ADVERTISEMENT

ഇടറിയ ചിലങ്ക (കഥ)

 

‘‘ഇനിയും എത്രനേരം തുടരുമെന്നറിയില്ല. ആർക്കെങ്കിലും വന്നു കാണാൻ ഉണ്ടെങ്കിൽ പെട്ടന്നായിക്കോട്ടെ. ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞു വരുന്നുണ്ട്.’’

 

ഡോക്ടറുടെ വാക്കുകൾ മരവിപ്പോടെയാണ് മേഘയുടെ അച്ഛൻ കേട്ടു നിന്നത്. സത്യത്തിൽ ആറു മാസമായി ഒട്ടുമിക്ക ദിവസങ്ങളിലും ഡോക്ടർ ഇതേ വാക്കുകൾ പറയുന്നുണ്ട്. പക്ഷേ ഇപ്പോഴും അവളിൽ ഒരല്പം ജീവൻ അവശേഷിക്കുന്നുണ്ട് എന്നത് അത്ഭുതമാണ്. അതാ കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാകുമെന്ന് അച്ഛന് ഉറപ്പാണ്. ആ ആഗ്രഹം ഇനിയെങ്ങനെ സാധിക്കുമെന്നറിയില്ല. പക്ഷേ അത് നടക്കാതെ പോയാൽ അവളുടെ ആത്മാവു പോലും നീറി പുകയും. വീട്ടിലിപ്പോൾ അച്ഛനും മേഘയും മാത്രമല്ല.. വിരുന്നുകാർ കുറച്ചുപേരുണ്ട്.. സുഖവിവരങ്ങൾ അറിയാനുള്ള വരവല്ല.. അവളുടെ മരണ വാർത്ത കേൾക്കാനുള്ള വരവാണ്. ആറു മാസമായി ഇന്ന് മരിക്കും നാളെ മരിക്കുമെന്ന് പറഞ്ഞവളെന്തെ ഇതുവരെയും മരിക്കാത്തതെന്ന ആകാംഷകൊണ്ടുള്ള വരവ്. മേഘ വീണു പോയ അന്ന് വീണു അവളുടെ അമ്മയും പക്ഷേ പിന്നെ കണ്ണു തുറന്നില്ലെന്ന് മാത്രം. ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയ മൂന്ന് മാസങ്ങളിൽ ആകെ ഉണ്ടായിരുന്ന ആശ്വാസം ഖേദം രേഖപ്പെടുത്താൻ വരുന്ന ആരും തന്നെ ഇല്ലെന്നതായിരുന്നു. മൂന്നു മാസത്തിനു ശേഷം വീട്ടിലേക്കു മാറിയ അന്ന് തുടങ്ങിയതാണ് ബന്ധു ജനങ്ങളുടെ വരവ്. വിഷമം അറിയിക്കുന്നതിനേക്കാൾ ഭീകരമാണ് മകളുടെ അവസ്ഥ വീണ്ടും വീണ്ടും ഒരച്ഛനോട് പറഞ്ഞു കേൾപ്പിക്കുക എന്നത്.

 

‘‘അതേയ്..’’

 

ചിന്തകളിൽ നിന്നും ഉണർന്നു മേഘയുടെ അച്ഛൻ ഡോക്ടറുടെ വിളി കേട്ടു.

 

‘‘എന്താ ഡോക്ടറെ..’’

 

‘‘പ്രത്യേകിച്ചു ഒന്നുമില്ല. പക്ഷേ..’’

 

‘‘പക്ഷേ..’’

 

‘‘എന്നത്തേയും പോലെ ആകുമെന്ന് തോന്നുന്നില്ല.. മേഘയുടെ ഹൃദയമിടിപ്പ് വല്ലാതെ കുറയുന്നുണ്ട്. ബീപിയും കുറയുന്നുണ്ട്.. ശ്വാസഗതിയിൽ വ്യത്യാസം കാണുന്നുണ്ട്.. ചുരുക്കത്തിൽ..’’

 

‘‘എന്റെ മോള് മരിക്കാറായി ലെ..’’

