ഊരിലെ ആളുകളിൽ മരുന്നു പരീക്ഷണം, കള്ളക്കളി പൊളിച്ച ഡോക്ടറെ അപകടപ്പെടുത്തി, ഒടുവിൽ...

Doctor Malayalam Short Story
SHARE

ഡോക്ടർ (കഥ)

കോളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ട്  സത്യമൂർത്തി മദ്യഗ്ലാസ് താഴെ വെച്ചു വാതിലിനു നേരെ നടന്നു. പുറത്തെ ലൈറ്റ് ഓൺചെയ്തു വാതിൽ തുറന്ന മൂർത്തി ശക്തമായ ഒരു ചവിട്ടേറ്റു പിറകിലേക്ക് തെറിച്ചു വീണു. എന്താണ് എന്നു മനസിലാവുന്നതിനു മുന്നേ തന്നെ വാതിൽ കടന്നു കയറി വന്ന ആൾ മൂർത്തിയെ പിടിച്ചുയർത്തി മൂക്ക് നോക്കി ഒരു ഇടി കൊടുത്തു. മൂക്കിന്റെ പാലം തകർന്നു ചോര പുറത്തേക്ക് കുതിച്ചു. ഒരു ഭ്രാന്തനെ പോലെ അയാൾ വീണ്ടും സത്യമൂർത്തിയെ തലങ്ങും വിലങ്ങും അടിച്ചു.അടിയേറ്റു വീണ മൂർത്തിയെ വീണ്ടും പൊക്കിയെടുത്തു അയാൾ ചുമരിനോട് ചേർത്തു നിർത്തി അടിവയറ്റിൽ തന്റെ മുട്ടിൻകാൽ കൊണ്ടു ആഞ്ഞിടിച്ചു.ഇടി കൊണ്ട സത്യമൂർത്തി ഒരു മുരൾച്ചയോടെ തറയിലേക്ക് മറിഞ്ഞു വീണു..

‘‘എന്തു ചുമയാടാ ഇതു. നീ ബാംഗ്ലൂരിൽ നിന്നും വന്ന അന്ന് തുടങ്ങിയത് അല്ലെ’’

അച്ഛമ്മ ചോദിച്ചു. ശരിയാണ് ഒരാഴ്‌ചയായി ചുമ തുടങ്ങിയിട്ട്. നല്ല കഫക്കെട്ടും ഉണ്ട്.

നീ ആ ആമിന ഹോസ്പിറ്റലിൽ പോയി മൊഹിയുദ്ദിൻ ഡോക്ടറെ ഒന്നു കാണിക്കു കുട്ട്യേ. അച്ഛമ്മ പറഞ്ഞു.അച്ഛമ്മക്കു മൊഹിയുദ്ദിൻ ഡോക്ടറെ അല്ലാതെ ഈ ഭൂമിമലയാളത്തിൽ വേറെ ഒരു ഡോക്ടറെയും വിശ്വാസം ഇല്ല. എന്തു അസുഖം വന്നാലും മൊഹിയുദ്ദിൻ ഡോക്ടറുടെ മരുന്ന് കുടിച്ചാലെ അച്ഛമ്മയുടെ അസുഖം മാറൂ.

‘‘സഞ്ജു ഞാൻ കൂടെ പോരണോ’’

‘‘വേണ്ട വല്യച്ഛ ഞാൻ പോയിക്കോളാ ’’

സഞ്ജു കാറിൽ കയറി.ബാംഗ്ലൂരിൽ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന സഞ്ജു വയ്യാതെ ഇരിക്കുന്ന അച്ഛമ്മയെ കാണാൻ വന്നതാണ് മൂന്ന് വർഷത്തിന് ശേഷം. ആശുപത്രിയിൽ എത്തിയപ്പോൾ തീരെ തിരക്കില്ല.കൗണ്ടറിൽ ഇരിക്കുന്ന പെണ്കുട്ടിയോട് ‘‘മൊഹിയുദ്ദിൻ ഡോക്ടറെ കാണണം’’ എന്നു പറഞ്ഞപ്പോൾ ‘‘സാറ് ഇന്ന് നേരത്തെ പോയല്ലോ’’

തന്റെ ചുമ ശ്രദ്ധിച്ചിട്ടായിരിക്കും

‘‘ചുമ അല്ലെ? ഡ്യുട്ടി ഡോക്ടർ ഉണ്ട്’’

ഡ്യൂട്ടി ഡോക്ടർ എങ്കിൽ ഡ്യൂട്ടി ഡോക്ടർ എന്നു തീരുമാനിച്ചു.ആ പെൺകുട്ടി ചൂണ്ടിക്കാട്ടിയ റൂമിലേക്ക് നടന്നു.അവിടെ നേഴ്‌സുമാരുടെ ഇടയിൽ ഒരു യുവതി ഉണ്ട് ഇരുന്നു ചുമക്കുന്നു. ഡോക്ടർ എന്നു ശങ്കിച്ചു നിന്ന സഞ്ജയിന് ഒരു നേഴ്‌സ് ആ യുവതിയെ ചൂണ്ടി കാണിച്ചു. അവരുടെ ചുമ കണ്ട സഞ്ജുവിന് വരേണ്ടിയിരുന്നില്ല എന്നു തോന്നി.

‘‘ഇരിക്കൂട്ടോ’’ ചുമയ്ക്കുന്നതിനിടയിൽ അവർ ചൂണ്ടി കാണിച്ച കസേരയിൽ സഞ്ജു ചുമച്ചു കൊണ്ട് ഇരുന്നു. രണ്ടുപേരുടെയും മത്സരിച്ചുള്ള ചുമ കണ്ടിട്ടു നേഴ്സുമാർക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചുമക്കിടയിൽ തന്നെ ഡോക്ടർ സഞ്ജയിനെ വിശദമായി പരിശോധിച്ചു.തന്റെ മനോഹരമായ കയ്യക്ഷരത്തിൽ മരുന്നുകൾ കുറിച്ചു കൊടുത്തതിനു ശേഷം ചോദിച്ചു ‘‘സത്യം പറയാമോ ഈ മരുന്നുകൾ ഒക്കെ കഴിക്കുമോ’’

‘‘ഡോക്ടർ എഴുതിയാൽ പിന്നെ കഴിക്കാതെ എന്തു ചെയ്യും’’

‘‘അല്ല ഞാൻ ഇതൊന്നും കഴിക്കാറില്ല’’

‘‘അതു ഡോക്ടറുടെ ചുമ കണ്ടപ്പോൾ തന്നെ മനസ്സിലായി’’എന്നു പറഞ്ഞപ്പോഴേക്കും എല്ലാവരും ചിരിച്ചു പോയി.

‘‘അഞ്ചു ദിവസം കഴിഞ്ഞു ഒന്നുകൂടെ കാണിച്ചോളൂട്ടോ’’

നന്ദി പറഞ്ഞു സഞ്ജയ് അവിടെ നിന്നും ഇറങ്ങി.

മരുന്നു വാങ്ങി തിരിച്ചു പോരുമ്പോൾ ആണ് ഡോക്ടറുടെ പേര് ചോദിച്ചില്ലല്ലോ എന്നു അവൻ ഓർത്തത്.പെട്ടന്ന് പോക്കറ്റിൽ നിന്നും പ്രിസ്ക്രിപ്ഷൻ എടുത്തു നോക്കി.അതു ആശുപത്രിയുടെ പേരിൽ ഉള്ള ഒരു ലെറ്റർ പാഡ് ആയിരുന്നു.ഡോക്ടറുടെ പേർ അതിൽ ഉണ്ടായിരുന്നില്ല. ഏതായാലും മരുന്ന് നാലുദിവസം കഴിച്ചപ്പോഴേക്കും അസുഖം മാറി.എന്തായാലും ഡോക്ടറുടെ ചുമ മാറിയോ എന്നു നോക്കാം എന്നു കരുതി അഞ്ചാം ദിവസം  അവൻ വീണ്ടും ആശുപത്രിയിൽ എത്തി. ഇത്തവണ ഡ്യുട്ടി ഡോക്ടറെ ചോദിച്ചപ്പോൾ മൊഹിയുദ്ദിൻ ഡോക്ടർ ആണ് ഉള്ളത് എന്നു പറഞ്ഞു  തന്നെ നേരെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിട്ടു .ഡോക്ടറെ കണ്ടു ഇറങ്ങിയ സഞ്ജു അന്ന് ഡ്യുട്ടി ഡോക്ടർ ഇരുന്ന റൂം നോക്കിയെങ്കിലും അതു പൂട്ടികിടക്കുക ആയിരുന്നു.

