ADVERTISEMENT

മരണത്തിന് തീയിട്ട ഒരുവൾ (കഥ)

മരണത്തെ വേളി കഴിച്ചൊരുവൾ എത്ര പേരെയാണ് ആ ചടങ്ങുകൾക്കായി തന്നരികിലേക്കെത്തിക്കുന്നത്. ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരും അനിഷ്ടങ്ങളെ കാർക്കിച്ചു തുപ്പിയവരുമുണ്ടാക്കൂട്ടത്തിൽ. 

 

വിലകൂടിയതും വിലകുറഞ്ഞതും ഇന്നലെയിറങ്ങിയതും യുഗങ്ങളായി നിരത്തിലൂടോടിയതുമായ എത്രയെത്രെ വണ്ടികളെയും മനുഷ്യരേയുമാണ് തനിക്കുവേണ്ടി വരിവരിയായി നിർത്തിച്ചിരിക്കുന്നത്‌. 

 

എത്രയെത്രെ മനസ്സുകളിലാണ് മൂകതയുടെ ജാലവിദ്യ കാണിക്കുന്നതവൾ. അതിലുമേറെ പേരുടെ ഹൃദയ ഭൂപടത്തിൽ നിന്നും ഏതാനും നിമിഷങ്ങൾക്കകം മാഞ്ഞുപോയേക്കാവുന്ന കിനാരാജ്യമാണവൾ.

 

മരിച്ചവളുടെ ഗൃഹത്തിൽ എത്ര പെട്ടെന്നാണ് ഋതുഭേദങ്ങൾ മാറിമറിയുന്നത്‌. ഇന്നലെ വസന്തകാലം  പൂത്തുലഞ്ഞയിടങ്ങളിൽ ഇന്ന് കടുത്ത വേനലാണ്. നാളെ വീണ്ടുമൊരു വസന്തം വന്നെത്തും. ഇന്നുകളെ ഇന്നലെകളുടെ ഭരണിയിൽ ഉപ്പിലിട്ടുവെക്കും.

 

ചുട്ടുപ്പൊള്ളുന്ന തീക്കാറ്റിൽ കരിഞ്ഞുണങ്ങുന്ന ബന്ധങ്ങൾ. കണ്ണീർപ്പുഴയിൽ ഒഴുകിയകലുന്ന സ്നേഹനാടകപ്പെട്ടകങ്ങൾ. പതംപറച്ചിലുകളുടെ മുഷിപ്പുഗന്ധം മുറിയാകെ പരക്കുന്നു. ആ മടുപ്പിക്കുന്ന  മണത്തിൽ  അവളുടെ ശവത്തിനു പോലും ശ്വാസം മുട്ടുന്നു.

 

ജീവിതത്തിൽ എത്തിപ്പിടിക്കാൻ പറ്റാത്തതൊക്കെയും സ്വരുക്കൂട്ടി നനഞ്ഞ കിനാക്കാടിനെ ചേർത്തു നിർത്തി ചരമത്തിനൊരു ചുവന്ന പൊട്ട് തൊട്ടുകൊടുത്തിട്ടുണ്ട്. വേദന കുത്തിനിറച്ച എരിമലയിൽ നിന്നും  പൊട്ടിയൊലിക്കുന്ന ആർത്തവരക്തത്തിന്റെ കടും ചെമല നിറമുള്ള പൊട്ട്. 

 

ഏകാന്തതപൂത്തുലഞ്ഞ മൂകതയുടെ മഹാമേരുവിന്റെ ഉച്ചിയിലിരുന്നവൾ സ്വന്തം മരണ പുസ്തകത്തിന്റെ  ഏടുകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുകയായിരുന്നു.

