ADVERTISEMENT

ശാന്തയും മൈഥിലിയും (കഥ)

 

‘അമ്മേ, ഈ പ്രായത്തിൽ ഇങ്ങനെ ഒരു യാത്ര വേണോ?’

 

‘അതെന്താ മോളെ യാത്രകൾക്ക് പ്രായമുണ്ടോ, സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യുവാനുള്ള പ്രാപ്തി എനിക്കുണ്ട്.’

 

‘അത് ഞങ്ങൾക്കറിയാം അമ്മാ, എന്നാലും ഒറ്റയ്ക്ക് വണ്ടിയോടിച്ചു ഇന്ത്യ മുഴുവൻ കറങ്ങുകയെന്ന് പറഞ്ഞാൽ..’

 

‘അതിനെന്താ കുഴപ്പം, ഒരുപാട് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടുചേർന്നും രാജ്യം മുഴുവൻ യാത്ര ചെയ്യുന്നുണ്ടല്ലോ..’

 

‘അതുപോലെയാണോ ഇത്, ഇതുവരെ ഒറ്റയ്ക്ക് ഒരിടത്തേക്കും പോയിട്ടില്ലാത്ത അമ്മ..’

 

‘ഇതുവരെയും ഒറ്റയ്ക്ക് പോയിട്ടില്ലെന്ന് കരുതി ഇനി പോകാൻ പാടില്ലെന്നുണ്ടോ..’

 

‘അമ്മ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് ?’

 

‘ആരാ വാശി പിടിക്കുന്നത്, ഞാനോ നിങ്ങളോ?’

 

‘ഇപ്പോൾ അമ്മയാണ് വാശി പിടിക്കുന്നത്.’

 

‘ഇത്രയും നാൾ നിങ്ങളുടെയെല്ലാം ഇഷ്ടങ്ങൾക്കൊപ്പം നടന്നതല്ലേ, ഇനി കുറച്ചു ദിവസം സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നത് വാശിയാണോ.’

 

‘അമ്മാ തർക്കിക്കാൻ ഞങ്ങളില്ല, ഇഷ്ടം പോലെയാകാം.’

 

‘ഇനിയെങ്കിലും ഇഷ്ടംപോലെയാകണം.’

 

മകൾ ഒന്നും മിണ്ടാതെ മുറിവിട്ടിറങ്ങി പോയി, ഇന്നലെ മുതൽ തുടങ്ങിയ പരിഭവവും പിണക്കവുമാണ്. അമ്മ വെറും വീട്ടമ്മ മാത്രമാകരുത്, പുറത്തേക്കെല്ലാം ഇറങ്ങണം, പഴയ കൂട്ടുകാരുടെ കൂട്ടായ്മകളിൽ അംഗമാകണം, അവരോടൊപ്പം കറങ്ങണം എന്നെല്ലാം പറഞ്ഞു ഉപദേശിച്ചവളാണ് ഇപ്പോൾ അമ്മയെ അകത്തിരുത്താൻ പെടാപ്പാട് പെടുന്നത്.

 

ഊറിവന്ന ചിരി ചുണ്ടിന്റെ കോണിൽ ഒതുക്കി പതുക്കെ പുറത്തേക്കിറങ്ങി, അടുക്കളയിൽ ശാന്ത തകൃതിയായി പണിയെടുക്കുന്നു. മക്കളെല്ലാം വളർന്നു സ്വന്തം കാര്യം നോക്കാൻ തുടങ്ങിയിട്ടും, അവരുടെ കൂടെ നിൽക്കാൻ തയാറാകാതെ പണിയെടുത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ശാന്തയോട് ചിലപ്പോഴെങ്കിലും അസൂയ തോന്നാറുണ്ട്.

 

‘ചേച്ചി കാശ്മീരിൽ പോകാൻ പോണെന്ന് മോള് പറഞ്ഞു, ശരിയാണോ..’

 

‘ങും, എന്താ ശാന്ത വരുന്നോ..’

