ADVERTISEMENT

പതിവുപോലെ അന്നും അമനെ വിളിക്കാൻ പോയതായിരുന്നു സ്കൂളിലേക്ക്. ഉച്ചകഴിഞ്ഞാണ് സാധാരണ വീട്ടിൽ നിന്നും ഇറങ്ങാറ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നല്ല വെയിൽ ഉണ്ടായിരുന്നു. 2:00 കഴിഞ്ഞതിനു ശേഷം ആയിരുന്നു ഇറങ്ങിയത്.

 

അമൻ പഠിക്കുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ആശാകിരൺ സ്കൂളിലാണ്. എന്റെ വീട്ടിൽ നിന്ന് അവിടേക്ക് പോവുകയാണെങ്കിൽ രണ്ടു ബസ് മാറി കയറണം. ആദ്യം മാനാഞ്ചിറ പോയിട്ട് അവിടെ നിന്ന് മെഡിക്കൽ കോളജിലേക്കുള്ള ബസ് വേറെ തന്നെ മാറി കയറണം. അന്ന് പെട്ടെന്ന് തന്നെ ബസ് കിട്ടി. ബസ്സിൽ സീറ്റും കിട്ടി. വലിയ തിരക്കൊന്നും ഇല്ലായിരുന്നു.

 

ബസ് മുന്നോട്ട് പോയി തുടങ്ങി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ അടുത്തെത്തിയപ്പോൾ ആകാശം ഇരുണ്ട് വന്നു.

 

മഴക്കാലമല്ലേ മഴ തുടങ്ങാനായെന്ന് മനസ്സിലായി. ഇരുട്ട് കൂടിക്കൂടി വന്നു. ആദ്യം ചെറിയൊരു മഴ തുടങ്ങി. പിന്നെ ശക്തിയായ കാറ്റോടു കൂടി മഴയും കാറ്റും ബസിന്റെ മുകളിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി. യാത്രക്കാരും ആദ്യമൊന്നു പകച്ചു. പിന്നീട് എല്ലാവരും സൈഡിലുള്ള ജനലിന്റെ വിരി താഴ്ത്തിയിട്ടു. അങ്ങനെ മെഡിക്കൽ കോളേജ് എത്തും വരെ ശക്തമായ മഴ തന്നെയായിരുന്നു. പോരാത്തതിന് ബസിന് വേഗത കുറച്ചു കൂടുതലും. അങ്ങനെ സ്റ്റോപ്പ് എത്തി അവിടെ ഇറങ്ങി. ബസ് സ്റ്റോപ്പിൽ ഇറങ്ങിയിട്ട് ക്രോസ് ചെയ്തിട്ട് വേണം സ്കൂളിൻറെ ഭാഗത്തേക്കുള്ള കയറ്റം കയറാൻ. സ്കൂളിലേക്ക് നടന്നു നീങ്ങുമ്പോഴും മഴ ശക്തിയായി തന്നെ പെയ്യുന്നുണ്ടായിരുന്നു. കൂടെ കുട ഉണ്ടായിരുന്നെങ്കിലും പകുതിയിലധികം ഞാൻ നനഞ്ഞു കുളിച്ചു. സാധാരണ അമനെ വിളിക്കാൻ പോകുമ്പോൾ ഐദിനും കൂടെ വരാറുള്ള പതിവുണ്ട്. അന്ന് എന്തോ ഭാഗ്യത്തിന് അവൻ ഉറങ്ങി പോയിരുന്നു. അത് കൊണ്ട് അവനെ വീട്ടിൽ ഉമ്മയുടെ അടുത്താക്കിയിട്ടാണ് ഞാൻ അമനെ വിളിക്കാൻ പോയത്. അങ്ങനെ സ്കൂളിലെത്തിയപ്പോഴും അവൻ അവിടെ കാത്തു നിൽക്കുന്നുണ്ട്. മാത്രമല്ല അവനെ പോലെ മറ്റു കുട്ടികളും പോകാനുള്ള വണ്ടിയും രക്ഷിതാക്കളെയും മറ്റും കാത്തുനിൽക്കുകയാണ് അവിടെ. കുറച്ചുനേരം മഴയൊന്ന് ശമിക്കാൻ വേണ്ടി കാത്തുനിന്നു. കുറച്ചൊന്നു കുറഞ്ഞു എന്ന് കരുതി അമനെയും കൂട്ടി ഞാൻ ടീച്ചറോട് യാത്രയും പറഞ്ഞു നടന്നു നീങ്ങി. നടന്നു വരുന്ന വഴിയിൽ മഴവെള്ളം കുത്തിയൊലിച്ചു പോകുന്നുണ്ടായിരുന്നു അതിനിടയിൽ അമന്റെ കണ്ണട ഒന്ന് വീണു. പിന്നാലെ വന്നിരുന്ന ദേവഗിരി കോളേജിലെ വിദ്യാർഥികളാണ് അത് എടുത്തു തന്നത്. അവരോട് നന്ദി പറഞ്ഞു വീണ്ടും ബസ് സ്റ്റോപ്പിലേക്ക് ഞാൻ വേഗത്തിൽ നടന്നു നീങ്ങി. അമനും നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം നല്ല ശക്തിയായ മഴ. അവനും നനയുന്നുണ്ട്. മഴ ഇല്ലാത്ത ചില ദിവസങ്ങളിൽ ഞാൻ അവനെ എടുത്ത് നടക്കാറുണ്ടായിരുന്നു. മഴ കൂടിയതുകൊണ്ട് കുടയും പിടിക്കാനുള്ളത് കൊണ്ട് അവനെ എടുക്കാനും പറ്റിയില്ല. അതിന്റെ ഒരു അസ്വസ്ഥത അവനുണ്ടായിരുന്നു.

