ADVERTISEMENT

ശതരൂപ (കഥ)

 

ചൂരയും കിളിമീനും മാറിമാറിക്കഴിച്ചു മീന്‍ വറുത്തതുതന്നെ മടുപ്പോളമെത്തിയിരുന്ന ഉച്ചയിലാണ് പൊരിച്ച മത്തി മുന്നിലെത്തിയത്. കുറേക്കാലം കൂടിയല്ലേ, ഒന്നിനു പകരം രണ്ടെണ്ണം കൂട്ടിയായിരുന്നു ഊണ്. ജനകീയ ഹോട്ടലിന്‍റെ മൂലയില്‍ എല്ലാവര്‍ക്കും കാണാന്‍ പാകമിരിക്കുന്ന ടിവിയില്‍ വാര്‍ത്തയുടെ സമയമായിരുന്നു. കനത്ത മഴ വരുന്നെന്നായിരുന്നു പ്രധാന വാര്‍ത്ത. അറബിക്കടലിലെ ന്യൂനമര്‍ദം. മേഘസ്ഫോടനത്തിനും മണ്ണിടിച്ചിലിനും സാധ്യത. ആളുകള്‍ യാത്ര ഒഴിവാക്കണം. വാര്‍ത്ത ഇങ്ങനെ വിശദാംശങ്ങളിലേക്കു നീളുമ്പോള്‍ ഇതൊന്നും നടക്കില്ലെന്നു തന്നെയാണ് അര്‍ജുന്‍ കരുതിയത്. കാലാവസ്ഥാ കേന്ദ്രം എത്ര വട്ടം ഇങ്ങനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു. ഒന്നും നടന്നിട്ടില്ല. കനത്ത മഴ പോയിട്ട് ഒരു ചാറ്റല്‍ മഴ പോലും വന്നിട്ടില്ല. 

 

കാലം തെറ്റിയില്ലെങ്കില്‍ ഇപ്പോള്‍ മഴക്കാലം മാറേണ്ട സമയമായി. രണ്ടു മാസം മുമ്പ് തുടങ്ങി, കഴിഞ്ഞ മാസം തകര്‍ത്തു പെയ്ത് ഇപ്പോഴേക്കും അങ്ങു തോര്‍ന്നു തീരുമായിരുന്നു. രണ്ടു മൂന്നു വര്‍ഷമായി അതൊക്കെ വെറും പൊട്ടക്കണക്കാണ്. മഴയ്ക്കു തോന്നുമ്പോള്‍ ഒരു വരവു തന്നെയങ്ങു വരും. മഴയെന്നു കേള്‍ക്കുന്നതു തന്നെ പേടിയായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷവും. 

 

കഴിഞ്ഞ വട്ടവും വീട്ടില്‍ പോയി വരുമ്പോള്‍ കുറാഞ്ചേരിയെത്തിയപ്പോള്‍ കഴിഞ്ഞതിന്‍റെ മുമ്പത്തെ കൊല്ലത്തെ മഴക്കാലം അര്‍ജുന്‍ ഓര്‍ത്തിരുന്നു. ഇരുപത്തിരണ്ടു പേരെയാണ് പെട്ടെന്നു പെയ്തു തീര്‍ന്നപോലെ അങ്ങു കൊണ്ടുപോയത്. കുറാഞ്ചേരി സെന്‍ററിലെ അന്ന് ഇടിഞ്ഞു പോന്നതാണ് ആ കുന്ന്. ചിലരെയൊന്നും തെരഞ്ഞിട്ടും തെരഞ്ഞിട്ടും കിട്ടിയില്ല. കുറേക്കാലം മലവെള്ളമൊലിച്ചിറങ്ങിയ മണ്‍രേഖകള്‍ അങ്ങനെ തെളിഞ്ഞു കിടന്നിരുന്നു. പിന്നെയും മഴ പെയ്തു. വെയില്‍ പരന്നു. മഞ്ഞു പുതച്ചു. ആ കുന്നില്‍ മരങ്ങളും ചെടികളും മുളച്ചു. മരങ്ങള്‍ വളര്‍ന്നു പൊങ്ങി. കഴിഞ്ഞതവണ പച്ചപ്പു പടര്‍ന്നു മല മൂടിയിരുന്നു. 

 

അതൊരു കണക്കുതെറ്റലായിരുന്നു. ജൂണില്‍ സ്കൂള്‍ തുറക്കുന്ന ദിവസം തകര്‍ത്തു പെയ്യേണ്ട മഴ, ജൂണും ജൂലൈയും കഴിഞ്ഞിട്ടും പെയ്തില്ല. നിറയേണ്ട കിണറൊക്കെ വറ്റി വറ്റിയങ്ങു വരണ്ടു. ഉച്ചയൊക്കെ ഉരുകിയൊലിച്ചു. രാത്രിയില്‍ തണുത്തു പുതപ്പു ചുറ്റി കിടന്നുറങ്ങേണ്ട സമയത്തൊക്കെ ഉറക്കം കളയുന്ന ചൂടും. പിന്നെ കണക്കുകളിലും കണക്കുകൂട്ടലുകളിലുമൊന്നും അര്‍ജുന് ഇപ്പോള്‍ അങ്ങനെയൊരു വിശ്വാസമില്ല. പക്ഷേ, കേട്ടുകൊണ്ടിരുന്ന വാര്‍ത്ത വിശ്വസിച്ചേ മതിയാവൂ എന്ന് എന്തുകൊണ്ടോ തോന്നി. 

 

മഴ പെയ്താല്‍ ഈ നഗരം വിടുമെന്ന് കുറച്ചു നാള്‍ മുമ്പേ മനസില്‍ കരുതിവച്ചിരുന്നതാണ്. തിരിച്ചുവരാനോ വരാതിരിക്കാനോ ഒരു പോക്ക്. മടുപ്പാണോ എന്നു ചോദിച്ചാല്‍ ഒരു മാറ്റം വേണമെന്നു തോന്നുന്നെന്നു അര്‍ജുന്‍ സ്വയം ബോധ്യപ്പെടുത്തി കരുതിവച്ച ചില തീരുമാനങ്ങള്‍. ഒരിടം വിട്ടു പോകാന്‍ മഴയാണു നല്ലത്. മഴയെന്നു കേട്ടപ്പോള്‍ സന്തോഷത്തോടൊപ്പം ഒരു പേടിയും മനസിനെ തൊട്ടു. 

 

മഴയെന്നു കേട്ടാല്‍ കുളിരുകോരിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒറ്റ മഴക്കാലം കൊണ്ട് കുളിരൊക്കെ മാറി ഉള്ളിലൊരു ആധിയായി മാറി. മഴയോടു പ്രണയമല്ല, പ്രളയത്തോടു പേടിയാണ്. അല്ലെങ്കിലും മഴയെയും കടലിനെയും കുറിച്ചൊക്കെ വര്‍ണിച്ചു പറയാന്‍ നല്ല ഭംഗിയാണ്. കഴുത്തറ്റം വെള്ളം പെരുകി പെരുകി ജീവന്‍ നൂല്‍പാലത്തിലാകുമ്പോള്‍ ഒന്നിനും ഒരു ഭംഗിയുമുണ്ടാകില്ല. അത് ഓര്‍മകള്‍ക്കും അങ്ങനെത്തന്നെയാണ്. 

 

വാര്‍ത്ത ചതിക്കില്ലെന്ന് മടങ്ങുമ്പോള്‍ അര്‍ജുന് മനസിലായി. മെട്രോ തൂണുകള്‍ക്കു മുകളില്‍ ആകാശം കറുത്തു തുടങ്ങിയിരുന്നു. പറഞ്ഞതുപോലെയെങ്കില്‍ വൈകുന്നേരത്തോടെ കരി മേഘങ്ങള്‍ പെയ്തു തുടങ്ങും. മഴയ്ക്കു മുമ്പു നഗരം വിടണം. തീരുമാനിച്ചുറപ്പിച്ചാണ് അര്‍ജുന്‍ താമസസ്ഥലത്തേക്കു ബൈക്കോടിച്ചത്. മഴ കനത്തു കഴിഞ്ഞാല്‍ നാളെ ചിലപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. എങ്ങോട്ടു പോകുമെന്ന കാര്യത്തില്‍ വലിയ രൂപമൊന്നുമില്ല. എവിടേക്കെങ്കിലും പോകണമെന്നു മാത്രം. പെയ്തു നിറയും മുമ്പ് നഗരം വിടണം. 

 

ഈ നഗരത്തിലെ മഴക്കാലം ഒട്ടും നല്ലതല്ല. മറ്റെവിടെയും പെയ്യും പോലെയല്ല. ഒരു കാലത്തും മഴക്കാലത്ത് ഈ നഗരത്തിന് നല്ല ഓര്‍മകളില്ല. ചെറുതായാലും വലുതായാലും പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ നഗരം മറ്റൊന്നാണ്. ചീഞ്ഞു നാറും. വെള്ളമിറങ്ങിയാല്‍ അതിനേക്കാള്‍ കഷ്ടം. നിരത്തോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമൊക്കെ ജീവിക്കാനേ വയ്യാതാകും. മഴ മാറിയാല്‍ ഒന്നു പുറത്തിറങ്ങണമെന്നു കരുതിയാല്‍ ഒരു തുള്ളി പോലും പെയ്യാത്ത രണ്ടു വെയിലുള്ള ദിവസങ്ങള്‍ കഴിയണം. അഴുക്കുകളൊക്കെ ഒലിച്ചു പോകാന്‍ കടലും കായലും തൊട്ടരികെ ഉണ്ടായിട്ടൊന്നും കാര്യമൊന്നുമില്ല. വെള്ളം അങ്ങനെയൊന്നും ഇറങ്ങിപ്പോകില്ല. 

