ADVERTISEMENT

അയാൾ (കഥ)

 

ചാണകം പുരണ്ട കൈകൾ ഉടുമുണ്ടിലേക്കൊന്നു തുടച്ച് അടുപ്പിനരുകിൽ വാർത്തു വച്ച കഞ്ഞിക്കലത്തിനടുത്തേയ്ക്ക് കൊരണ്ടി വലിച്ചിട്ട് അയാളിരുന്നു.

 

അതേയിരിപ്പിൽ കൈനീട്ടി അടുപ്പിലെ ചാരം മൂടിയ കനലുകൾ ഇളക്കി രണ്ട് വറ്റൽമുളക് ചുട്ടെടുത്തു. ചോറ്റുകലം നിവർത്തി വച്ച് അടച്ചൂറ്റിപ്പലക മാറ്റി നാലു പിടി വാരി അരിക് തേഞ്ഞ വെള്ളപ്പിഞ്ഞാണത്തിലിട്ടു. വയറ്റിൽ തീയെരിയുന്നുണ്ട്, കാലത്തുമുതൽ ഒന്നും കഴിച്ചതല്ല.

 

അതയാൾക്കുള്ളതാണ്, ആ കലത്തിലെ ചോറ്. രണ്ട്  ഉണക്കമീൻ ചുട്ടതു കൂടി ഉണ്ടായിരുന്നെങ്കിൽ അതത്രയും ഒരിരിപ്പിന് അയാളുണ്ടേനെ..

 

‘‘അതിനെങ്ങനാ, കഴിഞ്ഞ ആഴ്ച ചന്തയിൽ നിന്നും വാങ്ങിയ മീൻ പൊതിയോടെയല്ലേ ആ നശിച്ച പട്ടി കടിച്ചെടുത്തു കടന്നു കളഞ്ഞത്.’’ അന്നാ പട്ടിയെ മൺവെട്ടി കൊണ്ട്  കൊത്തി നുറുക്കിയിട്ടും അയാൾക്ക് കലിയടങ്ങിയിരുന്നില്ല..

 

ഒന്നോർത്താൽ അതും നന്നായി, കാര്യം വീട്ടിലെ പട്ടി ആണെങ്കിലും മീൻ പോയപ്പോഴാ തനിസ്വഭാവം മനസ്സിലായത്..

 

പാടത്ത് നാട്ടിയുണ്ട്. കാലത്ത് അയാൾക്കുള്ള ചോറും വാർത്ത്‌ വച്ച്, ശകലം പഴങ്കഞ്ഞിയും കുടിച്ചു  പാടത്തിറങ്ങിയതാണ് അയാളുടെ ഭാര്യ. അവൾ വരാനിനി വൈകുന്നേരമാകും. 

 

രണ്ടാൺമക്കളുള്ളത് പള്ളിയോ പള്ളിക്കൂടമോ കണ്ടിട്ടില്ല. പകലൊക്കെ അവർ എവിടെയാണെന്ന് അയാൾക്കൊരു രൂപവുമില്ല. അല്ലെങ്കിലും അതൊന്നും അന്വേഷിക്കേണ്ടത് അപ്പന്റെ ചുമതല അല്ലെന്ന് അയാൾക്ക് നിശ്ചയമുണ്ട്.

 

ഏതെങ്കിലും പാടത്തോ പറമ്പിലോ കാലിമേയ്ക്കുന്ന പിള്ളേർക്കൊപ്പം കാണും. അല്ലെങ്കിൽ കൊരവച്ചെളി കൊണ്ട് ഗോലികൾ ഉണ്ടാക്കി വെയിലത്തുണക്കി തെറ്റാലിയിൽ വച്ച് പക്ഷികളെ ഉന്നം വയ്ക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ ആത്തിക്കണ്ടത്തിലോ പാറത്തോട്ടിലോ ഞണ്ടോ മീനോ പിടിച്ചു നടക്കുന്നുണ്ടാകും.

 

‘‘അല്ലേലും അവന്മാർക്ക് വീടെന്നോ അപ്പനെന്നോ അമ്മയെന്നോ വല്ല വിചാരോം ഒണ്ടോ’’ അയാൾ കൂടെക്കൂടെ അരിശപ്പെടും.

 

പ്രഭാതങ്ങളിൽ അയാൾ അയൽ വീടിന്റെ ഉമ്മറത്തിണ്ണയിൽ ചെന്നിരുന്നു. അവിടത്തെ ഗൃഹനാഥനോട് ലോക ഗതിയെക്കുറിച്ചു പരിഭവിച്ചു. അവിടെ നിന്നും കിട്ടുന്ന ചായയും പലഹാരവും ഒരവകാശം പോലെ ആസ്വദിച്ചു. മടങ്ങുമ്പോൾ പതിവ് പോലെ ആരും കാണാതെ ആ വീട്ടിലെ കളത്തിലുണങ്ങാനിട്ടിരിക്കുന്ന കാപ്പിക്കുരു ഓരോ പിടി വാരിയെടുത്തു.. 

 

അസാധാരണമായ നീളവും വലിപ്പവും ആയിരുന്നു അയാളുടെ കൈകൾക്ക്. അവ നഖങ്ങൾ നീണ്ടു വളർന്നും സദാ വൃത്തിഹീനങ്ങളായും ഇരുന്നു.. കുളിക്കുക, കൈകഴുകുക, വൃത്തിയുള്ള ഉടുപ്പ് ധരിക്കുക എന്നിങ്ങനെയുള്ള പരിഷ്ക്കാരങ്ങളൊന്നും ഒരിക്കലും  അയാളെ ബാധിച്ചതേയില്ല.

