ADVERTISEMENT

നരഭോജി (കഥ)

 

രാത്രികൾ പലപ്പോഴും നിഗൂഢതകളുടേതാണ്... തൊടിയിലെ മഹാഗണി ചില്ലയിലിരിക്കുന്ന നത്തിന്റെ കണ്ണിനും... വവ്വാലിന്റെ കൂട്ട ചിറകടിക്കും ഗന്ധർവ്വന്മാരുടെ അനുരാഗത്തിനും.. യക്ഷിയമ്പല നടകൾക്കും. എന്തിന്, നിശാഗന്ധി പൂക്കളുടെ സുഗന്ധത്തിനു പോലും  ഒരു നിഗൂഢതയുണ്ട്.

 

വെളിച്ചത്തിന്റെ ആലങ്കാരികതയിൽ കൊണ്ടുനടക്കുന്ന പല മുഖം മൂടികളും ഒരൊറ്റ രാത്രിയിൽ എരിഞ്ഞടങ്ങി വീണ്ടുമൊരു പുലരിയിൽ പൈശാചികതയുടെ കൂർത്ത പല്ലുകൾ മറച്ച് മോണകാട്ടി ചിരിക്കുന്നതായി മാറുന്ന മനുഷ്യ നരഭോജികളുടെ കൗശലവും, ക്രൂരതയും മുഴുവൻ നിറഞ്ഞിരിക്കുന്നത് ഒരു പക്ഷേ രാവിന്റെ ഇരുട്ടിലും, ഇരുട്ടിന്റെ നിശബ്ദതയിലും ആയിരിക്കണം. നരഭോജികളെ കുറിച്ച് പണ്ട് മുത്തശ്ശിക്കഥയിൽ കേട്ടുമറന്ന ഒരോർമയുണ്ട്.

 

എന്നാൽ ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ രക്തവും, മാംസവും മത്തുളവാക്കുമ്പോൾ സംഭവിക്കുന്ന വികൃത വികാരങ്ങളിലൂടെയുള്ള എന്റെ കുറ്റാന്വേഷണ കാലത്തെ ആദ്യ യാത്രയായിരുന്നു ‘ഒറ്റപ്പാലം ഇരട്ടകൊലപാതകം കേസ് ’

 

പക്ഷേ ഇവിടെ വീര്യം അല്പം കൂടുതലാണ്. കുറ്റകൃത്യത്തിൽ എവിടെയൊക്കെയോ പഴുതുകൾ തുറന്നു വെക്കപ്പെട്ടിട്ടുണ്ട്. കൊലപാതകി എത്ര വിദഗ്ദ്ധനായിരുന്നിട്ടും ഏതൊക്കെയോ തെളിവുകൾ നശിപ്പിക്കാൻ അയാൾ പാടെ മറന്നുപോയിട്ടുമുണ്ട്. കൊലപാതകം വെറും നാലുവയസ്സുകാരിയുടെ കുഞ്ഞുടുപ്പിനുള്ളിൽ വളർച്ചയെത്താതെയിരിക്കുന്ന സ്ത്രീത്വത്തിനും, അനീതി മറച്ചുപിടിക്കാനുള്ള വ്യഗ്രതക്കും വേണ്ടി ആകുമ്പോൾ ഈ കേസിലൂടെ കടന്നുപോകുക എന്നത് മനുഷ്യരായ കുറ്റാന്വേഷകർക്കും സ്വല്പം പൊള്ളുമെന്നതും, മുറിയുമെന്നതും തീർച്ച.

 

ഇത്രയും എഴുതി നിർത്തുമ്പോളും ഐപിഎസ് ഓഫീസർ ചാരുലതയുടെ മനസ്സ് വിങ്ങുകയായിരുന്നു. 2020 ഡയറിയിലെ മുപ്പത്തി മൂന്നാം പേജ്, അതായത് അന്ന് ഫെബ്രുവരി രണ്ട്. ഒറ്റപ്പാലം ഇരട്ട കൊലപാതക കേസിന്റെ  മൂന്നാം ദിനം. മന്ത്രിയുടെ പ്രത്യേക പത്രസമ്മേളനത്തിൽ നട്ടെല്ലില്ലാത്ത അന്വേഷണ മൂരാച്ചികളിൽ നിന്ന് ഒറ്റപ്പാലം കേസ്, അടിയറവു പറയാത്ത ചങ്കൂറ്റമുള്ള ചാരുലത ഐപിഎസിന്റെ മേശപ്പുറത്തു വന്നെത്തിയ ദിവസം.

 

മേലെപറമ്പിൽ എൽസ തോമസും മകൾ മെറിൻ തോമസും ജനുവരിയുടെ നഷ്ടം എന്നായിരുന്നു പത്രപ്രവർത്തകർ ആവേശത്തിൽ എഴുതിയത്. ഏതെങ്കിലുമൊരു ഒറ്റപ്പെട്ട തുരുത്തിൽ ശേഷിയില്ലാത്ത രണ്ടു കുഞ്ഞു ചെടികൾ കടപുഴകി വീണാലും വന്മരങ്ങളെ അവ ബാധിക്കാറില്ല എന്ന് തുടക്കത്തിലേ ഓർമപ്പെടുത്തട്ടെ.

