദേവനേയും ബ്രോക്കര്‍ ചന്ദ്രനേയും കുറ്റപ്പെടുത്തി സംസാരിച്ചുകൊണ്ടിരുന്നു. ഒന്നും മറുപടി പറയാതെ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് കൈഴുകി അമ്മയുടെ അരികില്‍ വീണ്ടും വന്നിരുന്ന് കൊണ്ട് അഖില്‍ പറഞ്ഞു. 

കുട്ടിക്കാലത്ത് എന്‍റെ ഓര്‍മവെച്ചകാലം തൊട്ട് ഞാന്‍ ഗള്‍ഫിലേക്ക് പോകുന്നതു വരെ അമ്മയുടെ മുഖം ചിരിച്ച് കണ്ടിട്ടില്ല. പട്ടിണി കിടന്ന് കരഞ്ഞ് തളര്‍ന്ന് ഉറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് വയറുനിറച്ച് ആഹാരം തന്നിരുന്ന ഒരു വീട് ഉണ്ടായിരുന്നു. എന്തിനും പരിഹാരം നല്‍കുന്ന ഒരു ആളും. അന്ന് ആ ആളിനെ ചൂണ്ടിക്കാട്ടി അമ്മ പറയുമായിരുന്നു ദൈവമാണ് മക്കളെ നമ്മുടെ ദേവേട്ടന്‍ എന്ന് . ഒരിക്കലും ആ കുടുംബത്തേ മറക്കരുതെന്ന്. ഇന്നിപ്പോള്‍ ആ ദൈവത്തിന് എന്തു പറ്റി അമ്മേ? നമ്മുടെ കടുംബം ഇത്ര ഉയര്‍ച്ചയില്‍ എത്തി നില്‍ക്കുന്നത് ആ കുടുംബത്തിന്‍റെ ഔദാര്യം കൊണ്ട് മാത്രമാണെന്ന് അമ്മ ഒരിക്കല്‍ തിരിച്ചറിയും അന്ന് അമ്മക്ക് കുറ്റബോധം തോന്നും.

 

ദേവേട്ടന്‍റെ മകളെ വിവാഹം കഴിക്കാന്‍ സാധിച്ചാല്‍ ഞാനായിരിക്കും അമ്മേ ഏറ്റവും വലിയ ഭാഗ്യവാന്‍. ഇപ്പോ അമ്മയോട് ഇത്രയെ എനിക്ക് പറയാന്‍ കഴിയു. അച്ഛന്‍ ഇങ്ങനെ ആയതില്‍ ഒട്ടും അതിശയോക്തിയില്ല പക്ഷേ അമ്മ ഇങ്ങനെ മാറുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല. അമ്മ എന്നെ തോല്‍പ്പിച്ചു കളഞ്ഞു അഖില്‍ പറഞ്ഞതിനോട് ഒരു വാക്കു പോലും മറുപടി പറയാന്‍ അനിതക്ക് കഴിഞ്ഞില്ല. മകന്റെ മുന്നില്‍ തലകുനിച്ച് ഇരുന്നു പോയി അനിത. അഖില്‍ തന്‍റെ മുറിയിലേക്ക് പോയി. ഒരു നിമിഷം അനിതക്ക് ആ പഴയകാലം മനസ്സിലേക്ക് കടന്നു വന്നു. അതേ തന്‍റെ മകന്‍ പറഞ്ഞതാണ് ശരി. ഒരിക്കലും ആ കുടുംബത്തെ മറക്കരുതായിരുന്നു.രാത്രി അഖിലിനു ഉറങ്ങാന്‍ കഴിഞ്ഞില്ല.. ശാരിയുടെ കാര്യം ഗൗരവമായി തന്നെ ആലോചിച്ചു . (അഖില്‍ ശാരിയുടെ വിഷയത്തില്‍ ഉറച്ച തീരുമാനമെടുക്കുന്നു)

 