 

‘‘അത്.. നോക്കു ആറു മാസമായി മേഘ ജീവിച്ചിരിക്കുന്നത് അത്രയേറെ വേദനകൾ സഹിച്ചാണ്.. ഒരുതരത്തിൽ പറഞ്ഞാൽ അവൾക്ക് അവളുടെ മരണം അനുഗ്രഹമാകുകയേയുള്ളു.’’

 

‘‘അറിയാം.. എനിക്കെല്ലാം അറിയാം.. പക്ഷേ അയാളെ കാണാതെ അവള് മരിക്കില്ല.. എനിക്കുറപ്പുണ്ട്.’’

 

‘‘ആരാ അത്.. കുറേയായി നിങ്ങളിത് പറയുന്നു.. ആശുപത്രിയിൽ അവൾ കിടന്നിരുന്നപ്പോഴും.. ഇവിടെ വീട്ടിലേക്ക് മാറ്റിയപ്പോഴും കേട്ടിരുന്നു.. പിന്നീട് മേഘയുടെ അവസ്ഥ കൂടുതൽ വഷളാകുന്നു എന്ന് തോന്നുന്ന അവസരങ്ങളിൽ നിങ്ങൾ വിളിക്കുമ്പോഴൊക്കെ ഞാനിവിടേക്ക് വരുന്നു.. അപ്പോഴൊക്കെയും ഇവിടെ പലരേയും കാണുന്നു. എന്നിട്ടും ഇത്രയും നാൾ ആയിട്ടും നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ വന്നില്ലെന്ന് പറഞ്ഞാൽ.. ഇനിയെന്തിന് അയാളെ പ്രതീക്ഷിക്കണം..’’

 

‘‘സാറ് പറഞ്ഞതൊക്കെ ശരിയാ.. അയാള് വരില്ലെന്ന് എനിക്കും അവൾക്കും അറിയാം.. പക്ഷേ അയാൾ വരണം, അതെന്റേം ന്റെ കുട്ടീടേം ആഗ്രഹാ.

ഈ അവസാന നിമിഷത്തിലും എനിക്കുറപ്പാ അയാള് വന്നിട്ടേ ഓള് പോവുള്ളു.’’

 

ഇടറിയ ശബ്‍ദത്തിൽ ഏറെ പ്രയാസപ്പെട്ടാണ് ആ അച്ഛൻ അത്രയും പറഞ്ഞൊപ്പിച്ചത്. ഇനിയും അയാൾക്ക് അഭിമുഖമായി നിന്നാൽ തനിക്കും തൊണ്ട ഇടറുമെന്ന് ഉറപ്പായതിനാൽ ഡോക്ടർ അയാളിൽ നിന്നും പിൻവാങ്ങി മേഘയുടെ മുറിയിലേക്ക് എത്തി നോക്കി.. ആശ്വാസം.. അവളുടെ നെഞ്ച് വളരെ ചെറുതായി ഉയരുകയും താഴുകയും ചെയ്യുന്നുണ്ട്... ഒരു നിമിഷം ഡോക്ടർ ആശിച്ചു.. അച്ഛനും മകളും കാത്തിരിക്കുന്നയാൾ വന്നെങ്കിലെന്ന്.. അതുവരെ അവളുടെ ഹൃദയം നിലയ്ക്കാതിരുന്നെങ്കിലെന്ന്..

...

 

ആ വീടിനുള്ളിൽ തളം കെട്ടി നിന്ന നിശബ്ദതയെ വകഞ്ഞു മാറ്റിയാണ് മുറ്റത്തു നിന്നുമൊരു ശബ്‍ദം കേട്ടത്.

 

‘‘കേശവേട്ടാ.. ഇവിടാരും ഇല്ലേ.. ഞാനാ ഭാസ്കരൻ.. ഒന്ന് ഉമ്മറത്തേക്ക് വരോ..’’

 

‘‘എന്താ ഭാസ്കരാ..’’

