ADVERTISEMENT

നിയോഗം (കഥ)

“അച്ഛാ” എന്നു വിളിച്ചപ്പോൾ സ്വന്തം അച്ഛനെ കണ്ടിട്ടില്ലാത്ത മീനയ്ക്ക് ഉള്ളൊന്നു പിടയുക മാത്രമല്ല നിറയുകയും ചെയ്തു.

വലിയൊരു ആഹ്ലാദത്തിന്റെ കുളിരും സുരക്ഷിതത്വത്തിന്റെ തണലും ആ ഒരു നിമിഷം അവളനുഭവിച്ചു. അതുവരെ അവളുടെ ഉള്ളിന്റെ ഉള്ളിൽ തികട്ടിനിന്ന അകാരണമായൊരു ഭയം അവളിൽനിന്നു ചിറകടിച്ചെങ്ങോ പറന്നകന്നു. വലിയ സമാധാനവും ഉന്മേഷവും അവൾക്കുണ്ടായി.

“അച്ഛാ” – അവൾ, കട്ടിലിനോടുചേർന്ന്, പകുതി കുനിഞ്ഞുനിന്ന് വീണ്ടും വിളിച്ചു. സ്നേഹത്തിന്റെ വലിയൊരു ചൊരിയലായിരുന്നു ആ വിളി. അച്ഛൻ അപ്പോൾ മറ്റേതോലോകത്തുനിന്ന് അവളുടെ വിളിയുടെ സ്നേഹത്തിലലിഞ്ഞ് തിരിച്ചുപോന്നു. ഭൂമി വിട്ട് വേറേതോ ലോകത്തിന്റെ കാണാത്ത വാതിലിനുമുമ്പിൽ വരെ അച്ഛൻ എത്തിയതായിരുന്നു. അവിടെ വച്ചാണ് മീനയുടെ പിൻവിളി അച്ഛനെ ഭൂമിയിലേക്കു വീണ്ടും പിടിച്ചുവലിച്ചത്.

“കണ്ണൊന്നു തുറക്കൂ അച്ഛാ... എന്നെയൊന്നു നോക്കൂ”- അവൾ സ്നേഹത്തിന്റെ തേൻകുടം അച്ഛന്റെ മനസ്സിലേക്കു ചൊരിഞ്ഞു കൊണ്ടേയിരുന്നു.‌ അച്ഛന്റെ ശരീരം ഒന്നിളകുന്നത് അവൾ കണ്ടു.

 

“അച്ഛാ” – അവൾ വിളി തുടർന്നു.

അച്ഛന്റെ അടഞ്ഞ കണ്ണുകൾ മെല്ലെ ചിമ്മി. അവൾ ആഹ്ലാദംകൊണ്ടു. അച്ഛൻ കിടക്കുന്ന കട്ടിലിനരികിലെ ഇത്തിരിസ്ഥലത്ത് അച്ഛനോടുചേർന്ന് അവളിരുന്നു. കുട്ടിക്കാലത്ത് അമ്മ അവളെ തലോടിയ പോലെ അച്ഛന്റെ മുടി കൊഴിഞ്ഞ തലയിൽ മെല്ലെമെല്ലെ തലോടി. ആ സ്നേഹത്തലോടലിന്റെ സുഖത്തിൽ അച്ഛൻ കണ്ണുകൾ പതുക്കെ തുറന്നു. നിറഞ്ഞ കണ്ണിലെ നനഞ്ഞ, മങ്ങിയ കാഴ്ചയിൽ അച്ഛൻ അവളെ കണ്ടു; ഒരു മാലാഖയെപോലെ. തിരതല്ലിവന്ന അടക്കാനാവാത്ത ആഹ്ലാദത്തിൽ അവൾ അച്ഛനെ നോക്കി ചിരിച്ചു.

 

“അച്ഛനെന്നെ മനസ്സിലായോ .. ഞാൻ അച്ഛനെ നോക്കാൻ വന്നവളാ..”- അവൾ കുറച്ചുകൂടി അച്ഛനോടു ചേർന്നിരുന്നു.

