ADVERTISEMENT

അമ്മയുടെ മടയിലേക്ക് ചാഞ്ഞിരുന്നു ആകാശത്തിലേക്ക് കണ്ണോടിച്ചപ്പോൾ അപ്പുവിന് ഇന്ന് പതിവുള്ളൊരു കൗതുകം തോന്നിയില്ല. അവന്റെ ചിന്തകൾ മറ്റെവിടെയൊക്കെയോ ആണ്. അലയടിച്ചു കയറുന്ന ചിന്തകളെ പിടിച്ചു കെട്ടാൻ ശ്രമിക്കുമ്പോഴും അവ ഓരോന്നും ഉള്ളിലേക്ക് ഇട്ടു തന്ന കനലിന്റെ ചൂട് അവനെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. സൂര്യൻ അസ്തമിച്ചിട്ടു കുറച്ചധികം സമയമായി. വരാന്തയിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്ക് അമ്മാവനാണ് കെടുത്തി കളഞ്ഞത്.അത് ആ മൂലക്ക് കരി പിടിച്ചിരിക്കുന്നുണ്ട്. വെളിച്ചം നഷ്ടപ്പെട്ടു പോയെന്നു ഇടയ്ക്കിടക്ക് വിളിച്ചു പറയുന്നത് പോലെ. അമ്മയുടെ മുഖത്ത് താൻ കുറച്ചു മുന്നേ കണ്ടതും ഇതേ ഭാവമായിരുന്നില്ലേ. ഒരുപക്ഷേ ഇതിലും തീവ്രമേറിയ ഒന്ന്. തല ഉയർത്തി ആ മുഖത്തേക്ക് നോക്കണം എന്ന് തോന്നി. പക്ഷേ എന്തോ കഴിയുന്നുണ്ടായിരുന്നില്ല. 

 

മാളു, അവളെ കണ്ടില്ലല്ലോ. അവൾ വല്യ സന്തോഷത്തിലാണ്. ചിന്നുവും കണ്ണനും ഉണ്ണിയും ഒക്കെ വന്നിട്ടുണ്ട്. അവരോടോത്തു കളിച്ചു തിമർക്കുന്നുണ്ടാകും. ഞാനും മാളുവും തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമാണ്.അവൾക്ക് ഈ ചിങ്ങത്തിൽ മൂന്നു വയസ്‌ തികയുകയേയുള്ളൂ. ഈ പ്രായവും അതിന്റെ അറിവില്ലായ്മകളും അവൾക്കൊരു അനുഗ്രഹമാണെന്നു തോന്നി. അമ്മായി ഇടക്കിടക്ക് വന്നു അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്. അമ്മ മറുപടി ഒന്നും പറയാതെ മറ്റെവിടെയോ നോക്കിയിരിക്കുകയാണ്. വേറെയും ആരൊക്കെയോ വരുന്നുണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. പലതും അവ്യകതമാണ്. ഉമ്മറത്തു വന്നു നിറയുന്ന കസേരകളിലേക്കും അതിൽ ഓരോന്നിലായി സ്ഥാനം പിടിച്ചവരിലേക്കും അപ്പുവിന്റെ ശ്രദ്ധ പോയി. അതിൽ പലരും അവനു അപരിചിതരാണ്. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും വിരളമല്ല. തങ്ങൾക്ക് ഇത്രയേറെ ബന്ധുക്കളും പരിചയക്കാരും ഉണ്ടെന്നത് അവനെ അദ്ഭുതപ്പെടുന്നുണ്ടായിരുന്നു. 

 