 

‘ഓ അതിനുള്ള കാശൊന്നും എന്റെ കൈയിൽ ഇല്ല ചേച്ചി, ഒന്ന് മൂന്നാറിൽ പോകണമെന്ന് വിചാരിച്ചിട്ട് ഇതുവരെയും നടന്നിട്ടില്ല, പിന്നാ കാശ്മീർ. എന്തായാലും ഈ ഓണത്തിന് ഞാൻ മൂന്നാറിൽ പോകും, അയൽക്കൂട്ടത്തിലെ പെണ്ണുങ്ങൾ ടൂർ പോകുന്നുണ്ട്.’

 

‘ആഹാ, കൊള്ളാമല്ലോ അപ്പോൾ അവസരം കിട്ടിയാൽ ശാന്തയും പോകും.’

 

‘പണ്ടത്തെ പോലെയല്ല ചേച്ചി, പിള്ളേരെല്ലാം എല്ലായിടത്തും പോകുന്നുണ്ട്. അപ്പോൾ നമ്മുക്കും പോകാൻ തോന്നും, അവരോട് പറഞ്ഞാൽ കൊണ്ടുപോകും, അങ്ങനെ പോയാൽ നമ്മുടെ പ്രായക്കാരുടെ കൂടെ പോകുന്ന രസം കിട്ടൂല. എന്തായാലും ചേച്ചി പോകാൻ ഉറപ്പിച്ചല്ലോ, ഇനി ഒന്നും നോക്കണ്ട; പിള്ളേർ പലതും പറയും കേൾക്കാൻ നിന്നാൽ നമ്മളീ അടുക്കളയിൽ കിടന്ന് തീരുകയേ ഉള്ളൂ..’

 

ശാന്തയോട് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി, വരാന്തയിലും മുറ്റത്തും ആരെയും കാണാനില്ല. കഴിഞ്ഞ വർഷം വരെ എന്തെല്ലാം പുകിലുകളായിരുന്നു ഈ വീട്ടിൽ, ആളും കൂട്ടവും വാർത്താ സമ്മേളനവും ജാഥയും ഇപ്പോൾ ഇലക്ഷനിൽ തോറ്റതോടെ നേതാവിനെ അണികൾക്ക് പോലും വേണ്ടാതായി.

 

ഏക മകളായിരുന്നിട്ടും, അമ്മയും അച്ഛനും തന്നെ വേണ്ടുവോളം സ്നേഹിക്കാത്തതെന്തെന്ന് പലവട്ടം ആലോചിട്ടുണ്ട്. മകളുടെ ഭാവിയെക്കരുതി എന്ന വ്യാജേന ഹോസ്റ്റലുകളിലും, ബന്ധുവീടുകളിലും തളച്ചിട്ട വിദ്യാഭ്യാസകാലം. പഠനം പൂർത്തിയാക്കി വന്നപ്പോഴേക്കും തിരക്കിട്ടു നടത്തിയ കല്ല്യാണം. കടമ നിർവഹിച്ച അച്ഛനും അമ്മയും അപൂർവമായി പോലും മകളുടെ വീട്ടിലേക്ക് വന്നുപോയില്ല.

 

അങ്ങോട്ട് ചെന്നപ്പോഴൊന്നും, അവരുടെ ലോകത്തേക്ക് പ്രവേശിപ്പിച്ചതുമില്ല. ആൺകുട്ടിയായി ജനിക്കാതിരുന്നതാണ് തെറ്റെന്ന് മനസ്സിലായത് മകൾ പിറന്നപ്പോഴാണ്, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യമായി അച്ഛനും അമ്മയും സ്നേഹത്തോടെ സന്തോഷത്തോടെ സ്വീകരിച്ചു, കൊണ്ടുനടന്നു വേണ്ടതെല്ലാം വാങ്ങിത്തന്നു, ആശുപത്രിയിലും ഡോക്ടറുടെ അരികിലും കാവലിരുന്നു.