 

തോളിലെ തോർത്തെടുത്തു കഴുത്തു തുടച്ചുകൊണ്ട് മേഘയുടെ അച്ഛൻ പുറത്തു വന്നു..

 

‘‘കേശവേട്ടാ.. നമ്മടെ തെക്കേലെ വീട്ടിൽ താമസിച്ചേർന്ന വേണു മാഷില്ലേ മാഷ് വന്ന്ണ്ട്. വീടൊഴിഞ്ഞു കൊടുക്കാനാ തോന്നണ്.’’

 

‘‘മാഷോ.. മാഷ് കുറേയായി നാട്ടിൽ ഇല്ലായിരുന്നല്ലോ എന്തേപ്പോ പെട്ടന്ന് വരാനും വീടൊഴിപ്പിക്കാനും.’’

 

‘‘അതൊന്നും എനിക്കറിയില്ല..’’

 

‘‘ഹാ.. എന്തായാലും നീ മാഷിനോട് ഒന്നിങ്ങോട്ട് വരാൻ പറ..’’

 

‘‘പറയാം.."’’

 

‘‘ആരുടെ കാര്യാ പറയുന്നേ..’’

 

രണ്ടു പേരുടെയും സംസാരത്തിനിടയിലേക്ക് ഡോക്ടറും കടന്നു വന്നു.

 

‘‘വേണുമാഷിന്റെ കാര്യാ.. മാഷ് കുറേയായി ഇവിടെ ഇല്ലായിരുന്നു.. ഇപ്പൊ വന്നുണ്ടത്രേ.. എന്തായാലും നന്നായി മരിക്കുന്നെന്റെ മുൻപ് ന്റെ കുട്ടിക്ക് മാഷിനെ ഒന്ന് കാണാലോ.. ഒന്നൂല്ലേലും ന്റെ കുട്ടിക്ക് നൃത്തം പഠിപ്പിച്ച മാഷാ..’’

 

‘‘കേശവേട്ടാ ഞാനെന്നാ പോട്ടെ.’’

 

‘‘ഹാ.. പൊയ്ക്കോ മാഷിനോട് വരാൻ പറയ്..’’

 

‘‘ഹാ..’’ ഭാസ്കരൻ പോയതും ആകാംഷയോടെ ഡോക്ടർ ചോദിച്ചു..

 

‘‘ഈ മാഷിനെയാണോ കാണാൻ കാത്തിരുന്നത്..’’

 

‘‘അല്ല.. കാണാൻ കാത്തത് കാട്ടാളനെ.. വന്നത് മനുഷ്യനാ..’’

 

വീണ്ടും തോർത്ത്‌ കൊണ്ട് കഴുത്തു തുടച്ച് അയാൾ അകത്തേക്ക് പോയി.. കൂടെ ഡോക്ടറും..

 

ഏകദേശം ഒരു നാലഞ്ചു മണിക്കൂർ കടന്നു പോയി.. അതിനിടയിൽ പലപ്പോഴും മേഘയുടെ സ്ഥിതി വഷളാവുകയും മെച്ചപ്പെടുകയും ചെയ്തു.. അതു കൊണ്ടു തന്നെ ഡോക്ടർ അവിടെ നിന്നും പോയില്ല. നേരം സന്ധ്യയായി തുടങ്ങിയിരുന്നു. മുറ്റത്തെ കാൽപെരുമാറ്റം കേട്ട് ഡോക്ടറും അച്ഛനും പുറത്തേക്ക് നോക്കിയപ്പോൾ വേണു മാഷാണ്.

 

‘‘ആരാത് മാഷോ വായോ കയറിയിരിക്ക്.’’

 

ഉമ്മറത്തേക്കിറങ്ങി കേശവൻ മാഷിന്റെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു.

 

‘‘ഇല്ല കയറുന്നില്ല കുറച്ചു കഴിഞ്ഞാ ലോറി വരും അതിൽ സാധനങ്ങൾ കയറ്റി കൂടെ പോണം.’’

 

‘‘എന്തിനാ മാഷേ പോണേ.’’