രണ്ടു ദിവസ്സം കഴിഞ്ഞു ബാംഗ്ലൂരിലേക്ക് തിരിക്കുന്നതിനുമുൻപ് കല്യാണക്കാര്യത്തെ കുറിച്ചു അച്ഛമ്മ നിർബന്ധിച്ചെങ്കിലും അവൻ സമ്മതിച്ചില്ല.അധികം വൈകാതെ അമേരിക്കയിൽ ഉള്ള ചേച്ചിയുടെ അടുത്തേക്ക് പോകണം.അവിടെ ജോലി ശരിയാക്കി ഗ്രീൻ കാർഡ് എടുത്തു ഏതെങ്കിലും അമേരിക്കൻ മലയാളിയെ വിവാഹം കഴിച്ചു അവിടെ സെറ്റിൽ ആവണം എന്നാണ് അവന്റെ പ്ലാൻ. ബാംഗ്ലൂരിൽ എത്തിയ സഞ്ജു വീണ്ടും തൻറെ ജോലിയിൽ മുഴുകി.അതിനിടയിൽ ചേച്ചിയും അളിയനും  വിസ തരപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.  ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവന്റെ കമ്പനി കേരളത്തിലും ഓഫീസ് തുടങ്ങി.അവിടെ ടീം മാനേജർ ആയി പ്രമോഷനോടെ കേരളത്തിലേക്ക് വിട്ടു. കേരളത്തിൽ ജോലി ചെയ്യുന്നത് സത്യം പറഞ്ഞാൽ അവനു താല്പര്യം ഉണ്ടായിരുന്നില്ല.പക്ഷെ പ്രമോഷനോടെ ശമ്പളത്തിൽ വരുന്ന ഉയർച്ച തള്ളിക്കളയാൻ താല്പര്യം ഇല്ലാത്തത് കൊണ്ടു മാത്രം കേരളത്തിലേക്ക് വന്നു എന്നതാണ് സത്യം. നാട്ടിൽ എത്തിയെങ്കിലും ജോലി തിരക്ക് കാരണം അവൻ അച്ഛമ്മയെ കാണാൻ വരെ പോയിട്ടില്ല ഇതുവരെ. അല്ലെങ്കിൽ തന്നെ അച്ഛന്റെയും അമ്മയുടെയും മരണവും ആകെ ഉള്ള സഹോദരിയുടെ വിദേശവാസവും ഒക്കെ കാരണം അവൻ ഒറ്റക്കുള്ള ജീവിതം ആസ്വദിക്കാൻ തുടങ്ങിയിരുന്നു.അവനു അധികം കൂട്ടുകാരും ഉണ്ടായിരുന്നില്ല.

‘‘ഇവിടെ അടുത്ത കോളനിയിൽ നാളെ ഒരു മെഡിക്കൽ ക്യാമ്പ് ഉണ്ട്.നമ്മൾ ആണ് സ്പോണ്സർ ചെയ്‌തിരിക്കുന്നത്‌.അതുകൊണ്ടു നാളെ അവിടെ സഞ്ജു പോകണം ’’ മാനേജരുടെ വാക്കു അനുസരിച്ച് പിറ്റേന്ന് മനസ്സില്ലാ മനസ്സോടെ സഞ്ജു ക്യാമ്പിലേക്ക് പോയി. രണ്ടു ഡോക്ടർമാരും നാലഞ്ചു നഴ്‌സുമാരും കുറച്ചു സന്നദ്ധപ്രവർത്തകരും  കുറെ ആളുകളും അവിടെ കൂടി നിൽക്കുന്നതിനിടയിൽ അകന്നു മാറി സഞ്ജുവും നിന്നു. ആളുകളുടെ തിരക്ക് അല്പം ഒഴിഞ്ഞപ്പോൾ ആണ് സഞ്ജു ഡോക്ടർമാരെ ശ്രദ്ധിച്ചത്.ഈ മുഖം ഇതു താൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.അൽപസമയം വേണ്ടി വന്നു അവനു ആമിന ഹോസ്പിറ്റലിൽ ചുമച്ചു കൊണ്ട് മരുന്നെഴുതി കൊടുത്ത ഡോക്ടറെ ഓർത്തെടുക്കാൻ.

തിരക്ക് പൂർണമായും ഒഴിഞ്ഞതിനു ശേഷം അവൻ അവരോടു ചോദിച്ചു.

‘‘മാഡം ആമിന ഹോസ്പിറ്റലിൽ ജോലി ചെയ്‌തിരുന്നില്ലേ’’

‘‘ആ അതേ’’

‘‘എന്നെ ഓർമ്മ ഉണ്ടോ’’

അവർ മനസ്സിലാവാത്ത ഭാവത്തിൽ നോക്കി.

‘‘ഒരിക്കൽ ചുമ ആയി ഡോക്ടറെ കാണാൻ വന്നിരുന്നു’’

‘‘ആ അപ്പൊ ഞാനും ചുമച്ചു കൊണ്ടിരിക്കുക ആയിരുന്നു അല്ലെ’’അവർക്ക് സംഭവം ഓർമ വന്നു.

‘‘അവിടെ നിന്നും പോരുന്നത് വരെ എന്നും സിസ്റ്റർമാർ എന്നെ അതും പറഞ്ഞു കളിയാക്കിയിരുന്നു’’. അവർ പൊട്ടിച്ചിരിച്ചു.

‘‘സോറി എനിക്ക് പേര് ഓർമ വരുന്നില്ല’’

‘‘സഞ്ജു ,സഞ്ജയ്’’

‘‘എന്താ ഇവിടെ ചെക്കിങിന് വന്നതാണോ’’

‘‘അല്ല ഞങ്ങൾ ആണ് ഇതിന്റെ സ്പോണ്സർ’’

‘‘ഐ ടി പ്രൊഫഷണൽ ആണല്ലേ’’

അവൻ തലയാട്ടി.

‘‘ഡോക്ടറുടെ പേരു ചോദിക്കാൻ ഞാനും മറന്നു’’

‘‘അനസൂയ’’

പിന്നീട് പലപ്പോഴും ട്രാഫിക്കിൽ കുടുങ്ങി കിടക്കുമ്പോൾ ആശുപത്രിയിലേക്ക് വേഗത്തിൽ നടന്നു പോകുന്ന ഡോക്ടറെ അവൻ കാണാറുണ്ട്.ഇവർക്കൊരു കാറ് വാങ്ങിക്കൂടെ.അല്ലെങ്കിൽ ഒരു സ്കൂട്ടർ എങ്കിലും നല്ല പിശുക്കാണെന്നു തോന്നുന്നു. ഒരു ദിവസം വൈകുന്നേരം ചായ കുടിക്കാൻ വേണ്ടി ഹോട്ടലിൽ കയറിയ സഞ്ജു അവിടെ വെച്ചു വീണ്ടും ഡോക്ടറെ കണ്ടു.

‘‘ഇന്ന് കുറെ പേഷ്യൻറ്‌സ് ഉണ്ടായിരുന്നു.അതുകൊണ്ടു ഇറങ്ങാൻ വൈകി’’ അവർ പറഞ്ഞു

‘‘അപ്പൊ ലഞ്ച് കഴിച്ചില്ലേ’’

അവർ ഇല്ല എന്ന ഭാവത്തിൽ തലയാട്ടി.

‘‘ഡോക്ടർ എവിടെ ആണ് താമസം’’

‘‘ഇവിടെ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ’’

‘‘ഞാൻ പോകുന്ന വഴിക്കല്ലേ ഞാൻ ഡോക്ടറെ ഡ്രോപ്പ് ചെയ്യാം’’

‘‘അയ്യോ അതൊന്നും വേണ്ട’’

‘‘അതെന്താ എന്റെ കൂടെ വരാനുള്ള മടികൊണ്ടാണോ’’

‘‘അയ്യോ അങ്ങിനെ ഒന്നും അല്ല’’

ഏതായാലും അവർ കൂടെ വന്നു.

‘‘ഡോക്ടറുടെ വീട് എവിടെയാ’’

‘‘പാലക്കാട്.ഈ ഡോക്ടർ വിളി ഒന്നു മാറ്റിക്കൂടെ’’

‘‘അനസൂയ എന്നു വിളിക്കുന്നതിലും ഈസി ഡോക്ടർ എന്നു വിളിക്കുന്നത് ആണ്’’

‘‘അനു എന്നു വിളിച്ചോളൂ.അടുപ്പം ഉള്ളവർ അങ്ങിനെ ആണ് വിളിക്കാറ്’’

കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ട്രാഫിക്കിൽ കുടുങ്ങി കിടക്കുമ്പോൾ എതിരെ നിന്നും ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു.ഒരുകയ്യിൽ ഒരു ചാക്കു തൂക്കിയിട്ടുണ്ട്.മറ്റേ കയ്യിൽ ഒരു ബാഗും കൂടെ ചെരിപ്പും ഊരി പിടിച്ചിട്ടുണ്ട്.പാറി പറന്ന തലമുടി. അടുത്തു എത്തിയപ്പോൾ ആണ് അതു ഡോക്ടർ ആണെന്ന് സഞ്ജുവിന് മനസ്സിലായത്.അവൻ കാറിന്റെ ഗ്ലാസ് താഴ്ത്തി വിളിച്ചു.

‘‘ഡോക്ടർ‘‘

വിളികേട്ട് അവർ നടത്തത്തിന്റെ വേഗത അല്പം കുറച്ചു

‘‘അനു ഇതെന്തു കോലം.വണ്ടിയിലോട്ടു കയറൂ’’

‘‘വേണ്ട സഞ്ജു ആകെ മുഷിഞ്ഞിരിക്കുകയാണ്. ഡ്രസ് ഒക്കെ.താൻ വിട്ടോ’’

‘‘അതൊന്നും സാരമില്ല കയറു.ചാക്ക് ബാ്കിലെക്കു വച്ചോളൂ’’

വീണ്ടും ഒന്നു മടിച്ചു നിന്നെങ്കിലും മുന്നിലെ വാഹനങ്ങൾ പതുക്കെ അനങ്ങാൻ തുടങ്ങിയപ്പോൾ അവൾ കാറിലേക്ക് കയറി.

