‘ഭാര്യക്ക് നല്ല ആഹാരം നൽകുന്നത് ഞാൻ സ്വപ്നം കണ്ടു, അവൾ കുഞ്ഞിന് മതിയാവോളം മുലപ്പാൽ നൽകുന്നതും’

poor-man
Representative Image. Photo Credit: panitanphoto/ Shutter Stock
SHARE

കാവൽ (കഥ)

‘നീയാണോ ഞാനാണോ ആദ്യം മരിക്കാ’ അയാൾ ചോദിച്ചു. 

അവൾക്ക് ഉത്തരമുണ്ടായിരുന്നില്ല. നരച്ച കടൽതിരകൾ ഇരുണ്ട ആകാശത്തോളം ഉയർന്നു താണു. തണുത്തകാറ്റ് അവരെ തഴുകി ദൂരേക്ക് അകന്നുപോയി. 

‘പറയു, നീയാണോ ഞാനാണോ ആദ്യം മരിക്കാ..’

അയാൾ ചോദ്യം ആവർത്തിച്ചു. 

അവൾ ശബ്‌ദിച്ചില്ല. 

അയാൾ ആർത്താർത്ത് ചിരിച്ചു. അവളുടെ ഉള്ളിൽ നിന്നും ദീർഘനിശ്വാസത്തോടെ ഒരു മുരളിച്ചയുണ്ടായി. 

നീ മരിച്ചാൽ നിന്നെയി കടൽത്തീരത്ത് ഉപേക്ഷിച്ചു കഴിയുന്നത്രയും ദൂരേക്ക് ഞാൻ നടന്നകലും. എനിക്ക്‌ നിന്റെ ജീർണ്ണിച്ച് അഴുകിയ ഉടലിന് കവലിരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാക്കകൾ നിന്റെ ശരീരം കൊത്തി വലിക്കും. ആളുകൾ മൂക്കുകൾ പൊത്തി നിനക്ക് മുന്നിലൂടെ കടന്നുപോകും. തെരുവ് നായ്ക്കൾ നിന്റെ ശരീരം പലഭാഗങ്ങളായി വലിച്ചിഴച്ചു കൊണ്ടുപോകും. 

അവൾ കടൽകാറ്റിന്റെ പുതപ്പിനുള്ളിൽ ഒന്ന് ചുരുണ്ട് മടങ്ങി. ഒട്ടി ഉണങ്ങിയ ദേഹത്ത് എല്ലിൻ കൂടുകൾ തെളിഞ്ഞു കണ്ടു. 

അയാൾ കൈവിരലുകൾ കൊണ്ട് മണലിൽ എന്തോ എഴുതി. അവ്യക്തമായ അക്ഷരങ്ങൾ. ഒരു ഭ്രാന്തൻ കവിയുടെ താളബോധമില്ലാത്ത പാട്ടുകൾ പോലെ അയാളുടെ ചുണ്ടുകൾ ഉറക്കെ പാടി 

‘‘ഈ വഴിയോ എനിക്ക്‌ വ്യക്തമല്ല 

ഈ ദിശയിൽ എനിക്ക്‌ വെളിച്ചമില്ല, 

മോക്ഷമില്ലാത്ത അലച്ചലിൽ നിന്നും 

ജീവിതമേ വിട തരികെ....’’

അവളുടെ കണ്ണുകൾ അയാളെ ദയനീയമായി നോക്കി. ഭൂമിയിൽ നിന്നും വേരറ്റു പോയ പാഴ്മരം പോലെ അയാളുടെ ചില്ലകൾ കരിഞ്ഞു ഉണങ്ങി പോയിരിക്കുന്നു. അയാൾ എന്നോ മരിച്ചുപോയ മൃതശരീരം മാത്രമാണെന്ന് അവൾക്ക് തോന്നി. അവളുടെ കാഴ്ച്ചകളിലേക്ക് ഒന്ന് അമർത്തി ചിരിച്ചു കൊണ്ട് അയാൾ വീണ്ടും ചോദിച്ചു. 

പക്ഷേ ഞാൻ മരിച്ചാൽ നീയെന്ത് ചെയ്യും...? 

ആകാശത്തിന്റെ ഇരുണ്ട മേഘപാളികൾ ഒന്നിളകി. അവൾക്ക് തണുപ്പ് തോന്നി. ഉത്തരമില്ലാതെ അവൾ കിടന്നു. 

