ADVERTISEMENT

പുസ്തകങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോൾ ( ലേഖനം)

പുസ്തകങ്ങൾ കടം കൊടുക്കുവാൻ പുസ്തകപ്രണയികൾക്ക് പലപ്പോഴും വളരെയധികം വൈമുഖ്യമുണ്ടായിരിക്കും. തങ്ങൾ ശേഖരിച്ചു കാത്തുസൂക്ഷിക്കുന്ന പുസ്തകങ്ങൾ മറ്റൊരാളിനു നൽകിയാൽ അവ അതേ രീതിയിൽ പരിരക്ഷിക്കപ്പെടുമെന്നോ ഭദ്രമായി തിരിച്ചേൽപിക്കപ്പെടുമെന്നോ സാധാരണഗതിയിൽ ഒരു പുസ്തകപ്രണയി വിശ്വസിക്കാനിടയില്ല. പുസ്തകവും സ്ത്രീയും ധനവും അന്യരുടെ കൈവശം എത്തിച്ചേർന്നാൽ അവ നശിച്ചുപോകും എന്ന് പ്രസിദ്ധമായ ഒരു ചൊല്ലുതന്നെയുണ്ടല്ലോ.ആ ചൊല്ലിന്റെ ന്യായാന്യായങ്ങൾ എന്തുമാകട്ടെ. അടച്ചിരിക്കലിന്റെ കാലത്ത് പുസ്തകങ്ങൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾക്ക് സവിശേഷമായ പ്രാധാന്യമുണ്ട്.

 

പുസ്തകത്തിന്റെ ചരിത്രം മുതൽതന്നെ പുസ്തകപ്രണയത്തിന്റെ ചരിത്രവും ആരംഭിക്കുന്നു. പുസ്തകങ്ങൾ വായിക്കുക മാത്രമല്ല, അവയെ സ്വന്തമാക്കുകയും പുസ്തകശേഖരമുണ്ടാക്കുകയും അവയെ സ്നേഹത്തോടെയും കരുതലോടെയും പരിരക്ഷിക്കുകയും ചെയ്യുന്ന പുസ്തക പ്രണയികളുടെ കഥകൾക്ക് പുസ്തകചരിത്രത്തോളം തന്നെ പഴക്കമുണ്ടാകും. പുസ്തകങ്ങൾ കടം കൊടുക്കാനും പങ്കു വയ്ക്കാനും ഈ പുസ്തകപ്രണയികൾ എന്നും വിമുഖരായിരിക്കും, അത് ലോകത്തെവിടെയായാലും. കടലാസ്പുസ്തകങ്ങൾ പ്രചാരത്തിലാവുന്നതിനു മുമ്പുപോലും ഇത്തരം വൈമുഖ്യവും പുസ്തകനഷ്ടത്തെക്കുറിച്ചുള്ള ഉത്കണ്ഠയും ഒരു പക്ഷേ ഇന്നത്തേക്കാൾ ശക്തമായിത്തന്നെ നിലനിന്നിരുന്നു. പുസ്തകങ്ങൾ അപൂർവ്വമായിരുന്ന അക്കാലത്ത് അതു സ്വാഭാവികവുമാണ്.

 

മധ്യകാല യൂറോപ്പിൽ ഹസ്തലിഖിതഗ്രന്ഥങ്ങൾ മോഷണം പോകുന്നതു തടയുന്നതിനു വേണ്ടിയും കടം കൊടുത്ത ഗ്രന്ഥങ്ങൾ കേടുപാടുകൾ വരുത്താതെ കൃത്യമായി തിരികെ ലഭിക്കുന്നതിനുവേണ്ടിയും ‘പുസ്തകശാപം’ (book curse) എന്ന ഒരു വിദ്യ പ്രയോഗിക്കാറുണ്ടായിരുന്നു. പുസ്തകം മോഷ്ടിക്കുന്നവർക്കും കടം വാങ്ങിയ പുസ്തകം കൃത്യമായി തിരിച്ചേൽപിക്കാത്തവർക്കും ഭയാനകമായ ദുരനുഭവങ്ങളും പീഡകളുമുണ്ടാകട്ടെ എന്നു ശപിക്കുന്ന വാക്കുകൾ ഹസ്തലിഖിതഗ്രന്ഥങ്ങളുടെ തുടക്കത്തിൽ ആലേഖനം ചെയ്യുന്നു. ഇതു വായിച്ചു ഭയക്കുന്ന പുസ്തകമോഷ്ടാക്കൾ മോഷണത്തിൽ നിന്നു പിൻമാറുകയും പുസ്തകം കടം വാങ്ങിയവർ അവ കൃത്യമായി തിരിച്ചെത്തിക്കുകയും ചെയ്യും എന്ന വിശ്വാസത്തിൽനിന്നുമാവും ഈ രീതി പ്രചാരത്തിൽ വന്നത്.  മാർക് ഡ്രോഗിന്റെ ‘Anathema! Medieval Scribes and the History of Book Curses’ എന്ന ഗ്രന്ഥത്തിൽ ഇത്തരം പുസ്തകശാപങ്ങളുടെ ചരിത്രവും സ്വഭാവവുമൊക്കെ പരിശോധിക്കുന്നുണ്ട്.

