ADVERTISEMENT

യക്ഷി ജീവിതം ! (കഥ)

 

അവൾ ഉറപ്പിച്ചു; ഇനിയൊന്നും ആലോചിക്കാനില്ല യക്ഷിയാകണം. അടുക്കളയും, കിടപ്പുമുറിയും, വരാന്തയും, മുറ്റവും, കുളിമുറിയും മാത്രമായുള്ള ജീവിതം മടുത്തു. ചങ്ങലകെട്ടുകൾ പൊട്ടിച്ചെറിയണം, നാലുചുവരുകൾക്ക് പുറത്തിറങ്ങി പൊട്ടിച്ചിരിക്കണം.

 

തൊട്ടരികിൽ അയാളുണ്ട് ചെന്താമരാക്ഷൻ. മംഗല്യസൂത്രത്തിൽ കുടുക്കി അടിമയാക്കി സേവ ചെയ്യിക്കുന്ന താന്ത്രികൻ. അയാളുടെ കഴുത്തിൽ പല്ലുകളാഴ്ത്തി നീലിയെപ്പോലെ ചോര കുടിച്ചാലോ?.

 

വേണ്ട, ഇന്നലെ വലിച്ചു കയറ്റിയ ഏതോ മദ്യത്തിന്റെ വാട അയാളെ പൊതിഞ്ഞു കിടപ്പുണ്ട്. അതിലിത്തിരിയെങ്കിലും അയാളുടെ ചോരയിൽ കലർന്നിട്ടുണ്ടാകും. ആ ചോര കുടിച്ചു മദ്യാസക്തയായി തീരുന്നതിലും നല്ലത്, അയാളെ അവഗണിക്കുകയാണ്.

 

പതുക്കെ എഴുന്നേറ്റു, കാലുകൾ എടുത്തുവെച്ച് മുറി വിട്ടിറങ്ങി. ഉപ്പൂറ്റി വേദന കാരണം കാലുകൾ നിലത്തുറപ്പിച്ച് നടക്കാൻ കഴിയുന്നില്ല. യക്ഷികളുടെ പാദങ്ങൾ നിലത്തുറയ്ക്കാറില്ലെന്ന സത്യം മനസ്സിലിട്ടിളക്കി വേദനയെ മറികടന്നു.

 

മുടി കെട്ടാൻ പാകത്തിലുയർന്ന കൈകളെ ശാസിച്ചു നിറുത്തി. വിടർത്തിയിട്ട പാറിപ്പറക്കുന്ന മുടികളാണ് യക്ഷിയുടെ സ്വത്വമെന്നവൾ ഓർമ്മപ്പെടുത്തി.

 

മുഖം കഴുകുന്നതിനിടയിൽ നെറ്റിയിലൂടെ കവിളിലേക്ക് പടർന്ന സിന്ദൂരം നൽകിയ രൗദ്രഭാവം മനസ്സിലേക്കാവാഹിച്ചു അടുക്കളയിലേക്ക് കയറി.

 

കൂടിക്കിടക്കുന്ന എച്ചിൽ പാത്രങ്ങളുടെ മുകളിൽ വിഹരിച്ചു കൊണ്ടിരുന്ന പല്ലികളും പാറ്റകളും അവളെ കണ്ടതും നിലംതൊടാതെ പായാൻ തുടങ്ങി, നിലതെറ്റിയ ഒരു ചിലന്തി കൺമുൻപിൽ പറന്നിറങ്ങി പൊട്ടിയ വലയിലൂടെ പാഞ്ഞു കയറിപ്പോയി.

 

അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു.

 

ഇന്നലെ വരെ ഭയപ്പെടുത്തിയിരുന്നവയെല്ലാം ഇന്ന് തന്നെ ഭയക്കാൻ തുടങ്ങിയിരിക്കുന്നു. നോക്കി നിൽക്കെ; അടുക്കളയുടെ ചുവരുകൾ മാഞ്ഞു മാഞ്ഞു പോയി. കരിമ്പനയും, അരയാലും, ഏഴിലംപാലയും തലയുയർത്തി കൈകൾ വീശി അവളെ സ്വീകരിച്ചു.

 

അടുക്കളയുടെ ചുവരുകൾ പിളർന്നിറങ്ങിയ മരങ്ങൾ നിമിഷനേരം കൊണ്ടാണ് കാടായി മാറിയത്.