‘‘താൻ എവിടുന്ന വരുന്നത്.എന്തുപറ്റി ഇങ്ങനെ ഒരു കോലം’’

‘‘ഞാൻ ആദിവാസി ഊരിൽ പോയതാ ട്രാഫിക്കിൽ ബസ്സ് കുടുങ്ങി കിടക്കുന്നതിനാൽ ബസ്സിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയതാ‘‘

‘‘വഴിക്ക് വെച്ചു ചെരുപ്പും പൊട്ടി’’

‘‘പൊട്ടിയ ചെരുപ്പ് അവിടെ ഇട്ടാൽ പോരായിരുന്നോ അതും തൂക്കി  നടക്കുന്നതെന്തിനാ’’

‘‘ഇതു വാങ്ങിയിട്ട് അധികം ആയിട്ടില്ല.ഒന്നു തുന്നിച്ചാൽ ഇനിയും കുറെ ഉപയോഗിക്കാം’’

‘‘നല്ല പിശുക്ക് ആണല്ലേ’’

‘‘കുറച്ചൊക്കെ പിശുക്കാതെ ജീവിക്കാൻ പറ്റുമോ’’

‘‘എന്താ ആദിവാസി ഊരിൽ’’

‘‘ഞാൻ സമയം കിട്ടുമ്പോൾ അവർക്ക് മരുന്നും ഭക്ഷണവും ഒക്കെ ആയി പോകാറുണ്ട്’’

‘‘അപ്പൊ ജന സേവനവും ഉണ്ടല്ലേ’’

അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘‘എന്താ ചാക്കിൽ’’

‘‘തിരിച്ചു വരുമ്പോൾ അവർ പഴങ്ങളും പച്ചക്കറികളും ഒക്കെ ചാക്കിൽ കെട്ടി തരും’’

‘‘അപ്പൊ സൗജന്യ സേവനം അല്ല അല്ലെ‘‘

‘‘ഇതു അവർ സ്നേഹത്തോടെ തരുന്നത് അല്ലെ.വാങ്ങിയില്ലെങ്കിൽ അവർക്ക് വിഷമം ആവും.അതുകൊണ്ടാ ഞാൻ ’’

‘‘ഞാൻ തമാശ പറഞ്ഞതാ അനു’’

ഹോസ്റ്റലിൽ വിട്ട് പോരുന്നതിനു മുൻപ് ഡോക്ടർ ഒരു കുപ്പി ചെറു തേനും കുറെ പഴങ്ങളും ഒരു കവറിൽ ആക്കി സഞ്ജുവിന് കൊടുത്തു.

പിന്നീട് ഒരു ദിവസം കണ്ടപ്പോൾ ‘‘അടുത്ത തവണ ഡോക്ടർ പോകുമ്പോൾ ഞാനും വരട്ടെ കാട് കാണാലോ’’ എന്നു ചോദിച്ചു

ഡോക്റ്റർ സമ്മതിച്ചു.

‘‘എന്നാൽ ഞായറാഴ്ച്ച തയ്യാറായിക്കോളു നമുക്ക് രാവിലത്തെ ബസ്സിൽ പോകാം പക്ഷെ കുറെ നടക്കേണ്ടി വരുംട്ടോ’’

‘‘എന്തിനാ ബസ്സ് നമുക്ക് എന്റെ കാറിൽ പോകാം’’

‘‘റോഡോക്കെ വളരെ മോശം ആണ് .കാറിൽ ബുദ്ദിമുട്ടായിരിക്കും‘‘

‘‘അതൊന്നും കുഴപ്പമില്ല’’

ഞായറാഴ്ച്ച അതിരാവിലെ തന്നെ അവർ യാത്ര തുടങ്ങി.കുറെ മരുന്നും നിത്യോപയോഗ സാധനങ്ങളും ഒക്കെ ഒരു ചാക്കിൽ നിറച്ചു അനു എടുത്തിരുന്നു.

‘‘സഞ്ജുവിനെ കുറിച്ചു ഒന്നും പറഞ്ഞിട്ടില്ലല്ലോ ആരൊക്കെ ഉണ്ട് വീട്ടിൽ’’

‘‘ഞങ്ങൾ ബാംഗ്ലൂരിൽ സെറ്റിൽഡ് ആയിരുന്നു.അച്ഛനും അമ്മയും മരിച്ചു.ചേച്ചി ഉണ്ട് യൂഎസിൽ ഭർത്താവും കുട്ടികളും ആയി.’’

‘‘അപ്പൊ അന്ന് ആമിന ഹോസ്പിറ്റലിൽ എങ്ങിനെ വന്നു’’

‘‘അതു അച്ഛന്റെ തറവാട് അവിടെ ആണ്.അന്ന് അച്ഛമ്മയെ കാണാൻ വന്നതാണ് അവിടെ’’

‘‘അനുവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്‘‘

‘‘അമ്മ മാത്രമേ ഉള്ളു.അച്ഛൻ ചെറുപ്പത്തിലേ മരിച്ചു.കുറച്ചു സ്ഥലം ഉണ്ട് ഞങ്ങൾക്ക്. അവിടെ കൃഷി നടത്തിയാണ് അമ്മ എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ’’

‘‘അമ്മയെ കൂടെ കൂട്ടിക്കൂടെ’’

‘‘അമ്മ വരില്ല അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു ഞാൻ എങ്ങോട്ടും ഇല്ല എന്നു പറയും’’

‘‘സഞ്ജുവിന്റെ പ്ലാൻ എന്താ’’

‘‘യുഎസിൽ പോണം എന്നിട്ടു അവിടെ സെറ്റിൽ ആവണം’’

‘‘സഞ്ജു കാറ് ഇവിടെ നിർത്തു. ഇനി നമുക്ക് ഇവിടെ നിന്നും ജീപ്പ് പിടിച്ചു പോകാം ഇനി വഴി മോശം ആണ്’’

‘‘ജീപ്പ് പോകുന്ന വഴിക്കൊക്കെ ഇതും പോകും’’

പിന്നീടുള്ള യാത്ര കാട്ടുവഴികളിലൂടെ ആടിയും ഉലഞ്ഞും ആയിരുന്നു. അവസാനം ഒരു കുന്നിനു താഴെ ആ വഴിയും അവസാനിച്ചു.അവിടെ അവരെ കാത്തു  ബലിഷ്ഠകായനായ ഒരു ആദിവാസി യുവാവ് നിന്നിരുന്നു. കാറിൽ നിന്നും ഇറങ്ങുന്ന ഡോക്ടറെ കണ്ടു അവൻ ഓടി വന്നു ബഹുമാനത്തോടെ നിന്നു.

‘‘സഞ്ജു ഇതാണ് അമ്പു .ഇവിടെ നിന്നും ഊര് വരെ അമ്പു ആണ് എന്നെ വന്നു കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും .അമ്പു കാറിൽ ചാക്ക് ഉണ്ട്  എടുത്തോളൂ’’

കനം കൂടിയ ചാക്ക് അമ്പു ഒറ്റകയ്യിൽ തൂക്കി എടുത്തു മുന്നോട്ടു നടന്നു.

‘‘മൂപ്പരും ഡോക്ടർ ആണോ’’

അല്ല അമ്പു അതു എന്റെ കൂട്ടുകാരൻ ആണ്.കാട് കാണാൻ വന്നതാണ്.നീ വേണം കൂടെ പോയി എല്ലാം കാണിക്കാൻ’’

‘‘ശരി മ്ബരാട്ടി‘‘

‘‘എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങിനെ വിളിക്കരുത് എന്നു’’

അവൾ ചീത്ത പറഞ്ഞപ്പോളും അവൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു.എന്നിട്ട് പറഞ്ഞു ‘‘ശരി ഡോക്ടറമ്മേ ’’

മൂന്ന് നാലു കിലോമീറ്റർ നടന്നാണ് അവർ ഊരിൽ എത്തിയത്.സഞ്ജു ശരിക്കും തളർന്നു പോയിരുന്നു അപ്പോഴേക്കും.

ഡോക്ടറുടെ വരവ് അവർക്കൊരു ആഘോഷം തന്നെ ആയിരുന്നു.

അവർക്കു വേണ്ടി മൂപ്പന്റെ വീട്ടിൽ വനവിഭവങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണവും തയ്യാറായിരുന്നു.ഡോക്ടർ മടിയൊന്നും കൂടാതെ കഴിച്ചെങ്കിലും നല്ല വിശപ്പ് കാരണം മാത്രമാണ് സഞ്ജു അത് കഴിക്കാൻ തയ്യാറായത്.വേറെ ഒരു സന്ദർഭത്തിൽ ആയിരുന്നെങ്കിൽ അവൻ അതു തൊട്ടു നോക്കുക കൂടെ ഇല്ലായിരുന്നു.

ഭക്ഷണ ശേഷം ഡോക്റ്റർ ഓരോ കുടിലിലും കയറി വിശേഷം ചോദിക്കലും പരിശോധനയും മരുന്നു കൊടുക്കലിലും ഒക്കെ ആയി മുഴുകി.

അമ്പുവിനു കൂടെ സഞ്ജു കാട് കാണാൻ ഇറങ്ങി.