 

പൊരിച്ച മത്തിയുടെ കൂട്ടില്‍ ഉച്ചയൂണു കഴിച്ച ആലസ്യം. അവധി ദിവസത്തിന്‍റെ ആകെപ്പാടെ മന്ദത. ഉറങ്ങി എണീറ്റത് പുറത്തു മഴ പെയ്യുന്ന ശബ്ദത്തിലേക്കാണ്. വെയില്‍ നിറഞ്ഞിറങ്ങിയ പകലിനൊടുവിലെ മഴ നഗരത്തിന്‍റെ ചൂടു കൂട്ടി. മഴ പെയ്യുമ്പോഴും അര്‍ജുന്‍ വിയര്‍ത്തു. ഇത്ര പെട്ടെന്നൊരു മഴ പ്രതീക്ഷിച്ചില്ല. രാത്രി വരെ പോലും കാത്തുനില്‍ക്കാതെ പെയ്തു തുടങ്ങി. ആവശ്യത്തിനുള്ളതെല്ലാം പെറുക്കിക്കൂട്ടി ബാഗ് റെഡിയാക്കി അര്‍ജുന്‍ പുറപ്പെടാന്‍ തയാറെടുത്തു. പെയ്തു തുടങ്ങിയിട്ട് ഏറെ നേരമായില്ലെങ്കിലും കനത്തു കഴിഞ്ഞിരുന്നു.

 

നാലു നിലകള്‍ക്കു ചുവട്ടിലേക്ക് ജനല്‍ തുറന്ന് അര്‍ജുനൊന്ന് നോക്കി. സന്ധ്യയാകുന്നതേയുള്ളൂ. നന്നായി ഇരുട്ടിയിട്ടുണ്ട്. വിളക്കുകാലുകള്‍ തെളിഞ്ഞിരുന്നു. മഴയ്ക്കു മീതെ മഞ്ഞവെളിച്ചവും പെയ്യുന്നു. നിലം കാണാത്ത വിധം വെള്ളം നിറഞ്ഞു. നഗരമാലിന്യങ്ങളൊക്കെ ഇനി ഒഴുകിപ്പരക്കും. രണ്ടു ദിവസം കഴിഞ്ഞാല്‍ പനി നഗരത്തെ പൊള്ളിക്കും. മരണങ്ങള്‍ പെരുകും. ഒരു വൈറസ് പരത്തിയ രോഗം ആളുകളെ കണക്കില്ലാതെ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. ഇനി ഈ മഴ കൂടി എന്താകും ബാക്കിയാക്കുക എന്ന ചോദ്യം അര്‍ജുന്‍റെ ഉള്ളില്‍ നിറഞ്ഞു, മഴ വെള്ളം നിറയുന്നതുപോലെ.  ജനലിനു പുറത്ത് ഇടിമിന്നല്‍ മിന്നിമാഞ്ഞുപോകുന്നു.

 

കുത്തിയൊലിച്ചു പെയ്യുകയാണ് മഴ. എല്ലാം പിഴുതെറിയുന്ന ശക്തിയില്‍ കാറ്റും വീശിയടിക്കുന്നു. തുറന്നുവച്ച ജനല്‍ നിമിഷനേരം കൊണ്ട് തിരികെവന്നടിച്ചു. അര്‍ജുന് എന്തെന്നില്ലാത്ത പേടി തോന്നി. കാലിന്‍റെ പെരുവിരലില്‍ ജനിച്ച് സിരകളിലൂടെ കാലിലും വയറിലും നെഞ്ചിലും കൂടി തലയിലേക്കു പെരുകിക്കയറുന്ന പേടി. വീണ്ടും ഒരിക്കല്‍ കൂടി ജനവാതില്‍ തുറന്ന് പുറത്തേക്കു നോക്കി. കാഴ്ചയെ മറച്ചു പെയ്തിറങ്ങുകയാണ് വലിയ മഴ. 

 

വഴിവിളക്കുകള്‍ കെട്ടിരിക്കുന്നു. ഇങ്ങനെ ഒരു മഴത്തുടക്കം അര്‍ജുന്‍ ഈ നഗരത്തില്‍ വന്ന ശേഷം ആദ്യമാണ്. കഴിഞ്ഞവര്‍ഷം മഴയൊന്നും കാര്യമായിട്ടില്ലായിരുന്നു. ഈ രാത്രി മുഴുവന്‍ പെയ്തു തിമിര്‍ക്കുന്ന ലക്ഷണമാണ്. നിര്‍ത്താതെയുള്ള ഈ പെയ്ത്ത് ഏതാണ്ട് ഒന്നൊന്നര മണിക്കൂറായിക്കാണും. റോഡിലാകെ വെള്ളക്കെട്ടായി. ഇടയ്ക്കെപ്പോഴോ കടന്നു പോകുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍നിന്ന് അതു കാണാം. വെള്ളക്കെട്ടില്‍ നിന്നുപോയ ഒരു കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്ന രണ്ടു പേരെ ഇരുട്ടിലെ ചെറിയ വെളിച്ചത്തില്‍ കാണാനുണ്ട്. കാറ്റിനും ശക്തികൂടുകയാണ്. വലിയൊരു മഴ വന്നാല്‍ എല്ലാം ഒലിച്ചു പോകാനുള്ളതേ ഈ നഗരത്തിലുള്ളൂ. മനുഷ്യരും അങ്ങനെത്തന്നെയാണ്. ഒരു മഴയ്ക്കു ബാക്കിയില്ലാതെ എല്ലാം മായ്ച്ചുകളയാനാകും. 

 

നിറഞ്ഞു പെയ്യുന്ന മഴ ബാക്കിയാക്കുന്ന പനിപിടിക്കണം. വിറയ്ക്കുന്ന പനിയില്‍ പാരസറ്റാമോള്‍ ഗുളികയുടെ കയ്പില്‍ കിടന്നുറങ്ങണം. തളര്‍ന്നു ക്ഷീണിച്ച് അവശതയുടെ അവസാന പടിയില്‍നിന്ന് തിരിച്ചുവരണം. കഴിച്ച ഓരോ കയ്പും മനസിലെ മുറിപ്പെട്ട കോണുകളെ ഉണക്കിയെടുക്കണം. മഴ പെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ അര്‍ജുന്‍ ആഗ്രഹിക്കുകയാണ്. പെരുമഴയില്‍ അലിഞ്ഞു നടക്കാന്‍. പുതുമഴ കൊണ്ടാല്‍ പനി ഉറപ്പാണ്. ഉന്മാദമുണ്ടാക്കുന്ന മണ്ണിന്‍റെ മണം. പക്ഷേ, ഈ പെരുമഴ എന്തൊക്കെയാണ് ബാക്കി വയ്ക്കുകയെന്നു പറയാനാകില്ലെന്ന ആധി അര്‍ജുനെ ഉലയ്ക്കുന്നുണ്ട്. 

 

അഴുക്കുചാലുകളൊക്കയും നിറഞ്ഞു കവിഞ്ഞിട്ടുണ്ടാകും. വിസ്തൃതിയില്‍ തീരെ ചെറിയതാണെങ്കിലും മാലിന്യത്തിനു കുറവൊന്നുമില്ല. മനുഷ്യന്‍റെ മനസുപോലെ തന്നെ ഇവിടത്തെ ഓരോ മുക്കിനും മൂലയിലും അത്രയ്ക്ക് അഴുക്കു കൂമ്പാരമുണ്ട്. മഴയത്ത് ആരും പുറത്തിറങ്ങാത്തതിനാല്‍ മനുഷ്യന്‍റെ മനസില്‍നിന്ന് അതൊന്നും കഴുകിപ്പോകാറില്ല. നഗരം അങ്ങനെയല്ല. മഴ പെയ്തു തോരുമ്പോഴേക്കും ഉള്ളില്‍ പറ്റിച്ചേര്‍ന്നിട്ടില്ലാത്ത അഴുക്കൊക്കെയും ഒലിച്ചു പോയിട്ടുണ്ടാകും. മഴ കഴിയുമ്പോള്‍ നഗരം കഴുകി ശുദ്ധീകരിക്കപ്പെടുന്നതുപോലെ മനുഷ്യരുടെ മനസുകളും ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് അര്‍ജുനു തോന്നി. 

 

ഇങ്ങനെ നിര്‍ത്താതെ രണ്ടു ദിവസം പെയ്താല്‍ ഒന്നും ബാക്കിയുണ്ടാകില്ല. കഴിഞ്ഞയാഴ്ചയാണ്, പുതിയ ഹോട്ടലിനായി പണിയുന്ന ഏഴുനില കെട്ടിടം പൈലിംഗ് നടത്തിയപ്പോള്‍ ചരിഞ്ഞു പോയത്. ഉറപ്പില്ലാത്ത മണ്ണിനു മുകളില്‍ കെട്ടിപ്പൊക്കിയ നഗരമാണ് ഇത്. ബലവത്തായ അടിത്തറയില്ലാതെ മുകളിലേക്ക് ഉയരുന്ന ഒന്നും ശാശ്വതമല്ലെന്ന് ജീവിതത്തില്‍ പലവട്ടം കൊണ്ടു പഠിച്ചതാണ്. അതുകൊണ്ടുതന്നെ നഗരത്തിന്‍റെ നാശം ഭയപ്പാടായി മുന്നിലുണ്ട്. അതിനു മുമ്പ് ഇവിടെനിന്നു രക്ഷപ്പെടണം. അര്‍ജുന്‍ ഒന്നുകൂടി ഉറപ്പിച്ചു. 

