ആയുസ്സു മുഴുവൻ കഷ്ടപ്പെട്ടത് പെങ്ങൾക്കുവേണ്ടി, ഒടുവിൽ തിരിച്ചു കിട്ടിയത്...

Representative Image : Photocredit: Media Whalestock/ Shutterstock
Representative Image : Photocredit: Media Whalestock/ Shutterstock
SHARE

ഒറ്റത്തടി (കഥ)

തികഞ്ഞ പ്രതീക്ഷയോടെയാണ് അയാൾ യാത്ര പുറപ്പെട്ടത്. കാരണം അത്രമാത്രം സഹോദരിയെ സ്നേഹിച്ചിട്ടുണ്ട്,സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടം വരുമ്പോൾ അവൾ സഹായിക്കാതിരിക്കില്ല. ഇന്നലെയെന്നോണം ഓർമ്മയുണ്ട്. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടു. അധികം വൈകാതെ അമ്മയും. ജീവിതമെന്ന നാൽക്കവലയ്ക്ക് മുന്നിൽ ഏതു വഴിക്ക്  പോകണമെന്നറിയാതെ താനും സഹോദരിയും അന്തിച്ചു നിന്ന നാൾ.

സഹായിക്കുന്നതിനെക്കാളേറെ ഉപദ്രവിക്കാനായിരുന്നു പലർക്കും താൽപര്യം.അടുത്തു കൂടി അവസരം മുതലാക്കി തങ്ങൾക്കവകാശപ്പെട്ട സ്വത്തും വസ്തുവും കൈക്കലാക്കാൻ ശ്രമിച്ചവരെയും മറന്നിട്ടില്ല. ഒടുവിൽ മനസ്സിലായി ജീവിതമെന്ന യാഥാർഥ്യത്തെ നേരിടാനും സഹോദരിയെ സംരക്ഷിക്കാനും ഇനി താൻ മാത്രമേയുള്ളൂ. അതിനു വേണ്ടിയായി പിന്നെ തന്റെ ജീവിതം. പല സ്വപ്‍നങ്ങളും പാതി വഴിക്ക് മാറ്റി വെച്ചപ്പോൾ എല്ലാം അവൾക്ക് വേണ്ടിയാണല്ലോ എന്ന സന്തോഷമായിരുന്നു.അവളെ ഒരാളുടെ കൈ പിടിച്ചേൽപ്പിക്കുന്നത് വരെ അവൾക്ക് വേണ്ടി മാത്രമായിരുന്നു ജീവിച്ചത്.

ഇനി തനിക്കു വേണ്ടി ജീവിക്കണമെന്ന് ആഗ്രഹിച്ചു തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഡോക്ടറിൽ നിന്ന് മനസ്സിലാക്കുന്നത്. കഴിയുന്നതും ഡോക്ടറെയും ആശുപത്രിയേയുമൊക്കെ അകറ്റി നിർത്തുന്നയാളായിരുന്നു .കൂടി വന്നാൽ മെഡിക്കൽ സ്റ്റോറിൽ നിന്ന് വിവരം പറഞ്ഞു മരുന്നു വാങ്ങും. ക്ഷീണവും തളർച്ചയും താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം ഡോക്ടറെ കാണാൻ പോയത്.പല വിധ പരിശോധനകൾക്കു ശേഷമാണ് ഡോക്ടർ പറഞ്ഞത്.

‘‘കിഡ്‍നിയുടെ തകരാറാണ്.അടിയന്തിരമായി കിഡ്‍നി മാറ്റി വെക്കണം.’’ അതിനാവശ്യമായ ചിലവ് കണ്ടെത്താൻ കൂട്ടുകാരും നാട്ടുകാരും മുന്നിട്ടിറങ്ങി. പക്ഷേ കിഡ്‍നി നൽകാൻ തയ്യറുള്ള ആളെ കണ്ടെത്തണം.അപ്പോഴാണ് അയാൾ സഹോദരിയുടെ കാര്യം ഓർത്തത്. തങ്ങളുടെ രക്തം ഒരു ഗ്രൂപ്പാണല്ലോ.അവളോട് ഒന്നു സൂചിപ്പിക്കേണ്ട കാര്യമേ ഉണ്ടാവൂ.കണ്ണിലെ കൃഷ്ണമണിയെക്കാൾ കാര്യമായാണല്ലോ അവളെ നോക്കിയത്.

ഓരോന്നാലോചിച്ച് പാടത്തിന് നടുവിലൂടെ നടന്ന് അവളുടെ വീടെത്തിയറിഞ്ഞില്ല.പാടമാകെ മഴ വെള്ളം നിറഞ്ഞു കിടക്കുന്നു.വെള്ളത്തിലൂടെ നടന്നു വരുമ്പോൾ ബാല്യസ്മൃതികളുടെ ഗൃഹാതുരത്വം അയാളുടെ  മനസ്സിനെ തൊട്ടുണർത്തി.