അവനു ഡോക്ടറെ കുറിച്ചു പറയാനെ സമയം ഉണ്ടായിരുന്നുള്ളു. ഒരു വർഷം മുൻപ് ഒരു മെഡിക്കൽ ക്യാമ്പിനായിട്ടാണ് അവർ ആദ്യം ഇവിടെ എത്തിയത്.തങ്ങളുടെ അവസ്‌ഥ കണ്ടു കരഞ്ഞ കണ്ണുകളോടെ മടങ്ങിയ ഡോക്ടർ പിന്നീട് ഇടക്കിടക്കൊക്കെ അവിടേക്ക് മരുന്നും ഭക്ഷണവും ഒക്കെ ആയി വരാൻ തുടങ്ങി.എന്തുകാര്യത്തിനും അവരുടെ കൂട്ടത്തിൽ ഉള്ള ഒരാളെ പോലെ കൂടെ നിന്നു.അവരുടെ കുട്ടികളെ പഠിപ്പിക്കാൻ ഒക്കെ സഹായം ചെയ്യുന്നു അങ്ങിനെ നൂറു കൂട്ടം കാര്യങ്ങൾ.സഞ്ജുവിന് ഇതൊക്കെ ഡോക്ടറുടെ ഒരു വട്ടായിട്ടാണ് തോന്നിയത്.

എംബിബിഎസ്‌ ,എംഡി ഉള്ള ഡോക്ടർക്ക് ഏതെങ്കിലും പ്രൈവറ്റ് ആശുപത്രിയിൽ ഇപ്പൊ കിട്ടുന്നതിന് മൂന്നോ നാലോ ഇരട്ടി ശമ്പളം തീർച്ചയായും കിട്ടും.സുഖമായി ജീവിക്കുന്നതിനു പകരം ഈ കാടും മലയും കയറി നടക്കുന്നതിന് വട്ട് എന്നല്ലാതെ എന്തു പറയാൻ. തിരിച്ചു വരുന്ന വഴിക്ക് അവൻ അനുവിനോട് ചോദിക്കുകയും ചെയ്തു ‘‘ഡോക്ടർക്ക് ഏതെങ്കിലും നല്ല പ്രൈവറ്റ് ആശുപത്രിയിൽ ഇതിനേക്കാൾ എത്രയോ കൂടിയ ശമ്പളത്തിൽ ജോലി കിട്ടില്ലേ.എന്നിട്ടു ഈ ജനസേവനം ഒക്കെ നിർത്തി സുഖമായി ജീവിച്ചൂടെ’’

‘‘ജോലിയും ശമ്പളവും ഒക്കെ കിട്ടും എന്നത് ശരി തന്നെ പക്ഷെ എനിക്ക് ഇപ്പൊ കിട്ടുന്ന സന്തോഷം അതിനൊന്നും തരാൻ കഴിയും എന്നു തോന്നുന്നില്ല സഞ്ജു’’

‘‘ശരിയാ ആദർശം തലക്ക് പിടിച്ചാൽ പിന്നെ ആരു എന്തു പറഞ്ഞിട്ടും കാര്യം ഇല്ല’’

അനുവിനെ ഹോസ്റ്റലിൽ ഇറക്കി തിരിച്ചു വരുമ്പോൾ അവൾ ചോദിച്ചു ‘‘എന്റെ കൂടെ വന്നു ഒരു ഹോളിഡേ സ്പോയിൽ ആയി പോയി അല്ലെ സഞ്ജു’’

‘‘തീർച്ചയായും അല്ല അനു.ഞാൻ എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത കുറെ കാഴ്ചകൾ കാണാൻ ഇടയാക്കിയതിനു നന്ദി’’

‘‘ശരിക്കും’’

‘‘ശരിക്കും’’അവൻ പുഞ്ചിരിച്ചു.

ഒന്നു രണ്ടു ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സഞ്ജുവിനെ അളിയൻ വിളിച്ചു പറഞ്ഞു വിസയും അവിടെ ഒരു പ്രമുഖ കമ്പനിയിൽ ജോലിയും ശരിയായിട്ടുണ്ട് എന്നു. നാട്ടിൽ പോയി അച്ഛമ്മയോട് വിവരം പറഞ്ഞു വന്ന അവൻ അനുവിനെ വിളിച്ച് വിവരം പറഞ്ഞു. പോകുന്നതിന്റെ തലേ ദിവസം അവർ തമ്മിൽ കണ്ടു.

‘‘നാളെ പോയാൽ ഇനി എന്നു തിരിച്ചു വരും’’ അനു ചോദിച്ചു.

‘‘അറിയില്ല. ചിലപ്പോ ഇനി തിരിച്ചു വന്നില്ല എന്നും വരും.അല്ലെങ്കിൽ തന്നെ എനിക്ക് ആരുണ്ട് ഇവിടെ. ഒരു ഫ്രണ്ട് എന്നു പറയാൻ പോലും വേണമെങ്കിൽ തന്റെ പേരു പറയാം അത്രേ ഉള്ളു നാടുമായി ഉള്ള ബന്ധം. ഡോക്ടറുടെ പ്ലാൻ എന്താ ഇനി.വിദേശത്തേക്ക് വരാൻ താല്പര്യം ഉണ്ടെങ്കിൽ ഞാൻ ശ്രമിക്കാം’’

‘‘അയ്യോ അതൊന്നും വേണ്ട. ഇവിടെ ഇങ്ങനെ ഒക്കെ അങ്ങു ജീവിക്കണം.അമ്മ, എന്റെ പെഷ്യൻറ്‌സ് ഒക്കെ ഉള്ള എന്റെ ചെറിയ സന്തോഷങ്ങൾ അനുഭവിച്ചു കൊണ്ടു’’ ‘‘സഞ്ജു സത്യം പറഞ്ഞാൽ എനിക്കും ഫ്രണ്ട് എന്നു പറയാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവർകൊക്കെ ഒരു ചെറിയ വട്ടുണ്ടോ എന്ന സംശയം ആണ് എന്നെക്കുറിച്ചു എന്നു തോന്നിയിട്ടുണ്ട്.’’

അന്ന് ഒന്നിച്ചു ഭക്ഷണം കഴിച്ചു പിരിയുമ്പോൾ അനു ചോദിച്ചു

‘‘താൻ അമേരിക്കയിൽ എത്തിയാൽ എന്നെയൊക്കെ ഓർമിക്കുമോ’’

‘‘ശ്രമിക്കാം ’’

അവർ രണ്ടുപേരും പൊട്ടി ചിരിച്ചു.ഒരു ആൾ ദി ബെസ്റ്റും പറഞ്ഞു അനു ഹോസ്റ്റലിലേക്ക് കയറിപ്പോയി.

അമേരിക്കയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അനുവിനെ വിളിച്ചതു

‘‘സഞ്ജു ഫ്രം യുഎസ്എ’’

മറുപടിയായി

‘‘പറയു സായിപ്പേ’’എന്നാണ് പറഞ്ഞതു.‘‘താൻ ഇനി വിളിക്കും എന്നു ഞാൻ കരുതിയില്ല’’

‘‘ഇവിടെ ഒരു ഫ്രണ്ടിനെ കിട്ടുന്നത് വരെ ഇടക്കിടക്ക് വിളിക്കും’’

 എന്നു ചെറു ചിരിയോടെ മറുപടി നൽകി.

 രണ്ടാമത് വിളിച്ചപ്പോൾ പറഞ്ഞു ‘‘അടുത്ത ആഴ്ച്ച ആണ് ഇന്റർവ്യൂ  അതു കഴിഞ്ഞു ഞായറാഴ്ച്ച വിളിക്കാം’’

‘‘ ഞായറാഴ്ച്ച വേണ്ട ഞാൻ ഊരിൽ പോകും’’

‘‘എന്നാൽ തിങ്കളാഴ്ച്ച വിളിക്കാം’’

ഇന്റർവ്യൂ കഴിഞ്ഞു ജോലി കിട്ടി.അതും പ്രതീക്ഷിച്ചതിലും ഇരട്ടി ശമ്പളത്തോടെ. ഈ സന്തോഷവാർത്ത പറയാൻ സഞ്ജു തിങ്കളാഴ്ച്ച അനുവിനെ വിളിച്ചെങ്കിലും അവൾ ഫോണ് എടുത്തില്ല. ബെൽ അടിച്ചു കട്ടായി രണ്ടു മൂന്നു തവണ വിളിച്ചപ്പോഴും അതുതന്നെ അവസ്‌ഥ.ഏതെങ്കിലും അത്യാവശ്യ കേസുകൾ ഉണ്ടായിട്ടുണ്ടാവും എന്നു കരുതി. അടുത്ത ദിവസം വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. എന്തുപറ്റിയിരിക്കും സഞ്ജു ഓർത്തു. പിശുക്കി അല്ലെ മൊബൈൽ കേടായതുകൊണ്ടു നേരെയാക്കാൻ കൊടുത്തിരിക്കും.അവൻ ഉറപ്പിച്ചു. ദിവസങ്ങൾ കഴിയുന്നതോടെ സഞ്ജുവിന്റെ ടെൻഷൻ കൂടി കൂടി വന്നു.അനുവിന്റെ ഫോണ് ഇപ്പോഴും ഓഫ് തന്നെ.ആരോടെങ്കിലും ഒന്നു അന്വേഷിക്കാം എന്നു കരുതിയാൽ അതിനു പറ്റുന്ന കൂട്ടുകാർ ആരും ഇല്ല.

