ADVERTISEMENT

ചങ്ങാത്തം കൂടുമ്പോൾ... (കഥ)

ജോയി: ‘എന്നാലും, എന്തോന്നാടാ നിന്റെ മുതലാളി?’

അനു : ‘നിനക്കറിയില്ലായിരുന്നല്ലേ ? കഴിച്ചേർന്നോ? ....!’                                    

ജോയി:  ‘അര മേടിച്ചു ....’

അനു : ‘ഓ!  അന്നാ ഒന്നും പറയണ്ട.. പിന്നെ പ്രാന്താ, പിടിച്ച് വലിച്ച് കൊണ്ടോരേണ്ടി വരും ...’           

ജോയി: ‘അതിനൊള്ള ആളുണ്ടോ? നമ്മളാണെങ്കിൽ  എന്തേങ്കിലുമാവട്ടേന്നു കരുതാം ....’       

അനു: ‘എന്റെ പൊന്നെറുക്കാ, തോറ്റിട്ടുണ്ട് ....’ കൂടെ പണിയെടുക്കുന്ന കൂട്ടുകാരനായ അനുവും ഞങ്ങളുടെ രണ്ട് പേരുടെയും പരിചയക്കാരനായ ജോയിയും തമ്മിൽ, നാലഞ്ച് പേർക്ക് തൊഴിൽ കൊടുത്തോണ്ടിരിക്കുന്ന എന്നെ കുറിച്ചുള്ള ഈ സംസാരം അപവാദമായി കാണാതെ, വീരവാദം പറയുന്നതിനായിട്ടാണ് ഞാൻ ഉപയോഗിച്ചിരുന്നത് ....                           

അടുത്തുള്ള ഓഡിറ്റോറിയത്തിൽ കല്യാണം കൂടാൻ പോയ എന്നെ, ജോയി കണ്ടതും, അവന്റെ കടയുടെ അകത്ത് നിന്ന് ‘എടാ കല്ല്യാണത്തിനാണോ ?’

‘അതേടാ..., നിനക്കുണ്ടോ?’                

‘ഉവ്വ , കൂട്ടില്ല്യാണ്ടിരിക്കാർന്നു...’

‘മേടിച്ചാലോ?...’

‘മേടിക്കാം ...’                   

 

വാങ്ങിയ കുപ്പി കാലിയാക്കി, അച്ചാറുംതൊട്ട് നക്കി കിറീം തുടച്ച് കടയുടെ പുറത്തേക്കിറങ്ങുമ്പോൾ, എന്നേക്കാളും മുപ്പത്തി അഞ്ച് കിലോയോളം തൂക്കം കൂടുതലുള്ള ജോയി ‘ദേ ഞാനല്പം ഭക്ഷണം കഴിക്കുന്ന കൂട്ടത്തിലാട്ടോ .. വേഗം എഴുന്നേൽക്കരുത് ..’    

‘നിന്നെ കണ്ടാലറിഞ്ഞൂടെ ടാ...’ കൂടെ ചെറുചിരിയും കൊടുത്ത്, പരിചയക്കാരെ കൈവീശി കാണിച്ച് തീൻമേശയിൽ ചെന്നിരുന്നപ്പോൾ ബിരിയണിയിൽ നിന്ന് ആവി പറക്കുന്നു...

 

യുദ്ധത്തിന് തയ്യാറെടുക്കുന്ന സേനാധിപനെ പോലെ സർവ്വവിധ ഒരുക്കങ്ങളുമായി മല്ലനായ ജോയി  മൂന്ന് പേർക്കിരിക്കാവുന്നയിടം വിസ്തരിച്ചിരുന്ന് രണ്ട് പേർക്കായി ഒതുക്കി ... മുന്നിലെ പ്ലേയ്റ്റിലേക്ക് യൂണിഫോംധാരി ബിരിയാണി തട്ടിയിടുമ്പോൾ താൻ പറഞ്ഞ കാര്യം ഓർമപെടുത്താനെന്നോണം, എന്നെ നോക്കിയൊരു  തലയാട്ടൽ ... കരിക്കരികെ കരിപോതമായിപോയ എന്റെ മറുപടി ......

 

വീണ്ടും ഒരു മന്ദഹാസ്സത്തിൽ..... ‘കുറച്ച് റൈസ് ഇട്ടേ...’  ആനയെ വിഴുങ്ങാനുള്ള വെപ്രാളവും ത്വരയുമായി ആകപ്പാടെ ആടിയുലഞ്ഞ്, മൂന്നാം പ്രാവശ്യം വാങ്ങിയ റൈസിലെ ചിക്കനുമായി കസർത്ത് കാണിക്കുന്നതിനിടയിൽ... എന്റെ ചോദ്യം കേട്ട ജോയി.., തലയുയർത്തി എന്നെയും എന്റെ പ്ലെയ്റ്റിലേക്കുമുള്ള നോട്ടം...,  അതിശയോക്തി  നിറഞ്ഞതായിരുന്നു ....... അമ്പരപ്പോടെ... ‘എന്തോന്നാടാ നീ  കാണിക്കുന്നേ ? ഒരാഴ്ച പട്ടിണിയായിരുന്നോ ?....   എന്ത് തീറ്റയാടാ.’ അങ്ങനെ എന്തെല്ലാമോ എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു..... ജോയിക്ക് ചെറുചിരി കൊടുത്ത്, ഞാനെന്റെ ജോലിയിൽ വ്യാപൃതനായി .... 

 

‘എഴുന്നേറ്റാലോ?’ ജോയിയുടെ ചോദ്യം ശ്രദ്ധിക്കാതെ, മുന്നിൽ വന്ന യൂണിഫോം ധാരിയോട് ‘ലേശം  റൈസ്സ്ട്ടേ’ അഞ്ചാം പ്രാവശ്യം വാങ്ങി ഞാൻ കഴിക്കുമ്പോൾ.ഏറെ കുറെ  ഓഫായ ടെലിവിഷനായി പോയോ ജോയി? ... എന്തോ,! ശ്വസനം വരെ ഇല്ലാതായി. അത്യാവശ്യക്കാർ രണ്ടാമതും ജോയിയെ പോലെ തീറ്റക്കാർ മൂന്നാമതും  വാങ്ങിച്ചിടത്താണ്,,    ആരവങ്ങളും ശീൽക്കാരങ്ങളൊന്നുമില്ലാതെ തകർത്ത് തിമിർത്ത് പെയ്തൊരു ഇടവപ്പാതി രണ്ടെണ്ണം അകത്ത് ചെന്നാൽ, നോൺ എന്നോ വെജ്ജന്നോ നോക്കാതെ, പടയാളികളെ അരിഞ്ഞ് വീഴ്ത്തി മുന്നേറുന്ന ഹിറ്റ്ലറായി മാറുമെന്നും... മുന്നിലിരിക്കുന്നതെന്തും കീഴ്പ്പെടുത്തുന്നതിലാ എന്റെ ആനന്ദമെന്നും പാവം അവനറിയാതെ പോയി ...... അന്യഗ്രഹജീവിയെ കണ്ട് അമ്പരന്ന്  മിണ്ടാട്ടം മുട്ടി പോയ  ജോയി... വണ്ടിയുമെടുത്ത് നേരെ അനുവിന്റടുത്തേക്ക് .......  ചെന്നപാടെ .... ‘‘എടാ നിന്റെ മുതലാളിക്ക്  അസുഖം വല്ലതുമുണ്ടോ?... പേടിച്ചു പോയീലോടാ..’’

അങ്ങനെ എത്രയെത്രപേർ... അന്തംവിട്ടിരിക്കുന്നവർ എന്റെ ഉള്ളം ആവേശഭരിതമാക്കിയിരുന്നു.  

 

നെല്ലുകുത്തുന്ന യന്ത്രമാ .... കരിങ്കൽ പൊടിക്കുന്ന ക്രഷറാ.... ആവാഹന ക്രിയ കൈവശമുള്ള മന്ത്രവാദിയാ..... അങ്ങനെ ഏന്തെല്ലാം മേലങ്കികളാ കൂട്ടുകാർ ചാർത്തി തന്നിരിക്കുന്നേ... എന്തോ വല്ല്യ സംഭവമാണെന്ന തോന്നലിൽ എൻ ഉള്ളം ആനന്ദത്താൽ തുള്ളികളിച്ചുകൊണ്ടിരിന്നു. നോൺ വിഭവങ്ങളെ, അന്ധമായി പ്രണയിക്കുന്ന വക്ത്രം .... തെരുതെരെ ഉമ്മ വയ്ക്കാൻ കൊതിച്ചോണ്ടിരിക്കുന്ന ദന്തങ്ങൾ .....  ...  .... ആ രസങ്ങളിൽ ആടി തിമിർക്കാൻ വെമ്പുന്ന മനസ്സും....... എരിഞ്ഞോണ്ടിരിക്കുന്ന പള്ളയും ... മെതിയന്ത്രത്തിലേക്കെന്ന പോലെ നോൺ വിഭവങ്ങൾ തട്ടിയിട്ട് മെതിച്ചോണ്ടിരിക്കെ , വകയിലെ  ചേട്ടന്റെ വക ഒരു ഉപദേശം ..... ‘‘എടാ ഈ നോണൊക്കെ ദഹിക്കാൻ ഒരു പാട് സമയമെടുക്കും...  അതിനൊള്ള ഗ്യാപ്പ് കൊടുത്താൽ നന്നായിരിക്കും...’’ 

 

അദ്ധ്വാനിയായ ഞാൻ, സ്വയം ഡോക്ടടറായി ..... ‘‘ഇതൊക്കെ പണിയെടുക്കുന്നോർക്ക് പറഞ്ഞിരിക്കുന്നതാ ...... ചേട്ടനെ പോലെയുള്ളോർക്ക് പറ്റൂല.....’’ പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ടാവാം .... ‘ആയിക്കോട്ടെ മോനെ...’ പോത്തിന് മീതെ പോർക്കും, പോർക്കിന് മീതെ താറാവും , താറാവിന് മീതെ കോഴിയും, കോഴിക്ക് മീതെ ...... അങ്ങനെ ഓരോന്നും തള്ളി പള്ളേൽക്കിടുമ്പോൾ..., അടിമയെ ചാട്ടവാറിനടിച്ച് പണിയെടുപ്പിക്കുന്ന ക്രൂരനായ ജന്മിയായി വിരാജിക്കുമ്പോൾ..... നിർത്തിയും കിടത്തിയും, പൊരിച്ച ചിക്കനും മട്ടനുമെല്ലാം വക്ത്രത്തിലാക്കി ദന്തങ്ങളുമായി മല്ലയുദ്ധത്തിലേർപ്പെടുമ്പോൾ.... ഹൊ !!എന്താ ഒരു രസം ......  ലഹരിയുടെ പിൻബലത്തിൽ, ശ്വാസം മുട്ടിയുള്ള ഉദരത്തിൻരോദനം വരെ അസ്ഥാനത്താക്കി രസങ്ങളിൽ മുങ്ങി കുളിക്കുമ്പോൾ... ഹൊ !!  ... എന്താ ഈ  നോൺ ചങ്ങാതികൾ നൽകുന്നൊരു ആനന്ദം ... വല്ലാത്തൊരു അനുഭൂതിയാ.....

 

‘ചേട്ടാ ചായ കുടിക്കണോ?...’ 

‘ചായ വേണ്ടാർന്നു കപ്പേം ബീഫും...’’

‘ഹ ഹ ഹ ഹ ഹ...’ ആരാ ഇവരൊക്കെ? ... എന്താ ഇവർ ചിരിക്കുന്നേ ....? ശ്ശൊ ! . മാലാഖമാരാണല്ലോ.... ഇത് എവിടെയാ  ? .......  ‘തിയറ്ററീന്നിറങ്ങ്യാെള്ളു  ഇപ്പതന്നെ വേണോ ചേട്ടാ? .ചായ വേണോങ്കി കുടിച്ചോ....’ എന്തോന്നാ ഇവരീ പറയുന്നേ ?സിനിമ കാണാൻ പോയേർന്നോ? ....ശ്ശെ!! ഒന്നും അങ്ങട് പിടികിട്ടുന്നില്ലല്ലോ? ... എന്റമ്മോ!  ..... നഴ്സുസുമാരാണല്ലോ ഇത് ..... ആശുപത്രി ...  ഐ സി യു വാർഡ്.... 

 

കൂട്ടക്കാരനല്ലേ ആ വരുന്നേ..? ‘എടാ നാലഞ്ച് ബ്ലോക്കുണ്ട്....നാളെ ആൻജിയോപ്ലാസ്സ് ചെയ്യും. ബൈപാസ്സ് സർജറി ഇല്ലാതെ നോക്കാം എന്നാ ഡോക്ടർ  പറഞ്ഞേ.. പിന്നെ..’

 

ദൈവമേ .... പണി കിട്ടീലോ ... മെയിൻ ഗെയ്റ്റ് അടച്ച് ഫാക്റ്ററി പൂട്ടിക്കാനായിരുന്നു തൊഴിലാളികളുടെ തീരുമാനം.... ജന്മിയുടെ ക്രൂരത ഏറ്റുവാങ്ങിയ ഏറെകുറെ എല്ലാ ഭാഗത്തെ തൊഴിലാളികളും സമരം ആരംഭിച്ചു..... ആമാശയം കരിങ്കൽ പൊടിക്കുന്ന മെഷീനല്ലാന്നും, സിരകളിൽ ചുവപ്പ് മങ്ങി ഒഴുക്ക് തിങ്ങിയെന്നും  ലാബിലെ നഴ്സ് ചേച്ചി ഓർമിപ്പിച്ചിട്ടും ....  ഇല്ല.. ഒന്നിനും സമയമില്ല ....... എത്രമാത്രം സൂചനകൾ കിട്ടിയതാ ..... യൂറിക് ആസിഡ് ...... കൊളസ്ട്രോൾ .... ബി പി ...... അങ്ങിനെ എല്ലാം കൂടികൊണ്ടിരിന്നിട്ടും....  കുറയാതിരുന്നത്, തിന്നാനുള്ള ത്വരയായിരുന്നില്ലേ ......?. ഇനി  ഡോക്ടറുടെ നാളയുള്ള  ചർച്ചയിലാ പ്രതീക്ഷ...... പറക്കമുറ്റാത്ത മക്കൾ ..... ദൈവമേ ...  ഫാക്റ്ററി പ്രവർത്തനം വലിയ തകരാറില്ലാതെ മുന്നോട്ട് പോകണേ ...... ഇല്ല ജൻമിയാവാനും ...  അനാവശ്യ ചങ്ങാത്തം കൂടാനും  ഇല്ല...  ഇനിയില്ല ..... 

 

Content Summary: Changatham Koodumbol, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com