ADVERTISEMENT

മിന്നുന്നതെല്ലാം (കഥ) 

 

ഇരുൾ പരന്നിരിക്കുന്ന ആ വലിയ സ്റ്റാന്റിന്റെ കവാടത്തിൽ എന്തിനോ വേണ്ടി സർക്കസ്സ് കൂടാരത്തിലെ ചക്ര ഊഞ്ഞാൽ കറങ്ങും പോലെ കറങ്ങിക്കൊണ്ടിരുന്ന എന്റെ  കണ്ണുകൾ ചെന്നുടക്കി നിന്നു. മത്സ്യകന്യകയെ പോലെ ഒഴുകിയൊഴുകി വരുന്ന  ‘ആ രൂപം’ പുറത്തേക്ക് പോകുന്ന വാഹനത്തിന്റെ വെളിച്ചത്താൽ കൂടുതൽ തിളക്കമുറ്റിതായി തോന്നി. തേൻ  നിറഞ്ഞ് തുളുമ്പിയ  പുഷ്പമായി നയനങ്ങൾക്ക് മുന്നിലാരൂപം മിന്നിതിളങ്ങി.

 

ഇറ്റിറ്റ് വീഴുന്ന  തേൻ നുകരാനായി വട്ടമിട്ടു കറങ്ങിയ രണ്ട് തേനീച്ചകൾ ആർത്തിയോടെയാരൂപത്തിൽ പറന്നിറങ്ങി.      തോളൊപ്പത്തിൽ  കിടന്ന് തുള്ളി കളിക്കുന്ന  കാർക്കൂന്തലും ആരെയോ ഭയന്ന് മുട്ടിന് താഴേക്കിറങ്ങാതെ മടിച്ചിരിക്കുന്ന  മിഡിയും. കുന്നും കുഴിയും ഒപ്പിയെടുക്കും തരം ഉടലിനോടൊട്ടിയ ടോപ്പിനുള്ളിൽ സ്വാതന്ത്രയാണെന്നുള്ള ആനന്ദത്താൽ ഒഴുക്കിനൊപ്പം ഓളം തള്ളുന്ന മാറിടവും. 

 

അരക്കെട്ടിൽ   ചേർന്ന് കിടന്ന തോൾബാഗ് ഒതുക്കി പിടിച്ച് ഫാമിലിയായിട്ടിരിക്കുന്നവരെ അസ്വസ്ഥപെടുത്തുമാറ് 

ആ ‘സുന്ദരരൂപം’ അടുത്തേക്കടുക്കന്തോറും സിരകൾക്കുള്ളിൽ സഞ്ചാരികൾക്ക് ലക്കും ലവലും നഷ്ടപ്പെട്ടുവോ ? ഗ്രാമാന്തരീക്ഷത്തിൽ ഇത്തരം കാഴ്ചകൾ അപൂർവ്വമായതിനാൽ ഞാനാകെ കുളിരേറ്റ്  പുളകിതനായിമാറിയിരുന്നു.

 

പകൽ പോലെ വെളിച്ചമുള്ള വെയിറ്റിംഗ് ഏരിയയിലേക്ക് ചെമ്പകപൂനിറമുള്ള കാലെടുത്ത് വച്ചപ്പോൾ.ഹൊ !

എന്റെ ഉടൽ അടപടലം മിന്നൽപിണരടിച്ചോ ?. എനിക്കു  അപരിചിത ഇടമായതുകൊണ്ടും  ശ്രീരാമലക്ഷ്മണൻമാരിലെ ലക്ഷമണനല്ലാത്തതിനാലും പാദങ്ങളിലേക്ക്  മാത്രം  ദൃഷ്ടി പതിഞ്ഞില്ല. ഇവിടന്നാരുടെ  കൈയ്യിൽ നിന്നും                  സ്വഭാവ സർട്ടിഫിക്കറ്റ്  ആവശ്യമില്ലാത്തതിനാൽ കപട മാന്യതയുടെ മൂടുപടം കാറ്റിൽ പറത്തി. ‘സുന്ദരിയാൽ’ ആകൃഷ്ടനായി എല്ലാം മറന്ന് ഉൻമാദാവസ്ഥയിലങ്ങനെ നിൽക്കവെ പെട്ടന്ന് സുന്ദരിയുടെയും എന്റെയും കണ്ണുകൾ കോർത്ത് പിണഞ്ഞു.

