ADVERTISEMENT

‘ഈ ചെക്കന് പാട്ട് ഒച്ച കുറച്ചു വച്ചൂടെ.. പിള്ളേര് പഠിക്കുന്നതിനിടയിൽ ശല്യമാണല്ലോ’

 

അമ്മയുടെ ദേഷ്യപ്പെടൽ ഒരു പതിവായിരുന്നു അന്ന്. നാലിലോ അഞ്ചിലോ ഞാൻ പഠിക്കുന്ന കാലം.എന്റെ വീടിനടുത്തു താമസിക്കുന്ന നാട്ടിലെ ആസ്ഥാനഗായകരിൽ ഒരാളായ ശിവൻചേട്ടന്റെ വീട്ടിൽ നിന്നും ഉയരുന്ന തമിഴ്പാട്ടുകൾ എന്നും രാവിലെ മുതൽ നമ്മുടെ വീടടക്കം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേക്കും ഒഴുകിയെത്തുന്നത് കേൾക്കുമ്പോഴാണിത്. 

 

കണ്ണുകൾ രണ്ടും പുസ്തകത്തിലാണെങ്കിലും ചെവികൾ രണ്ടും ശിവൻചേട്ടന്റെ തമിഴ്പാട്ടുകൾക്ക് സമർപ്പിച്ചുകൊണ്ട് ഇരിക്കുമ്പോൾ പ്രഭുവും ഖുശ്ബുവും കാർത്തിക്കും രേവതിയും രജനികാന്തും കമലാഹാസനുമെല്ലാം അമ്മയറിയാതെ എന്റെ മനസ്സിൽ വന്ന് നൃത്തം കളിക്കും. ചിന്നതമ്പി എന്ന സിനിമയിലെ ‘‘അരച്ച സന്ദനം മണക്കും കുങ്കുമം അഴക് നെറ്റിയിലേ..’’ എന്ന ഗാനവും ചിലപ്പോൾ കിഴക്കുവാസൽ എന്ന സിനിമയിലെ ‘പച്ചമലർപൂവ്’ എന്ന പാട്ടും മറ്റ് ചിലപ്പോൾ കരകാട്ടക്കാരൻ എന്ന ചിത്രത്തിലെ ‘മാങ്കുയിലേ പൂങ്കുയിലേ’ എന്ന പാട്ടും ആണ് കൂടുതലും കേൾക്കുക. 

 

‘ഇത് എസ്പി ബാലസുബ്രമണ്യം പാടിയ പാട്ടുകളാണ്’ SPB HITS എന്ന് എഴുതിയ ഓഡിയോ കാസറ്റ് എടുത്തു നോക്കുമ്പോൾ ശിവൻചേട്ടൻ പറയും. ഒരുപാട് തവണ റേഡിയോയിൽ ഞാനാ പേര് പിന്നീട് കേട്ടിട്ടുണ്ട്. ‘പാടിയത് എസ്പി ബാലസുബ്രഹ്മണ്യം.’ യേശുദാസ് എന്ന പേര് മാത്രം കേട്ട് പരിചയിച്ച കാതിലേക്ക് വീണ ആ പേര് പിന്നീട് ഒരിക്കലും ഞാൻ മറന്നിട്ടില്ല. അന്നു മുതൽ യേശുദാസ് എന്ന പേരിനൊപ്പം മനസ്സിൽ ആ പേരും ഞാൻ ചേർത്തു വച്ചു. 

 

അമ്പലത്തിലും പുറത്തും നടക്കുന്ന ഗാനമേളകളിൽ വീണ്ടും വീണ്ടും ഞാനാ പാട്ടുകൾ കേട്ടുകൊണ്ടേയിരുന്നു.

‘വന്തേണ്ട പാൽക്കാരൻ’ എന്ന പാട്ടെല്ലാം കേട്ട് ആളുകൾ നൃത്തലോലരാകുന്നതും 

ചില പാട്ടുകളിൽ അതേ ആളുകൾ സ്വയംമുഴുകി നിശബ്ദരായി ഇരിക്കുന്നതും ഞാൻ കണ്ടു. 

 

ഞാൻ ഏഴാം ക്‌ളാസ്സിൽ പഠിക്കുമ്പോഴാണ് റോജ എന്ന സിനിമ ഇറങ്ങുന്നത്. അരവിന്ദ് സ്വാമിയും മധുബാലയും അതിമനോഹരമായി അഭിനയിച്ച ചിത്രം. സുന്ദരികളായ പെൺകൊടികളുടെ മുഖത്ത് മധുബാലയെ തിരയുന്ന കാലം. അന്നുമുതൽ ചുണ്ടിൽ കയറിയതാണ് ‘കാതൽ റോജാവേ’ എന്ന പാട്ട്. വർഷങ്ങൾക്കിപ്പുറവും ആ പാട്ട് എന്റെ ചുണ്ടിലുണ്ട്. ഇന്നും ആദ്യം കേൾക്കുന്ന കൊതിയോടെ ആ പാട്ട് ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. 

 

1967ൽ ഹേമാംബരദരറാവുവിന്റെ ശ്രീ ശ്രീ മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ ബന്ധു കൂടിയായ സംഗീത ഇതിഹാസം എസ്പി കോദണ്ഡപാണിയുടെ സംഗീത സംവിധാനത്തിൽ മഹാരഥരായ സുശീലക്കും പിബി ശ്രീനിവാസിനും രഘുരാമയ്യക്കുമൊപ്പം പാടുമ്പോൾ എസ്പി ബാലസുബ്രമണ്യം വിചാരിച്ചിരിക്കില്ല വരാനിരിക്കുന്ന അഞ്ചു പതിറ്റാണ്ടുകൾ സംഗീതലോകത്തു ഏറ്റവും മൂല്യമുള്ള ശബ്ദമായി തന്റെ ശബ്ദവും മാറുമെന്ന്. 

 

അതേ വർഷം തന്നെ കന്നഡ സംഗീതത്തിലെ പ്രമുഖനായ രംഗറാവുവിന്റെ സംഗീത സംവിധാനത്തിൽ കന്നഡസിനിമയിലും എസ്പിബി തുടക്കം കുറിച്ചു.1969 ൽ പുറത്തുവന്ന ശാന്തിനിലയത്തിൽ അതികായനായ എംഎസ് വിശ്വനാഥന്റെ സംഗീതസംവിധാനത്തിൽ പി സുശീലയോടൊപ്പം മനോഹരമായ യുഗ്മഗാനം ആലപിച്ചുകൊണ്ട് എസ്പിബി തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. അതിനുമുൻപ് ഹോട്ടൽ രംഭ എന്ന സിനിമയിൽ എം.എസ്.വിയുടെ തന്നെ സംഗീതത്തിൽ പാടിയെങ്കിലും ആ സിനിമ വെളിച്ചം കണ്ടില്ല. 

 

അധികം വൈകാതെ എംജിആർ നായകനായ അടിമപ്പെൺ എന്ന ചിത്രത്തിൽ പി. സുശീലയോടൊപ്പം പാടിയ ആയിരം നിലവേ വാ എന്ന യുഗ്മഗാനവും പുറത്തുവന്നു. കെ.വി. മഹാദേവൻ ആയിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം. തൊട്ടടുത്ത ചിത്രത്തിലായിരുന്നു എസ്. ജാനകിയുമായുള്ള ആദ്യ ഗാനം എസ്പിബി പാടിയത്. കാസിലിംഗം സംവിധാനം ചെയ്ത കന്നിപ്പെൺ എന്ന ചിത്രത്തിലെ പൗർണ്ണമി നിലവിൽ എന്ന ഗാനം ഹിറ്റായതോടെ എസ്പിബി എന്ന ഗായകനും ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. 

 

1969ൽ കെ.എസ്‌. സേതുമാധവൻ സംവിധാനം ചെയ്ത കടൽപ്പാലം എന്ന ചിത്രത്തിൽ ദേവരാജൻമാഷിന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനം ആലപിച്ചുകൊണ്ട്

എസ്പിബി മലയാളസിനിമയിലും ഹരിശ്രീ കുറിച്ചു. 

 

കെ. വിശ്വനാഥ് സംവിധാനം ചെയ്ത  ശങ്കരാഭരണം എന്ന എക്കാലത്തെയും ഏറ്റവും മികച്ച തെലുങ്ക് സിനിമ 1980ൽ പുറത്തിറങ്ങിയതോടെയാണ് എസ്പി ബാലസുബ്രമണ്യം എന്ന ഗായകൻ സംഗീതലോകത്തിലെ സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചത്. കെ.വി. മഹാദേവൻ സംഗീതസംവിധാനം നിർവ്വഹിച്ച ആകെയുള്ള പത്തു ഗാനങ്ങളിൽ ഒമ്പത് ഗാനങ്ങളിലും എസ്പിബി തന്റെ ശബ്ദം കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ചു. 

 

ശങ്കരാഭരണത്തിലെ ‘ഓംകാര നാഥനു’ എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ആ ചിത്രത്തിലെ ‘ശങ്കരാ.. നാദശരീരാ പരാ’ എന്ന ഗാനം മുപ്പത് വർഷങ്ങൾക്കിപ്പുറവും ഇന്നും ആളുകൾ പാടിക്കൊണ്ടേയിരിക്കുന്നു. ആ പാട്ട് കേട്ടാൽ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് അത് പാടിയതെന്ന് വിശ്വസിക്കാൻ കഴിയില്ല. 

 

1981ൽ ഏക് ദുജേ കേലിയെ എന്ന ഹിന്ദി ചിത്രത്തിലെ തെരെ മേരെ ബീച്ച് മേം എന്ന ഗാനത്തിന് അദ്ദേഹത്തെ തേടി രണ്ടാമത്തെ ദേശീയ പുരസ്കാരവും എത്തി. സാജൻ, മേനേ പ്യാർ കിയാ, ഹം ആപ്കേ ഹേ കോൻ എന്നിങ്ങനെ പിന്നീട് വന്ന ഹിന്ദിചിത്രങ്ങളിലെല്ലാം അദ്ദേഹം പാടിയ ഗാനങ്ങൾ ബോളിവുഡിന്റെയും ഹൃദയം കീഴടക്കി. 

 

1976 ൽ പുറത്തു വന്ന പാലൂട്ടി വളർത്ത കിളി എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഇളയരാജയുമായി ചേരുന്നത്. ഇന്ത്യൻ സംഗീതലോകം പിന്നീട് വിസ്മയത്തോടെ കണ്ട കൂട്ടുകെട്ടിന് അവിടെ തുടക്കമായി. ഇളയരാജ സംഗീതം ചെയ്ത തെലുങ്ക് സിനിമകളായ സാഗരസംഗമത്തിലും രുദ്രവീണയിലും രണ്ടുപേർക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. ഇരുവർക്കുമൊപ്പം എസ്. ജാനകിയെന്ന വാനമ്പാടി കൂടി ചേർന്നതോടെ ആ കൂട്ടുകെട്ടിൽ ഒട്ടനവധി അമൂല്യഗാനങ്ങൾ പിറന്നു. 

 

അവിടുന്നങ്ങോട്ട് എണ്ണിയാൽ തീരാത്ത എത്രയോ മനോഹരഗാനങ്ങൾ. കൂടുതലും ഇളയരാജക്കൊപ്പം തന്നെ.. താൻ ഇളയരാജക്ക് വേണ്ടിയും ഇളയരാജ തനിക്ക് തനിക്ക് വേണ്ടിയുമാണ് ജനിച്ചതെന്ന് എസ്പിബി എപ്പോഴും പറയാറുണ്ട്.. അത് അന്വർത്ഥമാക്കുന്ന പോലെ ഇളയരാജസംഗീതത്തിൽ എസ്പിബിയുടെ ആലാപന സൗകുമാര്യത്തിൽ പിറന്നു വീണത് തമിഴ് സംഗീതചരിത്രത്തിലെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു. 

 

ആർക്കും അനുകരിക്കാനാവാത്ത വേറിട്ട എന്നാൽ സുന്ദരമായ തന്റെ ശബ്ദത്തിലൂടെ എസ്പിബി പാടിക്കൊണ്ടേയിരുന്നു. എംജിആറും ശിവാജിയും ചിരഞ്ജീവിയും രജനിയും കമലുമെല്ലാം അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ചുണ്ടനക്കുമ്പോൾ അതവർ പാടിയത് തന്നെയാണെന്ന് പ്രേക്ഷകന് തോന്നി. അത്രമേൽ അദ്ദേഹത്തിന്റെ ശബ്ദം അഭിനേതാക്കളുമായി താദാത്മ്യം പ്രാപിച്ചു. 

 

തൊണ്ണൂറുകളിൽ വിദ്യാസാഗറിനും കീരവാണിക്കും ദേവക്കും എആർ റഹ്മാനുമൊപ്പമെല്ലാം ചേർന്ന് എസ്പിബിയുടെ ശബ്ദം വിസ്മയം സൃഷ്ടിച്ചു. റഹ്മാനുമായി ആദ്യമായി ഒത്തുചേർന്ന റോജ എന്ന സിനിമയും അതിലെ ഗാനങ്ങളും തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. റഹ്മാന്റെ അതുല്യ സംഗീതത്തിന് തന്റെ ശബ്ദം കൊണ്ട് ആത്മാവ് കൊടുത്തു എസ്പിബി പാടിയ ‘കാതൽ റോജാവേ’എന്ന ഗാനം ഇന്നും മൂളാത്തവർ ഉണ്ടാവില്ല. 

 

ഗായകൻ എന്നതിലുപരി നല്ലൊരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം.

കേളടി കണ്മണി, തലൈവാസൽ, സിഗരം, പാട്ടുപാടവാ തുടങ്ങിയ ചിത്രങ്ങളിൽ നായകനായും ഗുണ, കാതൽദേശം, ഉല്ലാസം മിൻസാരക്കനവ്‌, ഇന്ദ്ര, പ്രേമ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ സഹനടനായും എസ്പിബിയുടെ അഭിനയം ഗംഭീരമായിരുന്നു. തമിഴ് സിനിമയിലെ മുടിചൂടാമന്നരായ രജനിക്കും കമലിനുമെല്ലാം ചില സിനിമകളിൽ തന്റെ ശബ്ദം കൊടുത്തുകൊണ്ട് ഡബ്ബിങ്ങിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 

 

ആറ് ദേശീയപുരസ്കാരങ്ങളും സംസ്ഥാനപുരസ്കാരങ്ങളും ഫിലിംഫെയർ അവാർഡുകളും പത്മശ്രീയും പത്മഭൂഷണും ഏറ്റവും അധികം ഗാനങ്ങൾ പാടിയെന്ന ഗിന്നസ് അംഗീകാരവും മറ്റനേകം പുരസ്കാരങ്ങളുടെയുമെല്ലാം നിറവിൽ നിൽക്കുമ്പോഴും പെരുമാറ്റത്തിലെ ലാളിത്യവും വിനയവും അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. 

 

കൈരളിയുടെ ദേവരാഗസന്ധ്യ എന്ന ദേവരാജൻമാഷിന്റെ അനുസ്മരണ

സംഗീതപരിപാടിക്കിടയിൽ യേശുദാസിന്റെ കൈയ്യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ കാൽക്കൽ സാഷ്ടാംഗപ്രണാമം ചെയ്യുന്ന എസ്പിബിയുടെ ചിത്രം ഗുരുത്വത്തിന്റെയും എളിമയുടെയും മഹത്വം എന്താണെന്ന് കാട്ടിത്തരുന്നു. 

 

അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യൻ സംഗീതത്തിന്റെ ഒരു യുഗമാണ് അവസാനിച്ചിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ഇനിയൊരു എസ്പിബി ഉണ്ടാവില്ല. തന്റെ അനുപമമായ ആലാപനം കൊണ്ട് അദ്ദേഹത്തെപോലെ ഇനിയാർക്കും ജനഹൃദയങ്ങളെ അത്രമേൽ സ്വാധീനിക്കാൻ കഴിയില്ല. നല്ല പാട്ടുകളുടെ സുവർണ്ണകാലമായിരുന്ന എൺപതുകളിലും തൊണ്ണൂറുകളിലും ഒരു സാധാരണ ആസ്വാദകൻ തന്റെ ഭാഷയിൽ നിന്ന് പുറത്തു വന്ന് അന്യഭാഷാ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം എസ്പി ബാലസുബ്രമണ്യമെന്ന അതുല്യ പ്രതിഭയാണെന്ന് നിസ്സംശയം പറയാം. 

 

ഓർമ്മപ്പൂക്കൾ..

 

പ്രിയഗാനങ്ങൾ

***************

ശങ്കരാ നാദശരീരാ പരാ..

മാങ്കുയിലേ പൂങ്കുയിലേ

അരച്ച സന്ദനം

സുന്ദരീ കണ്ണാൽ ഒരു സേതി

കാതൽ റോജാവേ

പച്ചമലർപൂവ്

വലയോസൈ

തെൻമധുരൈ വൈഗൈനദി

എന്ന സത്തം ഇന്ത നേരം

മണ്ണിൽ ഇന്ത കാതലൻട്രി

മലരേ മൗനമാ

ദിൽ ദീവാനാ

താരാപഥം ചേതോഹരം

പാൽ നിലാവിലെ

 

Content Summary: Remembering S.P. Balasubrahmanyam on his first death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com