തസ്‍കരചരിതം (കഥ)
ഭർത്താവ് ഓഫീസിൽ നിന്ന് വന്നപ്പോൾ വാതിൽ കുറ്റിയിട്ടിരുന്നില്ല. ഈയിടെയായി അങ്ങനെയാണ് പതിവ്. അയാൾ ഓടിച്ചെന്ന് കുളിച്ചെന്ന് വരുത്തി ഭാര്യ ഫ്ളാസ്‍ക്കിൽ എടുത്തു വെച്ചിരുന്ന ചായ കുടിച്ചു. അവളെ നോക്കണ്ട കാര്യമില്ല. ഏതെങ്കിലും മുറിയിൽ മൊബൈലുമായി ഇരിപ്പുണ്ടാവും. ഇനി സീരിയലിന്റെ സമയമാകുമ്പോൾ ടിവിയുടെ മുന്നിലേക്ക് വന്നാലായി. വന്നാലുമില്ലെങ്കിലും ആ സമയത്ത് ഭർത്താവിന് ഓർഡർ വരും. ‘‘ഒരു നാല് പാർസൽ ഹോട്ടലിൽ പറഞ്ഞേക്ക്..’’ മിക്കവാറും രാത്രി ഭക്ഷണം ഏതെങ്കിലും റെസ്റ്റോറന്റിൽ നിന്ന് തന്നെ. ബോറഡി മാറ്റാൻ അയാളും ഫോണെടുത്തു. നെറ്റ് ഓൺ ചെയ്തു. ഫെയ്സ് ബുക്കിലെ സൗഹൃദവലയത്തിലേക്ക് കടന്നപ്പോൾ അയാൾ എല്ലാം മറന്നു. ട്യൂഷൻ കഴിഞ്ഞ് മോനും മോളും വരാനുണ്ടായിരുന്നതിനാൽ അയാളും വാതിലടച്ചിരുന്നില്ല. യഥാക്രമം മോനും മോളുമെത്തി. ചായ കുടിച്ച ശേഷം ബോറഡി മാറ്റാൻ അവരും മൊബൈൽ ഫോണുകൾ ഓൺ ചെയ്ത് അവരുടെതായ ലോകങ്ങളിലേക്ക് പോയി. നാലു മുറികളിലായി ചാറ്റിംഗ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് കള്ളൻ ആ വഴി വന്നത്.
ആ നേരത്ത് ഏതെങ്കിലും വീട്ടിൽ കേറണമെന്ന ഉദ്ദേശമൊന്നും സത്യസന്ധനായ ആ കള്ളനുണ്ടായിരുന്നില്ല. സന്ധ്യയായിട്ടും വിളക്ക് തെളിക്കാതെ ഒച്ചയും അനക്കവുമില്ലാത്ത ആ വീട് കണ്ടപ്പോൾ ഒന്നു കയറി നോക്കാമെന്ന് കരുതിയെന്ന് മാത്രം. എങ്ങനെ അകത്തു കയറണമെന്ന് പ്ളാൻ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കള്ളൻ അത്ഭുതകരമായ ആ കാഴ്ച കാണുന്നത്. കതക് കുറ്റിയിട്ടിട്ടില്ല. അപ്പോൾ അകത്ത് ആളുണ്ടാവുമോ? അതോ വേറെ കള്ളൻമാർ വല്ലവരും കയറിയിട്ട് പോയതാണോ? കള്ളൻ സൂക്ഷ്മനിരീക്ഷണം നടത്തി. വീട്ടിൽ ആരുമുള്ളതിന്റെ ഒരു ലക്ഷണവുമില്ല. കള്ളൻ വലതുകാൽവെച്ച് പതിയെ അകത്തു കയറി. മുൻവശത്തെ മുറിയിൽ നിന്ന് കുറെ സാധനങ്ങൾ തപ്പിയെടുത്തു. ഗൃഹനാഥന്റെ ഓഫീസ് ബാഗിൽ നിന്ന് പാത്രവും പേപ്പറുമെല്ലാം വാരിക്കളഞ്ഞ് ആ മുറിയിൽ നിന്നും അടുത്ത മുറിയിൽ നിന്നും കിട്ടിയതെല്ലാം ആ ബാഗിൽ വെച്ചു.