അയാൾ തുടർന്നു. 

ഞാൻ മരിച്ചാൽ, എന്നെ ഉപേക്ഷിച്ചു നീ കടന്നുപോകരുത്. കാക്കകൾ എന്റെ ശരീരം പങ്കിടരുത്. തെരുവ്നായ്ക്കൾ എന്നെ ആർത്തിയോടെ കടിച്ചു വലിക്കരുത്.. ആളുകൾ മൂക്കുകൾ പൊത്തിയും, കാർക്കിച്ചും എന്റെ ശരീരത്തെ അപാമാനിക്കരുത്. പകരം നീ എന്നെ ഭക്ഷിക്കണം. 

അവൾ ചെവികൾ നന്നേ താഴ്ത്തി. മുഖം മണലിന്റെ കണ്ണീർ നനവിലേക്ക് പൂഴ്ത്തി വച്ചു. 

അയാൾ അവളുടെ തലയിൽ തലോടി. 

എനിക്ക്‌ ശേഷം നീ പുതിയ യജമാനനെ തേടി പോകണം. പഴയ യജമാനൻ നിനക്ക് എന്ത് തന്നെന്നു ചോദ്യമുണ്ടായാൽ, യജമാനൻ സ്വന്തം ശരീരം നൽകിയാണ് എന്റെ വിശപ്പ് അകറ്റിയതെന്ന് മറുപടി പറയണം. 

അയാൾ ഉറക്കേ ചിരിച്ചു. തിരമാലകൾ പാതിവഴിയേ തിരികെ പോയി. 

അയാൾ സംസാരിച്ചുകൊണ്ടേയിരുന്നു... 

എനിക്കൊരു കുഞ്ഞുണ്ടായിരുന്നു. എനിക്കൊരു ഭാര്യയുമുണ്ടായിരുന്നു. മേൽക്കൂരക്ക് ബലമില്ലാത്ത വീടുണ്ടായിരുന്നു. തൊട്ടിലിൽ കിടന്ന് കുഞ്ഞ് കരയുമ്പോൾ ഭാര്യ ഓടി വന്ന് അവളുടെ ശോഷിച്ച മുലകൾ കുഞ്ഞിന് നൽകും. കുഞ്ഞ് കരച്ചിൽ അവസാനിപ്പിക്കുമ്പോൾ അവൾ സങ്കടങ്ങൾ എണ്ണി കരഞ്ഞു തുടങ്ങും. 

‘എന്തൊരു ജീവിതമാണ്...?’ ഭാര്യ ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. 

‘എന്തേ, നിനക്ക് ഞാൻ ഇന്നത്തേക്കുള്ള ഭക്ഷണം നൽകിയില്ലേ... മുലകൾ വറ്റിയില്ല കുഞ്ഞും വിശപ്പ് അടക്കിയില്ലേ...?’

ഒരു ഭ്രാന്തിയുടെ അംഗചെയ്തികളോടെ അവൾ തലയിൽ ആഞ്ഞുതല്ലും. മുടികൾ പിച്ചി വലിക്കും. 

ഞാൻ പലവക ജോലികൾ ചെയ്യാൻ ശ്രമിച്ചു. ഭാര്യയും കുഞ്ഞും സന്തോഷത്തോടെയിരിക്കണമെന്ന് മാത്രം ആഗ്രഹിച്ചു. ജീവിതം ഏട് അറ്റുപോയ പുസ്തകം പോലെ ചിന്നി ചിതറി കിടന്നു. പേജുകൾ ക്രമമായി ചിട്ടപ്പെടുത്താൻ എനിക്ക് കഴിയാതെ വന്നു. തെരുവിന്റെ മൂലക്ക് രോഗവും ദാരിദ്ര്യവും മാത്രമുള്ള ഒരു കൂട്ടം മനുഷ്യർക്കിടയിൽ നിന്നും ഞാൻ ഒരിക്കലും വളർന്നില്ല. എന്റെ സമ്പാദ്യം മൂന്നക്കം തികഞ്ഞിരുന്നോ...? 

അറിയില്ല.... 

