ADVERTISEMENT

അപ്രത്യക്ഷമാകുന്ന ചിലത് (അനുഭവക്കുറിപ്പ്)

ഒരാഴ്ചയായിട്ട് പെങ്ങളും പിള്ളേരും വീട്ടിലുണ്ട്. മൂത്ത പയ്യൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. രാവിലെ ഏഴര മുതൽ ഒൻപത് വരെ ഓൺലൈൻ ക്ലാസ്സ്‌. അതും കഴിഞ്ഞു ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും വിക്ടർ ചാനലിലെ ഇരുപത് മിനിട്ടുള്ള ഫസ്റ്റ് ബെൽ. അതിനു ശേഷം ഒച്ചപ്പാടും തല്ലും ബഹളവുമായി ഒരു പഠനം. എല്ലാം കഴിയുമ്പോഴേക്കും ചെക്കൻ ആകെപ്പാടെ ഒരു മടുപ്പോടെ അനിയൻ ചെക്കനെയും കൂട്ടി എന്റെ അടുത്ത് വരും. രണ്ടുപേരുടെയും ആ വരവ് കണ്ടാൽ അറിയാം എന്തോ കാര്യം സാധിക്കാനുണ്ടെന്ന്. എന്റെ മൊബൈൽ ഫോൺ ആണ് അവരുടെ ലക്ഷ്യം. ഫോൺ കൊടുക്കരുതെന്ന് എന്റെ മനസ്സ് പറഞ്ഞാലും പുള്ളേരുടെ ആ നിസ്സഹായാവസ്ഥ കാണുമ്പോ ഞാൻ അറിയാതെ തന്നെ കൊടുത്തു പോകും. 

 

ഫോൺ കിട്ടിയാൽ പിന്നെ ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയാണ് എനിക്ക്. അവരുടെ ആ ആസ്വാദനത്തിന് അധികമൊന്നും ആയുസ്സില്ല. പെങ്ങൾ വന്നു ഫോൺ കൊടുത്തതിനു എന്നെയും വഴക്ക് പറഞ്ഞു പിള്ളേരെ പൊക്കിക്കൊണ്ട് പോകും. പിന്നേം അമ്മയെ കാണാതെ ഒളിച്ചും പതുങ്ങിയും പയ്യൻസ് എന്റെ അടുത്തെത്തും. ഇത്തവണ വന്നപ്പോൾ ഞാൻ പറഞ്ഞു നിന്റെയൊക്കെ പ്രായത്തിൽ കള്ളനും പോലീസും, കഞ്ഞിക്കുഞ്ഞീം തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചൊക്കെയാണ് ഞങ്ങള് കളിച്ചിരുന്നത്. പോയി അങ്ങനെ വല്ലതും കളിക്ക്. തുമ്പിയെ പിടിക്കണ കളി പിള്ളേർക്ക് ഇഷ്ടായി. അവർ അതിനെപ്പറ്റി എന്നോട് ചോദിച്ചു. പണ്ടൊക്കെ രാവിലെയും വൈകുന്നേരവും തുമ്പി വേട്ടക്കിറങ്ങും. ഞാനും എന്റെ കൂട്ടുകാരും എത്രയോ തുമ്പികളെ പിടിച്ചു ദ്രോഹിച്ചിരിക്കുന്നു. അതിന്റെയൊരു വിവരണമൊക്കെ പറഞ്ഞു കേട്ടപ്പോഴേക്കും പിള്ളേർക്കും തുമ്പിയെ പിടിച്ചു കളിക്കണം. വെയിൽ ആറിയിട്ട് നോക്കാം എന്ന് പറഞ്ഞു ഞാൻ മുങ്ങി. 

 

പക്ഷേ വൈകുന്നേരം വെയിൽ ആറിയപ്പോ പയ്യൻസ് ഈ കാര്യം പറഞ്ഞു എന്റെ കൂടെക്കൂടി. അങ്ങനെ വളരെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഞാൻ തുമ്പി വേട്ടക്കിറങ്ങി. പിള്ളേരും വളരെ ഉത്സാഹത്തിലാണ്. പണ്ടൊക്കെ നോക്കണോടത്ത് നോക്കണോടത്ത് തുമ്പിയായിരുന്നു. പക്ഷേ ഇത്തവണ തുമ്പിയെ നോക്കി കണ്ണ് കളഞ്ഞു എന്നല്ലാതെ ഒരൊറ്റ തുമ്പിയെയും കണ്ടു കിട്ടിയില്ല. ക്ഷമ കെട്ട മൂത്ത കുട്ടി ദേഷ്യത്തോടെ എന്നോട് പറഞ്ഞു അച്ചാച്ചനും അച്ചാച്ചന്റെ കൂട്ടുകാരും ചേർന്ന് ഉള്ള തുമ്പിയെയൊക്കെ പിടിച്ചു തീർത്തു. ഇനി ഞങ്ങളെങ്ങനെ കളിക്കാനാ. അതും പറഞ്ഞു അനിയൻ ചെക്കനെയും പിടിച്ചോണ്ട് നിരാശയിൽ പോയി. അവർ പോയതിന് ശേഷവും കുറേ നേരം ഞാൻ തുമ്പിയെ നോക്കി, കാണുന്നില്ല. പിന്നീട് രണ്ട് മൂന്നു ദിവസം എന്റെ മുഴുവൻ നിരീക്ഷണവും ഇതിലേക്കായി. ഒന്നോ രണ്ടോ തുമ്പിയെ കണ്ടു.

 

കാടും മലയും വെട്ടി തെളിച്ചു ഓരോരോ വികസനങ്ങൾ കൊണ്ട് വരുമ്പോഴും പരിസ്ഥിതിയെ നശിപ്പിക്കുമ്പോഴും ഇതുപോലുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾ  അപ്രത്യക്ഷമാകുന്നു. മനുഷ്യന്റെ അവസ്ഥയും ഇതുപോലെ ആകുന്നൊരു കാലം അകലെയല്ല എന്ന പേടിയോടെ നിർത്തുന്നു.

 

English Summary : Aprathyakshmakunna Chilathu Life Experience By Jintle Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com