കാമുകൻ മയക്കു മരുന്നിനടിമയാക്കി, പ്രിയശിഷ്യയെ രക്ഷിക്കാൻ അധ്യാപകൻ ചെയ്തത്...

Representative Image. Photo credit: Nixki/ Shutterstock
Representative Image. Photo credit: Nixki/ Shutterstock
SHARE

ആരോഹി (കഥ) 

പ്രകൃതിയിലേക്ക് അരിച്ചിറങ്ങിയിരുന്ന സൂര്യപ്രകാശത്തിന് വിള്ളലേൽപിച്ചുകൊണ്ട് ആകാശത്തു സ്ഥാനം പിടിച്ച കാർമേഘങ്ങൾ തീർത്ത ഇരുളാണ് അവളെ ഓർമകളിൽ നിന്ന് വിളിച്ചുണർത്തിയത്.

‘‘ആരോഹീ, അകത്തേക്ക് കയറൂ, മഴ  വരുന്നുണ്ട്’’ പിന്നിൽ നിന്ന് ഒരു സ്ത്രീശബ്ദം ഒഴുകിയെത്തിയതും അവൾ  ഗാർഡൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. പിന്നിൽ തന്നെ പുഞ്ചിരിയോടെ നോക്കിനിന്ന സ്ത്രീക്കായി തിരികെ ഒരു പുഞ്ചിരി സമാനിച്ചുകൊണ്ട് അവൾ  അകത്തേക്ക് ചുവടുകൾ വച്ചു.

‘‘ഒന്നു മനസറിഞ്ഞു പുഞ്ചിരിച്ചിട്ട് കാലങ്ങൾ  എത്രയോ ആയിരിക്കുന്നു’’ - അവൾ  ഓർത്തു. തനിക്കായി അനുവദിച്ചിരുന്ന  മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ  മിഴികൾ  ചുറ്റിനും പാറി നടന്നിരുന്നു. ‘‘കാരുണ്യാ ഡീ അഡിക്ഷൻ സെന്റർ’’ അവളുടെ ചൊടികൾ  മന്ത്രിച്ചു. മദ്യത്തിലും മയക്കുമരുന്നിലും  അകപ്പെട്ടവർക്കായി പുതുജീവിതം സമ്മാനിക്കാനായി ഒരുക്കിയ കുഞ്ഞ് ലോകം. മുന്നോട്ട് നടക്കുമ്പോഴും അവളുടെ മിഴികളിൽ  ഉടക്കിയ  പല മുഖങ്ങളിലും അവൾക്ക് ദൃശ്യമായത്   തന്റെ തന്നെ നിഴൽചിത്രങ്ങൾ  ആയിരുന്നു. മുറിയിലേക്ക് കടന്നവൾ ചുറ്റും നോക്കി. ആ നാലു ചുവരുകൾക്ക്  പറയാൻ  കഥകൾ  ഏറെയാണെന്ന് അവളുടെ  ഉള്ളം മന്ത്രിച്ചു.

‘‘ഈ മുറിയിൽ എത്തിയിട്ട് 6 മാസം  പിന്നിട്ടിരിക്കുന്നു. ആരാണ് എന്നെ ഇവിടെ എത്തിച്ചത്? ഓഹ്... അന്ന് അതൊക്കെ അറിയാനുള്ള ബോധം എന്നിൽ ബാക്കി ഉണ്ടായിരുന്നോ?’’ അവൾ  സ്വയം  പുച്ഛിച്ചുകൊണ്ട്  ആ  ഭിത്തികളിൽ  വിരലോടിച്ചു കൊണ്ട് നടന്നു. ആ  മുറിയിൽ അപ്പോഴും തന്റെ കരച്ചിലുകൾ പ്രതിധ്വനിക്കുന്നത് പോലെ അവൾക്ക് തോന്നി. ആ  ശബ്‌ദം  അവളുടെ  കാതുകളിലേക്ക് തുളച്ചുകയറുന്നതായി  തോന്നിയതും അവൾ  തന്റെ കരങ്ങളാൽ ചെവി അടച്ചുകൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു. അവളുടെ  ഓർമ്മകൾ 3 വർഷങ്ങൾ  പിന്നിലേക്ക് പോയി.