 

ബസ് സ്റ്റോപ്പിൽ എത്തി ബസ്സിൽ കയറി. അപ്പോഴും മഴ തോർന്നിട്ടില്ലായിരുന്നു. ബസ്സ് കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ പോകുന്ന വഴിയിൽ മുഴുവനായിട്ടും വെള്ളം കയറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ കയറിയ ബസ്, റൂട്ട് ഒന്ന് മാറ്റി പിടിച്ചു സ്ഥിരം പോകുന്ന വഴിയിലൂടെ ആയിരുന്നില്ല ഞങ്ങൾ മാനാഞ്ചിറയിൽ എത്തിയിരുന്നത്. സാധാരണ ഇറങ്ങുന്ന സ്ഥലത്തല്ല ഞങ്ങളെ ഇറക്കിവിട്ടത്. കൃത്യമായി പറയുകയാണെങ്കിൽ മാനാഞ്ചിറ പോലീസ് സ്റ്റേഷന്റെ മുന്നിലാണ് ഞങ്ങളെ ഇറക്കിവിട്ടത്. അപ്പോഴും മഴയുടെ ശക്തി കൂടി ഇരുട്ടായി വരുന്നുണ്ടായിരുന്നു. അവിടെ മുഴുവൻ. അമനും കുറച്ചു പേടി ഉണ്ടെന്ന് മനസ്സിലായി. അവൻ അസ്വസ്ഥനായി തുടങ്ങി. ഞാനും ഒന്നു പകച്ചു കാരണം, ഭർത്താവിനെ വിളിക്കാൻ ആണെങ്കിൽ ഫോൺ എന്റെ ബാഗിലാണ്. എന്റെ ബാഗ് അമന്റെ സ്കൂൾ ബാഗിനുള്ളിലായിരുന്നു.

