ADVERTISEMENT

‘യുദ്ധങ്ങൾ അവസാനിക്കും,

നേതാക്കന്മാർ ഹസ്തദാനം ചെയ്യും

വൃദ്ധമാതാവ് വീരചരമം പ്രാപിച്ച തന്റെ മകന്റെ തിരിച്ചു വരവിനായി കാത്തിരിക്കും’

 

യുദ്ധങ്ങളും സംഘർഷങ്ങളും ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, പ്രാചീനകാലം മുതൽ മനുഷ്യരടങ്ങുന്ന ജന്തു ജീവികൾ പരസ്പരം കലഹിച്ചും കൊന്നും കൊലവിളിച്ചുമാണ് ജീവിച്ചു പോന്നത്. ഇതിനിടക്കെവിടെയോ മനുഷ്യൻ ബുദ്ധിപരമായും സാമൂഹികമായും വ്യതിചലിച്ചു, പരിഷ്കാരത്തിന്റെയും വിവേകത്തിന്റെയും പാതയിൽ സഞ്ചരിച്ചു തുടങ്ങി. എങ്കിലും കലഹിക്കുന്നതും തമ്മിൽ തല്ലി ഇല്ലാതാകുന്നതുമായ സ്വഭാവം കൈവിടാതെ സൂക്ഷിക്കുകയും തരം കിട്ടുമ്പോഴൊക്കെ അത് പ്രകടമാക്കുകയും ചെയ്തു പോന്നു. പലപ്പോഴും ഇതിന്റെ ഇരയാവുക ധൈര്യക്കുറവും ദുർബ്ബലരുമായിരിക്കും. ഒരുപക്ഷേ നിഷ്കളങ്കരും ആവാം.

 

ഈ നൂറ്റാണ്ടിൽ നാം സാക്ഷിയായ യുദ്ധം ഇറാഖിന് മുകളിൽ അമേരിക്ക നടത്തിയ യുദ്ധമായിരുന്നു. ഇപ്പോൾ ഇതാ റഷ്യ - യുക്രയ്ൻ യുദ്ധവും. ചെർണോബിൽ ആണവ ദുരന്തത്തെപ്പറ്റി അറിവുണ്ടായിരുന്നുവെങ്കിലും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രയ്ൻ എന്ന രാജ്യത്തെ പറ്റി കൂടുതലും അറിവ് കിട്ടുന്നത് സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെയായിരുന്നു. മലയാള ഭാഷയുടെ ശുദ്ധ പദപ്രയോഗങ്ങൾകൊണ്ട് സമ്പന്നമായ യാത്രാ വിവരണങ്ങളിലൂടെ, ഓരോ രാജ്യങ്ങളിലെ വിവരങ്ങളും ചരിത്രവും അവിടങ്ങളിൽ സന്ദർശിക്കാതെ തന്നെ നമ്മുടെ മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുവാൻ സഞ്ചാരം എന്ന പരിപാടിക്ക് സാധ്യമായിരുന്നു. ചെറുപ്പകാലത്തെ സോവിയറ്റ് യൂണിയൻ , സ്പുട്നിക്ക് , എന്നീ മാസികകൾ വീട്ടിൽ വരുത്തിയിരുന്നതിനാൽ ഗ്ലോസി പേപ്പറിൽ പതിഞ്ഞിരുന്ന ചിത്രങ്ങളിലൂടെയും മറ്റും സോവിയറ്റ് യൂണിയനെ പറ്റി ഏകദേശം അറിവ് ലഭിച്ചിരുന്നു. എന്നിരുന്നാലും യുക്രയ്ൻ എന്ന രാജ്യത്തെ പറ്റിയും അവിടുത്തെ ഒഡെസ, കീവ്, ഖാർകിവ് എന്നീ നഗരങ്ങളെ പറ്റിയും അവിടുത്തെ ഗ്രാമപ്രദേശത്തെ കുറിച്ചും പിന്നെ മൃത നഗരമായ ചെർണോബിലിനെ കുറിച്ചും മനസ്സിൽ ആഴത്തിൽ പതിഞ്ഞത് സഞ്ചാരം എന്ന പരിപാടിയിലൂടെയായിരുന്നു.

