സ്വയം ജീവൻ വെടിഞ്ഞ ഒരു കർഷകന്റെ കണ്ണീർ കഥ  

farming
Representative Image. Photo Credit: CRS PHOTO / Shutter Stock
SHARE

ജയ് ജവാൻ ജയ് കിസാൻ (കഥ)

വളരെ അഭിമാനത്തോടെ ആണ് ഹവിൽദാർ പ്രസാദ് ഓരോ അടിയും മുന്നോട്ടു വെച്ചത്. രണ്ടു ദിവസം മുൻപ് നടന്ന പട്ടാള ഓപ്പറേഷനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു, നടന്ന കാര്യങ്ങൾ ഓരോന്നും ഓർത്തെടുക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നു.

അസമിൽ ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന കചാർ ജില്ലയിൽ ഹരിൻനഗർ എന്ന ഗ്രാമത്തിൽ ഉള്ള പട്ടാളക്യാംപിൽ ആയിരുന്നു പ്രസാദ് ഉണ്ടായിരുന്നത്. കൃഷിക്കാരുടെ ഒരു ഗ്രാമം ആണ് ഹരിൻനഗർ. വിശാലമായ വയലുകളും അതിർത്തി നിർണയിക്കുന്ന ചെറിയ കുന്നുകളും മലകളും ഒക്കെ ഉള്ള ഒരു സുന്ദര ഗ്രാമം

എന്നും രാവിലെ വീട്ടിൽനിന്നും അഞ്ജലിയുടെ ഫോൺ വരുന്നത് വലിയ ആശ്വാസം ആണ്. അന്നും അഞ്ജലിയുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണ് ഗ്രാമത്തിലെ ഒരു പഴയ ബംഗ്ലാവിൽ ഭീകരർ കയറിയിട്ടുണ്ട് എന്ന വിവരം കിട്ടിയതും ഉടനെ പുറപ്പെടാൻ മെസ്സേജ് വന്നതും. അഞ്ജലി രാവിലെ വിളിക്കുമ്പോൾ ആണ് പതിവായി അവളും മോളും അമ്മയും അച്ഛനും എല്ലാം സംസാരിക്കുന്നത് .

അന്ന് അവളുടെ സംസാരം കഴിഞ്ഞു മകൾ സംസാരിക്കാൻ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു അവൾ ‘അച്ഛാ’ എന്നു വിളിച്ചപ്പോഴേക്കും ആണ് പെട്ടെന്ന് റെഡി ആവാനുള്ള മെസ്സേജ് വന്നത് ‘അച്ഛൻ പിന്നീട് വിളിക്കാം മോളെ’ എന്നു പറഞ്ഞു നേരെ തോക്കും എടുത്തു വാനിലേക്ക് ഓടുകയായിരുന്നു.

ക്യാപ്റ്റൻ അൻവർ അലിയുടെ നേതൃത്വത്തിൽ താനടക്കം പത്തു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. എട്ട് ഭീകരരെങ്കിലും ഉള്ള ഒരു ഗ്രൂപ് ആണ് കെട്ടിടത്തിൽ ഉള്ളത് എന്നും ആ ബംഗ്ളാവിൽ ഉണ്ടായിരുന്ന നാലുപേരെ അവർ ബന്ധികൾ ആക്കി വെച്ചിരിക്കുകയാണെന്നും എതിർക്കാൻ ശ്രമിച്ച രണ്ടു യുവാക്കളെ തോക്കിനിരയാക്കി എന്നും സംഭവസ്ഥലത്തു എത്തിയപ്പോൾ ആണ് മനസ്സിലായത്.

പട്ടാളം എത്തിയത് മനസ്സിലാക്കിയ ഭീകരർ ഞങ്ങൾക്കെതിരെ വെടി ഉതിർക്കാൻ തുടങ്ങി. പരസ്പരം ഉള്ള വെടിവെപ്പിനിടയിൽ കൂടെ ഉണ്ടായിരുന്നു സുഖ്‌ദേവ് സിങ്ങിന് വെടിയേറ്റതോടെ ഞങ്ങൾ വാതിൽ തകർത്ത് ഉള്ളിലേക്ക് കയറാൻ നിർബന്ധിതർ ആയി.

ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പിനിടയിൽ അഞ്ചു ഭീകരരെ ഞങ്ങൾക്കു കൊല്ലാൻ കഴിഞ്ഞു. ബാക്കി മൂന്നുപേർ ബന്ധികളായ നാലുപേരുടെ കൂടെ ഒരു ഹാളിൽ ഒളിച്ചിരിക്കുക ആയിരുന്നു. അൻവർ സാറും താനും ചേർന്നാണ് അവരെ ആക്രമിച്ചത് സാറിന്റെ ബുള്ളറ്റ് ഒരു ഭീകരന്റെ തല തകർത്തപ്പഴേക്കും മറ്റൊരു ഭീകരൻ സാറിനെ വെടിവെച്ചു വീഴ്ത്തിയിരുന്നു. സാറിനെ വെടിവെച്ചു വീഴ്ത്തിയവനെ ഉടനെ തന്നെ വെടിവെച്ചു വീഴ്ത്താൻ തനിക്കു കഴിഞ്ഞു. അതിനു ശേഷം ബന്ധികളാക്കിയ നാലുപേരെ മറയാക്കി അവസാനത്തെ ഭീകരൻ തങ്ങളെ നേരിട്ടു. അവസാനം താൻ രണ്ടും കല്പിച്ചു അവന്റെ നേരെ കുതിക്കുകയായിരുന്നു. അവന്റെ തലനോക്കി താൻ അയച്ച ബുള്ളറ്റ് നീങ്ങുന്ന സമയത്തുതന്നെ തന്റെ ഹൃദയത്തെ അവനും ലക്ഷ്യം വെച്ചിരുന്നു. അവൻ തല തകർന്നു വീഴുന്നത് ഒരു മിന്നൽ പോലെ കാണുമ്പോഴേക്കും തന്റെ നെഞ്ചിനകത്തുകൂടെ ചൂടുള്ള ഒരു ലോഹം കടന്നു പോകുന്നത് താനും അറിഞ്ഞു. അതോർത്തപ്പോൾ ഒരു ഞെട്ടലോടെ പ്രസാദ് ഒന്നു നിന്നു കിതച്ചു.

പെട്ടന്ന് ആണ് പിറകിൽ നിന്നും ഒരാളുടെ തേങ്ങൽ കേട്ടതു പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയ ഹവിൽദാർ പ്രസാദ് തന്റെ പിറകിൽ മുഷിഞ്ഞ ഷർട്ടും കള്ളി മുണ്ടും ധരിച്ച അവിടവിടെ നരച്ച ഒരു കുറ്റിതാടിക്കാരൻ തേങ്ങി കരഞ്ഞുകൊണ്ട് തന്റെ പിറകിലൂടെ വരുന്നത് കണ്ടത്.

അയാൾ അടുത്തു എത്തുന്നത് വരെ പ്രസാദ് അവിടെ തന്നെ നിന്നു. തന്നേ കണ്ടതുകൊണ്ടാണോ എന്തോ അയാൾ ബുദ്ധിമുട്ടി ആണെങ്കിലും തേങ്ങൽ അടക്കി. പരിഭ്രമം നിറഞ്ഞ മുഖം. തന്റെ അടുത്തു എത്തിയപ്പോൾ അയാൾ നടത്തം നിർത്തി സംശയത്തോടെ തന്നെ നോക്കി.

‘താങ്കൾ?’ പതിഞ്ഞ ശബ്ദത്തിൽ പ്രസാദ് അയാളോട് ചോദിച്ചു

ഒന്നു രണ്ടു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു.  ‘ഞാൻ ചന്ദ്രൻ പിള്ള’

‘എവിടെ നിന്നാണ് വരുന്നത്’

‘കർണാടകയിലെ ഹാസൻ ജില്ലയിലെ ആഗരെ എന്ന ഗ്രാമത്തിൽ ആണ് വീട്‌’

അയാൾ പതിഞ്ഞ ശബ്ദത്തിൽ തുടർന്നു ‘താങ്കൾ എവിടെ നിന്നാണ്’

‘ഞാൻ പ്രസാദ് ഇന്ത്യൻ ആർമിയിൽ അസാമിൽ ആയിരുന്നു, താമസം ബാംഗ്ലൂരിൽ, ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിനു അടുത്താണ്. താങ്കളെ കുറിച്ചു പറയൂ’

അയാൾ മറുപടി പറയാൻ ആകെ വിഷമിക്കുന്നത് പോലെ തോന്നി. അടക്കി വെച്ചിരുന്ന വിതുമ്പൽ ഇടക്ക് അയാളിൽനിന്നും പുറത്തേക്കു വന്നു. മുഖം പൊത്തി അൽപസമയം നിന്നതിനു ശേഷം സംസാരം തുടങ്ങി വളരെ പതുക്കെ

‘എന്റെ അച്ഛച്ഛൻ കേരളത്തിൽനിന്നും കുടിയേറി വന്നതാണ്. മണ്ണിൽ കഷ്ടപ്പെട്ട് പൊന്നു വിളയിച്ച ഒരു കർഷകൻ ആയിരുന്നു അദ്ദേഹം. അതിനു ശേഷം എന്റെ അച്ഛനും. അച്ഛന്റെ കാലശേഷം മക്കൾക്ക് ഭാഗം വെച്ചപ്പോൾ എനിക്ക് കിട്ടിയ ഏഴ് ഏക്കറിൽ ഞാനും കൃഷി തന്നെ തുടർന്നു.’

