ADVERTISEMENT

ഞാൻ സൂക്ഷിച്ചുവച്ചിരുന്ന ആ മഷിപ്പച്ച ഞാനിന്നു പുറത്തെടുത്തു...

എന്റെ ‘ഇന്ന്’കളെ മായ്ച്ചുകളയാൻ..

അയ്യോ! എന്റെ മഷിപ്പച്ച ഉണങ്ങി കോലു പോലായല്ലോ!

എങ്കിലും ഞാനതെടുത്തു കുതിർത്തുവച്ചു..

 

നീയെന്ന വിത്ത് ഒരൊറ്റ ശ്വാസമായി എന്നിലേക്കലിഞ്ഞ നിമിഷം..

അതൊരൊറ്റ കോശമായി , പെറ്റുപെരുകി എന്റെ ബോധാബോധങ്ങളിലെ ആദിമ ബോധമായി പടർന്നു നിറഞ്ഞു...

(നീയതൊരിക്കലും അറിഞ്ഞിരുന്നില്ല)

നീയെന്റെ ധമനികളിൽ സിരാപടലങ്ങളിൽ നിറഞ്ഞു കവിഞ്ഞ്, എന്റെ ശരീരത്തിന്റെ ഓരോ അണുവിലും നിറഞ്ഞു പടർന്ന് ഓർമകൾ പൂക്കുന്ന വസന്തത്തിലെ പരാഗരേണുവായി പറന്നിറങ്ങി..

(നീയതൊരിക്കലും അറിഞ്ഞിരുന്നില്ല)

നീ തികച്ചും സാധാരണ പോലെ ശ്വസിക്കുന്നു, ചിരിക്കുന്നു, ചിന്തിക്കുന്നു...

പക്ഷെ അപ്പോഴൊക്കെയും നീയെന്നിൽ പെരുകിക്കൊണ്ടേയിരിക്കുന്നു...

(നീയതൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ)

നീയെന്ന വേരുകൾ എന്റെ ശ്വാസകോശത്തെ പലപ്പോഴും വരിഞ്ഞു മുറുക്കുന്നു...

ഹൃദയത്തിനു മേൽ ആഴ്ന്നിറങ്ങുന്നു...

അപ്പോഴൊക്കെയും ശ്വാസത്തിനു വേണ്ടി കിതച്ചുകൊണ്ടു ഞാൻ നിന്നെ ഉറ്റു നോക്കും ...

(നീയെന്നെ വിശ്വസിക്കില്ലല്ലോ)

 നീ വളർന്നു പടർന്ന് ഒടുവിൽ എന്റെ തലച്ചോറിന്റെ ഓരോ ചില്ലുഗ്ളാസ്സുകളും നിന്റെ അധീനതയിലാക്കും...എന്നിട്ട് അവയൊക്കെ നീ പലപ്പോഴായി എറിഞ്ഞുടക്കും...

(ഇതൊന്നും നീ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലല്ലോ)

ഒടുവിൽ നീയെന്നോട് ചോദിക്കും ഭ്രാന്ത് പൂക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്...

നിന്റെ ഊറ്റം കൊള്ളുന്ന പൊട്ടിച്ചിരിയിൽ നിന്റെ അരക്കെട്ടിന്റെ ചടുലതകൾ എന്നിൽ തിമർത്ത് നീ വീണ്ടും എന്റെ തലച്ചോറിന്റെ ചില്ലുഗ്ളാസ്സുകൾ എറിഞ്ഞു പൊട്ടിക്കും..

(എനിക്കറിയാം...നീയിതൊന്നുംവിശ്വസിക്കില്ലെന്ന് )

നിന്റെ വെന്നിക്കൊടി നാട്ടിയാലുടനെ നീയെന്നിൽ നിന്നപ്രത്യക്ഷനാകും...അതോടെ നീ ബാക്കി വച്ചു പോയ ഓരോ ശൂന്യതയിലും നീരാളികൾ പിടഞ്ഞു പുളഞ്ഞ് അർബുദം പടരുന്നത് പോലെ എന്റെ ഭ്രാന്തിന്റെ ചില്ലകൾ പൂക്കും...

(നീയതറിയേണ്ടതില്ലല്ലോ)

 

അയ്യോ...ഞാനെന്റെ "ഇന്ന്"കൾ മായ്ക്കാൻ വച്ചിരുന്ന മഷിപ്പച്ച ആരാണ് എടുത്ത് ദൂരേക്ക്‌ കളഞ്ഞത്?

എനിക്കിനി എന്റെ "ഇന്ന്"കൾ മായ്ക്കാൻ കഴിയില്ലല്ലോ...

 

English Summary : Poem by Dr Dholy S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com