സമയം കടന്ന് പോകുന്നുണ്ട്. ഇരുട്ടേറി വരുകയാണ്. അമ്മയുടെ അരികിലേക്ക് ചേർന്ന് ഇരിക്കുമ്പോഴും അപ്പുവിന് വല്ലാത്തൊരു ഭയം തോന്നുന്നണ്ടായിരുന്നു. ഇടക്കിടയ്ക് കറണ്ട് പോയി വരുന്നുണ്ട്. അരണ്ട വെളിച്ചത്തിൽ എപ്പോഴോ അവൻ അമ്മയുടെ മുഖം കണ്ടു. കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.ചുണ്ടുകൾ ഇപ്പോഴും വിറക്കുന്നുണ്ട്. ചുറ്റുമുള്ള ഇരുട്ടിനെക്കാൾ ഭീകരമായൊരു അന്ധകാരം അമ്മയുടെ മുഖത്ത് പ്രത്യക്ഷമാണ്. അത് അവനെ കൂടുതൽ പേടിപ്പിച്ചു. അവൻ പൊടുന്നനെ കണ്ണുകൾ പിൻവലിച്ചു.അതിരുകൾ ഭേദിച്ചു ആഴത്തിലേക്ക് ഇറങ്ങുന്ന ചിന്തകളെ വലിഞ്ഞു മുറുക്കി തിരികെയെത്തിക്കാൻ പാടുപെടുമ്പോഴാണ് ആരോ വിളിച്ചു പറയുന്നത് കേട്ടത്‌. ബോഡി കൊണ്ട് വന്നിട്ടുണ്ട്. വിളിച്ചു പറഞ്ഞവനോട് അപ്പുവിന് അമർഷം തോന്നി.. ബോഡി! 

 

അത് അപ്പുവിന്റെ അച്ഛനാണ്. രാവിലെ കൂടി അവനെ കെട്ടി പിടിച്ച്, ഉമ്മ വച്ച  ചിരിച്ചു കൊണ്ടിറങ്ങി പോയ അവന്റെ അച്ഛൻ. ആ അച്ഛൻ ഒറ്റ രാത്രി കൊണ്ട് മറ്റുള്ളവർക്ക് വെറും ഒരു ബോഡി ആയി മാറിയിരിക്കാം. പക്ഷേ അപ്പുവിന് അതപ്പോഴും അവന്റെ അച്ഛനല്ലേ. അത് വരെ പിടിച്ചു നിർത്തിയ കണ്ണുനീരൊക്കെയും അണപൊട്ടി ഒഴുകുകയിരുന്നു. അച്ഛന് വേണ്ടി മുൻപൊരിക്കലും അവൻ ഇത്ര ദീർഘമായി കാത്തിരുന്നിട്ടില്ല. അച്ഛൻ പോയത് അമ്മാവൻ വന്നു പറഞ്ഞ സമയം മുതൽ അപ്പു കാത്തിരിക്കുകയാണ്. കേട്ടത് സത്യമല്ലന്ന് പറയാൻ. എല്ലാവരെയും പറഞ്ഞു പറ്റിച്ചതാണെന് പറയാൻ പതിവ് ചിരിയുമായി അവന്റെ അച്ഛൻ എത്തുന്നത്. എന്നാൽ അപ്പുവിന് തെറ്റി പോയിരിക്കുന്നു. അച്ഛന്റെ വരവും കാത്തിരുന്ന അപ്പുവിനെ ക്രൂരമായി പറ്റിച്ചു കൊണ്ട് അച്ഛൻ കടന്നു പോയിരിക്കുന്നു.

 

വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടി അവർ അച്ഛനെ ഉമ്മറത്തു കിടത്തി. അതിലും അപ്പുവിന് പരിഭവം ഉണ്ടായിരുന്നു. അച്ഛന് സ്‌ഥിരം നടുവേദന ഉള്ളതാണ്. അതു കൊണ്ട് ഒരിക്കൽ പോലും അച്ഛൻ നിലത്തു കിടക്കുന്നത് അപ്പു കണ്ടിട്ടില്ല.ഇന്ന് ഇത് കണ്ടിട്ടും അമ്മ ഒന്നും പറയുന്നില്ലല്ലോ. അമ്മക്ക് ശരിക്കൊന്നു കരയാൻ കൂടി പറ്റണില്ലെന്നു അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്. അച്ഛൻ മെല്ലെയല്ലേ വണ്ടി ഓടിക്കുന്നത്. അതും പറഞ്ഞു എത്രയോ തവണ അപ്പു അച്ഛനെ കളിയാക്കിയിട്ടുണ്ട്. ഇന്ന് പക്ഷേ ഹെൽമെറ്റ്‌ എടുത്തില്ലായിരുന്നു. മറന്നതാ. പിന്നാലെ വിളിച്ചു പറഞ്ഞെങ്കിലും കേട്ടില്ല.