അച്ഛന്‍ ഉണ്ടാക്കിയ നാണക്കേടിന് അഖില്‍ ശ്യാമിനോടും സുദേവനോടും ക്ഷമ പറഞ്ഞു. പക്ഷേ ഗൗരവമായിട്ടു തന്നെ ആ വിഷയത്തെപറ്റി സംസാരിക്കുകയും ചെയ്തു. ശാരിയെ തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ദേവേട്ടന്‍റെ വീട്ടിലേ ഒരു അംഗമാകാന്‍ അനുവദിക്കണമെന്നും ഒരു അപേക്ഷ പോലേ പറഞ്ഞു. അഖിലിന്‍റെ നിര്‍ബന്ധമായ അപേക്ഷ കേട്ട് ദേവന്‍ സമ്മതം മൂളി. അഖില്‍ ദേവന്‍റെ മകളെ വിവാഹം കഴിക്കാനുള്ള തീരുമാനം കരുണനെ അറിയിച്ചു. ഒരിക്കലും ജീവിച്ചിരിക്കെ നടക്കില്ല എന്ന് കരുണന്‍ വെല്ലുവിളിച്ചു. കരുണന്‍ മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. അച്ഛന്‍റെ തീരുമാനം ഒരിക്കലും നടക്കില്ലെന്ന് അഖില്‍ ഉറപ്പിച്ചു പറഞ്ഞു. ദേവന്‍റെയും ശ്യാമിന്‍റെയും സമ്മതം കിട്ടിയ സ്ഥിതിക്ക് ശാരിയുടെ മനസ്സറിയണമെന്ന് അഖില്‍ തീരുമാനിച്ചു.(ശാരിയുമായി അഖില്‍ സംസാരിക്കുന്നു)

 

അമ്പലത്തില്‍ തൊഴുത് ഇറങ്ങിയ ശാരി വഴിയരികില്‍ നില്‍ക്കുന്ന അഖിലിനെ കണ്ടു. തന്നെയാണ് കാത്തു നില്‍ക്കുന്നതെന്ന് ശാരിക്ക് അറിയുമായിരുന്നില്ല.ശാരിക്ക് അഖിലിനെ ഫെയ്സ് ചെയ്യാന്‍ ഒരു ചമ്മലുണ്ടായിരുന്നു. മുഖം കുനിച്ച് അഖിലിന്‍റെ അരികിലൂടെ നടക്കുമ്പോള്‍ ഡോ എന്ന വിളികേട്ട് തിരിഞ്ഞു നിന്നു. ചിരിച്ചു നില്‍ക്കുന്ന അഖിലിനോട് എങ്ങനെ സംസാരിച്ച് തുടങ്ങണമെന്ന് അറിയാതെ മടിച്ചു നിന്നു.തന്നെ കാത്ത് നില്‍ക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതത്തില്‍ ശാരി അഖിലിനെ നോക്കി . അഖിലിന്‍റെ മനസ്സിലെ ആഗ്രഹം ശാരിയോടു തുറന്നു പറഞ്ഞു. തനിക്ക് തന്റേതായ തീരുമാനമില്ലെന്നും അച്ഛനും അമ്മയും തീരുമാനിക്കുന്ന പോലെയെ കാര്യങ്ങള്‍ നടക്കൂ എന്നും ശാരി മറുപടി പറഞ്ഞു. അച്ഛനും അമ്മയും സമ്മതിച്ചാല്‍ തന്നെ കെട്ടാന്‍ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ശാരി നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരി സമ്മാനിച്ചു. അഖിലും ശാരിയും മനസ്സു കൊണ്ട് പ്രണയിച്ചു തുടങ്ങി.