 

ഒടുവിൽ മൈഥിലി ജനിച്ചപ്പോഴാണ് അവരെന്താണെന്ന് മനസ്സിലായത്, പാരമ്പര്യം നിലനിറുത്തുവാൻ ആൺകുട്ടികൾ വേണമത്രേ.

 

ഇളയച്ഛന്റെ ആൺമക്കളെ കൂടെകൂട്ടിയ അച്ഛനും അമ്മയും സ്വന്തം മകളെ പടിയിറക്കിയത് പെണ്ണായിപ്പോയത് കൊണ്ടാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. 

 

പെണ്ണായിപ്പോയത് തെറ്റാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല, പെണ്ണായിരിക്കുന്നതിൽ അഭിമാനിക്കുവാൻ ശീലിക്കുകയാണിപ്പോൾ.

 

ഋഷിയും വിഭിന്നനായിരുന്നില്ല, രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി മകനെ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുമാനം; അദ്ദേഹമത് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും.

 

എന്നാൽ മകളെ ഋഷി ഒരിക്കലും അകറ്റി നിറുത്തിയില്ല, അവളുടെ എല്ലാകാര്യങ്ങൾക്കും ഒപ്പം പോയി. അതുകൊണ്ട് തന്നെ മകൾക്ക് അച്ഛനോടാണ് കൂടുതൽ പ്രീയം, അതിൽ തനിക്കും സന്തോഷമേയുള്ളൂ, ജീവിതത്തിൽ താൻ അനുഭവിച്ചിട്ടില്ലാത്ത അച്ഛന്റെ സ്നേഹം മകൾക്ക് ആവോളം കിട്ടുന്നത് കണ്ട് സന്തോഷിച്ചു, സമാധാനിച്ചു.

 

ഒരിക്കൽ മാത്രമാണ് മകളോടും ഭർത്താവിനോടും കയർത്തത്, മകൾ ഒരാളെ പ്രണയിക്കാനിറങ്ങിയപ്പോൾ അവൾ ആദ്യം പറഞ്ഞത് അച്ഛനോടാണ്. ഒരുദിവസം അവനെ കൂട്ടിവന്ന് എന്നെ കാണിച്ചു, അവന്റെ കണ്ണുകളിലെ ആത്മാർഥത മാത്രമാണ് ശ്രദ്ധിച്ചത്. ഒരു മകനെപ്പോലെ പലദിവസവും അവന് ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട്, ഒരിക്കൽ പോലും മകളോട് ഒരു പരിധിക്കപ്പുറം അടുത്തിടപഴകാത്ത അവനെ വിശ്വാസവുമായിരുന്നു.

 

ഒരുദിവസം പൊടുന്നനെ മകൾ അവനെ കുറിച്ചൊന്നും സംസാരിക്കാതെയായി, അവൻ വീട്ടിലേക്ക് വരുന്നതും നിറുത്തി. അവളോട് പലവട്ടം ചോദിച്ചുവെങ്കിലും വ്യക്തമായി മറുപടിയൊന്നും പറഞ്ഞതുമില്ല, ഋഷിയോടും ചോദിച്ചു അദ്ദേഹവും ഒന്നുമറിയില്ലെന്ന് പറഞ്ഞു.

 

രണ്ട് വർഷങ്ങൾക്ക് ശേഷം മകൾക്ക് കല്ല്യാണമാലോചിക്കുവാൻ തുടങ്ങിയതും, അവളുടെ താത്പര്യങ്ങൾക്കനുസരിച്ച് കല്യാണം നടത്തിക്കൊടുത്തതും അദ്ദേഹമാണ്. കല്ല്യാണ ആലോചനക്കിടയിൽ മകളോടും അദ്ദേഹത്തോടും അവനെ കുറിച്ചു തിരക്കി, അവനുവേണ്ടി വാദിച്ചു, കയർത്തു. അതുകൊണ്ടെന്താ, ഒരു കാഴ്ചക്കാരിയുടെ ഭാഗം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ, ഒരു കാര്യത്തിലും എന്റെ ഇഷ്ടങ്ങൾ ചോദിച്ചില്ല, പറഞ്ഞതുമില്ല.