 

ആകാശം വീണ്ടും കറുത്തുകയറുകയാണ്. ഇത് ഇവിടെയൊന്നും തീരുന്ന തരമില്ല. പെരുകുകയാണ് മഴ. ഓരോ തുള്ളിയുടെയും വലിപ്പം കൂടുന്നുണ്ട്. കാറ്റിനു വേഗം കുറഞ്ഞെങ്കിലും കെടുതികള്‍ അത്ര ചെറുതായിരിക്കില്ല. മഴ വരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു മുന്നൊരുക്കവുമില്ല. അല്ലെങ്കില്‍ ആദ്യ തുള്ളി വീഴും മുമ്പേ അര്‍ജുന്‍ ഈ നഗരം വിട്ടേനെ. 

 

പുറത്തെ മഴയിലേക്കു നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് നാലു മണിക്കൂറായി. ഉറക്കം എല്ലാ കണക്കുകൂട്ടലും തെറ്റിക്കുകയായിരുന്നു. ഈ മഴ വന്നതുപോലെ തന്നെ. ഇത്ര നേരമായി ലോകത്തു സംഭവിക്കുന്നതൊന്നും അറിഞ്ഞിട്ടില്ല. പതുക്കെ ഫോണെടുത്ത് ഇന്‍ബോക്സിലേക്ക് വിരല്‍ തൊട്ടു. നാലു മണിക്കൂറായി വന്ന മെസേജുകള്‍ ഓരോന്നായി തുറന്നു. പെയ്തു പെരുകുന്ന മഴപോലെ മരവിച്ചിരുന്നു മെസേജുകളില്‍ പലതും. അവസാനം വന്ന കൂട്ടത്തില്‍ ഒരു മെസേജായിരുന്നു അത്. ഒരു വട്ടം വായിച്ചിട്ട് അര്‍ജുന്‍ പെട്ടെന്നു പെരുമഴയിലേക്കു നോക്കി. നഗരം ഏതാണ്ട് ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കണം. അല്‍പം മുമ്പ് ഈ ഇന്‍ബോക്സിലേക്ക് തൊട്ടുനോക്കിയിരുന്നെങ്കില്‍ എന്നോര്‍ത്തു. 

 

എന്തായാലും പുറപ്പെടാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി ഇറങ്ങിയാല്‍ മതി. മുറിയിലെ വെളിച്ചമണച്ചു പുറത്തിറങ്ങി. മഴ കനത്തു പെയ്യുകയാണ്. വാതില്‍ പൂട്ടി പതുക്കെ പടിക്കെട്ടുകള്‍ ഇറങ്ങി. പുറത്തിറങ്ങിയാല്‍ റെയില്‍വേ സ്റ്റേഷന്‍ വരെ ഈ മഴയില്‍ നടക്കുക തന്നെ വേണം. ഓട്ടോറിക്ഷകളൊന്നും ഉണ്ടാകില്ല. ഉണ്ടായാലും ഈ വെള്ളക്കെട്ടിലൂടെ അതൊന്നും ഓടിക്കാന്‍ ആരും വരില്ല. മഴ പെയ്യുന്നതും പേമാരിയാകുന്നതും കാറ്റു വീശി നഗരം നിലം പൊത്തുന്നതും ഒന്നും കാണാന്‍ നില്‍ക്കാതെ. തിരിച്ചുവരവുണ്ടാവുകയാണെങ്കില്‍ ഈ നഗരം എങ്ങനെയായിരിക്കും എന്നുപോലും ചിന്തിക്കാതെ അര്‍ജുന്‍ നാലു നിലകളും നടന്നിറങ്ങി. 

 

മറവികളിലേക്കുള്ള എളുപ്പവഴികളെക്കുറിച്ചാണ് ഉറക്കം ഉണര്‍ന്നതു മുതല്‍ അര്‍ജുന്‍ ആലോചിക്കുന്നത്. പിന്നിലുള്ള ഒരു കാലത്തെയും നാടിനെയും മറക്കാന്‍ ശ്രമിച്ചുകൊണ്ടാണ് യാത്ര. കാഴ്ചകള്‍ പിന്നോട്ട് പായുന്ന വേഗത്തില്‍ ഓര്‍മകള്‍ ഒക്കെ കനം തൂങ്ങുന്നുണ്ട്. കഴിഞ്ഞരാത്രിയിലെ പെരുമഴയോ കാറ്റോ മുട്ടിനു മുകളില്‍ ഒഴുകിയിരുന്ന നിരത്തുകള്‍ നടന്നു കടന്നതോ ഓര്‍മയില്‍ ഇപ്പോള്‍ ഇല്ല. ഇന്‍ബോക്സിലെ ആ മെസേജ് മാത്രമാണ് മുന്നിലും പിന്നിലും ഉള്ളത്. 

 

ഇന്‍ബോക്സില്‍ ഇടയ്ക്കിടെ വിരലമര്‍ത്തുന്നുണ്ട്. ഒരു യാത്ര പോകണമെന്നു മാത്രമായിരുന്നു ചിന്തയിലുണ്ടായിരുന്നത്. പക്ഷേ, ഒരു മഴയും ഒരു മെസേജും യാത്രയ്ക്ക് ലക്ഷ്യമുണ്ടാക്കി. സത്യത്തില്‍ യാതൊരു ലക്ഷ്യവുമില്ലാതെ പോയി വരാന്‍ ഉദ്ദേശിച്ച ഒരു യാത്ര മാറി മറിഞ്ഞതോര്‍ക്കുമ്പോള്‍ അര്‍ജുന് ശരിക്കും എന്തെന്നില്ലാത്ത അമ്പരപ്പു തോന്നുന്നുണ്ട്. 

 

ഒട്ടും ആഗ്രഹിക്കാതെ മറവിയിലേക്കു തള്ളിയിട്ട ഒരാള്‍ വര്‍ഷങ്ങള്‍ക്കുശേഷം അയക്കുന്ന ഒരു സന്ദേശം ഒരു ജീവിതയാത്രയെത്തന്നെ മാറ്റിമറിക്കുകയാണ്. അര്‍ജുന്‍ ഇനി എത്തിപ്പെടേണ്ട ആ നഗരത്തെക്കുറിച്ച് ഓര്‍ത്തു. മനസില്‍ കുറേ ചിത്രങ്ങളുണ്ട്. പക്ഷേ, അതിവേഗം വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കാനിടയുള്ള ഒരു നഗരമാണ് അത്. രണ്ടു വര്‍ഷം മുമ്പ് വലിയൊരു പ്രളയം ആ നഗരത്തെയും വിഴുങ്ങിയിരുന്നു. നഗരത്തിലെ തടാകം നിറഞ്ഞൊഴുകി. ദിവസങ്ങളോളം ജീവന്‍ മുറുകെപ്പിടിച്ചു നിന്നവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പത്രത്തിലും ടിവിയിലും കണ്ടിരുന്നു. 

 

പ്രകൃതി ദുരന്തങ്ങള്‍ എപ്പോഴും മനുഷ്യനും കാലത്തിനും വലിയ തിരിച്ചറിവുകളാണ് നല്‍കുക. ചെയ്തുപോയ തെറ്റുകള്‍ക്കെല്ലാം കാലം കരുതി വച്ച പകവീട്ടലാണ് അവയൊക്കെ എന്നു തോന്നിപ്പോകും. അല്ലെങ്കിലും മനുഷ്യനും വേണം തിരുത്താന്‍ ഒരു അവസരം. തെറ്റിയും തിരുത്തിയും തന്നെയാണല്ലോ മനുഷ്യന്‍ സ്വയം നവീകരിക്കുന്നത്. പക്ഷേ, തിരുത്താനുള്ള അവസരങ്ങള്‍ എപ്പോഴും മനുഷ്യന് കിട്ടാറില്ലല്ലോ എന്ന് പിന്നാക്കം പായുന്ന കാഴ്ചകള്‍ കണ്ടുകൊണ്ട് അര്‍ജുനു തോന്നി. ഓര്‍മകളെ മറന്നു കളയുക എന്നത് അത്ര എളുപ്പമല്ലെന്നു തിരിച്ചറിയുകയാണ് ഓരോ നിമിഷം മുന്നോട്ടു പോകുന്തോറും. 

 

വീണ്ടും ഇന്‍ബോക്സിലേക്കു വിരല്‍ അമര്‍ത്തി. 

 

അവസാനത്തെ മെസേജും തൊട്ടുമുമ്പത്തെ മെസേജും തമ്മില്‍ നാലു വര്‍ഷത്തിന്‍റെ അകലമുണ്ട്. ഏറ്റവും ആദ്യത്തെ മെസേജിലേക്ക് എത്താന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. അക്കാലത്ത് ഒപ്പമല്ലാതിരുന്ന ഓരോ മണിക്കൂറുകളെയും മെസേജുകളിലായിരുന്നു അടയാളപ്പെടുത്തിയിരുന്നത്. പിന്നോട്ടുള്ള ഓരോ പ്രയാണവും മറന്നുപോയ ഓര്‍മകളെ തിരിച്ചുപിടിക്കുകയായിരുന്നു. ഓരോ നിമിഷവും ഓര്‍ത്തെടുക്കാന്‍ നോക്കി. പിന്നോട്ടുള്ള യാത്രകള്‍ മനസിനെ വലിയൊരു അലകടലിലായിരിക്കും എത്തിക്കുക എന്നറിയാവുന്നതുകൊണ്ട് പലപ്പോഴും ഓര്‍മകളിലൂടെയുള്ള യാത്ര പാതിയില്‍ നിര്‍ത്തിയിരുന്നു. 