 

പത്രത്തിൽ ആ ദിവസങ്ങളിൽ അച്ചടിച്ചു വന്ന എൽസയുടെയും, മെറിന്റെയും ചിരിച്ച ഫോട്ടോ നോക്കി ചാരുലത കുറെ നേരം ഇരുന്നു. എൽസയുടെ ഇടങ്കവിളിൽ ഒരു കറുത്ത മറുകുണ്ട്... മെറിനും കിട്ടിയിട്ടുണ്ട് അതേ മറുക്, പക്ഷേ ആ കുഞ്ഞു കവിളിൽ മറുകിനേക്കാൾ ഭംഗി നുണക്കുഴികൾക്കാണ്. എത്ര നിഷ്കളങ്കമായാണ് ആ കുഞ്ഞു പുഞ്ചിരിക്കുന്നത്.

 

ജീൻ ട്രാൻസ്‌ഫോർമേഷനിൽ കൈമാറപ്പെടുന്ന ജനറ്റിക് സ്വഭാവങ്ങൾ പോലെയാണ് കുറ്റാന്വേഷണത്തിൽ തെളിവുകളും. പിതൃത്വം എത്ര മറച്ച് പിടിച്ചാലും രക്തം രക്തത്തെ തിരിച്ചറിയുന്ന പോലെ... വഴിതിരിവുകൾ എത്ര നടന്നാലും ഒടുവിൽ കൊലയാളിയിൽ ചെന്നവസാനിക്കുക എന്ന പ്രത്യേകത കുറ്റാന്വേഷണങ്ങൾക്കുണ്ട്.

 

അന്ന് ജനുവരി മുപ്പത്തിയൊന്ന്, ചോരയുടെ മണമുള്ള പകൽ... നിശബ്ദതയുടെ ഒറ്റപ്പെടലുള്ള നാലുമുറി വീട്.

 

നിലത്തെ ഗ്രാനൈറ്റ് തറയിൽ അലക്ഷ്യമായി ചോരയിൽ കുതിർന്നു കിടക്കുന്ന വയലറ്റ് ഉടുപ്പ്. ആ നാലുവയസ്സുകാരിയുടെ കുഞ്ഞിക്കണ്ണുകൾ സ്വാഭാവികമായ ഉറക്കത്തിലേതെന്ന പോലെ അടഞ്ഞു കിടന്നിരുന്നു...

 

ചുണ്ടുകൾ മുഴുവൻ മനുഷ്യന്റെ കൂർത്ത പല്ലിനാലുള്ള കടിപ്പാടുകളായിരുന്നു. അതിൽ നിന്നും പൊടിഞ്ഞുവന്ന രക്തം കട്ടപിടിച്ചു കിടക്കുന്നു..

 

വെറും പിഞ്ചു കുഞ്ഞിന്റെ അടിവയർ തുരന്ന് അകത്തേക്ക് പോയ ഇരുമ്പു ദണ്ഡ് കണ്ട് നിങ്ങൾക്കെപ്പോഴെങ്കിലും ബോധക്ഷയം സംഭവിക്കുന്നതായി തോന്നിയിട്ടുണ്ടോ...??

 

അവളുടെ രജസ്വലയാകാത്ത യോനി ചൂഴ്ന്നെടുത്തവനെ നിങ്ങൾക്കെപ്പോഴെങ്കിലും നേർക്കുനേർ നേരിടേണ്ടതായി വന്നിട്ടുണ്ടോ..?

 

വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാത്ത പെൺജന്മങ്ങളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആകുലപ്പെട്ടിട്ടുണ്ടോ..?

 

മേശപ്പുറത്ത് അലക്ഷ്യമായി കിടക്കുന്ന തേന്മുട്ടായിയിൽ നിന്ന് ദേഹത്തേക്ക് അരിച്ചുവന്ന ഉറുമ്പിൻ കൂട്ടം, മുറിവിൽ നിന്നൊഴുകുന്ന ഇളം ചോരയിൽ കുതിർന്ന് ഒരു കുഞ്ഞിന്റെ യോനിവ്രണത്തിൽ അകപ്പെട്ടു കിടക്കുന്നതു കണ്ട് നിങ്ങൾ എപ്പോഴെങ്കിലും കണ്ണുപൊത്തിയിട്ടുണ്ടോ..?

 

ഇതാണോ ശവം തീനി ഉറുമ്പുകൾ...!

 

ശവംതീനി ഉറുമ്പുകൾ...

 

നരഭോജി മനുഷ്യർ...

 

അടുക്കളയോട് ചേർന്ന മുറിയിലെ പൊടി പിടിച്ച ഫാനിൽ തൂങ്ങി കിടക്കുന്ന വെള്ളയിൽ ചുവന്ന പൂക്കളുള്ള സാരിയുടെ അറ്റത്ത് എൽസയുടെ വടിവൊത്ത ശരീരം ഉലഞ്ഞു. പിൻകഴുത്തിൽ അവൾ ഇട്ടിരുന്നത് രണ്ടു കുരുക്കുകളായിരുന്നു. കിടക്ക വിരിപ്പിൽ മൂത്രത്തിന്റെ പാടുകൾ വ്യക്തമായിരുന്നു.

 

“നൊന്തു പെറ്റ കുഞ്ഞ് ഇങ്ങനെ ചത്തു മലച്ചു കിടക്കുന്നതു കാണുന്ന ഏത് തള്ളക്കാ ജീവിക്കാൻ തോന്നുക... ന്നാലും എന്റെ എൽസമോളും കൊച്ചും പോയല്ലോ കർത്താവേ”

 

ഇത് പറയുമ്പോഴും എൽസയുടെ മൂത്ത സഹോദരൻ ജോണിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു.

 

യൗവനം പൂത്തുലഞ്ഞു നിൽക്കുന്ന മുപ്പത്തിയഞ്ചു വയസ്സുകാരി എൽസ തോമസ് രണ്ടു വർഷങ്ങൾക്ക് മുൻപ് ഭർത്താവ് തോമസ്സിൽ നിന്ന് നടത്തിയ ഇറങ്ങിപോരൽ ആ നാട്ടിലന്ന് കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു.

 

ഒറ്റപ്പാലം കുടുംബ കോടതിയിൽ നിന്ന് അന്ന് രണ്ടുവയസ്സുകാരി മെറിനെയും മാറിൽ ചേർത്തുപിടിച്ച്‌ സഹോദരൻ ജോണിന്റെ കാറിൽ കയറുന്ന എൽസയുടെ മുഖത്ത് എട്ടുവർഷത്തെ പ്രണയത്തിന്റെയും, അന്നെത്തി നിന്ന വിരഹത്തിന്റെയും നിഴൽപാടുകൾ വ്യക്തമായി കാണാമായിരുന്നു. പക്ഷേ അന്നും എൽസ കരഞ്ഞിരുന്നില്ല.

 

എന്നും അവൾ അങ്ങനെയായിരുന്നു,

 

കോളജിലെ സമരരംഗത്ത് വീറോടെ നിന്ന പുരുഷ നേതാക്കന്മാരെക്കാൾ ഒരുപടി മുന്നിലായിരുന്നു എൽസയുടെ ധാർഷ്ട്യം. അതേ നിലപാട് കോടതിമുറിയിലും അവൾ തുടർന്നിരുന്നു.

 

പക്ഷേ തോമസിന്റെ കൺകോണിൽ എവിടെയൊക്കെയോ ഉപ്പ് നിറഞ്ഞിരുന്നു. ആർട്സ് കോളജിന്റെ പഴയ ലൈബ്രറി കെട്ടിടത്തിന്റെ ചുവരോട് ചേർന്ന് അവൾ തന്ന ആദ്യ ചുംബനവും, നിറഞ്ഞ വാക മരങ്ങളുള്ള കരിയാത്തൻ കുന്നിന്റെ മുകളിൽ മനോഹരമായി ഒഴുകി തീർന്ന അവരുടെ പ്രണയകാലവും, രജിസ്റ്റർ മാരേജിന് ശേഷം ഒന്നിച്ചു ജീവിച്ച ചിങ്ങമടത്തെ രണ്ടുമുറി വീടും, രണ്ടു വർഷങ്ങൾക്കു മുൻപ് ചോരകുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ തന്നിൽ അറിയാതെ നിറഞ്ഞ വാത്സല്യവും ഒരു നിമിഷത്തിൽ ആ കോടതി വളപ്പിലെ സിമെന്റ് ബെഞ്ചിൽ ഇരുന്ന് അയാൾ ഓർത്തുപോയി.

 

പിന്നെങ്ങിനെ അയാൾ കരയാതിരിക്കും.

 

ഇത്രമേൽ വേദനിപ്പിക്കുന്ന ഒരു വിടപറച്ചിലായിരുന്നു ജനുവരി മുപ്പത്തി ഒന്നിലേതും. എൽസയുടെയും, മെറിൻന്റെയും മരിച്ചു മരവിച്ച മൃതശരീരങ്ങൾ ആംബുലൻസിൽ കയറ്റുമ്പോൾ കണ്ണീരണിയാത്തവരായി ആരും തന്നെ ഇല്ലായിരുന്നു.

 

പോസ്റ്റുമോർട്ടം ടേബിളിന്റെ തണുപ്പിൽ നഗ്നരായി കീറി മുറിക്കാൻ ഊഴം കാത്തുകിടക്കുന്ന ആ രണ്ട് ആത്മാക്കൾക്ക് നമ്മോടു പറയാൻ എത്ര കഥകൾ കാണും... ? നമ്മൾ ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കിലെന്ന് അവരാഗ്രഹിക്കുന്ന എത്ര സത്യങ്ങൾ കാണും...?

 

ആശകളെല്ലാം പൂർത്തിയായി മരിച്ച മനുഷ്യരുണ്ടാകുമോ... ??

 

അവസാന പിടച്ചിലിലും അവരൊക്കെ ‘‘ഒരിക്കൽ കൂടി” എന്ന് ആരോടെന്നില്ലാതെ യാചിച്ചു കാണില്ലേ...?

 

കണ്ണിൽ ഇരുട്ട് വന്നങ്ങു നിറയുമ്പോൾ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കൊതിച്ചുകാണില്ലെ.. ?

 

പതിയെ പതിയെ നിശബ്ദമാകുന്ന ചുറ്റുപാടിൽ... മൗനമായതു ശബ്ദങ്ങളല്ല താനാണെന്ന് വേർതിരിക്കാൻ കഴിഞ്ഞു കാണുമോ..?

 

വരണ്ടുണങ്ങുന്ന നാവു കൊണ്ട്, ഒരു യാത്ര പറയാൻ കൊതിച്ചു കാണില്ലേ..?

 

തണുത്ത് തണുത്ത് കോച്ചിമരവിക്കുന്ന ശരീരത്തിൽ ഒരു കുഞ്ഞു സ്പർശം കൂടി  മോഹിച്ചു കാണില്ലേ.?

 

ഇനിയില്ലെന്ന് മനസ്സിലാക്കുന്ന നിമിഷത്തിനപ്പുറം ഒരു ഇരിഞ്ചു പോലും പ്രാണൻ തുടരാതിരിക്കട്ടെ. മരണത്തിനു മുൻപ് ഒറ്റ നിമിഷത്തിൽ നാമെന്തിന് മനപ്പൂർവ്വമല്ലെങ്കിലും മനസ്സിനെ തൂക്കിലേറ്റണം..

 

എത്ര മറപിടിച്ചാലും, മൂടിവെച്ചാലും, കുഴികുത്തി മൂടിയാലും, ചുട്ടെരിച്ചാലും സത്യം പുറത്തുവരുമെന്നത് വെറും ക്ളീഷെയല്ല. അങ്ങനെയായിരുന്നെങ്കിൽ എൽസയുടെ മരണം സ്വാഭാവികമായ ഒരു ആത്മഹത്യയായി എഴുതി തള്ളപ്പെട്ടേനെ...

 

“പോസ്റ്റ്മോർട്ടം ഹാങ്ങിങ് എന്ന് കേട്ടിട്ടില്ലേ..?’’

 

പച്ചമലയാളത്തിൽ പറഞ്ഞാൽ കൊന്ന് കെട്ടിത്തൂക്കുക. അതാണ് എൽസയുടെ കാര്യത്തിലും നടന്നിരുന്നത്. കൊലപാതകി തന്റെ കുറ്റകൃത്യം മറച്ചുവെയ്ക്കാൻ ചെയ്യുന്ന ചെറിയൊരു സൂത്രപ്പണി. ഒറ്റനോട്ടത്തിൽ തന്നെ ഈ കാര്യം വ്യക്തവുമായിരുന്നു. കുരുക്കിന്റെ മറുഭാഗത്ത് വായയിൽ നിന്ന് ആത്മഹത്യയുടെ സമയത്തു പുറത്തുവന്ന ഉമിനീരിന്റെ പാടുകളും, പുറത്തേക്ക് തള്ളി വന്ന് പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ച നാക്കും കാണാറുണ്ട്, എന്നാൽ ഇതൊന്നും തന്നെ എൽസയുടെ ശരീരത്തിൽ ഇല്ലായിരുന്നു. കൂടാതെ കടുത്ത പ്രതിരോധ ആക്രമണം നടന്നതിന്റെ മുറിപ്പാടുകളും വ്യക്തമായി അവളുടെ ശരീരത്തിൽ തെളിഞ്ഞുവന്നിരുന്നു, സാധാരണമായ ഒരു തൂങ്ങിമരണത്തിൽ ഇത്തരം മുറിവുകൾക്ക് പ്രസക്തി ഇല്ലല്ലോ. കൃത്യം വട്ടത്തിലും, ഒന്നിലധികവുമായി ഇട്ട കുരുക്കുകൾ ആത്മഹത്യക്കപ്പുറം ഒരു കൊലപാതകത്തിന്റെ സാധ്യതകൾ തുറന്നു വെച്ചു.

 

ചോദ്യമുനകളും, സംശയനോട്ടങ്ങളും ആദ്യം ഉയർന്നത് സ്വാഭാവികമായും തോമസ്സിലേക്കായിരുന്നു. മെറിനെ കാണാൻ മിക്കവാറും മാസവസാനങ്ങളിൽ തോമസ് വരാറുണ്ട്. അല്ലെങ്കിലും കോടതിയിലെ ഒരു ഡിവോഴ്സ് നോട്ടീസിൽ അറത്തു കളയാൻ പറ്റുന്നതല്ലല്ലോ അച്ഛനും മകളും തമ്മിലുള്ള രക്തബന്ധം. മെറിന്റെ നുണക്കുഴി പോലും തോമസ്സിൽ നിന്ന് പകർന്നു കിട്ടിയതായിരുന്നു. രണ്ടായിരത്തി ഇരുപത് ജനുവരി മുപ്പത്തിയൊന്നിനും തോമസ് മേലെപറമ്പിൽ വീട്ടിൽ എത്തിയിരുന്നു. കൈനിറയെ സമ്മാനപൊതികളുമായി എത്തുന്ന ആ യുവാവിന്റെ കണ്ണുകൾ പക്ഷേ പലപ്പോഴും എൽസയെ നേരിടാൻ വിമുഖത പ്രകടിപ്പിച്ചു. വിവാഹ മോചനത്തിനു ശേഷമുള്ള മുൻ ദമ്പതികളുടെ കണ്ടുമുട്ടൽ സത്യത്തിൽ അരോചകമാണ്.

 

കലാലയ കാലത്ത്‌ കൊടിയും പിടിച്ച്‌, താടിയും നീട്ടി നടന്ന തോമസിനോട്‌ തന്റെ പ്രണയം തുറന്നു പറയാനും, വൻസമ്പത്തിനും, ആൾബലത്തിനും ഉടമകളായ മേലെപ്പറമ്പിൽ വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ സാധാരണക്കാരനായ തോമസ്സിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോകാനും, ഒത്തുപോകില്ലെന്ന ഘട്ടത്തിൽ നാട്ടുകാരുടെ മുറുമുറുപ്പിനെ പുച്ഛിച്ച് ഡിവോഴ്സ് എന്ന ഒരു തുണ്ടു പേപ്പറിൽ ഒപ്പിടാനും എൽസക്ക് ആരും തന്നെ ധൈര്യം പകരേണ്ടിയിരുന്നില്ല.

 

എന്നിട്ടും ആ കൊലപാതകിക്ക് മുൻപിൽ അവൾ തളർന്നിരിക്കണം. ചിലപ്പോളെല്ലാം ജീവിതത്തിൽ നമ്മളിങ്ങിനെയാണ് ഏറ്റവും കരുത്തോടെ പോരാടേണ്ടിടത്ത് തോറ്റുപോകും.

 

തോമസ്സ് മേലെപറമ്പിൽ വീട്ടിൽ അന്ന് വന്നിരുന്നെന്ന കാരണം മാത്രം മതിയായിരുന്നു മൂരാച്ചി അന്വേഷണ ഉദ്യോഗസ്ഥർക്ക് അയാളെ അറസ്റ്റു ചെയ്യാൻ. അല്ലെങ്കിൽ തന്നെ എങ്ങിനെയാണ് സാഹചര്യങ്ങൾ മാത്രം കണക്കിലെടുത്ത് ഒരാളെ കുറ്റവാളിയെന്നു മുദ്ര കുത്തുക, കുറ്റാന്വേഷണത്തിൽ  തെളിവുകൾക്കാണ് പ്രാധാന്യം.ജയിലഴികളിൽ തലതല്ലി കരഞ്ഞ തോമസ്സിനെ കണ്ടു തെളിവെടുക്കാനായാണ് അന്ന് മെഡിക്കൽ കോളജ് ജനറൽ വാർഡിൽ ചാരുലത ഐ.പി.എസ് എത്തിയത്. പക്ഷേ അയാളല്ല കുറ്റവാളിയെന്നു മനസ്സിലാക്കാൻ ആ വിദഗ്ദ്ധ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കണ്ണിലേക്കുള്ള ഒരൊറ്റ നോട്ടം മാത്രം മതിയായിരുന്നു.

 

കുറ്റവാളിയുടെ കണ്ണുകൾ പലപ്പോഴും സാധാരണത്തേതിലും കുഴിഞ്ഞിരിക്കും, അയാളുടെ കൃഷ്ണമണികൾ താഴ്ന്നിരിക്കും, സ്വാഭാവികമായ ഒരു പരിഭ്രാന്തി കുറ്റവാളി താനറിയാതെ സൃഷ്ടിക്കും. പക്ഷേ, തോമസ് നിർവികാരനായിരുന്നു.

 

സ്വന്തം കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നെന്ന ആരോപണം നേരിടുന്ന ഒരച്ഛനായിരുന്നു അയാൾ.....

 

സ്വന്തം ഭാര്യയെ കൊന്ന് കെട്ടിതൂക്കിയെന്ന് നാട്ടുകാർ മുഴുവൻ വിധിയെഴുതിയ ഒരു ഭർത്താവായിരുന്നു അയാൾ. പിന്നെങ്ങിനെ അദ്ദേഹം മാനസിക നില കൈ വിടാതെ മനുഷ്യരെ അഭിമുഖീകരിക്കും. പ്രണയകാലത്തും ഒട്ടേറെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹത്തോടെ അത്  കലശലാകുകയായിരുന്നു... ഒത്തിരി അടുത്തറിഞ്ഞിട്ടും എൽസക്കും തോമസ്സിനും എവിടെയൊക്കെയോ പരസ്പരം മനസ്സിലാക്കാൻ പറ്റാതെയായി 

 

“ഞാനല്ല മാഡം, എന്റെ മോളല്ലേ മെറിൻ, ന്റെ കൊച്ചിനെ ഞാനെന്ത് ചെയ്യാനാ.. ന്റെ എല്ലാമായിരുന്നു എൽസ, പിരിഞ്ഞെങ്കിലും ഇന്നും അവൾക്ക് പകരം മറ്റാരെയും ഞാൻ കണ്ടിട്ടില്ല.”

 

ചാരുലതക്ക് മുന്നിൽ കൈകൂപ്പി ഇത്രയും പറയുമ്പോഴും തോമസ് കരയുന്നുണ്ടായിരുന്നു. മെറിന്റെ ദേഹത്തു നിന്ന് കിട്ടിയ മുടിയിഴകളും തോമസിന്റെ ജീനും തമ്മിൽ നടത്തിയ ഡി. എൻ. എ പരിശോധനയുടെ ഫലം നെഗറ്റീവ് ആയതും യഥാർഥ കുറ്റവാളി തോമസിനെ കരുവാക്കി ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യം അരക്കിട്ട് ഉറപ്പിച്ചു. 

 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കോപ്പി വായിച്ച് കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ജോണും രണ്ടു മൂന്ന് രാഷ്ട്രീയ പ്രവർത്തകരും ഐപിഎസ് ഓഫീസിൽ വിസിറ്റിംങ്ങിന് എത്തുന്നത്. ജോണിന്റെ കണ്ണുകൾ കരഞ്ഞു വീങ്ങിയിരുന്നു. അയാൾ സദാ മൗനിയായി തുടർന്നു. കേസന്വേഷണം ധ്രുത ഗതിയിലാക്കാനുള്ള അപേക്ഷ സമർപ്പിച്ചു മടങ്ങവെ രാഷ്ട്രീയക്കാരുടെ മുഖത്ത് ഒരു എക്സ്ട്രാ ഫിറ്റിങ് ചിരി തെളിഞ്ഞു വന്നിരുന്നു. കാര്യം കാണാനുള്ള ചിരി. ഇറങ്ങാൻ നേരത്ത് ജോൺ കൈ കൂപ്പി സഹോദരിയുടെയും, അവളുടെ നാലുവയസ്സുകാരി മകളുടെയും നീതിക്ക് വേണ്ടി അപേക്ഷിച്ചു.

 

കണ്ണീർ പ്രവാഹം അയാളുടെ വായിൽ ഉപ്പ് നിറച്ചു കാണണം. കൊടുത്ത പ്രതീക്ഷയിൽ അയാളൊന്ന് പുഞ്ചിരിച്ചു. പക്ഷേ അപ്പോഴും കണ്ണുകൾ താണുതന്നെ ഇരുന്നു. ഉള്ളം പല്ലിന്റെ വിടവിലൂടെ അയാളുടെ കണ്ണീർത്തുള്ളികൾ വായിൽ പടരുന്നത് അവർ നോക്കിനിന്നു. സത്യങ്ങൾ ചിലപ്പോൾ  അങ്ങിനെയാണ്. വളരെ ലോലമായ്‌ നമുക്ക് മുന്നിൽ വന്ന് ചിരിച്ച് അപ്രത്യക്ഷമാകും. അത്തരം ഒരു നിമിഷമായിരുന്നു അത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ടൂത്ത് ബൈറ്റിന്റെ ഭാഗം ഒന്നുകൂടി തിരയുമ്പോൾ ചാരുലതയുടെ കൈകൾ കുറ്റവാളിയിലേക്ക് കൂടുതൽ അടുക്കുകയായിരുന്നു. മെറിന്റെ ശരീരത്തിന്റെ ഫോട്ടോഗ്രാഫുകളിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കനൈൻ ടീത്തിനും, രണ്ടാമത്തെ പ്രീ മോളാർ ടീത്തിനും ഇടയിലെ ഒരു ഭാഗം (അതായത് ഒന്നാമത്തെ പ്രീ മോളാർ ടീത്തിന്റെ ഭാഗം) വിടവായി കാണാമായിരുന്നു... സത്യത്തിലേക്കുള്ള വിടവ്...

 

സ്വന്തം ശരീരം തന്നെയാണ് പലപ്പോഴും കുറ്റവാളിക്ക് തെളിവുകളായി മാറുന്നത്. ജോണിന്റെ പല്ലിലെ ആ വിടവ് ആവർത്തിച്ചാവർത്തിച്ച് ഓർത്തെടുക്കാൻ ചാരുലത ശ്രമിച്ചു കൊണ്ടിരുന്നു. അടുത്ത ദിവസം ജോണിന്റെ വീട്ടിൽ കുറ്റാന്വേഷണത്തെ കുറിച്ചു സംസാരിക്കാനെന്ന വ്യാജേന ഇരിക്കുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ ജോണിലേക്കുള്ള പ്രതി സാധ്യത അളക്കുകയായിരുന്നു.

 

സ്വീകരണ മുറിയുടെ മേശപ്പുറത്ത് അഴിച്ചു വെച്ചിരുന്ന അയാളുടെ ഷർട്ടിന്റെ പോക്കറ്റിലെ ചീർപ്പിൽ നിന്നും പറ്റിപിടിച്ച മുടിയിഴകളിലൊന്ന് ഒപ്പിക്കുക എന്നതും, അത് ഡി. എൻ. എ പരിശോധനയ്ക്ക് അയക്കുക എന്ന ദൗത്യവും സത്യത്തിൽ നിസ്സാരമായിരുന്നു.

 

മെറിന്റെ യോനിഭാഗത്തുനിന്നു ലഭിച്ച പ്രതിയുടെ ഗുഹ്യഭാഗത്തെ മുടിയിഴകളും, ജോണിന്റെ തലമുടിയും തമ്മിൽ ഫോറെൻസിക് ലാബിൽ വെച്ചു നടത്തിയ ഡി. എൻ. എ മാച്ചിങ്ങിന്റെ ഫലം പോസിറ്റീവ് ആയിരുന്നു.

 

സ്വന്തം സഹോദരി പുത്രിയെ, അതും വെറും നാലുവയസ്സുകാരിയെ കണ്ടപ്പോൾ ആ നാൽപ്പത്തിയഞ്ചുകാരനിൽ ഉണ്ടായ വികാരം എത്രമേൽ മൃഗീയമായിരിക്കും.

 

ഐ.പി.എസ് ഓഫീസിലെ ശീതീകരിച്ച മുറിയിലിരിക്കുമ്പോഴും ജോൺ വിയർക്കുന്നുണ്ടായിരുന്നു.

 

“ഏറ്റുപറയുന്നോ...? ”

 

ശബ്ദം ഉയർത്തി അയാളുടെ കണ്ണിലേക്ക് നോക്കികൊണ്ട് ചാരുലത ചോദിച്ചു.

 

“എന്ത്..? ”

 

“എന്തായിരിക്കും...?? ”

 

തികഞ്ഞ നിശബ്ദതക്കപ്പുറം ജോൺ ഇടറിക്കൊണ്ട് ചോദിച്ചു 

 

“അന്വേഷണം വല്ലതും നടക്കുന്നുണ്ടോ..?”

 

“കേസ് സ്വല്പം ഡിഫിക്കൾട്ടാണ്. എങ്കിലും പ്രതി ഇങ്ങനെ മുൻപിലിരിക്കുമ്പോൾ കണ്ടു പിടിക്കാൻ എന്ത് പ്രയാസം....?”

 

ജോണിന്റെ മുഖത്ത് ഞെട്ടലുണ്ടായില്ല, എങ്കിലും അയാളൊന്ന് വിറച്ചു, പിന്നെ കിതച്ചു... ശ്വാസം ധ്രുതഗതിയിലായി.

 

“എങ്ങനെ തോന്നിയെടോ തനിക്ക്...?”

 

സകല ദേഷ്യത്തോടെയും, വെറുപ്പോടെയും, അവജ്ഞയോടെയുമുള്ള ആ ചോദ്യത്തിൽ ജോൺ പ്രകോപിതനായി.

 

“ കൊന്നു.. ഞാൻ കൊന്നു.. രണ്ടിനേം കൊന്നു. ഞാനൊന്ന് അവളുടെ മോളെ തൊട്ടപ്പം അവൾക്ക് സഹിച്ചില്ല, രണ്ടിനേം ഇത്രേം കാലം തീറ്റിപോറ്റിട്ടുണ്ടെൽ രണ്ടിനേം കൊന്ന് തള്ളാനും ഈ ജോണിനറിയാം.”

 

അയാളുടെ സൗമ്യ മുഖം പൈശാചികമായി മാറിയിരുന്നു. പല്ല് ഞെരിച്ചു കൊണ്ട് അയാൾ ആരോടെന്നില്ലാതെ അലമുറയിട്ടു.

 

അടുത്ത ദിവസത്തെ പത്രത്തിലെ പ്രധാന വാർത്ത കണ്ട് ഒറ്റപ്പാലത്തുകാർ താടിക്ക് കൈകൊടുത്തു നിന്നു.

 

“ഒറ്റപ്പാലം ഇരട്ടകൊലപാതകം : എൽസയുടെയും, മകൾ മെറിന്റെയും ഘാതകൻ സഹോദരൻ ജോൺ മേലെപറമ്പിൽ.”

 

പത്രത്തിന്റെ  ഇരുപുറവും നിറഞ്ഞു നിന്ന വാർത്തയുടെ സാരാംശം ഇങ്ങനെയായിരുന്നു.

 

2020 ജനുവരി മുപ്പത്തിയൊന്നിന് എൽസ ജോലിക്ക് പോയ സമയത്ത് മെറിന് കൊടുക്കാൻ തേൻമുട്ടായിയും ആയി വന്ന ജോൺ തിരിച്ചിറങ്ങിയത് രണ്ട് മനുഷ്യരുടെ കൊലപാതകി ആയിട്ടാണ്.

 

ജോൺ കയറിചെല്ലുമ്പോൾ മെറിൻ ബാലരമയിലെ ചിത്രങ്ങളും നോക്കി ഇരിക്കുകയായിരുന്നു 

 

“ അങ്കിളേ... ”

 

നീട്ടി വിളിച്ചുകൊണ്ട് അവളോടി ചെന്നു.

 

തേൻമുട്ടായി നുകർന്നു രസിക്കുന്ന അവളുടെ കുഞ്ഞി ചുണ്ടുകളിലേക്ക് അയാൾ ചൂഴ്ന്നു നോക്കി.. ഉയർന്നു പൊങ്ങുന്ന നെഞ്ചിലേക്ക് നോക്കി..

മുട്ടിനുമുകളിലെ ഉടുപ്പ്  അയാൾ കണ്ണിമവെട്ടാതെ നോക്കിനിന്നു....

 

നേരം ഇരുട്ടി തുടങ്ങി... പുറത്ത് മഴ തിമർത്തു പെയ്യുകയാണ്. അയാൾ മെറിനെ എടുത്ത് മടിയിൽ വെച്ചു. മുട്ടിനു മുകളിലൂടെ കുഞ്ഞു തുടകളെ പിടിച്ചമർത്തി... അവളുടെ നെഞ്ചത്ത് അയാളുടെ കൈകൾ വലിഞ്ഞുമുറുകി... ജോൺ അപ്പോൾ ഒരു മനുഷ്യനല്ലാതെ ആയിത്തീരുകയായിരുന്നു . മൃഗത്തോട് ഉപമിച്ചാൽ അവയ്ക്ക് പോലും വെറുപ്പ് തോന്നുന്നവനായി മാറുകയായിരുന്നു.

 

“വിട് ജോണങ്കിളേ... എനിക്കിപ്പം മമ്മിയെ കാണണം.. ജോണങ്കിള് ചീത്തയാ... ”

 

ആ കുഞ്ഞു കരച്ചിൽ പിന്നീട് വെറും ഞരക്കം മാത്രമായി ഒതുങ്ങി. ജോണിന്റെ വില കൂടിയ പെർഫ്യൂമിന്റെയും വിയർപ്പിന്റെയും നാറ്റം മണിക്കൂറുകൾ കഴിഞ്ഞിട്ടും മെറിന്റെ കുഞ്ഞുടുപ്പിൽ നിന്ന് വിട്ടുപോയിരുന്നില്ല.

 

“ എന്റെ കുഞ്ഞ്....... ”

 

അതൊരു ആക്രോശമായിരുന്നു.. ചാരിയിട്ട  വാതിൽക്കൽ നിൽക്കുന്ന ജോലികഴിഞ്ഞെത്തിയ എൽസയെ കണ്ട് അയാൾ പരിഭ്രാന്തനായി. മുണ്ട് മുറുക്കിയുടുത്തു പിടഞ്ഞെഴുന്നേൽക്കുന്ന ജോണിന്റെ അരികിൽ പിച്ചിച്ചീന്തപ്പെട്ട നാലുവയസ്സുകാരിയുടെ പൂപോലെയുള്ള ശരീരം വിങ്ങുകയായിരുന്നു.

 

“മമ്മീ...... ” വിളിച്ചവസാനിപ്പിക്കുന്നതിന് മുൻപേ ആ ഞെരുക്കം നിലച്ചു.

 

സ്വന്തം അപ്പച്ചൻ മരിച്ചിട്ടും,

 

തോമസ്സുമായി വിവാഹമോചിതയായിട്ടും ഒന്നും എൽസ കരഞ്ഞിരുന്നില്ല... പക്ഷേ, അന്നവൾ വാവിട്ടു കരഞ്ഞു.. ഓരോ ഇടർച്ചയിലും തൊണ്ടക്കുഴി പൊട്ടുന്നതായി തോന്നി...

 

സ്വന്തം കുഞ്ഞിന്റെ മാനഭംഗകൊല, അതും സ്വന്തം സഹോദരനാൽ കാണേണ്ടി വരുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ നിങ്ങളൊരു നിമിഷം ആലോചിച്ചു നോക്കൂ..

 

ജോൺ ഉടനെ എൽസയുടെ മൂക്കും വായും പൊത്തിപിടിച്ചു. നിലതെറ്റി കിടക്കയിൽ വീണ എൽസയെ അയാൾ തലയിണ കൊണ്ട് ശ്വാസം മുട്ടിപ്പിച്ചു. കിടക്കവിരിയിൽ അവളുടെ മൂത്രം തളം കെട്ടിനിന്നു. പോസ്റ്റ്‌ മോർട്ടം, ആന്റി മോർട്ടം ഹാങ്ങിങ്ങുകൾ തമ്മിൽ അന്തരം ഉണ്ടെന്ന് വിദ്യാസമ്പന്നനായ ജോൺ ഒരു നിമിഷം മറന്നുപോയി.

 

നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, ഓമനിച്ചു വളർത്തിയ പെങ്ങളുടെ കൊല സ്വന്തം കൈകൊണ്ട് ചെയ്ത് ആ കൊല വെറും ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ഫാനിൽ കെട്ടി തൂക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ. 

 

എത്ര കൗശലമായി  കൃത്യം ചെയ്താലും കൊലയാളിയുടെ കണ്ണിനപ്പുറം അവശേഷിക്കുന്ന ചില തെളിവുകളുണ്ട്. ഏത് വലിയ വക്കീൽ വാദിച്ചാലും കുറ്റവാളിയെ കുരുക്കാൻ പറ്റുന്ന ആ തെളിവ് നമ്മുടെ കണ്മുൻപിൽ ചിരിയായും, നോട്ടങ്ങളായും അലയുന്നുണ്ട്. കുറ്റവാളിയുടെ കൺകെട്ടിനപ്പുറം എത്രയെത്ര സത്യത്തിന്റെ നേർകാഴ്ച്ചകൾ.

 

ഞാൻ തുടക്കത്തിൽ പറഞ്ഞില്ലേ രാത്രികളുടെ നിഗൂഢത. മനുഷ്യനോളവും, അവന്റെ കണ്ണിനോളവും നിഗൂഢമാണ് ഓരോ രാത്രികളും. ഇത്രമേൽ നിഗൂഢമായി രണ്ട് കൊലപാതകങ്ങൾ നടത്തിയിട്ടും ജോണിന് തന്റെ കൈകളോട് അറപ്പു തോന്നി കാണില്ലേ...??

 

നരഭോജികളെ കുറിച്ചുള്ള ഒരു മിസ്റ്റീരിയസ് നോവൽ വായിച്ചവസാനിപ്പിച്ച കാലമായിരുന്നു ചാരുലതക്കത്. എഴുത്തുകാരന്റെ സാങ്കല്പിക കഥാപാത്രം മാത്രമായിരുന്നു ആ കഥയിലെ നരഭോജി. പക്ഷേ നമ്മുടെയെല്ലാം ജീവിതത്തിൽ ജോണിനെ പോലെ എത്രയെത്ര നരഭോജികൾ.

 

മനുഷ്യ മാംസം കഴിക്കുന്നോ, രക്തം ഊറ്റി കുടിക്കുന്നോ ഇല്ലെങ്കിലും കർമം കൊണ്ട് നരഭോജികളായ എത്രയെത്ര മനുഷ്യർ...!

 

Content Summary: Narabhogi malayalam short story written by Theertha. K

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com