വീട് കുത്തിതുറന്ന് പൊന്നോ പണമോ എടുക്കാതെ ഒരു കുഞ്ഞുടുപ്പുമായി കടന്ന കള്ളൻ !

thief
Representative Image. Photo Credit: Kzenon/shutterstock
SHARE

ഒരു പിറന്നാൾ സമ്മാനം (കഥ)

ഒരു കാക്ക നേരെ പറന്നാൽ പോലും തെക്കേക്കര ഗ്രാമവാസികൾക്ക് അതൊരു വലിയ വാർത്തയാണ്. അങ്ങനെ ഇരിക്കെയാണ് ആ ഗ്രാമത്തിലുള്ള തൂണിനെയും തുരുമ്പിനെയും ഞെട്ടിച്ച ആ സംഭവം നടന്നത്. പുലാപ്പിള്ളി തറവാട്ടിലെ ഒരേയൊരു ആൺതരിയായ അന്തോണി ചേട്ടന്റെ വീട്ടിൽ ഏകദേശം, ഒരു ഒമ്പത്, ഒമ്പതര മണിക്ക് ഒരു കള്ളൻ കയറിയത്. തെക്കേക്കരയിൽ മുമ്പും ഒരുപാട് കളവുകളും മോഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇത് ആ നാടിനെയും ആ നാട്ടാരെയും തെല്ലൊന്ന് അമ്പരപ്പിച്ച ഒരു മോഷ്ണമായിരുന്നുവെന്ന് വേണമെങ്കിൽ പറയാം. കാര്യം എന്താണെന്ന് അല്ലേ, 

എത്രത്തോളം പൊന്നും പണ്ടവും പോയെന്ന് നിശ്ചയപ്പെടുത്തുന്നതിനു മുമ്പേ തന്നെ, പോയതൊക്കെയും ഒന്നൊഴിയാതെ എത്രയും വേഗം തിരികെ കിട്ടണേയെന്ന് നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ട്, അന്തോണി ചേട്ടന്റെ പ്രിയപത്നി, ശ്രീ പാർവതി അവർകൾ, ഗുരുവായൂരപ്പന് ഒരു തുലാഭാരവും, ശയനപ്രദക്ഷിണവും അങ്ങ്ട് നേർന്നു.

അന്തോണി ചേട്ടന്റെ പ്രിയപത്നി, വല്ല ലില്ലിക്കുട്ടിയോ, മറിയയോ ഒക്കെ അല്ലേ ആകേണ്ടത്, ഈ പാർവ്വതി എങ്ങനെ വന്നുവെന്ന് അല്ലേ നിങ്ങൾ ഇപ്പോൾ ആലോചിച്ചത്. അതും, തെക്കേക്കര ഗ്രാമത്തെ നടുക്കിയ മറ്റൊരു വിഖ്യാതമായ കളവായിരുന്നു. 

കിഴിയൂർ കോവിലകത്തെ തമ്പ്രാട്ടിക്കുട്ടിയെയായണ് ഈ അന്തോണി ചേട്ടൻ രായ്ക്കുരാമാനം കടത്തി കൊണ്ടു വന്നത്, അതൊക്കെ പഴയ കഥ.

സൂക്ഷ്മപരിശോധനയ്ക്ക് ഒടുവിലാണ്, ഒരു അരിമണി പോലും നഷ്ടപ്പെട്ടില്ലെന്നുള്ള ആ വലിയ സത്യം അവർ മനസ്സിലാക്കിയത്. 

കാര്യം , ഒരു തരി പൊന്നോ, ഒരു ഉറുപ്പിക പോലും പോയിട്ടില്ലെങ്കിലും, ഇരുമ്പ് അലമാര ഒന്നാകെ, കീഴ്മേൽ മറിച്ചിട്ടിരുന്നു.

പണവും പണ്ടവും ഒക്കെ ഉണ്ടായിട്ടും അതൊന്നും തൊടുക പോലും ചെയ്യാത്ത ആ ഭയങ്കരനായ കള്ളൻ, അന്തോണി ചേട്ടന്റെയും പാർവതി ചേച്ചിയുടെയും ഉറക്കം കളഞ്ഞുവെന്ന് പറഞ്ഞാൽ മതിയല്ലോ…

കൂട്ടത്തിൽ മുഴുവൻ നാട്ടുകാരുടെയും…

അങ്ങനെ, ഒരുപാട് സൂര്യാസ്തമയങ്ങൾ തെക്കേക്കരയിൽ കടന്നു പോയി. ഒരു ദിവസം, അന്തോണി ചേട്ടനും പ്രിയപത്നിയും , സകുടുംബം ഊട്ടിയിൽ ഒരു ട്രിപ്പ് ഒക്കെ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ, കരുവാൻ ബാലന്റെ ഉലയുടെ ചൂട് അറിഞ്ഞ ആ പൂട്ട് രണ്ട് കഷ്ണമായി കിടക്കുന്നതാണ് അവർ കണ്ടത്. ഉടനെ എല്ലാവരും പുത്തൻ ഗോദറേജ് അലമാരയുടെ അടുത്തേക്ക് കുതിച്ചു.