 

‘‘ഇതെന്റെ നാടല്ലല്ലോ. ഇവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു.. അതാ ഇടക്ക് പോയി നാട്ടിൽ എല്ലാം ശരിയാക്കിയത്. ഇനി സാധങ്ങൾ കൂടെ അവിടെത്തിക്കണം.’’

 

‘‘മ്മ് മാഷ് എന്തായാലും വന്നല്ലോ സന്തോഷായി.. ഒന്ന് കയറിയിട്ട് പോ മാഷേ ഇതുവരെ വന്നതല്ലേ.’’

 

മനസ്സില്ലാ മനസ്സോടെ വേണു മാഷ് അച്ഛനൊപ്പം അകത്തു കയറി. അച്ഛൻ അവിടുന്ന് നേരെ മേഘയുടെ മുറിയിലേക്ക് കയറി. ഡോക്ടറും മാഷും അനുഗമിച്ചു. കിടക്കയിൽ തീർത്തും അവശയായി മരിച്ചില്ലെന്ന് അറിയിക്കാൻ പാകത്തിന് തൊണ്ടയിൽ നിന്നൊരു ഞെരക്കം പുറപ്പെടുവിച്ചു കൊണ്ട് കിടക്കുന്ന മേഘയെ കണ്ടപ്പോൾ വേണുമാഷിന്റെ മുഖമാകെ വിളറി വെളുത്തു.

 

‘‘മാഷേ ഇത് കണ്ടോ. ന്റെ കുട്ടി ഈ കിടപ്പ് കിടക്കാൻ തുടങ്ങീട്ട് മാസം ആറായി. ഒരു മൃഗം കാമഭ്രാന്ത് തീർത്തതാ ന്റെ കുട്ടിയോട്. കടിച്ചു കുടഞ്ഞപ്പോ എവിടെയോ ഇത്തിരി ജീവൻ ബാക്കിയായി. ഇന്നോ നാളെയോ അതും നിലയ്ക്കും.’’

 

വിയർത്തു തുടങ്ങിയ മുഖം കൈകൊണ്ട് തുടച്ചു വേണു മാഷ് പറഞ്ഞു.

 

‘‘മ്മ് ഞാൻ പോട്ടെ വണ്ടി വരാറായി..’’

 

‘‘നിൽക്കെടാ നെറികെട്ടവനെ..’’

 

വേണുമാഷിനെക്കാൾ ആ വിളിയിൽ ഞെട്ടിയത് ഡോക്ടർ ആയിരുന്നു. എന്താണ് ഈ ഭാവ മാറ്റത്തിന് കാരണമെന്ന് ആലോചിക്കാനുള്ള സമയം പോലും നൽകാതെ ശരവേഗത്തിൽ മാഷിന്റെ കോളറിൽ കേശവൻ പിടുത്തമിട്ടു. വിടുവിക്കാൻ ഡോക്ടർ ശ്രമിച്ചില്ല. കാരണം ആ സമയം കേശവൻ ജ്വലിക്കുകയായിരുന്നു. അപ്പോൾ അയാളെ തൊട്ടാൽ തൊട്ടവർ ചാമ്പലാകുമെന്ന് തോന്നുമായിരുന്നു.

തീ പാറുന്ന കണ്ണുകളോടെ ഇടറാത്ത ശബ്‍ദത്തിൽ കേശവൻ മാഷിനു നേർക്ക് അലറി.

 

