ADVERTISEMENT

മുറപ്പെണ്ണ് (കഥ)

 

‘‘അപ്പു മാമേ, അപ്പു മാമേ’’ അതോ ‘അപ്പുവേട്ടാ, അപ്പുവേട്ട’ എന്നാണോ വിളിക്കുന്നത്. അനൂപ് കണ്ണു മിഴിച്ചു നോക്കാൻ ശ്രമിച്ചു.

 

‘അപ്പുവേട്ടാ അപ്പൂവേട്ടാ ഇങ്ങോട്ടൊന്ന് നോക്കിയേ അപ്പുവേട്ടാ’ മുന്നിലെ രണ്ടു പല്ലുകൾ പറിഞ്ഞുപോയ മോണ കാട്ടി നന്ദു വിളിച്ചു

‘എന്താ കുട്ടി’ ബാലരമ വായിച്ചു കൊണ്ടിരുന്ന ഏഴാം ക്ലാസുകാരൻ ഗൗരവത്തോടെ മുഖം ഉയർത്തി നോക്കി.

‘എല്ലാവരും പാടത്തു കളിക്കാൻ പോകുന്നു അപ്പുവേട്ടനും വാ’

‘നീ അവരുടെ കൂടെ പൊയ്ക്കോ ഞാൻ ഇല്ല’

‘അല്ലെങ്കിലും അപ്പുവേട്ടനു വല്യേ വീര്യം ആണ്’ എന്നും പറഞ്ഞു മുഖം കൊണ്ട് ഒരു ഘോഷ്‌ടിയും കാണിച്ച് അവൾ പോയി.

സ്കൂൾ അവധിക്ക് അമ്മയുടെ തറവാട്ടിൽ എത്തിയതാണ് നന്ദിതയും ചേച്ചി വന്ദനയും. അവളുടെ ചേച്ചി വന്ദനക്കു അനൂപിന്റെ പ്രായം ആണ്. അവർ ഡൽഹിയിൽ ആണ് താമസം അതു കൊണ്ടു തന്നേ രണ്ടോ മുന്നോ വർഷം കൂടുമ്പോഴേ നാട്ടിൽ വരാറുള്ളൂ. ആ സമയം കൂടി എല്ലാവരും തറവാട്ടിൽ ഒത്തുകൂടുന്നത് പതിവാണ്.

 

‘ഓ അപ്പൂട്ടൻ ഇവിടെ ഇരിക്കുക ആണോ അമ്മായി എവിടെ ഒക്കെ തിരഞ്ഞു.’ സുനിത അമ്മായി ആണ് അച്ഛന്റെ ഇളയ പെങ്ങൾ നന്ദുവിന്റെ അമ്മ.

അവർക്ക് അനൂപിനോട് വലിയ സ്നേഹം ആണ്. ആൺകുട്ടികൾ ഇല്ലാത്ത വിഷമം അപ്പുവിനെ കാണുമ്പോൾ തീരും എന്നു ഇടക്കിടക്ക് പറയാറുണ്ട്.

‘അവൻ അതിനു പുസ്തക പുഴു അല്ലെ. എപ്പോഴും കഥപുസ്തകവും വായിച്ചു ഇരിക്കുന്നത് കാണാം. എന്നാ പഠിക്കുന്ന ഒരു പുസ്തവും കൈകൊണ്ടു തൊടുന്നത് കാണാറില്ല.’ അമ്മയുടെ വകയാണ്.

 

‘അവൻ എവിടെയെങ്കിലും ഒരു ഭാഗത്ത് ഇരിക്കുമല്ലോ.അവിടെ ഉണ്ട് രണ്ടെണ്ണം രാവിലെ ആയാൽ ഒരു മടക്കനയും വെട്ടി പാടത്തോട്ടിറങ്ങും പിന്നെ വെയിലും കൊണ്ടു കളി തന്നെ കളി.’ വലിയമ്മ ആണ്. അച്ഛന്റെ ഏട്ടന്റെ ഭാര്യ. അവർക്ക് രണ്ടു ആൺകുട്ടികൾ. രണ്ടു പേരും അപ്പുവിനെക്കാൾ മൂത്തതാണ്. ഇവർ എല്ലാവരും ഒന്നിച്ചു ചേർന്നാൽ തറവാട് കീഴ്മേൽ മറിയും എന്ന് അച്ഛമ്മ എപ്പോഴും പറയും ചിരിച്ചു കൊണ്ട്. അപ്പുവിന്റെ അനിയത്തി അനിത മാത്രം അച്ഛമ്മയുടെ കൂടെ എപ്പോഴും ഉണ്ടാവും. അവൾ ‘അച്ഛമ്മയുടെ കുട്ടി ആണ് ഞാൻ’ എന്നാ എപ്പോഴും പറയാറ്.

 

‘അപ്പു മോൻ അവളുടെ കൂടെ ചെല്ലു. തോട്ടിൻകരയിൽ പോകുമ്പോൾ സൂക്ഷിക്കണേ നന്ദുവിനു നീന്താൻ അറിയില്ല ട്ടോ.’

ഈ അമ്മായിയുടെ ഒരു കാര്യം എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് അപ്പു അവളുടെ കയ്യിൽ പിടിച്ചു വഴിയിലേക്ക് ഇറങ്ങി.

തോട്ടിന്റെ അരികിൽ നിന്ന തൂവയുടെ ഇല കണ്ടു ‘ഇതെന്ത് ചെടിയാണ്’ എന്നു ചോദിച്ച വന്ദനയോട് അതു കയ്യിൽ ഒക്കെ ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്നത് ആണെന്ന് കണ്ണേട്ടൻ പറഞ്ഞു. ഒരു ഇല പറിച്ചു ഇതിങ്ങനെ വെള്ളത്തിൽ നനച്ചു കൈത്തണ്ടയിൽ വെച്ചാൽ മതി എന്നു പറഞ്ഞ് അവളുടെ കയ്യിൽ കൊടുത്തപ്പോൾ അയ്യോ വേണ്ട എന്നു പറയാൻ തുടങ്ങിയ അപ്പുവിനെ കുട്ടേട്ടൻ തടഞ്ഞു. കൂട്ടത്തിൽ മൂത്തത് കുട്ടേട്ടൻ ആണ്.