എല്ലാം വലിച്ചു വാരി ഇട്ടിരുന്നെങ്കിലും, പണവും സ്വർണവും അവിടെ ഭദ്രമായിരുന്നു. അങ്ങനെ അന്തോണി ചേട്ടന്റെയും  ചേച്ചിയുടെയും ശ്വാസം ഒന്ന് നേരെ വീണപ്പോഴാണ്, മുകളിലെ നിലയിൽ നിന്ന് രണ്ടാം ക്ലാസ്സുകാരി ആവണി, അവളുടെ ചെറിയ വായിൽ നിലവിളിക്കാൻ തുടങ്ങിയത്. കാര്യം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അവളുടെ പിറന്നാളിനു വേണ്ടി വാങ്ങി വെച്ചിരുന്ന പുതിയ കരിനീല ഫ്രോക്ക് കാണാനില്ലെന്ന്. ഏതാണ്ട് ഒരു ആഴ്ച മുമ്പാണ്, ടൗണിലെ കടയായ കടയെല്ലാം കയറിയിറങ്ങി ആ കരിനീല ഫ്രോക്ക്, കൊച്ചു പിടിവാശികാരിക്ക് ഇഷ്ടപ്പെട്ടത്. 

‘‘ഞാൻ മഹിമയോടും അനുശ്രീയോടും ഒക്കെ പറഞ്ഞതാ, നാളെ കാണാൻ നല്ല രസമുള്ള ആ കരിനീല ഫ്രോക്ക് ഇട്ടിട്ടാണ് ഞാൻ സ്കൂളിലോട്ട് വരാന്ന്. ഇനി ആ ഫ്രോക്കിടാതെ ഞാൻ പോയാൽ, അനുശ്രീ എന്നെ കളിയാക്കും. അവള്ടെ ചേട്ടൻ, അവൾക്ക് എന്റെ ഫ്രോക്കിനെക്കാളും നല്ല ഫ്രോക്ക് വാങ്ങി കൊടുക്കാന്ന് പ്രോമിസ് ആക്കിയിട്ടുണ്ടെന്നും മറ്റും പറഞ്ഞ്, അവൾ കരച്ചിലോട് കരച്ചിൽ.’’

ആ നട്ട പാതിരായ്ക്ക് അവളേം കൊണ്ട് പൂട്ടിച്ച കട തുറപ്പിച്ച്, അന്തോണി ചേട്ടൻ മകൾക്ക് ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി കൊടുത്താണ് ഒരു വിധത്തിൽ കരച്ചിൽ അടക്കിയത്.

എന്നാലും മകളുടെ കരിനീല ഫ്രോക്ക് മോഷ്ടിച്ച് തങ്ങളുടെ ഉറക്കം കെടുത്തിയ ആ കള്ളനാരാകുമെന്ന് ഓർത്ത് ആ ദമ്പതികൾക്ക് അന്ന് രാത്രിയും ഉറങ്ങാൻ കഴിഞ്ഞില്ല. 

പിറ്റേന്ന്, സഹപാഠിയെ പരിക്കേൽപ്പിച്ചതിനും ഉടുപ്പ് വലിച്ചു കീറിയതിനും, ആ മാതാപിതാക്കളെ വിദ്യാലയത്തിൽ നിന്ന് വിളിപ്പിച്ചപ്പോഴാണ് ചുരുളഴിയാത്ത ആ രഹസ്യം അവർക്ക് പിടി കിട്ടിയത്. തങ്ങളുടെ മകളുടെ പിറന്നാളിന് വേണ്ടി വാങ്ങിയിരുന്ന, തലേന്ന് രാത്രി മോഷണം പോയ അതേ കരിനീല ഫ്രോക്കാണ് അവളുടെ സഹപാഠിയായ കുട്ടി ധരിച്ചിരുന്നത്. ഒരേ പാറ്റേണിലുള്ള ഒരുപാട് ഫ്രോക്കുകൾ മാർക്കറ്റിൽ ലഭ്യമായ ഈ കാലത്തും, ഇത്തരം ഒരു പ്രസ്താവന തികച്ചും അബദ്ധമായേ എല്ലാവരും കരുതൂ. എന്നാൽ, അവൾക്ക് വേണ്ടി വാങ്ങിയിരുന്ന ഫ്രോക്ക് പോയ സങ്കടത്തിൽ മകൾ ശ്രദ്ധിക്കാതിരുന്ന അതു പോലുള്ള മാലയും, കമ്മലും, വളകളും ആണ് അവളുടെ സഹപാഠിയ്ക്കും ഉണ്ടായിരുന്നത്.

ഇതെവിടുന്ന് കിട്ടിയെന്നുള്ള ചോദ്യത്തിന് ചേട്ടൻ ബോംബയിൽ നിന്ന് വാങ്ങി തന്നതാണെന്ന് പറഞ്ഞ് അവൾ വാവിട്ടു കരയാൻ തുടങ്ങി.

പിന്നീട് ഭവന ഭേദനത്തിനും മോഷണശ്രമത്തിനും ആ ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ, കീറിപ്പറിഞ്ഞ ഒരു കരിനീല ഫ്രോക്കുമിട്ട് ആ രണ്ടാം ക്ലാസ്സുകാരി പൊലീസ് ജീപ്പിനു പുറകെ ഓടിയത് ആരും ശ്രദ്ധിച്ചില്ല…

Content Summary: Pirannal Sammanam, Malayalam short story written by Beril Babu K

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
;