‘താങ്കളുടെ കുടുംബം’ പ്രസാദ് ചോദിച്ചു

‘ഭാര്യയും മൂന്നു പെണ്മക്കളും, അമ്മയും എന്റെ കൂടെ തന്നെ’ ആദ്യമെല്ലാം കാര്യങ്ങൾ നന്നായി തന്നെ പോയിരുന്നു. പിന്നീട് പിന്നീട്‌ വിളകൾക്ക് വില കിട്ടാതെ ആയി. ഉള്ള ഭൂമിയിൽ നിന്നും രണ്ടേക്കറ് വിറ്റിട്ടാണ് മൂത്ത മകളുടെ കല്യാണം നടത്തിയത്. രണ്ടാമത്തെ മകൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. ഇളയ മകൾക്ക് എട്ടു വയസ്സ്.

കഴിഞ്ഞ കൊല്ലം ബാങ്കിൽ നിന്നും ലോൺ എടുത്തിട്ടാണ് ഇഞ്ചിയും തക്കാളിയും കൃഷി തുടങ്ങിയത് ആ വർഷം മഴ പെയ്തതെ ഇല്ല കഠിനമായ വേനൽ കൃഷി എല്ലാം ഉണങ്ങി നശിച്ചു .ബാക്കി കിട്ടിയ അൽപ വിളകൾക്ക് ആകട്ടെ തീരെ വിലയും കിട്ടിയില്ല. ലോൺ അടക്കാൻ ഒരു മാർഗവും ഇല്ലാതെ ആയി. വീട് കാര്യങ്ങൾ എല്ലാം താളം തെറ്റി. മക്കളുടെ പഠിത്തം അമ്മയുടെ മരുന്നുകൾ എല്ലാം മുടങ്ങാൻ തുടങ്ങി. അപ്പോഴേക്കും കൂനിന്മേൽ കുരു എന്ന പോലെ മോളുടെ പ്രസവവും ആയി. ഈ വർഷം കൃഷി ഇറക്കാൻ ഒരു മാർഗവും കാണാതെ നാട്ടിലെ പലിശക്കാരനായ വീരഭദ്രപ്പ ഗൗഡരിൽനിന്നും മൂന്നു ലക്ഷം പലിശക്ക് എടുത്തിട്ടാണ് തനിക്കുള്ളതും  കൂടെ പാട്ടത്തിനെടുത്തതും ആയി പത്തു ഏക്കറിൽ ഉരുളക്കിഴങ്ങു കൃഷി തുടങ്ങിയത്. പക്ഷേ ഈ വർഷം അതിവർഷം ആയിരുന്നു. കിഴങ്ങെല്ലാം ചീഞ്ഞു പോയി.’

അയാൾ വാക്കുകൾ ഇടക്ക് വെച്ചു നിർത്തി അൽപസമയം ഒന്നും മിണ്ടിയില്ല. അനുഭവിക്കുന്ന മാനസിക സംഘർഷം അയാളുടെ മുഖത്തു വ്യക്തമായിരുന്നു. അൽപസമയത്തിനു ശേഷം വീണ്ടും തുടർന്നു. ‘ബാങ്കിൽ നിന്നും ദിവസവും എന്നപോലെ വീട്ടിലേക്കു ആളുകൾ വരാൻ തുടങ്ങി. കൂടാതെ കൃഷി വിളവെടുത്താൽ ഉടനെ തിരിച്ചു കൊടുക്കാം എന്ന വാക്കിൽ വാങ്ങിയ പൈസക്കു ഗൗഡറുടെ ഗുണ്ടകളും’

‘എല്ലാമാർഗ്ഗവും അടഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു ആണ് ഇടിത്തീ പോലെ ഇളയ കുട്ടിക്ക് അസുഖവും’ ഒന്ന് സംസാരം നിർത്തി അയാൾ വീണ്ടും തുടർന്നു.