‘മദാമ്മക്ക് അല്പം ചൊറിയട്ടെ’ എന്നു മന്ത്രിച്ചു.

ഇഗ്ലിഷും ഹിന്ദിയും നന്നായി സംസാരിക്കുന്ന വന്ദനയെ മദാമ്മ എന്നാണ് അവർ വിളിക്കാറ്.

തൂവ കയ്യിൽ അമർത്തി വെച്ചു വലിച്ച വന്ദനയുടെ കൈതണ്ട മുഴുവൻ ചൊറിഞ്ഞു വീർത്തു. അവൾ കരഞ്ഞു കൊണ്ട് വല്യമ്മയുടെ അടുത്തു പരാതിപറയാൻ ഓടി. ഏതായാലും കുട്ടേട്ടനും കണ്ണേട്ടനും അന്ന് വല്യമ്മയുടെ കയ്യിൽ നിന്നും ചുട്ട അടികിട്ടി.

വെക്കേഷൻ തീരുന്ന സമയം ആയപ്പോൾ എല്ലാവരും പോകുന്നത് അവന് വലിയ വിഷമം ആണ്. കണ്ണേട്ടനും കുട്ടേട്ടനും അടുത്ത് ആണെങ്കിലും സ്കൂൾ തുറന്നാൽ പിന്നെ ഓണത്തിനോ ക്രിസ്മസ് ഒഴിവിനോ മാത്രമേ വരാറുള്ളൂ. നന്ദുവും വന്ദനയും പിന്നെ മൂന്നോ നാലോ വർഷം കൂടുമ്പോഴേ വരാറുള്ളൂ. നന്ദു പോകുന്നത് അവനു വലിയ സങ്കടം ആണ്. നന്ദു അപ്പുവിനുള്ള പെണ്ണാണ് എന്നു ചെറുപ്പത്തിലെ അച്ഛച്ഛൻ പറഞ്ഞു വെച്ചിട്ടുണ്ടത്രേ. ഏതായാലും ആ ഒരു കരുതൽ അവന് അവളോടുണ്ട്.

അത്തവണ പോയിട്ട് പിന്നീട് അവർ നാലു വർഷം കഴിഞ്ഞിട്ടെ നാട്ടിൽ വന്നുള്ളൂ. അപ്പോഴേക്കും അവന്റെയും വന്ദനയുടെയും പത്താംക്ലാസ് പരീക്ഷ കഴിഞ്ഞിരുന്നു.

 

കണ്ണേട്ടനും കുട്ടേട്ടനും കോളജിൽ ആയതു കൊണ്ട് സ്കൂൾ വെക്കേഷൻ സമയത്ത് വന്നിരുന്നില്ല. നന്ദു ആറിലേക്കും അനിത അഞ്ചിലേക്കും പോകാൻ തയാറെടുത്തു നിൽക്കുന്നു. ഇത്തവണ അവർ വന്ന സമയത്തു ഒരു ദിവസം അമ്പല പറമ്പിൽ അപ്പു കൂട്ടുകാരോട്  സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വാര്യത്തെ ബാബു ആണ് കൂട്ടുകാരുടെ ഇടയിൽ പറഞ്ഞതു അപ്പുവിന്റെ കല്യാണം നന്ദുവും ആയി ഉറപ്പിച്ചത് ആണെന്ന്. ആ കൊച്ചു കുട്ടിയും ആയിട്ടോ എന്നു പറഞ്ഞു കൂട്ടുകാർ എല്ലാം അവനെ കളിയാക്കാൻ തുടങ്ങിയതോടെ ഇത്തവണ അവൻ അവളോട് അല്പം അകലം പാലിച്ചു നടക്കാൻ തുടങ്ങി.

 

പിന്നീട് അവൻ ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്തു അച്ഛനും വലിയച്ചനും പെട്ടന്ന് പോയി അവരെ കൂട്ടി കൊണ്ടു വരികയാണ് ഉണ്ടായത്. അമ്മായിയും വന്ദനയും നന്ദുവും സങ്കടത്തോടെ ആണ് വന്നത്. അപ്പോഴേക്കും അമ്മായി ഡിവോഴ്സ് ആയിരുന്നു. മക്കൾ അമ്മയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. അവർ എന്തിനാണ് പിരിഞ്ഞത് എന്നു അപ്പുവിന് ഒരു പിടിയും കിട്ടിയില്ല. വളരെ സ്നേഹമുള്ള ഒരാളായിട്ടെ അവനു ദിവാകരൻ മാമനെ തോന്നിയിരുന്നുള്ളൂ.

 

നന്ദു കഴിഞ്ഞ തവണ കണ്ടപോലത്തെ ഒരു കൊച്ചു പെണ്ണല്ല ഇപ്പൊ. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും അവൾ ഒരു സുന്ദരി പെണ്ണായി മാറിയിരിക്കുന്നു. വന്ദനക്കും അവൾക്കും ഇപ്പൊ ഒരേ ഉയരം ആയിരിക്കുന്നു. നന്ദുവും വന്ദനയും ദുഖിച്ച് ഇരിക്കുക തന്നെ ആയിരുന്നു മിക്കപ്പോഴും. അവരുടെ വിഷമം മാറ്റാൻ അവനും അനിതയും പ്രത്യകം ശ്രദ്ധിച്ചിരുന്നു. റിസൾട്ട് വരുന്നത് വരെ സിനിമയും ചെറിയ ചെറിയ കറക്കങ്ങളും ഒക്കെ ആയി അങ്ങനെ പോയി.