വിപുലമായ ഒരു മോഷണത്തിന് തയാറായി വരാത്തതിലുള്ള നിരാശ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് കള്ളൻ പടിയിറങ്ങുമ്പോഴാണ് ആരുടെയോ കാലിൽ തട്ടിയത്. കള്ളൻ ഞെട്ടിപ്പോയി. മകനാണെന്ന് തോന്നുന്നു. കാലും നീട്ടിയിരുന്ന് ഇയർഫോണും വെച്ച് നെറ്റും നോക്കിയിരുപ്പാണ്. കള്ളൻ വിചാരിച്ചു, ഇന്ന് തന്റെ കള്ളി വെളിച്ചത്തായതു തന്നെ.
‘‘എന്തോന്നാടോ തനിക്ക് കണ്ണ് കണ്ടു കൂടെ..’’ മകൻ ഒച്ച വെച്ചതല്ലാതെ നെറ്റിൽ നിന്ന് കണ്ണെടുത്തതു കൂടിയില്ല. ഏതായാലും വന്നതല്ലേ അടുത്ത മുറിയിലും ഒന്ന് നോക്കിയേക്കാം എന്ന് വിചാരിച്ച് അയാൾ ഓരോ മുറികളിലായി നോക്കി. ഒരു മുറിയിൽ ഭർത്താവും അടുത്ത മുറിയിൽ ഭാര്യയും വേറെയേതോ ലോകത്താണ്. വേറെ ഒരു മുറിയിൽ മോൾ ഫോൺ നോക്കുന്നതോടൊപ്പം ചെറിയ ശബ്ദത്തിൽ എന്തോ സംസാരിക്കുന്നുമുണ്ട്. എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഒരു ഒളിച്ചോട്ടവും അതു കഴിഞ്ഞ് ഒരു പീഡനക്കേസും പത്രങ്ങളിൽ വരാനുള്ള സാധ്യത കള്ളന് മനസ്സിലായി.
സത്യത്തിൽ അയാൾക്ക് വലിയ നിരാശയും വിരസതയും തോന്നി. ഒരു ത്രില്ലുമില്ലാത്ത മോഷണം. നേരമിരുട്ടാൻ തുടങ്ങുന്ന നേരത്ത് ഒരു കള്ളൻ വന്ന് സാധനങ്ങളൊക്കെയെടുത്ത് മുന്നിലൂടെ പോയിട്ടും ആരും മൈൻഡ് ചെയ്യുന്നില്ല. കള്ളനാണെങ്കിലും അയാളും ഒരു മനുഷ്യനല്ലേ? ‘‘അതിഥി ദേവോ ഭവ’’എന്നതൊന്നും ഇവർ പഠിച്ചിട്ടില്ലേ? പഠിച്ചിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. അതിഥികളല്ല സ്വന്തംഅച്ഛനമ്മമാർ വന്നാൽ തന്നെ ശ്രദ്ധിക്കുമോയെന്ന് സംശയം, പിന്നെയല്ലേ കള്ളൻ.. വീട്ടിലെ സാധനങ്ങളല്ല അവരെത്തന്നെ പൊക്കിക്കൊണ്ടു പോയാലും അറിയാൻ വഴിയില്ല. ജീവിതത്തിലാദ്യമായി കള്ളന് വല്ലാതെ ബോറഡിച്ചു. എടുത്ത സാധനങ്ങൾ വെച്ച ബാഗ് അവിടെത്തന്നെ വെച്ചിട്ട് അയാൾ തിരികെ നടന്നു.
Content Summary: Thaskaracharitham, Malayalam short story