ജോലിക്ക് ചേരാനുള്ള ദിവസം ആയി വരുന്നതിന്റെ കൂടെ തന്നെ അവന്റെ ടെൻഷനും കൂടി വന്നു. കാര്യംചോദിച്ച അളിയൻ ഇതിനാണോ വിഷമിക്കുന്നത് രണ്ടാഴ്ച്ച സമയം ഇല്ലേ ജോയിൻ ചെയ്യാൻ . നീ വേണമെങ്കിൽ നാട്ടിൽ പോയി വാ എന്നും പറഞ്ഞു ഫ്ലൈറ്റ് ടിക്കറ്റ്‌ എടുത്തു കൊടുത്തു. നാട്ടിൽ എത്തിയ സഞ്ജു ഹോസ്റ്റലിൽ ചെന്നു ചോദിച്ചെങ്കിലും എന്തോ അസുഖം ആയിട്ടു ലീവ് ആണെന്ന് തോന്നുന്നു എന്നു മാത്രമേ അവിടെ നിന്നും അറിഞ്ഞുള്ളൂ. പിന്നീട് ഹോസ്പിറ്റലിൽ പോയി ചോദിച്ചപ്പോൾ അവർ ആണ് പറഞ്ഞതു ആദിവാസി ഊരിൽ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഒരു അപകടം സംഭവിച്ചു എന്നും ഇപ്പോൾ വീട്ടിലേക്ക് മാറ്റി എന്നും.

പിറ്റേന്ന് സഞ്ജു അനുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. പാലക്കാട് ഒരു ഗ്രാമത്തിൽ ഉള്ള  ഓടിട്ട പഴയ ഒരു ഇരു നില വീട്ടിൽ സഞ്ജു എത്തിയപ്പോൾ അവിടെ ഒന്നു രണ്ടു ആൾക്കാർ ഉണ്ടായിരുന്നു.

‘‘ഡോക്ടർ അനസൂയയുടെ വീട്’’

‘‘ഇതു തന്നെ ആണ്, കുട്ടി?’’

അവിടെ ഉണ്ടായിരുന്ന മധ്യവയസ്‌ക ചോദിച്ചു

‘‘ഞാൻ അനുവിന്റെ ഒരു പരിചയക്കാരൻ ആണ്’’

‘‘ഡോക്ടർ ആണോ’’

‘‘അല്ല’’

അവർ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു ‘‘സുമേടത്തി ആരോ കാണാൻ വന്നിരിക്കുന്നു’’

പുറത്തേക്കു വന്ന അവർ പരിചയമില്ലാത്ത ഒരാളെ കണ്ടു ശങ്കിച്ചു നിന്നു

‘‘ഞാൻ സഞ്ജയ് അമേരിക്കയിൽ നിന്നും വരുന്നു’’

അമേരിക്ക എന്നു കേട്ട അവർ എല്ലാം ഒന്നു അത്ഭുദപ്പെട്ടു എന്നു തോന്നി.

‘‘അനുവിന് എന്താ പറ്റിയത്’’

അനുവിന് എന്നു പറഞ്ഞപ്പോഴേക്കും അവരുടെ മുഖം മ്ലാനമായി.‘‘കുട്ടി വരൂ’’

അവർ അകത്തേക്ക് വിളിച്ചു.

അവരുടെ കൂടെ ചെന്ന സഞ്ജു അനുവിന്റെ കിടപ്പ് കണ്ടു കണ്ണുകൾ ഇറുകെ അടച്ചു.

തലമൊട്ടയടിച്ചു മുഴുവൻ ബാൻന്റെജ് ചുറ്റിയിരിക്കുന്നു.നെറ്റിയിലും മുഖത്തും തുന്നികെട്ടലുകൾ. യൂറിന് ട്യൂബ് ഇട്ടിരിക്കുന്നു.അവൾ കണ്ണടച്ചു കിടക്കുക ആണ്.‘‘കഴുത്തിനു താഴെ അനക്കാൻ കഴിയില്ല മോനെ’’  നിറഞ്ഞ കണ്ണുകളോടെ അവർ പറഞ്ഞു.

‘‘ഓർമ്മ’’

‘‘ഓർമ്മ ഉണ്ട് സംസാരിക്കാനും കഴിയും.പാവം ന്റെ കുട്ടി എത്ര വേദന സഹിക്കുന്നു ഈശ്വരാ’’

അവർ തേങ്ങി.

മോൻ ഒന്നു വിളിച്ചു നോക്കൂ.

മടിച്ചു മടിച്ചു അവൻ വിളിച്ചു.

‘‘അനു....അനു’’

വേദനയോടെ അവൾ മെല്ലെ മെല്ലെ കണ്ണു തുറന്നു നോക്കി.

മുന്നിൽ നിൽക്കുന്ന ആളെ വീണ്ടും ഒന്നുകൂടെ കണ്ണു തുറന്നും അടച്ചും നോക്കി.

‘‘സഞ്ജു നീ’’

അവളുടെ ശബ്ദം ഇടറിയിരുന്നു.

‘‘നീ എങ്ങനെ ഇവിടെ. എങ്ങനെ അറിഞ്ഞു’’

‘‘ഞാൻ നിന്നെ വിളിച്ചു കൊണ്ടിരിക്കുക ആയിരുന്നു.ആദ്യം റിങ് ചെയ്തിരുന്ന ഫോണ് പിന്നേ ഓഫ് ആയി കണ്ടു.നിന്റെ വിവരം അറിയാഞ്ഞിട്ടു ഒരു സമാധാനവും തോന്നിയില്ല.അതുകൊണ്ടു ഒന്നു വന്നു പോകാം എന്നു കരുതി’’

‘‘നീ വരേണ്ടായിരുന്നു.എന്നെ ഇങ്ങനെ കാണാൻ’’

‘‘എന്താ നിനക്ക് പറ്റിയത്’’

‘‘ഊരിൽ പോയി തിരിച്ചു വരുമ്പോൾ ഒരു ജീപ്പ് ഇടിച്ചതാ’’

‘‘എന്നാലും സഞ്ജു എന്റെ കൂടെ കൂടി നിനക്കും വട്ടായോ. ഒരാളെ ഫോണിൽ കിട്ടിയില്ല എന്നു വെച്ചു അമേരിക്കയിൽ നിന്നും പറന്നു വരാൻ’’

അവൻ വേദനയോടെ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

‘‘അമ്മേ എന്നെ ഒന്നു കഴുത്തു പൊക്കി വെക്കാമോ നല്ല വേദന’’  അവൾ പറഞ്ഞു.

 അവർ പിടിക്കുന്നതിന് മുൻപ് തന്നെ അവൻ അവളെ പതുക്കെ ഉയർത്തി തലയിണ നേരെ വച്ചു കൊടുത്തു.

 ‘‘നിങ്ങൾ സംസാരിക്കു ഞാൻ മോന് ചായ എടുക്കാം’’അമ്മ പറഞ്ഞു.

 ‘‘സഞ്ജു അമ്മയുടെ മുഖം കാണുമ്പോൾ എനിക്ക്  സഹിക്കുന്നില്ല. ഇനി എത്ര കാലം ഈ കിടപ്പ് കിടക്കേണ്ടി വരും ആവോ. ആ അപകടത്തിൽ മരിച്ചാൽ മതിയായിരുന്നു’’

 ‘‘താൻ എന്തൊക്കെ ആണ് ഈ പറയുന്നത് ഇതൊക്കെ പെട്ടന്ന് സുഖം ആവില്ലേ’’

 ‘‘സഞ്ജു തനിക്ക് എന്തറിയാം എന്റെ നട്ടെലിന്ന് മാരകമായ ക്ഷതം സംഭവിച്ചിട്ടുണ്ട് ഇനി മരിക്കുന്നത് വരെ ഈ കിടപ്പ് തന്നെ’’

 അവൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി.

‘‘ അതു പോട്ടെ തന്റെ വിശേഷങ്ങൾ പറ.ഇന്റർവ്യൂ കഴിഞ്ഞിട്ട് എന്തായി’’

‘‘ജോലി കിട്ടി പ്രതീക്ഷിച്ചതിലും കൂടുതൽ ശമ്പളവും ഉണ്ട്’’

‘‘Congrats.അപ്പോ ജോലി കിട്ടിയ ഉടനെ തന്നെ ലീവും കിട്ടിയോ’’

‘‘അല്ല ജോയിൻ ചെയ്യാൻ രണ്ടാഴ്ച്ച സമയം ഉണ്ട്’’

‘‘അപ്പൊ നീ അച്ഛമ്മയുടെ അടുത്തുനിന്നാണോ വരുന്നത്’’

‘‘അല്ല ഇന്നലെ വൈകിട്ടാണ് ഞാൻ നാട്ടിൽ എത്തിയത് നേരെ  നിന്റെ ഹോസ്റ്റലിൽ പോയി അവർക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നു.പിന്നെ ഹോസ്പിറ്റലിൽ പോയി ആണ്  വിവരം അറിഞ്ഞത്.രാവിലെ നേരെ ഇങ്ങോട്ടു-പോന്നു’’

ചായയും ആയി വന്ന അമ്മയോട് അനു പറഞ്ഞു ‘‘അമ്മേ ഉച്ചക്ക് ചോറും കൊടുക്കണം ആള് വീട്ടിൽ ഒന്നും പോകാതെ നേരെ ഇങ്ങോട്ടാണ് വന്നത്’’

അമ്മയുടെ മുഖത്തു അത്ഭുദം.