 

കാലിനരികിലൂടെ പുളഞ്ഞൊഴുകാൻ തുടങ്ങിയ കാട്ടാറിലേക്കവൾ പദങ്ങളെടുത്തു വെച്ചു. മാനുകളും, മയിലുകളും, മുയലുകളും അവളോടൊപ്പം ചലിക്കാൻ തുടങ്ങി.

 

കാതിലേക്ക് പാറി വീണ വേണുനാദം ഒരു നിമിഷം മനസ്സിളക്കിയതാണ്, അതുകേട്ട് ഉയർന്നുപൊങ്ങിയ ഹൃദയത്തെ പിടിച്ചവൾ കാൽചിലമ്പണിയിച്ചു.

 

ഓരോ ചുവടിലും പൊട്ടിച്ചിരിക്കുന്ന കാലുകളെ ദുദ്രതാളത്തിനൊപ്പം ചാലിച്ചവൾ പരിപൂർണ്ണ യക്ഷിയായി.

 

പിച്ചകപ്പൂ മണത്തിൽ..

മുല്ലപ്പൂ മണത്തിൽ..

പാലപ്പൂ മണത്തിൽ..

മുറുക്കി ചുവപ്പിച്ച അധരങ്ങൾക്കുള്ളിൽ ദ്രംഷ്ടകൾ ഒളിപ്പച്ചവൾ കാത്തു കിടന്നു.

 

സത്യഭാമേ..

 

വിളികേട്ടവൾ ഞെട്ടിയുണർന്നു.

 

കൈയിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന കണവൻ ചെന്താമരാക്ഷന്റെ മുഖമാണവൾ ആദ്യം കണ്ടത്.

 

കടവായിൽ ചോര ചുവയ്ക്കുന്നു, അർദ്ധബോധാവസ്ഥയിൽ അവൾ ഓർക്കാൻ ശ്രമിച്ചു.

 

ഇനി അറിയാതെയെങ്ങാനും താൻ ചെന്താമരാക്ഷന്റെ ചോര കുടിച്ചോ ?.

 

ഹേയ് ഇല്ല; ചുണ്ടിനും നടുവിനും വേദനയുമുണ്ട്.

 

പതുക്കെ എണീക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ അടുക്കളയാകെ പരതി.

 

വാഷ്ബേസിൻ നിറഞ്ഞു കവിഞ്ഞ വെള്ളം അടുക്കളയാകെ പടർന്നിട്ടുണ്ട്, സാമ്പാർ പൊടിയിട്ടു വെച്ചിരുന്ന കുപ്പിയും, ദോശ മാവ് ഒഴിച്ചു വെച്ചിരുന്ന പാത്രവും ചരിഞ്ഞു കിടപ്പുണ്ട്.

 

ഏകദേശം ധാരണയായി.

 

ഈയിടയായി കുറച്ചു കൂടുതലാണ്, യക്ഷി ദിവാസ്വപ്നം വിട്ടു അടുക്കളയിലേക്കും കയറിയിരിക്കുന്നു.

 

എന്താ പറ്റിയത് ?.

 

ചെന്താമരാക്ഷന്റെ ചോദ്യത്തിന് മറുപടിയായവൾ യക്ഷിയെന്ന് മാത്രം പറഞ്ഞു.

 

യക്ഷിരൂപം പൂണ്ട് അടുക്കളയിൽ തെന്നി വീണ ഭാര്യയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ, അടിതെറ്റി വീണ കണവന്റെ നെറ്റിയിലുണ്ടായ മുഴയിലേക്കവൾ അനുകമ്പയോടെ നോക്കി.

 

നെറ്റി തടവി തിരിഞ്ഞു നടക്കുന്നതിനിടയിൽ ചെന്താമരാക്ഷൻ കൽപ്പിച്ചു.

 

പുറപ്പെടാൻ തയാറായിക്കോ, ഇന്നുതന്നെ മലമ്പുഴയിൽ കുടിയിരുത്തിയേക്കാം..

 

അയ്യേ, ഞാനെങ്ങും വരുന്നില്ല. നീലിയുടെ ഇരിപ്പത്ര ശരിയല്ല.

 

അത്രയും പറഞ്ഞവൾ, യക്ഷിത്വം ഉപേക്ഷിച്ച് വീട് ഭരിക്കാനിറങ്ങി.

 

Content Summary: Yekshi Jeevitham, Malayalam short story

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com