ADVERTISEMENT

അപ്രാപ്യം (കഥ)

 

ഒരു ഗർഭിണിയോട് പ്രണയം തോന്നുക എന്നാൽ അത് ആർക്കും അംഗീകരിക്കാനാവാത്ത ഒന്നായിരിക്കും അല്ലേ ?...

 

ഒരുപക്ഷേ അവൾ ഗർഭിണി ആയതുകൊണ്ട് മാത്രമായിരിക്കാം ഞാനവളെ ശ്രദ്ധിക്കാനും അത്രമേൽ ആഴത്തിൽ വായിക്കാനും ഒടുവിലൊരു പ്രണയം ജനിക്കാനും കാരണമായതെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. 

 

ആശുപത്രിയിൽ പോകേണ്ട ദിവസങ്ങളിൽ ഒന്നു കൊണ്ടുപോകാമോ എന്ന് അവരുടെ അമ്മയാണ് എന്നെ പറഞ്ഞേൽപ്പിച്ചത്. അയൽവാസി എന്ന സ്വാതന്ത്ര്യത്തിൽ അവരത് പറയുമ്പോൾ എനിക്കത് തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഉള്ള യാത്രയല്ലേ കൊണ്ടുപോയേക്കാം എന്ന് കരുതിയത് ഇപ്പോൾ സൗഹൃദമൊന്നും ഇല്ലെങ്കിലും അവളെന്റെ കളിക്കൂട്ടുകാരി ആയിരുന്നല്ലോ എന്നോർത്താണ്. 

 

വയറും താങ്ങി കാറിലേക്ക് കയറുമ്പോൾ വളരെ ഗൗരവത്തോടെയാണ് അവളെന്നെ നോക്കുന്നത്. ഒരു നന്ദിയോ സ്നേഹമോ ഇല്ലാത്ത ശാഠ്യം പിടിച്ച സ്വഭാവത്തോടെ.

 

‘‘ടാ ചെക്കാ പിറകിലിരുന്നാൽ ഞാൻ ഛർദ്ദിക്കും. അതുകൊണ്ടാ ഫ്രണ്ടിൽ കേറിയിരുന്നത്. ഇനി മേലിൽ മുല്ലപ്പൂവിന്റെ സെന്റടിച്ച് എന്റെ കൂടെ യാത്ര ചെയ്യരുത്. എന്റടുത്ത് ഇരിക്കുകയും ചെയ്യരുത്. ഓക്കാനം വരുന്നടാ. എന്തൊരു നാറ്റാ ഇത്.’’

 

അവളുടെ മുഖത്തെ പുച്ഛം കണ്ടതും കാറ് നിർത്തി എയർ ഫ്രഷ്നർ എടുത്ത് ഞാൻ ഒറ്റ എറ്. അവളെ എറിയുന്നതിനു പകരം അതെടുത്ത് എറിഞ്ഞന്നേ ഉള്ളൂ. പിന്നെ ആശുപത്രിയിൽ എത്തി.അകത്തേക്ക് നടന്നു കയറി.  ഞാൻ അഞ്ചടി മുന്നോട്ട് നടക്കുമ്പോ രണ്ടടി മുന്നോട്ട് വച്ചതേ ഉണ്ടാവൂ അവള്. ആശുപത്രിയിലേക്ക് നടന്നു കയറുമ്പോഴാണ് ശ്വാസം വലിച്ചുകൊണ്ട് അവളെന്റെ കൈയിൽ പിടിച്ച് നിർത്തുന്നത്. 

 

‘‘ടാ എനിക്ക് നടന്നുകേറാൻ വയ്യ. മുരിങ്ങക്കാ കോലുപോലുള്ള നിന്റെ നീളൻ കാല് വച്ച് ഇത്രവേഗം ഓടിക്കയറിയാൽ എങ്ങനാ. എനിക്ക് പറ്റണ്ടേ.’’

 

ശരിയാ അവള് പറഞ്ഞതിലും കാര്യമുണ്ട്. ഞാൻ മുന്നോട്ട് നടക്കുമ്പോ പിറകീന്ന് കൈയിൽ പിടിച്ചുവലിച്ച് നീന്തി നീന്തി നടന്നാണ് അവൾ ആശുപത്രിയിലേക്ക് കയറുന്നത്. 

 

ഒരു ദിവസം ചെക്കപ്പ് കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിൽ ഒരു കൗതുകത്തിന്റെ പുറത്ത് ഞാനവളോട് ചോദിച്ചു...

 

‘‘ടീ ജാനകീ... നിനക്ക് പ്രസവിക്കാൻ പേടിയുണ്ടോ....’’

 

അതുകേട്ടതും നീ വണ്ടി നിർത്തിക്കേ.. വണ്ടി നിർത്തിക്കേ... എന്ന് പറഞ്ഞ് അവൾ ചാടാൻ തുടങ്ങി. ഞാൻ പെട്ടെന്ന് വണ്ടി സൈഡിലേക്ക് ഒതുക്കി അവളെ നോക്കി. 

 

‘‘എന്താടീ കൊരങ്ങേ നിർത്താൻ പറയുമ്പോ നിർത്തണം. ചാടാൻ പറയുമ്പോ ചാടണം. എന്ത് കുന്താ ഇത്...’’

 

നീ ഇപ്പൊ എന്നോട് എന്താ ചോദിച്ചേ.... പ്രസവിക്കാൻ പേടി ഉണ്ടോന്ന് അല്ലേ... നീ മാത്രേ ഉള്ളൂ ഇനി ബാക്കി. ഇത് ചോദിക്കാനും ആരാന്റെ ഒരു പ്രസവകഥ പറഞ്ഞ് പേടിപ്പിക്കാനും.’’

 

‘‘ഓ ഷോ ഷാഡ്. അപ്പൊ നിനക്ക് പേടിയുണ്ടല്ലേ...’’

 

‘‘പിന്നില്ലാതെ. നീ എന്താ കരുതുന്നേ. എന്തെങ്കിലും ഒരു ഗതി ഉണ്ടായിരുന്നേൽ ഇത് ആണുങ്ങളെ കൊണ്ട് ചെയ്യിച്ചേനെ ഞങ്ങൾ.’’

 

‘‘അയ്യടീ. അതൊക്കെ നിങ്ങൾ പെണ്ണുങ്ങളുടെ കുത്തകാവകാശം ആണ്. ഇതിനൊന്നും ഞങ്ങളെ വിളിക്കണ്ട.’’

 

‘‘ആര് വിളിക്കുന്നു. നീയൊക്കെ പ്രസവവാർഡ് കണ്ടാൽ തന്നെ ഇറങ്ങി ഓടും. ധൈര്യം ഇല്ലാത്ത വർഗം...’’

 

ആ തർക്കം കുറച്ചു നേരം അങ്ങനെ തുടർന്നു. അപ്പോഴാണ് ഞാനവളുടെ മുഖം ശ്രദ്ധിക്കുന്നത്. ചുവന്ന് തുടുത്ത് മുമ്പൊന്നും ഇല്ലാത്ത വിധം ഒരു തെളിച്ചം. ശ്വാസം വലിക്കുമ്പോൾ ഉള്ള അസ്വസ്ഥത പോലും അവളുടെ മുഖത്തെ കൂടുതൽ സുന്ദരിയാക്കുന്ന പോലെ തോന്നി. പാവം ഇരുപത് വയസ് കഴിഞ്ഞു കാണത്തേ ഉള്ളൂ. ചെറുപ്പത്തിൽ ഞാനും കുറേ എടുത്തോണ്ട് നടന്നിട്ടുണ്ട് അവളെ. അന്നേ ഒരു പേടിക്കാരിയായിരുന്നു. ഈശ്വരാ ഇവളൊക്കെ എങ്ങനെ പ്രസവിക്കാനാ. എനിക്ക് അത്ഭുതം തോന്നി. 

 

ജാനകിയുടെ ഭർത്താവ് ഒരു പ്രവാസിയാണ്. അവളോട് അടുക്കും തോറും എനിക്കയാളോട് ദേഷ്യം തോന്നി. ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സമയത്ത് ഭർത്താവ് കൂടെ ഇല്ലാത്ത അവസ്ഥ. അവളത് പുറത്ത് പറയുന്നില്ലന്നേ ഉള്ളൂ എന്ന് എനിക്ക് മനസിലായി. അവൾ വയറ്റിൽ ഗർഭം ധരിക്കുമ്പോ അദ്ദേഹം ഹൃദയത്തിൽ ഗർഭം ധരിച്ചിട്ടുണ്ടെന്ന് ആശ്വാസം പോലെ ഇടയ്ക്കിടെ പറയുമായിരുന്നു. ശരിയാണ് പ്രവാസികളോളം മക്കളെ കാത്തിരുന്നു സ്നേഹിക്കുന്ന വേറെ ആരുമുണ്ടാവില്ല അല്ലേ.

 

മാസം ഒമ്പതായത് അറിഞ്ഞില്ല. അന്നൊരു മഴ ദിവസം രാത്രിയാണ് അവൾക്ക് വേദന തുടങ്ങുന്നത്. ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ വീട്ടിലെ സോഫയിൽ കിടന്ന് പുളയുന്നു. എന്നെക്കണ്ടതും ദൈവത്തെ കണ്ടതുപോലെ എന്റെ കൈയിൽ ഇറുകെ പിടിച്ചു. വേദന കാരണം എന്റെ ഷർട്ടിലൊക്കെ പിടിച്ച് വലിക്കുന്നുണ്ടായിരുന്നു. ഞാൻ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുമെന്ന വിശ്വാസമാണ് അവൾക്ക്. വണ്ടി ഓടിച്ചത് എന്റെ കൂട്ടുകാരനാണ്. പിറകിൽ ഞാനും അവളുടെ അമ്മയുമാണ് ഇരുന്നത്. ഓരോ തവണ നിലവിളി ഉയരുമ്പോഴും അവളെന്നെ ഇറുകെ ഇറുകെ പിടിച്ചു പോയി. എന്റെ ശരീരം വല്ലാതെ നോവുന്നുണ്ടായിരുന്നു. സങ്കടംകൊണ്ട്  കണ്ണുനിറഞ്ഞൊഴുകി. 

 

‘‘ജാനകി നീ കരയല്ലേ നമ്മൾ ഇപ്പൊ എത്തും.’’

 

ഞാനവളുടെ മുഖത്ത് തലോടി മുടി ഒതുക്കി വച്ച് നെഞ്ചോട് ചേർത്തു പിടിച്ചു. എന്തുകൊണ്ടാ അങ്ങനെ ചെയ്തതെന്ന് എനിക്കറീല്ല. ഓരോ തവണ അവൾ ഉറക്കെ കരയുമ്പോഴും അവളുടെ മുഖം നെഞ്ചോട് ചേർത്ത് ഞാനും ഒപ്പം തേങ്ങി. ഞങ്ങൾ രണ്ടും ഒരേ ഭയത്തിൽ ഒരേ വേദനയിൽ കാറിലിരുന്ന് പുളയുന്നതു പോലെ. ജാനകിയുടെ അമ്മ അത്ഭുതത്തോടെ എന്നെ നോക്കി. എന്റെ കണ്ണുകളിലെ വേദന അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാവുമോ. അൽപ്പനേരം ഇമവെട്ടാതെ നോക്കിയിരുന്ന ശേഷം അവരെന്റെ തോളിൽ പതിയെ ഒന്ന് തലോടി. ഞങ്ങൾ മൂന്നു പേരും ഒരു ശരീരം പോലെ ചേർന്നിരുന്നു. 

 

ഹോസ്പിറ്റലിൽ എത്തി. ജാനകി പ്രസവിച്ച് കുഞ്ഞിനെ കൈയ്യിൽ തരുമ്പോ ആ കുഞ്ഞിനെയും കൈയ്യിൽ പിടിച്ച് അമ്മയുടെ അടുത്തേക്ക് ചെന്ന് നിറകണ്ണുകളോടെ ശ്വാസം കിട്ടാതെ ഒരു വാക്കുപോലും പുറത്തേക്ക് വരാതെ ഞാൻ നിന്നു പോയി. 

 

ആ കുഞ്ഞിനെ അമ്മയുടെ കൈയ്യിലേക്ക് കൊടുത്ത് കണ്ണീര് തുടച്ച് മൂക്ക് ചീറ്റി ആശുപത്രിയിൽ നിന്നിറങ്ങി കാറിലേക്ക് കയറുമ്പോ എന്റെ കൂട്ടുകാരനെ കെട്ടിപ്പിടിച്ച് ഞാൻ ഉറക്കെ നിലവിളിച്ചിരുന്നു. 

 

ചില ചിന്തകൾ പുറത്തു പറയാനാകാതെ കണ്ണീരിനൊപ്പം ഒഴുകിപ്പോകേണ്ടതാണെന്ന് അന്നാണ് ഞാൻ തിരിച്ചറിയുന്നത്.

 

Content Summary: Aprapyam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com