എങ്കിലും ഞാൻ ഭാര്യയെ നല്ല വസ്ത്രങ്ങൾ ധരിപ്പിക്കുന്ന സ്വപ്നങ്ങൾ കണ്ടു. അവൾക്ക് മികച്ച ആഹാരങ്ങൾ നൽകി. ശരീരം പുഷ്ട്ടിപ്പെട്ടപ്പോൾ അവൾ കുഞ്ഞിനെ മടിയിൽ കിടത്തി മതിയാവോളം മുലപ്പാൽ നൽകി. എന്നിട്ടും എന്റെ കുഞ്ഞ് വിശന്നു മരിച്ചു. കുഞ്ഞ് മരിച്ചു കിടക്കുമ്പോൾ വെളുത്ത പാൽ പോലെ അവന്റെ ചുണ്ടുകളിൽ നുരയും പതയും ഉണങ്ങി പിടിച്ചു നിന്നു. ഭാര്യ അവളുടെ അവശേഷിക്കുന്ന കീറാത്ത സാരി നനച്ചു കുഞ്ഞിന്റെ ചുണ്ടുകൾ തുടച്ചെടുത്തു. കുഞ്ഞിനൊപ്പം അവളും മരിച്ചു കിടന്നു. 

ആളുകൾ പറഞ്ഞു അവർ വിശന്നു മരിച്ചെന്ന്. ഭ്രാന്തൻ അവരെ പട്ടിണിക്കിട്ട് കൊന്നെന്ന്. അത്‌ കേട്ടപ്പോൾ ഞാൻ മരിച്ചു കിടക്കുന്ന ഭാര്യയെയും കുഞ്ഞിനേയും മറന്നു. അവരെ ഞാൻ ആഹരിപ്പിച്ചിരുന്നില്ലേ..? എനിക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അടുപ്പ് തണുത്ത് വിറങ്ങലിച്ചു കിടന്നിരുന്നു. പാത്രങ്ങളും മാറാല കെട്ടി കിടന്നു. ഭാര്യയുടെ കീറാതെ ശേഷിച്ച സാരിയിൽ അവൾ കെട്ടിതൂങ്ങിയിരിക്കുന്നു. കുഞ്ഞ് വിശന്നു മരിച്ചിരിക്കുന്നു. 

ആളുകൾ കാൺകെ ഞാൻ പൊട്ടി പൊട്ടി ചിരിച്ചു. ചിരി നിർത്തണമെന്നും അലറി കരയണമെന്നും അതിയായി ആഗ്രഹിച്ചു. സാധിച്ചില്ല. എനിക്ക്‌ അടക്കാൻ കഴിയാത്ത നിലക്കാത്ത അട്ടഹാസം എന്റെയുള്ളിൽ നിന്നും വന്നുകൊണ്ടേയിരുന്നു. 

മേൽക്കൂരക്ക് ബലമില്ലാത്ത വീടിനുള്ളിൽ ഞാൻ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നടന്നു. അവരുടെ മൃതദേഹങ്ങൾ അവിടെ കിടന്ന് മുളപൊട്ടി വലിയ വൃക്ഷമാകുന്നത് ഞാൻ സങ്കല്പിച്ചു. 

ഞാൻ തെരുവുകളിൽ അലഞ്ഞു. പാതയോരങ്ങളിൽ ഉറങ്ങി. കഴിക്കാനും കുടിക്കാനും മറന്നു. വസ്ത്രങ്ങൾ അഴിഞ്ഞുപോയി പക്ഷേ എന്റെ നഗ്നത ആരും ശ്രദ്ധിച്ചില്ല. 

നീയൊഴിച്ച്. 

നിന്നെ ആളുകൾ വിളിച്ചത് ഭ്രാന്തൻ നായയെന്നാണ്.....

അവർ പലവട്ടം നിന്നെ തല്ലികൊല്ലാൻ ശ്രമിച്ചു. എന്നെ ആട്ടിപ്പായിച്ചു. കൊലചെയ്യപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നിട്ടും ഇരുകാലിൽ നിവർന്നു നിൽക്കുന്ന ജീവി എന്ന പരിഗണനയിൽ അവർ എനിക്ക്‌ ഇളവ് അനുവദിച്ചു കൊണ്ടേയിരുന്നു. 