 

റിസൾട്ട് വന്നപ്പോൾ അപ്പു ബി എസ് സി യും വന്ദന ബി കോമും നല്ല മാർക്കോടെ ജയിച്ചു. ഡിസ്റ്റിങ്‌ഷനോടെ പത്തു പാസായ നന്ദുവിനെ അടുത്തുള്ള കോളജിൽ സെക്കന്റ് ഗ്രൂപ്പിന് ചേർത്തു.

 

വന്ദന എംകോമിനും അപ്പു എൻട്രൻസ് എഴുതി എൻജിനീറിങ്ങിനും ചേർന്നു. ഒരു വർഷം കഴിയുന്നതിനു മുമ്പ് അച്ഛച്ഛന്റെ ഒരു ശിഷ്യന്റെ  അമേരിക്കയിൽ ഡോക്ടർ ആയ മകന്റെ കല്യാണ ആലോചന വന്ദനക്ക് വന്നു. അവൾ പഠിക്കണം എന്നു വാശി പിടിച്ചെങ്കിലും എല്ലാവരും നിർബന്ധിച്ചു ആ കല്യാണം ഉറപ്പിച്ചു. അമ്മായിക്ക് ആയിരുന്നു ഇപ്പൊ തന്നെ കല്യാണം നടത്തണം എന്നു കൂടുതൽ നിർബന്ധം. കല്യാണത്തിനു അമ്മാവനെ വിളിക്കേണ്ട എന്നു അമ്മായി ഉറപ്പിച്ചു പറഞ്ഞെങ്കിലും അച്ഛനും വലിയച്ചനും നേരിട്ട് പോയി അപ്പോഴേക്കും കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്ന അമ്മാവനെ വിളിക്കുകയും, അദ്ദേഹം  പങ്കെടുക്കുകയും ചെയ്തു.

 

കല്യാണം കഴിഞ്ഞ് അധികം വൈകുന്നതിന് മുൻപേ സുധീഷും അവളും അമേരിക്കയിലേക്ക് പോവുകയും ചെയ്തു.

അതിനിടക്ക് താനും നന്ദുവും ആയുള്ള അടുപ്പം വളരെ കൂടിയിരുന്നു. വന്ദന കൂടെ പോയതോടെ അവൾക്ക് ഒറ്റപ്പെടൽ കൂടുതൽ തോന്നതിരിക്കാൻ ഒഴിവു സമയത്തിൽ കൂടുതലും അവളുടെ കൂടെ ആക്കി. ജീവിത സായാഹ്നത്തിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടികൾ കാരണം ആയിരിക്കാം സുനിതമ്മായി ആളാകെ മാറി പോയിരിക്കുന്നു. കളിയും തമാശയും ഒക്കെ പോയി പരുക്കൻ ആയിരിക്കുന്നു ഇപ്പൊ. ഭക്തിയും വളരെ കൂടിയ പോലെ അപ്പുവിന് തോന്നി.

 

അച്ഛനുമായി പിരിഞ്ഞത് നന്ദുവിന് ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല. അവൾ എപ്പോഴും അച്ഛന്റെ കുട്ടി ആയിരുന്നു. ഒറ്റക്കിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അപ്പു ശ്രദ്ധിക്കാറുണ്ട്. എന്നാലും അവനും അനിതയും കൊടുക്കുന്ന ശ്രദ്ധയിലും സ്നേഹത്തിലും അവൾ ദുഃഖങ്ങൾ മറക്കാൻ ശ്രമിച്ചിരുന്നു. അവൾ പ്രീഡിഗ്രി കഴിഞ്ഞു ബി എസ് സിക്ക് ചേർന്നു. ‘അച്ഛനെ കാണാൻ തോന്നുന്നു’ എന്ന് പറഞ്ഞ അവളെ അമ്മായി ചീത്ത പറയുന്നതു കേട്ടു. ‘നിനക്ക് അല്ലെ തോന്നുന്നുള്ളൂ. നിന്റെ തന്തക്ക് നിന്നേ കാണണം എന്ന് തോന്നി ഇതുവരെ ഒന്നു വിളിക്കുകയോ വരികയോ ചെയ്തിട്ടില്ലല്ലോ’ എന്ന്.

 

‘വന്നാൽ തന്നെ അമ്മ കാണാൻ സമ്മതിക്കുമായിരുന്നോ’ അവൾ തിരിച്ചു ചോദിച്ചു. അന്ന് വൈകിട്ട് അവളെ ഒറ്റക്ക് കണ്ടപ്പോൾ ‘നിനക്ക് അച്ഛനെ കാണണോ’ എന്നു ചോദിച്ചു

‘അപ്പുവേട്ടൻ കൊണ്ടുപോകുമോ’

‘ശനിയാഴ്ച്ച സ്‌പെഷൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങിക്കോ’ പോകുന്നതിനു മുൻപ് അപ്പു തന്റെ അച്ഛനോട് വിവരം പറഞ്ഞിരുന്നു.

‘സുനിത അറിയണ്ട’. അദ്ദേഹം പറഞ്ഞു.

 

രാവിലെ ക്ലാസ്സിലേക്ക് എന്നു പറഞ്ഞു ഇറങ്ങിയ നന്ദുവിനെ ബൈക്കിൽ കയറ്റി നേരെ കൊച്ചിയിലേക്ക് വിട്ടു.

അൽപം ബുദ്ധിമുട്ടി ഫ്ലാറ്റ് കണ്ടു പിടിക്കാൻ. ബെല്ല് കേട്ട് വന്നു വാതിൽ തുറന്ന അദ്ദേഹത്തിന്റെ മുഖത്ത് അമ്പരപ്പ് ആയിരുന്നു.