കോളേജ്  ഗേറ്റ് കടന്ന് അത്യധികം  ഉത്സാഹത്തോടെയും എന്നാൽ നേരിയൊരു ഭയത്തോടെയും  ഉള്ളിലേക്കു നടക്കുമ്പോൾ തന്റെ  ജീവിതത്തിൽ വീഴാൻ  പോകുന്ന കരിനിഴലിന്റെ തുടക്കവും ഇവിടെ നിന്ന് ആണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അമ്മയും അനിയത്തിയും മാത്രം  അടങ്ങുന്ന ഒരു കുഞ്ഞ് കുടുംബത്തിൽ നിന്ന് ജീവിതത്തെ കുറിച്ചുള്ള ഒരുപാട് സ്വപനങ്ങളുമായി ആ കലാലയത്തിലേക്ക് കാലെടുത്തുവച്ചവൾ ആണ് ആരോഹി. തന്റെ ബാല്യകാലത്തിൽ തന്നെ പൊഴിഞ്ഞു പോയ അച്ഛൻ എന്ന വസന്തത്തിന്  ബദലായി അമ്മ ആ രണ്ട്പെൺമക്കൾക്ക് തണൽമരമായി. സമൂഹത്തിലെ കഴുകൻ  കണ്ണുകൾക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുക്കാതെ അവർ ആ  പെൺമക്കളെ കാത്തുസൂക്ഷിച്ചു. ഒരു കുടുംബത്തിന്റെ  മുഴുവൻ  സ്വപ്നങ്ങൾക്കും ചിറകുകൾ  നൽകാൻ  വിധിക്കപെട്ടവൾ ആയിരുന്നു അവൾ -  ‘‘ആരോഹി’’

ആ കലാലയ ജീവിതത്തിന്റെ സമാനമെന്നോണം അവളിലേക്കു വന്നണഞ്ഞ അവളുടെ ഉറ്റസുഹൃത്ത് നിത്യ,  ആരോഹിയെപ്പോലെ പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന  ഒരു പാവം  പെൺകുട്ടി.  രണ്ടാം വർഷത്തിന്റെ  തുടക്കത്തിൽ  അവളുടെ  ജീവിതത്തെ  മാറ്റിമറിക്കാൻ അയാൾ വന്നു... ജീവ... പി.ജി. ചെയ്യാനായി ആ കോളജിലേക്ക് കാലെടുത്തു വച്ച  അവന്റെ മിഴികൾ  ആദ്യം പതിഞ്ഞത്  കൂട്ടുകാരികളോടൊപ്പം ആ  കലാലയത്തിൽ പാറിപ്പറന്നു  നടന്ന ആ  പത്തൊൻപതുകാരിയിൽ ആയിരുന്നു. അവളെപറ്റി കൂടുതൽ  അറിയാൻ അവനു  അധികം സമയം  വേണ്ടിവന്നില്ല. അവളിലേക്ക് അടുക്കാനായി അവൻ  പലതും ചെയ്തു. അതിലൂടെ അവളുടെ  ശ്രദ്ധ ആകർഷിക്കാൻ അവനു കഴിഞ്ഞു. അവസാനം അവളോട് തന്റെ  ഇഷ്ടം തുറന്ന് പറയാൻ  തന്നെ അവൻ  തീരുമാനിച്ചു.

ആരോഹിയുടെ മനസ്സ് ആ ദിവസത്തിന്റെ ഓർമകളിലേക്ക് ചേക്കേറി....