 

നഷ്ടബോധങ്ങൾ പിരിച്ചുണ്ടാക്കിയ നിരാശാച്ചായം മുക്കി വിഷാദ സൂര്യന്റെ ചുടുകിരണത്തിൽ ഉണക്കിയെടുത്ത തുടലിൽ  കണ്ണ് തുറിച്ചു നാവുനീട്ടി  പിടച്ചിച്ചിലിൽ നൃത്തമാടുന്ന കൈകാലുകൾ കൊരുത്തു വെച്ചിരിക്കുന്ന ശരീരത്തിൽ തൂങ്ങിയാടുന്ന സ്വന്തം ജീവിതമവൾ മുൻവശത്തെ പുറം ചട്ടയിൽ കണ്ടു.

 

മങ്ങിത്തുടങ്ങിയ ഉള്ളടക്കത്തിലോ, ഇരുൾപ്പൂക്കും നേരത്തവളുടെ  ഹൃദയം പെരുമ്പറ മുഴക്കുന്നു. കരൾ തുടി കൊട്ടി പാടുന്നു. ശ്വാസകോശങ്ങൾ കാറ്റു പോയ ബലൂൺപോലായി വായുവിനെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു. വൃക്കകൾ നീരു പിഴിഞ്ഞെടുത്ത ഇഴകളകന്ന കരിമ്പിൻ ചണ്ടിയായിരിക്കുന്നു.സ്വരക്കിളികൾ   കാതുകളെ വിട്ടകന്നിരുന്നു. കണ്ണുകൾ വെളിച്ചത്തോട് പിണങ്ങി പുറം തിരിഞ്ഞിരിക്കുന്നു.രക്തം രക്തത്തെ തിരിച്ചറിഞ്ഞു സിരകൾക്ക് സാന്ത്വനവും ആശ്വാസവും പകരുന്നു.വെട്ടിയിട്ട വിറകു പോലെ  കൈകാലുകൾ വിറങ്ങലിച്ചിരിക്കുന്നു. അടുപ്പിനകത്തെരിയുന്ന പച്ച വിറകുപോലെ നെഞ്ചകം പുകയുന്നു.

 

മങ്ങിയ ഏടുകളോരോന്നായി മറിച്ചവൾ മദ്ധ്യത്തിലെത്തി. മരുന്നിന്റെയും കീമോയുടെയും മടുപ്പിക്കുന്ന ഗന്ധം  നിൽക്കുന്ന ആതുരാലയത്തിന്റെ നരച്ച നാലു ചുവരുകൾക്കുള്ളിൽ മരണത്തെ അഗാധമായി  പ്രണയിച്ചവളെ കാണാൻ കഴിഞ്ഞു. കൂട്ടിനിരിക്കുന്നവരുടെയും കൂട്ടായിരിക്കേണ്ടവരുടെയും മുറുമുറുക്കലുകളുടെ പ്രാക്കുകളുടെ മഴമേഘങ്ങൾ അവളുടെ തലയ്ക്കു മീതെ പെയ്യാൻ വിതുമ്പി നിന്നിരുന്നു. പുറമെ വെളുക്കെ ചിരിച്ച ചുണ്ടുകൾക്കുള്ളിൽ ഈർഷ്യയുടെ കടപ്പാരയാൽ മുറിവേൽക്കുന്ന പാവം ദന്തങ്ങൾ. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലെയുള്ള അവളുടെ കിടപ്പ്.

 

സഹിയ്ക്കാനാവാതെ അവൾ അവസാന ഏടിലേക്കെത്തി നോക്കി. പ്രണയം തലയ്ക്കുപ്പിടിച്ചവൾ പ്രണയ (മരണ) പ്രിയന്റെ കൂടെ എല്ലാവരെയും എല്ലാം ഉപേക്ഷിച്ചിറങ്ങി. അന്നവളുടെ വേളിയാണ്. നാറുന്ന തുരുമ്പു കുടിച്ചു വീർത്ത പൈപ്പിൽ നിന്നും നിറച്ച പഴക്കമേറിയ കുപ്പിവെള്ളത്തിൽ അവളെ കുളിപ്പിച്ചൊരുക്കിയിരിക്കുന്നു. മുഴുനീള വാഴയിലയിൽ തീർത്ത മംഗല്യപ്പട്ടും മലർക്കൊണ്ടു തീർത്ത ആഭരണത്താലുമവളെ സുന്ദരിയായി അണിയിച്ചൊരുക്കിയിരിക്കുന്നു. പഞ്ഞിപോലെ മൃദുവായ മൂക്കുത്തികൾ രണ്ടു നിസാരന്ദ്രങ്ങളെയും കൂടുതൽ മിഴിവുള്ളതാക്കിയിരിക്കുന്നു.