 

 

കരുണന്‍റെ ബിസിനസ്സ് ഇത്രയും വളര്‍ന്നതില്‍ അഖിലിനു സംശയം ഉണ്ടായിരുന്നു.പെങ്ങളുടെ ഭര്‍ത്താവില്‍ നിന്നും അറിഞ്ഞ ചില വിവരങ്ങള്‍ സംശയത്തിന് കാരണമായി. കരുണന്‍റെ ടെക്സ്റ്റയില്‍സിലേക്ക്  കൊയമ്പത്തൂര്‍ കേന്ദ്രമായ ശെല്‍വരാജ ഷെട്ട്യാരുടെ കമ്പനിയില്‍ നിന്നാണ് ചരക്ക് ഇറക്കാറ്. അതോടോപ്പം തന്നെ ശെല്‍വ്വനുമായി മറ്റു പല ഇടപാടുകളും കരുണന്‍ നടത്തുന്നുണ്ട്. കരുണന്‍ ടെക്സ്റ്റയില്‍സിന്‍റെ മറവിലാണ് ഷെട്ടിയാര്‍ക്ക് മയക്കുമരുന്ന് കേരളത്തിലേക്കു എത്തിച്ചു കൊടുക്കുന്നത്. കരുണന്‍ സമ്പന്നനായതില്‍ ഷെട്ട്യാര്‍ക്ക് ഒരു വലിയ പങ്കുണ്ട്. അഖില്‍ ഇതെല്ലാം അറിഞ്ഞതോടുക്കൂടി കരുണന് ഷെട്ടിയാരെ സഹായിക്കാന്‍ കഴിയുന്നില്ല. അതിന്‍റെ ദേഷ്യത്തിലാണ് ഷെട്ടിയാര്‍. അഖില്‍ ഷെട്ടിയാരുടെ കയ്യില്‍ നിന്നും ചരക്ക് എടുക്കല്‍ നിര്‍ത്തുകയും ചെയ്തു. തന്‍റെ ബിസിനസ്സിന്‍റെ രഹസ്യം കരുണന്‍ ആര്‍ക്കെങ്കിലും പറഞ്ഞു കൊടുക്കുമോ എന്ന ഭയം ഷെട്ട്യാര്‍ക്ക് ഉണ്ട്. 

 

കരുണന്‍ ജീവിച്ചിരുന്നാല്‍ തന്‍റെ ബിസിനസ്സിന് കോട്ടം വരുമെന്ന ഭയം കരുണനെ ഇല്ലാതാക്കാന്‍ ഷെട്ട്യാര്‍ പദ്ധതിയിട്ടു. ടെക്സറ്റയില്‍സില്‍ നിന്നും മടങ്ങും വഴി ഷെട്ട്യാരുടെ ഗുണ്ടകള്‍ കരുണനെ വളഞ്ഞു.  തന്നെ ഷെട്ട്യാര്‍ക്ക് പൂര്‍ണമായും വിശ്വസിക്കാമെന്നും ചതിക്കില്ല എന്നും കരുണന്‍ യാചിക്കുന്ന സ്വരത്തില്‍ പറഞ്ഞു. ഷെട്ട്യാര്‍ അതൊന്നും ചെവികൊണ്ടില്ല. കരുണനെ ഗുണ്ടകള്‍ കൈയ്യും കാലും ബന്ധിച്ച് ബലമായി പിടിച്ചു നിര്‍ത്തി.  മരണം മുന്നില്‍ കണ്ട് കരുണന്‍ ഭയന്ന് വിറച്ചു കണ്ണുകള്‍ തുറിച്ചു. ഷെട്ട്യാര്‍ കത്തികൊണ്ട് ആഞ്ഞു കുത്തുവാന്‍ ഒരുങ്ങുമ്പോള്‍ കൈയ്യില്‍ ബലിഷ്ഠമായ കൈകള്‍ പിടിത്തമിട്ടു. ഷെട്ട്യാര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സുദേവന്‍. കരുണന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സുദേവനും ഷെട്ട്യാരും തമ്മില്‍ ഒരു യുദ്ധം തന്നെ നടന്നു. കരുണനും പിന്നെ ഉര്‍ജ്ജസ്വലനായി ഷെട്ട്യാരുടെ ഗുണ്ടകളെയും തല്ലി ഓടിച്ചു.ഇനി ഈ വഴിക്കു ഷെട്ട്യാര്‍ വരില്ലെന്ന് ഉറപ്പിച്ചു.