‘ആരോഹീ’  കോളേജ് ലൈബ്രറിയിൽ ബുക്ക്‌ റെഫർ ചെയ്ത് ഇരുന്ന അവളുടെ  എതിരെയുള്ള സീറ്റിൽ ജീവ വന്നിരുന്നു.

‘ആ  ഇതാരാ  ജീവേട്ടനോ, പറയൂ’  ആരോഹി  ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ഡോ.. ഞാൻ തന്നോട് ഒരു കാര്യം പറയാൻ  ആണ് വന്നത്’

‘പറഞ്ഞോളൂ  ചേട്ടാ. എന്തിനാ ഒരു മുഖവുര’? അവൾ സ്വതസിദ്ധമായ പുഞ്ചിരിയോടെ പറഞ്ഞു.

‘‘ഞാൻ ഈ കോളജിൽ  കാലുകുത്തിയ ദിവസം  മുതൽ എന്റെ മനസ്സിൽ കയറിക്കൂടിയ മുഖമാണ്  തന്റേത്. പക്ഷേ  തന്നോട് അത്  തുറന്നുപറയാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു. അതേഡോ... എനിക്ക് തന്നെ ഇഷ്ടമാണ്. അങ്ങനെ പറഞ്ഞാൽ  കുറഞ്ഞു പോകും. താൻ  എനിക്കിന്ന് ഭ്രാന്താണ്. തന്റെ കുടുംബത്തിന്റെ അവസ്ഥയൊക്കെ എനിക്ക് അറിയാം. അതൊന്നും എനിക്കൊരു പ്രശ്നമല്ല. തനിക്ക്   എന്നെ ഇഷ്ടമാണെങ്കിൽ എന്നും ഞാൻ കൂടെ ഉണ്ടാകും. ഇനി തനിക്കും എനിക്കും ഒരു വർഷം കൂടെയേ  ഈ  കോളേജിൽ  ബാക്കിയുള്ളൂ. താൻ ചിലപ്പോൾ പിജി ചെയ്യാൻ ഇങ്ങോട്ടേക്ക് തന്നെ വരാം. പക്ഷേ ഞാൻ ഇങ്ങോട്ടേക്ക് വരില്ലല്ലോ അതുകൊണ്ട് താൻ ഒന്ന് ആലോചിച്ചിട്ട് പറയണം എന്നെ ഇഷ്ടമാണോയെന്ന്’’ ജീവ  ഒരു കുസൃതിച്ചിരിയോടെ  അവളെ  കണ്ണിറുക്കി കാണിച്ചുകൊണ്ട് അവിടെ നിന്ന് നടന്നകലുന്നത്  നോക്കിനിൽക്കേ അവളുടെ  ചൊടികളിലും പുഞ്ചിരി വിരിഞ്ഞു. അവളിൽ പ്രണയത്തിന്റെ വസന്തം  വിടരാൻ  അധികം  സമയം  വേണ്ടി വന്നില്ല. പിന്നീട് അവരുടെ ദിനങ്ങൾ  ആയിരുന്നു. വാകപ്പൂക്കൾ തീർത്ത  വീഥികളിൽ കൈകോർത്തു നടക്കുമ്പോൾ അവൾക്ക് തിരിച്ചറിയാൻ  കഴിഞ്ഞില്ല താൻ  പ്രാണനായി കണ്ടവന്റെ  പൊയ്മുഖം.

