ADVERTISEMENT

മഞ്ഞുകാലമായാലും മഴക്കാലമായാലും ചുട്ടുപൊള്ളുന്ന വേനലായാലും അവൾ കാലത്തെ എഴുന്നേൽക്കും. എന്നാൽ അവനോ മൂടി പുതച്ചു കിടന്നുറങ്ങും. അതിനെ ചോദ്യം ചെയ്താലോ..

 

നീ ഒരു ഭാര്യയാണ്. ഉത്തരവാദിത്വങ്ങൾ ഏറെയാണല്ലോ?  

 

കാലത്ത് നേരത്തെ തന്നെ അടുക്കളയിൽ കയറണം അവൾക്ക്. അവന് കയറിയാലെന്താ..

 

നീ ഒരു ഭാര്യയാണ്. നിനക്കാണ് ഭക്ഷണം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം.

 

അടുക്കളപ്പണിക്കിടയിൽ കുഞ്ഞുങ്ങൾ ഉണർന്നാലോ? അവൾ തന്നെ വന്ന് അവരെ പല്ലുതേക്കാനും കുളിപ്പിക്കാനും മുതിരണം അതും അടുക്കള പണി ഇടയിൽ നിർത്തിവെച്ചു വരികയും വേണം. അവന് കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഒന്ന് ചെയ്താൽ എന്താ..

 

നീ ഒരു ഭാര്യയാണ്. കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്വം നിനക്ക് മാത്രമാണ്.

 

അതിനിടയിൽ പാൽക്കാരൻ വന്നു സൈക്കിളിൽ ബെൽ അടിച്ചാൽ അടുക്കളയിൽ ഓടിപ്പോയി പാൽ എടുക്കാനുള്ള സ്റ്റീൽ പാത്രം എടുത്തു വീടിന്റെ കോലായിലേക്ക് അവൾ തന്നെ ഓടണം.

 

അവന് ആ പാത്രം കൊണ്ടു പോയി പാലു വാങ്ങി വന്നാൽ എന്താ..

 

നീ ഒരു ഭാര്യയാണ്. ഇത്തരം കാര്യങ്ങളൊന്നും അവന് ചെയ്യാൻ പറ്റില്ല.

 

അതും കഴിഞ്ഞ് അവൻ ഉറക്കത്തിൽ നിന്ന് എണീറ്റാൽ ചൂടോടെ ചായ കട്ടിലിനു മുന്നിൽ എത്തിച്ചു കൊടുക്കണം. അവനും കട്ടിലിൽ നിന്ന് ഇറങ്ങി വന്നു അടുക്കളയിൽ വന്നു എടുത്തു പോയാലെന്താ..

 

നീയൊരു ഭാര്യയാണ്. ഭർത്താവിന്റെ കാര്യങ്ങളൊക്കെ നീയല്ലേ ചെയ്യേണ്ടത്?

 

അതിനിടെ അവന്റെ അച്ഛന് കുളിക്കാനുള്ള ചൂടുവെള്ളം ബാത്റൂമിൽ കൊണ്ടു വയ്ക്കണം. അമ്മയ്ക്കുള്ള പ്രഷറിന് മരുന്ന് അവൾ തന്നെ എടുത്തു കൊടുക്കണം.

 

ഇതൊക്കെ അവനും ചെയ്തൂടെ... പറ്റില്ലല്ലോ കാരണം

 

നീ ഒരു ഭാര്യയാണ്. എന്റെ രക്ഷിതാക്കളെ നോക്കാൻ കൂടി വേണ്ടിയാണ് നിന്നെ ഞാൻ കല്യാണം കഴിച്ചത്.

 

അവന് ലോക വിവരങ്ങളൊക്കെ അറിയാൻ കോലായിൽ പത്രക്കാരൻ ഇട്ടു വെച്ച പത്രം എടുത്തു കൊടുക്കണം. അവൻ അതൊന്നു പോയി എടുത്താൽ എന്താ...

 

നീ ഒരു ഭാര്യയാണ്. ഭർത്താവിന് വേണ്ട കാര്യങ്ങൾ കൃത്യസമയത്ത് നീ തന്നെ ചെയ്തു കൊടുക്കണം.

 

അത് എടുത്തു കൊണ്ടു വരുന്നതിനിടയിൽ അവൾ രണ്ടുവരി വായിക്കുന്നത് കണ്ടാലോ..

 

നീയൊരു ഭാര്യ ആണ്. ഈ വാർത്ത വായിച്ചിട്ട് എന്താ കാര്യം  ആദ്യം വീട്ടിലെ കാര്യങ്ങൾ മര്യാദയ്ക്ക് ചെയ്യാൻ നോക്ക് എന്നിട്ട് മതി വായന.

 

അവന് പല്ല് തേക്കാൻ ടൂത്ത് ബ്രഷ് എടുത്തു കൊടുക്കണം. കുളിക്കാൻ സോപ്പ് തലയിൽ തേക്കാൻ എണ്ണ. തുവർത്താൻ തോർത്ത്. ഉടുക്കാൻ വസ്ത്രം. അതും തേച്ചു മിനുക്കി വടി പോലെ ആക്കിയത്.

 

ഈ കാര്യങ്ങളൊക്കെ സ്വയം അവന് തന്നെ അങ്ങോട്ട് ചെയ്താൽ എന്താ?

 

പറഞ്ഞില്ലേ..

 

നീയൊരു ഭാര്യയാണ്. അവന്റെ ഉണർച്ച മുതൽ ഉറക്കം വരെയുള്ള കാര്യങ്ങൾ എല്ലാം നിന്റെ മാത്രം ഉത്തരവാദിത്വം ആണ്.

 

തീർന്നോ, ഇല്ല തീർന്നിട്ടില്ല. എങ്ങനെ തീരാൻ ആണ്? മറ്റാരെക്കാളും നമ്മൾ ഭാര്യമാർക്ക് ആണല്ലോ നിർബന്ധം. ഭർത്താവിന്റെയും മക്കളുടെയും ഭർത്താവിന്റെ രക്ഷിതാക്കളുടെയും കാര്യങ്ങൾ ചെയ്യാൻ വേണ്ടി മാത്രം ട്യൂൺ ചെയ്ത യന്ത്രം കണക്കെ പണിയെടുക്കാനുള്ള കൂലിയില്ലാ വേലക്കാരി ആണല്ലോ ഭാര്യ..

 

അപ്പോ നിങ്ങൾ ഇതുപോലെയുള്ള ഒരു ഭാര്യയാണോ?... ആണെങ്കിൽ നിങ്ങൾ പറ നിങ്ങളുടെ നിശബ്ദത വെടിയാൻ സമയമായോ?..

 

അയ്യോ അങ്ങനെ ചോദിക്കാൻ പാടില്ലല്ലോ കാരണം

 

നീ ഒരു ഭാര്യയാണ്.

 

Content Summary: Feeling More Like a Maid Than a Wife and Mother? - essay written by Murshida Parveen  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com