‘പിന്നീട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല രണ്ടു ദിവസം മുൻപ് ഞാൻ ഒരു കയർ കുരുക്കിൽ എല്ലാം അവസാനിപ്പിച്ചു.’ എന്നു പറഞ്ഞു കൊണ്ടു അയാൾ വിതുമ്പി കരഞ്ഞു. 

ആത്മഹത്യ ചെയ്ത ഒരു ഭീരുവിനോടാണ് താൻ ഇതുവരെ സംസാരിച്ചു നിന്നത് എന്നോർത്തപ്പോൾ പ്രസാദിന്റെ മുഖം ഇരുണ്ടു പ്രകടമായ അനിഷ്ടത്തോടെ അയാൾ ചോദിച്ചു ‘എന്നിട്ട് അമൂല്യമായ ജീവൻ നിങ്ങൾ ഒരു വിലയും ഇല്ലാതെ നശിപ്പിച്ചു കളഞ്ഞു അല്ലെ. ഒരു ഭീരുവിന് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ. നിങ്ങളെ പോലുള്ളവർക്ക് വേണ്ടി കൂടെ ആണല്ലോ ഞങ്ങൾ സ്വന്തം ജീവൻ പന്താടി രാജ്യത്തിനു കാവൽ നിൽക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു’

കുറെ സമയം ഒന്നും പറയാതെ  പ്രസാദിന്റെ മുഖത്തേക്ക് തന്നെ ദയനീയമായി നോക്കി നിന്നതിനു ശേഷം അയാൾ പറഞ്ഞു ‘ശരിയാണ് സുഹൃത്തേ നിങ്ങളെ പോലുള്ളവർ സ്വന്തം ജീവൻ ത്യാഗം ചെയതു പോലും അതിർത്തി കാക്കുന്നുണ്ട് എന്ന ധൈര്യത്തിൽ തന്നെ ആണ് ഞങ്ങളെ പോലുള്ളവർ രാത്രി ധൈര്യമായി ഉറങ്ങുന്നത്. പക്ഷേ സുഹൃത്തേ നിങ്ങൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ രാജ്യത്തെ ജനത്തിന് ആഹാരത്തിനd ആവശ്യമുള്ള ഭക്ഷ്യ ധാന്യങ്ങൾ ഇല്ലെങ്കിൽ ആ രാജ്യത്തിനൊരു അതിർത്തിയും അതു സംരക്ഷിക്കാൻ പട്ടാളക്കാരോ വേണ്ടിയിരുന്നോ എന്ന്’

ചന്ദ്രൻപിള്ളയുടെ ചോദ്യത്തിന് പെട്ടന്ന് ഒരുത്തരം നൽകാൻ പ്രസാദിന് കഴിഞ്ഞില്ല. കാരണം അങ്ങനെ ഒരു അവസ്ഥയെ കുറിച്ച് അയാൾ ഒരിക്കലും ചിന്തിച്ചിട്ടെ ഉണ്ടായിരുന്നില്ല. ചന്ദ്രൻ പിള്ള തുടർന്നു

‘ഞാൻ മാത്രമല്ല എന്നെ പോലുള്ള നൂറു കണക്കിന് കൃഷിക്കാർ ആണ് ഈ വർഷം എന്റെ നാട്ടിൽ മാത്രം ജീവനൊടുക്കിയത്. ഞങ്ങൾക്ക് ആർക്കും ജീവിച്ചു കൊതി തീർന്നിട്ടുണ്ടായിരുന്നില്ല സുഹൃത്തേ. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ഇടയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം എത്ര ലക്ഷം വരുമെന്ന് നിങ്ങൾക്ക് അറിയാമോ, നാടിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ ഒരു നൂറു ഇരട്ടിയെങ്കിലും വരും സുഹൃത്തേ അത്’ അയാൾ കിതച്ചു കൊണ്ടു നിർത്തി.