 

എനിക്ക് നടക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണ് അങ്ങനെ വെച്ചത്. ആ മഴയുടെ ഇടയിൽ അവന്റെ അസ്വസ്ഥതയും കുടയും കൂടി പിടിച്ചു എങ്ങനെ ഫോൺ എടുക്കും എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. അമൻ ആണെങ്കിൽ ഒരു തരത്തിലും സഹകരിക്കുന്നില്ലായിരുന്നു. അവന് പേടി കാരണം സ്വഭാവ വ്യതിയാനങ്ങളും കണ്ടുതുടങ്ങി. ഞാൻ പകച്ചു നിൽക്കുന്നതിനിടയിലാണ് ഒരു പ്രായമുള്ള മനുഷ്യൻ കുടയും തൂക്കി - മുഖം പോലും വ്യക്തമായിരുന്നില്ല - എന്നോട് ചോദിച്ചത് നിങ്ങൾക്ക് എന്തെങ്കിലും സഹായം വേണോ എന്ന്. ഒരുപക്ഷേ അമന്റെ അസ്വസ്ഥതകൾ കണ്ടതു കൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ ചോദിച്ചത്. ഞാൻ പെട്ടെന്ന് തന്നെ ചോദിച്ചു ഒന്ന് എന്റെ ഭർത്താവിനെ ഫോണിൽ വിളിച്ചു തരുമോ? നമ്പർ പറഞ്ഞു തരാം എന്ന്. അദ്ദേഹം എനിക്ക് ഭർത്താവിനെ വിളിച്ചു തന്നു.

 

ഭർത്താവിനെ ലൈനിൽ കിട്ടിയ ഉടനെ ഞാൻ കാര്യം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു മാനഞ്ചിറ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് ഞങ്ങളുള്ളത്. അമൻ അസ്വസ്ഥനായിട്ടുണ്ട്. ഞങ്ങളെ വീട്ടിൽ ആക്കി തരണം എന്ന്. ഭർത്താവ് ഓഫീസിൽ പറഞ്ഞിട്ടു വിളിക്കാൻ വരാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ആ പ്രായമായ മനുഷ്യൻ പിന്നെയും ചോദിച്ചു ഞാൻ ഇവിടെ കാത്തു നിൽക്കണോ എന്ന്. ഞാൻ പറഞ്ഞു വേണ്ട ഭർത്താവ് വിളിക്കാൻ വരുമെന്ന് പറഞ്ഞ് തിരിച്ചയച്ചു.

 

കുറച്ചുസമയം കഴിഞ്ഞപ്പോൾ അവൻ പിന്നെയും അസ്വസ്ഥനാകാൻ തുടങ്ങി. റോഡിൽ മുഴുവനും മഴ വെള്ളം ആയതിനാൽ ഞാൻ മെല്ലെ അവനെ കൊണ്ട് ഫുട്പാത്തിൽ കയറാൻ ശ്രമം നടത്തി. പക്ഷേ അവൻ നിൽക്കുന്നിടത്ത് നിന്ന് അനങ്ങുന്നില്ലായിരുന്നു.

 

ഒരു പേടി എന്റെ ഉള്ളിൽ രൂപപ്പെട്ടുവരുന്നത് എനിക്ക് മനസ്സിലായിത്തുടങ്ങി. കാരണം അവൻ പെട്ടെന്ന് റോഡിലേക്കിറങ്ങി ഓടുകയോ ചാടുകയോ ചെയ്താൽ എന്ത് ചെയ്യും. വാഹനങ്ങൾ പോകുന്നതാണ് അങ്ങനെ പലതും മനസ്സിലേക്ക് ഇരച്ചു കയറി. അങ്ങനെ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമോ പിന്നെയും ആ മനുഷ്യൻ. അദ്ദേഹം പറഞ്ഞു നിങ്ങൾ സ്റ്റേഷനിലേക്ക് കയറിക്കോളൂ. ഭർത്താവിനോട് ഫോണിൽ വിളിച്ച് ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞു. അങ്ങനെ കുറച്ചു പേടിയോടെ ആണെങ്കിലും പൊലീസ് സ്റ്റേഷനിൽ പാറാവുകാരൻ നിൽക്കുന്ന ബിൽഡിംഗിന് നേരെ അമനെയും വലിച്ച് നടന്ന് നീങ്ങി. അവിടെ പുറത്തു നിൽക്കുന്ന പോലീസുകാരനോട് ഞാൻ കാര്യം പറഞ്ഞു മഴയായതുകൊണ്ട് ഭിന്നശേഷിക്കാരനായ മകൻ വല്ലാതെ പേടിച്ചിട്ടുണ്ട്. ഭർത്താവ് വിളിക്കാൻ വരും അതുവരെ ഞങ്ങളിവിടെ നിന്നോട്ടെ എന്ന്. അദ്ദേഹം ഞങ്ങൾക്ക് കസേരയും എടുത്തു തന്നു ഇരിക്കാൻ.