 

ക്ഷീണിതനായ സുദേവനെ കരുണന്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു. കരുണന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ധാരധാരയായി ഒഴുകി കൊണ്ടിരുന്നു. കൈക്കൂപ്പി കൊണ്ട് സുദേവന്‍റെ കാലില്‍ വീഴാന്‍ ഒരുങ്ങുമ്പോള്‍ സുദേവന്‍ കരുണനെ പിടിച്ചു മാറ്റി. ഒന്നും പറയാതെ സൈക്കിള്‍ പതിയെ ചവുട്ടി പോയി. കുറ്റബോധം കൊണ്ട് കരുണന്‍ സുദേവനെ നോക്കി നിന്നു.

ആ സംഭവത്തിനു ശേഷം കരുണന്‍ വല്ലാതെ മാറിപ്പോയി. കരുണന്‍റെ സ്വഭാവത്തിലെ മാറ്റം ആര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റാത്തതായിരുന്നു. വീട്ടില്‍ നിന്നും എവിടേക്കും പോകാതെ മുറിയില്‍ തന്നെയുള്ള ഇരുപ്പും അഖിലിനെ ആശയകുഴപ്പത്തിലാക്കി. 

 

എന്ത് സംഭവിച്ചു എന്ന് ഒരു ഊഹവും കിട്ടിയില്ല. രാവിലെ തന്നെ കരുണന്‍ ഭാര്യയോട് ഒരു വഴിക്ക് പോകാനുണ്ടെന്നും റെഡിയാകാനും പറഞ്ഞു. എവിടേക്കെന്ന് പറഞ്ഞില്ല. കരുണനും ഭാര്യയും റെഡിയായി ഇറങ്ങി. അനിതയോട് മറുപടിയൊന്നും പറയാതെ തല കുമ്പിട്ട് നടന്നു പിന്നാലെ അനിതയും. ചെന്നു കയറിയത് സുദേവന്‍റെ വീട്ടില്‍. അനിത ആശ്ചര്യത്തോടെ കരുണനെ നോക്കി. വഴക്കുണ്ടാക്കാന്‍ തന്നെ പുറപ്പെട്ടിരുക്കയാണോ എന്ന അര്‍ത്ഥത്തില്‍ ചെവിക്കു ലേശം പദമുള്ള സുദേവന്‍റെ അമ്മ കരുണനെ കണ്ടതും ചീത്തവിളി തുടങ്ങി. അതു കേട്ടു പുറത്തേക്കു വന്ന സുദേവനും ഭാര്യയും കരുണനെ കണ്ട് അതിശയിച്ചു. സുദേവനെ കണ്ട് ചിരിതൂകി കയറി ഇരിക്കട്ടെ എന്ന് ചോദിച്ചു. മറുപടിക്ക് കാത്തു നില്‍ക്കാതെ കയറി തിണ്ണയില്‍ തന്നെ സ്ഥാനം പിടിച്ചു. കുറച്ചു നേരം തല കുമ്പിട്ടിരുന്നു. സുദേവന്‍ ഭാര്യയെ അതിശഭാവത്തോടെ നോക്കി.

 