അയാളുടെ ചോദ്യം പ്രസാദിലും ചിന്തകൾ ഉണർത്തി ജയ് ജവാൻ ജയ് കിസാൻ എന്ന് അഭിമാനത്തോടെ ഓരോ പൗരനും പറയുന്ന ഒരു നാട്ടിൽ ഇത്രയും കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരിക എന്നു പറയുമ്പോൾ തങ്ങളുടെ ഒക്കെ ജീവത്യാഗം വെറുതെ ആയോ എന്നു പോലും അയാൾക്ക്‌ തോന്നി. മരിക്കുന്നതിന് മൂന്നു മാസം മുൻപായിരുന്നു അയാൾ അവസാനം നാട്ടിൽ പോയിരുന്നത്. അഞ്ജലിയുടെ പ്രസവത്തിന്. എന്നാൽ പ്രസവത്തിനായി അവളെ ആശുപത്രിയിൽ പ്രവേശിച്ച ദിവസം തന്നെ അയാൾക്ക്‌ അത്യാവശ്യം ആയി ക്യാമ്പിൽ റിപ്പോട്ട് ചെയ്യണം എന്നു മെസ്സേജ് വന്നു. അഞ്ജലി ഒരു ആൺകുഞ്ഞിന്‌ ജന്മം നൽകിയ വിവരം അയാൾ ട്രെയിനിൽ ഇരുന്നാണ് അറിഞ്ഞത്. അവനെ ഒന്നു കാണാൻപോലും കഴിയാതെ അയാൾക്ക് അവസാനയാത്ര ആരംഭിക്കേണ്ടിയും വന്നു.

അയാളുടെ അച്ഛനു ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. അതു കൊണ്ട് തന്നെ അയാൾ ജനിച്ചതും പഠിച്ചതും എല്ലാം കർണാടകയിൽ തന്നെ ആയിരുന്നു. അച്ഛൻ റിട്ടയർ ആയപ്പോൾ അവർ ബാംഗ്ലൂരിൽ തന്നെ ഒരു വീടു വെയ്ക്കുകയാണ് ഉണ്ടായത്.

‘സുഹൃത്തേ നിങ്ങൾ ചിലപ്പോൾ സ്വന്തം ജീവൻ ത്യജിച്ചും രാജ്യത്തെ സേവിക്കണം എന്ന ആഗ്രഹത്തോടെ പട്ടാളത്തിൽ ചേർന്നതായിരിക്കും അതേ പോലെ തന്നെ ആണ് ഞങ്ങളെ പോലുള്ളവരും ഞങ്ങൾ കൃഷി ചെയ്തുണ്ടാക്കുന്ന വിളകൾ രാജ്യത്തെ ജനങ്ങളുടെ വിശപ്പ്  മാറ്റുന്നു എന്നോർക്കുമ്പോൾ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ കഴിയില്ല.’ ചന്ദ്രൻപിള്ള തുടരുകയാണ്

താൻ രാജ്യസ്നേഹം കൂടിയത് കൊണ്ട് പട്ടാളത്തിൽ ചേർന്നത് ആണോ പ്രസാദ് ഓർത്തു തീർച്ചയായും അല്ല, ഒരു തൊഴിൽ എന്ന രീതിയിൽ പട്ടാളത്തിൽ ചേർന്ന ആളാണ് താൻ. എന്നാൽ തന്റെ തൊഴിൽ താൻ ആത്മാർഥമായും സത്യസന്ധമായും ചെയ്തു എന്നു മാത്രം, ആ തൊഴിലിൽ താൻ എന്നും അഭിമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രൻപിള്ള പറഞ്ഞതു പോലെ രാജ്യസ്നേഹം കൊണ്ടു പട്ടാളത്തിൽ ചേർന്ന ഒരുപാട് പേരെ തനിക്കറിയാം, തന്റെ കൂടെ ജീവൻ ബലിയർപ്പിച്ച അൻവർ അലി സാറിനെ പോലെ എത്രയോ ധീര പോരാളികൾ.

കോളേജ് പ്രഫസർ സ്ഥാനം രാജിവെച്ചിട്ടാണ് മലപ്പുറകാരനായ അൻവർ അലി സാർ ആർമിയിൽ ചേർന്നത്.

‘താങ്കൾ പറഞ്ഞതു ഒക്കെ ശരിയായിരിക്കും സഹോദരാ’ പ്രസാദ് മറുപടി പറയാൻ തുടങ്ങി ‘നിങ്ങളെ പോലുള്ളവരെ എല്ലാം ശത്രുക്കളിൽനിന്നും സംരക്ഷിക്കേണ്ടതിനു വേണ്ടിയാണ് ജീവൻ തൃണവൽക്കരിച്ചു ഓരോ നിമിഷവും ഒരു ബുള്ളറ്റോ ,ബോംബോ പ്രതീക്ഷിച്ചു ഞങ്ങൾ കാവൽ നിൽക്കുന്നത്. അതൊക്കെ മറന്നു ജീവൻ നശിപ്പിക്കുന്ന ഭീരുക്കളോട് എന്തു പറയാൻ’

‘ശരിയാണ് സുഹൃത്തേ താങ്കൾ പറഞ്ഞത്. നിങ്ങൾ അഭിമാനത്തോടെ സ്വന്തം നാടിനു കാവൽ നിൽക്കുമ്പോൾ ഞങ്ങളിൽ കൂടുതൽ പേരും ജീവിത പരാജയങ്ങൾ മാത്രം നേരിട്ടു  ഓരോ നിമിഷവും അപമാനത്തിൽ നിന്നും അപമാനത്തിലേക്കു വീണു കൊണ്ടു ഭയത്തോടെ മരണത്തിൽ അഭയം കണ്ടെത്തുക തന്നെ ആണ്.’