ഊണ് കഴിക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ പറഞ്ഞു ‘‘മോനെ കുറിച്ചു ഇടക്ക് എന്നോട് പറഞ്ഞിരുന്നു.ആരോടും മുഖത്തു നോക്കി കാര്യങ്ങൾ പറയുന്നതാണ് അവളുടെ ശീലം.അതുകൊണ്ടു തന്നെ സ്കൂളിൽ പഠിക്കുന്ന സമയംമുതലെ കൂട്ടുകാർ ഒന്നും ഉണ്ടാവാറില്ല.പക്ഷെ എന്റെ കുട്ടിക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛനെ പോലെ തന്നെ.മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യും’’

‘‘ഇനി എന്തു ചെയ്യും അമ്മേ’’

‘‘അറിയില്ല മോനെ. എന്റെ കാലം കഴിയുവോളം ഞാൻ നോക്കും. അതു കഴിഞ്ഞാൽ.എല്ലാറ്റിനും ഈശ്വരൻ ഒരാൾ ഉണ്ടല്ലോ. എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല’’

‘‘ഏതായാലും മോൻ വന്നത് അവൾക്ക് വലിയ സന്തോഷം ആയെന്നു തോന്നുന്നു. ആ സംഭവത്തിനു ശേഷം ഇന്നാണ് അവളുടെ മുഖത്തു ഒരു പുഞ്ചിരി ഞാൻ ആദ്യമായി കാണുന്നത്’’

തിരിച്ചു പോകുന്നതിനു മുൻപ് വീണ്ടും വരാം എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി.ബസ് സ്റ്റാൻഡിൽ എത്തിയ സഞ്ജു അച്ഛമ്മയെ കാണാൻ പോകുന്നതിനു പകരം അവിടെ ഒരു ലോഡ്ജിൽ റൂം എടുത്തു. പിറ്റേന്ന് രാവിലെയും അനുവിന്റെ വീട്ടിൽ എത്തി. മോൻ ഇന്നലെ പോയില്ലേ എന്നു ചോദിച്ച അമ്മയോട് ഇല്ല എന്നു മാത്രം പറഞ്ഞു.അന്ന് വൈകുന്നേരം വരെ അനുവിന്റെ കൂടെ ചിലവഴിച്ച അവൻ അതിനടുത്ത ദിവസങ്ങളും അതേ പോലെ തന്നെ ചിലവഴിച്ചു.പക്ഷെ അടുത്ത ദിവസം എത്തിയ അവനു മുന്നിൽ അനു മുഖം തിരിച്ചു.അവൾ കടുപ്പിച്ചു പറഞ്ഞു ഇനി അവളെ കാണാൻ അവിടെ വരരുത് എന്നു. അനുവിന്റെ അമ്മ അവനെ വിളിച്ചു പറഞ്ഞു.

‘‘മോനെ ഇതൊരു നാട്ടിൻപുറം ആണ് ഇവിടെ ഞങ്ങൾ രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കുട്ടി ദിവസവും ഇങ്ങനെ വരുന്നത് ശരിയല്ല.എന്തിന്റെ പേരിൽ ആയാലും’’

‘‘അമ്മേ ഞാൻ’’ അവൻ വിക്കി

‘‘കുട്ടിക്ക് അമേരിക്കയിൽ നല്ല ജോലി കിട്ടിയില്ലേ അതും ഒരുപാട് ആഗ്രഹിച്ചു കിട്ടിയതല്ലേ.തിരിച്ചു പോകണം എത്രയും പെട്ടന്ന്’’ അവർ കടുത്ത സ്വരത്തിൽ പറഞ്ഞു നിർത്തി.

അന്ന് ഒന്നും മിണ്ടാതെ തിരിച്ചുപോയ സഞ്ജു പിറ്റേന്ന് രാവിലെയും അനുവിന്റെ വീട്ടിലെത്തി

അനുവിന്റെ അമ്മ പരിചയ ഭാവം തന്നെ കാണിച്ചില്ല.

‘‘അമ്മേ അനു’’

‘‘അവൾക്ക് കുട്ടിയെ കാണേണ്ട എന്നു പറഞ്ഞിട്ടുണ്ട്’’

‘‘അമ്മേ അങ്ങിനെ പറയല്ലേ’’

‘‘പിന്നെ എങ്ങിനെ പറയണം ഇന്നലെ എല്ലാ കാര്യവും കുട്ടിയോട് പറഞ്ഞതല്ലേ’’

‘‘അമ്മേ ഒരു പുറമേക്കാരൻ ആക്കാതെ എന്നെ ഇവിടുത്തെ ഒരു വേലക്കാരൻ ആക്കി കൂടെ. ഞാൻ തൊഴുത്തിൽ കെട്ടിയിരിക്കുന്ന ആ പശുവിനെ മേക്കാം. ഇവിടുത്തെ പറമ്പിൽ ഉള്ള ജോലി ഒക്കെ ചെയ്യാം. എനിക്ക് ശമ്പളം ഒന്നും തരണ്ട. രണ്ടുനേരം എന്തെങ്കിലും കഴിക്കാൻ മാത്രം തന്നാൽ മതി.ഞാൻ ആ തൊഴുത്തിന്റെ ഒരു മൂലയിൽ കിടന്നോളം’’ തന്റെ മുന്നിൽ ഇരുന്നു കരയുന്ന ഈ ചെറുപ്പക്കാരന് ഭ്രാന്താണോ എന്നു പോലും ഒരു വേള ആ അമ്മ സംശയിച്ചു. അവന്റെ വിഷമം അവരുടെ കണ്ണും നിറയിച്ചു.

‘‘മോനെ ഞാൻ എന്തു പറയാനാ അവൾ ആണ് എന്നോട് പറഞ്ഞതു ഇനി മോനോട് ഇവിടെ വരരുത് എന്നു പറയാൻ. ജീവിതത്തിൽ ഒരു പാട് ആഗ്രഹങ്ങൾ ഉള്ള മോന്റെ ജീവിതത്തിൽ അവൾ ഒരിക്കലും ഒരു തടസ്സം ആവരുത് എന്നു അവൾക്കു നിർബന്ധം ആണ്. അല്ലാതെ എനിക്ക് മോനോടൊ മോൻ ഇവിടെ വരുന്നതിനോടൊ യാതൊരു വിരോധവും ഇല്ല. ഒരു മകൻ ഇല്ലാത്ത എനിക്ക് കുട്ടിയെ ആദ്യം കണ്ടപ്പോൾ തന്നെ ഒരു മകനോടുള്ള സ്നേഹം ആണ് തോന്നിയത്’’എന്നു പറഞ്ഞപ്പോഴേക്കും അവരും കരഞ്ഞു പോയി.

‘‘ഞാൻ അവളെ ഒന്നു കണ്ടോട്ടെ അമ്മേ’’

അവർ അകത്തെക്കു പോയിക്കൊള്ളാൻ ആംഗ്യം കാണിച്ചു.

റൂമിലേക്ക് കടന്നു വരുന്ന സഞ്ജുവിനെ കണ്ടു അനു മുഖം തിരിച്ചു.സഞ്ജു പതുക്കെ അവളുടെ കട്ടിലിനരികിൽ ഇരുന്നു.പുതപ്പ് മെല്ലെ മാറ്റി അവളുടെ കാലുകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

‘‘അനു നീ എന്തുകൊണ്ടാണ് എന്നോട് ദേഷ്യം കാണിക്കുന്നത് എന്നു എനിക്കറിയാം.പക്ഷെ നീ തന്നെ ആണ് അനു പൈസ നേടുന്നതല്ല , ഉള്ള സമയം സന്തോഷത്തോടെ ജീവിക്കാനുള്ളത് ആണ്  ജീവിതം എന്നു പറഞ്ഞു തന്നത്. ഇപ്പൊ അമേരിക്കയിലെ ജോലിയോ വിസയോ ഒന്നും എന്നെ ആനന്ദിപ്പിക്കുന്നില്ല. നിന്റെ കൂടെ ഇങ്ങിനെ ഇരിക്കുമ്പോൾ എനിക്ക് കിട്ടുന്ന സമാധാനം ഉണ്ടല്ലോ അതു നഷ്ടപ്പെടുത്തി പോകാനാണ് ഇപ്പൊ നീ ആവശ്യപ്പെടുന്നത്.നിനക്ക് എന്റെ സാമീപ്യം ഇഷ്ടമല്ലെങ്കിൽ ഞാൻ പോകാം. പക്ഷെ ജീവിതകാലം മുഴുവൻ ഞാൻ ഒരു വിഷാദരോഗി ആയി അലയുന്നത് നീ കേൾക്കും. അമേരിക്കയിൽ എത്തി നിന്നെ ഫോണിൽ കിട്ടാതായ ആ ദിവസങ്ങളിൽ ഞാൻ തിരിച്ചറിയുക ആയിരുന്നു അനു എന്റെ ജീവിതത്തിലെ സന്തോഷം നീ മാത്രം ആയിരുന്നു എന്ന്’’

കുറെ സമയം അവൾ ഒന്നും പറഞ്ഞില്ല പക്ഷെ അവളുട കണ്ണിൽനിന്നും നീർച്ചാലുകൾ ഒഴുകികൊണ്ടേ ഇരുന്നു. പിന്നീട് അവൾ ചുമക്കുന്ന പോലെ അഭിനയിച്ചു.കൂടെ അവനും ചുമ അഭിനയിച്ചു. പിന്നീട് എപ്പോഴോ ചുമ പൊട്ടിച്ചിരിയിലേക്ക് വഴിമാറിയിരുന്നു. തിരിച്ചു വരുന്നില്ല എന്നു ചേച്ചിയെ മനസ്സിലാക്കാൻ അവനു കഴിഞ്ഞതെ ഇല്ല. പക്ഷെ അപ്പോഴും അളിയൻ അവന്റെ രക്ഷക്ക് എത്തി.നിന്റെ മനസ്സിന് ശരി എന്നു തോന്നുന്നത് ചെയ്യൂ ഞങ്ങൾ എന്നും നിന്റെ കൂടെ ഉണ്ടാവും.അദ്ദേഹം അവനു ഉറപ്പു കൊടുത്തു. അന്ന് മുതൽ സഞ്ജു അനുവിന്റെ വീട്ടിക്ക്ക്ക് താമസം മാറ്റി.അവന്റെ സാമിപ്യം ആ വീടിന്റെ അന്തരീക്ഷം തന്നെ മാറ്റി മറിച്ചു.തേങ്ങലുകളും നിശ്വാസങ്ങളും ഉയർന്നിരുന്ന ആ വീട്ടിൽ നിന്നും പുഞ്ചിരികളും ചെറു ചിരികളും ഉയരാൻ തുടങ്ങി.