 

‘പുസ്തകങ്ങൾ മോഷ്ടിക്കുകയോ കടം വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതിരിക്കുകയോ ചെയ്യുന്നവരുടെ കയ്യിലിരുന്ന് ആ പുസ്തകങ്ങൾ സർപ്പങ്ങളായി മാറട്ടെ, അത് അവനെ കൊത്തിക്കീറട്ടെ, അവന് പക്ഷാഘാതം ബാധിക്കട്ടെ, പുസ്തകപ്പുഴുക്കൾ അവനെ കടിച്ചു കീറട്ടെ, നരകാഗ്നി അവനെ ദഹിപ്പിക്കട്ടെ’ എന്നിങ്ങനെയൊക്കെ യുള്ള ശാപവാക്കുകളാണ് ആ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. അടുത്ത കാലത്ത് സ്റ്റാർ ട്രിബ്യൂൺ മാസിക പുസ്തകം കടം കൊടുക്കൽ എന്ന വിഷയത്തിൽ നടത്തിയ ഒരു ചർച്ചയിൽ, താൻ കടം കൊടുക്കുന്ന പുസ്തകങ്ങളുടെ ആമുഖപേജിലും ഇത്തരം പഴയ ശാപവാക്കുകൾ പകർത്തിയെഴുതാറുണ്ട് എന്ന് ഒരു പുസ്തകപ്രണയി പറയുകയുണ്ടായി. 

 

മനശ്ശാസ്ത്രപരമായ ഒരു പ്രയോഗമാണിത്. കടം വാങ്ങിയ പുസ്തകത്തിന്റെ ആദ്യ പേജിലെ ഈ ശാപവാക്കുകൾ കാണുന്തോറും ഉളവാകാനിടയുള്ള അസ്വസ്ഥതയും ഒരു പക്ഷേ ഭയവും മൂലം പുസ്തകം ഭദ്രമായി തിരിച്ചെത്തി ച്ചേക്കാം എന്ന സാധ്യതയെ ഉപയോഗപ്പെടുത്തുകയാണിവിടെ. ഇന്ത്യയിലെ ഹസ്തലിഖിതഗ്രന്ഥങ്ങളിലാകട്ടെ, അപേക്ഷകളും പ്രാർഥനകളുമാണ് പൊതുവെ കാണാൻ കഴിയുക. ‘മൂഢന്മാരുടെയും മൂർഖന്മാരുടെയുമൊന്നും കൈകളിൽ ചെന്നുപെടാതെ തങ്ങളെ പരിരക്ഷിക്കണം’ എന്ന് ഹസ്തലിഖിതഗ്രന്ഥങ്ങൾ സ്വയം നടത്തുന്ന അപേക്ഷ അത്തരത്തിലൊന്നാണ്. എന്തായാലും, പുസ്തകങ്ങൾ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം ഇന്നും ഇന്നലെയുമല്ല നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ നിലനിന്നിരുന്നു എന്നും, ഇന്നും അതേപോലെ അതു നിലനിൽക്കുന്നു എന്നും ഇത്തരം രസകരങ്ങളായ പുസ്തകാചാരങ്ങൾ വെളിവാക്കുന്നു.