എന്റെ മകൻ പട്ടാളത്തിൽ ആണ്, എന്റെ ഭർത്താവ് പട്ടാളക്കാരൻ ആണ്, എന്റെ അച്ഛൻ ആർമിയിൽ ആണ് എന്ന് നിങ്ങളുടെ മാതാപിതാക്കളും ഭാര്യയും മക്കളും ഒക്കെ അഭിമാനം കൊള്ളുമ്പോൾ കൃഷി നശിച്ച ഒരു കർഷകന്റെ കുടുംബം ജപ്തി നോട്ടീസ് പതിക്കാൻ വരുന്ന ബാങ്ക് ഓഫീസറെയോ, പലിശക്കാരന്റെ ഗുണ്ടകളെയോ പേടിച്ചു അപമാനിതരായി കഴിയുക ആയിരിക്കും. നിങ്ങൾ തീവ്രവാദികളെയും ശത്രു രാജ്യങ്ങളെയും യുദ്ധം ചെയ്തു കീഴടക്കുമ്പോൾ ഞങ്ങൾ കഠിനമായ വേനലിനോടൊ അതിവർഷത്തിനോടൊ ഏറ്റുമുട്ടി പരാജിതരായി തലകുമ്പിട്ടു ഇരിക്കുക ആയിരിക്കും.’ സംസാരത്തിനിടയിൽ ആവേശം കയറിയതുകൊണ്ടോ എന്നറിയില്ല ചന്ദ്രൻപിള്ളയുടെ ശബ്ദം പലപ്പോഴും ചിലമ്പിച്ചതായി പ്രസാദിന് തോന്നി.

അയാൾ വീണ്ടും തുടർന്നു... 

ഓരോ ഭരണാധികാരിയും വിദേശ കരാറുകളിൽ ഒപ്പിടുമ്പോൾ നിങ്ങളുടെ ജീവൻ കൂടുതൽ സുരക്ഷിതം ആവുന്നു. നിങ്ങൾക്ക് കിട്ടുന്ന പുതിയ ആയുധങ്ങൾ ഓർത്തു നിങ്ങൾ അഭിമാനം കൊള്ളുന്നു. എന്നാൽ ഓരോ കരാറുകളിലും ഒപ്പുവെക്കുന്നു എന്നു കേൾക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഭയം ആണ്. ഞങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹം ആകുന്നു. ജീവിതമാർഗങ്ങൾ അടയുന്നു. നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഭംഗിയായി നടക്കുമ്പോൾ മക്കൾക്ക് പഠിക്കാൻ പുസ്തകമോ, അമ്മക്ക്  മരുന്നോ വാങ്ങാൻ പണം ഇല്ലാതെ ഞങ്ങൾ ദുഃഖിച്ചിരിക്കേണ്ടി വരുന്നു. 

‘നിങ്ങൾക്ക് അറിയാമോ എന്റെ കൃഷി നശിച്ചതിനു ശേഷം എന്റെ എട്ട് വയസ്സുകാരി മകൾ ഒരു ദിവസംപോലും സമാധാനത്തോടെ ഇരുന്നിട്ടില്ല. കൃഷി നശിച്ച കർഷകർ ഒക്കെ ആത്മഹത്യ ചെയ്യും എന്ന് അവളോട്‌ ആരോ പറഞ്ഞിരുന്നു എന്നു തോന്നുന്നു. എന്നും രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപ് അവൾ കൃഷിസ്ഥലത്ത് ഞാൻ പണിയെടുക്കുന്നിടത്ത് വന്നു എന്നെ നോക്കി പോവും, അതേ പോലെ ക്‌ളാസ് കഴിഞ്ഞു വരുമ്പോൾ അച്ഛൻ പണിസ്ഥലത്ത് ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ടെ അവൾ വീട്ടിൽ പോകാറുള്ളൂ .രാത്രി ഉറക്കത്തിൽ ഞെട്ടി ഉണർന്ന് അടുത്ത് അച്ഛൻ കിടക്കുന്നില്ലേ എന്നു തപ്പി നോക്കിയിരുന്ന എന്റെ മകൾ അച്ഛൻ തൂങ്ങി നിൽക്കുന്നത് കാണുന്ന അവസ്‌ഥ ഒന്നു ആലോചിച്ചു നോക്കു.’ അയാൾ വിതുമ്പി കരഞ്ഞു.