 

ഇന്‍ബോക്സില്‍ ഇപ്പോള്‍ ആദ്യം കിടക്കുന്നത് ആ മെസേജാണ്. അതിനു ശേഷം വന്നതൊക്കെയും വായിച്ചും അല്ലാതെയും അതതു നിമിഷം തന്നെ ഡിലീറ്റ് ആക്കപ്പെട്ടിട്ടുണ്ട്. അതിപ്രധാനമായതു പലതും ഉണ്ട്. പക്ഷേ, അതിനേക്കാള്‍ പ്രധാനപ്പെട്ടത് ഇതു മാത്രമാണെന്നു തോന്നുന്ന വിധമാണ് ഇപ്പോള്‍ ഇന്‍ബോക്സ്. 

 

ശതരൂപ...

 

അര്‍ജുന്‍ ആ പേരിലേക്കുതന്നെ ഉറ്റു നോക്കിയിരുന്നു. പുറത്തെ കാഴ്ചകള്‍ ഓരോന്നായി മായുകയാണ്. ഏറ്റവും ആദ്യത്തെ മെസേജിലേക്കു പോയാല്‍ ഒരു പക്ഷേ, മറന്നുകളയണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു ജീവിതം തന്നെ മുന്നില്‍ പ്രത്യക്ഷപ്പെട്ടേക്കാം. അത്രമാത്രം സൂക്ഷ്മമായാണ് ഓരോ വരിയും അടയാളപ്പെടുത്തിയിരിക്കുന്നത്. ആ രണ്ടുപേരില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു വലിയ ലോകം. രണ്ടുപേരില്‍നിന്ന് പുറത്തു കടന്ന നാലു വര്‍ഷങ്ങള്‍ക്കു ശേഷം യാദൃച്ഛികമായി ആ ഓര്‍മകളിലൂടെയെല്ലാം ഒരു പിന്‍നടത്തം. 

 

ശതരൂപയുടെ മെസേജിന് ഇതുവരെ മറുപടി അയച്ചില്ലെന്ന് അര്‍ജുന്‍ ആലോചിച്ചു. ഒരു മറുപടി പ്രതീക്ഷിച്ചുള്ള മെസേജ് ആയിരിക്കില്ല അതെന്ന് ഉറപ്പുണ്ട്. അല്ലെങ്കിലും ശതരൂപ നാലു വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അങ്ങനെയായിരുന്നു. പറയാനും അറിയിക്കാനും ഉള്ളതൊക്കെ അങ്ങു പറഞ്ഞു കളയും. കേട്ടാലും ഇല്ലെങ്കിലും പ്രതികരിച്ചാലും ഒന്നും പ്രശ്നമല്ല. ഇതും അതേപോലെയാണ് അര്‍ജുനു തോന്നിയത്. പിരിഞ്ഞിറങ്ങിപ്പോയതു പോലും തിരിച്ചു പറയാനുള്ളതോ കേള്‍ക്കാനുള്ളതോ ചോദിക്കാതെയും കേള്‍ക്കാതെയുമായിരുന്നു. 

 

മണിക്കൂറുകള്‍ കൊണ്ട് കുറേയേറെ ഓര്‍മകളെ അര്‍ജുന്‍ മറന്നതുപോലെ. ഒരു നഗരം പിന്നിലുണ്ട്. കഴിഞ്ഞരാത്രിയില്‍ പ്രളയത്തിലേക്കു മഴപെയ്തിറങ്ങിയ ഒരു നഗരം. യാത്ര തുടങ്ങിയത് അവിടെനിന്നാണ്. പിന്നിട്ട വഴികളൊക്കെയും ഓര്‍മയില്‍നിന്ന് മാഞ്ഞു. കാഴ്ചകളൊന്നും മനസില്‍ രേഖപ്പെടുത്താതെ പോയതാകാം. ആ ഒരൊറ്റ മെസേജും അതിനു തൊട്ടുമുമ്പുള്ള നാലു മെസേജുകളും തമ്മിലുള്ള ദൂരത്തിലാണ് അര്‍ജുന്‍ കുറച്ചു നേരമായിട്ട്. ട്രെയിന്‍ വേഗം കൂട്ടിയും കുറച്ചും മുന്നോട്ടു കുതിക്കുകയാണ്. കഴിയുന്ന സ്റ്റേഷനുകള്‍ ചില മഞ്ഞപ്പൊട്ടുകള്‍ മാത്രമായി  പിന്നിലേക്കു കടന്നു പോയി. 

 

ഇനിയും അര ദിവസത്തിന്‍റെ മാത്രം ദൂരം. ആ നഗരത്തിലെത്തിയാല്‍ ആദ്യം ഓര്‍ക്കുകയെന്തായിരിക്കുമെന്ന് ചിന്തിച്ചപ്പോള്‍ അര്‍ജുന് വല്ലാത്ത കൗതുകം തോന്നി. ഓര്‍ക്കാതിരിക്കാനെന്തിരിക്കുന്നു എന്നാണ് തോന്നിയത്. അത്രമേല്‍ മാലയില്‍ മുത്തുകളെന്ന പോലെ കോര്‍ത്തുകിടക്കുന്ന ഓര്‍മകള്‍. ശതരൂപ എന്ന പേരു പോലും വലിയ ഓര്‍മയാണ്. പിന്നീട് കണക്കില്ലാത്ത ഓര്‍മകളിലേക്കു കെട്ടിപ്പിടിച്ചു വന്ന വാക്കും പേരും. 

 

നാലുവര്‍ഷം. അത്ര വലിയ കാലമൊന്നുമല്ല. അതിനു മുമ്പുണ്ടൊരു വേറെ രണ്ടു വര്‍ഷം. അതും അത്ര വലിയ കാലമൊന്നുമല്ല. ശതരൂപയെ അര്‍ജുന്‍ പരിചയപ്പെട്ടത് ഒരു വൈകുന്നേരത്താണ്. അതും ഒരു മഴക്കാലത്ത്. വൈകുന്നേരം ജോലി കഴിഞ്ഞു താമസിക്കുന്ന മുറിയിലേക്കു പോവുകയായിരുന്നു അര്‍ജുന്‍. പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിനു മുന്നില്‍ മഴ തോരാന്‍ കാത്തുനിന്നപ്പോള്‍, ശതരൂപ തനിക്കു പരിചിതമായ സ്ഥലത്തേക്കുള്ള വഴി ചോദിച്ചുകൊണ്ടാണ് പരിചയത്തിലേക്കു കയറി വന്നത്. മഴ തോരാതെ വന്നപ്പോള്‍ ഓട്ടോറിക്ഷയില്‍ അര്‍ജുനും ശതരൂപയും ഒന്നിച്ചു കയറി. ശതരൂപയ്ക്കു പോകേണ്ട സ്ഥലവും കഴിഞ്ഞായിരുന്നു അര്‍ജുന്‍റെ താമസസ്ഥലം. 

 

നഗരം പെയ്തു തോരുന്നതിനിടെ ശതരൂപയ്ക്ക് ഇറങ്ങേണ്ട സ്ഥലമായിരുന്നു. പരസ്പരം കൈമാറിയ ഫോണ്‍ നമ്പരില്‍ പിന്നീട് ഇരുവരും വിളിക്കുമെന്ന് കരുതിയതേയില്ല, അര്‍ജുനും ശതരൂപയും. നാളുകള്‍ക്കു ശേഷം, മഴമാറി, നല്ല വെയിലുള്ള ഒരു ദിവസം അതേപോലൊരു വൈകുന്നേരം താമസസ്ഥലത്തേക്കുള്ള നടത്തത്തിനിടെയാണ് അര്‍ജുന്‍റെ ഫോണില്‍ ശതരൂപ റിംഗ് ചെയ്തത്. 

 

തൊട്ടുപിന്നില്‍ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് അര്‍ജുന്‍റെ മുന്നിലേക്ക് ശതരൂപ നടന്നു വന്നു. ദൂരെ നിന്നു കണ്ടപ്പോള്‍ ഓര്‍ത്തു വിളിച്ചതാണെന്നു പറഞ്ഞപ്പോള്‍, അന്നു ശതരൂപയുടെ നമ്പര്‍ സേവ് ചെയ്തിരുന്നല്ലോ എന്നോര്‍ത്ത് അര്‍ജുന് കൗതുകം തോന്നി. അന്ന് ആ നമ്പര്‍ സേവ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, അപ്പോള്‍ അര്‍ജുന്‍ ഫോണ്‍ എടുക്കില്ലായിരുന്നു. തന്നെ മറ്റാരും വിളിക്കാനില്ലാത്തപ്പോള്‍, ജോലികഴിഞ്ഞ സമയത്ത് പരമാവധി അര്‍ജുന്‍ ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ, ശതരൂപ എന്നു ഫോണില്‍ തെളിഞ്ഞപ്പോള്‍ ശരിക്കും അമ്പരക്കുക തന്നെ ചെയ്തു. 

 

ആ നഗരത്തില്‍നിന്ന് രണ്ടാണ്ടിനു ശേഷം ശതരൂപ സ്വയം മാറിപ്പോയ നഗരത്തിലേക്കാണ് ട്രെയിന്‍ ഇപ്പോള്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് രണ്ടു പേരും ഒന്നിച്ചു നടത്തിയ അവസാന യാത്ര അവസാനിച്ച അതേ നഗരത്തിലേക്ക്. പുതിയ ജോലി കിട്ടി ശതരൂപ സ്ഥലം മാറുകയായിരുന്നു. രണ്ടു നഗരങ്ങളെയും അതിരിടുന്നത് കടലായിരുന്നു. പടിഞ്ഞാറന്‍ കടലിനും കിഴക്കന്‍ കടലിനും ഇടയിലൂടെ ഓര്‍മകളുടെ ഇരമ്പത്തിലൂടെയാണ് അര്‍ജുന്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. 