അച്ഛാ എന്ന കരച്ചിലോടെ അവൾ അദ്ദേഹത്തെ കെട്ടി പിടിച്ചു. അവർ സംസാരിച്ചിരിക്കട്ടെ എന്നു കരുതി ഒരു സുഹൃത്തിനെ കാണാൻ ഉണ്ടെന്ന് പറഞ്ഞു അവിടെ നിന്നും കുറെ സമയം മാറി നിന്നു കൊടുത്തു. തിരിച്ചു വരുമ്പോൾ ബൈക്കിൽ ഇരുന്നു നന്ദു തന്റെ പുറത്തു ചാരി  അമർത്തി കെട്ടിപിടിച്ചു. അവളുടെ കണ്ണീരു വീണ് ഷർട്ട് നനയുന്നുണ്ടായിരുന്നു അപ്പോഴൊക്കെ.

 

വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയതിന് അമ്മായിയുടെ മുന്നിൽ കാരണം നിരത്താൻ പതറി പോയ നന്ദുവിനെ ‘ചേട്ടൻ എന്നെ കൂട്ടാതെ നന്ദു ചേച്ചിയും ആയി സിനിമക്ക് പോയി അല്ലെ’ എന്ന അനിതയുടെ ചോദ്യം തൽക്കാലം രക്ഷിച്ചു.

ഇതിനിടയിൽ ആരും കാണാതെ സിഗരറ്റ് വലിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ ഒരു ദിവസം നന്ദുവിന്റെ കണ്ണിൽ പെട്ടു. ആരോടും പറയരുത് എന്നു പറഞ്ഞെങ്കിലും അവൾ നേരെ അച്ഛന്റെ അടുത്തു പറഞ്ഞു കൊടുത്തു.

 

അച്ഛൻ  അന്ന് തന്നോട് ഒന്നും ചോദിച്ചില്ല. പക്ഷേ പിറ്റേന്ന് ഒന്നിച്ചു ടൗണിൽ പോകുമ്പോൾ കാറിൽ വെച്ചു പറഞ്ഞു. ‘മക്കൾ തന്നോളം പോന്നാൽ താൻ എന്നു വിളിക്കണം എന്നാണ്. ഈ പ്രായത്തിൽ വലിക്കാനും കുടിക്കാനും ഒക്കെ തോന്നുന്നത് സ്വാഭാവികം ആണ്. തുടങ്ങിയ ശീലങ്ങൾ തീരെ ഉപേക്ഷിക്കണം എന്നൊന്നും അച്ഛൻ പറയുന്നില്ല. പക്ഷേ ഒരു ശീലത്തിനും നീ അടിമ അവതിരിക്കാൻ ശ്രമിക്കു. ഇനി ഉപേക്ഷിക്കാൻ കഴിയുമെങ്കിൽ ഉപേക്ഷിക്കാൻ നോക്കു.’

‘അച്ഛാ ഞാൻ അതിനു... അങ്ങിനെ...’ വാക്കുകൾ പതറി.

‘നിന്നെ കുറ്റപ്പെടുത്താൻ പറഞ്ഞത് അല്ല.’ അച്ഛൻ പുഞ്ചിരിച്ചു. ഇതിലും നല്ലത് പിടിച്ചു രണ്ടെണ്ണം പൊട്ടിക്കുന്നതായിരുന്നു എന്നു മനസ്സിൽ പറഞ്ഞു.

‘ആ, ഇനി നീ ഈ കാര്യത്തിന് നന്ദുവിനോട് വഴക്കൊന്നും കൂടണ്ട. നിന്നൊടുള്ള കരുതൽ കൊണ്ടാ അവൾ അത് എന്നെ അറിയിച്ചിട്ടുണ്ടാവുക.’

 

ഏതായാലും അതിനു ശേഷം അപ്പു കൂട്ടുകാരുടെ കളിയാക്കലുകളെ  അവഗണിച്ചു ദുശ്ശീലങ്ങളിൽ നിന്നും അകന്നു നിന്നു.

വീണ്ടും രണ്ടു മൂന്ന് തവണ കൂടെ നന്ദുവിന്റെ അച്ഛനെ കാണാൻ അവർ പോയിരുന്നു. അമ്മായി അറിയാതെ തന്നെ. ഒരു തവണ തിരിച്ചു വരുന്ന സമയത്ത് അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച്ചു തിരിച്ചുവന്നതിനു ശേഷം ഒരാഴ്ച്ച പനിച്ചു കിടന്ന നന്ദുവിനെ ആശുപത്രിയിൽ കൊണ്ടു പോവുകയും ക്ലാസ് മിസ്സായ സമയത്തെ നോട്ടുകൾ എഴുതി കൊടുക്കുകയും ഒക്കെ ഉണ്ടായി.

എൻജീനീറിങ് കഴിഞ്ഞ അപ്പുവിന് അധികം വൈകാതെ കെൽട്രോണിൽ ജോലി കിട്ടി.