 

മാന്യതയുടെ ഒരംശം പോലും വീക്ഷണകോണിൽ എങ്ങും ഇടം പിടിക്കാതിരുന്നതിനാൽ  ഞാനാകെ ഇളിഭ്യനായി പോയി. പലവിധ അപകർഷതയെടുത്ത്് മേലങ്കിയാക്കിയിരിക്കുന്നതിനാൽ, രണ്ടു മൂന്നാവർത്തിയുള്ള കണ്ണുകളുടെ കൂട്ടിയിടിയുടെ ആഘാതത്താൽ തിളച്ച് മറഞ്ഞിരുന്ന എന്റെ ശരീരം    മെല്ലെ തണുക്കുവാൻ തുടങ്ങി.

 

 

എന്നാലും. റോസാപ്പൂ വിരിയുന്ന ചിരിയുമായി  സുന്ദരിയുടെ മാൻ മിഴികൾ  എന്നെ നോക്കി മിന്നിത്തിളങ്ങിയപ്പോൾ  മനം നിറയെ മാരിവിൽവർണ്ണങ്ങൾ പൂത്തുലഞ്ഞു. കടിഞ്ഞാണില്ലാത്ത കുതിരയായി  മനസ്സ് കുതിച്ചു. മൊബൈൽ ഫോൺ പ്രചാരത്തിലാവാത്തതുകൊണ്ട് അഡ്രസ്സ് വാങ്ങാം. അല്ലെങ്കിൽ കൊടുക്കാം. സുന്ദരിയും ഞാനും കൂടി പോകുമ്പോൾ നാട്ടിലുള്ളവരുടെ അസൂയാവാഹമായ നോട്ടങ്ങൾ. അങ്ങിനെ എന്തെല്ലാമോ പാഞ്ഞു വരുന്നതിനിടയിൽ എന്തിനെയും ഏതിനെയും തകർത്ത് മുന്നിലെത്താറുള്ള അപകർഷത ഓടി കയറി മുന്നിലെത്തി.

 

162 cm മാത്രം ഉയരവും ഇരുണ്ട നിറവുംൽമാൻഖാനെ പോലെയാകണം എന്ന് നാൾക്ക് നാല്പത് വട്ടം ആഗ്രഹിച്ചിട്ടും നിർമ്മിതിയിലെ പോരായ്കയാൽ പരേതനായ നിർമ്മാതാവിനോടുള്ള ദേഷ്യം കടിച്ചമർത്തി. എന്നാലും എന്ത് കണ്ടിട്ടാണ് ഈ സുന്ദരി എന്നെയിങ്ങനെ ശ്രദ്ധിക്കുന്നത്. ആശ്ച്യര്യപ്പെട്ടു പോയി. ആയകാലത്ത് അധ്യാപകരെ വെറുക്കപ്പെട്ട കനികളായി കണ്ടതിനാൽ ഇംഗ്ലീഷ് എന്നോടു പിണങ്ങി എവറസ്റ്റ് കൊടുമുടിയിലായിരുന്നു.

                           

 

എന്തായാലും എവിടെന്നാല്ലാമോ കളഞ്ഞ് കിട്ടിയ ‘‘my name’’ ഉം ‘‘You name’’ ഉം മൊക്കെ കൂടെ കൂട്ടി തീരെ പരിചയമില്ലാത്ത കാമുകന്റെ  ബഹുമുഖ വർണ്ണങ്ങൾ മുഖത്തണിഞ്ഞ് ആ സുന്ദരിയിലേക്ക് ഓടി കയറുവാൻ മനസ്സും കണ്ണുകളും പായിച്ചു. എല്ലാ മോഹങ്ങളേയും അസ്ഥാനത്താക്കികൊണ്ട് തൂണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ടുപോയി എന്ന ചൊല്ലിനെ അന്വർത്ഥമാക്കി അവിടത്തെ കാഴ്ചകളിൽ എന്റെ ശ്രദ്ധയിൽ എപ്പഴോ ഓടിമറഞ്ഞിരുന്ന ബസ് കാത്ത് തൂണ് ചാരി നിന്നിരുന്ന ഒരു ചെറുപ്പക്കാരനുമായി ആ സുന്ദരി എന്തോ വലിയ ബിസ്സിനസ്സ് ഡീൽ നടത്തി കൊണ്ടിരിക്കുന്നു.