 

എന്റെ കല്ല്യാണത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണമെല്ലാം മകൾക്ക് കൊടുത്തുവെങ്കിലും അവളതൊന്നും വാങ്ങിയില്ല, അച്ഛൻ വാങ്ങി നൽകിയ ഡയമണ്ട് മാലയിലും കമ്മലിലും അവൾ കൂടുതൽ സുന്ദരിയായിരുന്നു.

 

അവൾക്ക് മകൾ ജനിച്ചപ്പോഴും അമ്മയുടെ ആഭരണങ്ങളിൽ താത്പര്യമുണ്ടായില്ല. കുഞ്ഞിന് കാതുകുത്തുവാൻ നേരം എന്റെ കമ്മലുകൾ വിറ്റാണ് രണ്ട് കുഞ്ഞിക്കമ്മലുകൾ വാങ്ങിയത്. അന്നുവരെ ഒന്നിനും വാശി പിടിക്കാത്തത് കൊണ്ടാകും, അമ്മയുടെ വാശിക്ക് മുന്നിൽ മകൾ ആദ്യമായി തോറ്റുതന്നത്.

 

അന്നാ വാശിയുടെ മുന്നിൽ തോറ്റ് തന്നതിൽ അവളിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും, അമ്മയുടെ വാശികൾ തുടങ്ങിയത് അവിടെ നിന്നായിരുന്നല്ലോ..

 

ചെറുമകളെ കുളിപ്പിച്ചും ഉറക്കിയും ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു, ഒരുനേരം പോലും അമ്മമ്മയെ പിരിഞ്ഞിരിക്കാത്ത കുഞ്ഞായി അവൾ മാറിയതിൽ താൻ അഭിമാനിച്ചിരുന്നു. മകൾ വേണ്ടാന്ന് പറഞ്ഞ ആഭരണങ്ങൾ മൂന്ന് വയസ്സുകാരിയായ ചെറുമകൾക്ക് അണിയിച്ചു, അത് കണ്ടാസ്വദിച്ചു.

 

എല്ലാം മാറിയത് പെട്ടെന്നായിരുന്നു, മകളും ഭർത്താവും കൂടി കാനഡയിലേക്ക് കുടിയേറുവാൻ തീരുമാനിച്ചു. എത്രയെല്ലാം കരഞ്ഞു പറഞ്ഞിട്ടും അവളുടെ തീരുമാനം മാറ്റിയില്ല, വിസയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഋഷിയാണ് ഓടി നടന്നത്.

 

ഒടുവിൽ എല്ലാം ശരിയായപ്പോഴാണ് വീണ്ടും ഒറ്റപ്പെടുവാൻ പോവുകയാണെന്ന സത്യം തിരിച്ചറിഞ്ഞത്, കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ, ഏകാന്തത എല്ലാം വീണ്ടും മടങ്ങി വരുവാൻ പോവുകയാണെന്ന തിരിച്ചറിവ് ശരിക്കും തന്നെ ഭ്രാന്തിയാക്കുമെന്ന് ഭയന്നു.

 

അങ്ങനെയാണ് ആദ്യമായി ഒറ്റയ്ക്ക് യാത്ര പോകുവാൻ തീരുമാനിച്ചത്, ആ യാത്ര മുടക്കുവാനാണ് മകളും അവളുടെ അച്ഛനും കൂടി കിണഞ്ഞു പരിശ്രമിക്കുന്നത്. 

 

ഇരുണ്ട അകങ്ങളിലിരുന്ന് ഇരുളടഞ്ഞു പോയ ഒരു സ്ത്രീയുടെ മനസ്സ് പുറത്തെ വെളിച്ചം തേടിയിറങ്ങുമ്പോൾ ഇവരെന്തിനാ ഇത്രയും വേവലാതിപ്പെടുന്നത്.

