ADVERTISEMENT

 

ഏതോ ഒന്നിലേക്ക് 

അടുത്തടുത്ത് പോകുന്നൊരു ചുരമുണ്ട്.

ചാഞ്ഞു പെയ്യുന്ന മഴയിൽ 

ആ ചുരത്തിനപ്പുറം പ്രിയമുള്ളൊരാളുടെ വരവു നോക്കി

നനഞ്ഞു കുതിരാൻ വെമ്പുന്നൊരുവൻ.

കാടിന്റെ ഗന്ധമുള്ള ഭാഷയിൽ അമ്മിഞ്ഞ നുണയുന്നവൻ..

 

കാക്കക്കൂട്ടിലേക്ക്

കല്ലെറിയും ചിലർ....

ചിതറി വീഴും

സ്വപ്‌നങ്ങളവർക്ക്‌

നയനാനന്ദകരം.

 

പകലത്തെ മൂങ്ങയല്ല

രാത്രിയിൽ.

തല തിരിഞ്ഞു

ലോകത്തെ കാണുമ്പോൾ

അൻപ് തോന്നുന്നു.

 

നിന്റെ ഉള്ളം കൈയിലെ

പച്ചകുത്തിയ കിനാക്കൾ,

ഇന്നലെയുണ്ട ബാക്കി വറ്റിന്റെ

പശിമയിൽ വെയിൽ കായുന്നു.

ഉണക്കാനിട്ട 

മഞ്ഞ്

മഴ 

ആകാശം...

കൂടുപിളർന്നു കിണറ്റിലേക്കെടുത്തു ചാടുന്നു.

നോക്കിനോക്കി നിൽക്കേ

നിന്റെ തലനിറയെ ,

ഒരു കാട് മുഴുവനും

നരച്ച നാരകം കത്തിക്കുന്നു.

 

ഉറുമ്പരിക്കും വെറും

ശരീരമായവൻ

മുറ്റത്ത്‌ വിളക്കൂതുമ്പോൾ, 

ഉണക്കാനിട്ട അതേ

മഞ്ചകം പേറി

തിരുക്കുറൾ കവിത.

 

ചുരങ്ങൾ പണ്ടും

ഇങ്ങനെയാണ്..!

കത്തിച്ചു കളഞ്ഞവയെപ്പോലും വീണ്ടും

ജനിപ്പിക്കുന്നവ.

ഒരു തിരുക്കുറുൾ പ്രണയം;

അഥവാ

വേടനില്ലാത്ത കാട്..!!

 

English Summary: Poem written by Dr K V Sumithra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com