കരുണന്‍ പെട്ടന്ന് പൊട്ടി കരഞ്ഞു. സുദേവന്‍ തലേദിവസം നടന്ന സംഭവം ആരോടും പറഞ്ഞില്ല അതിന്‍റെ ഷോക്കിലാണ് കരുണന്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്ന് സുദേവന് അറിയാം.  എല്ലാം കണ്ട് ബാക്കിയുള്ളവര്‍ വായും പൊളിച്ചു നിന്നു. ഇത് എന്ത് കാഴ്ച കരച്ചിലോക്കെ കഴിഞ്ഞ് കരുണന്‍ പൂര്‍വ്വസ്ഥിതിയിലായി വന്ന കാര്യം പറഞ്ഞു. അഖിലിനു വേണ്ടി പെണ്ണു ചോദിക്കാനാണ് താന്‍ വന്നതെന്നും ശാരിയെ തനിക്ക് തരണമെന്നും യാചനസ്വരത്തില്‍ പറഞ്ഞു. എല്ലാം കേട്ട് അത് നമുക്ക് അലോചിക്കാമെന്നും പഠിപ്പ് കഴിഞ്ഞാല്‍ വിവാഹത്തെ പറ്റി തീരുമാനം എടുക്കാം എന്നും സുദേവന്‍ ഉറപ്പു നല്‍കി. അച്ഛന്‍റെ മാറ്റം അഖിലിനെ അതിശയിപ്പിച്ചു. ഗള്‍ഫിലേക്ക് പോകാനുണ്ടായ സാഹചര്യം അഖില്‍ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞു. ദേവേട്ടന്‍ ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചതു കൊണ്ട് മാത്രമാണ് പറയാതിരുന്നതെന്നും ഇനിയും അച്ഛനും അമ്മയും അറിയണമെന്നും അഖില്‍ പറഞ്ഞു. ചെയ്തു കൂട്ടിയ അഹങ്കാരങ്ങള്‍ക്കൊക്കെ കരുണന്‍ അഖിലിനോട് മാപ്പ് ഇരന്നു. ഇരുവീട്ടുക്കാരും എല്ലാം മറന്ന് സ്നേഹത്തിലായി.

 

കാലവര്‍ഷം മഴ തകര്‍ത്തു പെയ്യ്തുകൊണ്ടിരുന്നു.. സുദേവന്‍റെ കൃഷിയൊക്കെ വെള്ളത്തിനടിയില്‍ ആയി തുടങ്ങി. എത്ര മഴ പെയ്താലും വെള്ളം കേറാത്ത സ്ഥലം ആയിരുന്നു. സുദേവനു ആകെ വെപ്രളമായി തുടങ്ങി . രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്ഥിതി ഗുരുതരമായി . വീടുകളിലോക്കെ വെള്ളം കയറി .ഗ്രാമം മുഴുവനും വെള്ളത്തിനടിയില്‍ ആകുന്ന അവസ്ഥയിലെത്തി. സുദേവനും ശ്യാമും ചേര്‍ന്ന് പഞ്ചായത്ത് മെമ്പറെ വിവരം അറിയിച്ചു അടുത്തുള്ള സ്ക്കുളില്‍ വെള്ളം കേറിയവരെ മാറ്റി പാര്‍പ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. കരുണനും അഖിലുമൊക്കെ സുദേവന്‍റെയും കൂട്ടുകാരോടോപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ശത്രുക്കളും മിത്രങ്ങളുമെല്ലാം ഒന്നായി സഹായിക്കുന്ന കാഴ്ച ഒരു വിഷമ ഘട്ടത്തില്‍ പോലും രസകരമായ കാഴ്ചയായിരുന്നു.  അതിനിടയില്‍ പുഴയിലെ ബണ്ട് പൊട്ടി കുറച്ചു ആളുകള്‍ കുടുങ്ങിപോയി. അവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പാലത്തിന്‍റെ കൈവരി തകര്‍ന്ന് സുദേവന്‍ താഴേക്കു പതിച്ചു. ചളിയും വെള്ളവും കൂടി കുതിച്ചോഴുകുന്ന വെള്ളത്തിനടില്‍ സുദേവന്‍ മരണം മുന്നില്‍ കണ്ടു. രക്ഷപെടുത്താന്‍ ചെറിയ വള്ളത്തില്‍ ശ്യാമും കൂട്ടുകാരും പിന്നെ കരുണനും ശ്രമിച്ചു കൊണ്ടിരുന്നു.