 

അതിനിടക്ക് കുട്ടേട്ടന്റെയും കണ്ണേട്ടന്റെയും വിവാഹം കഴിഞ്ഞു. ആ കല്യാണ സമയത്ത് എല്ലാവരും അംഗീകരിച്ച പ്രണയ ജോഡികൾ ആയിരുന്നതു കൊണ്ട് തന്നെ ആദ്യാവസാനം എല്ലാ കാര്യത്തിനും ഓടി നടന്നിരുന്നത് തങ്ങൾ ഇരുവരും ആയിരുന്നു. പ്രസവത്തിനു നാട്ടിൽ വന്ന വന്ദന തിരിച്ചു പോവുകയും ചെയ്തു. വന്ദനയുടെ കുട്ടിയെ എടുത്താൽ ശരീരത്തിൽ മൂത്രമൊഴിക്കുമോ എന്നു പേടിച്ചു മടിച്ചു നിന്ന തന്നെ കളിയാക്കുന്നതിനിടക്കു ഒരിക്കൽ ചെവിയിൽ നന്ദു പറഞ്ഞു. ‘നമ്മുടെ കുട്ടികളെയും ഇതേ പോലെ എടുക്കാൻ മടിച്ചാൽ ഞാൻ കൊന്നു കളയും.’ ഒരിക്കൽ താൻ ബൈക്കിൽ നിന്നും വീണ് മുറിവ് പറ്റി കിടക്കുന്ന സമയത്ത് നന്ദുവിന്റെ വിഷമം കണ്ടിട്ട് എല്ലാവരും അവളെ കളിയാക്കിയിരുന്നു വീണത് അപ്പു ആണെങ്കിലും വേദന നന്ദുവിനാണ് എന്ന്.

നന്ദുവിന്റെ ബിഎസ്​സി റിസൾട്ട് അറിഞ്ഞ ദിവസം ആണ് അവൻ അവളെ ആദ്യമായി ചുംബിച്ചത്. ഉമ്മറ വാതിലിനു പിറകിൽ വച്ച്. ആരും കാണില്ല എന്നാണ് കരുതിയത്. പക്ഷേ അച്ഛമ്മയുടെ കണ്ണിൽ പെടുക തന്നേ ചെയ്തു.

‘അപ്പു പൂച്ച പാലുകുടിക്കുന്നത് കണ്ണടച്ചിട്ടാണ്. തന്നെ ആരും കാണില്ല എന്നാ അതിന്റെ വിചാരം. പക്ഷേ മറ്റുള്ളവർക്കും കണ്ണ് ഉണ്ടെന്ന് നിനക്ക് ഒരു ഓർമ ഉണ്ടായിക്കോട്ടെ’ എന്നു പറഞ്ഞു നിഷ്കളങ്കമായി ചിരിച്ചു.

അച്ഛമ്മ പറഞ്ഞിട്ടോ എന്താണെന്നറിയില്ല ‘അപ്പുവിന് ജോലി ആയില്ലേ ഇനി അധികം നീട്ടണ്ട കുട്ടികളുടെ കല്യാണം നടത്താം’ എന്നു അച്ഛച്ഛൻ പറഞ്ഞു.

 

രണ്ടു ദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ച്ച പുലർച്ചെ ‘അമ്മേ അമ്മേ’ എന്ന നന്ദുവിന്റെ കരച്ചിൽ കേട്ടാണ് കണ്ണു തുറന്നത്. ഓടി എത്തിയ തങ്ങളോട് ‘അമ്മ എത്ര വിളിച്ചിട്ടും കണ്ണു തുറക്കുന്നില്ല’ എന്നു പറഞ്ഞ് അവൾ പൊട്ടിക്കാരയാൻ തുടങ്ങി. പ്രത്യേകിച്ചു അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന സുനിതമ്മായി രാത്രി എപ്പോഴോ എല്ലാവരെയും വിട്ടു പോയിരുന്നു. ഒരു മകന്റെ സ്ഥാനത്ത് നിന്ന് അപ്പുവാണ് കർമ്മങ്ങൾ ഒക്കേ ചെയ്തത്. അവരുടെ ആഗ്രഹവും അതു തന്നെ ആയിരുന്നിരിക്കും. വിവരം അറിയിച്ചിട്ടും എന്തോ ദിവാകരൻമാമൻ വരിക ഉണ്ടായില്ല. അമേരിക്കയിൽ നിന്ന് വന്ദനക്കും വരാൻ കഴിഞ്ഞില്ല. ഏതായാലും എല്ലാവരും കൂടെ ഉണ്ടായിരുന്നത് കൊണ്ടു നന്ദുവിന് ഒറ്റക്കായി എന്ന തോന്നൽ ഉണ്ടായില്ല.

 

അമ്മായി മരിച്ചത് കാരണം ഇനി ഒരു വർഷം കഴിഞ്ഞിട്ട് മതി കല്യാണം എന്നു വീട്ടിൽ തീരുമാനിച്ചു. നന്ദുവിനെ എം എസ് സിക്ക് കോളജിൽ ചേർത്തു. എന്നും രാവിലെ ഓഫിസിൽ പോകുമ്പോൾ അവളെ കോളജിൽ വിട്ടിട്ടാണ് അപ്പു പോയിരുന്നത്.

അമ്മ മരിച്ചിട്ട് വരാത്തത് കൊണ്ടാണോ എന്നറിയില്ല പിന്നീട് അവൾ അച്ഛന്റെ അടുത്തു പോകണം എന്ന് ആവശ്യപ്പെട്ടില്ല.

ഒരു വർഷം അകാൻ ആവുമ്പോഴേക്കും അച്ഛമ്മ കല്യാണത്തിന് തിരക്ക് കൂട്ടാൻ തുടങ്ങി. ഞങ്ങളുടെ കണ്ണടയുന്നതിനു മുൻപ് ഇവരുടെ കല്യാണം കൂടി കാണണം എന്നെ ഇനി ആഗ്രഹം ബാക്കി ഉള്ളു എന്ന് എപ്പോഴും പറയുമായിരുന്നു.

അപ്പൊ അച്ഛമ്മക്ക് എന്റെ കല്യാണം കൂടണ്ടെ എന്നു ചോദിച്ച അനിതയോട് നീ ചെറിയ കുട്ടി അല്ലെ എന്നായിരുന്നു മറുപടി.

ഏതായാലും നിശ്ചയത്തിന് തീയതി തീരുമാനിച്ചു.