 

ഇഷ്ടങ്ങളില്ലാതിരുന്നവൾ, പ്രീയപ്പെട്ടവരുടെ ഇഷ്ടങ്ങൾക്കായി മാത്രം ജീവിച്ചവൾ, അവൾക്കാദ്യമായൊരു ഇഷ്ടമുണ്ടാകുമ്പോൾ ഇത്രയും കോലാഹലം ഉണ്ടാകേണ്ട കാര്യമുണ്ടോ.

 

കഴിഞ്ഞ ദിവസം ഋഷിയോട് ബാങ്കിൽ പോകണമെന്ന് പറഞ്ഞു, എതിരൊന്നും പറയാതെ കൂടെ വന്നു. ലോക്കറിൽ ഇരുന്ന ആഭരണങ്ങൾ മുഴുവൻ എടുത്ത് പണയം വെച്ചു, കിട്ടിയ കാശ് അക്കൗണ്ടിൽ തന്നെയിട്ടപ്പോഴാണ് ഋഷി കാര്യം അന്വേഷിച്ചത്.

 

ഇന്ത്യ മുഴുവൻ കാറിൽ യാത്ര ചെയ്യുവാൻ പോവുകയാണെന്ന് പറഞ്ഞു, ഇപ്പോഴത്തെ എണ്ണ വില വെച്ചു നോക്കിയാൽ ഇന്ത്യ മുഴുവൻ കാറിൽ യാത്ര ചെയ്യുവാൻ ഈ കാശ് മാത്രം പോരാ പറമ്പും കൂടി വിൽക്കേണ്ടി വരുമെന്ന് ഋഷി പറഞ്ഞപ്പോൾ അത് തമാശയായി തോന്നിയില്ല.

 

വീട്ടിലെത്തിയപാടെ ഋഷി മകളോട് അമ്മയുടെ യാത്രയുടെ കാര്യം പറഞ്ഞു, രണ്ടുപേരും അതിൽ തമാശ കണ്ടെത്തി ഒരുപാട് നേരം ചിരിക്കുകയും ചെയ്തു.

 

പഴയ ഡ്രൈവിംഗ് ലൈസൻസ് നോക്കി കണ്ടുപിടിച്ചപ്പോഴും, വർഷങ്ങൾക്ക് ശേഷം കാർ ഡ്രൈവ് ചെയ്തപ്പോഴും ഋഷിയും മകളും തമാശ ആസ്വദിക്കുകയായിരുന്നു.

 

എന്നാൽ വസ്ത്രങ്ങൾ അുക്കിവെയ്ക്കുവാനും, യാത്രക്കിടയിൽ താമസിക്കുവാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്യായി ട്രാവൽസിൽ പോകുവാനും തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയെന്ന് അവർക്ക് മനസ്സിലായത്.

 

ആദ്യം മകളും പിന്നെ ഋഷിയും അതുകഴിഞ്ഞു മകളുടെ ഭർത്താവും സംസാരിക്കാനെത്തി, ആരോടും തർക്കത്തിന് നിന്നില്ല.

 

ഋഷി ഒപ്പം വരാമെന്ന് പറഞ്ഞപ്പോൾ, എവിടെയെങ്കിലും കൂടെ കൊണ്ടുപോയിട്ടുണ്ടോയെന്ന ചോദ്യം കൊണ്ട് നേരിട്ടു. മകൾ വിടാതെ കൂടിയിട്ടുണ്ട്, എന്തുവന്നാലും അമ്മയെ തടയും എന്ന മട്ട്.

 

ഇപ്പോൾ വീണ്ടും വന്നിരുന്നു, ചില ചോദ്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ കുറച്ചു ഉത്തരങ്ങളും.

 

‘മോളെ, അമ്മയുടെ പേരെന്താ?..’

 

‘ശാന്ത എന്നല്ലേ, ഇനി അമ്മ അതും മാറ്റിയോ?.’

 

‘വേറെ ഏത് ശാന്തയെ മോൾക്ക് അറിയാം?’

 

‘നമ്മുടെ ശാന്തച്ചേച്ചി ഇവിടുണ്ടല്ലോ, അടുക്കളയിൽ..’