മനുഷ്യനോ മൃഗമോ ഭ്രാന്ത് വന്നാൽ ലോകം അവരെ ഉപേക്ഷിക്കും.... പക്ഷേ ലോകം ധൂർത്ത് ഉപേക്ഷിക്കില്ല ആഡംബരങ്ങൾ ഉപേക്ഷിക്കില്ല. പട്ടിണി കിടക്കുന്നവന്റെ മുന്നിലേക്കവർ ധൂർത്തിന്റെ എല്ലിൻ കഷ്ണങ്ങൾ വലിച്ചെറിയും. അനാഥനായ കുഞ്ഞിനു മുന്നിലിരുന്ന് സ്വന്തം കുഞ്ഞിനെ ലാളിക്കും. വിധവയായ സ്ത്രീക്ക് സമീപമിരുന്ന് പ്രേമഭാജനത്തിന്റെ സൗന്ദര്യത്തെ വർണ്ണിക്കും. രോഗശയ്യയിലായ മനുഷ്യന് ആരോഗ്യത്തിന്റെ മേന്മകൾ വിവരിച്ചു കൊടുക്കും... 

സത്യത്തിൽ ആർക്കാണ് ഭ്രാന്ത്..? 

ഈ ലോകത്തിനല്ലേ മുഴുത്ത ഭ്രാന്ത്. ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഞാനെന്ന ഭാവത്തിന്റെ ഭ്രാന്ത്. 

അവൾ മുരണ്ടു.... എപ്പോഴൊക്കെയോ ആഴത്തിലേറ്റ മുറിവുകൾ നാവ് കൊണ്ട് നനച്ച് തുടച്ചു. അവൾക്ക് ആരോടും പ്രതികാരമുണ്ടായിരുന്നില്ല. അല്ലെങ്കിൽ അവളുടെ ഓർമകളിൽ മുറിവേൽപ്പിച്ച മനുഷ്യർക്ക് മുഖമില്ല. വിശപ്പിന്റെ മൂർച്ഛിച്ച ഘട്ടത്തിലാണ് അവൾ മനുഷ്യരെ തേടി നടന്നിരിക്കുന്നത്. ആഹാരം എറിഞ്ഞു തന്ന എണ്ണിച്ചുട്ടയെണ്ണം മനുഷ്യർക്ക് മാത്രമാണ് അവൾക്കുള്ളിൽ മുഖമുള്ളത്. 

മുഖമില്ലാത്ത ചുരുക്കം ചില മനുഷ്യരെ അവൾ കടിച്ചു കീറിയിട്ടുണ്ട്. അതിൽ ഒരുവന്റെ മാംസത്തിന് പിച്ചി ചീന്തി എറിയപ്പെട്ട പെൺശരീരത്തിന്റെ മണമുണ്ടായിരുന്നു. ഒരു രാത്രിയിലാണ് തെരുവിന്റെ ആരും കാണാത്ത മൂലക്ക് പേ പിടിച്ച മൂന്നോ നാലോ ആൺശരീരങ്ങൾ ഒരു പെൺശരീരം വലിച്ചിഴച്ചു കൊണ്ടുവന്നത്. ആരും ശ്രദ്ധിക്കപ്പെടാൻ സാധ്യതകളില്ലാത്ത ഞെരുക്കം മാത്രമായി പെൺശരീരം കരഞ്ഞു കൊണ്ടേയിരുന്നു. അവൾ ഇരുട്ടിന്റെ ഭയാനകതയിലേക്ക് നോക്കി ഭ്രാന്തമായി കുരച്ചു. നാശം നായയെന്ന് പുലമ്പികൊണ്ടൊരുവൻ അവൾക്കരികിലേക്ക് മുഴുപ്പമേറിയ കല്ലുമായി വന്നു. കല്ല് എറിയപ്പെട്ടതിലും വേഗത്തിൽ ഒരു അലർച്ചയോടെ അവൾ അയാളുടെ ദേഹത്തേക്ക് ചാടി വീണു. അയാളുടെ ദുഷിച്ച ശരീരത്തിൽ നിന്നും അവൾക്കാവും വിധം പറിച്ചെടുത്തു. അയാൾ നിലവിളികൾ ഉയർത്തി കൊണ്ട് എങ്ങോട്ടോ ഓടി അകന്നു. അവൾ നിലക്കാതെ കുരച്ചു..... ഇരുട്ടിന്റെ ഭയാനത ശൂന്യമാവും വിധം കുരച്ചു. ആൺശരീരങ്ങൾ ഓടിയകന്നു. പെൺശരീരം തനിച്ചായി. ഈച്ചകൾ വട്ടമിട്ട് പറക്കും വരെ അവൾ ആ ശരീരത്തിന് കാവലിരുന്നു. 