 

ഇത് എപ്പോ സംഭവിച്ചു.ശ്ശൊ !ഒന്നൂടെ സൂക്ഷിച്ച് നോക്കി. ‘‘ദൈവമേ ! മനസ്സിൽ ഒരു കൊള്ളിയാൻ വന്നിടിച്ചോ ?           ചെറുതായി ഒന്നമ്പരന്നോ .........? സ്റ്റാന്റിൽ എത്തിയപ്പോമുതലുള്ള പരക്കംപാച്ചിലുകളിൽ ഏറെ സമയം  ചിലവഴിച്ചത് സാമൂഹ്യ സേവകരെന്ന അഹങ്കാരത്തോടെ രാത്രിയാമങ്ങളിൽ പുരുഷൻമാരെ സന്തോഷിപ്പിക്കുവാൻ കച്ചകെട്ടിയിറങ്ങിയവരുമായി ചന്തയിൽ മാത്രം കണ്ട് പരിചയമുള്ള വിലപേശലുകൾ കണ്ട് രസിക്കുന്നതിലായിരുന്നു.

 

വിലപേശലുകൾകൊടുവിൽ   പ്രോപ്പർട്ടി കൈമാറ്റം എവിടെയാണെന്നുള്ള കൗതുകത്താൽ ചില ജോഡികളെ കള്ളനെ പോലെ പിൻതുടർന്നപ്പോളാണ് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ഇരുണ്ടയിടങ്ങളാണ് അവർക്കായി കാത്തിരിക്കുന്നതെന്ന് മനസ്സിലായത്. ആ കാഴ്ചകളിൽ രസിച്ച്  നിൽക്കുമ്പോഴായിരുന്നു  പെട്ടന്ന് സ്റ്റാന്റെിന്റെ അല്പം ഉയരത്തിലുള്ള വലത് ഭാഗത്ത് നിന്ന്  അലർച്ചകളും ആക്രോശങ്ങളും കരച്ചിലുകളും കർണ്ണപടം തുളച്ച് കയറിയത്. 

 

 

 ഭീതിയോടെ അവിടേക്ക്  നോക്കിനിൽക്കെ. പൂരപ്പറമ്പിലെ മദമിളകിയ ആനയിൽ നിന്ന് രക്ഷനേടുവാനെന്നോണം ഒരു കൂട്ടമാളുകൾ ഏറെയും രാത്രിയിലെ വ്യാപാരികൾ ഭയപ്പെടുത്തുമാംവിധം  ചിതറിയോടുന്നു .  കച്ചോടം നഷ്ടപ്പെട്ടതിലുള്ള അമർഷമായിരിക്കാം അസഹ്യമാം വിധം എന്തൊക്കെയോ പുലമ്പികൊണ്ട് വെയിറ്റിംഗ് ഏരിയാ യിലേക്കും മറ്റും എന്നെയും മറികടന്ന് ഓടിയത്.

 

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുമ്പോൾ, ചീറിപായുന്നവരിൽ നിന്ന് പോലീസെന്ന വാക്ക് കേട്ടതും തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയില ക്രൂരനായ പോലീസുകാരൻ മല്ലിക്കട്ടിനെ ഓർമിച്ചതാകാം ഒരു പക്ഷേ നേരെ കാണുന്ന റ്റീഷോപ്പിലേക്ക് ഓടി കയറുവാൻ സഹായിച്ചത്. ബധിര വാർത്താ വായനക്കാരിയേക്കാൾ വേഗത്തിൽ കളർ പാനീയങ്ങളോട് ഇഷ്ടക്കേടുണ്ടായിരുന്നിട്ടു കൂടി ഒരു കുപ്പി കളർ പാനീയവും ഒരു ബന്നും ആംഗ്യ ഭാഷയിൽ വാങ്ങി.