 

പിന്നീട്, മക്കൾ വളർന്നുവലുതായപ്പോൾ അവരുടെ ഉപരിപഠനത്തിനുള്ള സാധ്യതകൾ തിരയുമ്പോൾ വീണ്ടും യുക്രയ്ൻ മുന്നിലെത്തി. യുക്രയ്ൻ മാത്രമല്ല, സോവിയറ്റ് യൂണിയന്റെ ഭാഗമായ ജോർജിയ, ഖസാഖിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളിലും എന്തിനേറെ റഷ്യയിൽ പോലും ഉപരിപഠനത്തിന് സാധ്യതകൾ ഏറെയുണ്ടായിരുന്നു. മക്കളുടെ പല സുഹൃത്തുക്കളും ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുകയും അവിടങ്ങളിലേക്കു ചേക്കേറുകയും ചെയ്തപ്പോൾ പ്രലോഭനങ്ങൾ പലതുമുണ്ടായിട്ടും എന്തുകൊണ്ടോ മക്കളെ നാട്ടിൽ വിട്ടു പഠിപ്പിക്കുവാനാണ് തീരുമാനിച്ചത്. തീരുമാനങ്ങൾ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ.

 

മക്കളുടെ സുഹൃത്തുക്കളിൽ കൂടുതലും ഈ രാജ്യങ്ങൾ തിരഞ്ഞെടുത്തത് മെഡിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി തന്നെയായിരുന്നു. എന്തുകൊണ്ടാണ് സ്വന്തം നാടും വീടും വിട്ടു വിദൂരദേശങ്ങളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കാൻ മാതാപിതാക്കൾ തയാറാവുന്നത്? പലപ്പോഴും പല കോണുകളിൽ നിന്നും ഇവിടങ്ങളിലെ മെഡിക്കൽ യുണിവേഴ്സിറ്റികളെ പറ്റി അംഗീകാരമില്ലാത്തവയും (ചിലതെങ്കിലും) നിലവാരം കുറഞ്ഞവയെന്നും ആക്ഷേപങ്ങൾ കേൾക്കാറുണ്ടെങ്കിലും ഇന്നത്തെ കാലത്തു വിവരങ്ങൾ അറിയുവാനുള്ള വിശാലമായ സംവിധാനങ്ങൾ ഉള്ളപ്പോൾ അവ തിരിച്ചറിഞ്ഞു അർഹമായ ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ കുട്ടികളെ എത്തിക്കുവാൻ ഇന്നത്തെ രക്ഷാകർത്താക്കൾക്കു സാധിച്ചിരുന്നു. ധാരാളം അംഗീകൃത ഏജൻസികൾ ഇന്ത്യയിൽ നിന്നും കുട്ടികളെ ഇവിടങ്ങളിലേക്കു കൊണ്ടുപോകുന്നുണ്ട്. കേരളത്തിലും ധാരാളമുണ്ട്. ആറുവർഷത്തോളം വീടുകളിൽ നിന്ന് വിട്ടുനിൽക്കേണ്ട കുട്ടികളുടെ

ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളുമായിരുന്നു ആദ്യകാലങ്ങളിൽ ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ഗ്രൂപ്പുകളായി പോകുന്ന കുട്ടികളുടെ കൂടെ ഓരോ പാചകക്കാരും പോകുന്നുണ്ട്. അത്യാവശ്യം മരുന്നുകളും കൊണ്ടുപോകുന്നുമുണ്ട്. കൊണ്ടുപോകുന്ന ഏജൻസികളുടെ റെപ്രെസെന്റേറ്റിവ്‌കൾ കുട്ടികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുമ്പോൾ മാതാപിതാക്കളുടെ ആശങ്കകൾ കുറയുന്നു.

 

ഇനി പ്രധാന കാര്യം സാമ്പത്തികം. ആക്ഷേപിക്കുന്നവർക്കു പലതും പറയാം. കാരണം അവരുടെ ജോലി തന്നെ അതാണല്ലോ. ഭൂരിഭാഗവും മിഡിൽ ക്‌ളാസ് ഫാമിലികൾ തന്നെയാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത്. നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികളാണ് ഇവിടങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നുള്ള ആക്ഷേപവുമുണ്ട്. എന്നാൽ ഇവരേക്കാൾ മാർക്ക് കുറവുള്ള സമ്പന്നർ എൻ ആർ ഐ കോട്ടയിൽ പതിനഞ്ചു ശതമാനം സീറ്റുകളിൽ ഇരുപതുലക്ഷവും അതിൽ കൂടുതലും വാർഷിക ഫീസ് കൊടുത്തു പഠിക്കുന്നവർ ഇല്ലേ? ആവശ്യത്തിലേറെ ജനങ്ങളുള്ള രാജ്യത്തു പരിമിതമായ സീറ്റിൽ മെഡിക്കൽ പഠനം ഒതുങ്ങുമ്പോൾ മറ്റുള്ളവരുടെ ആഗ്രഹപൂർത്തീകരണത്തിനായി മറ്റുരാജ്യങ്ങൾ ലക്ഷ്യമാക്കാതെ തരമില്ലല്ലോ. ഇനി സ്വാശ്രയകോളേജുകളുടെ ഫീ സ്ട്രക്ച്ചർ തന്നെ നോക്കാം. നിലവിൽ എൺപത്തിയഞ്ചു ശതമാനം കുട്ടികൾ ആണ് കേരളത്തിൽ ഏകദേശം ഏഴുലക്ഷത്തിനടുത്തു വാർഷിക ഫീസ് അടച്ചു മെഡിസിന് പഠിക്കുന്നത്. ഡെന്റലിനാകട്ടെ അത് മൂന്നര ലക്ഷത്തോളം വരും. രണ്ടായിരത്തി പതിനാറിന് മുൻപ് ഫീസിനത്തിലും കോഴയായും ഫീസിന് പുറമെ നാല്പതുലക്ഷത്തോളം രൂപ സ്വാശ്രയ കോളേജുകൾ മെഡിസിന് കൈപറ്റിയിരുന്നു. ഇപ്പോൾ പ്രവേശനം സർക്കാരിന്റെ മേൽനോട്ടത്തിലായതിനാൽ കോഴ ഇല്ല. എന്നാലും ആദ്യവർഷം ആറരലക്ഷം ഫീസിന് പുറമെ രണ്ടുലക്ഷം സ്പെഷ്യൽ ഫീസും ഒരുലക്ഷത്തിനടുത്തു ഹോസ്റ്റൽ ഫീസും ചേർത്ത് ഏകദേശം പത്തുലക്ഷം കയ്യിലുണ്ടെങ്കിൽ മാത്രമേ ഒരു കുട്ടിക്കു സ്വാശ്രയകോളേജിൽ എം ബി ബി എസ്സിന് പഠിക്കുവാൻ കഴിയൂ. ഡെന്റലിനാണെങ്കിൽ ഏകദേശം മൂന്നുലക്ഷത്തി അൻപതിനായിരം വാർഷിക ഫീസിന് പുറമെ ഒരുലക്ഷത്തിനടുത്തു സ്പെഷ്യൽ ഫീസും ഹോസ്റ്റൽ ഫീസും കൂടിയാകുമ്പോൾ അഞ്ചരലക്ഷത്തോളം ആദ്യവർഷം കൊടുക്കേണ്ടതായുണ്ട്. എൻ ആർ ഐ ആണെങ്കിൽ ഡെന്റലിന് ആറുലക്ഷം ഫീസിന് പുറമെ ഒരുലക്ഷത്തോളം ഹോസ്റ്റലിൽ ഫീസും കൊടുക്കേണ്ടതായുണ്ട്. മറ്റുള്ള വർഷങ്ങളിൽ സർക്കാർ പറയുന്ന ഫീസ് ആണെങ്കിലും മറ്റെന്തെങ്കിലും തരത്തിൽ മാനേജ്‌മെന്റുകൾ അല്പസ്വല്പം കുട്ടികളിൽ നിന്നും ഈടാക്കാറുണ്ട്. കൊറോണക്കാലത്ത് അടച്ചിട്ട ഹോസ്റ്റൽ ഫീസുകൾ പോലും മാനേജുമെന്റുകൾ ഒഴിവാക്കിയിട്ടില്ല.

 

ഭീമമായ ഈ ചിലവുകൾ നോക്കുമ്പോൾ ഉക്രയ്‌നിലെ ചില യുണിവേസിറ്റികളിൽ എം ബി ബി എസ്സിന് വാർഷിക ഫീസ് ഈടാക്കുന്നത് മൂന്നു ലക്ഷമാണ്. മറ്റു ചില യൂണിവേഴ്സിറ്റികളിൽ ഇത് മൂന്നു മുതൽ അഞ്ചു ലക്ഷം വരെയാകാറുണ്ട്. ജോർജിയയിൽ ആണെങ്കിൽ അഞ്ചു ലക്ഷത്തിനു ചില യൂണിവേഴ്സിറ്റികളിൽ പഠനം സാധ്യമാണ്. വാർഷിക ചിലവുകൾ വിമാന ടിക്കറ്റടക്കം രണ്ടു ലക്ഷം ആണെങ്കിൽ പോലും മുപ്പതു ലക്ഷം രൂപയ്ക്കു ഒരു കുട്ടിക്ക് എം ബി ബി എസ് പഠിച്ചിറങ്ങുവാൻ കഴിയും. അതായത് കേരളത്തിലെ സ്വാശ്രയ കോളേജുകളിൽ ബി ഡി എസ്സിന് പഠിക്കുന്ന ചിലവിൽ വിദേശത്തു എം ബി ബി എസ് കരസ്ഥമാക്കാം. അല്ലെങ്കിൽ അതി സമ്പന്നരായിരിക്കണം. മിഡിൽ ക്‌ളാസ് കുടുംബങ്ങളിൽ മിക്കവാറും ലോണെടുത്തും മറ്റുമാണ് കുട്ടികളെ ഇവിടങ്ങളിലേക്ക് അയക്കുന്നത്.

 

ഇനിയുള്ള ആക്ഷേപം, ഈ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ പറ്റിയും രാജ്യത്തോടുള്ള കൂറിനെ പറ്റിയും മറ്റുമാണ്.

ഒരു കാര്യം ശ്രദ്ധേയമാണ്. കുട്ടികളുടെ ഇടുങ്ങിയ കാഴ്ചപ്പാടുകൾ നഷ്ടമാകുന്നു. ചിന്തകൾ വിശാലമാകുന്നു. സൗദി സ്‌കൂളുകളിൽ പഠിച്ചിരുന്ന മക്കളുടെ സുഹൃത്തുക്കൾ പലരും വിദേശങ്ങളിലാണ് പഠനമെങ്കിലും കടലോളം പഠിക്കാനുള്ള പാഠ്യപദ്ധതികൾക്കിടയിലും അവർ തമ്മിലുള്ള സൗഹൃദം പഴയതുപോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്. യുദ്ധം കലുഷിതമായ യുക്രൈനിൽ നിന്ന് തിരികെ എത്തിയ കുട്ടികളുടെ സഹ ജീവി സ്നേഹം നമ്മൾ കണ്ടതാണല്ലോ. നാട്ടിലാണെങ്കിലും എവിടെയാണെങ്കിലും കുട്ടികളുടെ സ്വഭാവസവിഷേതകൾ ഒന്ന് തന്നെയാണ്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൈവിടാൻ അവർക്കാവില്ല. പഠനം കഴിഞ്ഞു സ്വന്തം രാജ്യത്തു പ്രാക്ടീസ് ചെയ്യുവാൻ കഴിയാതെ വരുമ്പോൾ മറ്റു രാജ്യങ്ങൾ തേടി പോകുന്നതിൽ ആർക്കാണ് തെറ്റുപറയുവാനാകുക. നമ്മുടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക കലുഷിത അന്തരീക്ഷം ഇഷ്ടമാകാത്തവർ അതിൽ നിന്നും രക്ഷതേടാനായി സമാധാനം തേടി മറ്റു രാജ്യങ്ങൾ അഭയമാക്കുന്നവരുടെ കണക്കുകൾ അതിവേഗം ഉയരുകയാണല്ലോ.

 

സമാധാനം പ്രതീക്ഷിക്കുമ്പോഴും ഇടിത്തീ പോലെ സമാധാനക്കേടുണ്ടാകുക എന്നത് ലോക നിയമമാണല്ലോ. യുദ്ധമുഖത്തുനിന്നു പലായനം ചെയ്തു വന്ന കുട്ടികൾക്കു വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, അതിനേക്കാൾ കൂടുതലാണ് അവർക്കെതിരെ വന്ന ഒളിയമ്പുകൾ പോലുള്ള വിമർശനങ്ങൾ. തനിക്കു വന്നു ഭവിക്കുന്നതെല്ലാം നല്ലതും മറ്റുള്ളവർക്ക് എതിരെ നെഗറ്റീവ് പറയുക എന്നതും ഒരുപണിയുമില്ലാത്ത കുറെ പേരുടെ ശീലമാണ്. കുട്ടികൾ കൊണ്ടുവന്ന വളർത്തുമൃഗങ്ങൾ കേരള കാലാവസ്‌ഥയുമായി പൊരുത്തപ്പെടുമോ, ജീവൻ രക്ഷിക്കേണ്ടിടത്ത് എന്തിനിതിനെയൊക്കെ കൊണ്ട് വരുന്നു, യുദ്ധ ഭൂമിയിൽ വച്ച് അവിടെ റെസ്റ്റോറന്റുകളിൽ കിട്ടുന്ന ഷവർമ്മ കഴിച്ചതിനു കുറ്റം പറയുക, തുടങ്ങിയ കാര്യങ്ങളിൽ വല്ലാത്ത ആശങ്കയാണ് ഇവർക്ക്. മിണ്ടാപ്രാണികളെ അവിടെ നിർദ്ദാക്ഷണ്യം ഉപേക്ഷിച്ചിരുന്നുവെങ്കിൽ,  ഷവർമ്മയ്ക്കുപകരം കഞ്ഞിയും പയറും വച്ച് കഴിച്ചിരുന്നുവെങ്കിൽ കുറെ പേർക്കെങ്കിലും ആത്മനിർവൃതിയുണ്ടായേനെ.  വൈദ്യശാസ്ത്രം പഠിക്കാൻ പോയ കുഞ്ഞുങ്ങൾക്ക് പരിസ്‌ഥിതിയെ പറ്റിയും ആവാസവ്യവസ്‌ഥയെപ്പറ്റിയുമൊക്കെ ക്ലാസ് എടുക്കേണ്ടതുണ്ടോ?

 

യുദ്ധഭൂമിയിൽ കുടുങ്ങിയ കുട്ടികൾ യാത്രാമധ്യേ നേരിടേണ്ടി വന്ന കുറെ സംഭവങ്ങൾ മക്കളിൽ നിന്നും അറിയാനിടയായി. ഭക്ഷണവും വെള്ളവും തീരുന്ന അവസ്‌ഥ, കൈയിൽ പണത്തിന്റെ ലഭ്യതക്കുറവ്, പെട്ടെന്നൊരു തീരുമാനത്തിലെത്താതെ ബുദ്ധിമുട്ടുന്ന എംബസി ഉദോഗസ്ഥർ, ഇതിനിടയിൽ സമൂഹമായി ഹോസ്റ്റലുകളിൽ, അവിടെ ബങ്കറുകളിൽ അഭയം തേടിയ കുട്ടികളിൽ നിന്നും അടർന്നു പോയി പല ഭാഗങ്ങളിലായി ഭൂഗർഭ റെയിൽവേകളിലെ സ്റ്റേഷനുകളിലും മറ്റും അഭയം തേടിയ കുട്ടികൾ (ഇവരിൽ പലരും നാട്ടിലേക്കു യാത്ര തിരിക്കാനായി രാജ്യ തലസ്ഥാനമായ കീവിലെക്കു മറ്റു വിദൂര സ്ഥലങ്ങളിൽ നിന്നും യാത്ര തിരിച്ചു പകുതിവഴിയിലായപ്പോൾ ആണ് യുദ്ധം തുടങ്ങിയത്) . മിക്ക കുട്ടികളും വളരെ അപകടാവസ്ഥയിൽ കൊടും തണുപ്പിൽ യാത്ര ചെയ്തു ഉക്രയിന്റെ പടിഞ്ഞാറൻ അതിർത്തികളിൽ എത്തിപ്പെട്ടാണ് രക്ഷപ്പെട്ടത്. സമൂഹ മാധ്യമത്തിലെ വെറുപ്പിന്റെ സൃഷ്ടാക്കൾ ഇതിന്റെ ഒരംശം പോലും ദുരിതം ജീവിതത്തിൽ അനുഭവിക്കാത്തവരാണ്. അവർ നാല് മതിൽക്കെട്ടിൽ വെറുപ്പ് സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഒടുവിൽ രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടമായെങ്കിലും ഏറെക്കുറെ എല്ലാവരും നാട്ടിൽ എത്തപ്പെട്ടു. പണ്ട് കുവൈറ്റ് യുദ്ധത്തിൽ കേട്ട് തുടങ്ങിയ എയർലിഫ്റ്റ് ഇന്നും തുടരുന്നു. ഇന്ത്യക്കാരായതിൽ അഭിമാനം.

 

ഇനി ഈ കുട്ടികളുടെ തുടർ പഠന സാധ്യതകളാണ്. യുദ്ധം എത്രയും പെട്ടെന്ന് തീർന്നാൽ എത്രയും വേഗം തിരികെ പോയി പഠനം തുടരാനാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. ഓർക്കുക. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടികളാണ് ഇത് പറയുന്നത്. പ്രതീക്ഷകൾ. അതാണ് മനുഷ്യർ.

 

അല്ലെങ്കിലും ഇന്ത്യൻ യുവത അന്യനാടുകളിൽ  ചേക്കേറുവാൻ ആണ് വെമ്പൽ കൊള്ളുന്നത്. മെച്ചപ്പെട്ട ജീവിതനിലവാരവും സൗകര്യങ്ങളുമുള്ള നാടുകൾ, കാലാവസ്‌ഥാ പ്രതികൂലമാണെങ്കിൽ പോലും അവരെ അങ്ങോട്ടേക്ക് ആകർഷിക്കുന്നു. ഇനിയും തിരിച്ചെത്താൻ കഴിയാതെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ വേഗം അവർ തിരിച്ചെത്തട്ടെ എന്ന് പ്രാർഥിക്കാം. യുദ്ധത്തിന് പെട്ടെന്നുതന്നെ ഒരന്ത്യമുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം. ഈ കുഞ്ഞുങ്ങൾക്ക് ഉപരിപഠനം വീണ്ടും എത്രയും വേഗം സാധ്യമാവട്ടെ എന്ന് ആഗ്രഹിക്കാം. 

 

Content Summary: Essay written by Manshad Angalathil 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com