 

കടം കൊടുത്ത പുസ്തകങ്ങൾ ചുക്കിച്ചുളുക്കിയും അഴുക്കു പറ്റിച്ചുമൊക്കെ മടക്കിത്തരുന്നവരുണ്ട്. ബുക് മാർക്ക് ഉപയോഗിക്കുന്നതിനു പകരം പേജിന്റെ മൂലകൾ മടക്കിവയ്ക്കുന്നവരുമുണ്ട്. ‘Dog ear’ എന്നാണ് ഇംഗ്ലീഷിൽ ഇതിനു പറയുക. ചിലയിനം പട്ടികളുടെ മടങ്ങിയ ചെവി പോലെ പേജുകളുടെ മൂല മടക്കുന്നു എന്നർഥം. പുസ്തക പ്രണയികൾക്ക് ഇവയൊക്കെയും തികച്ചും വേദനാജനകമായിരിക്കും, മടക്കിത്തരുന്നവർ പലപ്പോഴും ഇവയെ നിസ്സാരമായി കാണാറാണു പതിവെങ്കിലും. പ്രാണികൾ, പൊടി, ഈർപ്പം, ചൂട്, അഴുക്കു പുരണ്ട കൈകൾ, കരുതലില്ലാതെയുള്ള കൈകാര്യം ചെയ്യൽ എന്നിവയെയൊക്കെ അതിജീവിച്ചു നിലനിൽക്കാനുള്ള കരുത്ത് പുസ്തകങ്ങൾക്കില്ല. അതുകൊണ്ടുതന്നെ വളരെയേറെ കരുതലും സ്നേഹവും പുസ്തകങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അവ നൽകുന്നവർക്കു മാത്രമേ പുസ്തകം കടം കൊടുക്കൂ എന്ന് ഒരു പുസ്തകപ്രണയി നിർബ്ബന്ധം പിടിച്ചാൽ അതിനെ തെല്ലും കുറ്റപ്പെടുത്താനാവില്ല. 

 

ഉടമസ്ഥന്റെ പേരോ ഒപ്പോ അടയാളമുദ്രകളോ പൊതുവെ പുസ്തകങ്ങളിൽ ചേർക്കാറുണ്ട്. അങ്ങനെയൊരു പുസ്തകം വായിക്കാൻ കടം കൊടുത്തിട്ട് അത് പാതയോരത്തെ പഴയ പുസ്തകങ്ങൾ വില്ക്കുന്ന കടയിൽ കണ്ടെത്തുകയും അവിടെ നിന്ന് അത് വില കൊടുത്ത് വാങ്ങേണ്ടിവരികയും ചെയ്ത അനുഭവത്തെക്കുറിച്ച് ഒരു പുസ്തകസ്നേഹി എഴുതിയതോർക്കുന്നു. എന്നാൽ വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത് പ്രിയപ്പെട്ട ഒരാൾക്ക് സ്നേഹപൂർവ്വം സമ്മാനിച്ച പുസ്തകം ഇതുപോലെ ഒരു പുസ്തകക്കടയിൽ കണ്ടെത്തിയാലോ? ഒരു ദുരന്തകഥാസന്ദർഭത്തിൽ ഉൾച്ചേരുന്ന സകല വൈകാരികതീവ്രതയും പുസ്തകം സമ്മാനിച്ചയാൾ അപ്പോൾ അനുഭവിച്ചെന്നിരിക്കും!

 

പുസ്തകം കടം കൊടുക്കാനുള്ള വൈമുഖ്യത്തിൽ മഹാകവി വള്ളത്തോളുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ ഡോ. എസ്. കെ. വസന്തൻസാർ പറഞ്ഞത് ഓർമ്മവരുന്നു. വള്ളത്തോളിന്റെ വീട്ടിൽ നാട്ടുകാരനായ ഒരാൾ ഒരു പുസ്തകം കടം വാങ്ങാൻ ചെന്നു. ‘പുസ്തകം തന്നുവിടാനാവില്ല, വേണമെങ്കിൽ ഇവിടെയിരുന്നു വായിച്ചോളൂ’ എന്ന് വള്ളത്തോൾ. വായന ദിവസങ്ങളെടുക്കുമല്ലോ, അപ്പോൾ എങ്ങനെ ഭക്ഷണം കഴിക്കും എന്ന് പുസ്തകാർഥിയുടെ ചോദ്യം. തന്റെ ഭക്ഷണത്തിന്റെ പങ്കു തരാമെന്നായി വള്ളത്തോൾ. ഒടുവിൽ, ഇത്രയൊക്കെ ചോദിച്ചിട്ടും