 

നിശ്ചയത്തിനു നാലു ദിവസം മുൻപ് വീട്ടിലേക്ക് ഒരു ഫോൺ വന്നു. കൊച്ചിയിലെ ഒരു ആശുപത്രിയിൽ നിന്ന്.അവിടെ ആരെന്നറിയതെ ഒരാൾ കിടക്കുന്നുണ്ട്. അയാളുടെ ഡയറിയിൽ കണ്ട കുറെ നമ്പറിൽ വിളിച്ചു നോക്കി. ആരും എടുക്കുന്നില്ല. അവസാനം wife house എന്നു കണ്ട നമ്പറിൽ വിളിച്ചതാണ് എന്നു പറഞ്ഞു. ആശുപത്രിയിൽ എത്തിയ തങ്ങളെ ആരെയും ദിവാകരൻ മാമ തിരിച്ചറിഞ്ഞില്ല. പിന്നീട് ഡോക്ടർ ആണ് പറഞ്ഞതു മൂപ്പർക്ക് അൽഷിമേഴ്‌സ് ആണെന്ന് തോന്നുന്നു എന്ന്.

 

കുറെ കാലം ആയിരിക്കും രോഗം തുടങ്ങിയിട്ട് എന്നാണ് ഡോക്ടറുടെ അഭിപ്രായം. എന്തിനാണ് അമ്മായിയും അദ്ദേഹവും പിരിഞ്ഞത് എന്നു നന്ദുവിനും ശരിക്ക് അറിയില്ലായിരുന്നു. കുറച്ചു ദിവസത്തിനു ശേഷം ഡിസ്ചാർജ് ആയ ആളെ വീട്ടിലേക്ക് കൊണ്ടു വരാം എന്ന് പറഞ്ഞെങ്കിലും നന്ദു സമ്മതിച്ചില്ല. അമ്മ ഉണ്ടായിരുന്നെങ്കിൽ സമ്മതിക്കുമായിരുന്നില്ല എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നതു പോലെ തോന്നി. മാത്രവും അല്ല അമ്മയുടെ മരണ ശേഷം അച്ഛനെ തിരിഞ്ഞു നോക്കിയില്ല എന്ന കുറ്റബോധവും അവൾക്ക് ഉണ്ടായിരുന്നു. അവസാനം അവളുടെ നിർബന്ധത്തിനു വഴങ്ങി അവരെ തൽക്കാലം കൊച്ചിയിലെ ഫ്ലാറ്റിൽ ആക്കി. അപ്പു എല്ലാ ആഴ്ചയിലും കൊച്ചിയിലേക്ക് പോയിരുന്നു.

 

അദ്ദേഹത്തിന്റെ ഓർമ ഓരോ ദിവസവും കുറഞ്ഞു വരിക ആയിരുന്നു. ഏതെങ്കിലും ഓൾഡേജു ഹോമിൽ ആക്കാം എന്നായിരുന്നു വന്ദനയും ഭർത്താവും ഫോണിൽ അറിയിച്ചത്. എല്ലാവർക്കും ആ അഭിപ്രായം തന്നെ ആയിരുന്നു. പക്ഷേ നന്ദു സമ്മതിച്ചില്ല. അവസാന കാലത്ത് എന്തൊക്കെ സംഭവിച്ചാലും  അച്ഛന്റെ കൂടെ തന്നെ നിൽക്കും എന്നു തീർത്തു പറഞ്ഞ അവളോട്‌ മറുത്തു പറയാൻ ആർക്കും ധൈര്യം ഉണ്ടായില്ല.

 

സാവധാനം നന്ദു അവർ രണ്ടു പേർ മാത്രമുള്ള ഒരു ലോകത്തിലേക്ക് ചുരുങ്ങുന്നതായി അപ്പുവിന് തോന്നി. ഇപ്പൊ അവൻ ചെല്ലുമ്പോളും അവൾ വേറെ ഒന്നും ചോദിക്കാറില്ല. അച്ഛന്റെ ഓർകുറവ് കാരണം ഉള്ള വിഷമങ്ങൾ മാത്രം പറയാനെ സമയം ഉണ്ടാവാറുള്ളൂ.

 

തങ്ങളുടെ കല്യാണം ഏതായാലും നീളും എന്നു തീർച്ചയായത് കൊണ്ട് അച്ഛമ്മയുടെ നിർബന്ധം കൊണ്ടു അനിതയുടെ വിവാഹം പെട്ടന്ന് തന്നെ നടത്തി അവിടെ അടുത്ത ഒരു സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത ഒരു മാഷുമായിട്ട്.

കല്യാണത്തിന് എത്ര നിർബന്ധിച്ചിട്ടും നന്ദു വന്നില്ല. അച്ഛനെ പൂട്ടിയിട്ടു പോരാൻ കഴിയില്ല അതുകൊണ്ട് വരുന്നില്ല എന്നു പറഞ്ഞത് വീട്ടിൽ എല്ലാവർക്കും വലിയ വിഷമം ആയിരുന്നു. അടുത്ത തവണ ചെന്നപ്പോൾ അപ്പുവിനോട് അവൾ പറഞ്ഞു

 

‘അപ്പുവേട്ടൻ എന്നെ ഇങ്ങിനെ കാത്തിരിക്കാതെ വേറെ ആരെയെങ്കിലും നോക്കിക്കൊളു.’ അപ്പുവിന് അപ്രതീക്ഷിതമായ ഒരു ഷോക്ക് ആയിരുന്നു അവളുടെ വാക്കുകൾ.

‘ഓർമ വെച്ച അന്ന് മുതൽ കേൾക്കുന്നതാണ് അപ്പുവിന്റെ പെണ്ണാണ് നന്ദു എന്ന്. എന്താണ് കല്യാണം എന്താണ് ഭാര്യ എന്നറിയുന്നതിനു മുൻപ് മനസ്സിൽ എന്റെ ഭാര്യ ആയവൾ ആണ് നീ. ഇനി മരിക്കുന്നത് വരെ അതിനൊരു മാറ്റവും ഉണ്ടാവില്ല.’