‘‘എടാ നായെ എന്തിനാടാ നീയീ ദ്രോഹം ഞങ്ങളോട് ചെയ്തത്. എന്ത് കിട്ടിയെടാ നിനക്ക്. മാഷേ എന്നല്ലേടാ നിന്നെ അവൾ വിളിച്ചിരുന്നേ. എന്നോടുള്ള സ്നേഹവും ബഹുമാനവും അല്ലേ അവൾ നിനക്കും തന്നേ. എന്നിട്ട് എന്നിട്ടെന്തിനാടാ എന്റെ കുട്ടിയോട് നിന്റെ കാമഭ്രാന്ത് തീർത്തത്. ശവം ആക്കി തീർത്തല്ലോടാ. എന്തിനാ എന്തിനാ നീ മിഴിച്ചു നിൽക്കണേ തിന്നടാ തിന്ന് ബാക്കിയുള്ള കുറച്ച് മാംസം ആണ് ആ കിടക്കുന്നേ അതുകൂടെ നീ പച്ചക്ക് തിന്നെടാ. നീയെന്താ കരുതിയെ ഞാനൊന്നും അറിയില്ലാന്നോ.. അന്ന് ഈ തളത്തിൽ നൃത്തം പഠിക്കാൻ ചിലങ്ക കെട്ടി നിന്നിരുന്ന ന്റെ കുട്ടിയെ പേപ്പട്ടിയെ പോലെ കടിച്ചു കുടഞ്ഞു പിറന്നപടിയാക്കി വലിച്ചെറിഞ്ഞു പോയത് നിനക്കോർമ്മയുണ്ടോ.. അന്ന് ആശുപത്രിയിൽ നിന്ന് ബോധം വന്നപ്പോ ന്റെ കുട്ടി പിറുപിറുത്തിരുന്നത് എന്താണെന്നറിയോ…

 

‘മാഷേ ന്നെ വിട് മാഷേ ഞാൻ ചത്തു പോവും മോൾടെ പ്രായല്ലേ എനിക്ക്.. കാലു പിടിക്കാം മാഷേ..’

 

ഓക്സിജൻ സഹായത്തോടെ അവ്യക്തമായി സംസാരിക്കാൻ തുടങ്ങിയ സമയത്തും ന്റെ കുട്ടി പറഞ്ഞത് നിന്നെ പറ്റിയാ..

 

‘ദേഹമാസകലം വേദനിക്കാ അച്ഛാ

എന്നോടെന്തിനാ മാഷ്

വയ്യ വേഗമൊന്ന് മരിച്ചാ മതിയായിരുന്നു.’

 

‘‘ഇത്രയൊക്കെ അറിഞ്ഞിട്ടും നിന്നെ എന്താ പോലീസിനും കോടതിക്കും കാണിച്ചു കൊടുക്കാത്തെ എന്നറിയോ. അവിടുന്ന് നിനക്കിനി എന്ത് ശിക്ഷ കിട്ടിയാലും അതിവൾ അനുഭവിക്കുന്ന നരകത്തിന്റെ ഒരംശം പോലുമാകില്ല. പോരാത്തതിനു പീഡനത്തിന് ഇരയാക്കപ്പെട്ട പെണ്ണെന്ന പേരിൽ വീണ്ടും ന്റെ കുട്ടിയെ ഇല്ലാതാക്കും. കണ്ണ് മിഴിച്ചു നിൽക്കാതെ ചെല്ല് നീ പിച്ചി പറിച്ച മാറെല്ലാം തുന്നിക്കെട്ടി വെച്ചിട്ടുണ്ട് തിന്ന് പച്ചക്ക് തിന്ന്. നീ കാരണം ഈ നിലയിലായ ഇവളെ കണ്ടാ നിനക്ക് പശ്ചാത്താപം ഉണ്ടാവുമെന്ന തോന്നലൊന്നും എനിക്കില്ല. ഇവളെന്നോട് പറഞ്ഞിരുന്നു എന്തിനാ നീയിങ്ങനെ ചെയ്തതെന്ന് ചോദിക്കണമെന്ന്. അതിനു നിനക്ക് ഉത്തരമുണ്ടാകില്ല നിന്നെ പോലൊരു കാമഭ്രാന്തുള്ള ജന്മത്തിന് ഒന്നിനും ഉത്തരമുണ്ടാകില്ല.’’

 

അത്രയും പറഞ്ഞയാൾ നോക്കുമ്പോഴേക്കും വേണു മാഷ് നിലം പതിച്ചിരുന്നു. മേഘയുടെ ശ്വാസവും എന്നന്നേക്കുമായി നിലച്ചിരുന്നു.

 

Content Summary: Idariya Chilanka, Malayalam short story by Sreelekshmi Sethumadhavan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com