പുസ്തകം നൽകാത്തതിനു കാരണം ആഗതൻ ആരാഞ്ഞു. ഇതുപോലെ പലരിൽനിന്നും വായിക്കാനായി കടം വാങ്ങിയ പുസ്തകങ്ങളാണ് തന്റെ ശേഖരത്തിലുള്ളത് എന്ന് മഹാകവി സരസമായി മറുപടി പറഞ്ഞു. ഈ കഥയ്ക്ക് ഒരു അനുബന്ധം കൂടിയുണ്ട്. ഏതെങ്കിലും രസികന്മാരുടെ ഭാവനാപൂർണ്ണമായ കൂട്ടിച്ചേർക്കലാണോ എന്നും നിശ്ചയമില്ല. പിന്നീടൊരിക്കൽ വള്ളത്തോൾ ഒരു മൺവെട്ടി കടം വാങ്ങാൻ പഴയ പുസ്തകാർഥിയുടെ വീട്ടിലേക്ക് ഒരു പണിക്കാരനെ വിട്ടു. ‘മൺവെട്ടി തന്നുവിടാനാവില്ല, വേണമെങ്കിൽ അതെടുത്ത് ഇവിടുത്തെ പുരയിടം കിളച്ചോളൂ’ എന്നാണ് പുസ്തകാർഥി തിരിച്ചടിച്ചത്. അനത്തോൾ ഫ്രാൻസിന്റെ രസകരമായ ഒരു വാചകവും ഇവിടെ ഓർമയിലെത്തുന്നു: ‘Never lend books, for no one ever returns them; the only books I have in my library are books that other folks have lent me’.

 

ഇങ്ങനെയൊക്കെയാണെങ്കിലും, നഷ്ടപ്പെട്ടുപോകുമെന്ന ഭയത്തെ അവഗണിച്ചുകൊണ്ടും സുഹൃത്തുക്കൾക്ക് പുസ്തകം കടം നൽകുന്നവരുമുണ്ട്. തീവ്രമായി വായിച്ചനുഭവിച്ച ഒരു പുസ്തകം സമാനഹൃദയനായ മറ്റൊരാൾകൂടി വായിക്കണമെന്ന് അവർ ആഗ്രഹിക്കും. അങ്ങനെയുള്ളവരിലൂടെയാണ്  വായനാനുഭവങ്ങളുടെ പങ്കിടലും പാരസ്പര്യവും പലപ്പോഴും സാധ്യമാകുന്നത്. വായനയുടെ സൗന്ദര്യം പുലരുന്നതും അങ്ങനെ ചിലരിൽക്കൂടിയാണ്. അതുകൊണ്ടാണ് ചില പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചോർക്കുമ്പോൾ അതാദ്യം വായിക്കാൻ നൽകിയവരെയും നാം ഓർത്തുപോകാറുള്ളത്. കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും തന്നെത്തന്നെ പ്രതിഷ്ഠിക്കുകയോ തന്നെത്തന്നെ കണ്ടെത്താൻ ശ്രമിക്കുകയോ ചെയ്യുകയാണ് പലപ്പോഴും ഒരു വായനക്കാരൻ ചെയ്യുക എന്നു പറയാറുണ്ടല്ലോ. അങ്ങനെയുള്ള ആത്മാംശങ്ങൾതന്നെയാവും വായനാനുഭവങ്ങൾ പങ്കുവയ്ക്കാൻ ചിലപ്പോൾ  മുഖ്യപ്രേരണയായി ഭവിക്കുക. വികാരവിചാരങ്ങൾ പങ്കുവയ്ക്കാനുള്ള മനുഷ്യന്റെ സഹജമായ പ്രകൃതത്തിൽനിന്നാണല്ലോ ചിത്രലിപികളുടെയും എഴുത്തിന്റെയും ആവിർഭാവംതന്നെയും.