 

‘അതല്ലാതെ വേറൊരു ശാന്തയേയും അറിയില്ലേ, അമ്മ പറഞ്ഞു തന്ന കഥകളൊന്നും ഓർമ്മയില്ലേ?’

 

‘അമ്മാ, ഞാനിപ്പോൾ കഥ കേൾക്കുവാനുള്ള മൂഡിലല്ല.’

 

‘ദശരഥ മഹാരാജാവിനെ അറിയോ?.’

 

‘അറിയാം, അതിനെന്താ?.’

 

‘അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു അറിയോ?.’

 

‘അത് അമ്മയാണോ?.’

 

‘ആണോയെന്ന് ചോദിച്ചാൽ അല്ലാന്ന് പറയാൻ പറ്റില്ല, ഞാനും ഏകദേശം അങ്ങനെയെല്ലാമായിരുന്നു..’

 

‘അതാണോ ഇവിടത്തെ പ്രശ്‌നം?.’

 

‘അതല്ല ഇവിടത്തെ പ്രശ്‌നം, എന്നാലും അമ്മ ആ കഥ പറഞ്ഞു തരാം, ദശരഥന് കൗസല്യയിൽ ജനിച്ച പുത്രിയാണ് ശാന്ത. ജനിച്ചത് ആൺകുട്ടിയല്ലാത്തതു കൊണ്ട് രാജ്യം ഭരിക്കാൻ പുത്രൻ തന്നെ വേണമെന്നു ചിന്തിച്ച മഹാരാജാവ് ശാന്തയെ അംഗരാജാവായ ലോമപാദന് ദത്തുപുത്രിയായി നൽകി. വളർത്തുമകളായ ശാന്തയെ അംഗരാജാവ് ഋഷ്യശൃഗംന് ആശ്രമവധുവായും നൽകി.’

 

‘അമ്മാ, അതും അമ്മയുമായിട്ട് എന്താ ബന്ധം.’

 

‘പേരിൽ മാത്രമല്ല അമ്മയുടെ ജീവിതവും ഏറെക്കുറെ അങ്ങനെയായിരുന്നു, ഇനിയും ആശ്രമാവധുവായി ജീവിക്കാൻ എനിക്കുവയ്യ’

 

‘അതിന് അമ്മയെ ഇവിടെ ആരും അടച്ചുവെച്ചിട്ടില്ലല്ലോ..’

 

‘ഞാൻ സ്വയം അടച്ചിരിക്കുകയായിരുന്നു, ഈ ചങ്ങലകൾ അഴിച്ചൊന്ന് സ്വാതന്ത്രയാകണം.’

 

‘ഇനി അമ്മയുടെ ഇഷ്ടം, ഞങ്ങൾ മറ്റന്നാൾ പോകും.’

 

‘നിങ്ങൾ പോകുന്നതു കാണുവാൻ ഞാൻ കാത്തുനിൽക്കുന്നില്ല, നാളെ രാവിലെ യാത്ര തുടങ്ങുവാനാണ് തീരുമാനം, നിങ്ങളില്ലാത്ത ഈ വീട് എനിക്ക് നരകമാകും. യാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ നിങ്ങളിവിടെ ഉണ്ടെങ്കിൽ നമ്മുക്ക് കാണാം, ഇല്ലെങ്കിൽ മറ്റൊരു യാത്രയുമായി ഞാനെന്റെ ജീവിതം തുടരും.’

 

മറുപടിയില്ലാതെ മൈഥിലി കുറേനേരം ചുറ്റിപ്പറ്റി നിന്നു, പതുക്കെ കൈകളിൽ ചേർത്തുപിടിച്ച അവളുടെ കൈകളിലെ വിറയൽ ഞാനറിഞ്ഞു, ശാന്തയുടെ ഉള്ളറിയാൻ കഴിയുന്നവളായി മാറാൻ അവൾക്കിനിയും ആണ്ടുകൾ വേണ്ടിവരും.

 

Content Summary: Santhayum Maithiliyum, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com