അനുവിന് ശാരീരികമായി വലിയ പുരോഗതി ഒന്നും ഉണ്ടായില്ലെങ്കിലും മാനസികമായി വീണ്ടും കരുത്തു നേടാൻ തുടങ്ങി.അവളുടെ എല്ലാ കാര്യങ്ങളും അവൻ തന്നെ നോക്കാൻ തുടങ്ങി.അവന്റെ സ്നേഹത്തിന്റെ വില മനസ്സിലാക്കിയ നാട്ടുകാരും അവനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.ഇതൊക്ക സഞ്ജുവിന്റെ ജീവിതത്തിൽ പുതിയ അനുഭവങ്ങൾ ആയിരുന്നു.അധികം വൈകാതെ ഒരു വീൽ ചെയർ വാങ്ങി അവളെ അതിൽ ഇരുത്തി ഇടയ്ക്ക് പുറത്തേക്കൊക്കെ പോകാൻ തുടങ്ങി.ഒരു ദിവസം അടുത്തുള്ള ചായ കടയിൽ കയറി അവൾക്കു ചായ വായിൽ ഒഴിച്ചു കൊടുക്കുമ്പോൾ ആണ് അങ്ങോട്ടു കയറി വന്ന അലിക്ക അവളോട്‌ നിറ കണ്ണുകളോടെ പറഞ്ഞതു ‘‘കുട്ടി അന്ന് എഴുതി തന്ന മരുന്നു കഴിച്ചിട്ട് എനിക്ക്  പിന്നെ ഇതുവരെ ശ്വാസം മുട്ടു വന്നിട്ടുണ്ടായിരുന്നില്ല.ഇപ്പൊ വീണ്ടും തുടങ്ങി’’ ‘‘ഞാൻ ഇപ്പൊ ഇങ്ങിനെ ആയില്ലേ ഇക്ക ഇനി വേറെ ആരെയെങ്കിലും കാണിക്കൂ’’ എന്നു പറഞ്ഞപ്പോഴേക്കും അനുവിന്റെ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു.വേഗം അവിടെ നിന്നും തിരിച്ചു വീൽചെയറും ഉരുട്ടി നടക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു നിന്നു പറഞ്ഞു.‘‘ ഇക്ക നാളെ വീട്ടിലേക്ക് വന്നോളൂ അനു പരിശോധിക്കും’’ ‘‘നിനക്കെന്താ സഞ്ജു വട്ടുണ്ടോ. നീ എന്തിനാ അയാളോട് നാളെ വരാൻ പറഞ്ഞതു. എന്നെ കളിയാക്കാൻ ആണോ. ഈ കൈ അനങ്ങാത്ത ഞാൻ എങ്ങനെ ആളെ പരിശോധിക്കും‘‘

‘‘തന്റെ കൂടെ നടന്നു എനിക്കും ഇപ്പൊ കുറേശ്ശേ വട്ടുണ്ടടോ’’

‘‘ആട്ടെ വീട്ടിൽ സ്റ്റെതസ്കോപ്പ് ഉണ്ടോ’’

‘‘അതൊക്കെ കാണും .പക്ഷെ കൈ അനങ്ങാതെ സ്റ്റേതസ്കോപ്പുകൊണ്ടു എന്തു കാര്യം’’

‘‘നാളെ മുതൽ ഞാൻ ആണ് നിന്റെ കയ്യുകൾ’’

‘‘സഞ്ജുവിന് വട്ടാണ്’’ അവൾ വീണ്ടും തർക്കിച്ചു.

പിറ്റേന്ന് രാവിലെ അലിക്ക വീട്ടിൽ എത്തി.

വീൽ ചെയറിൽ ഇരിക്കുന്ന അനുവിന്റെ മുന്നിൽ ഇട്ട ചെയറിൽ ഇക്ക ഇരുന്നു.അനുവിന്റെ ചെവിയിൽ വെച്ച സ്റ്റേതസ്കോപ്പിൽ സഞ്ജു പിടിച്ചു.അനു പറയുന്ന ശരീര ഭാഗത്തു  ഒക്കെ വെച്ചു കൊടുത്തു.കണ്ണു തുറന്നു കാണിച്ചു.വായിൽ ടോർച്ച് അടിച്ചു കൊടുത്തു.പറയുന്ന മരുന്നുകൾ എഴുതി കൊടുത്തു.അലിക്കക്ക് വലിയ സന്തോഷം ആയി.‘‘മോളെ ഇതുവരെ എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടില്ല. ഇത്തവണ എങ്കിലും ഞാൻ തരുന്നത് വാങ്ങണം’’ എന്നു പറഞ്ഞ ഇക്കയെ തടഞ്ഞു കൊണ്ടു അനു പറഞ്ഞു ‘‘ഇക്ക ഈ സ്നേഹം തന്നെ ധാരാളം.ഈ ശരീരം തളർന്ന പെണ്ണിനെ വിശ്വസിച്ചു ഇക്ക ഇവിടെ വന്നിലെ അതിലും വലിയ എന്തു പ്രതിഫലം ആണ് ഇനി എനിക്ക് കിട്ടാനുള്ളത്.’’ ‘‘അതിനു ഇങ്ങളെ ശരീരം അല്ലെ തളർന്നുള്ളൂ.ഇങ്ങളെ പഠിപ്പ് തളർന്നിട്ടില്ലല്ലോ.പിന്നെ കൂടെ ഇങ്ങനെ ഒരാള് ഉണ്ടെങ്കിൽ ഇങ്ങള് ഒരിക്കലും തളരില്ല മോളെ ’’എന്നും പറഞ്ഞു ഇക്ക പോയി.

പക്ഷെ അന്ന് മുതൽ രോഗികൾ വരാൻ തുടങ്ങി.തികച്ചും സൗജന്യ ചികിത്സ.രോഗികളും ഡോക്ടറും എല്ലായിപ്പോഴും ഹാപ്പി. അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ വാതിൽ തുറന്നു പുറത്തു വന്നപ്പോൾ ഉണ്ട് അമ്പു പുറത്തു കാത്തു നിൽക്കുന്നു. സഞ്ജുവിനെ കണ്ടപ്പോൾ അമ്പുവിനും അദ്ഭുതം‘‘ സാര് ദൂരെ ഏതോ നാട്ടിൽ പോയെന്ന് ഡോക്ടർമ്മ പറഞ്ഞിരുന്നല്ലോ.’’ ‘‘പോയിരുന്നു അമ്പു പിന്നെ തിരിച്ചുവന്നു. നിങ്ങളെ ഡോക്ടറമ്മയെ അങ്ങിനെ ഉപേക്ഷിച്ചു പോകാൻ കഴിയുമോ’’

അവനു വലിയ സന്തോഷം ആയ പോലെ തോന്നി. അമ്മയെ വിളിച്ചു അമ്പുവിനു ചായ കൊടുക്കാൻ പറഞ്ഞു. അവൻ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും അനുവിന്റെ റൂമിലേക്ക് കൊണ്ടുപോയി.അവൾ ഉണർന്നതെ ഉണ്ടായിരുന്നുള്ളു. അനുവിനെ കണ്ടതും അമ്പു കരച്ചിൽ തുടങ്ങി. അനുവിനും വിഷമം ആയി. അവൻ കൊണ്ടുവന്നിരുന്ന തേനും പഴങ്ങളും പച്ചക്കറികളും ഒക്കെ അമ്മയെ ഏൽപ്പിച്ചു.

‘‘നീ എങ്ങിനെ ഇവിടെ എത്തി അമ്പു’’

അനു ചോദിച്ചു. ‘‘ഏൻ പലസ്ഥലത്തും പോയി ചോദിച്ചു ചോദിച്ചു ഇവിടെ എത്തി’’ അവൻ നിഷ്കളങ്കമായി ചിരിച്ചു.

‘‘ഇപ്പൊ ആരെങ്കിലും മരുന്നൊക്കെ കൊണ്ട് വന്നു തരുന്നുണ്ടോ’’

‘‘പലരും വരുന്നുണ്ട് ഡോക്ടറമ്മ. പക്ഷെ ഒന്നും ഒരു ബവ്സ്സ്‌ ഇല്ല’’

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞിട്ടാണ് അവൻ പോയത്.

രണ്ടു ദിവസം കഴിഞ്ഞു അനു ചോദിച്ചു ‘‘സഞ്ജു നീ ഊരിൽ ഒന്നു പോകുമോ’’

‘‘പിന്നെന്താ ഞാൻ ഇതു തന്നോട് ചോദിക്കാൻ ഇരിക്കുക ആയിരുന്നു.’’