 

ബന്നിന്റെ പകുതി വായിൽ തള്ളികേറ്റിയും പാനീയത്തിന്റെ പകുതി കളഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദമിളകി പോയ പോലീസുകാരിൽ നിന്ന് പദ്മശ്രീ അഭിനേതാവിന്റെ പ്രകടനങ്ങളോടെ ഒരു വിധത്തിലാണ് രക്ഷപ്പെട്ടത്. ഈ രംഗങ്ങൾ ഭയപ്പെടുത്തിയതിനാൽ, സുരക്ഷിതയിടം നോക്കി വെയിറ്റിംഗ് ഏരിയായിൽ നിലയുറപ്പിച്ചിടത്താണ് ഈ സുന്ദരി വന്നണഞ്ഞത്.

 

രാത്രിയിലെ വ്യാപാരിയാണി സുന്ദരിയെന്ന തിരിച്ചറിവ് അസ്വസ്ഥപ്പെടുത്തുമാറ്  അത്ഭുതപ്പെടുത്തി.  ഇത്തരം വ്യാപാരികളെ അനിഷ്ടത്തോടെ കണ്ടിരുന്ന ഞാൻ  ഈ അറിവ് നേരത്തേയുദിച്ചിരുന്നെങ്കിൽ യാത്രാ ചിലവിനേക്കാളധികം പണം കൈവശം ഇല്ലാതിരിക്കെ,കള്ളവണ്ടി കയറി നാട്ടിലെത്തുവാൻ ശ്രമിക്കുമായിരുന്നോ?. എന്തോ?   ഈ തരത്തിൽ ഒന്ന് ആ തരത്തിലുണ്ടാവുമെന്ന് എന്റെ അറിവിലില്ലാതിരുന്നല്ലോ. ഒറ്റയ്ക്ക് ആ സമയത്ത് അത്തരമൊരു രൂപം ഇതെല്ലാം കൂട്ടി വായിക്കാതെ  വികാരത്തിന്റെയും മോഹത്തിന്റെയും വരമ്പത്ത് മാത്രം ഒതുങ്ങുകയും ഒരു പടി കൂടി മുൻപോട്ടായാത്ത ചിന്തയെ ശപിച്ചും സങ്കടപ്പെട്ടും മനസ്സ് അസ്വസ്ഥപ്പെട്ടപ്പോഴാണ് ബോധ്യമായത് കള്ളവണ്ടി കയറുവാൻ റെഡിയായിരുന്നുവെന്ന്. 

 

ഓണ ബംബറിന്റെ ഒന്നാം സമ്മാനം ഒറ്റ അക്കത്തിന് നഷ്ടപ്പെട്ടവന്റെ നിരാശയുമായി നിൽക്കെ അർധരാത്രിക്കിണങ്ങും വിധം അന്തരീക്ഷം നിശബ്ദപൂരിതമാക്കി വെയിറ്റിംഗ് ഏരിയായുടെ മുൻപിലതാ   ‘തേൻമാവിൻ കൊമ്പിലെ മല്ലിക്കട്ടും അനുയായികളും’ ശരീരം തണുത്ത് മരവിച്ച് പോയി. സുന്ദരിയുടെ കൂടെ തുള്ളികളിക്കാൻ പരാക്രമം കാണിച്ചവർ സിരകളൾക്കുള്ളിൽ നിന്നും ഒളിച്ചോടിയോ ?.  ആറരയടി പൊക്കമും അതിനൊത്ത വണ്ണവും കൈയ്യിലൊരു നീളമേറിയ തോക്കുമായി നിൽക്കുന്ന മല്ലിക്കട്ടിനെ കണ്ടപ്പോൾ ഭീമാകാരനായ ബുൾഡോഗിന്റെ വായിലകപ്പെട്ടതായി തോന്നി.