നന്ദു പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും അപ്പു കേൾക്കുക പോലും ഉണ്ടായില്ല. അപ്പുവേട്ടൻ വേറെ ആരെയെങ്കിലും നോക്കിക്കൊള്ളു എന്ന വാക്കുകൾ അവന്റെ മനസ്സിൽ കിടന്നു വിങ്ങുക ആയിരുന്നു.

 

അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛമ്മയുടെയും മരണം. വിവരം അറിഞ്ഞു നന്ദു ദിവാകരൻ മാമയേയും കൂട്ടി ആണ് വന്നത്. കർമങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ മാമനെ കാണാനില്ല. മരണ വീട്ടിലെ തിരക്കിനിടയിൽ ഒരു നിമിഷത്തെ ആശ്രദ്ധയിൽ മൂപ്പർ എവിടേക്കോ ഇറങ്ങി പോയിരുന്നു. നന്ദു കരഞ്ഞു തളർന്നു വീണു. എല്ലാവരും നാടൊക്കെ തിരയാൻ ഇറങ്ങി പാടത്തും തോട്ടിലും കുളങ്ങളിലും കിണറുകളിലും ഒക്കെ. അപ്പോളുണ്ട്  മനക്കലേ ചന്ദ്രേട്ടൻ ആളുടെ കയ്യും പിടിച്ചു വരുന്നത്. ‘ഞാൻ മില്ലിൽ നിന്നും വരുമ്പോൾ ആളുണ്ട് റയിൽവേ ട്രാക്കിലൂടെ ചീറി വരുന്ന ട്രെയിനിന്റെ നേരെ നടന്നു പോകുന്നു. എങ്ങിനെയാ ട്രാക്കിൽ നിന്നും വലിച്ചു പുറത്തിട്ടത് എന്നു കാവിലെ ഭഗവതിക്കെ അറിയു’.ചന്ദ്രേട്ടൻ പറഞ്ഞു.

 

അന്ന് രാത്രി തന്നെ പോകണം എന്ന് നിർബന്ധം പിടിച്ചു നന്ദു മാമനേയും കൂട്ടി പോയി. നന്ദുവിന് തന്നോടുള്ള അകൽച്ചയോടൊപ്പം തന്നെ കുടുംബത്തിൽനിന്നും കൂട്ടുകാരിൽ നിന്നും ഒക്കെ മറ്റൊരു വിവാഹം കഴിക്കാനുള്ള സമ്മർദ്ദവും കൂടി വരാൻ തുടങ്ങിയ സമയത്താണ് അപ്പുവിന് ബ്രിട്ടനിലെ ഒരു കമ്പനിയിൽ ജോലിക്ക്  ഓഫർ വന്നത്. തൽക്കാലം നാട്ടിൽ നിന്നും ഒന്നു വിട്ടു നിൽക്കൽ അവൻ ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു അത്. മകന്റെ ആഗ്രഹത്തിന് മനസ്സില്ല മനസ്സോടെ അച്ഛനും അമ്മയും സമ്മതം മൂളി. അച്ഛച്ഛനും പോയിക്കൊള്ളാൻ തന്നെ ആണ് പറഞ്ഞത്.

 

യാത്ര പറയാൻ ചെന്നപ്പോൾ നന്ദുവിനും സന്തോഷമായപോലെ തോന്നി. ‘ഇനിയെങ്കിലും അപ്പുവേട്ടൻ അപ്പുവേട്ടനു വേണ്ടി ജീവിക്കു’ എന്ന് ഉപദേശിക്കുകയും ചെയ്തു. യാത്ര പറഞ്ഞു പിരിയുമ്പോൾ അവൾ പതിവില്ലാതെ തന്റെ കൂടെ താഴെ കാർപാർക്കിങ്ങിലേക്ക് വന്നു. കാറിൽ കയറി തിരിക്കുമ്പോൾ കൈ ഉയർത്തി വീശികാണിച്ചു നിൽക്കുന്ന നന്ദുവിന്റെ കണ്ണുകളിൽനിന്നും തുള്ളികൾ ഒലിച്ചിറങ്ങുന്നത് കണ്ട അപ്പുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അപ്പു പോയെങ്കിലും അച്ഛനും വലിയച്ചനും ഒക്കെ വന്നു നന്ദുവിന്റെ വിവരങ്ങൾ അന്വേഷിച്ചു പോകുന്നുണ്ട് എന്നതിൽ അവനു സമാധാനം ഉണ്ടായിരുന്നു.

രണ്ടു വർഷത്തിന് ശേഷം ആണ് അവൻ പിന്നീട് നാട്ടിൽ വന്നത്. വരുമ്പോൾ കൂടെ കാതറിനും ഉണ്ടായിരുന്നു. ലണ്ടനിൽ നിന്നും വന്ന അനൂപ് കൂടെ ഒരു വെള്ളക്കാരിയെയും കൂട്ടി ആണ് വന്നത് എന്നു നാട്ടിൽ പരക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല.

അവന്റെ ഇഷടം അതാണെങ്കിൽ നടക്കട്ടെ എന്നു പറഞ്ഞു കല്യാണത്തിന് തീയതി കുറിക്കാൻ നോക്കിയ എല്ലാവരെയും അവൻ തടഞ്ഞു.

 

ലണ്ടനിൽ അവന്റെ ഓഫീസിന്റെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഡോക്ർ ആണ്  കാതറിൻ. ഒരു പ്രോഗ്രാമിനിടയിൽ കണ്ടു മുട്ടിയ അവർ നല്ല സുഹൃത്തുക്കൾ ആയി. ഇതിനിടയിൽ നാട്ടിൽ പോകുന്നുണ്ട് എന്നു അപ്പു പറഞ്ഞപ്പോൾ ഇന്ത്യ കാണാൻ താനും വരുന്നുണ്ട് എന്നു പറഞ്ഞു കൂടെ വന്നതായിരുന്നു കാതറിൻ.