 

അഛന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്. വീണപ്പോൾ പറ്റിയതാകും. മുറിവ് ആഴത്തിലാണെന് തോന്നുന്നു.നന്നേ വേദനിച്ചിട്ടുണ്ടാകും. അവസാനമായി എന്തെങ്കിലും പറയണമെന്ന് തോന്നി കാണില്ലേ.അമ്മയെയും അപ്പുവിനേം മാളുവിനെയും ഒക്കെ കാണണമെന്നു തോന്നി കാണില്ലേ.അച്ഛൻ കരഞ്ഞിട്ടുണ്ടാകുമോ. അത് അവനു കാണണ്ട.അച്ഛൻ കരഞ്ഞു കാണുന്നത് അപ്പുവിന് വല്യ വിഷമമാണ്. മാളു എവിടെ? അവൾക്ക് അച്ഛനെ കാണണ്ടേ. രാത്രിയിൽ അവൾക്ക് അച്ഛൻ വേണം. അച്ഛന്റെ കൈയിൽ തല വച്ചേ അവൾ ഉറങ്ങാറുള്ളു.

ഒരിക്കൽ അവളെ തള്ളി മാറ്റി താൻ അച്ഛന്റെ അരികിൽ കിടന്നതും അതിനവൾ ഒരു രാത്രി മുഴുവനും കരഞ്ഞുവിളിച്ചതും ഓർമയിലേക്ക് വന്നു. എവിടെയോ അവളുടെ കരച്ചില് കേൾക്കുന്നുണ്ട്.. ആളും ബഹളവും,, ഉയർന്നു കേൾക്കുന്ന നിലവിളികളും അവളെ പേടിപ്പിച്ചിട്ടുണ്ടാകും..പാവം.

 

ദിക്കു തെറ്റി പായുന്ന ചിന്തകൾ അവനെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട്.അച്ഛനെ കൊണ്ട്പോകാറായെന്നും അപ്പുവിനോട് കുളിച്ചു വരണമെന്നും ആരോ പറഞ്ഞത് അവൻ മൂളികേട്ടു. അച്ഛനെ കണ്ട് അവനു കൊതി തീർന്നിട്ടില്ല. അവനും അച്ഛനും പറയാനും കേൾക്കാനും ഇനിയും ഒരുപാട് ഉള്ളതു പോലെ. അവന്റെ മുന്നിൽ ഇനി ഈ ഒറ്റ രാത്രിയല്ലേ അതിനായി ഉള്ളു.അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. ആരൊക്കെയോ താങ്ങി എഴുന്നേൽപിച്ചു അവനെ പുറത്തേക്ക് കൊണ്ട് വന്നു. മുറ്റത്തേക്കിറങ്ങി ആകാശത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഒരായിരം നക്ഷത്രങ്ങളെയാണ്. ഇനി അതിലൊന്ന് അവന്റെ അച്ഛനാണ്.അവൻ ഓർത്തു. എഴുതി അവസാനിപ്പിക്കുമ്പോഴേക്കും അവസാന ബെല്ലടിച്ചു.സമയം തീർന്നിരിക്കുന്നു. തൊട്ടു പിന്നാലെ അനൗൻസമെന്റും വന്നു.

 

‘കഥാരചന പൂർത്തിയായിരിക്കുന്നു.ലഞ്ച് ബ്രേക്കിന്‌ ശേഷം ഉപന്യാസ രചനക്ക് പങ്കെടുക്കുന്നവർ ഓഡിറ്റോറിയത്തിലേക്ക് എത്തുക’ പേപ്പർ ടീച്ചറിന്റെ കയ്യിലേക്ക് കൊടുത്തു പേനയുമായി ക്ലാസിനു പുറത്തേക്ക് വന്നപ്പോൾ കണ്ടത് പുറത്തു എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അജിത്തിനെ ആണ്.അവനേം വിളിച്ചു മാളുവിന്റെ ക്ലാസിലേക്ക് നടന്നു. അവളേം കൂട്ടി നേരെ വീട്ടിലേക്ക് പോണം.അമ്മ കാത്തിരിക്കുന്നുണ്ടാകും. നാളെ അച്ഛൻ മരിച്ചിട്ട് രണ്ടു കൊല്ലം തികയുകയാണ്.

 

 English Summary : Achan Short Story By  Swathy S S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com