 

പ്രണയ(മരണ)ദേവനെഴുതിയ പുറംചട്ടയിലെ ചരമ പീഠിക അവളെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.

 

ചുടലയിൽ കിനാവിറകു കൂട്ടിക്കത്തിച്ച അഗ്നികുണ്ഡത്തിലേക്കവൾ വലിച്ചെറിഞ്ഞു ആ മരണ പുസ്‌തകം. ആളിക്കത്തുന്ന ചിതയിൽ എരിഞ്ഞമരുന്ന  സ്വന്തം ചരമഗ്രന്ഥത്തിനെ തിരിഞ്ഞു നോക്കാതെ വന്നവൾ രാജകീയമായി അലങ്കരിച്ച ശീതീകരിച്ച  പെട്ടിക്കുള്ളിൽ  തിരിച്ചെത്തി ഒന്നുമറിയാത്തവളെപ്പോലെ കണ്ണടച്ച് കിടപ്പു തുടർന്നു . 

 

നോക്കൂ എന്തൊരദ്ഭുതമാണ്. അതിശയമാണ്. മരിച്ച ഒരുവൾ എത്ര ശാന്തയായാണ് സൗമ്യയായാണ് തന്നെക്കാണാൻ വരുന്നവരെ  കുളിപ്പിച്ച് ഒരുക്കുന്നത്. വീട്ടുകാരെയും നാട്ടുകാരെയും ശത്രുക്കളെയും പോലും  ഒന്നിച്ചിരുത്തുന്നത്. അപരിചിതരെപ്പോലും പരിചിതരെപ്പോലെ ഒന്നിച്ചിരുത്തി ഊട്ടുന്നത്. കേറിവരുന്നവരെയെല്ലാം ഒരേ ചവിട്ടിയിൽ കാല് തുടപ്പിക്കുന്നത്.ഒരേ കയറ്റുപായയുടെ ഇഴകളാക്കുന്നത്. 

 

മരിച്ച ഒരുവളല്ലേ ശരിക്കും ജനാധിപത്യ ഭരണാധികാരിയാവുന്നത്. അവളല്ലേ സർവ്വം സമത്വം എന്നത് പ്രപഞ്ചത്തിനു മുന്നിൽ കാട്ടികൊടുക്കുന്നത്. ജീവിതത്തിൽ കാണാൻ കൊതിച്ച പലതും അവസാനമായി കാണുന്നത് മരിച്ചവളുടെ കണ്ണുകളല്ലേ.

 

അങ്ങനെ അവളുടെ മണിയറ(കല്ലറ)യിലേക്കുള്ള യാത്രയിൽ അവളും അവളുടെ പ്രിയപ്പെട്ടവനും മാത്രം ആറടി മണ്ണിൽ തീർത്ത സൗധത്തിൽ കിനാവിന്നാകാശത്തിൽ നിന്നുള്ള ഒരു പിടി മൺപൂപ്പെയ്ത്തിൽ അലിഞ്ഞില്ലാതായി തീർന്നിരിക്കുന്നു.

 

അവളെന്ന കടൽ, അവളെന്ന ആകാശം, അവളെന്ന ജീവിതം, അവളെന്ന മരണം, അവളെന്നെ പൂക്കളും കായ്‌കളും, അവളെന്ന ചെടികളും മരങ്ങളും, അവളെന്നെ കാട്, അവളെന്ന പ്രണയം, അവളെന്നെ വികാരവിചാരങ്ങൾ, അങ്ങനെ എല്ലാമെല്ലാം ഭൂപടത്തിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായിരിക്കുന്നു.

 

English Summary : Maranathinu Theeyitta Oruval Short Story By Sindu Gadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com