 

ഞാൻ ഫോൺ എടുത്തു ഭർത്താവിനെ വിളിച്ചു പറഞ്ഞു ഞങ്ങളുടെ സ്റ്റേഷന്റെ പുറത്തുള്ള ബിൽഡിംഗ് സൈഡിൽ ഉണ്ട് അവിടെ വന്നാൽ മതി എന്ന്. വരുന്ന വഴിയിൽ മഴയൊക്കെ ഉള്ളതുകൊണ്ട് റോഡ് മുഴുവൻ വെള്ളത്തിലാണ്. അത് കൊണ്ട് കുറച്ച് സമയം എടുക്കുമെന്ന് അറിയിച്ചു.

 

അങ്ങനെ സമാധാനിച്ച് നിൽക്കുമ്പോൾ അതാ വരുന്നു അടുത്ത പണി. അമനൊരു ശങ്ക, മൂത്രശങ്ക. പുറത്ത് നിന്നിരുന്ന പോലീസുകാരോട് ഞാൻ ചോദിച്ചു ഇവിടെ സൈഡിലൊന്ന് ഒഴിപ്പിച്ചോട്ടെ എന്ന്. ചെറിയ കുട്ടിയല്ലേ സാരമില്ല എന്ന് അവർ പറഞ്ഞു. അപ്പൊഴതാ അവൻ ഓപ്പൺ സ്പേസിൽ മൂത്രമൊഴിക്കാൻ തയാറായില്ല. അവൻ ബാത്റൂമിൽ പോയല്ലേ ശീലം. അവന് ടോയ്‌ലറ്റിൽ പോണം എന്ന് പറഞ്ഞു. അദ്ദഹത്തോട് ഞാൻ കാര്യം പറഞ്ഞു. എനിക്ക് ടോയ്​ലറ്റ് കാണിച്ചു തന്നിട്ട്, ഞങ്ങൾ ആണുങ്ങൾ മാത്രം പോകുന്നതാണ് വൃത്തി കുറച്ച് കുറവുണ്ടാകും ചിലപ്പോൾ എന്ന് സൂചിപ്പിച്ചു. കുറച്ച് മടിയോടെ ആണെങ്കിലും ഞാൻ അകത്തേക്ക് കയറി. അകത്തേക്ക് കയറിയപ്പോൾ അവിടെ ഒരുപാട് പേര് വസ്ത്രം മാറ്റാൻ ഉള്ള തയാറെടുപ്പിലായിരുന്നു. ഞാൻ അവനെയും കൊണ്ട് ബാത്റൂമിൽ പോയി മൂത്രമൊഴിക്കാൻ എത്തി. അപ്പോൾ അവന് ഒന്നു മാത്രമല്ല രണ്ട് കാര്യവും സാധിക്കാൻ ഉണ്ടായിരുന്നു.