 

ശ്രദ്ധിക്കപ്പെടാതെപോകുമായിരുന്ന പല രചനകളിലേക്കും എത്തിച്ചേരാനും പുസ്തകത്തിന്റെ പങ്കിടൽ വഴിവെക്കാറുണ്ട്. ഒ.വി വിജയന്റെ കഥാസമാഹാരം മുമ്പൊരിക്കൽ ഒരു സുഹൃത്ത് എനിക്കു വായിക്കാൻ തന്നു. ബൃഹദ്സമാഹാരമായതിനാൽ എല്ലാ കഥകളും വായിക്കാനായില്ല. കടൽത്തീരത്ത്, കാറ്റു പറഞ്ഞ കഥ, സ്നേഹത്തിന്റെ ശ്രാദ്ധം തുടങ്ങിയ കഥകൾ സ്വാഭാവികമായും വായിച്ചു. ചിലത് രണ്ടാം വായനയോ മൂന്നാം വായനയോ ഒക്കെ ആയിരുന്നിരിക്കണം.  എല്ലാവരും അടിവരയിടുന്ന, അല്ലെങ്കിൽ അടിവരയിടാനാഗ്രഹിച്ചു മനസ്സിലേക്കു പകർത്തിയ വരികൾക്ക് സുഹൃത്തിന്റെ പുസ്തകത്തിലും അടിവരയിട്ടിരുന്നു. ‘കാറ്റു പറഞ്ഞ കഥ’യിലെയും ‘പാറകളി’ലെയുമൊക്കെ പ്രസിദ്ധമായ വരികൾക്ക്. പുസ്തകം മടക്കിക്കൊടുക്കാൻ തുനിയുമ്പോഴാണ് അടിവരയിട്ട മറ്റൊരു കഥാഭാഗം കണ്ണിലുടക്കിയത്. ‘മുമ്പൊരിക്കലുമില്ലാത്ത ഒരു ദൗർബല്യം തോന്നുകയാണ്, റൂം മെയ്റ്റ്. ഒരാളെങ്കിലും എന്നെ അറിയണമെന്ന ഒരാഗ്രഹം. എന്തിനാണെന്നു ചോദിച്ചാൽ ഒന്നിനുമല്ല. എങ്കിലും, സന്ധ്യയ്ക്കുള്ള ഈ തീവണ്ടിയിൽ പുറപ്പെടുമ്പോൾ നിന്നോടു യാത്ര പറയാൻ തോന്നുന്നു…….’ ഇങ്ങനെ പോകുന്നു ആ കഥാഭാഗം. അങ്ങനെ ‘നിദ്രയുടെ താഴ് വര’യിലൂടെ മെല്ലെ സഞ്ചരിച്ചു. മയൂരനാഥന്റെ  സ്വഭാവവൈചിത്ര്യങ്ങളും അയാളുടെ അപാരമായ ഏകാന്തതയും നേരിടേണ്ടിവരുന്ന തിരസ്കാരങ്ങളും ഒടുവിൽ അനുഭവിച്ചൊടുക്കിയ ജീവിതവുമൊക്കെക്കൂടി പകരുന്ന തീവ്രമായ കഥാനുഭവം. 

 

ഒരു പരന്ന വായനക്കാരിയല്ലാത്തതിനാൽ ശ്രദ്ധിക്കപ്പെടാതെപോകുമായിരുന്ന ‘നിദ്രയുടെ താഴ് വര’യിലേക്ക് എന്നെ എത്തിച്ചത് സുഹൃത്ത് മുമ്പെങ്ങോ ആ വരികൾക്കടിയിൽ നേർത്ത നീലമഷികൊണ്ട് വരച്ച വരകളായിരുന്നു. അകം തൊടുന്ന വരികൾക്കിടുന്ന അടിവരകൾ, മാർജിൻ കുറിപ്പുകൾ(marginalia) തുടങ്ങിയവയൊക്കെ വായനയെ ചിലപ്പോൾ കൂടുതൽ സാർഥകമാക്കാറുണ്ട്. അവ വായനയുടെ പുതിയ വഴികളിലൂടെയും തലങ്ങളിലൂടെയും ചിലപ്പോൾ നമ്മെ കൂട്ടിക്കൊണ്ടുപോകാറുമുണ്ട്.സ്വകാര്യശേഖരത്തിലെ പുസ്തകങ്ങളിൽ മാത്രമേ സാധാരണയായി ഇത്തരം വരകളും കുറിപ്പുകളും കാണാറുള്ളൂ, അല്ലെങ്കിൽ കാണാവൂ. ഗ്രന്ഥാലയങ്ങളിൽനിന്നെടുക്കുന്ന പുസ്തകങ്ങളിൽ ഇങ്ങനെ വരയ്ക്കുകയും കുറിക്കുകയും ചെയ്യുന്നത് അനുചിതമാണല്ലോ.