അടുത്ത ആഴ്ച്ച കുറെ ഭക്ഷ്യവസ്തുക്കളും ആയി സഞ്ജയ് ആദിവാസി ഊരിലേക്ക് പോയി. അവിടെ എല്ലാവർക്കും വലിയ സന്തോഷം ആയി. ഇടക്ക് അമ്പു അവനോടു പറഞ്ഞു ‘‘സാറേ അന്ന് ഡോക്ടറമ്മയെ ജീപ്പ് ഇടിച്ചില്ലേ. അതിൽ എന്തോ ഇടങ്ങേറു ഉണ്ട്’’

‘‘എന്താ അമ്പു’’

‘‘അന്ന് ജോണിയുടെ ജീപ്പ് ആണ് ഇടിച്ചത്.അതിനു ശേഷം ഓന്റെ കയ്യിൽ ഇഷ്ടംപോലെ പൈസ ഇൻണ്ട്’’

ഒന്നു നിർത്തി അമ്പു തുടർന്ന് ‘‘ഇപ്പൊ മരുന്ന് കൊണ്ടുവരുന്നവരുടെ ഒപ്പം ഓനും ഇണ്ടാവറുണ്ടു.’’

‘‘നമുക്ക് ഈ ജോണിയെ ഒന്നു കണ്ടാലോ’’

‘‘വാ സാറേ’’. അമ്പുവും സഞ്ജയും വരുന്നത് കണ്ടപ്പോൾ ജോണി പെട്ടന്ന് അവിടെ നിന്നും നടന്നു മാറാൻ ശ്രമിച്ചു.അവർ പിൻതുടരാൻ തുടങ്ങിയപ്പോൾ അവൻ ഓടാൻ തുടങ്ങി.അമ്പു പിറകെ ഓടി അവനെ പിടിച്ചു നിർത്തി.എന്തിനാ ഓടിയത് എന്നു ചോദിച്ചപ്പോൾ ആദ്യം അവൻ ഉരുണ്ടു കളിച്ചു.മുഖം അടക്കി ഒന്നു പൊട്ടിച്ചപ്പോൾ അവൻ പറയാൻ തുടങ്ങി.

‘‘മണി സാർ പറഞ്ഞിട്ടാ ഞാൻ ജീപ്പ് ഇടിപ്പിച്ചത്’’

‘‘എന്തിനു’’

‘‘ഡോക്ടറമ്മ ഇവിടെ വരുന്നതുകൊണ്ട് അവർക്ക് എന്തൊക്കയോ പരീക്ഷണങ്ങൾ നടത്താൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നത് കേട്ടിരുന്നു.’’ അവൻ പറയുന്നത് ഒക്കെ സഞ്ജു മൊബൈലിൽ റിക്കാർഡ് ചെയ്തിരുന്നു.ജോണിയുടെ ജീപ്പിൽ തന്നെ അവർ മണിയുടെ വീട്ടിൽ എത്തി. സർക്കാർ സർവീസിൽ നിന്നും റിട്ടയർ ആയ ഒരു ഫാർമസിസ്റ്റു ആയിരുന്നു മണി.

ജോണിയെ വിട്ടു വിളിപ്പിച്ചു മണിയെ ജീപ്പിൽ കയറ്റി.കാട്ടിനുള്ളിൽ കയറ്റി അത്യാവശ്യം കൈകാര്യം ചെയ്തപ്പോൾ മണി മണി മണി ആയി കാര്യങ്ങൾ പറഞ്ഞു.

പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഹോസ്പിറ്റലിന്റെ എംഡി ആയ സത്യമൂർത്തി കുത്തക കമ്പനികൾക്ക് വേണ്ടി മരുന്ന് പരീക്ഷണം നടത്തിയിരുന്നത് ഈ ഊരിൽ ആയിരുന്നു. പക്ഷെ ഡോക്ടർ അനസൂയ അവരുടെ ഇടയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ അവരുടെ പ്ലാനുകൾ നടക്കാതെ ആയി.ഒന്നു രണ്ടു തവണ അനസൂയയെ തങ്ങളുടെ വശത്താക്കാൻ ശ്രമിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ഒക്കെ ചെയ്തെങ്കിലും അവൾ അതിനൊന്നും വഴങ്ങിയില്ല. പിന്നീട് ഡോക്ടറെ തീർക്കാൻ അവർ തീരുമാനിച്ചു.മണി പറഞ്ഞതു  മുഴുവൻ സഞ്ജു റിക്കാർഡ് ചെയ്തിരുന്നു. അവരുടെ രണ്ടുപേരുടെയും കയ്യിൽ നിന്നും ഫോണ് വാങ്ങി വെച്ച ശേഷം രണ്ടുപേരെയും ഊരിൽ ഉള്ളവരെ ഏൽപ്പിച്ചു അമ്പുവോ താനോ വന്നു പറയുന്നത് വരെ അവരെ പുറത്തു വിടരുത് എന്നു പറഞ്ഞു. സഞ്ജു സത്യമൂർത്തിയെ  കാണാൻ പുറപ്പെട്ടു. പക്ഷെ അമ്പു അവനെ ഒറ്റക്ക് പോകാൻ അനുവദിച്ചില്ല.അവനും കൂടെ പുറപ്പെട്ടു.....

ചവിട്ടേറ്റു നിലത്തു വീണ സത്യമൂർത്തിയെ പിടിച്ചു പൊക്കി സഞ്ജു സെറ്റിയിലേക്ക് വലിച്ചെറിഞ്ഞു.അപ്പോഴേക്കും പുറത്തു നിൽക്കുന്ന അമ്പുവും അകത്തേക്ക് വന്നിരുന്നു. സെറ്റിയിൽ കിടന്ന് സത്യമൂർത്തി കിതച്ചു വെള്ളം വെള്ളം എന്നു പറയാൻ വായ തുറന്നപ്പോഴേക്കും വായിൽ നിന്നും കട്ടചോര പുറത്തേക്കു വന്നു.

അവിടെ ഉണ്ടായിരുന്ന വെള്ളക്കുപ്പിയിൽ നിന്നും വെള്ളം അയാളുടെ വായിലേക്ക് സഞ്ജു ഒഴിച്ചു കൊടുത്തു.

‘‘നിങ്ങൾ ആരാ എന്തിനാ എന്നെ തല്ലിയത്‘‘

‘‘തല്ലാൻ അല്ല തന്നെ കൊല്ലാൻ ആണ് വന്നത്‘‘

‘‘എന്തിനു‘‘ ഭയത്തോടെ അയാൾ അവരുടെ മുഖത്തേക്ക് നോക്കി.

‘‘തനിക്കു ഡോക്ടർ അനസൂയയെ അറിയാമോ‘‘

ഡോക്ടർ അനസൂയ എന്നു  കേട്ടപ്പോൾ സത്യമൂർത്തി ഞെട്ടുന്നത് അവർ കണ്ടു. എന്തോ പറയാൻ തുടങ്ങിയ മൂർത്തിയെ തടഞ്ഞു കൊണ്ടു സഞ്ജയ് പറഞ്ഞു

‘‘താൻ ഇനി പുതിയ കഥകൾ ഒന്നും പറയാൻ നോക്കണ്ട മണിയെയും ജോണിയെയും ഞങ്ങൾ പൊക്കി. കൊടുക്കേണ്ടത് കൊടുത്തപ്പോൾ തത്ത പറയുന്ന പോലെ അവർ കാര്യങ്ങൾ പറഞ്ഞു.അതൊക്കെ ഞങ്ങൾ റിക്കാർഡ് ചെയ്തിട്ടുണ്ട്.‘‘ അമ്പുവിന്റെ കയ്യിൽ തിളങ്ങുന്ന കത്തി കണ്ടിട്ടു സത്യമൂർത്തി ‘‘എന്നെ കൊല്ലല്ലേ ‘‘എന്നു പറഞ്ഞു അവരുടെ കാലിൽ വീണു കരഞ്ഞു.‘‘തന്നെ കൊല്ലാൻ തന്നെ ആണ് വന്നത്.എന്നാൽ ഇപ്പൊ ജയിലിൽ പോയി കിടക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ഞാൻ.പക്ഷെ ഇനി എന്തെങ്കിലും ഉടായിപ്പ് പരിപാടിയും ആയി ആ ഊരിൽ തന്നെയോ ആൾക്കാരെയോ കണ്ടാൽ ഈ പറഞ്ഞതൊക്കെ ഞങ്ങൾ അങ്ങു മറക്കും.‘‘

‘‘പിന്നെ ഒരു കാര്യം കൂടി ഇനി ഇതിന്റെ പേരിൽ ആ ഊരിൽ ഉള്ള ആരെയെങ്കിലും ഉപദ്രവിക്കുകയോ കേസ് കൊടുക്കുകയോ ചെയ്താൽ തന്റെ കൂട്ടാളികൾ പറഞ്ഞതൊക്കെ ചാനലുകളിൽ അന്തിച്ചർച്ച ആവും മറക്കണ്ട.‘‘അവിടെ നിന്നും തിരിച്ചു നടക്കുമ്പോൾ അധികം വൈകാതെ അനുവുമായി താൻ ഊരിൽ വരും എന്നു അമ്പുവിനു സഞ്ജു വാക്കു കൊടുത്തു.....

Content Summary : Doctor Malayalam Short Story By Rajesh Vasudev

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;