‘ഇത്ര സ്നേഹം ഉള്ള കുടുംബത്തിനെ ഉപേക്ഷിച്ചു ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എങ്ങിനെ തോന്നി’

‘എന്റെ മോൾക്ക് ഹാർട്ടിന് അസുഖം ആയിരുന്നു, അവളുടെ ജീവൻ രക്ഷിക്കണമെങ്കിൽ അത്യാവശ്യമായി ഒരു ഓപ്പറേഷൻ വേണം എന്നു ഡോക്ടർ പറഞ്ഞു. അതിന് ഒരു ലക്ഷം രൂപ വേണം. അത് ഒപ്പിക്കാൻ എന്റെ മുന്നിൽ വേറെ മാർഗം ഒന്നും ഉണ്ടായിരുന്നില്ല, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന് ഗവൺമെന്റ് കൊടുക്കുന്ന ഒന്നരലക്ഷം രൂപയുടെ ധന സഹായം അല്ലാതെ’

അയാളുടെ വിഷമം കണ്ടപ്പോൾ പ്രസാദിനും തന്റെ കണ്ണുകൾ നിറയുന്നതായി തോന്നി. കുറെ ദൂരം അവർ പരസ്പരം ഒന്നും സംസാരിക്കാതെ മുന്നോട്ടു നടന്നു. പെട്ടന്ന് ചന്ദ്രൻപിള്ള ചോദിച്ചു

‘നിങ്ങളുടെ ശവസംസ്‌കാരം ഓർക്കുന്നുണ്ടോ?’

പ്രസാദിന് തന്റെ ശവസംസ്‌കാരം ഓർക്കുമ്പോൾ തന്നെ അഭിമാനം തോന്നി. പട്ടാളത്തിന്റെ പ്രത്യേക വിമാനത്തിൽ ആണ് ദേശിയ പതാക പുതപ്പിച്ച പെട്ടിയിൽ എബാം ചെയ്ത ബോഡി കൊണ്ടുവന്നത്.

പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും ഒക്കെ അനുശോചന സന്ദേശങ്ങൾ 

അവസാനമായി അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സെലിബ്രേറ്റികളും അടക്കം ആയിരക്കണക്കിന് ആളുകൾ. പക്ഷേ തന്റെ അഭിമാനം വാനോളം ഉയർത്തിയത് എട്ടു വയസ്സുള്ള തന്റെ മകൾ ആയിരുന്നു. മൃതദേഹത്തിനാടുത്തു തളർന്നിരുന്ന തന്റെ കുടുംബത്തിനോട് ദുഃഖിക്കരുത് നാടിനു വേണ്ടി ജീവൻ കൊടുത്ത തന്റെ പിതാവ് ധീരനായ പോരാളി ആയിരുന്നു എന്നു വിളിച്ചു പറയുന്ന അവളുടെ ഫോട്ടോ ആയിരുന്നു ഇന്നിറങ്ങിയ എല്ലാ പത്രങ്ങളുടെയും മുൻപേജിൽ.

‘എന്റെ അവസാനം എങ്ങിനെ ആയിരുന്നു എന്നു അറിയണോ’ ചന്ദ്രൻപിള്ള ചോദിച്ചു.

 പ്രസാദ് മറുപടി പറയുന്നതിന് മുൻപേ തന്നെ അയാൾ തുടർന്നു.

‘ഉച്ചക്ക്‌ തൂങ്ങിയ എന്റെ ശവം കണ്ടെത്തുന്നത് വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു. പിന്നീട് പൊലീസ് വന്നപ്പോഴേക്കും രാത്രിയായി. രാവിലെ വരെ ശരീരം ആ മരത്തിൽ തന്നെ തൂങ്ങി കിടന്നു. രാവിലെ കയർ വെട്ടി വീഴ്ത്തി ആഗരെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച ശരീരം ആശുപത്രി വളപ്പിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഒരു ടാർപോളിൻ ഷീറ്റ് വിരിച്ചു മാടിനെ അറക്കുന്നത് പോലെ പോസ്റ്റ്മോർട്ടം ചെയ്തു വിട്ടു കൊടുത്തു.