കടുത്ത വേനലിലെ തകർപ്പൻ മഴ പോലെ അവളുടെ വാക്കുകൾ അച്ഛന്റെ ഹൃദയത്തിലേക്കരിച്ചിറങ്ങി. വലിയൊരാശ്വാസത്തോടെ അച്ഛൻ നെടുവീർപ്പിടുന്നത് അവളറിഞ്ഞു. അച്ഛൻ അവളെത്തന്നെ നോക്കി കിടന്നു.

“എന്താ..ഇങ്ങനെ നോക്കണെ അച്ഛാ..”- കുട്ടികളോടെന്നപോലെ കുസൃതിച്ചോദ്യത്തോടെ അവൾ അച്ഛന്റെ കവിളിൽ സ്നേഹത്തോടെ നുള്ളി. അപ്പോൾ മീന, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ അച്ഛനെക്കുറിച്ചോർത്തു. അമ്മയുടെ വാക്കുകളിലൂടെമാത്രം അവളുടെ അച്ഛൻ അവളിൽ ജീവിച്ചു.

 

“അച്ഛന്റെ ഒരു ഫോട്ടോയെങ്കിലും അമ്മയ്ക്കെടുക്കാമായിരുന്നില്ലേ” എന്ന് ദണ്ഡത്തോടെ പണ്ടെപ്പോഴോ ഒരിക്കൽ അവൾ അമ്മയോടു ചോദിച്ചതാണ്. അന്ന് അവൾ അമ്മയുടെ അടങ്ങാത്ത കരച്ചിൽ കണ്ടു. പാവം അമ്മ. ആരോരുമില്ലാതിരുന്ന അമ്മയ്ക്ക് അച്ഛൻ മാത്രമേയുണ്ടായിരുന്നുള്ളു ഒരു തണലായി. ഒടുവിൽ ആ തണലിനോടു ചേർന്ന് അമ്മനിന്നു. അതോടെ അച്ഛനും അമ്മയല്ലാതെ മറ്റാരും ഇല്ലാതെയായി. നീ വിഡ്ഢിത്തമാണു കാണിച്ചതെന്ന് പലരും അച്ഛനെ ഉപദേശിച്ചു. എന്നാൽ മറ്റുള്ളവരുടെ ആ വിഡ്ഢിത്തം സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി അച്ഛൻ കണ്ടു. അതിരില്ലാത്ത ആഹ്ലാദത്തിന്റെ ഒന്നരവർഷം അങ്ങനെ അച്ഛനും അമ്മയും അനുഭവിച്ചു. അതിനിടയിൽ ഒരു കുഞ്ഞിക്കാലിന്റെ വരവറിയിപ്പ് ആഹ്ളാദത്തിനു മാറ്റുകൂട്ടി. 

 

എന്നാൽ ആ കുഞ്ഞിക്കാലിനു കാലന്റെ രൂപമായിരുന്നുവെന്ന് മറ്റുള്ളവർ അമ്മ കേൾക്കാതെ അടക്കം പറഞ്ഞു. മീന ഭൂമിയിലേക്കു പിറന്നു വീണതും അച്ഛൻ ഭൂമിവിട്ട് പോയതും ഒരേ നിമിഷത്തിലായിരുന്നു. ആ നിമിഷത്തിന്റെ ഘനവും പേറി മീന വളർന്നു. കഷ്ടപ്പെട്ടു പണിയെടുത്ത് കടവും കടത്തിന്റെ കൂടുമായി അമ്മ മകളെ വളർത്തി. ഡോക്ടറാക്കണമെന്ന അതിമോഹമൊന്നും അമ്മയ്ക്കില്ലായിരുന്നെങ്കിലും നഴ്സാകാൻ മകൾക്ക് ആഗ്രഹമുണ്ടായിരുന്നു. നേഴ്സിങ് പാസ്സായി നാട്ടിലും അന്യനാട്ടിലും പല ആശുപത്രികളിൽ മീന ജോലിനോക്കി. എന്നാൽ അമ്മയുടെ പെരുകിവരുന്ന കടംവീട്ടാൻ ആ ജോലി മതിയായിരുന്നില്ല. നിസ്സാരമായ ശമ്പളവും കഠിനമായ ജോലിയുമാണ് എവിടേയും മീനയെ കാത്തിരുന്നത്.ഒടുവിൽ അമ്മയുടെ ഒരു പരിചയക്കാരി വഴിയാണ് ഇങ്ങനെ ഒരവസരം മീനയ്ക്കു വീണുകിട്ടിയത്., ശരശയ്യയിലെന്നപോലെ കിടക്കുന്ന ഒരച്ഛനെ നോക്കാൻ.

 

വലിയൊരു പറമ്പിലെ വലിയൊരു പഴയ വീട്ടിൽ അച്ഛൻ ഒറ്റയ്ക്ക് കിടന്നു. കൊമ്പൻമാരായ മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും അച്ഛനെ ഒരു നോക്കു കാണാൻപോലും കൂട്ടാക്കാതെ സ്വർഗ്ഗതുല്യമായ സ്ഥലങ്ങളിൽ ഉന്മത്തരായി ജീവിച്ചു. അവരെക്കുറിച്ചോർത്ത്; അവർ ഏതുനിമിഷവും അച്ഛനെ കാണാനെത്തുമെന്ന് മനപ്പായസമുണ്ട് ബോധമുള്ള നാളുകളിൽ അച്ഛൻ കിടന്നു. അച്ഛന്റെ കാലശേഷം മുറിച്ചുവിൽക്കാവുന്ന വലിയ പറമ്പിൽനിന്നു കിട്ടുന്ന ഭീമമായ തുക സ്വപ്നം കണ്ട്, എത്ര സമ്പാദിച്ചിട്ടും മതിവരാത്ത മക്കൾ, അച്ഛന്റെ മരണവാർത്ത കേൾക്കാനുള്ള കൊതിയോടെ അന്യനാടുകളിൽ കാത്തിരുന്നു. 

 

ആ വീട്ടിലേക്കു പുറപ്പെട്ടാൽ വലിയൊരു തുക കൈയിൽകിട്ടുമെന്ന സന്താഷമായിരുന്നു പുറപ്പെടുംമുമ്പ് മീനയ്ക്കുണ്ടായിരുന്നത്. എന്നാൽ മീനയുടെ അമ്മയ്ക്ക് അതിനോടൊട്ടും താൽപര്യമുണ്ടായിരുന്നില്ല. ആ താത്പര്യക്കുറവിന് അമ്മ പല കാരണങ്ങൾ കണ്ടെത്തിയിരുന്നു.

ഒന്ന്: മകളെ പഠിപ്പിച്ച് ഇതുവരെ എത്തിച്ചത് അന്യവീട്ടിൽ ഇതുപോലൊരു ജോലിക്കു പോകാനായിരുന്നില്ല.

രണ്ട്: ഇപ്പോഴത്തെ ആണുങ്ങളെയൊന്നും അത്രകണ്ടങ്ങ് വിശ്വസിക്കാൻ കൊള്ളില്ല.

പൂമൊട്ടുപോലൊരു പെണ്ണിനെക്കണ്ടാൽ കുഴിയിലേക്ക് കാൽനീട്ടിക്കിടക്കുകയാണെങ്കിലും അതിയാന്റെ മനസ്സിൽ എപ്പഴാ ഒരണുബോംബ് പൊട്ടുകയെന്നാർക്കറിയാം. അതും ഒരന്യനാട്ടിൽ, ഒച്ചയിട്ടാൽപോലും ആരുംകേൾക്കാത്തൊരു പറമ്പിലെ ഒറ്റ വീട്ടിൽ.

 

പണം അത്യാവശ്യമാണെങ്കിലും അങ്ങനെയൊന്നും മോളമ്മയെ സഹായിക്കണ്ടായെന്നമ്മ തീർത്തു പറഞ്ഞു. പ്രായമായൊരു പെണ്ണിനെ നല്ലൊരു പുരുഷന്റെ കൈയിൽ ഏൽപിക്കുന്നതുവരെ അമ്മയുടെ മനസ്സിൽ തീയാ...

അച്ഛനെ സ്നേഹിച്ചുവെന്നൊരു തെറ്റേ മറ്റുള്ളവരുടെ മുമ്പിൽ അമ്മ ചെയ്തിട്ടുള്ളു. അതും എന്തിനും പോന്ന, സ്നേഹനിധിയായ, ആണായ ഒരുത്തനെ. എന്നിട്ടും ആളുകൾ എന്തെല്ലാം പഴി പറഞ്ഞു. അതെല്ലാം അവരുടെ മനസ്സിലെ ദുഷ്ടതകൾ, നീ അതിനൊന്നും ചെവി കൊടുക്കേണ്ടായെന്ന് അച്ഛൻ അമ്മയ്ക്ക് ധൈര്യം കൊടുത്തു.

“പാവപ്പെട്ട വീട്ടിലെ പെൺകുട്ടികൾക്ക് കേൾക്കാൻ, ഇല്ലാത്ത കുറേ പഴികളുണ്ടാകും മോളേ. അതാ സമൂഹം. നമ്മൾ അതിനൊരവസരം കൊടുക്കരുത്; ഒരു നോട്ടത്തിൽപോലും...”

“അമ്മയിപ്പോഴും പഴയ ആ പൊട്ടിപ്പെണ്ണുതന്നെ” –മകൾ ചിരിച്ചുകൊണ്ടു പറഞ്ഞു – “ ലോകം ഏറെ മാറിപ്പോയമ്മേ. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനറിയാം. മല ഇടിഞ്ഞുവന്നാലും ഒരു നോട്ടംകൊണ്ട് തടുത്തുനിർത്താനറിയാം. അതോർത്തമ്മ വിഷമിക്കേണ്ട.”

 

അങ്ങനെയാണ് മീന ഒരുവിധത്തിൽ അമ്മയുടെ സമ്മതം നേടി ഈ അച്ഛന്റെ മുന്നിൽ എത്തിയത്. അച്ഛൻ അവളെ സ്നേഹത്തോടെ നോക്കിക്കൊണ്ടു കിടന്നു. മീന സ്നേഹത്തോടെ അച്ഛനെ തലോടി. അച്ഛൻ മെല്ലെമെല്ലെ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരുന്നതായി മീനയ്ക്കു തോന്നി. അവൾ കൂടുതൽ ഉന്മേഷവതിയായി.

അടുക്കളയിൽചെന്നു നല്ലൊരു കാപ്പിയിട്ടുകൊണ്ടുവന്നു. അച്ഛന്റെ തല ഉയർത്തി, തലയിണയിൽ മെല്ലെ പൊക്കിവച്ച് അച്ഛന് കുറേശ്ശെ കൊടുത്തു. ഒന്നു രണ്ടിറക്ക് അച്ഛൻ കുടിച്ചു. ഇത്തിരിഇത്തിരിയായി വായിലൊഴിച്ച വെള്ളം ഉള്ളിലേക്കിറങ്ങാൻ അവൾ അച്ഛന്റെ നെഞ്ചിൽ തടവി.

 

പഴയ വിരിപ്പുകളും തുണികളും മാറ്റി വൃത്തിയുള്ളത് അച്ഛനെ ഉടുപ്പിക്കുകയും കട്ടിലിൽ വിരിക്കുകയും ചെയ്തു. അതിനുമുമ്പ്, മുറി അടിച്ചുതുടച്ചു വൃത്തിയാക്കി. ജനലെല്ലാം തുറന്നിട്ട് മുറിയിൽ കൂടുതൽ കാറ്റും വെളിച്ചവും വരുത്തി. ചൂടുവെള്ളത്തിൽ അച്ഛന്റെ ശരീരം തുടച്ചു വൃത്തിയാക്കി.