 

യാത്രക്കാരുടെ കൂട്ടത്തിലിരിക്കുന്ന സുന്ദരിയോട് സിംഹഗർജ്ജനത്തിലുള്ള ചോദ്യത്തിന് ഒരു പതർച്ചയും കൂടാതെയുള്ള മറുപടിയിൽ രാത്രിയിലെ വ്യാപാരിയെന്ന സത്യം മറഞ്ഞിരിപ്പുണ്ടായിരുന്നു. ഇതിനിടയിൽ എന്നെ പിന്തള്ളി സുന്ദരിയുമായി സല്ലപിച്ചോണ്ടിരുന്ന ചെറുപ്പക്കാരനോട് എന്തോ ചോദിച്ചതും ഉത്തരം വൈകിയതിനാലോ? ആണുങ്ങളെ ചോദ്യം ചെയ്യുമ്പോഴുള്ള മുൻവിധി പ്രകാരമോ? തോളെല്ല് ഒടിയുമാറ് തോക്കിൻപാത്തികൊണ്ട് മല്ലിക്കട്ട് ഊക്കൻ ഒരു ഇടി. ഇടിയേറ്റ ചെറുപ്പക്കാരന്റെ നിലവിളി എന്റെ അന്തരംഗം നടുങ്ങുമാറായിരുന്നു. ഏറെകുറെ ഒരു പോലെയിരിക്കുന്ന ആജ്ഞാനുവർത്തികളായ പോലീസുകാർ സുന്ദരിയേയും ചെറുപ്പക്കാരനേയും നിറുത്തി ചോദ്യം ചെയ്യുന്നതിനിടയിൽ എല്ല് ഒടിയുകയല്ല വളയുകയാണ് എന്ന മണ്ടൻ അറിവിനാലോ? കൊല്ലപ്പണിയും വശമുണ്ടെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്താനോ? അതോ ആണിനെ ചോദ്യം ചെയ്യുന്നത് രണ്ടാമതും ശ്രദ്ധയിൽപ്പെട്ടതിനാലോ? എന്തോ? ആദ്യത്തെ ഇടിയുടെ എതിർവശത്ത് മല്ലിക്കട്ടിന്റെ വക അടുത്ത ഇടി.

 

ഒരു നിലവിളിയോടെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയടെ ഉത്തരവാദിത്വം വരെ ഏറ്റെടുത്തിട്ടായിരിക്കാം പെട്ടന്ന് എല്ലാം ശാന്തമായി. അവരേംകൊണ്ട് നടന്ന് നീങ്ങുമ്പോൾ അവിടം ശ്മശാന മൂകമായിരുന്നു. ഇതിലൊന്നും കുലുങ്ങാതെ അപ്പോഴും ആ സുന്ദരി മിന്നിതിളങ്ങുകയായിരുന്നു. ആരേയും മോഹിപ്പിക്കുന്ന തിളക്കം. മിന്നുന്നതൊന്നും പൊന്നല്ല എന്ന ചൊല്ല് ഓർത്തപ്പോൾ ബുൾഡോഗിനെ പോലെയുള്ള പോലീസുകാരുടെ ഇടയ്ക്കിടെയുള്ള രംഗ പ്രവേശനവും അതിലേറെ ആ ചെറുപ്പക്കാരന്റെ നിലവിളി. 

 

എന്തായാലും പുറപ്പെടുവാൻ തയ്യാറെടുക്കുന്ന മംഗലാപുരം ബസ്സിലേക്ക് ഓടിക്കയറുവാനാണ് തോന്നിയത്. ബാംഗ്ലൂരിൽ നിന്ന് അങ്കമാലിയിലേക്കുള്ള യാത്ര മംഗലാപുരം വഴിയാണോയെന്ന് അന്നും ഇന്നും അറിവില്ലാത്ത ഞാൻ ആ ബസ്സിന്റെ സൈഡ് സീറ്റിൽ ചാരിക്കിടക്കുമ്പോൾ ആ ചെറുപ്പക്കാരന്റെ നിലവിളി കാതിലടിച്ചുകൊണ്ടിരുന്നു. ഒച്ചിഴയുന്ന ബസ്സിന്റെ വേഗതയിൽ അസ്വസ്ഥതപ്പെടുമ്പോഴും എന്റെ കൈകൾ തോളെല്ലിൽ തടവികൊണ്ടിരിക്കുകയായിരുന്നു.

 

Content Summary : Minnunnathellam Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com