 

കേരളം ചുറ്റി കറങ്ങി അവൾ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് അപ്പു അവളെയും കൂട്ടി നന്ദുവിന്റെ ഫ്ലാറ്റിൽ പോയി. തങ്ങളെ ഒന്നിച്ചു കണ്ടു മുഖത്തു സന്തോഷം നിറക്കുമ്പോളും അവളുടെ കണ്ണിൽ സങ്കടം അപ്പു കണ്ടു.

‘ഞാൻ നന്ദുവിനെയും അച്ഛനെയും കാണാൻ ആണ് വന്നത്. കുറച്ചു സമയം തങ്ങളെ വിട്ടു പോ’ എന്നു കാതറിൻ പറഞ്ഞ പ്രകാരം അപ്പു കുറെ സമയം അവരെ ഒറ്റക്ക് വിട്ടു.

 

തിരിച്ചു പോരുന്ന സമയത്ത് നന്ദു ചോദിച്ചു ‘അപ്പുവേട്ടൻ നന്നാവാനുള്ള ഭാവം ഇല്ല അല്ലെ?’ അവൾക്ക് തന്നെയും കാതറിനെയും കുറിച്ചു തെറ്റിദ്ധാരണ ഒന്നും ഇല്ല എന്ന് അപ്പുവിന് അതോടെ ഉറപ്പായി.

തിരിച്ചു പോകുന്നതിന്‌ മുൻപ് കാതറിൻ പറഞ്ഞു ‘യു ആർ ലക്കി അനൂപ് . ഷി ഈസ് ഗ്രെറ്റ്. അച്ഛനെയും കാമുകനെയും ഇത്രമാത്രം സ്നേഹിക്കുന്ന ഒരു പെൺകുട്ടി വേറെ ഉണ്ടാവില്ല. അവളെ പോലെ സ്നേഹം ഉള്ള ഒരു ആണിനെ കിട്ടാൻ ഞാൻ എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം തയാറാണ്.’

 

അന്ന് തിരിച്ചു പോയി ഇപ്പൊ ഒന്നര വർഷം കഴിഞ്ഞു. നന്ദുവിന്റെ അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് പതിനാറാം ദിവസം ആണ്.അന്ന് തന്നെ വരണം എന്നു കരുതിയെങ്കിലും കമ്പനിയിൽ നിന്നും ലീവ് കിട്ടാൻ വൈകി. ഇനി നന്ദുവിനെ ഒറ്റക്ക് വിട്ടുപോകാൻ കഴിയില്ല. എയർപോർട്ടിൽ നിന്നും നേരെ നന്ദുവിന്റെ ഫ്ലാറ്റിലേക്കുള്ള യാത്ര. കാറിനു അല്പം കൂടെ സ്പീഡ് കൂട്ടാമോ എന്നു ടാക്സി ഡ്രൈവറോട് ചോദിച്ചു മറുപടി കേൾക്കുന്നതിന് മുൻപ് ഓവർ ടേക്ക് ചെയ്ത് കയറിയ ഒരു പ്രൈവറ്റ് ബസ് കാറിലേക്ക് ഇടിച്ചു കയറിയത് മാത്രമേ ഓർമ ഉള്ളു. ആശുപത്രിയിൽ എത്തുമ്പോൾ ബോധം ഉണ്ടായിരുന്നു. രക്ഷപ്പെടാൻ സാധ്യത കുറവാണ്. ഹെഡ് ഇഞ്ചുറി ആണ്. ഡ്രൈവർ സ്പോട്ടിൽ തീർന്നു എന്നൊക്കെ ആരൊക്കെയോ മന്ത്രിക്കുന്നതായി തോന്നി.

 

‘അപ്പു മാമേ അപ്പു മാമേ’ ആരൊക്കെയോ വിളിക്കുന്നുണ്ട്. ‘അപ്പു അപ്പു’ അച്ഛന്റെ ശബ്ദമാണോ ഒന്നും മനസ്സിലാവുന്നില്ല.

‘നിങ്ങൾ വിളിച്ചു കൊണ്ടേ ഇരിക്കു എന്തെങ്കിലും റെസ്പോണ്സ് ഉണ്ടോ എന്ന് നോക്കാം’

 

ആരൊക്കെയോ വിളിക്കുന്നുണ്ട് പക്ഷേ തന്റെ ചെവിയിൽ ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല.ശ ബ്ദങ്ങൾ ഒക്കെ ദുർബലമായി വരുന്നു. കഠിന വേദന മാത്രം. ശ്വാസം കിട്ടാതെ ആവുന്നു. തന്റെ സമയം തീരാറായി എന്ന് അപ്പുവിന് തോന്നി. പക്ഷേ അവസാനമായി നന്ദുവിനെ ഒരു നോക്കു കാണാൻ കഴിയാത്തത്തിൽ മനസ്സു വിങ്ങി.

പെട്ടന്ന് ഷോക്ക് അടിച്ചത് പോലെ ആ ശബ്ദം... ‘അപ്പുവേട്ടാ’,

അതേ വീണ്ടും അതെ ശബ്ദം ‘എന്റെ അപ്പുവേട്ടാ.’ നന്ദു നന്ദുവിന്റെ വിളിയൊച്ച. അവളെ വിട്ടു ഏതുമരണം വന്നു. വിളിച്ചാലും തനിക്ക് പോകാൻ കഴിയില്ല. നന്ദു എന്ന വിളിയോടെ അയാൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു വീണ്ടും വീണ്ടും...

 

Content Summary: Murappennu, Malayalam short story written by Rajesh VR

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com