‘‘അല്ല,ഇതാര് ഏട്ടനോ,എന്താ ഒരു മുന്നറിയിപ്പുമില്ലാതെ..’’ പാത്രങ്ങൾ കഴുകാൻ പുറത്തേക്ക് വരുമ്പോഴാണ് ദേവിക ഏട്ടനെ കാണുന്നത്.

‘നിന്നെ കാണാൻ വരുന്നതിനെന്തിനാ അറിയിപ്പൊക്കെ? കുറേ നാളായില്ലേ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട്.വരണമെന്ന് എപ്പോഴും ഓർക്കും. പിന്നെ തിരക്കിനിടയ്ക്ക് അതങ്ങോട്ട് മറക്കും’ അയാൾ ചിരിച്ചു.

‘അല്ലാ സുകു ഇല്ലേ’ അകത്തേക്ക് നോക്കി അയാൾ ചോദിച്ചു.

‘‘ഉണ്ട്. ഊണ് കഴിക്കുന്നത് ഇവിടെ വന്നിട്ടാ. കുട്ടികൾ സ്കൂളിൽ പോയി. ഏട്ടൻ അകത്തേക്ക് കേറൂ. ഊണ് കഴിച്ചിട്ടാകാം സംസാരമൊക്കെ..’’ ദേവിക നിറഞ്ഞ ചിരിയോടെ ഏട്ടനെ അകത്തേക്ക് ക്ഷണിച്ചു.അളിയനോടൊപ്പം ഊണ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്ക് ദേവിക ഭക്ഷണം കഴിക്കാനിരുന്നു.പുറത്ത് കാറ്റും കൊണ്ട് സംസാരിച്ചിരിക്കുമ്പോൾ അയാൾ മെല്ലെ എഴുന്നേറ്റു.

‘‘ഞാനിപ്പോൾ വരാം സുകൂ. അവളോടൊരു കാര്യം പറഞ്ഞോട്ടെ..’’  ഊണ് കഴിച്ചു കൊണ്ടിരുന്ന സഹോദരിയുടെ അടുത്തേക്ക് അയാൾ ചെന്നു.

‘‘ദേവൂ,വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വന്നത്..’’ 

സഹോദരന്റെ ആമുഖം കേട്ട് അവൾ തലയുയർത്തി.അയാൾ പറഞ്ഞതൊക്കെ നിശബ്‍ദയായി നിന്ന് അവൾ കേട്ടു.അൽപ നേരത്തെ ഇടവേളയ്ക്ക് ശേഷം അവൾ പറഞ്ഞു.

’’ഏട്ടന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ..ഞാൻ സുകുവേട്ടനോടൊന്ന് ചോദിച്ചോട്ടെ.’’

അവൾ വീടിന് പുറത്തേക്കിറങ്ങി.അളിയനും പെങ്ങളും തമ്മിൽ പുറത്ത് അടക്കിപ്പിടിച്ച് പറയുന്നതൊന്നും അയാൾക്ക് മനസ്സിലായില്ല.കുറച്ചു കഴിഞ്ഞാണ് അളിയൻ അയാളുടെ അടുത്തേക്ക് വരുന്നത്.

‘‘അളിയാ, അളിയനെ സഹായിക്കുന്നതിൽ ഞങ്ങൾക്ക്  വിരോധമൊന്നുമില്ല.പക്ഷേ..’’   സുകു അർദ്ധോക്തിയിൽ നിറുത്തി.‘‘ദേവുവിന്റെ മറ്റേ കിഡ്‍നിക്ക് വല്ലതും സംഭവിച്ചാൽ പ്രശ്നമാകില്ലേ..അവൾക്കെന്തെങ്കിലും പറ്റിയാൽ എന്റെ കാര്യം പോകട്ടെ,ഞങ്ങളുടെ ചെറിയ രണ്ടു കുട്ടികളുടെ കാര്യമെന്താകും? അളിയനൊന്ന് ആലോചിച്ച് നോക്ക്..അളിയനാകുമ്പോൾ മറ്റ് പ്രശ്നങ്ങളൊന്നുമില്ലല്ലോ ,ഒറ്റത്തടിയല്ലേ..’’ അളിയന്റെ വാക്കുകൾ മുഴുവൻ കേൾക്കാൻ അയാൾ നിന്നില്ല. പെങ്ങളുടെ മുഖത്തേക്ക് വീണ്ടും അയാൾ നോക്കിയതുമില്ല. നിറഞ്ഞു കിടക്കുന്ന പാടത്തിന് നടുവിലൂടെ നടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

English Summary : Ottathadi short story by Naina Mannancherry

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS