ADVERTISEMENT

ദൈവത്തിന്റെ പ്രതിമകൾ (കഥ)

 

ഞാൻ ചില ഞാനെക്കുറിച്ചു പറയാം കോട്ടയത്ത് തിരുനക്കരമൈതാനത്തിലെ ആൽമരത്തിന്റെ ചുവട്ടിൽ നീലചെക്കിന്റെ ഷർട്ടും ഇളം നീലജീൻസും കാലിൽ ചുവന്നനിറത്തിലുള്ള ബാത്ത്റൂം ചെരിപ്പുമിട്ടിരിക്കുന്ന തലയിൽ കഷണ്ടി കയറിത്തുടങ്ങിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ളയാളാണ് ഞാൻ. കോഴിക്കോട് വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസിന്റെ കിഴക്കേമൂലക്കുള്ള ടേബിളിൽ എയ്ഡഡ് സ്കൂളുകളുടെ ഫയലുകൾ പരിശോധിക്കാൻ വിധിക്കപ്പെട്ട സാധാരണ ലോവർഡിവിഷൻ ക്ലാർക്കാണ് ഞാൻ. എന്നിലെ ഞാനുകൾ ഇനിയുമുണ്ട് സുഹൃത്തുക്കൾക്കിടയിലെ ഞാൻ, എന്റെ കുടുംബത്തിലെ ഞാൻ, എന്റെ കാമുകിയുടെ ഞാൻ, ഇനിയും എത്രയോ ഞാൻ എന്നിലുണ്ട് പിന്നെ എങ്ങനെയാണ് ഞാൻ എന്നെക്കുറിച്ചുറപ്പിച്ചു പറയുക വ്യക്തിത്വം ഒരപാരസംഗതി തന്നെയാണ്.

 

അമ്പലമൈതാനത്ത് ആളുകൾ കുറവാണ് എങ്കിലും ഇവരോരുത്തരുടെയും ഞാനുകൾക്ക് ശരീരമുണ്ടായിരുന്നെങ്കിൽ ഈ അമ്പലമൈതാനത്ത് സൂചികുത്താനിടകിട്ടില്ലായിരുന്നു. എന്റെ ചിന്തകൾക്കുമുകളിലേക്ക് ആൽമരത്തിന്റെ ഒരില ഞെട്ടറ്റുവീണു എന്റെ മടിയിൽ അല്പനേരം തങ്ങിനിന്നിട്ട് അത് കറങ്ങി കറങ്ങി നിലത്തേക്കു വീണു. മുൻപെപ്പൊഴോ ഞെട്ടറ്റു വീണ ആയിരക്കണക്കിനിലകൾക്കിടയിലതു മറഞ്ഞു.

 

പകൽപ്പൂരം കഴിഞ്ഞിട്ട് രണ്ടു ദിവസമായിരിക്കുന്നു. തിരക്കു വളരെക്കുറവാണ് കഥകളിയായതു കൊണ്ട് സ്റ്റേജിനുമുന്നിലും ആളുകൾ വളരെക്കുറവാണ്. ആൽമരത്തറയിൽ വഴിക്കച്ചവടക്കാർ ഉറങ്ങാനുള്ളയിടങ്ങൾ തുണികളും പത്രപ്പേപ്പറുകളും വിരിച്ച് കയ്യടക്കിക്കൊണ്ടിരിക്കുന്നു. അമ്പലത്തിൽ തൊഴുതു മടങ്ങുന്ന ചുരുക്കം ചില കുടുംബങ്ങൾ ചിന്തിക്കടകൾ ലക്ഷ്യമാക്കി നടന്നു. പതിനഞ്ചിനും ഇരുപതിനുമിടക്കു പ്രായമുള്ള ചില കുട്ടിക്കൂട്ടങ്ങൾ ലക്ഷ്യമില്ലാതെ അമ്പലപ്പറമ്പിൽ ചുറ്റിത്തിരിയുന്നുണ്ട്. അതിലൊരുകൂട്ടം ബംഗാളിയുടെ പച്ചകുത്തു കടയിലെ അച്ചുകൾ പരിശോധിക്കുകയാണ് അച്ചുകൾ തിരയുമ്പോഴും ആൺകുട്ടികളുടെ കണ്ണുകൾ ആ കടയിൽ മൈലാഞ്ചിയിടാൻ വന്ന പെൺകുട്ടിയുടെ നേർക്കായിരുന്നു. ഓരോ കണ്ണിലേയും പ്രതിബിംബങ്ങൾ ചേർത്തുവെച്ചാൽ ഒരു പക്ഷേ ആ പെൺകുട്ടിയുടെ ചിത്രത്തിന് ഒരുവലിയ പരസ്യ ബോർഡിന്റെത്രയും വലിപ്പം കാണുമെന്നെനിക്കു തോന്നി അത്രക്കും കൃത്യതയുള്ള 8K റസല്യൂഷൻ നോട്ടങ്ങളായിരുന്നു അവയെല്ലാം ആ നോട്ടങ്ങളെയെല്ലാം അതിജീവിക്കുകയോ ആസ്വദിക്കുകയോ ചെയ്തു പെൺകുട്ടി മൈലാഞ്ചിയിടൽ പൂർത്തിയാക്കി ബംഗാളിക്കു പണവും കൊടുത്ത് അടുത്ത കടയുടെ മുന്നിലെത്തി ആങ്ങളയെന്നു തോന്നിക്കുന്ന ഒരാൺകുട്ടിയുമായി സംസാരിച്ചുതുടങ്ങി അതോടെ നോട്ടങ്ങളും അവസാനിച്ചു. ഈ സംഭവത്തിലെ പുരുഷമേധാവിത്വത്തിന്റെ സമവാക്യം എത്ര ആലോചിച്ചിട്ടും എനിക്കു മനസിലായില്ല. 

 

പച്ചകുത്തുകാരന്റെ കയ്യിലെ അച്ചുകൾ പോലെ അടുത്ത ശരീരത്തിനും മുഖത്തിനും വേണ്ടി ആൺകുട്ടികളുടെ കണ്ണുകൾ പരതിത്തുടങ്ങി. ഈക്കഴിഞ്ഞ നോട്ടങ്ങൾ ശരിയായിരുന്നോ തെറ്റായിരുന്നോ ഞാൻ ഞാനോട് ചോദിച്ചു. ചോദ്യം ചെന്നെത്തിയത് കോട്ടയം സി എം എസ്സ് കോളജിന്റെ മുറ്റത്തുനിന്ന ഞാനിലായിരുന്നു. ഈ ആൽമരച്ചോട്ടിൽ നിന്നും ഒന്നര കിലോമീറ്റർ അത്രയേയുള്ളു കോളജിലേക്കുള്ള ദൂരം ഏഴു വർഷങ്ങൾക്കുശേഷം മനസ്സുകൊണ്ടുള്ള ദൂരം അതിലും കുറഞ്ഞിരിക്കുന്നു. കോളജിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നെങ്കിൽ ചിലപ്പോൾ ആ നോട്ടങ്ങളെല്ലാം എനിക്കും ശരിയായി തോന്നുമായിരിക്കും. ആ നോട്ടങ്ങൾ ശരിയായിരുന്നെങ്കിൽ എപ്പോഴാണ് അത് തെറ്റാവുന്നത്. ഇനി അത് തെറ്റായിരുന്നെങ്കിൽ ഇനി എപ്പോഴാണ് ശരിയാകുക എന്തിനാണ് ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എല്ലാവർക്കും അവരവരുടെ ശരികളും തെറ്റുകളുമുണ്ട് ആ തെറ്റുകളുടെയും ശരികളുടെയും ഇടയ്ക്ക് അവരവരുടെ ഈശ്വരൻ കുടികൊള്ളുന്നു. ഞാനറിഞ്ഞിടത്തോളം ഒരുകൂട്ടം ശരികളുടെ പേരാണ് ഈശ്വരൻ.

 

കോളജിൽ പഠിക്കുന്ന സമയത്താണ് തിരുനക്കരയുത്സവത്തിന് രാത്രി മുഴുവൻ നിൽക്കുന്നത്. കോളജിൽനിന്നും ഒരു ജാഥ പുറപ്പെടുന്നപോലെയായിരുന്നു അന്നത്തെ ഉത്സവയാത്രകൾ. കോളജ് ഹോസ്റ്റലിലും മുറിയെടുത്തു താമസിക്കുന്ന സുഹൃത്തുക്കൾക്കും ആദ്യവർഷം ഉത്സവ സമയത്ത് വലിയ ഡിമാന്റായിരുന്നു. മുറികളൊക്കെ നേരത്തേതന്നെ ബുക്കിങ്ങായിരിക്കും രാത്രിവൈകുമ്പോൾ കിടക്കാനൊരിടം വേണമല്ലോ. രണ്ടാം വർഷം ആ ഡിമാന്റില്ലായിരുന്നു. കൂട്ടുകാരുമായി അമ്പലപ്പടികളിൽ ഉത്സവസമയത്ത് ആകാശം നോക്കിക്കിടക്കുന്നതിന്റെ സുഖം ഏകദേശം ഏല്ലാവരും തിരിച്ചറിഞ്ഞിരിക്കണം. രണ്ടാം വർഷം മുതൽ ഉത്സവസരാത്രികളിൽ ഹോസ്റ്റൽമുറികൾ ആളൊഴിഞ്ഞു കിടന്നു. രാവിലെ കംപയ്ൻസ്റ്റഡിയുടെ ഉറക്കച്ചടവെന്ന കള്ളവുമായി വീട്ടിൽ വന്നു കയറുമ്പോൾ അച്ഛൻ പത്രത്തിലെ ഉത്സവവാർത്തകളിൽ നിന്ന് കണ്ണാടിക്കു മുകളിലൂടെ കണ്ണുയർത്തി നോക്കും. 

 

ദൈവത്തിന്റെ പ്രതിമ വേണോ രണ്ട് കുഞ്ഞു കണ്ണുകൾ എന്നെത്തന്നെ നോക്കുന്നു. ഏകദേശം ഏഴെട്ടു വയസുള്ള പെൺകുട്ടിയാണ് അവളുടെ കണ്ണുകളിൽ നിറയെ പ്രകാശമായിരുന്നു. പിന്നിലുള്ള ഹാലജൻ ലൈറ്റുകളുടെ വെളിച്ചത്തിൽ അവളൊരു കൊച്ചു ദേവിയെപ്പോലെയിരുന്നു. മുഷിഞ്ഞു ചെളിപുരണ്ട പെറ്റിക്കോട്ടും തേഞ്ഞു തീർന്ന റബ്ബർചെരുപ്പുമിട്ടു നിൽക്കുന്ന പാറിപ്പറന്ന മുടിയുള്ള ഒരു കൊച്ചു ദേവത അവളുടെ കയ്യിൽ ഒരു സ്റ്റീൽ ട്രേയിൽ നിറയെ ദൈവങ്ങൾ നിറഞ്ഞിരിക്കുന്നു. അവളെപ്പോലെ തന്നെ ഓമനത്തം നിറഞ്ഞ പ്രതിമകൾ. അവയുടെയൊക്കെ കണ്ണുകൾ അവളുടെ കുഞ്ഞു കണ്ണുകൾ പോലെ തന്നെ സുന്ദരമായിരുന്നു.

 

ആ ട്രേയിലിരുന്ന ദൈവങ്ങളുടെ ഭാരം മുഴുവൻ അവളുടെ കുഞ്ഞു കഴുത്തിലൂടെ കിടന്നിരുന്ന പ്ലാസ്റ്റിക്ക് വള്ളിയായിരുന്നു താങ്ങിനിർത്തിയിരുന്നത് അതവളെ വല്ലാതെ വേദനപ്പിച്ചിരുന്നു. കഴുത്തുവെട്ടിച്ചുകൊണ്ടവൾ വീണ്ടും ചോദിച്ചു.

 

ദൈവത്തിന്റെ പ്രതിമ വേണോ.... അമ്പതു രൂപയേയുള്ളു ......

ഇടതു വശം അല്പം കുഴപ്പം പിടിച്ചതാണ് പ്രത്യേകിച്ച് മതങ്ങളിൽ. ഇടതു കൈവശമുള്ള അവൾ എനിക്കു തരാനായി ദൈവത്തിന്റെ  പ്രതിമയെടുത്തത് ആദ്യം ഇടതു കൈ കൊണ്ടായിരുന്നു. പെട്ടന്നവൾ ആ കൈ പിന്നിലേക്കുവലിച്ച് വലതു കൈ കൊണ്ട് മറ്റൊരു പ്രതിമയെടുത്ത് എന്റെ നേരെയവൾ നീട്ടി.

വാങ്കുങ്കോ സാർ..... നല്ലപടിയെല്ലാം നടക്കും...

ഞാൻ അവളെനോക്കി മെല്ലെചിരിച്ചു പക്ഷേ അവൾ ചിരിച്ചില്ല.

 

വലതു കൈ വശമുള്ള തൊണ്ണൂറ്റിയൊൻപതു ശതമാനം വരുന്ന മനുഷ്യകുലത്തിലെ പൂർവ്വികരുടെ നിഗമനങ്ങളിൽ ഇടതുഭാഗത്തിന് തുച്ഛപ്രാധാന്യം ലഭിക്കുന്നതിൽ അസ്വഭാവികതയില്ലെന്ന് ഇനിയെന്നാണവൾ മനസ്സിലാക്കുക

വാങ്കുങ്കോ സാർ.... അൻപതുരൂപ മട്ടും താൻ സാർ....

 

അവളുടെ ദൈവത്തിന് അവൾ വിലയിട്ടിരിക്കുന്നു വെറും അൻപതു രൂപ മാത്രം ഒരു സാധാരണമനുഷ്യന്റെ ദൈവത്തിന്റെ വില. ആ പ്രതിമ അവളുടെ കൈയ്യുടെ താളത്തിൽ എന്റെ മുഖത്തിനരികിലേക്ക് നീണ്ടുവന്നു. ആ പ്രതിമയുടെ പുറകിൽ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു പ്രഭ വന്നതുപോലെനിക്കു തോന്നി. സത്യത്തിൽ എനിക്കത്ര ഈശ്വര വിശ്വാസമൊന്നുമില്ല പിന്നെന്തിനാണെനിക്കിത്. എന്തായാലും അവൾക്കുവേണ്ടി മാത്രം അവളുടെ ദൈവത്തെ പണം കൊടുത്ത് എന്റെ സ്വന്തമാക്കാൻ തീരുമാനിച്ചു. 

 

എന്റെ കൈകൾ പേഴ്സിനായി ജീൻസിന്റെ പോക്കറ്റിലേക്ക് യാന്ത്രികമായി ചലിച്ചു. ഞൻ ദൈവത്തിന്റെ പ്രതിമ വാങ്ങാൻ തയാറായി എന്നവൾ മനസ്സിലാക്കിയിരുന്നു. പേരു പരിചിതമല്ലാത്ത ഏതോ വചന പ്രഘോഷകന്റെ ഒരു കയ്യിൽ ബൈബിളും മറുകൈ നെഞ്ചിലും ചേർത്തുവച്ച് പോസു ചെയ്തു നിൽക്കു പടമുള്ള പോസ്റ്ററിൽ അവൾ എന്റെ ദൈവത്തെ പൊതിഞ്ഞു തുടങ്ങി. അതിലെ വചനമാരി എന്ന തലക്കെട്ട്  പ്രതിമയെ ചുറ്റി വരിഞ്ഞു. 

 

പേഴ്സുതുറന്ന് നോക്കിയപ്പോൾ അതിൽ ഇരുപതുരൂപയേയുള്ളു എന്താണവളോട് പറയണ്ടതെന്നെനിക്കറിയില്ലായിരുന്നു. പക്ഷേ അതും പറയാതെ തന്നെ അവൾക്കു മനസ്സിലായി ചെറുപുഞ്ചിരിയോടെ അവൾ ആ പ്രതിമയുടെ പൊതിച്ചിലഴിച്ച് ട്രേയിലേക്കവൾ തിരികെവച്ചു ഒരുതവണകൂടി എന്നെ നോക്കി പുഞ്ചിരിച്ചശേഷം അമ്പലനടയെ ലക്ഷ്യമാക്കി ആ പെൺകുട്ടി നടന്നകന്നു. നിരാശ തെല്ലുമില്ലാത്ത ആ നടത്തം ഞാൻ കുറച്ചുനേരം നോക്കിയിരുന്നു. എന്നെ ഒരു പ്രാവശ്യം കൂടിതിരിഞ്ഞു നോക്കമെന്നു പ്രതീക്ഷിച്ച എെന്റ ഊഹം തെറ്റിച്ചു കൊണ്ട് ആളുകൾക്കിടയിലവൾ മറഞ്ഞു.

 

എന്റെ നോട്ടം വീണ്ടും ആലിലകൾ പുതച്ചുറങ്ങുന്ന തറയിലേക്കെത്തി എപ്പഴോ ഞെട്ടറ്റുവീണു ചെരിപ്പുകൾക്കു മുകളിൽ വിശ്രമിച്ച ആലിലകളെ തട്ടിമാറ്റി ഞാൻ ചെരുപ്പുകൾ കാലിൽക്കയറ്റി ആൽമരച്ചുവട്ടിൽ നിന്നും എഴുന്നേറ്റു. സമയം രാത്രി പന്ത്രണ്ടു മണിയായി തിരുനക്കര മൈതാനത്തെ വലിയ ക്ലോക്കിൽ മണിയൊച്ച മുഴങ്ങിത്തുടങ്ങി. അടുത്തിടക്കാണ് ആ ക്ലോക്ക് ശരിയാക്കിയത് കഴിഞ്ഞ ഞാറായാഴ്ച അവധിക്കു വന്നപ്പോൾ ശബ്ദമില്ലാതെയാണ് ക്ലോക്ക് സമയം കാണിച്ചിരുന്നത് ഇപ്പോൾ അത് മണിമുഴക്കിത്തുടങ്ങിയിരിക്കുന്നു. ഞാനിപ്പോൾ കേട്ടമണിമുഴക്കമാണോ അതോ ക്ലോക്കിലെ പൽച്ചക്രങ്ങൾ ചേർന്നുരസുന്ന ശബ്ദമാണോ ഏതാണ് സമയത്തിന്റെ യഥാർത്ഥ ശബ്ദം. റോഡിലെ മറ്റനേകം ശബ്ദങ്ങൾക്കിടയിലൂടെ ശബ്ദമില്ലാത്ത ചിന്തകളുമായി ഞാൻ നടന്നു.

 

എടിഎമ്മിന്റെ വാതിൽ ശക്തിയിൽ തള്ളിത്തുറന്ന് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ ദേഷ്യത്തിൽ എന്തോ പരസ്പരം പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നതിനിടയിൽ കയ്യിലിരുന്ന രണ്ടായിരത്തിന്റെ കുറെ നോട്ടുകൾ പേഴ്സിലേക്ക് അതിലൊരാൾ കുത്തിത്തിരുകി.

 

അടുത്തുള്ള എടിഎം സന്ദർശിക്കാനുള്ള ക്ഷണം സ്ക്രീനിൽ തെളിഞ്ഞപ്പോളാണ് മനസ്സിലായത് എടിഎമ്മിന്റെ കാര്യത്തിൽ ഞാനൊരു ശരാശരി മലയാളിയായിമാറിപ്പേയിരുന്നു. പണം കിട്ടാത്തത് അവരുടെ പ്രശ്നം മാത്രമാണെന്ന് ഞാൻ വിശ്വസിച്ചു. ഒരു പരീക്ഷണം അതെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. 

 

ഉത്സവം പോരാഞ്ഞിട്ട് രണ്ടാം ശനിയാഴ്ച ടൗണിലെ എല്ലാ എടിഎമ്മുകളുടെയും അവസ്ഥ ഇതുതന്നെയായിരിക്കും ഇനി ഒരു പരീക്ഷണത്തിനില്ലെന്നു തന്നെ ഞാൻ തീരുമാനിച്ചു. അതിനു കാരണം ആ കുട്ടി തന്നെയായിരുന്നു. അവൾ കച്ചവടം നിർത്തുന്നതിനു മുൻപ് മടങ്ങിയെത്തണം അവൾക്കുവേണ്ടി മാത്രം എനിക്ക് എന്റെ ദൈവത്തെ തിരഞ്ഞെടുക്കണം പണം കൊടുത്ത് ദൈവത്തെ വാങ്ങണം. എന്തിന് എന്ന ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു. എങ്കിലും ഞാനത് തീരുമാനിച്ചു കഴിഞ്ഞിരുന്നു

 

രാത്രി സവാരിക്കു വന്ന ഒരോട്ടോറിക്ഷ എന്റെ മുന്നിലെത്തി നിന്നു.

എങ്ങേട്ടാ......

എ റ്റി എം വരെ.......

ഓട്ടോക്കാശ് തരണമെങ്കിൽ എ റ്റി എമ്മീന്നു കാശ് കിട്ടണം......

ഓട്ടോക്കാരൻ എന്നെ മൊത്തമായൊന്ന് കയ്യിലെ മോതിരത്തിൽ നോട്ടമവസാനിപ്പിച്ചയാൾ പറഞ്ഞു.

ങാ കേറ്....

നെഹ്രു സ്റ്റേഡിയത്തിന്റടുത്തൊരണ്ണമുണ്ട് ഉള്ളിലാ......

അതങ്ങനാർക്കുമറിയത്തില്ലന്നേ.. കാശ്കാണും

ചില്ലറയായി കിട്ടുമോന്ന് നോക്കണേ...

 

നൂറിന്റെ നോട്ട് ചില്ലറ കിട്ടാനായി നാന്നൂറ് വേണമെന്നാണ് ഞാനാവശ്യപ്പെട്ടത് പക്ഷേ എന്റെ ആവശ്യം യന്ത്രത്തിനുമുന്നിൽ പറഞ്ഞിട്ടെന്താണ് കാര്യം. നാന്നൂറില്ല അഞ്ഞൂറു തരാമെന്നു പറഞ്ഞപ്പോൾ അനുസരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. ചില്ലറയില്ലാത്തതുകൊണ്ട് ഓട്ടോക്കാരൻ എന്തായാലും തെറിവിളിക്കും. അയാൾ എന്റെ  മോതിരത്തിൽ നോക്കിയുറപ്പിച്ചിട്ടാണെങ്കിലും ഇവിടെ എത്തിച്ചല്ലോ ഇനി അയാളോടെന്തുപറയും. നോട്ടുകളെ യന്ത്രം തിരിച്ചറിയുന്ന ശബ്ദം കേട്ടുതുടങ്ങി അവസാനം ഒരു പലിശക്കാരന്റെ ദേഷ്യത്തോടെ എ റ്റി എം വേഗത്തിൽ കുറെ നോട്ടുകൾ എന്റെ മുന്നിലേക്കുനീട്ടി, ഞാൻ പ്രതീക്ഷിച്ചിരുന്നത് അഞ്ഞൂറിന്റെ ഒറ്റനോട്ടായിരുന്നു.പക്ഷേ കിട്ടിയത് രണ്ടൻപതിന്റെ നോട്ടുൾപ്പടെ ആറുനോട്ടുകൾ. ഞാൻ അറിയാതെ ചിരിച്ചുപോയി നമ്മുടെയൊക്കെ ജീവിതം തീരുമാനിക്കുന്നത് നമ്മുക്കുചുറ്റും നിൽക്കുന്നവരാണ്. അവർ സ്വയമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഒഴുക്ക‌് നിയന്ത്രിക്കുന്നത്.

 

കുറച്ചൂടി അമ്പലത്തിനടുത്തേക്ക് നിർത്താമോ ഓട്ടോക്കാരൻ സംശയത്തോടെ എന്നെനോക്കി

വൺവേയാ ചാർജ്ജ് കൂടും പിന്നെ ബ്ലോക്കും

എത്രയാ...

ഇരുപതുരൂപ കൂടും

തരാം എനിക്കത്യാവശ്യമായി ഒരാളെക്കാണാനുണ്ട്, ദൈവത്തെ വിൽക്കുന്ന പെൺകുട്ടിയെ.

ആരാ

ഓട്ടോക്കാരൻ എന്റെ മുഖത്തേക്കു നോക്കിക്കൊണ്ട് ഓട്ടോ വെട്ടിച്ചുമെയിൻ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള വഴിയിലേക്കു തിരിച്ചു. പെട്ടന്ന് മൂന്നാൺകുട്ടികൾ കയറി വന്ന ഒരു ബൈക്ക് ഓട്ടോയിൽ ഇടിച്ചേക്കാമെന്നരീതിയിൽ ഓട്ടോയുടെ അരികിൽ നിർത്തി. ഒരിത്തിരിക്കായിരുന്നു അപകടം ഒഴിവായത് പക്ഷേ പുളിച്ച നാലഞ്ചു തെറികൾ ഓട്ടോക്കാരനോട് പറഞ്ഞിട്ടാണവർ പോയത്.

 

ഒന്നും മിണ്ടാനൊക്കത്തില്ല സാറേ പിള്ളേരു ഫുൾ കഞ്ചാവാ.... കണ്ണുചുവന്നിരിക്കുന്നെ കണ്ടില്ലേ.. 

 

ആളുകളെ വകഞ്ഞുമാറ്റിക്കൊണ്ട് ഓട്ടോ മെല്ലെ മുന്നോട്ട് നീങ്ങി. കച്ചി നിറച്ച ഒരു കെട്ടുവള്ളം നീങ്ങന്നത്ര പതുക്കെയായിരുന്നു ഞങ്ങളുയാത്ര.

ഇതിലും ഭേദം നടക്കുകയായിരുന്നു. ഞാൻ മെല്ലെപ്പറഞ്ഞത് ഓട്ടോക്കാരൻ കേട്ടു 

ഞാൻ പറഞ്ഞില്ലെ സാറെ...

ഇനി ഞാനിതും തള്ളി തിരിച്ച് സ്റ്റാന്റിൽ ചെല്ലുമ്പോൾ ഒരു സമയാകും.

കാശു തരാതെ ചാടിയിറങ്ങിപ്പോയേക്കല്ലെ 

കഴിഞ്ഞദിവസം ഒരു നാറി പറ്റിച്ചേയുള്ളു.

ഈ തിരക്കിനിടക്ക് ഓട്ടോയിട്ടേച്ച് എനിക്കവന്റെ പൊറകെ പോകാനൊക്കുവോ ആ കഴുവേറി മുങ്ങി

ഓട്ടോ നിരങ്ങിനിരങ്ങി തിരുനക്കര കല്ലിന്നടുത്ത് ഒരാൾക്കൂട്ടത്തിനു മുന്നിലെത്തി നിന്നു.

അടിയാണെന്ന് തോന്നുന്നു സാറെ  പണിയായല്ലോ

 

എന്തു വേണമെന്നറിയാതെ ഓട്ടോയിലിരുന്ന എന്റെ മടിയിലേക്ക് ചോരയൊലിക്കുന്ന രണ്ടു കുഞ്ഞു കാലുകൾ നീണ്ടുവന്നു. മുഷിഞ്ഞ പെറ്റിക്കോട്ടിട്ട തളർന്ന ശരീരം ചലനമറ്റ കൈകൾ. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നതിനു മുൻപുതന്നെ ചോരപറ്റി മുടിയിഴകളൊട്ടിയ ഒരു കുഞ്ഞു മുഖം എന്റെ മടിയിലെത്തി പക്ഷേ ദൈവത്തിന്റെ കണ്ണുകൾ അടഞ്ഞിരുന്നു.

 

എനിക്കു ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നെനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ദേഹം മുഴുവൻ ചോരയൊലിപ്പിച്ച് പേടിച്ചരണ്ട് നിന്നിരുന്ന ബൈക്കിൽ വന്നചെറുപ്പക്കാരിൽ തന്നെ തെറിവിളിച്ചവന്റെ മുഖത്ത് ഓട്ടോക്കാരൻ ആഞ്ഞൊരടികൊടുത്തു ചുവന്ന കണ്ണുകൾ അവൻ ഇറുക്കിയടച്ചു.

 

ഓട്ടോയുടെ പുറത്ത് കൈവെച്ചടിക്കുന്ന ശബ്ദം, ആൾക്കാരുടെ ആരവങ്ങൾ ആക്രോശങ്ങൾ നിർദ്ദേശങ്ങൾ ചെവിയിലേക്ക് തുളച്ചുകയറുന്ന തിരിച്ചറിയാനാവാത്ത കുറെയേറെ ശബ്ദങ്ങൾ കഥകളിപ്പദങ്ങളുടെ താളം മുറുകുന്നത് താങ്ങാനാവാതെ പറുപറുപ്പ് ശബ്ദം പുറപ്പെടുവിക്കുന്ന കോളാമ്പി. നിമിഷങ്ങൾ മുന്നോട്ട് പോകുകയാണ് വണ്ടിയിൽ നിന്നിറങ്ങണോ അതോ ഇതിൽത്തന്നെയിരിക്കണോ കുട്ടി ചെറുതായിശ്വാസമെടുക്കുന്നുണ്ട് അവൾ മരിച്ചിട്ടില്ല.

 

പെട്ടന്നൊരാൾ വണ്ടിയിലേക്ക് കയറി 

 

കയറിയപ്പേൾ തന്നെ അലറിക്കരഞ്ഞുകൊണ്ടാണ് അവളുടെ തളർന്ന കാലുകൾ എടുത്ത് മടിയിൽ വച്ചത്. 

അവളുടെ കവിളിൽ മുറുക്കെപ്പിടിച്ചുകൊണ്ട് അയാൾ കരയാൻതുടങ്ങി 

എഴുന്തിരെടാ ചെല്ലോം....

 

പിന്നെയും അയാൾ തലയിൽ രണ്ടുകൈവെച്ചാഞ്ഞടിക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തുകൊണ്ടിരുന്നു.

തമിഴ് അത്രവശമില്ലാത്തതു കൊണ്ട് എനിക്കൊന്നും തന്നെ മനസ്സിലായില്ല.

ഒരു പോലീസുകാരൻ ആൾക്കൂട്ടത്തിനു നടുവിലെ തിരക്കിൽ തൊപ്പി താഴെപ്പോകാതിരിക്കാൻ തലയിൽ കൈവെച്ചുകൊണ്ടു പറഞ്ഞു.

ജില്ലേലോട്ട് വിട്ടോ ജീവനൊണ്ടന്നാ തോന്നുന്നെ, ഞാൻ സ്റ്റേഷനി വിളിച്ച് പറഞ്ഞോളാം

ഓട്ടോ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ജില്ലാ ആശുപത്രിയിലേക്ക് വൺവേ തെറ്റിച്ച് മുന്നോട്ട് നീങ്ങി.

കൊഞ്ചം വേഗം പോങ്കോ അയ്യാ…

എന്റെ പൊന്നണ്ണാച്ചി ഈ ആൾക്കാര് പോകുന്ന കാണുന്നില്ലേ…. 

ഏ...ചെല്ലോം… അയാൾ വീണ്ടും കരയാൻ തുടങ്ങി

ഓട്ടോക്കാരൻ ഹോണിൽ അത്രയും നേരം അമർത്തിപ്പിടിച്ചകൊണ്ടാവണം ഹോണിന്റെ ശബ്ദമിടറിത്തുടങ്ങി.

അയാളുടെയും കരച്ചിൽ എവിടെയൊക്കെയോ മുറിഞ്ഞുകൊണ്ടിരുന്നു.

അപ്പാ… അപ്പാ…

അവൾ കണ്ണുതുറന്നു അവളുടെ കണ്ണുകൾക്ക് തിളക്കം കൂടിയെന്നെനിക്കുതോന്നി.

ഏടാ ചെല്ലോം……

ഈ ലോകത്തെ മുഴുവൻ വാത്സല്യവും സ്നേഹവും സങ്കടവുമെല്ലാം ആ രണ്ടു വാക്കുകളിൽ നിറഞ്ഞിരുന്നു.

വലിക്കുതപ്പാ…

നമ്മ ഡോക്ടർ പക്കം താൻ പോറേൻ കണ്ണേ… പാറുങ്കോ സാർ ഏ കൊളന്ത പേസിയാച്ച് സാർ.. അവൾക്കൊന്നും ആകലയെ, പാറുങ്കോ സാർ അയാൾ കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു.

എനിക്ക് എന്തുപറയണമെന്നറിയില്ലായിരുന്നു. അയാളുടെ കണ്ണുകളിലെ പ്രതീക്ഷകൾ വീണ്ടും വെള്ളത്തുള്ളികളായി മാറി കവിളിലൂടെ ഒഴുകിയിറങ്ങി. അതായാളുടെ മുഖത്തെ രോമക്കാടുകളിലെവിടെയോമറഞ്ഞു. 

 

ഓട്ടോ ആശുപത്രിയുടെ മുന്നിലുള്ള ഹമ്പിൽ കയറിയിറങ്ങിയപ്പോൾ അവൾ കണ്ണുകൾ തുറന്നെന്നെ നോക്കി ഒരു തവണകൂടി ഞാനാക്കണ്ണുകളിൽ ദൈവത്തെക്കണ്ടു.

 

ആ പെൺകുട്ടിയെ താങ്ങിയെടുത്ത് ആശുപത്രികിടക്കയിൽ കിടത്തുന്നതോടെ എന്റെ കർമ്മം അവസാനിച്ചെന്ന് കരുതി അവളുടെ മുഖത്തേക്ക് നോക്കി മൗനമായി യാത്ര പറഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി. ഓട്ടോക്കാരൻ എന്റെ ഒപ്പം തന്നെയുണ്ട്. അതുവരെ ആൾക്കൂട്ടത്തിൽ ആരുമല്ലാതിരുന്ന എന്നിലെ ഞാൻ ആരൊക്കെയോയായി മാറുകയായിരുന്നു. ഏതൊക്കെയോ ബന്ധങ്ങൾ എന്നിലേക്ക് ഞാനറിയാതെ വന്നലിഞ്ഞു.

 

ആശുപത്രിവരാന്തയിൽ കുറച്ചുനേരം കൂടി ഞാനയാളെ കാത്തുനിന്നിട്ട് ഞാൻ പതിയെപുറത്തേക്കിറങ്ങി. രാത്രി ഒരുമണികഴിഞ്ഞിട്ടുണ്ടാവണം നാളെ രാത്രി യാത്രതിരിക്കണം മാനാഞ്ചിറ മൈതാനത്തെ വൈകുന്നേരങ്ങൾ എന്നെക്കാത്തിരിപ്പുണ്ടാവും. മൈതാനത്തിന്റെ നടുക്കുള്ള കാലപ്രവാഹം എന്ന ശിൽപ്പത്തിലെ കല്ലിൽ അള്ളിപ്പിടിച്ചുനിൽക്കുന്ന മനുഷ്യരൂപം എന്നെക്കളിയാക്കിച്ചിരിക്കാൻ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. മറ്റൊരാളുടെ താലിയുടെ ബലത്തിൽ നാളെ പുതിയൊരുജീവിതം തുടങ്ങുകയാണവൾ. എന്നെ സ്നേഹിക്കുന്നുവെന്ന് കഴിഞ്ഞ മാസം വരെ പറഞ്ഞ രേഷ്മയുടെ ഫോൺവിളികൾ അവസാനിച്ചതു മുതൽ ആ  ശിൽപ്പത്തിലെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോകാതെ കല്ലിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന  മനുഷ്യരൂപത്തിന് എന്നോട് പരമപുച്ഛമാണ്. എങ്കിലും ആകല്ലിൻ ചുവട്ടിലിരിക്കുമ്പോൾ ഫോണിലെ പഴയ മെസ്സേജുകൾ തരുന്ന ഓർമ്മകൾക്ക് പൊറ്റൻ പിടിച്ച മുറിവിൽ കൈയ്യമർത്തുമ്പോൾ കിട്ടുന്ന ഒരുസുഖം കിട്ടാറുണ്ട്.

 

സാർ ഉങ്കെ ഫോൺ കിടക്കുമാ... വീട്ടുക്ക് ഫോൺ പോടുത്ക്ക്......

അറ്റന്ററും അയാൾക്കൊപ്പമുണ്ട് 

ആക്സിഡന്റായകൊണ്ട് നിങ്ങളുടെയാരുടെയേലും നമ്പറുവേണം. നമ്പർ കൊടുക്കാതിരിക്കാൻ ഞാനൊരു ശ്രമം നടത്തിനോക്കി

 

അയാൾക്ക് നമ്പറൊന്നും ഓർമ്മയില്ല, വേറെബുദ്ധിമുട്ടൊന്നുമുണ്ടാവില്ലന്നെ, ചിലപ്പോൾ കാര്യങ്ങളൊക്കെ അറിയാൻ പോലീസുകാരൊന്ന് വിളിച്ചേക്കുവാരിക്കും അത്രേയുള്ളു. ദേ ആ ചീട്ടെഴുതുന്നെടുത്തൊന്ന് കൊടുത്താൽ മതി. അറ്റന്റർ വീൽചെയറിന്റെ എണ്ണയിടാത്ത ശബ്ദത്തിന്റെ അകമ്പടിയോടെ അകത്തേക്കുപോയി.

സാർ ഒരു ഫോൺ പോടുമാ....

അന്ത തിരക്കിനിടക്ക് എന്റെ എങ്കയോ പോയാച്ച് 

പുതുഫോണ് താനെ പാഖിക്ക് അവളുടെ മാമാ കൊടുത്തതാക്കും

പോക്കറ്റിൽ പിടിച്ചുകൊണ്ടയാൾ പറഞ്ഞു ഞാൻ അയാളുടെ കയ്യിൽ ഫോൺ കൊടുത്തു. ഫോണയാൾ എന്റെ കയ്യിൽ തന്നെ തിരികെ തന്നു 

നമ്പർ സൊല്ലട്ടുമാ സാർ... ഇങ്കെ എന്ന വേണോന്ന് എതുവും തെരിയവില്ലെ. 

 

അയാൾ പറഞ്ഞ നമ്പറിൽ രണ്ടുമൂന്നു തവണ വിളിച്ചിട്ടാണ് അങ്ങേത്തലക്കൽ ഫോണെടുത്തത്. എന്തൊക്കെയേ തമിഴിൽ അയാൾ പറയുകയും കരയുകയും ചെയ്തു. ഞാൻ ചീട്ടെഴുതുന്നടുത്തു നമ്പർ കൊടുത്തിട്ടു വന്നപ്പോഴേക്കും അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

 

സാർ കൊഞ്ചം നേരം കൂടെ ഇങ്കെ നിൽക്കുമാ എനക്ക് എതുവുമെ തെരിയിലയെ. എനിക്കിനി വീട്ടിലേക്ക് ബസ്സില്ല ഈ ഓട്ടോയെത്തന്നെ പോകാമെന്നോർത്താരുന്നു. ഒഴിവാകാൻ ഞാൻ വീണ്ടുമൊരുശ്രമം നടത്തിയതിനുശേഷം ഓട്ടേക്കാരന്റെ മുഖത്തേക്ക് നോക്കി.

സാറിന് തിരക്കില്ലെങ്കിൽ നിന്നോ. ഞാനോട്ടോയിൽ കാണും.  കഴിയുമ്പോ വിളിച്ചാമ്മതി. എന്റെ കൊച്ചിനും ഇതേ പ്രായാ…..അയാൾ കയ്യിലിരുന്ന തോർത്തും തോളിലിട്ട്  മറുപടിക്കു നിൽക്കാതെ ഓട്ടോയുടെ അടുത്തേക്ക് നടന്നു.

 

ആകെത്തളർന്നയാൾ ഭിത്തിയിൽ ചാരി നിലത്തിരുന്നു. ഒരുകൈ തലയിലൂന്നി ഒരേയിരുപ്പ് അയാൾ കുറെ നേരം തുടർന്നു. ആ നേരം മുഴുവൻ അയാൾ തലമുടിയിൽ വിരലോടിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ചെരുപ്പിനു മുകളിൽ വീണ ഇലകളെക്കുറിച്ചു ഞാൻ ഓർത്തു. ആ ഇലകൾക്കും എന്തെങ്കിലും പറയാനുണ്ടാകും ഞാനും അയാൾക്കൊപ്പം നിലത്തിരുന്നു. 

 

ഏറെ നേരത്തെ മൗനത്തിനു ശേഷം അയാൾ സംസാരിച്ചു തുടങ്ങി. പാഖി അതായിരുന്നു അവളുടെ പേര്. അമ്മയില്ലാത്ത അവൾക്ക് ദേവതകളുടെ പ്രതിമകൾ ജീവനായിരുന്നു. രണ്ടു വർഷം മുൻപാണ് അവളുടെ അമ്മ അവരെ രണ്ടാളെയും വിട്ടുപോയത്. അയാളെ സംബന്ധിച്ചടുത്തോളം എതോ അജ്ഞാത രോഗമായിരുന്നു അവർക്ക് ഒരു വർഷത്തോളം ശരീരം മുഴുവൻ കടുത്ത വേദനയനുഭവിച്ചാണ് അവർ മരിച്ചത്. 

 

ക്ലാസിലെ മിടുക്കി, അവരുടെ കോളനിയിലെ എല്ലാവീട്ടിലും ഒരതിഥിക്കുതുല്യം സ്വാതന്ത്ര്യമുള്ള കുട്ടി. അതായിരുന്നു പാഖി .ഇക്കാലമത്രയുംകൊണ്ട് നാലഞ്ച് തമിഴ് സിനിമയും എസ് പി ബാലസുബ്രമണ്യം പാടിയ വിരലിലെണ്ണാവുന്ന തമിഴ് പാട്ടുകളും മാത്രം കേട്ടിട്ടുള്ള എനിക്ക് അയാൾ തമിഴിൽ മാത്രം പറഞ്ഞ അയാളുടെ കഥയിൽ നിന്നും അത്രയും മനസ്സിലാക്കാനായതിൽ ഞാനത്ഭുതപ്പെട്ടു. ശരി ഞാൻ നിങ്ങളെ മനസ്സിലാക്കുന്നു എന്നർഥമുളള എന്റെ മൂളലുകൾ അയാളുടെ കണ്ണിലെ നീരൊഴുക്കത്രയും വറ്റിച്ചുകളഞ്ഞിരുന്നു. 

 

ആശുപത്രിമുറ്റത്ത് രണ്ട് ഓട്ടോകളിൽ കൈലിമുണ്ടുടുത്ത നാലാണുങ്ങളും സാരിവാരിചുറ്റിയ നാലു പെണ്ണുങ്ങളും വന്നിറങ്ങി. കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം വിറങ്ങലിച്ചു നിന്നിരുന്ന ആശുപത്രി ഇടനാഴിയുടെ ചുവരുകൾ അവിടെ വന്ന പെണ്ണുങ്ങളുടെ കരച്ചിലുകൾ പ്രതിധ്വനിപ്പിച്ചുതുടങ്ങി. ആ പ്രതിധ്വനികൾക്കിടയിൽ ആരുമല്ലാതായ ഞാൻ പുറത്തേക്കിറങ്ങി. ഓട്ടോയിൽ കിടന്നുറങ്ങിയിരുന്ന ഓട്ടോക്കാരനെ വിളിച്ചുണർത്തി. ആ സമയത്തിനിടക്ക് അയാൾ ഓട്ടോ കഴുകിയിരുന്നു എന്നിട്ടും ചോരയുടെയും വിയർപ്പിന്റെയും ഗന്ധം ഓട്ടോക്കുള്ളിൽ തങ്ങി നിന്നിരുന്നു.

 

വഴിയിൽ രണ്ടുതവണ ഞാൻ ഓട്ടോ നിർത്തിച്ചു. രണ്ടാമത് നിർത്തിയത് തട്ടുകടയിൽ കാപ്പി കുടിക്കാനായിരുന്നു. ആദ്യം നിർത്തിച്ചത് പള്ളിക്കു മുൻപിലായിരുന്നു. പാഖിയുടെ ദൈവത്തിന്റെ പ്രതിമയുടെ വില ഞാൻ കർത്താവിനെ മടിയിൽ കിടത്തിയിരിക്കുന്ന മാതാവിന്റെ പ്രതിമയുടെ മുന്നിൽ വെച്ചിരുന്ന നേർച്ചപ്പെട്ടിയിലിട്ടു. എന്താണ് പ്രാർത്ഥിക്കണ്ടതെന്നറിയാമായിരുന്നെങ്കിലും അതെങ്ങനെ പ്രാർത്ഥിക്കണമെന്നറിയാത്ത ഞാൻ കുറച്ചുനേരം ആ അമ്മയേയും മകനെയും കണ്ണിമവെട്ടാതെ നോക്കിനിന്ന ശേഷം തിരകെ ഓട്ടോയിൽ വന്നുകയറി. ആശുപത്രിയിൽനിന്നു തുടങ്ങിയ എന്റെ മടക്കയാത്രയിൽ ആദ്യം കണ്ട ദൈവമെന്ന നിലയിലാണ് ഞാനതു ചെയ്തത്. ആസ്ഥലത്ത് അമ്പലമോ മോസ്ക്കോ കണ്ടിരുന്നെങ്കിലും ഞാനിതുതന്നെ ചെയ്യുമായിരുന്നു. 

 

വീടിന്റെ മുൻ വാതിലിന് അമ്മ കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല. പുറത്തെ കുളിമുറിയിൽ കയറി കുളിയും കഴിഞ്ഞ് കതക് ശബ്ദമുണ്ടാക്കാതെ തുറന്ന് കട്ടിലിൽ കിടന്നപ്പോൾ മണിയറയിൽ രാത്രി ചതഞ്ഞരയുന്ന മുല്ലപ്പൂക്കളുടെ ഗന്ധം. എന്റെ ഓർമ്മകളുടെ അതേഗന്ധം. ഓർമ്മകളുടെ മെത്തയിൽ കിടന്നാൽ ഒരിക്കലും ഉറക്കം വരാത്തത്രയും ഓർമ്മകൾ കൊണ്ട് മനസ്സുനിറഞ്ഞു തുടങ്ങി. സമയത്തിന്റെ ഏതോ ഒരു നിമിഷത്തിൽ ഓർമ്മകൾക്ക് മീതെ ഉറക്കത്തിന് എത്തിപ്പെടാൻ സാധിച്ചിരിക്കണം. മനസ്സിനെ ശരീരം കീഴടക്കുന്ന ആ നിമിഷമേതായിരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്റെ ഉറക്കമില്ലാത്ത ഓർമ്മകൾ ഒന്നവസാനിപ്പിക്കാമായിരുന്നു. ആ ഉറക്കം ഉച്ചക്ക് ഒരുമണിക്കാണവസാനിച്ചത് ഇനി മണിക്കൂറുകൾ മാത്രം രണ്ടാഴ്ചത്തേക്കുള്ള ഡ്രസ്സെടുക്കണം ഒരു യാത്രക്കൊരുങ്ങണം എല്ലായാത്രകളിലും സാധാരണമായതൊക്കെ ഇന്നെന്തോ ഭാരമായിതോന്നുന്നു. രാത്രി പത്തുമണിക്ക് എന്നെ കൊണ്ടുപോകാൻ മംഗലാപുരം വരെ പോകുന്ന ട്രെയിനെത്തും. സമയം കിട്ടിയാൽ പാഖിയെ ഒന്നുകൂടി കാണണം ഞാൻ തീരുമാനിച്ചു. 

 

കല്യാണം കഴിഞ്ഞൊരുമാസം കഴിഞ്ഞിട്ടാണവൾ വീണ്ടും വിളിച്ചത് കല്യാണത്തിന് വരാതിരുന്നതിന്റെ കാരണം അന്വേഷിക്കാനായിരുന്നു ആ ഫോൺവിളി. എത്ര സന്തോഷത്തോടെയാണവൾ എന്റെ വിശേഷങ്ങൾ തിരക്കയത്. അടുത്തമാസം അവൾ ഗൾഫിലേക്കു പോകുകയാണെന്നും പറഞ്ഞു. ഏതെങ്കിലും നരകത്തിലേക്കു പോകാനാണ് ആദ്യം പറയാൻ തോന്നിയത്. അടുത്ത ടേബിളിൽ എൽ ഡി ക്ലർക്ക് നന്ദനയുണ്ടായിരുന്നതു കൊണ്ടു മാത്രമാണ് ആ ഫോൺ കോൾ ഒരു വഴക്കിൽ അവസാനിക്കാതിരുന്നത്. ബന്ധത്തിൽ ഒരുകുട്ടിക്ക് ആക്സിഡന്റുണ്ടായതുകൊണ്ടാണ് വരാതിരുന്നതെന്ന് സൗമ്യമായി അവളോട് പറയേണ്ടി വന്നു. ആ ഒരു മാസത്തിനിടക്ക് പാഖിയുടെ കാര്യം ഇന്നാണ് ഞാൻ വീണ്ടും ഓർമ്മിച്ചത്. അവളിപ്പോൾ ഡിസ്ചാർജ്ജായിക്കാണും ഇനി പാഖിയെ ഒരിക്കൽ കൂടി കാണാൻ പറ്റുമോ അറിയില്ല. ഞാനാണവളെ രക്ഷിച്ചതെന്നകാര്യം ഒരിക്കലും അവളറിഞ്ഞിരിക്കാനിടയില്ല. പിറ്റേന്ന് ഒന്നുകൂടി ആശുപത്രിയിൽ പോകണ്ടതായിരുന്നു പറ്റിയില്ല. 

കോട്ടയത്തെ 0481 കോഡ് നമ്പരിൽ തുടങ്ങുന്ന ഏതോ ലാൻഡ് നമ്പറിൽ നിന്നും പരിചയമില്ലാത്ത കോൾ കണ്ടപ്പോൾ കുറച്ച് സംശയിച്ചാണ് കോൾ എടുത്തത്.

 

ഹലോ ഇതു കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഓഫീസീന്നാരുന്നേ…. നിങ്ങളുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  റെഡിയായിട്ടുണ്ട്.

 

മരിച്ചത് ഞാനായിരുന്നില്ല പാഖിയായിരുന്നു, അവൾ എപ്പോഴോ മരിച്ചുപോയി. ഡി.ഇ.ഒ അഷറഫ് സാറിനോട് ഉച്ചക്കു ശേഷം ഒരു ഹാഫ് ഡേ കാഷ്വൽ ലീവ്ചോദിക്കണം ഇനി ജോലിചെയ്യാൻ വയ്യ. പാഖിയുടെ കണ്ണുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അന്നുരാത്രിയിൽ ഞാൻ ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അവൾ മരിക്കുമെന്നോർത്തിരുന്നില്ല. അവൾ മരിക്കാൻ എന്തായിരിക്കും കാരണം അതെനിക്കറിയണമെന്നു തോന്നി. ശനിയാഴ്ചകൂടി ലീവെടുത്ത് പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വാങ്ങാൻ ഹോസ്പിറ്റൽ വരെ പോകണം അപ്പോൾ മരണകാരണവും അറിയാൻ പറ്റും. വരാവൽ എക്സ്പ്രസിന്റെ ജനറൽ കംപാർട്ടുമെന്റിലിരിക്കുമ്പോൾ അടുത്ത കംപാർട്ടുമന്റിൽനിന്നും പൊട്ടിയ ടൈൽ കഷ്ണങ്ങൾ വിരലുകൾക്കിടയിൽ പിടിച്ച് താളംമിടുന്നതിന്റെ ശബ്ദം കേട്ടുതുടങ്ങി ടൈൽ കൂട്ടിമുട്ടുന്ന താളത്തിനൊപ്പം എ ആർ റഹ്മാന്റെ ഒരു ഹിന്ദിപാട്ട് പ്രത്യേകശബ്ദത്തിൽ അയാൾ പാടുന്നുണ്ടായിരുന്നു. അതെന്നെ വീണ്ടും പാഖിയുടെ ഓർമ്മകളിലേക്കു വലിച്ചെറിഞ്ഞു. വെളുപ്പിനെ മൂന്നുമണിക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോൾ ആശുപത്രിക്കു മുന്നിലൂടെയുള്ള വഴിയിലൂടെ പോകാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്റെ വീട്ടിലേക്കുള്ള എളുപ്പവഴി അതായിരുന്നില്ല. ഒരു മാസം മുൻപുള്ള മറക്കാനാവാത്ത ആ ഉത്സവ രാത്രിയുടെ ഓർമ്മകളിലേക്കുള്ള എളുപ്പവഴി അതുമാത്രമായിരുന്നു. ആശുപത്രി -കുരിശടി- തിരുനക്കരക്കല്ല്-അമ്പല മൈതാനം അങ്ങനെ ഓർമ്മകളെപ്പോലെ തിരിച്ചൊരുയാത്ര.

 

ആശുപത്രിയിൽനിന്നും രണ്ട് അഡ്രസ്സും ഒരു ഫോൺനമ്പറും മാത്രമാണെനിക്ക് കിട്ടിയത്. ഫോൺ നമ്പർ എന്റേതു തന്നെയായിരുന്നു. മേൽവിലാസങ്ങൾ ഫോറൻസിക് സർജന്റെയും പാഖിയുടെ അച്ഛൻ ശരവണന്റെയും. ആദ്യം ഞാൻ പോയത് പാഖിയെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അടുത്തേക്കായിരുന്നു. പാഖിയെ കണ്ടതുമുതലുള്ള എല്ലാ സംഭവങ്ങളും അവളെ കീറി മുറിച്ചു മരണകാരണം കണ്ടെത്തിയ ഡോക്ടറോട് ഞാൻ പറഞ്ഞു. അതുകൊണ്ടാവണം അറിയാനുള്ള എന്റെ അവകാശത്തെ അയാൾ നിഷേധിച്ചില്ല ആ മെലിഞ്ഞ മനുഷ്യൻ അലമാരിയിൽ നിന്നും ഡയറി തപ്പിയെടുത്ത് താളുകൾ പിന്നോട്ടു മറിച്ചു. ആശുപത്രിയിലേക്ക് റഫർ ചെയ്ത പേഷ്യന്റായിരുന്നു പാഖി ബോധക്ഷയമായിരുന്നു കാരണം. വഴിയിൽ എപ്പോഴോ അവൾ മരിച്ചിരുന്നിരിക്കണം അവളുടെ ജീവൻ നഷ്ടപ്പെട്ട സമയവും അയാൾ എനിക്ക് പറഞ്ഞുതന്നു. ആദ്യം മരിച്ചത് തലച്ചോറായിരുന്നു. പിന്നെ ഹൃദയം അങ്ങനെ ജീവൻ നഷ്ടപ്പെട്ട അവയവങ്ങളുടെ ഒരു ലിസ്റ്റും അയാൾ പറഞ്ഞു. തലക്കുള്ളിലെ കട്ടപിടിച്ച രക്തം അതായിരുന്നു മരണകാരണം.

 

ഡയറി അടച്ച് അലമാരക്കുള്ളിൽ തിരികെവച്ചതിനു ശേഷം ഒരു കാര്യം കൂടി അയാൾ പറഞ്ഞു ആ കുട്ടി ഒരു മാസം തികയ്ക്കില്ലായിരുന്നു അങ്ങനെയൊരസുഖത്തിന്റെ അവസാനഘട്ടത്തിലായിരുന്നു. അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ വേദനയേറിയ മരണം അവളെ കാത്തിരിക്കുകയായിരുന്നു. പക്ഷേ മരണം അവൾക്കു ബോധമില്ലാത്ത ഏതോ ഒരു നിമിഷത്തിൽ സംഭവിച്ചു ഭാഗ്യമുള്ള കുട്ടി. അസുഖത്തിന്റെ കാര്യം റിപ്പോർട്ടിൽ ചേർത്തിട്ടില്ല ചിലപ്പോൾ ക്ലയിം കുറയും. ആളോ പോയി കുറച്ചു പണമെങ്കിലും കിട്ടട്ടെ. ദൈവത്തിന്റെ ഓരോ കളികൾ അല്ലാതെന്താ ഇതിനൊക്കെ പറയുക. അതിൽ ഏതായിരുന്നു ദൈവത്തിന്റെ കളി എല്ലാം അവൾക്കു ചുറ്റും നിന്നകുറെ പരിചിതരും അപരിചിതരും ചേർന്നെടുത്ത തീരുമാനങ്ങളുടെ ഫലങ്ങൾ മാത്രമായിരുന്നില്ലേ. അവൾ ജനിക്കാൻ കാരണമായ അവളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹം പോലും ചിലപ്പോൾ അങ്ങനെയായിരിക്കാം. ഒരു ചിരിയിൽ മറുപടിയൊതുക്കി അയാളോട് നന്ദി പറഞ്ഞ് ഞാനിറങ്ങി. 

 

ശരവണൻ, നിർമ്മിതി കോളനി, ലൈൻ നമ്പർ-2, ഹൗസ് നമ്പർ -12 നിർമ്മിതികോളനിയിലേക്കുള്ള വലിയ കോൺക്രീറ്റ് ഗേറ്റിനു മുന്നിൽ നിറയെ പൂത്തു നിന്ന ഒരു കണിക്കൊന്ന മരത്തിൽ പാഖിയുടെ നിറം മങ്ങിയ ചരമച്ചിത്രം തൂങ്ങിയാടുന്നുണ്ടായിരുന്നു. താഴ്ചയിലുള്ള വഴികൾ അതിനിരുവശങ്ങളിലുമായി ഉയർന്നു നിൽക്കുന്ന ആസ്ബറ്റോസ്ഷീറ്റിട്ട വീടുകൾ അതിലെ രണ്ടാമത്തെ വഴിയിലെ അവസാനത്തെ വീടെനിക്കൊരാൾ ചൂണ്ടിക്കാണിച്ചു തന്നു. 

 

പാഖിയെന്ന കുട്ടിയുടെ വേർപാടിന്റെ നിശബ്ദത അവിടെയാകെ പരന്നിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ടിട്ടാവണം തൊട്ടടുത്ത വീട്ടിൽ നിന്നും ഒരു സത്രീ ഇറങ്ങിവന്നു. ചുറ്റുപാടും അവർ ഏകജീവിയായിരുന്നു. അതുകൊണ്ടുതന്നെ പാഖിയുടെ അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ എനിക്കവരോടുതന്നെ ചോദിക്കേണ്ടിവന്നു. രണ്ടു വീടുകൾക്കും കൂടി ഒരു ഗേറ്റായിരുന്നു ഇരുവശത്തേക്കും കയറിപ്പോകാവുന്ന നടകൾ അതിൽ വെള്ളമൊഴിക്കാതെ വാടിക്കരിഞ്ഞുതുടങ്ങിയ ജമന്തി ചെടിച്ചട്ടികൾ വച്ചിരുന്ന നടകൾ  അവർ എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു

നടകൾ കയറുമ്പോൾ എന്നിലെ എല്ലാ ഞാനുകളും ഒരു കാര്യം മാത്രമായിരുന്നു ചിന്തിച്ചിരുന്നത് അയാളുടെ എന്നോടുള്ള പ്രതികരണം. എന്നെതിരിച്ചറിയുമ്പോൾ അയാൾ വീണ്ടും കരഞ്ഞേക്കും. അതിനയാളെ അനുവദിക്കരുത്. ആദ്യം തന്നെ ഒഫീഷ്യലായിട്ട് സംസാരിച്ചു തുടങ്ങണം പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കാര്യം പറയണം. അയാളുടെ ഫോൺ നമ്പർ വാങ്ങിയിട്ട് ആശുപത്രിയിലെ ക്ലർക്കിനെ വിളിച്ച് നമ്പർ കൊടുക്കണം. എന്നിട്ട് എത്രയും പെട്ടന്ന് ഈ നിശബ്ദതയിൽ നിന്നും പുറത്തു കടക്കണം. 

 

വാതിലിന്റെ അരികിലെ കരിമ്പൻ കയറിയ കോളിംങ് ബെല്ലമർത്തിയിട്ട് അയാൾ വരാനായി ഞാൻ കാത്തുനിന്നു. വയസ്സായ ആ സ്ത്രീ എന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. എനിക്കത് വളരെ അരോചകമായിരുന്നെങ്കിലും ആനോട്ടത്തെ വെല്ലുവിളിച്ചുകൊണ്ട് വാതിലിലേക്ക് തന്നെ നോക്കി കുറച്ചുനേരം കൂടി ഞാൻ നിന്നു. പ്രതികരണമൊന്നുമില്ലാതായപ്പോൾ ആ സ്ത്രീയെ വീണ്ടും ഞാൻ സംശയത്തോടെ നോക്കി എന്റെ നോട്ടം പ്രതീക്ഷിച്ചു തന്നെയായിരുന്നു അവർ അവിടെ നിന്നിരുന്നതെന്നെനിക്കു മനസ്സിലായി. അവർ വീണ്ടും കൈചൂണ്ടിയഭാഗത്തേക്ക് ഞാൻ നടന്നു ആ വീടിനരികിലൂടെ ഒരാൾക്ക് കഷ്ടിച്ചു നടക്കാവുന്നത്ര വീതി മാത്രമുള്ള വഴി. വീടിനു പുറകിലായി പൊക്കം കുറഞ്ഞ ഓലമേഞ്ഞ കൂരയിലായിരുന്നു ആ വഴി അവസാനിച്ചത്. ഓലകൊണ്ടു മെടഞ്ഞുണ്ടാക്കിയ വാതിൽ ചാരിയിരുന്നു. 

 

വാതിൽ തുറന്നപ്പേൾ വാതിലിന്റെ ഓലദ്രവിച്ച് ഈർക്കിൽ ഉന്തിനിൽക്കുന്ന താഴെ ഭാഗം ഉരഞ്ഞ് മണൽ വിരിച്ച തറയിൽ മഴവില്ലു വരച്ചപോലെയുള്ള പാടുകൾ വീണു അതിൽ ചവിട്ടി ഞാൻ അകത്തേക്കു കയറി. അധികമൊന്നും വലിപ്പമില്ലാത്ത ആ മുറിയിൽ നടുക്ക് ഒരു മേശയും കസേരയും മാത്രം ആ കസേരയിൽ ഇരുന്നിട്ട് മേശപ്പുറത്തേക്ക് തലവെച്ചു കിടക്കുകയായിരുന്നു അയാൾ. മേശപ്പുറത്തും തറയിലും വില കുറഞ്ഞ മദ്യക്കുപ്പികൾ ചിതറിക്കിടന്നിരുന്നു. തുറന്ന പ്ലാസ്റ്റിക്ക് ജഗ്ഗിൽ മിച്ചമിരുന്ന വെള്ളത്തിൽ എപ്പോഴോ അകപ്പെട്ട പ്രാണികൾ കൂട്ടച്ചാവിന്റെ ഒരു പാടതീർത്തിരുന്നു. അതിൽ ചില പ്രാണികളുടെ ജീവൻ പോയിരുന്നില്ല അവ ഇടക്കിടെ പിടച്ചിട്ട് ജീവൻ പോകുന്നതും കാത്ത് ജഗ്ഗിനുള്ളിൽത്തന്നെ കിടന്നു. 

മുറിയുടെ വശങ്ങളിലെ ഷെൽഫുകളിലെ പ്രതിമകളെല്ലാം തകർത്തിരിക്കുന്നു. എപ്പഴോ അയാൾ തന്നെ തകർത്തതാവണം. തകർന്ന പ്രതിമകളുടെ കഷ്ണങ്ങൾ മുറിയിൽ ചിതറിക്കിടക്കുന്നു. ഒരുമൂലയിൽ പ്രതിമകളുടെ അച്ചുകൾ കേടൊന്നും പറ്റാതെ കിടക്കുന്നുണ്ടായിരുന്നു. അവയ്ക്ക് രൂപങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു ഒന്നിന്റെയും മുഖം വ്യക്തമല്ലാത്തതുകൊണ്ട് ഏതു പ്രതിമയാണതെന്ന് തിരിച്ചറിയാൻ സാധിക്കില്ലായിരുന്നു. പോസ്റ്റു മോർട്ടം കഴിഞ്ഞ് വൃത്തിയാക്കാത്ത മുറിപോലെയായിരുന്നു അവിടം. കളിമണ്ണിന്റെയും പ്ലാസ്റ്റർ ഓഫ് പാരീസിന്റെയും കഷ്ണങ്ങളിൽ ചവിട്ടാതെ എനിക്ക് അയാളുടെ അടുത്തെത്താനാവുമായിരുന്നില്ല.

 

ശരവണന്റെ തോളിൽതട്ടി ഞാൻ വിളിച്ചു അയാളെന്നെ തിരിച്ചറിഞ്ഞില്ല. മദ്യലഹരിയുടെ കടുത്ത നിർവ്വികാര ഭാവം മാത്രം നോട്ടത്തിൽ ഞാനറിഞ്ഞു. ഫോൺ നമ്പർ ചോദിച്ചപ്പോൾ അയാൾ കൈയ്യുയർത്തിക്കാണിച്ച ഭാഗത്തെ ഷെൽഫിന്റെ പലകയിൽ ചോക്കിൽ കുറിച്ചിട്ട നമ്പർ ഞാൻ കണ്ടു നമ്പർ എഴുതിയിരുന്ന പലകയുടെ വശത്ത് മലയാളം പത്രത്തിലെ പാഖിയുടെ ചിത്രമുൾപ്പടെയുള്ള ചരമവാർത്ത വെട്ടിയൊട്ടിച്ചിരുന്നു. 

 

ആശുപത്രിയിലെ ക്ലർക്കിനെ വിളിച്ച് ശരവണന്റെ നമ്പർ പറഞ്ഞുകൊടുക്കുന്നതിനിടക്ക് ആ ഷെൽഫിന്റെ മൂലക്കിരുന്ന ഒരു പൊതി എന്റെ കണ്ണിൽപ്പെട്ടു. പാഖി ഉത്സവപ്പറമ്പിൽവച്ച് എനിക്കായി പൊതിഞ്ഞെടുത്ത ദൈവത്തിന്റെ പ്രതിമ പോലെ തന്നെ അതേ പോസ്റ്റർ ഞാനാപൊതിച്ചിൽ അഴിച്ചു തുടങ്ങി. ആ മുറിയിലെ ഉടയാത്ത ദൈവത്തിന്റെ പ്രതിമ അതുമാത്രമായിരുന്നു.

 

ഈ കിടക്കുന്ന മനുഷ്യനോട് ഞാനെന്തു പറയാനാണ് അപകടം സംഭവിച്ചില്ലെങ്കിലും അയാളുടെ മകൾ ഒരു മാസത്തിനുള്ളിൽ കടുത്ത വേദനയനുഭവിച്ചു മരിക്കുമെന്നോ മകളുടെ മരണത്ത അഭിമുഖീകരിച്ചതെങ്ങനെയെന്ന് വിവരിക്കുന്ന റിപ്പോർട്ട് തയാറായിട്ടുണ്ടെന്നോ ഇതൊക്കെ ഇയാളോടു പറയാൻ ഞാൻ ദൈവമല്ല എനിക്ക് ചുറ്റും നിൽക്കുന്ന ഞാനിടപഴകുന്ന നിങ്ങളാണ് എന്റെ ദൈവങ്ങൾ. പണം കൊടുത്തു വാങ്ങാത്ത ഉടയാത്ത ദൈവത്തിന്റ പ്രതിമയുമായി ഞാൻ മണലിൽ വാതിൽ വരച്ച മഴവിൽ വരകളിൽ ചവിട്ടി പുറത്തേക്ക് നടന്നു.

 

Content Summary: Daivathinte Prethimakal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com