അടുത്ത വീട്ടുകാരും ബന്ധുക്കളും ആയി ഒരു നൂറോളം ആളുകൾ മാത്രം. ശവശരീരത്തിനരികിൽ ബോധം കേട്ടു കിടക്കുന്ന ഭാര്യ, ആർത്തലച്ചു കരയുന്ന അമ്മയും മൂത്ത പെൺകുട്ടികളും, എന്നാൽ എന്നെ തളർത്തിയത് എന്റെ ചെറിയ മകളുടെ ഇരിപ്പായിരുന്നു തന്റെ കാൽ മുട്ടുകളിൽ തല ചായിച്ചു കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളംപോലും വരാതെ നാക്ക് പുറത്തോട്ടു തള്ളി കണ്ണു തുറിച്ചു വികൃതമായ ശവത്തിന്റെ കണ്ണുകളിലേക്കു നോക്കി അച്ഛൻ എന്നെ പറ്റിച്ചു കൊണ്ട് കടന്നുപോയി അല്ലേ എന്നു ചോദിക്കുന്നപോലെ അനങ്ങാതെ അവൾ അവസാനം വരെ ഇരുന്നു. അതോർക്കുമ്പോൾ എന്റെ ചങ്ക് പിടയുന്നു സുഹൃത്തേ’

അല്പസമയത്തിനു ശേഷം അയാൾ തുടർന്നു– ‘വൈകിട്ട് അനുശോചന സമ്മേളനം ഉണ്ടായില്ല, ലക്ഷകണക്കിന് രൂപ നഷടപരിഹാരമായി കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ചില്ല, ഭാര്യക്ക് ജോലിയോ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസമോ സർക്കാർ വാഗ്ദാനം ചെയ്തില്ല. ആകെ കളക്ടറുടെ ഓഫിസിൽനിന്നും കൊടുത്തു വിട്ട ധനസഹായത്തിന്റെ തുക അപ്പൊ തന്നെ ഗൗഡറുടെ ഗുണ്ടകൾ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു.’

‘ഒരു ജവാന് വീരമൃത്യു സംഭവിക്കുന്നത് ആ നാടിനു തന്നെ അഭിമാനം ആയിട്ടാണ് കരുതുന്നത്. എന്നാൽ ഒരു കർഷകൻ ആത്മഹത്യ ചെയ്താൽ അയാൾ കർഷകൻ ആയിരുന്നു എന്നു സമ്മതിക്കാൻ പോലും ഭരണാധികാരികൾ തയാറാവില്ല. അതു മിക്കപ്പോഴും മദ്യപനംകൊണ്ടോ കുടുംബപ്രശ്നം കൊണ്ടോ ഉള്ള മരണം മാത്രം ആയിരിക്കും’

വീണ്ടും അവർ മുന്നോട്ടു നടന്നു കൊണ്ടിരുന്നു പിന്നീട് എപ്പോഴോ അയാൾ പ്രസാദിനോട് പറഞ്ഞു–

‘യുദ്ധത്തിൽ ധീര രക്തസാക്ഷി ആയ നിങ്ങൾക്ക് സ്വർഗം തന്നെ ലഭിക്കും, സ്വന്തം കടമ നിർവഹിക്കാത്ത എനിക്ക് നരകവും. നരകത്തിലെ കടുത്ത ശിക്ഷകൾ ഒക്കെ അനുഭവിച്ചു  തീർത്ത് അടുത്ത ജന്മത്തിലെങ്കിലും എനിക്ക് നിങ്ങളുടെ പോലെ ഒരു ധീര ജവാനായി ജനിക്കാൻ കഴിഞ്ഞെങ്കിൽ...’ എന്നു പറഞ്ഞപ്പോഴേക്കും തളർന്നു വീഴാൻ തുടങ്ങിയ ചന്ദ്രന്പിള്ളയെ പ്രസാദ് തന്റെ കരുത്തുറ്റ കൈകളിൽ താങ്ങി ഉയർത്തി അലിവോടെ തന്റെ ശരീരത്തോട് ചേർത്തു നിർത്തി മുന്നോട്ടു നടന്നു....

ഭാരതത്തിൽ രക്തസാക്ഷിത്വം വരിച്ച ഓരോ വീര ജവാന്റെയും വെറും ആത്മഹത്യ കണക്കിൽ മാത്രം ഇടംകൊള്ളേണ്ടി വന്ന ഹതഭാഗ്യരായ കർഷകരുടെയും ആത്മാവിനു നിത്യ ശാന്തി കിട്ടട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്....

Content Summary: Jai Jawan Jai Kisan, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;