 

അങ്ങനെ എല്ലാം പെട്ടെന്ന് തീർത്ത് ഞങ്ങൾ ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങി. പുറത്തേക്ക് വന്ന് വീണ്ടും ബാഗ് എടുത്തു. ഫോണിൽ ഭർത്താവിനെ വിളിച്ചു. അദ്ദേഹം 5 മിനിറ്റ് കൊണ്ട് എത്തും എന്ന് പറഞ്ഞു. അപ്പോഴേക്കും ആ പൊലീസുകാർ അവിടെ രണ്ട് ഗ്ലാസ് ചായയും വച്ചിരുന്നു. ചായ കുടിച്ചോളൂ എന്ന് അവര് പറഞ്ഞപ്പോൾ അടുത്ത നിമിഷം അമന്റെ കമന്റ്. “എനിക്ക് ചായ വേണ്ട കോഫി മതി കോഫി”. അവർ വെച്ച് നീട്ടിയ ബിസ്ക്കറ്റ് അവൻ പോക്കറ്റിലിട്ടു. അവരോട് അവൻ താങ്ക്സ് പറഞ്ഞു. അപ്പോഴേക്കും ഭർത്താവ് എത്തിയിരുന്നു. ഒരിക്കൽ കൂടി അവരോട് നന്ദി അറിയിച്ചിട്ട് ഞാൻ വേഗം അവനെയും കൂട്ടി കാറിൽ വന്ന് കയറി. തിരിച്ചു വീട്ടിലേക്ക് കാറിൽ പോകുമ്പോഴും മഴ തകൃതിയായി പെയ്യുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ ന്യൂസിലും മറ്റും കവളപ്പാറയിലെ ദുരന്തവും മറ്റും വായച്ചപ്പോൾ വല്ലാതെ വിഷമം തോന്നി. അതേ ദിവസം പല സ്ഥലങ്ങളിലും പ്രകൃതി വല്ലാതെ ക്ഷുഭിത ആയിരുന്നു എന്ന് മനസ്സിലായി. ഈയൊരു അനുഭവം പിന്നീട് ആലോചിക്കുമ്പോൾ എനിക്ക് എന്നെ കൂടുതൽ കരുത്തുറ്റതാക്കിയത് പോലെ തോന്നിപ്പിച്ചു. ആ ദിവസത്തിനു ശേഷം പിന്നീടുള്ള ദിവസങ്ങളും മറ്റും പ്രളയത്തിന്റെ ദുരിതവും അതുമായി ബന്ധപ്പെട്ട വാർത്തകളും ആയിരുന്നു. മൺസൂൺ കാലത്തെ ഓർമകൾ പങ്കുവെക്കാം എന്ന ആശയം മനസ്സിൽ വന്നപ്പോൾ ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ ഒരു അനുഭവം,അത് വ്യത്യസ്തമായിരുന്നു.

 

പേടിയോടെയാണ് ഞാനാ പാറാവ്കാരന്റെ അടുക്കലേക്ക് കയറിച്ചെന്ന് സഹായം ചോദിച്ചത്. സാധാരണ അമനെയും കൊണ്ട് എവിടെ പോകുവാണെങ്കിലും അവന്റെ നെഗറ്റീവ്സ് അവന്റെ മുന്നിൽ നിന്ന് തന്നെ പറഞ്ഞുകൊടുക്കേണ്ട അവസ്ഥയാണുണ്ടാവാറ്. പക്ഷേ ആ പൊലീസുകാർ എന്നോട് ചോദിച്ചത് മറിച്ചായിരുന്നു. “ഈ മക്കളൊക്കെ നന്നായി കലാപരമായി മുന്നിൽ നിൽക്കുന്നവരല്ലേ? ടി വി യിലൊക്കെ ഇവരെപ്പോലുള്ളവരുടെ പരിപാടികൾ കാണാറുണ്ട്” എന്നൊക്കെ. ആദ്യമായി ഒരുപാട് സന്തോഷം തോന്നി. നമ്മളെ ഒരു പരിചയവും ഇല്ലാഞ്ഞിട്ട് കൂടി നല്ല വാക്കുകൾ ഉപയോഗിച്ച് പെരുമാറിയതിന്.

 

പേരറിയാത്ത ആ പ്രായം ചെന്ന അച്ഛനും ആ പൊലീസുകാർക്കും നന്ദി.

 

Content Summary: Memoir written by Murshida Parveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com