പലപ്പോഴും  ഹോസ്റ്റലിൽ നിന്ന് വാരാവസാനം അവനോടൊപ്പം  പുറത്തേക്ക് പോയി തുടങ്ങിയവൾ  പിന്നീട്  ക്ലാസ്സുകളും വേണ്ടന്ന് വച്ച് അവനോടോപ്പമുള്ള യാത്രകളിൽ മുഴുകി. അവളുടെ മാറ്റങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയ നിത്യയും അവളുടെ അധ്യാപകന്റെ വാക്കുകളെ അവഗണിച്ചു. ഒരിക്കൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പുറത്തേക്ക് പോകാൻ  തുനിഞ്ഞ അവളെ അവളുടെ  അധ്യാപകൻ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവളെ കാര്യങ്ങൾ ഇനിയെങ്കിലും പറഞ്ഞു  മനസിലാക്കണം  എന്ന ചിന്ത  മാത്രമേ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എന്നാൽ താൻ  പറഞ്ഞത്  ഒന്നും അവൾ ശ്രദ്ധിക്കാതിരുന്നതും ഒടുവിൽ അവൾ അയാൾക്ക് നേരെ കയർത്ത് അവിടെ നിന്ന് ഇറങ്ങിപ്പോയതും  കാൺകെ അയാൾ തറച്ചുനിന്നു. അവൾ വല്ലാതെ  പ്രതികരിക്കുന്നതും  മറ്റും അയാളിൽ സംശയങ്ങൾ ജനിപ്പിച്ചു. ഒരു ദിവസം നിത്യയോട്‌ ചോദിച്ചു. ഹോസ്റ്റലിലും ക്ലാസ്സിലും ഒക്കെ ഉള്ള അവളുടെ സ്വഭാവം  അറിഞ്ഞ അയാളിലെ സംശയങ്ങൾ  ഒരിക്കൽക്കൂടെ മുറുകുകയായിരുന്നു. അവളെ ഒരിക്കലും തനിച്ചാകരുത്  എന്ന ആജ്ഞയോടെ നിത്യയെ  പറഞ്ഞു  വിടുമ്പോൾ അയാൾ മനസ്സിൽ പലതും  ഉറപ്പിച്ചിരുന്നു.

അയാളുടെ അന്വേഷണത്തിന്റെ ഫലമായി ജീവ ഒരു ഡ്രഗ് ഏജന്റ് ആണെന്നും പല  പെൺകുട്ടികളുടെയും ജീവിതം നശിപ്പിച്ചവൻ ആണെന്നും അറിയാൻ കഴിഞ്ഞു. അതിലൂടെ  തന്നെ ആരോഹി മയക്കുമരുന്നിനു  അടിമപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാൻ അയാൾക്ക് കഴിഞ്ഞു. അടുത്ത ദിവസം  തന്നെ ആരോഹിയോട് സംസാരിക്കണം  എന്ന് വിചാരിച്ചു തന്റെ  ബൈക്കിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ അയാളെ തേടിയെത്തിയ  ഫോൺ  കോൾ ഞെട്ടിക്കുന്നതായിരുന്നു. ആരോഹിയും നിത്യയും ജീവയും അവന്റെ കൂട്ടുകാരുടെയും വിഹാരകേന്ദ്രമായ  ഫ്ലാറ്റിൽ എത്തിപ്പെട്ടിരിക്കുന്നു എന്ന വാർത്ത അയാളെ പിടിച്ചുലച്ചു. വാട്സാപ്പിൽ നിത്യ  ഷെയർ  ചെയ്തിരുന്ന  ലൊക്കേഷനിലേക്ക്  വണ്ടി തിരിക്കുമ്പോൾ അയാളുടെ മനസ്സിൽ രണ്ട് പെൺകുട്ടികളുടെ ജീവിതം  ചോദ്യചിഹ്നമായി അവശേഷിച്ചിരുന്നു. അന്ന് ആ ഫ്ലാറ്റിൽ നിന്ന് അവരോട് തല്ലുണ്ടാക്കി അവരെ  രക്ഷിച്ചുകൊണ്ട് വരുമ്പോൾ നിത്യ ആകെ മരവിച്ച  അവസ്ഥയിൽ  ആയിരുന്നു, അവരെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ  പ്രകടമായിരുന്നു. ഒന്നും സംഭവിക്കാതെ  രക്ഷിക്കാൻ കഴിഞ്ഞെങ്കിലും  നിത്യയുടെ  മനസ്സിൽ ആഴത്തിലുള്ളൊരു മുറിവ്  ഉണ്ടായിട്ടുണ്ടന്ന് അയാൾ മനസ്സിലാക്കി.