“ഇപ്പോൾ കൂടുതൽ സുന്ദരനായി”- അവൾ അച്ഛന്റെ കവിളിൽ തലോടി പറഞ്ഞു.

അച്ഛന്റെ മുഖത്തൊരു ചിരിവീണു. കണ്ണുകൾക്ക് കൂടുതൽ തെളിച്ചം വരുന്നത് അവൾ കണ്ടു. എന്തോ പറയാൻ അച്ഛന്റെ ചുണ്ടുകൾ വെമ്പുന്നുണ്ടായിരുന്നു. അത് കേൾക്കാൻ കൊതിയോടെ അവൾ കട്ടിലിനരികിൽ അച്ഛനോട് ചേർന്ന് ഇരുന്നു.

“പറയച്ഛാ...എന്താ എന്നെ ഇഷ്ടായില്ലേ “ അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു.

അച്ഛൻ കൈകൾ മെല്ലെ ഉയർത്തുന്നത് അവളറിഞ്ഞു. അച്ഛന്റെ കണ്ണുകളിൽ തെളിച്ചം വർദ്ധിച്ചിരിക്കുന്നു. മുഖത്ത് തെളിഞ്ഞു വരുന്ന പ്രസാദം...

അച്ഛൻ ശുഷ്ക്കിച്ച കൈവിരലുകൾ കൊണ്ട് അവളുടെ കവിളിൽ തൊട്ടു. അച്ഛന്റെ തല പൊങ്ങിവന്നു. മീന, അറിയാതെ മുഖം കുനിച്ചുകൊടുത്തു. അച്ഛൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.

-“ന്റെ മോളേ...” –ഒരു നിലവിളി പോലെ അച്ഛൻ വിളിച്ചു.

“എന്താച്ഛാ..” – അവൾ ചോദിച്ചു.

അച്ഛന്റെ തല കിടക്കയിലേക്കു വീണു. നിറഞ്ഞ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകി. അച്ഛൻ കണ്ണടച്ചു. അച്ഛന്റെ ശ്വാസം നിലച്ചു.

അവൾക്ക് സങ്കടം അടക്കാനായില്ല. സ്വന്തം അച്ഛന്റെ മൃതശരീരത്തിലെന്ന പോലെ അവൾ വീണു കരഞ്ഞു.

 

നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഒക്കെ എത്തിയതും മൃതദേഹം നിലത്തിറക്കിക്കിടത്തിയതും ഒന്നും അവളറിഞ്ഞില്ല. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. മക്കൾ ദൂരെനിന്നും ആഹ്ളാദത്തോടെ വരാൻ ഇനിയും സമയമേറേയെടുക്കുമെന്ന കാര്യവും അവളെ അലട്ടിയില്ല.

 

ഏകദേശം ഒന്നേമുക്കാൽ മണിക്കൂറുമുമ്പ് അവൾ ആദ്യമായി ഈ വീട്ടിലേക്ക് കാലെടുത്തു വച്ചപ്പോൾ കയ്യിലുണ്ടായിരുന്ന, അവളുടെ ഡ്രസ്സുകളടങ്ങിയ വലിയ ബാഗ് കൈയിലെടുത്തു. മരണം അറിഞ്ഞെത്തിയ വർക്കിടയിലൂടെ അവൾ ആരേയും നോക്കാതെ നടന്നു നീങ്ങി. അപ്പോൾ അവൾ അച്ഛൻ ഉമ്മവച്ച കവിളിൽ മെല്ലെ തൊട്ടു. അത് സ്വന്തം അച്ഛന്റെ ഉമ്മപോലെ അവൾക്കു തോന്നി. ആ ഉമ്മയുടെ തണുപ്പ് അവളുടെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി. ഇത്രദൂരം താണ്ടിയെത്തിയത് ഇതിനായിരുന്നല്ലോയെന്നോർത്തപ്പോൾ മീനയുടെ ഉള്ളിൽ അച്ഛനോടുള്ള സ്നേഹം വഴിഞ്ഞൊഴുകി.

 

Content Summary : Niyogam Short Story By Jayamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com