 

പുസ്തകങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുകയും വായിക്കുകയും അതിന്റെ മൂല്യത്തെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാളിനു പുസ്തകം കടം കൊടുത്തിട്ട് അതു തിരിച്ചു കിട്ടിയില്ലെങ്കിൽപ്പോലും അധികം സങ്കടപ്പെടേണ്ടതില്ല. ചില നഷ്ടപ്പെടലുകൾക്കും ഒരു സൗന്ദര്യമൊക്കെയുണ്ടെന്നാണല്ലോ പറയാറുള്ളത്. എന്നാൽ പുസ്തകത്തിന്റെ മൂല്യം തെല്ലും തിരിച്ചറിയാത്ത ഒരാൾക്ക് പുസ്തകം കടം കൊടുത്താൽ അതു പിന്നീട് തികച്ചും അസ്വാസ്ഥ്യജനകമായി മാറുകയും ചെയ്യാം. വിശക്കുന്നുവെന്നു പറഞ്ഞ് അടുത്തു വരുന്നവന് ഭക്ഷണം കഴിക്കാൻ നൽകുന്ന പണംകൊണ്ട് അയാൾ മദ്യശാലയിലേക്കു കയറുന്നതു കാണുമ്പോഴുണ്ടാകുന്ന മനോഭാവത്തോടു സമാനമായ മനോ ഭാവമായിരിക്കും അനർഹർക്കു നൽകിയ പുസ്തകം യാതൊരു കരുതലുമില്ലാതെ കേടുവരുത്തുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തു എന്നറിയുമ്പോഴും തോന്നുക. 

 

എങ്കിലും അടച്ചിടലിന്റെയും അനിയന്ത്രിതമായ ഡിജിറ്റൽ സ്ക്രീൻ ഉപയോഗത്തിന്റെയും കാലത്ത് പുസ്തകം പങ്കുവയ്ക്കുന്നതിന് സവിശേഷമായ പ്രാധാന്യമുണ്ട്. പുസ്തകങ്ങൾ കടം കൊടുക്കില്ല എന്ന് കർശനമായി തീരുമാനിച്ചു നടപ്പാക്കുന്നവരുടെ പുസ്തക ശേഖരത്തിൽ അവർ കടം വാങ്ങി മടക്കിക്കൊടുക്കാത്ത ഒരു പുസ്തകമെങ്കിലും ഉണ്ടാവാനിടയില്ലേ? അതുപോലെതന്നെ, എത്ര വലിയ പുസ്തകശേഖരം സ്വന്തമായുള്ളവർക്കും, കൈവശമില്ലാത്ത ഒരു പുസ്തകം ചിലപ്പോൾ കടം വാങ്ങി വായിക്കേണ്ട സാഹചര്യവും വരാം. ഇക്കാര്യങ്ങൾ സമ്മതിക്കാൻ തയ്യാറാകുന്ന ഒരു പുസ്തകസ്നേഹിക്ക് പുസ്തകം പങ്കുവയ്ക്കുന്നതിനെ  

എങ്ങനെയാണു പൂർണ്ണമായും നിരാകരിക്കാനാവുക?

 

പുസ്തകശേഖരമുള്ളവർ അവ പങ്കുവയ്ക്കാൻ തയാറാകുമ്പോൾ, അവരിൽനിന്ന് പുസ്തകം കടം വാങ്ങുന്നവരും അതുപോലെ പുസ്തകങ്ങളോട് സ്നേഹവും കരുതലുമുള്ളവരാവുകയാണു വേണ്ടത്. അപ്പോൾ ആ പങ്കുവയ്ക്കലിൽ പുസ്തക നഷ്ടത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾക്കും ഉത്കണ്ഠകൾക്കും സ്ഥാനമില്ലാതാകുന്നു. മറിച്ച്, പുസ്തകങ്ങളും വായനാനുഭവങ്ങളുമൊക്കെ പങ്കിടുമ്പോഴുള്ള സംതൃപ്തിയുടെ ഒരു നിറവ് നമുക്കു  കൈവരുന്നു. പുസ്തകങ്ങളും വായനയും സാക്ഷാത്കരിക്കപ്പെടുന്നതും അങ്ങനെയൊക്കെയാണല്ലോ. 

 

English Summary: Sharing Books And Book Curse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com