അയാൾ നനഞ്ഞ മണലിൽ നീണ്ടു നിവർന്ന് കിടന്നു. ഏതോക്കെയോ ഓർമകളുടെ വഴിയിൽ നിന്നും തിരികെ നടന്ന് അവളും അയാൾക്കരികിൽ ഇരുന്നു. അയാളെ കണ്ടുമുട്ടുമ്പോൾ അവളുടെ ദേഹത്ത് നൂൽകമ്പികൾ വലിഞ്ഞു മുറുകികൊണ്ട് ആഴത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു. ആ സമയം ദയാവധവും പ്രതീക്ഷിച്ചുകൊണ്ട് ദുർഗ്ഗന്ധം പരത്തി അവൾ തെരുവുകൾ തോറും അലയുകയായിരുന്നു. ആട്ടി പായിച്ച ധാരാളം മനുഷ്യർക്ക് ഇടയിൽ പാതിനഗ്നനായ ഒരു മനുഷ്യൻ മാത്രം അവളുടെ മുറിവിൽ നിന്നും നൂൽക്കമ്പിയെ അറുത്തുമാറ്റി. അവൾ നന്ദിയോടെ അയാളെ നോക്കി. അയാളുടെ ചളി പുരണ്ടകാൽപാദങ്ങളെ നക്കിതുടച്ചു. സ്നേഹത്തിന്റെ മുരളിച്ചകൊണ്ട് അവൾ ചുറ്റും നടന്നു. 

അയാൾ നിശബ്ദത മുറിച്ചില്ല. ദൂരെ ആകാശത്ത് നിന്നും കാക്കകൾ ഒരു മരണം മണത്തറിഞ്ഞു. അവർ മരണത്തിന് ചുറ്റും വട്ടമിട്ട് പറന്നു. സമയങ്ങൾ നീങ്ങി അകലും തോറും മരണത്തിന്റെ തണുത്ത ഗന്ധം കടലിൽ കലർന്നു. ദിവസങ്ങൾ രാത്രിയിലേക്ക് പ്രവേശിക്കുകയും, പകലിലേക്ക് ഇറങ്ങി നടക്കുകയും ചെയ്തു. 

മുഖമില്ലാത്ത ഒരു കൂട്ടം മനുഷ്യർ മൂക്കുകൾ പൊത്തിയും കാർക്കിച്ചു തുപ്പിയും കടന്നുപോയി. കാക്കകളും കഴുകന്മാരും അവളെ ഭയന്നെന്നോണം തങ്ങളുടെ പങ്കും പ്രതീക്ഷിച്ചു മാറി നിന്നു. 

മുഖമുള്ള കുറച്ച് മനുഷ്യർ മാത്രം കടന്നുവന്നു. അവർ മരണത്തെ കൊണ്ടുപോയി. 

അവൾ തനിച്ചായി..... കാക്കകൾ നിരാശയോടെ അവളെ നോക്കി. ഈ ഏകാന്തതയെ മറികടക്കാൻ അയാൾ അവൾക്ക് വേണ്ടി ഒന്നും ഉപേക്ഷിച്ചു പോയിട്ടില്ല. അവളും കടൽകരയുടെ മാറിൽ ചെരിഞ്ഞു കിടന്നു. തിരകൾ വരികയും പോകുകയും ചെയ്തു പക്ഷേ പോയവയൊന്നും തിരികെ മടങ്ങുന്നില്ലെന്ന് അവൾക്ക് തോന്നി. ഓരോ തിരയും പുതിയതാണ്. ഒന്ന് തൊട്ട് മറ്റെങ്ങോ അകലുന്ന തിര വീണ്ടും കരയെ കാണുകയെന്നൊന്നില്ല.... 

അവൾ കണ്ണുകൾ അടച്ചു........ 

കാക്കകളും കഴുകന്മാരും ആകാശത്ത് നിന്നുമിറങ്ങി വന്നു. ശരീരം തണുത്ത് അഴുകി തുടങ്ങും വരെ അവർ അവൾക്ക് ചുറ്റും മത്സരബുദ്ധിയോടെ കാവലിരുന്നു..... 

Content Summary: Kaval, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA
;