അപ്പോഴും തന്റെ കൈയ്യിൽ വാടിയ താമരത്തണ്ടുപോലെ ബോധമറ്റ് കിടക്കുന്ന ആരോഹിയിലേക്ക് അയാളുടെ കണ്ണുകൾ  പതിഞ്ഞു. എന്നും പുഞ്ചിരിച്ചിരുന്ന അവളുടെ ചൊടികൾക്ക് ആ പുഞ്ചിരി അന്യമായത്  പോലെ അയാൾക്ക് 

തോന്നി. അവിടേക്ക് തിരിക്കും മുൻപ് താൻ  വിളിച്ചറിയിച്ചത് പോലെ കാറുമായി പുറത്ത് കാത്തുനിന്നിരുന്ന തന്റെ  സുഹൃത്തിന്റെയും അനിയത്തിയുടെയും അടുക്കലേക്ക് ആരോഹിയെയും കൈയിൽ താങ്ങി അയാൾ നടക്കുമ്പോൾ പിന്നിലായി ഏതോ  ലോകത്തെന്നപോലെ നിത്യയും  ഉണ്ടായിരുന്നു.

സ്വന്തം വീട്ടിലെ മുറിയിൽ ഒരു മാസത്തോളം  അടച്ചിരുന്നപ്പോൾ അവൾ കൂടുതലായും  മയക്കുമരുന്നിൽ അടിമ പ്പെടുകയായിരുന്നു. അതിന്റെ അഭാവം പലപ്പോഴും  ആരോഹിയെ ഭ്രാന്തിയായി മാറ്റിയിരുന്നു. ആ  കുഞ്ഞ് വീട്ടിലെ സന്തോഷം  അസ്തമിച്ചു. അവളുടെ  അലറിക്കരച്ചിൽ  ആ മുറിയെ ഭേദിച്ചു പുറത്തേക്ക്  എത്തുമ്പോൾ ഒരു വാതിലിനപ്പുറം ആ  അമ്മയും മകളും നിറഞ്ഞൊഴുകുന്ന  മിഴികളുമായി രാവും പകലും  തള്ളിനീക്കി. ഒരിക്കൽ കൈയിലെ ഞരമ്പ്  മുറിച്ചു ഹോസ്പിറ്റലിലേക്ക് അവളെ  മാറ്റുമ്പോൾ ആ കുടുംബം  ആകെ തളർന്നിരുന്നു, അവിടെ നിന്ന് കിട്ടിയ സൈക്കാട്രിക് കൗൺസിലിങ്ങിൽ അവൾ  തുറന്ന് പറഞ്ഞു. തനിക്ക് അനുഭവിക്കേണ്ടി വന്ന  ലൈംഗിക പീഡനം.

ഹോസ്പിറ്റലിൽ കഴിഞ്ഞ  ഓരോ നിമിഷവും  അവൾ  ഡ്രഗ്സിനായി വാശി   പിടിക്കാനും സ്വയം ഉപദ്രവിക്കാനും തുടങ്ങി. പതിയെ പതിയെ  അവളുടെ  മാനസികനില തന്നെ തെറ്റാൻ തുടങ്ങിയിരുന്നു. അവിടെ നിന്ന് കാരുണ്യ ഡീ അഡിക്ഷൻ  സെന്ററിലേക്ക് മാറ്റുമ്പോൾ അതുപോലും  തിരിച്ചറിയാൻ  കഴിയാത്തിടത്തോളം  അവൾ മറ്റേതോ  ലോകത്തായിരുന്നിരിക്കണം. അപ്പോഴും അവളുടെ  മനസ്സിൽ തന്നോടുള്ള  സ്നേഹവും കരുതലും  ആർത്തിരമ്പുന്ന ആ  മിഴികൾ  കൂടുതൽ  മിഴിവോടെ തെളിഞ്ഞു നിന്നു ഒപ്പം ‘‘ആരു ‘‘ എന്ന് വിളിയും.

