പകൽ വെളിച്ചത്തിൽ സ്ത്രീകളുടെ മുഖത്തുപോലും നോക്കാത്ത മാന്യന്മാർ, പക്ഷേ ഇരുട്ട് വീണാൽ...

homeless-women
Representative Image. Photo Credit: Ashfaqur_Ovie/shutterstock
SHARE

ഇരുളിലെ യാചകർ (കഥ) 

ബസിനുള്ളിൽ മുകുന്ദനുണ്ണിയുടെ അടുത്തിരുന്ന് യാത്രചെയ്യുമ്പോൾ, ഭൂതകാല ഓർമകളെ കുഴിച്ചു മൂടുവാൻ മനസുകൊണ്ട് ആഗ്രഹിച്ചെങ്കിലും വീണ്ടും കൂടുതൽ കരുത്തോടെ ഉയർത്തെണീറ്റു വരുന്നത് പോലെ അവൾക്ക് തോന്നി. എപ്പോഴും   അങ്ങനെയാണല്ലോ, എന്താണോ നമ്മൾ മറക്കാൻ ശ്രമിക്കുന്നത് അത് പൂർവാധികം കരുത്തോടെ ഇടിച്ചു    മനസിനുള്ളിലേക്ക് കയറിവരും. ആ ബസ് സ്റ്റാന്റിലേക്ക് അവൾ വെറുതെയൊന്നു തിരിഞ്ഞു നോക്കി ...

പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ അവിടെയുണ്ടല്ലോ …

പഴയ ആ ബസ്‌സ്റ്റാന്റും, മുഷിഞ്ഞ പഴകിയ പെയിന്റുള്ള ഭിത്തികളും വൃത്തിഹീനമായ പരിസരവും എല്ലാം.

ബസ്സ്റ്റാന്റിലെ ഒഴിഞ്ഞ മൂലയിലെ വിയർപ്പ് കട്ടിപിടിച്ച കീറത്തുണി ചുറ്റി തണുപ്പിന്റെ കാഠിന്യം കുറയ്ക്കാൻ അവൾ  ശ്രമിച്ചു. ഒന്ന് കൂടി “S” ആകൃതിയിൽ ചുരുണ്ടു  കിടന്നു. തൊട്ടപ്പുറത്ത്‌ പാതി പൂണ്ട ഉറക്കത്തിൽ ഏതാനും തെരുവ് നായ്ക്കളും ..., ബസ്റ്റാന്റിന്‌ പുറത്തെ ഇരുട്ടിനെ വകഞ്ഞു മാറ്റി ധിക്കാരത്തോടെ വഴിവിളക്കിന്റെ വെളിച്ചം   അൽപ്പാൽപ്പമായി തിക്കിത്തിരക്കി ഒളിഞ്ഞെത്തിനോക്കുന്നുണ്ടായിരുന്നു.. വലത്തേ കോണിലെ തെരുവുവിളക്കുകൾ തച്ചുടയ്ക്കപ്പെട്ടിരുന്നതു കൊണ്ട് അവിടം ഇരുട്ടിലാണെന്നുതന്നെ പറയാം കുറച്ചപ്പുറത്ത്‌ മദ്യം കഴിച്ചിട്ട് ആരോ ആരെയോ പുലഭ്യം പറയുന്നുമുണ്ട്... ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു....

ആളനക്കമില്ലാതാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന മുഖങ്ങൾ... പരിചിതരും അപരിചിതരുമായ ചിലരുടെ മാത്രം തട്ടകങ്ങൾ ...

തേടിവരുന്നവരുടെയും, പ്രതീക്ഷിച്ചു നിൽക്കുന്നവരുടെയും കളങ്ങൾ. സ്ഥിരമായി കണ്ടും കേട്ടും ഇതെല്ലാം പരിചിതമായിരുന്നു... യാചിക്കുന്ന കൈകൾ ചിലർ നിർദാക്ഷണ്യം തട്ടിനീക്കും.... മറ്റു ചിലർ എന്തെങ്കിലും കൊടുക്കും....

ചിലർ ഭള്ളു പറയും ചുരുക്കം  ആളുകൾ ഉപദ്രവിക്കുകയും ചെയ്യും... പലപ്പോഴും അവൾ കേട്ടിട്ടുണ്ട് പലരും പറയുന്നത് 

‘‘വൃത്തികെട്ട ജന്തുക്കള് .’’- എന്ന് .

അവൾക്ക് ഇപ്പൊ അതൊന്നും ഒരു പ്രശ്നമേയല്ലാതായിരിക്കുന്നു... രാത്രിയാകുന്നതോടെ ബസ് സ്റ്റാന്റിലെ പടിഞ്ഞാറേ  ഭാഗത്തുള്ള പ്രകാശമില്ലാത്ത ഭാഗത്ത്‌ എത്തി തന്റെ ഭാണ്ഡം അവൾ വെക്കും. പിന്നെ ആ സ്ഥലം അന്നത്തേക്ക്  അവളുടേതാണ്... അതാണ് യാചകരുടെയും ബസ്സ്റ്റാന്റിൽ അന്തിയുറങ്ങുന്നവരുടെയും അലിഖിത നിയമം. സാധാരണ ആരും അത് തെറ്റിക്കാറില്ല... വെറും യാചകർ മാത്രമല്ല, ശരീരം വിൽക്കുന്ന സ്ത്രീകളും പമ്മിപ്പതുങ്ങി വന്ന്, അവരെ തേടുന്നവരെയും അവൾ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നു...

ചിലർ നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകും ... ചിലർ ഭീഷണി മുഴക്കും ... അങ്ങനെ ഭീഷണി മുഴക്കുന്നവർ കൂടുതലും പോലീസ് ഏമാന്മാരാണ്.

……യാചിക്കുന്ന ആളുകളെയും അവൾ കണ്ടു.... സാധാരണയായി പൈസയ്ക്കും, ഒരു നേരത്തെ ആഹാരത്തിനും വേണ്ടിയാണ് തങ്ങൾ യാചിക്കുന്നതെങ്കിൽ വിയർത്തു നാറിയ തന്റെ പെണ്ണുടലിനു വേണ്ടിയും യാചിക്കുന്നവരുണ്ടെന്ന സത്യം അവൾ മനസിലാക്കുകയായിരുന്നു

അവൾ അപ്പോഴാണ് കുറച്ചകലെയായി ചാരുബെഞ്ചിൽ അകലേക്ക് നോക്കിയിരിക്കുന്ന അയാളെ കണ്ടത് ...

വിജനതയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന അയാളുടെ ഉദ്ദേശം നല്ലതല്ലെന്ന ചിന്തയിൽ തന്നെ അവൾ എഴുന്നേറ്റ് അയാളുടെ  അടുത്തേക്ക് പതിയെ ചെന്നു… സുന്ദരിയായ ഭാര്യയെ പറഞ്ഞു പറ്റിച്ചു വീട്ടിൽ കിടത്തിയുറക്കി അപഥ സഞ്ചാരത്തിനിറങ്ങിതിരിച്ചതായിരിക്കുമെന്നു കരുതിയ അവൾക്കു പാടെ തെറ്റി... അവൾ കണ്ടിരുന്ന ആൺ വർഗ്ഗത്തിൽ പെട്ട ആളുകളെപ്പോലെയായിരുന്നില്ല അയാൾ… മറ്റാരോടെന്നില്ലാത്ത ഒരു ഇഷ്ട്ടവും അടുപ്പവും അവൾക്ക് അയാളോട് തോന്നി... 

മുകുന്ദനുണ്ണി എന്നായിരുന്നു അയാളുടെ പേര്... അയാൾ വൃത്തിയായി വേഷവും ധരിച്ചിട്ടുണ്ട്. തോളിൽ ഒരു സഞ്ചിയും... ഒരു പക്ഷേ യാത്ര കഴിഞ്ഞ് അടുത്ത  ബസിനു കാത്തിരുന്നതായിരിക്കും .... അപ്പോഴേക്കും ഏതാനും സ്ത്രീകൾ അയാളെ  വട്ടമിട്ടു കഴിഞ്ഞു.... അവൾ അത് കുറച്ചപ്പുറത്തായി നോക്കി നിൽക്കുകയായിരുന്നു. അയാൾ ചിരിച്ചു ...

പക്ഷേ, അവൾ കണ്ടിട്ടുള്ളതുപോലെ ദ്വയാർത്ഥമുള്ള ചിരിയല്ലെന്നവൾക്കു തോന്നി.... അത് മാത്രമല്ല അയാൾ പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ടെടുത്ത്‌ അവർക്കു നേരെ നീട്ടികൊണ്ടു പറഞ്ഞു... ‘‘ഇത് കൊണ്ട് പോയി ഭക്ഷണം കഴിച്ചിട്ട് ശാന്തമായി പോയിക്കിടന്നു ഉറങ്ങൂ....’’-  സ്ത്രീകൾ ആ വാക്കുകൾ കേട്ട് ഒരു നിമിഷം പകച്ചുപോയിട്ടുണ്ടാവണം... ഒരു പക്ഷേ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന വാക്കുകൾ. പകച്ചു നിന്നു... രാത്രികാലങ്ങളിൽ പതുങ്ങി ഉറക്കം നഷ്ട്ടപ്പെടുത്തി ശരീരം തേടിയെത്തുമെന്ന രാത്രീഞ്ചരന്മാരെയെ അവർ അതുവരെ കണ്ടിട്ടുള്ളായിരുന്നല്ലോ...! അവർ പോയി  കഴിഞ്ഞപ്പോൾ അവൾ അയാളുടെ അടുത്ത് കൂടി. ഇയാളുടെ ലക്‌ഷ്യം എന്താണ് അറിയണമല്ലോ... അവൾക്കു കുസൃതി തോന്നി...

അവൾ വശ്യമായി ചിരിച്ചു... പിന്നെ ചോദിച്ചു. ‘‘ക്വാട്ടേർസുണ്ടോ.. അതോ വീടിന്റെ പിന്നാമ്പുറത്തേക്കോ, അതുമല്ലെങ്കിൽ ഇടവഴിയിലേക്കോ..’’-

മുകുന്ദനുണ്ണി അവളെ നോക്കി ചിരിച്ചു... പിന്നെ പതിയെ പറഞ്ഞു....

‘‘നമുക്കിത്തിരി നടന്നാലോ ..’’

അയാളൊപ്പം നടക്കുമ്പോൾ അവൾ അൽപ്പം അകന്നു നടന്നു... തന്റെ ഉടലിന്റെ വിയർപ്പു ഗന്ധം അയാൾക്ക്‌ അസ്വസ്ഥതയുണ്ടാക്കാതിരിയ്ക്കാൻ....

അയാൾ ആകാശത്തേക്ക് നോക്കിപ്പറഞ്ഞു...

‘‘നല്ല മഴക്കോളുണ്ട് ... മഴ പെയ്തേക്കും’’

ഒരു തട്ടുകടയുടെ മുമ്പിൽ അവർ നിന്നു... കാപ്പികുടിക്കാൻ എത്തിയ ഏതാനും ചിലർ അവർ മറ്റേതോ  പരിപാടിക്കെത്തിയതെന്ന രൂപേണ നോക്കി ചിരിച്ചു ... അവൾ അത് ശ്രദ്ധിച്ചെങ്കിലും മുകുന്ദനുണ്ണി അത് ശ്രദ്ധിച്ചതേയില്ല... കാപ്പിയുടെ പൈസ കൊടുത്തു ചില്ലറ വാങ്ങി.. അവർ ബസ്സ്റ്റാന്റിന്റെ ഒഴിഞ്ഞ മൂലയിലേക്ക് നടന്നു....

‘‘നിങ്ങൾ എന്തിനാണ് ഇവിടെ നിൽക്കുന്നത്... ഇവിടം പന്തിയല്ല... നിങ്ങൾ, ഇവിടെ ഒട്ടും സുരക്ഷിതനല്ല..’’-

‘‘നിങ്ങൾ സുരക്ഷിതയാണോ ഇവിടെ ...’’-

ആ ചോദ്യം അവൾ അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കരുണയോടെ ആരും അവളെ അതുവരെയും സമീപിച്ചിരുന്നില്ല... പകൽ മുഴുവൻ ആട്ടും തുപ്പും, വിദ്വേഷ പ്രകടനങ്ങളും,... വെളിച്ചം മങ്ങിക്കഴിഞ്ഞാൽ പിന്നെ , കൈയേറ്റം, ഭീഷണി... അതുമല്ലെകിൽ യാചന .... വേറിട്ട വേഷപ്പകർച്ചകൾ കണ്ടു  മടുത്തു തുടങ്ങിയിരിക്കുന്നു. എന്ത് പറയണമെന്ന്  പകച്ചു നിന്നവളുടെ തോളിൽ തട്ടി അയാൾ സമാധാനിപ്പിച്ചു.

പിന്നീട് അയാൾ ഇടയ്ക്കിടെ അവിടെ വരാൻ തുടങ്ങി ... അയാളോട് അവൾക്ക് യാഥാർത്ഥത്തിൽ തികഞ്ഞ ആദരവ് തോന്നിത്തുടങ്ങിയിരുന്നു... അവൾ ഇപ്പോൾ ഓരോ കഥകൾ പറയുന്നു... പഴയതും പുതിയതുമെല്ലാം .... അവളുടെ കൂടെ  പലതും സംസാരിച്ചിരിക്കും... അവൾ ഈ തെരുവിന്റെ  ഭാഗമായിട്ട് വർഷങ്ങളായത്രേ... തന്റെ അടുത്തെത്തുന്ന ഓരോ  ആണുങ്ങളുടെയും മനോവിചാരങ്ങൾ അവൾ എത്ര കൃത്യമായി പറയുന്നു.. അനുഭവം.. അങ്ങനെയൊരുനാൾ അവരുടെ മുൻപിൽ കൂടി ഒരു ഒരു ആഡംബര വാഹനം കടന്നു പോയി ... അതിന്റെ പിറകിലിരുന്ന വെള്ള ഉടുപ്പിട്ട , ആളെ നോക്കി അവൾ പറഞ്ഞു ‘‘നോക്കൂ , പകൽ വെളിച്ചത്തിൽ സ്ത്രീ കളുടെ മുഖത്തുപോലും  നോക്കാത്ത ആ വെളുത്തു തുടുത്ത  സുന്ദരക്കുട്ടനുണ്ടല്ലോ....അയാൾക്ക്‌ രാത്രി ഏറെ കഴിയുമ്പോൾ തന്നെ കൊണ്ട് പോകാനായിട്ടു വരുമെന്ന് പറഞ്ഞത് കേട്ട്  അയാൾ അന്തിച്ചിരുന്നു...

‘‘ അയാൾക്ക്‌ സുന്ദരിയായ ഭാര്യയുണ്ടത്രേ...’’

‘‘ പിന്നെ ...’’

നിഷ്കളങ്ക ഭാവത്തിൽ അവൾ പറഞ്ഞു “അവർ എന്നും കുളിച്ചു വൃത്തിയായല്ലേ നടക്കുന്നത്... അയാൾക്ക്‌ കുളിക്കാതെ  വിയർപ്പു നാറുന്ന എന്റെ  ഉടൽ  വേണമത്രേ, അയാളിലെ പുരുഷത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിനെന്ന്....’’- 

അയാൾ ഒന്നും തിരിച്ചു പറയാതെ അവളെ പറയാനനുവദിച്ചു …

അവളുടെ പല്ലുകളിൽ അവിടവിടെ കറുത്ത കറ പറ്റിപ്പിടിച്ചിരുന്നു.. അവൾ അകലങ്ങളിലേക്ക് നോക്കി വെറുതെ ചിരിച്ചു....

ആ ചിരിയിൽ നിഷ്കളങ്കതയുടെ വറ്റാത്ത ഉറവ പൊടിയുന്നത് അയാൾ ദർശിച്ചു.

ചെറുപ്പകാലത്ത്‌  വീട്ടിൽ, ഒക്കത്തു മൂക്കളയൊലിക്കുന്ന ഒരു കൊച്ചിനെയും തൂക്കി വിയർത്തൊലിക്കുന്ന  ശരീരവുമായി.. ‘‘കല്ല് കൊത്താനുണ്ടോ ...’’ -എന്ന ചോദ്യവുമായി എത്തിയിരുന്ന തമിഴത്തി അയാളുടെ മനസിലേക്ക് കടന്നു വന്നു അന്നൊക്കെ തനിക്കു അവരുടെ ചെളിയും വിയർപ്പും പിടിച്ച വസ്ത്രവും ശരീരവും ഒക്കെ കാണുമ്പോൾ തന്നെ വല്ലാത്ത  ഈർഷ്യയുമായിരുന്നു....

“ ഒരിക്കൽ ഇരുട്ടിനു കനം വെച്ചപ്പോഴാണ് അത് നടന്നത്....”- അവൾ തുടർന്നു

...തന്റെ കാലിൽ ആരോ സ്പർശിക്കുന്നുണ്ട് എന്ന് തോന്നിയപ്പോഴാണ് ... ഉറക്കത്തിലേക്കു വഴുതി വീണു കൊണ്ടിരുന്ന  അവൾ, പുതച്ചിരുന്ന കീറപ്പുതപ്പ് മുഖത്തുനിന്നും മാറ്റി എഴുന്നേറ്റത്... മുഖത്തേക്ക് ആരോ ടോർച്ചടിച്ചു ... കട്ട തെറിയാണ് നാവിലേക്ക് വന്നത്...

‘‘ഏതു മറ്റവനാണ്... ഈ നേരത്ത്‌ ....’’- ഒരുത്തൻ അപ്പോഴേക്കും അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു....

അയാൾ വൃത്തികെട്ട എന്തൊക്കെയോ വാക്കുകൾ അവൾ കേൾക്കണമെന്ന് നിഷ്കർഷയിൽ പുലമ്പുന്നുന്നുണ്ടായിരുന്നു

അവൾ ആദ്യം വിചാരിച്ചത്‌... പോലീസുകാരായിരിക്കുമെന്നാണ്... ഇരുളിൽ ചിലപ്പോൾ അവരുടെ നീതി ബോധം കൂടുന്നത്  അവൾ പല പ്രാവശ്യം അനുഭവിച്ചിരുന്നു... സ്റ്റേഷന്റെ അകത്തെ സെല്ലുകൾക്കുള്ളിലോ, അതുമല്ലെങ്കിൽ  അകത്തെ വിശ്രമമുറിയിലോ ക്വർട്ടേഴ്സിനുള്ളിലെ വെച്ചോ ഒക്കെ അവരുടെ വീര്യം കാണിക്കാറുണ്ട് .. അവൾക്കതറിയാം

പക്ഷേ ഇതവരല്ല....

അപ്പോഴേക്കും ബലിഷ്ടമായ ഒരു എമ്പോക്കി അവളെ തൂക്കിയെടുത്തിരുന്നു... ബസ്റ്റാന്റിന്റെ പുറത്തു നിർത്തിയിട്ടിരിക്കുന്ന  പജേറോ വാഹനത്തിന്റെ സമീപം എത്തിച്ചവർ... പിന്നിലെ ഗ്ലാസ് താഴ്ന്നു ... അതിലെ ചുവന്ന മുഖമുള്ള ആളെ അവൾ വേഗം തിരിച്ചറിഞ്ഞു... ബസ്റ്റാന്റിന്റെ പടിഞ്ഞാറേയരുകിൽ നാല്നില ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഉടമയാണ്... വലിയ ഒരു ഹോട്ടലും ഇയാളുടേതായിട്ടുണ്ട്... വിശന്നൊട്ടിയ വയറുമായി ഏതാനും ദിവസങ്ങൾക്കു മുമ്പ് അയാളുടെ ഹോട്ടലിന്റെ മുമ്പിൽ തളർന്നിരുന്നപ്പോൾ, ആ തിളയ്ക്കുന്ന പകലിൽ അയാളുടെ നിർദ്ദേശാനുസരണം  സെക്യൂരിറ്റിയെക്കൊണ്ട്   നിർദ്ദാക്ഷണ്യം തല്ലിയോടിച്ചത് .... ഒരു പക്ഷേ ചെയ്ത അപരാധമോർത്ത്‌ അയാൾ തന്നോട് ക്ഷമ ചോദിയ്ക്കാൻ വന്നതായിരിക്കുമെന്നവൾ ഓർത്തു .. അയാളുടെ മുഖം  വീണ്ടും ചുമക്കുന്നതവൾ കണ്ടു.....

ഡോർ ആരോ തുറന്നവളെ അയാളുടെ അരുകിലിരുത്തി .... വെളുത്ത വസ്ത്രം ധരിച്ച അയാളുടെ അടുത്തിരിക്കാൻ  അവൾക്കു മടി തോന്നി ... പക്ഷേ, അയാൾ അതൊന്നുമല്ല ശ്രദ്ധിച്ചിരുന്നതെന്നും... അയാൾ അവളുടെ വിയർപ്പ് ഗന്ധം ഉന്മാദമായി അയാളുടെ ഉള്ളിലേക്ക് ആവാഹിക്കുകയാണെന്നും അവൾക്ക്  വൈകാതെ  മനസിലായി ... അവൾ വണ്ടിക്കുള്ളിലിരുന്നു പിടഞ്ഞു ... അയാളുടെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം അവൾ കണ്ടു....!

പിന്നീട് പലപ്പോഴും അവൾ ചിന്തിച്ചിരുന്നു. അയാൾക്ക്‌ തീർച്ചയായും സുന്ദരിയായ ഭാര്യ  ഉണ്ടായിരിക്കും …

ഇരുൾ മൂടിക്കഴിയുമ്പോൾ തന്നെപ്പോലുള്ള പെണ്ണിന്റെ, കുളിക്കാത്ത മുഴിഞ്ഞ വസ്ത്രം ധരിച്ച വിയർപ്പിന്റെ രൂക്ഷ ഗന്ധം ആസ്വദിക്കാനെത്തുന്ന പകൽ പുണ്യാളന്മാർ ........

.....ഇരുളുകളിൽ നാറുന്ന തങ്ങളെ ആസ്വദിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ ചുറ്റിലുമുള്ള ചിലർ എന്ന് അവൾക്ക്   ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി……

പിന്നീട് പലപ്പോഴും മുകുന്ദനുണ്ണി  ഒറ്റയ്ക്ക് ബസ്സ്റ്റാൻഡിൽ വരുമായിരുന്നു... .അപ്പോഴാണ് അവൾ അയാളോട് പകൽ മാന്യന്മാരുടെ മുഖം മൂടികൾ തുറന്നു കാട്ടിയത്.... പകലിന്റെ വെളിച്ചത്തിൽ അപശകുനമാണെന്നു പറഞ്ഞു തല്ലിയൊടിച്ച ആളുകൾ…, വലിയ ഹോട്ടലിന്റെ ഉടമയായ ചുവന്നു തുടുത്ത വെള്ള വസ്ത്രം ധരിച്ച പ്രമുഖൻ, ബസ്സ്റ്റാൻഡിലെ  അഭിസാരികയുടെ വിഹാര കേന്ദ്രം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രീയാക്കാരൻ ,വിവാഹം കഴിക്കാത്ത   -നെറ്റിയിൽ കുറി തൊട്ടു ലോകം മുഴുവനും സുഖം നൽകാനായി നടക്കുന്ന നിത്യ ബ്രഹ്മചാരി .... അതി സുന്ദരിയായ ഭാര്യയുള്ള  സ്വർണ്ണക്കടക്കാരൻ... അങ്ങനെ ഒരു പറ്റം ആളുകളുടെ കാര്യങ്ങൾ അവൾ പറഞ്ഞു ചിരിച്ചു....

നാറുന്ന പെണ്ണുടൽ പുൽക്കാനും ആസ്വദിക്കാനും പകലറുതികളിൽ, ഇരുൾ കനക്കുമ്പോൾ... സ്വകാര്യമായി  എത്തുന്നവർ... അതിനു വേണ്ടി കെഞ്ചുന്നവർ .... യഥാർത്ഥത്തിൽ താൻ അല്ല, അവർ അല്ലെ യഥാർഥ യാചകർ എന്ന തിരിച്ചറിവിൽ  അവൾ ഊറിച്ചിരിച്ചു .... 

മുകുന്ദനുണ്ണിയുടെ തുടരെയുള്ള സാമിപ്യം, ഇപ്പോൾ അവളെ മറ്റൊരാളാക്കി മാറ്റിയിരിക്കുന്നു.. ഇന്നലെ വരെ ജീവിച്ചതല്ല ജീവിതം എന്നും… അവൾ കാണുന്നതല്ല യഥാർത്ഥ പുരുഷന്മാർ എന്നും അവൾ തിരിച്ചറിയുക കൂടിയായിരുന്നു.

അയാളോട് ചേർന്നിരിക്കുമ്പോൾ അവൾക്ക് ഒരു സുരക്ഷിതത്വ ബോധം ഉണ്ട്... ഉറക്കം വരുന്നില്ലെങ്കിലും അവൾ കണ്ണുകൾ അടച്ചിരുന്നു.. പിന്നെ, ഇനിയൊരിക്കലും രാത്രീഞ്ചരന്മാരായ വെള്ളപ്പാറ്റകളുടെയും പെണ്ണുടലിനു വേണ്ടി കേഴുന്ന   പൈസക്കാരായ യാചകരുടെയും മുന്നിൽ ഒരിക്കലും ചെന്ന് നിൽക്കേണ്ടി വരില്ലല്ലോ എന്ന സമാധാനത്തോടെയും ...

Content Summary: Irulile Yachakar, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
;