 

കരുണന്‍ എല്ലാ ശക്തിയുമെടുത്ത് സുദേവനെ പൊക്കി എടുത്തു വള്ളത്തില്‍ കയറ്റി. ഒരു വിധത്തില്‍ സുദേവന്‍ രക്ഷപെട്ടു. എല്ലാവര്‍ക്കും ആശ്വാസമായി നില്‍ക്കെ പാലത്തിന്‍റെ അടര്‍ന്നു നിന്ന സ്ളാബിന്‍ കഷ്ണം കരുണന്‍റെ തലയിലേക്ക് വീണു.. കരുണന്‍ ചോരയില്‍ കുളിച്ചു വള്ളത്തിലേക്ക് വീണു. ഒരു കൂട്ടനിലവിളി ഉയര്‍ന്നു. കുതിച്ചോഴുകുന്ന വെള്ളപാച്ചിലില്‍ നിന്ന് കരുണനെ കരക്കെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി. സുദേവന്‍ കരുണന്‍റെ ശിരസ്സ് മടിയില്‍ വെച്ചു കരഞ്ഞു. കരുണന്‍ ചിരിയോടെ സുദേവനെ ആശ്വസിപ്പിച്ചു. ഒരു നല്ല ചങ്ങാതിയായി നിന്‍റെ കൂടെ കുറച്ചു നാളേങ്കിലും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു പക്ഷെ അതിനു പോലും ഞാന്‍ അര്‍ഹനല്ല. നിനക്കു വന്നു ചേരാനുള്ള സൗഭാഗ്യങ്ങളൊക്കെ എനിക്കു ദാനമായി തന്നിട്ട് ഞാന്‍ നിന്നോട് കാണിച്ചിട്ടുള്ള നെറികേടിന് എനിക്ക് കിട്ടിയ ശിക്ഷയാണ് ഇത്. എന്‍റെ മകന്‍ എല്ലാം എന്നോട് പറഞ്ഞു. നീയാണ് യഥാര്‍ത്ഥ ചങ്ങാതി. സുദേവന്‍റെ കൈ പിടിച്ച് കരുണന്‍ ചുണ്ടിനോട് ചേര്‍ത്തു ചുബിച്ചു. കരുണന്‍ കണ്ണുകള്‍ അടക്കാന്‍ വെമ്പികൊണ്ടിരുന്നു. ഒന്നും വരില്ല കരുണാ സുദേവന്‍ പറഞ്ഞു കരഞ്ഞു. നിസ്സഹായരായി നോക്കി നില്‍ക്കാനെ ചുറ്റിനുള്ളവര്‍ക്കു കഴിഞ്ഞുള്ളു. 

 

അഖിലിന്‍റെ കൈപിടിച്ച് സുദേവന്‍റെ കയ്യില്‍ ചേര്‍ത്തു വെച്ചു കൊണ്ട്  ഇവന്‍റെ ഉള്ളില്‍ എന്നും നീയായിരുന്നു അച്ഛന്‍റെ സ്ഥാനത്ത് ഇനിയുള്ളകാലവും എന്‍റെ മകനോടോപ്പം താങ്ങും തണലുമായി നീ ഉണ്ടാവണം. കരുണന്‍റെ വാക്കുകള്‍ മുറിഞ്ഞു പൊയ്കോണ്ടിരുന്നു. വെള്ളം ചീറ്റിച്ചു കൊണ്ട് ആബുലന്‍സ് വന്നു നിന്നു കരുണന്‍റെ കണ്ണുകള്‍ അടഞ്ഞു ശ്വാസം നിലച്ചു. കരുണന്‍റെ ചേതനയറ്റ ശരീരം ആബുലന്‍സിലേക്ക് കയറ്റി. ഒപ്പം സുദേവനും കൂട്ടരും കയറി.സുദേവന്‍ കരുണന്‍റെ ശിരസ്സ് തന്‍റെ മടിയില്‍ തന്നെ വെച്ചിരുന്നു. ഒരു മനുഷ്യസ്നേഹിയായി മാറിയ കൂട്ടുകാരന്‍റെ കൂടെ ജീവിച്ചു കൊതി തീര്‍ന്നില്ല.അതിനു മുന്‍പേ. സുദേവന്‍ വേദനയോടെ കരുണന്‍റെ മുഖത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു. ആബുലന്‍സ് ചീറി പാഞ്ഞു പോയ് കൊണ്ടിരുന്നു. 

 

English Summary : Inganeyum Oru Changgathi Short Story By Sreedivya Vinosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com