‘‘ആരോഹി, ഇപ്പോൾ  എങ്ങനെയുണ്ട്? നാളെ ഡിസ്റ്റാർജ് ആകുകയല്ലേ?’ കാതിലേക്ക് ഒഴുകിയെത്തിയ  സ്നേഹം തുളുമ്പുന്ന ആ  മധുരസ്വരമാണ്  അവളെ  ഓർമ്മകളിൽ നിന്ന് തിരികെ കൊണ്ട് വന്നത്.

‘‘ഡോക്ടർ ആന്റി’ അവളുടെ  നാവ് മന്ത്രിക്കുന്നതിനൊപ്പം ചൊടികളിൽ  പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.

‘‘ 6 മാസം  കഴിഞ്ഞിരിക്കുന്നു മോൾ ഇവിടെ വന്നിട്ട്. ഇന്ന് മോളിൽ വേരൂന്നിയ ആ  ദുശീലത്തെ  നമ്മൾ പിഴുതെറിഞ്ഞു. നാളെ ഇവിടെ നിന്ന് പോകുന്നത് രണ്ട് വർഷം  മുൻപ് കളിചിരികളോടെ  പാറിനടന്ന  ആ  പഴയ ആരോഹി  ആയിട്ടാകണം. തെറ്റിലേക്ക് ഇനി ഒരു തിരിച്ചുപോക്ക് പാടില്ല’’ അവർ അവളുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞതിന് അവൾ ഒരു പുഞ്ചിരി സമാനിച്ചു.

‘‘നിത്യ.... കാണണം  അവളെ... ഞാൻ കാരണം  ആ  പാവം  കൂടെ... എനിക്ക് സംഭവിച്ച  വിധി  അവൾക്ക് വരുത്താത്തതിന് ഒരുപാട് നന്ദി, ദൈവമേ’’ അവൾ മനസ്സിൽ പറഞ്ഞു.

7 വർഷങ്ങൾക്ക്   ശേഷം...

‘‘ തെറ്റിലേക്ക് എത്തിപ്പെടാൻ നമുക്ക്   മുന്നിൽ വഴികൾ ഏറെയാണ് പക്ഷേ  അതിൽ നിന്ന് ഒരു തിരിച്ചുപോക്ക് നമ്മൾ ആഗ്രഹിച്ചാൽ പോലും നേടിയെടുക്കാൻ പാടാണ്. ഈ പ്രായത്തിൽ മദ്യവും മയക്കുമരുന്നും  പോലുള്ള ലഹരിയിൽ അടിമപ്പെടാൻ കാരണങ്ങൾ ഒരുപാട് ഉണ്ടാകും. ചിലർ  ചതിക്കപ്പെടുന്നതാകാം. നിങ്ങൾക്ക് മുന്നിലുള്ള ചതിക്കുഴികളെ  മനസിലാക്കി മുന്നോട്ട് പോകാൻ നിങ്ങൾക്ക് കഴിയട്ടെ.  നന്ദി’’ തന്റെ  വാക്കുകൾ അവസാനിപ്പിച്ചു മുഖത്തിരുന്ന കണ്ണട  ഒന്നുകൂടെ അമർത്തി വച്ചുകൊണ്ട് അവൾ  അവിടെ നിന്ന് ഇറങ്ങുമ്പോഴും അവളുടെ  മിഴികൾ  തന്റെ  മനസ്സിൽ ആഴത്തിൽ  പതിഞ്ഞ  ആ  മിഴികളിൽ  കോർത്തിരുന്നു. ആ  വലിയ  ഹാളിൽ  നിറഞ്ഞ  കൈയടികളിലും  അവൾക്ക് തന്റെ  കരച്ചിലുകളെ  കേൾക്കാൻ കഴിഞ്ഞിരുന്നു.