 

വേദനകളും വിഷമങ്ങളും അയാളെ സ്പർശിക്കാതെ കടന്നുപോയി. മഞ്ഞിലും മഴയിലും വെയിലിലും അയാൾക്കൊരേ ഭാവമായിരുന്നു. 

 

ദീനം വന്നും വീടിനു തീ പിടിച്ചുമൊക്കെയാണ് അയാൾക്ക് ആദ്യഭാര്യയും മക്കളും നഷ്ടപ്പെട്ടത്.

ഏറെ വൈകാതെ തന്നെ അയാൾക്കൊരു പുതിയ വീടും ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടായി.

 

അയാളൊരിക്കലും കള്ള് കുടിക്കുകയോ ചീട്ട് കളിക്കുകയോ അന്യരോട് തല്ലുണ്ടാക്കുകയോ ചെയ്തില്ല. എങ്കിലും വൈകുന്നേരങ്ങളിൽ ഒന്നും രണ്ടും പറഞ്ഞു ഭാര്യയോട് വഴക്കിടുകയും അവരെ കുനിച്ചു നിർത്തി മുതുകത്ത് ഇടിക്കുകയും ഇടി കൊണ്ട ഭാര്യ വേലിപ്പത്തൽ വലിച്ചൂരി അയാളെ അടിക്കുകയും ചെയ്തു വന്നു.

 

ഇത്തരം സന്ദർഭങ്ങളിൽ പേടിച്ചു നിലവിളിച്ച് പാഞ്ഞെത്തുന്ന അയൽക്കാരെ അതിശയിപ്പിച്ചു കൊണ്ട് പിറ്റേന്ന് കൊച്ചു വെളുപ്പാൻ കാലത്ത് അവർ  ഇണക്കുരുവികളെപ്പോലെ ചേർന്നിരുന്നു തീ കാഞ്ഞു.

 

ആശുപത്രിയോ മരുന്നോ ഒരിക്കലും അയാളുടെ ജീവിതത്തിന്റെ ഭാഗമായില്ല. തൊഴുത്തിലെ മുളംകഴുക്കോലിൽ തട്ടി തല പിളർന്നപ്പോൾ അയാളാ മുറിവിൽ തേയിലയും പഞ്ചസാരയും വാരിയിട്ടു മുറിവുണക്കി, കാലിലെ വളംകടിയ്ക്ക് ഉപ്പും കാന്താരിയും അരച്ചിട്ടു.

 

അയാൾക്ക് ആരോടും ഇഷ്ടമോ അനിഷ്ടമോ ഉണ്ടായില്ല. ആരോടും ചിരിക്കുകയോ സൗഹാർദ്ദത്തോടെ സംസാരിക്കുകയോ ചെയ്തില്ല. നിറയെ പപ്പായയും പേരയും കായ്ച്ചു കിടന്ന അയാളുടെ പറമ്പിൽ കടക്കാൻ കുട്ടികളാരും ധൈര്യപ്പെട്ടില്ല. 

 

കാര്യ ഗൗരവമില്ലാത്ത മൂത്ത മകനെ വിവാഹം കഴിപ്പിക്കും വരെ ആ ജീവിതത്തിൽ അസാധാരണമായി ഒന്നും സംഭവിച്ചില്ല. പരിഷ്കാരിയായ മരുമകൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്തിനെന്നും ആവീട്ടിൽ അവൾക്ക് എന്തായിരുന്നു ഒരു കുറവെന്നും ജീവിതത്തിൽ ആദ്യമായി വാങ്ങിയ വെളുത്ത പോളിയെസ്റ്റർ മുണ്ടിൽ മകൻ എന്തിന് ജീവിതം അവസാനിപ്പിച്ചുവെന്നും  അയാൾക്ക് മനസ്സിലായില്ല..

 

‘‘ഹോ, എന്നാലും ആ പോളിസ്സർ മുണ്ട്, അവന് അതേൽ തന്നെ  തൂങ്ങാൻ തോന്നിയല്ലോ, അവന്റെ അനിയനൊരുത്തൻ ഇവിടുള്ളത് ഓർത്തില്ലല്ലോ’’ അയാൾ പരിതപിച്ചു. 

 

അങ്ങേതിലെ മേരിച്ചേച്ചിയെ കെട്ടിപ്പിടിച്ച്‌ ‘‘എന്റെ രണ്ടു കണ്ണുള്ളതിൽ ഒന്ന് പോയെടി മേര്യേ’’ ന്ന് വാവിട്ടു കരഞ്ഞ ഭാര്യയോടയാൾ കയർത്തു,

‘‘നിനക്ക് മാത്രേ ഒള്ളോടി, എനിക്കുമില്ലേ കണ്ണ് ’’.

 

അന്നാദ്യമായാ കണ്ണുകൾ നിറയുന്നത്, ആശ്രയമില്ലാതെ നെഞ്ചിൽ കൈവച്ചയാൾ വിതുമ്പിയത് അവിശ്വാസത്തോടെ, അതിലേറെ ആശ്ചര്യത്തോടെ ആളുകൾ കണ്ടു നിന്നു...

പള്ളിപ്പുറമ്പോക്കിലൊരുങ്ങിയ തെമ്മാടിക്കുഴിയിലപ്പോൾ  പുതുമണ്ണിനെ നനച്ചെത്തിയ മഴത്തുള്ളികൾ ആർത്തലച്ചു പെയ്യാൻതുടങ്ങിയിരുന്നു...

 

Content Summary : Ayal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com