 

അവസാനത്തെ ആ യാത്ര തന്നെയാണ് അര്‍ജുന്‍റെ മനസില്‍. അതിനു മുമ്പുള്ള ഇന്‍ബോക്സിലെ ആ നാളുകളിലേക്ക് എത്താന്‍ ഈ യാത്ര മതിയാകുമോ എന്ന സംശയം അര്‍ജുന് ബാക്കിയാണ്. ഓരോ തവണയും ഒരു കൂട്ടം മെസേജുകള്‍ വായിക്കുകയും സങ്കല്‍പത്തില്‍ ആ നാളുകളിലെ ജീവിതത്തിലേക്ക് അര്‍ജുന്‍ മടങ്ങിപ്പോവുകയും ചെയ്തു. നിമിഷങ്ങളും മണിക്കൂറുകളും പാതിദിനവും അങ്ങനെ കടന്നുപോയിട്ടും അവസാനത്തെയും തൊട്ടുമുമ്പത്തെയും മെസേജിനിടയിലെ കാലത്തില്‍നിന്ന് ഒരു ചുവടു പോലും അര്‍ജുന്‍ പുറകിലേക്കു പോയില്ല. 

 

വിജനമായ സ്റ്റേഷനിലാണ് ട്രെയിന്‍ ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. ശബ്ദകോലാഹലങ്ങളില്ല. ട്രെയിനും ഏതാണ്ട് വിജനമായിരിക്കുന്നു. രാത്രിയില്‍ ജീവനും കൊണ്ട് ഓടിക്കയറിയ എണ്ണമില്ലാത്ത ആളുകള്‍ ഒക്കെ അടുത്തുനിന്ന് ഇറങ്ങിപ്പോയിരിക്കുന്നു എന്നറിയുന്നതുതന്നെ ഇപ്പോഴാണ്. അടുത്തിരിക്കുന്നവര്‍ എല്ലാം ഇടയ്ക്കെപ്പോഴോ കയറിയവരാണ്. അര്‍ജുന്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്കു നോക്കി. അപരിചിതമായ ഭാഷയില്‍ അവര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. 

 

അര്‍ജുന്‍ ഓര്‍ക്കുകയായിരുന്നു. താന്‍ എവിടെയായിരുന്നു ഇതിനു മുമ്പുവരെ. നീണ്ട ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതെന്ന പോലെ കണ്ണു തിരുമ്മി പുറത്തേക്കു നോക്കി. ഫോണിന്‍റെ ചാര്‍ജ് അവസാന ചുവപ്പിലേക്ക് എത്തിയിരിക്കുന്നു. രണ്ടു സന്ദേശങ്ങള്‍ക്കിടയിലെ നാലു വര്‍ഷങ്ങള്‍ അര്‍ജുന്‍ മുക്കാല്‍ ദിവസം കൊണ്ട് പിന്നിട്ടു കഴിഞ്ഞു. ഒരോര്‍മയും മരിക്കുന്നില്ലെന്ന് വെറും രണ്ടു സന്ദേശങ്ങള്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞു.

 

രണ്ടും കല്‍പിച്ച് അര്‍ജുന്‍ ശതരൂപയുടെ പച്ചവെളിച്ചത്തിലേക്ക് വിരലമര്‍ത്തി....

 

ഞാന്‍ വരുന്നുണ്ട്.

 

നാലു വര്‍ഷത്തിനു ശേഷം പരസ്പരമൊരു കൂടിക്കാഴ്ച. പിരിഞ്ഞു പോകുമ്പോഴും അവര്‍ രണ്ടും ഒന്നിച്ച് അതേ നഗരത്തിലായിരുന്നു. ശതരൂപ അത്രനാളും കണ്ടതില്‍ ഏറ്റവും നിഷ്കളങ്കമായാണ് പിരിഞ്ഞു പോവുകയാണെന്ന് പറഞ്ഞത്. അതും ഒരു യാത്രയുടെ അന്ത്യത്തില്‍. പിരിഞ്ഞുപോകാന്‍ വേണ്ടി നടത്തിയ യാത്രയെന്നു പോലും തോന്നിയ നിമിഷങ്ങളില്‍. 

 

ഇരുട്ടില്‍നിന്നു പ്രകാശത്തിലേക്കുള്ള വഴിയില്‍ അപ്പോള്‍ മുല്ല, ജമന്തി പൂ മണങ്ങള്‍ പരന്നിരുന്നു. പലയിടങ്ങളില്‍നിന്ന് എം എസ് സുബ്ബലക്ഷ്മി സുപ്രഭാതം പാടിയിരുന്നു. മുല്ലപ്പൂവിന്‍റെയും ജമന്തിപ്പൂവിന്‍റെയും മണത്തോടൊപ്പം ബസിലേക്ക് പ്രഭാതം വന്നുകൊണ്ടിരിക്കുകയായിരുന്നു. സുഗന്ധപൂരിതമായ നിറയെ ഓര്‍മകളുടെ അവസാന യാത്രയായിരുന്നു അതെന്ന് അപ്പോഴൊന്നും അര്‍ജുന്‍ അറിഞ്ഞിരുന്നില്ല. ഒരു പക്ഷേ, ശതരൂപയും അങ്ങനെയൊന്നും കരുതിയിരുന്നിട്ടുണ്ടാവില്ല. 

 

നിറയെ പച്ചബസുകളില്‍ മാറി മാറിക്കയറി. ഇടയ്ക്കുള്ള ബസ് സ്റ്റാന്‍ഡുകളില്‍നിന്ന് ചൂടു ചായ കുടിച്ചുകൊണ്ട്. കൈകോര്‍ത്തിരുന്നാണ് അവര്‍ അതു വരെ വന്നത്. പറഞ്ഞു പിരിയാനുള്ള യാത്രയായിരുന്നുവെന്ന് ഇന്നും അര്‍ജുന് ഓര്‍ക്കുമ്പോള്‍ തിട്ടമില്ല. പക്ഷേ, അവസാന സ്റ്റോപ്പിലെത്തും മുന്നേ പറഞ്ഞിരുന്നു. പിരിഞ്ഞിരുന്നു. കോര്‍ത്തിരുന്ന കൈകള്‍ ആ വാക്കുകള്‍ക്കു മീതെ അകന്നുമാറി. അന്നു നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ ഓരോരുത്തരായി ഇറങ്ങിയും കയറിയും അവസാന സ്റ്റോപ്പിലെത്തിയപ്പോള്‍ അവര്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ എല്ലാവരും ഇറങ്ങിയശേഷം ഇറങ്ങാന്‍ അവര്‍ കാത്തിരുന്നതിനാല്‍ രണ്ടു പേര്‍ മാത്രമാവുകയുമായിരുന്നിരിക്കാം. 

 

പിരിയാന്‍ പോകുന്ന നിമിഷത്തിന്‍റെ വിഷമത്തില്‍ അവര്‍ അതെങ്ങനെ സംഭവിച്ചു എന്നു ചിന്തിച്ചില്ല. എന്തായാലും മറ്റെല്ലാവരും ഇറങ്ങിപ്പോയിരുന്നു. ഒടുക്കം അവര്‍ രണ്ടുപേരും. അല്ലെങ്കിലും അങ്ങനെത്തന്നെയാണ്  ആളുകള്‍ മാത്രമേ ഇറങ്ങിപ്പോകൂ. ഓര്‍മകള്‍ ഇറങ്ങിപ്പോകില്ലെന്ന് നാലു വര്‍ഷത്തിനു ശേഷമുള്ള ഈ മടക്കത്തില്‍ ഒരിക്കല്‍ കൂടി അര്‍ജുന് ഉറപ്പായി. 

 

അല്ലെങ്കിലും എന്തിനായിരുന്നു പിരിയാന്‍ വേണ്ടി മാത്രം അന്ന് അങ്ങനെയൊരു യാത്ര നടത്തിയതെന്ന് ഇന്നും അര്‍ജുന് അറിയില്ല. കഴിഞ്ഞ നാലു വര്‍ഷവും അങ്ങനെയൊരു ചിന്തയുണ്ടായില്ല എന്നതാണ് സത്യം. പിരിയാന്‍ പോവുകയാണെന്ന് യാത്ര തുടങ്ങുമ്പോള്‍ രണ്ടു പേരും കരുതിയിരിക്കില്ലെന്നാണ് ഇപ്പോഴും അര്‍ജുന്‍ കരുതുന്നത്. അല്ലെങ്കില്‍ പിരിയാന്‍ തീരുമാനിച്ച രണ്ടു പേര്‍ അങ്ങനെയൊരു യാത്ര പോകുമായിരുന്നോ? പിന്നെ എപ്പോഴാണ് അത് പിരിയാനുള്ള യാത്രയായത്?

 

അര്‍ജുന്‍ ആ യാത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് ഒട്ടും തിളക്കം മങ്ങിയിട്ടില്ല. പരസ്പരം കാണാതെയുള്ള നിരന്തര സംസാരങ്ങള്‍ക്കു ശേഷം ദക്ഷിണ്‍ വെജ് കഫേയില്‍നിന്ന് ആദ്യമായി ഒന്നിച്ചു കണ്ടതു മുതല്‍ ഉള്ള ഓര്‍മകള്‍. അല്ലെങ്കിലും അങ്ങനെയൊരു കൂടിക്കാഴ്ച ഉണ്ടായില്ലെങ്കില്‍ അന്നത്തെ മടക്കം വരെയുള്ള പലവട്ടമുള്ള യാത്രകള്‍ ഉണ്ടാകുമായിരുന്നില്ല. 

 

അര്‍ജുനും ശതരൂപയും ഒരു രാത്രി മുഴുവന്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ആ നഗരപ്പുലരിയിലേക്ക് എത്തിയത്. ശതരൂപയ്ക്ക് പുതിയ നഗരമായിരുന്നു. കിലോമീറ്ററുകളുടെ അപ്പുറത്തുള്ള ഒരു ദേശത്തേക്ക് സ്ഥലം മാറ്റമായി പോകുമ്പോള്‍ ഒപ്പം അര്‍ജുനുണ്ടാകണമെന്ന ശാഠ്യമുണ്ടായിരുന്നു ശതരൂപയ്ക്ക്. 

 

അര്‍ജുന്‍... നിനക്കറിയുമോ പുഷ്പങ്ങളുടെ സ്ഥലമാണ് നമ്മള്‍ പോകുന്ന നഗരം...

 

യാത്ര തുടങ്ങിയപ്പോള്‍ തന്നെ താന്‍ ഇനി വസിക്കാനിരിക്കുന്ന സ്ഥലത്തെക്കുറിച്ചു പഠിച്ചതൊക്കെ ശതരൂപ പറഞ്ഞു തുടങ്ങി. കൂടുതല്‍ അകലേക്ക് ശതരൂപ പോകുമ്പോള്‍ അടുത്തിടെയുണ്ടായ ഒരു തര്‍ക്കത്തിന്‍റെ ബാക്കിയായി രണ്ടുപേര്‍ക്കിടയിലും അകലമുണ്ടാകുമോ എന്ന പേടി അര്‍ജുനുണ്ടായിരുന്നു. 

 

ഇതു നമുക്കിടയിലെ അകലത്തെ കൂട്ടുമോ ശതരൂപാ...

 

അതിന് നമുക്കിടയിലെന്ത് അകലം. പേടി വേണ്ട. 

 

കൈയില്‍ മുറുകെ പിടിച്ചായിരുന്നു മറുപടി. 

 

വസന്തകാലത്തെ ഓര്‍മിക്കും വിധം പൂക്കള്‍ നഗരത്തെ മുഴുവന്‍ സുഗന്ധത്തില്‍ മുക്കിയിരുന്നു. പ്രഭാത വെളിച്ചം തെളിഞ്ഞു തെളിഞ്ഞു നഗരത്തിന്‍റെ തിരക്കു കൂട്ടി. നിരത്ത് വീതിയേറെയുണ്ടായിട്ടും തിക്കിലേക്കും തിരക്കിലേക്കും പാഞ്ഞടുത്തിരുന്നു. 

 

അര്‍ജുന്‍... ഇനി നമ്മള്‍ കാണുമോ?

 

കുറേ നേരം നിശബ്ദമായി പുറത്തേക്കു നോക്കിയിരുന്ന ശേഷമായിരുന്നു ശതരൂപയുടെ ചോദ്യം. 

 

എന്താ ചോദിച്ചത്, കേട്ടത് വിശ്വസിക്കാനാവാതെ അര്‍ജുന്‍ ചോദിച്ചു. 

 

ഇനി നമ്മള്‍ കാണുമോ എന്ന്... നമുക്ക് പിരിയാം, അര്‍ജുന്‍. 

 

ശതരൂപയുടെ പറച്ചില്‍ കേട്ട് എന്തെന്നില്ലാതെ ഉള്ളു പിടഞ്ഞു അര്‍ജുന്. 

 

എത്രമേല്‍ പ്രിയപ്പെട്ടത് ആണെങ്കിലും ഉപേക്ഷിക്കേണ്ട സമയത്ത് അതു ചെയ്യുക തന്നെവേണം. അതിനായി നമ്മള്‍ ഓരോ ഉപായങ്ങളും കാരണങ്ങളും കണ്ടുപിടിക്കുന്നു എന്നു മാത്രം. 

 

ഒരു കൊടുങ്കാറ്റു വീശിപ്പോയ നിലയിലായിരുന്നു അര്‍ജുന്‍ അപ്പോള്‍. ശതരൂപ എല്ലാം ആവശ്യപ്പെട്ടു നേടിയെടുക്കുന്നവള്‍ ആയിരുന്നു. എങ്ങനെ സ്നേഹിക്കപ്പെടണം എന്ന് ഒന്നിച്ചിരിക്കുമ്പോള്‍ ഓരോ വട്ടവുംപറഞ്ഞിരുന്നവള്‍ ഒടുവില്‍ പിരിഞ്ഞുപോകാനും ഉപാധികള്‍ പറയുന്നു. ഏറ്റവും പ്രിയപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ മറ്റേതൊരാളെയും പോലെ അതി സാധാരണ ബന്ധമുള്ള ഒരാള്‍ ആയി മാറാന്‍ ഒന്നു നേരം ഇരുട്ടി വെളുത്താല്‍ മതി.

 

പോകാതെ പറ്റില്ല അര്‍ജുന്‍. മൂവ് ഓണ്‍ ചെയ്യണം.

 

തിരിച്ചുവരുമോ എന്നൊരു ചോദ്യമായിരുന്നു അര്‍ജുന് ബാക്കി. 

 

അറിയില്ല.

 

ശതരൂപ പറഞ്ഞു നിര്‍ത്തിയതിങ്ങനെയാണ്. പിന്നെയൊരു സംസാരമില്ലാതെ രണ്ടു പേരും മുഖത്തോടു മുഖം കണ്ണുകള്‍ വരാതെ മുന്നോട്ടു തന്നെ നോക്കിയിരുന്നു. വസന്തത്തിന് മീതെ പരക്കുന്ന സങ്കടക്കണ്ണീര്‍ ഇറ്റു വീണു. അര്‍ജുന് കഴിഞ്ഞ കാലങ്ങളൊന്നും ഓര്‍ത്തെടുക്കാനായില്ല. എന്തെന്നില്ലാത്ത ശൂന്യത ഓര്‍മകള്‍ക്കു മേല്‍ പരന്നിരുന്നു. പിരിയാന്‍ തീരുമാനിച്ച രണ്ടുപേരും ബസില്‍  നിന്ന് ഇറങ്ങി. ഒരിക്കല്‍ കൂടി കോര്‍ത്തുപിടിക്കാന്‍ ശതരൂപയുടെ കൈകള്‍ അടുത്തുണ്ടായിരുന്നില്ല. ബസിറങ്ങി ശതരൂപ നടന്ന് നടന്ന് തിരക്കിനിടയില്‍ മറഞ്ഞു. 

 

തിരികെയുള്ള അര്‍ജുന്‍റെ യാത്രയില്‍ പലവട്ടം വിളിച്ചിട്ടും ശതരൂപയുടെ ഫോണില്‍നിന്ന് മറുപടിയുണ്ടായില്ല. അവര്‍ക്കു രണ്ടു പേര്‍ക്കും സംസാരിക്കാന്‍ മാത്രം ശതരൂപയ്ക്ക് ഒരു ഫോണുണ്ടായിരുന്നു. ആ ഫോണ്‍ ഓഫാകുന്ന ദിവസം നമ്മുടെ ബന്ധം അവസാനിച്ചതായി കരുതിക്കോണമെന്ന് മുമ്പു പലവട്ടം തമാശയ്ക്കു ശതരൂപ പറഞ്ഞിരുന്നു. അര്‍ജുന്‍ മടക്കയാത്രയില്‍ പിന്നെയും പിന്നെയും പലവട്ടം ആ ഫോണിലേക്കു വിളിച്ചു. വിളികളൊക്കെയും മറുപടിയില്ലാതെ അവസാനിച്ചു. 

 

ആ നഗരത്തില്‍നിന്ന് എങ്ങോട്ടെന്നില്ലാതെ ആ പകലിന്‍റെ ബാക്കിയും രാത്രിയും പിറ്റേ ദിവസവും മുഴുവന്‍. ഇപ്പോഴും അങ്ങനെതന്നെയാണ് അര്‍ജുന്‍. സങ്കടം പെരുകിയാല്‍ അങ്ങു പോകും. അടങ്ങുമ്പോള്‍ മടങ്ങി വരും. അതുപോലെ ഒരു യാത്രയാണ് കഴിഞ്ഞ രാത്രിയില്‍ അര്‍ജുന്‍ തുടങ്ങിയത്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ ദിശ തെളിച്ച് ഒരു സന്ദേശം വന്നെന്നു മാത്രം. 

 

ഇനി അധികനേരമില്ല. ഒരു രാത്രിയും പകലിന്‍റെ മുക്കാലും നീണ്ട യാത്ര ചെയ്ത് ക്ഷീണിച്ച് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പുറത്ത് നിറവെയിലുണ്ട്. മഴയുടെ പെരുക്കം ചെവിയില്‍നിന്ന് മാറിയിട്ടില്ല. പുറത്തെ വെയിലിലേക്ക് അര്‍ജുന്‍ വെറുതേ നോക്കിക്കൊണ്ടിരുന്നു. കാഴ്ചകളിങ്ങനെ പിന്നാക്കം പോവുകയാണ്. 

 

മഴ പെയ്യുമെന്നോ, തന്‍റേതായിരുന്ന നഗരമാകെ വിഴുങ്ങിപ്പോകുമെന്നോ എന്നൊന്നും കരുതിയല്ല യാത്ര തീരുമാനിച്ചത്. പക്ഷേ, പെരുമഴയെപ്പേടിച്ച് പുറപ്പെട്ടുപോയതുപോലെയുണ്ടെന്നു തോന്നും ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍. ശതരൂപ പോയപ്പോഴേ ആ നഗരം വിട്ടുപോകണമെന്നു കരുതിയതാണ്. നീണ്ട രണ്ടുമാസക്കാലം മാറി നിന്നു. ശതരൂപയുടെ ഓര്‍മകളുള്ള വഴികളിലൂടെ ഒറ്റയ്ക്കു പോയി. ഒറ്റയ്ക്കാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കണ്ടെത്തിയ വഴിയായിരിക്കണം അതെന്നാണ് ആ രണ്ടു മാസം കഴിഞ്ഞു മടങ്ങി വീണ്ടും മുറിയിലെത്തിയപ്പോള്‍ അര്‍ജുന്‍ തോന്നിയത്. 

 

മുറിവുകള്‍ക്കെല്ലാം മനസില്‍ അടയാളം ബാക്കിയിടാനാകും. പക്ഷേ, സംഭവിച്ചത് എന്താണെന്ന് മനസിനെ ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. അങ്ങനെ ബോധ്യപ്പെടുത്താനാകാതെ വരുമ്പോഴാണ് മുറിപ്പാടില്‍ പിന്നെയും ചോര പൊടിയുക. ഒരു തോന്നല്‍ മതി. അല്ലെങ്കില്‍ പഴയൊരു ഓര്‍മപ്പെടുത്തല്‍. മുറിപ്പാടില്‍ ചോര പൊടിഞ്ഞാല്‍ പിന്നെ അതു പഴുക്കാതെ നോക്കണം. പഴുത്തുകഴിഞ്ഞാല്‍ മുന്നിലാകെ ചോരച്ചുവപ്പും ശ്വാസത്തിലാകെ ചോരമണവുമാകും. 

 

ഇനിയാകെ കുറച്ചുദൂരമേ ഉള്ളൂ. കണ്ണുകള്‍ എന്താണ് കാണാന്‍ പോകുന്നതെന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. കണ്ണുകളിലാണ് അല്ലെങ്കിലും എപ്പോഴും സത്യം കാണുക. പിരിഞ്ഞ നിമിഷത്തിനൊടുവില്‍ ആ കറുത്ത വലിയ ബാഗ് പുറത്തു തൂക്കി തിരക്കിലേക്കു നടന്നുപോയതാണ് ശതരൂപ. ഇപ്പോള്‍ വീണ്ടും കാണാനാണോ ഈ പോക്ക് എന്ന ചോദ്യത്തിന് സത്യത്തില്‍ അര്‍ജുന് ഉത്തരമില്ല. കാണുമോ എന്നു ചോദിച്ചാല്‍ അതിനും ഉത്തരമില്ല. രണ്ടു ട്രെയിനുകളും ഒരേ സമയമാണ് അവിടെയെത്തുകയെന്നു മാത്രമാണ് അര്‍ജുന് അറിയുക. 

 

അര്‍ജുന്‍ ഓര്‍ത്തുപോയത് സമയത്തിലെ ആ കണക്കുകൂട്ടലുകളെക്കുറിച്ചാണ്. ഒരുമിച്ചായിരുന്ന കാലത്ത് പലപ്പോഴും ഉണ്ടായിട്ടുള്ള കശപിശകളൊക്കെ സമയത്തെച്ചൊല്ലി തന്നെയായിരുന്നു. പറഞ്ഞുറപ്പിച്ച സമയത്ത് എപ്പോഴും എത്താതിരുന്നത് അര്‍ജുന്‍ തന്നെയാണ്. നിമിഷങ്ങള്‍ക്ക് ഏറ്റവും വില കല്‍പിച്ചിരുന്ന ശതരൂപയ്ക്ക് അപ്പോഴൊക്കെ എന്തെന്നില്ലാത്ത അരിശമുണ്ടായിരിക്കുന്നു. എല്ലായ്പോഴും കണ്ടെത്തിക്കൊണ്ടിരുന്ന ഒഴിവുകഴിവുകള്‍ ആ അരിശം അല്‍പനേരത്തേക്കു കൂട്ടുകയും ഒന്നിച്ചിരുന്ന നിമിഷങ്ങളുടെ ശേഷം അതെല്ലാം തണുത്തുറയുകയും ചെയ്തിരുന്നു. 

 

ഇപ്പോഴത്തെ കണക്കനുസരിച്ച് അര്‍ജുനായിരിക്കും ആദ്യം എത്തുക. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സമയം കാണിക്കുന്ന ആപ്പില്‍ അര്‍ജുനേക്കാള്‍ പിന്നിലാണ് ശതരൂപ വന്നുകൊണ്ടിരിക്കുന്ന ട്രെയിനിപ്പോള്‍ ഉള്ളത്. അതു മാറിമറിയാന്‍ അധിക സമയമൊന്നും വേണ്ട. മുന്നിലൊരു ചുവപ്പു സിഗ്നല്‍ തെളിഞ്ഞാല്‍ മതി. അത് പച്ചയാകാനുള്ള ഇടവേളയൊന്നു നീണ്ടുപോയാല്‍ മതി. 

 

തിരക്കുള്ള റെയില്‍വേ സ്റ്റേഷനാണ്. കാലമാകെ മാറിയിരിക്കുന്നു. ചുറ്റുമുള്ള ആളുകളെപ്പോലും തിരിച്ചറിയാന്‍ സമയമെടുക്കും. മുഖത്തെ മാസ്കുകള്‍ ആളുകളുടെ പരിചിതഭാവം തന്നെ മറച്ചു കളയുകയാണ്. ശതരൂപയ്ക്ക് എന്തു മാറ്റമാണ് ഉണ്ടായിരിക്കുകയെന്ന ചിന്ത അര്‍ജുന് തോന്നി. ഒരു മാസ്ക് അല്ലാതെ എന്തു മാറ്റമുണ്ടായിട്ടാകും. മുറിച്ചിട്ട മുടിയുള്ള ചിത്രം കുറച്ചുകാലം മുമ്പ് ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോയില്‍ കണ്ടിരുന്നു. അല്ലാതെയെല്ലാം നാലു വര്‍ഷം മുമ്പുള്ള അതേ ശതരൂപയെപ്പോലെ. 

 

എന്തിനായിരിക്കാം, ഇപ്പോള്‍ ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു തന്നെയാണ് ആ മെസേജ് എന്ന് ഇപ്പോഴും അര്‍ജുന് ഉറപ്പില്ല. ഒരു മെസേജിന് താനാണ് വരുന്നു എന്ന മറുപടി നല്‍കിയത്. അതിനൊരു മറുപടിയും കിട്ടിയില്ല. ഒരു പക്ഷേ, വീണ്ടും കാണുക എന്നൊന്നുമുണ്ടാകില്ല. എങ്കിലും പിരിഞ്ഞുപോയ ഒരാളിലേക്കു വീണ്ടും എത്തുന്നതിന്‍റെ കൗതുകം അര്‍ജുനെ ബാധിച്ചു. എന്തായിരിക്കും ആദ്യം പറയുക. ആരായിരിക്കും ആദ്യം ഹായ് പറയുക. പഴയ ഓര്‍മകളിലേതു പോലെ ആ കടപ്പുറത്തേക്ക് രണ്ടുപേരും പോകുമോ? അതോ, ഇനി മടക്കമില്ല എന്നു പറയാനാണോ... അര്‍ജുന്‍റെ ചിന്തയില്‍ ചോദ്യങ്ങളങ്ങനെ പെരുകിക്കൊണ്ടിരുന്നു. 

 

ട്രെയിനിനു പുറത്ത് തിരക്കുള്ള സ്ഥലങ്ങളായിരിക്കുന്നു. മഹാരോഗത്തിന്‍റെ ഭയത്തില്‍നിന്ന് പുറത്തുകടക്കുന്നതേയുള്ള ലോകം. അര്‍ജുന്‍ ട്രെയിനിന്‍റെ ജനാലയിലൂടെ പുറത്തേക്കു നോക്കി. തിരക്കേറുന്നുണ്ട് പുറത്ത്. നഗരത്തിലേക്കു വാതിലുകള്‍ കടന്നു ട്രെയിന്‍ മുന്നോട്ടു കുതിക്കുകയാണ്. പല വഴിക്കു വരുന്ന റെയില്‍പാതകള്‍ സംഗമിക്കുന്നുണ്ട്. സബര്‍ബന്‍ ട്രെയിനുകള്‍ പായുന്നുണ്ട്. തനിക്കു മുമ്പെങ്ങാനും ശതരൂപയുടെ ട്രെയിന്‍ എത്തുമോ എന്നറിയാന്‍ ഇടയ്ക്കിടെ റെയില്‍വേ സമയത്തിന്‍റെ ആപ്പ് എടുത്തു നോക്കി അര്‍ജുന്‍ ഇരുന്നു. 

 

ട്രെയിനിന്‍റെ വേഗം കുറയുകയാണ്. ബാഗും കൈയിലെടുത്ത് അര്‍ജുന്‍ വാതിലിലേക്കു നടന്നു. കരുതിയിരുന്നതു പോലെ നഗരത്തിന് നാലു വര്‍ഷം കൊണ്ട് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു നിരത്തുകള്‍ക്കു പിന്നെയും വീതിയേറി. തിരക്കിനു കനം കൂടി. എല്ലാ കാഴ്ചകളും അര്‍ജുനു പുതുമയായിരുന്നു. താന്‍ ഒരു കാലത്തും കണ്ടിട്ടില്ലാത്ത കാഴ്ചകളെന്ന വണ്ണം പുതുമ ആ നഗരം അര്‍ജുനു നല്‍കി. അത്രമേല്‍ പുതുക്കമുള്ള കാഴ്ചകളായിരുന്നു എല്ലാം. 

 

ബാഗ് പിന്നില്‍ തൂക്കി വാതില്‍പടിയില്‍ മുറുകെ പിടിച്ച് അര്‍ജുന്‍ പുറത്തേക്ക് നോക്കി. കുറച്ചകലെ മറ്റൊരു ദിശയില്‍നിന്നൊരു ട്രെയിന്‍ സാവധാനം അടുത്തു വരുന്നുണ്ടായിരുന്നു. രണ്ടു ട്രെയിനുകളുടെയും എന്‍ജിനുകള്‍ ഒരേ ദിശയിലേക്കു തിരിഞ്ഞു. ഏതാണ്ട് സമാന്തരമായി രണ്ടു ട്രെയിനുകളും ചുവപ്പില്‍നിന്ന് പച്ചയിലേക്കു തെളിച്ച വെളിച്ചം കടന്ന് തിരക്കു നിറഞ്ഞ പ്ലാറ്റ് ഫോമുകളിലേക്കു പതുക്കെ പ്രവേശിക്കുകയായിരുന്നു. 

 

സ്റ്റേഷനെത്തിയതിന്‍റെ തിരക്കാണ് ട്രെയിനിനുള്ളിലെങ്ങും. മണിക്കൂറുകളായി കാത്തിരിക്കുകയായിരുന്നു അവരെല്ലാം. തിരക്കു കൂട്ടി ബാഗും കൈയിലുള്ളതുമെല്ലാം പെറുക്കിക്കൂട്ടി അവര്‍ വാതിലിലേക്കു തിരക്കുകൂട്ടി വന്നു. പലപ്പോഴും പിന്നില്‍നിന്നുള്ള തിരക്കു കൂട്ടലില്‍ താന്‍ പ്ലാറ്റ് ഫോമിലേക്കെങ്ങാനും വീണു പോകുമോ എന്ന് അര്‍ജുന്‍ സംശയിച്ചു. അപ്പോഴും തൊട്ടപ്പുറത്തെ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിച്ചു കഴിഞ്ഞ ട്രെയിനിലായിരുന്നു അര്‍ജുന്‍റെ കണ്ണുകള്‍. 

 

ശതരൂപ വരുമെന്നു പറഞ്ഞ ട്രെയിന്‍ അതു തന്നെയായിരുന്നു. അതിലും ഉണ്ട് ഇതേ പോലെ തിരക്ക്. മാസ്ക് വച്ച നിരവധിയാളുകള്‍. കുറേക്കാലം എങ്ങും പോകാതിരുന്ന മനുഷ്യന്‍ ചലനവേഗം തിരിച്ചുകിട്ടിയതോടെ ആര്‍ത്തി മൂത്തു യാത്ര ചെയ്യുന്നതുപോലെയെന്ന് തോന്നി അര്‍ജുന്. പ്ലാറ്റ്ഫോമിലും തിരക്കേറെ. അപ്പുറത്തെ പ്ലാറ്റ് ഫോമിലേക്കു കയറിയ ട്രെയിനിന്‍റെ കാഴ്ച മറച്ചുകൊണ്ട് ജനക്കൂട്ടം അര്‍ജുന്‍റെ ട്രെയിനിനടുത്തേക്ക് നടന്നും ഓടിയും അടുത്തു. 

 

ആളുകള്‍ തിരക്കു കൂട്ടുമ്പോഴും അവര്‍ക്കെല്ലാം ആകെയൊരു അപരിചിതത്വം മുഖത്തുണ്ട്. നാളുകളും മാസങ്ങളും വാതിലുകള്‍ക്ക് അകത്ത് അടച്ചിരുന്നവര്‍ പെട്ടെന്ന് പുറത്തിറങ്ങിയപ്പോള്‍ അടച്ചിടുന്നതിന് തൊട്ടുമുമ്പുവരെ ചിര പരിചിതമായിരുന്ന ഇടങ്ങള്‍ പോലും എത്ര അപരിചിതമാണെന്ന് അവരുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. അല്ലെങ്കിലും പരിചിത സ്ഥലങ്ങളും മനുഷ്യരും അപരിചിതരാകാന്‍ അത്രയൊന്നും സമയം വേണ്ട. ചിലപ്പോള്‍ വെറുമൊരു നിമിഷം മതി. 

 

വേഗം കുറച്ചു കുറച്ച് പ്ലാറ്റ്ഫോമിലേക്കു നിര്‍ത്തിയ ട്രെയിനില്‍നിന്ന് അര്‍ജുന്‍ പുറത്തിറങ്ങി. ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് നടന്നു തുടങ്ങി. ട്രെയിനിലേക്കു കയറാനുള്ളവരുടെ തിക്കിലും തിരക്കിലും മാസ്ക് മുഖമാക്കിയവരുടെ ഇടയിലൂടെ. ഒരേ പ്ലാറ്റ്ഫോമിന് അപ്പുറവും ഇപ്പുറവുമുള്ള ട്രാക്കുകളിലാണ് ട്രെയിനുകള്‍ നിര്‍ത്തിയിരുന്നത്. അര്‍ജുന്‍ മുന്നില്‍ കാണുന്ന ഓരോരുത്തരെയും ഒന്നല്ല രണ്ടു വട്ടം നോക്കി. അവരിലൊന്നും ശതരൂപയില്ലല്ലോ എന്ന് പലവട്ടം ഉറപ്പിച്ചു. അവിടെ യാത്രയവസാനിക്കുന്ന ട്രെയിനായിരുന്നു ശതരൂപ വന്നിറങ്ങിയത്. കോച്ചുകളില്‍ നിന്ന് ആളുകളൊക്കെ ഇറങ്ങിയിരുന്നു. അര്‍ജുന്‍ ശതരൂപയുടെ കണ്ണുകള്‍ക്കായി ആകെ തെരഞ്ഞു. 

 

തിരക്കിനിടയിലൂടെ അര്‍ജുന്‍ പ്ലാറ്റ്ഫോമില്‍നിന്നു പുറത്തുകടക്കാനുള്ള പാലത്തിലേക്കു നടന്നു. പാലത്തിലാകെ തിരക്ക്. ആളുകളെ അകലത്തില്‍ കടത്തിവിടാന്‍ ലാത്തിയും തോക്കുമൊക്കെയായി റെയില്‍വേ പൊലീസ് ചവിട്ടു പടികള്‍ക്കു മുന്നില്‍ നില്‍ക്കുന്നു. തിരക്കു കൂട്ടുന്നവരെ വിരട്ടിയും ലാത്തി കാട്ടിയും അവര്‍ പേടിപ്പിച്ചുകൊണ്ടേ ഇരുന്നു. ചവിട്ടുപടികളുടെ രണ്ടു വശത്തും വരി നിര്‍ത്തിയാണ് അവര്‍ ഓരോരുത്തരെയും പുറത്തേക്കു വിട്ടുകൊണ്ടിരുന്നത്. അര്‍ജുന്‍ ഓരോ വരിയിലേക്കും മാറി മാറി നോക്കി. അവരിലൊന്നും ശതരൂപയില്ലല്ലോ. സാവധാനം മുന്നോട്ടു പോയിരുന്ന തിരക്കിനിടയിലൂടെ അര്‍ജുനും പാലത്തിനടുത്തെത്തിയിരുന്നു. 

 

ആള്‍ക്കൂട്ടത്തില്‍ അല്ലെങ്കിലും ശതരൂപയെ എങ്ങനെ തേടിപ്പിടിക്കാനാണ്. അര്‍ജുന്‍ പുറത്തേക്കുകടക്കാനുള്ള തിരക്കിനൊപ്പം ചേര്‍ന്നു. അത്ര നേരവും പുറത്തു തെളിഞ്ഞ നിന്ന ആകാശം കറുത്തു തുടങ്ങിയത് അര്‍ജുന്‍ കണ്ടു. മഴയുമായി താനിങ്ങോട്ടു പോന്നതു പോലെ തോന്നി. പുറത്തെ മഴച്ചാറലുകള്‍ കാറ്റത്ത് പ്ലാറ്റ്ഫോമിലേക്കും വന്നു.  തിരക്കു കൂട്ടിയവരൊക്കെ നടപ്പാലത്തിന്‍റെ രണ്ടു വശങ്ങളിലൂടെയും നിരനിരയായി മുകളിലേക്കു കയറിപ്പോകുന്നുണ്ട്. കുറച്ചു കഴിഞ്ഞാല്‍ അവരൊക്കെ സ്റ്റേഷന്‍റെ കവാടത്തിലൂടെ പുറത്തിറങ്ങി പല വഴിക്കു പിരിയും. അര്‍ജുന്‍ പിന്നിലേക്കു നോക്കി. അത്രനേരവും തിരക്കു നിറഞ്ഞ പ്ലാറ്റ് ഫോം വിജനമായിരിക്കുന്നു. കുറച്ചു പോലീസുകാരും ചില റെയില്‍വേ ജീവനക്കാരും മാത്രം. നിരയിലെ അവസാന യാത്രക്കാരനായി അര്‍ജുന്‍ ഊഴം കാത്തു.

 

Content Summary: Satharoopa, Malayalam Short Story written by NM Unnikrishnan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com