‘‘ആരോഹി ശ്രീജിത്ത് തകർത്തല്ലോ.... നിന്നെക്കൊണ്ട് അല്ലാതെ ആർക്കും ഈ വിഷയത്തിൽ  ഇത്രയും നന്നായി സംസാരിക്കാൻ കഴിയില്ല’’ സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ തന്റെ അടുത്തേക്ക്  നടന്നുവന്ന പെൺകുട്ടി പറയുന്നത്  കേട്ട് അവൾ ചിരിച്ചു.

‘‘ നീ ഇപ്പോൾ എത്തി നിത്യേ’’ അവൾ  ആ  പെൺകുട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

‘‘നിന്റെ പ്രസംഗം തുടങ്ങുന്നതിനു  മുൻപ്. അങ്ങനെ പഠിച്ച  കോളേജിൽ  ക്ലാസ്സ്‌ എടുക്കാനായി വന്ന  അതിഥി  ആയി നീ. ഒപ്പം കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയും. എവിടെ നിന്റെ ജീവിതത്തിലെ നായകൻ? ഇന്ന് നീ ഇങ്ങനെ ആയതിനുള്ള  അവകാശം  അയാൾക്ക് മാത്രമാണ്’’ നിത്യ പറഞ്ഞു  പൂർത്തിയാക്കും മുൻപ് കൈയിൽ ഒരു  നാലു വയസുകാരിയുമായി  ഒരാൾ അങ്ങോട്ടേക്ക് വന്നു. ആരോഹിയെ കണ്ടയുടൻ  ആ കുരുന്ന് അമ്മ എന്ന് വിളിച്ചുകൊണ്ട് അവളുടെ കൈയ്യിലേക്ക് ചാടിയിരുന്നു.

‘‘ ശ്രീജിത്ത്‌ സാർ, സുഖമാണോ’’നിത്യ  പുഞ്ചിരിയോടെ ചോദിച്ചു

‘‘ സർ എന്നൊന്നും വിളിക്കണ്ട നിത്യ. നിങ്ങളെ പഠിപ്പിച്ചിരുന്നതൊക്കെ ശരി  തന്നെയാണ്. പക്ഷേ  ഇന്ന് ഞാൻ നിന്റെ ഉറ്റസുഹൃത്തിന്റെ ഭർത്താവല്ലേ’’ അയാൾ ആരോഹിയെയും മകളെയും ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

‘‘ ചേട്ടനോട് എത്ര  നന്ദി പറഞ്ഞാലും  മതിയാകില്ല, ഞങ്ങൾ  രണ്ടുപേരും ഇന്ന് ജീവിച്ചിരിക്കുന്നതിനു കാരണം  ചേട്ടനാണ്’’ നിത്യ  പറഞ്ഞതിന്  അയാൾ ഒരു പുഞ്ചിരി മാത്രം  സമ്മാനിച്ചു.

വാകപൂക്കൾ തീർത്ത വീഥിയിലുടെ ഇന്ന് നടക്കുമ്പോൾ അവളുടെ കൈയ്യിൽ കൈകോർത്തു പിടിച്ച് അവളുടെ   പ്രാണനായകനും  ഉണ്ടായിരുന്നു. ആ  ചുവപ്പ് പരവതാനിക്ക് ഒരു അന്ത്യമില്ലാതിരുന്നെങ്കിൽ എന്ന് അവൾ  അപ്പോൾ കൊതിച്ചിരുന്നു. ഒരിക്കൽ കൈവിട്ട് പോയ ജീവിതം അതിനേക്കാൾ സുന്ദരമായി  ഇന്ന് തന്നിൽ എത്തിനിൽക്കുന്നത് അവൾ  സന്തോഷത്തോടെ  ഓർത്തു.

English Summary : Aroohi Short Story By Sneha.R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA