ADVERTISEMENT

അതിഥി (കഥ)

 

മണിനാദം കേട്ടാണ് ഞാനുണർന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെൽ ഒഴിവാക്കി അൽപം വലിയൊരു മണി സിറ്റൗട്ടിന് മുൻവശത്ത് തൂക്കി. അതിൽ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദർശകർക്ക് മണിനാദം മുഴക്കുന്നതിനാണിത്.

 

നിശബ്ദമായിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു മണിനാദം കേട്ടാൽ പ്രജ്ഞയുണരുമെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ മണിനാദം കേൾക്കുമ്പോൾ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് നടയടയ്ക്കുന്ന ഒരു ഫീലാണ് എനിക്കനുഭവപ്പെടാറുള്ളത്.

 

‘‘ണിം...’’

 

ആഴത്തിലുള്ള നിദ്രയുടെ ഭംഗത്തിലുണ്ടായ അസ്വസ്ഥതയിൽ മണി മുഴക്കിയതാരാണെന്ന ചിന്തയിൽ വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ തൊണ്ടയിൽ ദാഹത്തിന്റെ ശമനത്തിനായി ഒരു ചായ കിട്ടിയിരുന്നെങ്കിലെന്നൊരു തോന്നലുമുണ്ടായി. വാതിൽ തുറന്നപ്പോൾ നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്ക. പരിചിതമായ എന്തോ ഗന്ധം അപ്പോൾ അവിടെ നിറയുന്നതായി തോന്നി.

 

‘‘ബിജു കുമാറല്ലേ...?’’

 

ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ ആഗത എന്നോട് തിരക്കി.

 

‘‘അതെ... !’’

 

യാതൊരു പരിചയവുമില്ലാത്ത ഇവരാരെന്ന മുഖഭാവത്തിൽ ഞാൻ ഉത്തരം പറഞ്ഞു.

 

‘‘എം.ജി. ബിജുകുമാർ....?’’

 

അവരുറപ്പു വരുത്താനെന്നവണ്ണം വീണ്ടും ചോദിച്ചു.

 

‘‘അതെ..’’ എന്നു തലയാട്ടി ഞാനവരെ ശ്രദ്ധിച്ചു നിന്നു.

 

നിലവിളക്കിന്റെ പ്രഭയിൽ ചന്ദനത്തിരിയുടെ സവിശേഷ സൗരഭത്തിൽ നിൽക്കും പോലെ അവരുടെ മുഖത്തെന്തോ പ്രത്യേക ഭാവമാണെന്നെനിക്ക് തോന്നി.

 

‘‘കയറി വരൂ..’’

 

ഞാനവരോട് മെല്ലെ പറഞ്ഞു. അപ്പോളവർ അകത്തേക്ക് കയറി എന്റെ മുറിയിലെത്തി. എന്നിട്ട് ഭാവഭേദം കൂടാതെ എന്റെ കിടക്കയിലിരുന്നു. അവരടുത്തുകൂടി പോയപ്പോഴും ശരിക്കും പരിചിതമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.

 

‘‘ആരാ മനസിലായില്ല..?’’

 

അവർക്കഭിമുഖമായി കസേരയിലിരുന്നു കൊണ്ട് ഞാൻ തിരക്കി. അത് കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു.

 

കിടക്കയിൽ കുറേ പേപ്പറും പേനയും ഒരു റൈറ്റിംഗ് പാഡുമൊക്കെ ചിതറിക്കിടന്നിരുന്നു. ഒരു നീണ്ടകഥ എഴുതാനുള്ള ശ്രമമായിരുന്നു ആ കടലാസുകളിൽ. ഒരു ആശയം മനസ്സിൽ തോന്നിയത് ആറു മാസക്കാലത്തോളം മനസ്സിലിട്ട് നടന്നതിന്റെ ശേഷമാണ് കഥയായി എഴുതിത്തുടങ്ങിയത്. ഒന്നര മാസമായി എഴുതിത്തുടങ്ങിയിട്ടെങ്കിലും സമയക്കുറവും മടിയും കാരണം തുടർന്നെഴുതാത്തതിനാൽ മനസ്സ് ഇടയ്ക്കാക്കെ വ്യാകുലപ്പെടാറുമുണ്ട്.

 

ചിതറിക്കിടന്ന കടലാസുകളിൽ വിരലോടിച്ചു കൊണ്ട് ആഗത പതുക്കെപ്പറഞ്ഞു.

 

‘‘ഞാനാരാണെന്ന് പറഞ്ഞാൽ ഒരു പക്ഷേ അറിയാൻ വഴിയില്ല. പക്ഷേ...!’’ അവരത്രയും പറത്തു നിർത്തി.

 

പുറത്ത് നന്നായി മഴ പെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചപ്പോൾ

 

‘‘ജനാല അടച്ചേക്കൂ... നല്ല മഴയും കാറ്റുമാണ്...’’ എന്ന് ഞാനവരോട് പറഞ്ഞു. കാറ്റടിച്ചപ്പോൾ ജനാല വഴി തൂവാനമടിച്ചു കയറി.

 

‘‘ഏയ് വേണ്ട..! മഴയല്ലേ... മണ്ണിനൊപ്പം നമുക്കും തണുക്കണ്ടേ.... പ്രകൃതിയുടെ തലോടലല്ലേ..!’’ എന്ന് പറഞ്ഞ് അവർ വീണ്ടും പുഞ്ചിരിച്ചു.

 

‘‘മഴയോട് അഗാധമായ പ്രണയമാണെന്നാണെല്ലോ താങ്കളുടെ എഴുത്തുകളിലൊക്കെ, പിന്നെയെന്തിന് ജനാലയടയ്ക്കണം...?’’ 

 

ഇതെന്നോട് പറയുമ്പോഴും ഇതാരാണെന്ന ആകാംക്ഷ എന്റെയുള്ളിൽ നിറഞ്ഞു.

 

‘‘ആരാ..? എവിടെ നിന്നു വരുന്നു...?’’ ഞാനവരോട് വീണ്ടും ചോദിച്ചു.

 

അത് കേട്ടപ്പോൾ ആ സ്ത്രീ കിടക്കയിൽ ചിതറിക്കിടന്ന കടലാസുകളിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. എന്നിട്ടു തുടർന്നു.

 

‘‘ഞാൻ ആരാണെന്നും എവിടെ നിന്നു വരുന്നു എന്നതിനും വലിയ പ്രാധാന്യമില്ല. പക്ഷേ ഒരു കാര്യം പറയുവാനാണ് ഞാൻ വന്നത്...!’’

 

അവർ പറയുന്നത് ഒന്നു നിർത്തി. അവർ പുഞ്ചിരിച്ചു കൊണ്ട് പറയുന്നത് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.

 

‘‘നിങ്ങളെഴുതിത്തുടങ്ങിയ കഥയിലെ നായികയാണ് ഞാൻ. നിങ്ങളിതിലെഴുതിയത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.’’ അവരത്രയും കൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

 

ആ കഥ പൂർത്തിയായിട്ടില്ല. തന്നെയുമല്ല അതാരും വായിച്ചിട്ടുമില്ല. വെറുതെ ഒരാശയം കിട്ടിയപ്പോൾ കുറേനാൾ മനസ്സിൽ കൊണ്ടു നടന്നു. പിന്നെയത് വികസിപ്പിച്ചെഴുതാനുള്ള ശ്രമവുമാരംഭിച്ചു. അതാണ് പൂർത്തിയാകാത്ത ആ കഥ. തികച്ചും ഭാവനാപൂർണ്ണമാണത്.

 

‘‘അതെങ്ങനെ നിങ്ങൾ വായിച്ചു..?’’

 

ഞാൻ അത്ഭുതത്തോടെ തിരക്കി. അവർ തുടർന്നു.

 

‘‘മുഖപുസ്തകത്തിലെഴുതിയിടുന്ന നിങ്ങളുടെ കുറിപ്പുകൾ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഞാൻ കണ്ടത്. തുടർന്ന് നിങ്ങളെഴുതുന്നതൊക്കെ കൗതുകത്തോടെ ഞാൻ വായിക്കാറുണ്ടായിരുന്നു. നിങ്ങളെഴുതുന്ന നോവലിനെപ്പറ്റിയുള്ള കുറിപ്പും ഞാൻ കണ്ടിരുന്നു. അതിൽ കവിഞ്ഞ് നമ്മൾ തമ്മിൽ അറിയില്ല. യാതൊരു പരിചയമോ സൗഹൃദമോയില്ല.’’

 

ഒന്നു നിർത്തിയിട്ട് നീണ്ട മുടി മാടിയൊതുക്കിയിട്ട് അവർ തുടർന്നു.

 

‘‘പക്ഷേ, നിങ്ങളെഴുതിയ കഥയിലെ നായിക ഞാൻ തന്നെയാണ്. വിശ്വസിക്കാൻ പ്രയാസമുണ്ടാകും...’’

 

ദീർഘനിശ്വാസത്തോടെ വീണ്ടും അവർ പറഞ്ഞു തുടങ്ങുമ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു.

 

‘‘നിങ്ങളെഴുതിയ കഥയിൽ കോരിച്ചൊരിയുന്ന മഴയിൽ ഇടവഴിയിൽ മുട്ടറ്റം വെള്ളത്തിൽ പുസ്തകസഞ്ചിയുമായി നടന്ന കുട്ടിക്കാലം മുതൽ, ഉള്ളിലെ ആശകൾ നീർകുമിളകൾ പോലെ പൊട്ടിയ കൗമാരകാലത്ത് തലയിണയിൽ മുഖം അമർത്തിക്കരഞ്ഞ രാവുകൾ വരെയുള്ളതെല്ലാം എന്റെ ജീവിതകഥ തന്നെയാണ്. എന്നെ കൊതിപ്പിച്ചിരുന്ന പുഴയും അതിലേക്ക് നീളുന്ന കൽപ്പടവുകളിൽ പാദസരം കിലുക്കി നടന്നിരുന്ന പാവാടക്കാരിയുടെ കൗതുകങ്ങളും, ചായപ്പെൻസിലിനും നിറമാർന്ന കുപ്പിവളകൾക്കുമായി വഴക്കിട്ട് ശാഠ്യം പിടിച്ചിരുന്നതും എല്ലാം നിങ്ങൾ കഥയിൽ അതുപോലെ എഴുതിച്ചേർത്തിരിക്കുന്നു.’’

 

അത് പറയുമ്പോൾ അവരുടെ കണ്ഠമിടറുന്നതായി തോന്നി.

 

ജനലിലൂടെ വന്ന മിന്നലിൽ അവരുടെ കണ്ണുനീർത്തുള്ളികൾ വൈരക്കല്ലുകൾ പോലെ തിളങ്ങി. അതവരുടെ കവിളിലേക്കടർന്നു വീണു.

അവർ പറയുന്നത് കേട്ട് എന്റെ ഹൃദയം നിന്നുപോകുമോയെന്നനിക്ക് തോന്നിപ്പോയി.

 

mg-biju-kumar
എം.ജി. ബിജുകുമാർ, പന്തളം

കിടക്കയിൽ ചിതറിക്കിടന്ന കടലാസിൽ വിരലോടിച്ചു കൊണ്ട് അവരെന്നെ നോക്കിപ്പറഞ്ഞു.

 

‘‘കഥ പൂർത്തിയാക്കണം ബാക്കി കൂടി വായിക്കാൻ അതിയായ മോഹമുണ്ട്. തുടർന്നെഴുതുന്നതും എന്റെ കഥയുമായി സാമ്യമുള്ളതു തന്നെയാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അതെ.. അതെന്റെ കഥ തന്നെയാവുമെന്നെനിക്കുറപ്പുണ്ട്.’’

 

‘‘അയ്യോ ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല. നോവലെഴുതി പരിചയവുമില്ല. ഒരു ആഗ്രഹം തോന്നി എഴുതിത്തുടങ്ങിയെന്നേയുള്ളു.’’

ഞാൻ പറഞ്ഞപ്പോൾ അവർ എന്നെ നോക്കി പുഞ്ചിരിച്ചു.

 

‘‘അത് വായിച്ചു കഴിയുമ്പോഴല്ലേ അറിയാൻ കഴിയൂ.’’ ഒന്നു നിർത്തിയിട്ട് അവർ തുടർന്നു.

 

‘‘എനിക്ക് പേരിട്ടതിനെപ്പറ്റിയും, ഒരു പ്രത്യേക സോപ്പിനോടുള്ള എന്റെ ഭ്രമത്തത്തപ്പറ്റിയും എഴുതിയിരിക്കുന്നത് സത്യമാണ്.’’

 

അവർ ഒന്നു നിശ്വസിച്ചു.

 

മഴയിലും ഞാൻ വിയർത്തു കൊണ്ടിരുന്നു. കൈലിയുടെ തുമ്പു കൊണ്ട് ഞാൻ മുഖത്തെയും കഴുത്തിലെയും വിയർപ്പു തുടച്ചു. എന്ത് പറയണമെന്നറിയാതെ അവർ പറയുന്നതും കേട്ട് ഞാൻ അത്ഭുതത്തോടെയിരുന്നു.

 

അത്രയും കൂടി കേട്ടപ്പാൾ ഇവരെന്തോ അമാനുഷിക കഴിവിനുടമയായിരിക്കുമെന്ന് ആശങ്കയുളവാക്കും വണ്ണം ചിന്തകൾ മനസ്സിൽ ഇളകി മറിഞ്ഞു. അത് മുഖത്ത് പ്രകടമാകാതിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.

 

നായികയുടെ അച്ഛന്റെ നഷ്ടപ്രണയത്തിലെ പ്രേമഭാജനത്തിന്റെ പേരാണ് അദ്ദേഹം മകൾക്ക് നൽകിയിരുന്നതെന്നാണ് കഥയിൽ എഴുതിയിരുന്നത്. അതുപോലെ തന്നെ ‘ക്ളിയോപാട്ര’ എന്ന സോപ്പ് മാത്രമേ നായിക ഉപയോഗിക്കാറുള്ളു എന്നും കഥയിൽ എഴുതിച്ചേർത്തിരുന്നു. ആ സോപ്പിന്റെ അസാധാരണമായ സുഗന്ധമായിരുന്നു അവർ വന്നപ്പോൾ മുറിയ്ക്കകത്ത് അനുഭവപ്പെട്ടത് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

 

ക്ളിയോപാട്ര എന്ന സോപ്പ് ഒരിക്കൽ യാദൃശ്ചികമായാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പിന്നിൽ ചെറിയ ഒരു സംഭവ കഥയുമുണ്ട്.

 

ഗൾഫിൽ നിന്ന് ഒരു സുഹൃത്ത് നാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങൾ ചങ്ങാതിമാരെല്ലാം ഒരു ദിവസം ഒത്തുകൂടാറുണ്ട്. രുചികരമായ ഭക്ഷണം പാകം ചെയ്തും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്പെഷ്യൽ മദ്യമൊക്കെ പകർന്നും തമാശ പറയലും പാട്ടു പാടലും ഓർമ്മകൾ അയവിറക്കലുമായൊക്കെയായി ആസ്വാദ്യകരമായ ദിനമായിരിക്കുമത്.

 

അങ്ങനെയുള്ള ഒരു സൗഹൃദ സദസ്സിൽ ഒരു സുഹൃത്ത് എന്നെ ചൂണ്ടി പറഞ്ഞു.

 

‘‘ഇവൻ മദ്യപിക്കില്ല, പിന്നെയെന്തിന് ഈ ബഹളത്തിൽ വന്നിരിക്കുന്നു. ഇതൊന്നും കഴിക്കാതെ ഇവനെങ്ങനെ എഴുത്തുകാരനാവും’’

 

തമാശരൂപത്തിൽ പറഞ്ഞ ഈ വാചകങ്ങൾ കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. ഒപ്പം ഞാനും.

 

‘‘ഓ കഞ്ചാവ് വല്ലതും രഹസ്യമായി കിട്ടുന്നുണ്ടാവും. അതൊക്കെ കലാകാരൻമാരുടെ വീക്ക്നെസ് അല്ലേ..!’’

 

‘famous grouse’ എന്ന മദ്യം ഗ്ളാസിലേക്ക് പകർന്നു കൊണ്ട് അടുത്ത ചങ്ങാതി അടുത്ത ഡയലോഗ് പൊട്ടിച്ചു.

 

വീണ്ടും കൂട്ടച്ചിരി. ഞാനും അവരോടൊപ്പം ചിരിച്ചു. എന്നിട്ടവരോട് പറഞ്ഞു.

 

‘‘അതൊക്കെ ഉപയോഗിക്കുന്നവരുണ്ടാകാം, പക്ഷേ എനിക്ക് താത്പര്യമില്ല. അതൊക്കെ ഉപയോഗിച്ച് വല്യ എഴുത്തുകാരനായാൽ പിന്നെ നിങ്ങളെയൊക്കെ തിരിച്ചറിയാതെ വന്നാലോ...!’’

 

വീണ്ടും കൂട്ടച്ചിരി.

 

ഓരോന്ന് പറഞ്ഞ് സമയം പൊയ്ക്കോണ്ടിരുന്നു. അവസാനം എല്ലാവരും ചർന്നൊരു നാടൻപാട്ടും പാടി, ഒരുമ ഊട്ടിയുറപ്പിക്കുന്ന അന്നത്തെ സൗഹൃദ സദസ്സ് തീർന്ന് പിരിഞ്ഞ് പോകാൻ നേരം ഗൾഫുകാരൻ സുഹൃത്ത് ഒരു കവർ എനിക്ക് നേരെ നീട്ടി.

 

‘‘നിനക്കൊന്നും തന്നില്ലെന്ന് വേണ്ട, മദ്യം ഏതായാലും വേണ്ടല്ലോ, ഇതിരിക്കട്ടെ.’’

 

ഞാനതും വാങ്ങി വീട്ടിലേക്ക് പോന്നു.

 

രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ആ കവർ തുറന്ന് നോക്കിയത്. ഒരു ഷേവിങ് ക്രീമും ഒരു പൗഡറും കടുംനീലനിറത്തിനു ചുറ്റും സ്വർണ്ണവർണ്ണത്തിലുള്ള ബോർഡറുള്ള കുറച്ചു സോപ്പുകളുമായിരുന്നു അതിനുള്ളിൽ.

 

ആ സോപ്പ് ഉപയോഗിച്ചതിനു ശേഷം അതിന്റെ സുഗന്ധത്തോട് വല്ലാത്ത ഇഷ്ടം തോന്നി. ആ സോപ്പിന്റെ കവറെടുത്ത് കൗതുകത്താേടെ പേരു വായിച്ചു.

 

‘ക്ളിയോപാട്ര’

 

അതിനു ശേഷം ഗൾഫിൽ നിന്ന് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണോ എന്നു ചോദിച്ചാൽ ‘ക്ളിയോപാട്ര’ സോപ്പു കിട്ടുമെങ്കിൽ കൊണ്ടു പോരെന്നാണ് മറുപടി പറയുക.

 

ആ സോപ്പിന്റെ അസാധാരണമായ സുഗന്ധം കാരണം നായിക ആ സോപ്പു മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് കഥയിലെഴുതിയിരുന്നത്. ആ സോപ്പിനോടുള്ള എന്റെ ഇഷ്ടമാണ് ഞാൻ നായികയിലേക്ക് പകർത്തിയത്‌.

 

ഈ കാര്യങ്ങളൊക്കെ മനസ്സിൽ നിറയവേ ആഗത തുടർന്നു സംസാരിക്കാനാരംഭിച്ചു.

 

കഥ പൂർത്തിയാവുന്നതിനു മുമ്പ് കഥാകാരനെ വന്നൊന്നു കാണണമെന്ന് നഷ്ടങ്ങളെല്ലാം മുറിപ്പാടുകളുണ്ടാക്കിയ എന്റെ ഹൃദയത്തിൽ നാമ്പെടുത്ത ഒരാഗ്രഹമായിരുന്നു.

 

നടപ്പാതയിലൂടെ വർണ്ണപ്പകിട്ടാർന്ന കുഞ്ഞുടുപ്പുകളുമണിഞ്ഞ് ഉത്സവത്തിനു പോയി, വർണ്ണക്കാഴ്ചകൾ കണ്ടു നടന്ന കുട്ടിയുടെ കൗതുകമാണ് മധ്യവയസ്സായിട്ടും എനിക്കിപ്പോഴും. അതു കൊണ്ടാണ് ഞാനിന്നെത്തിയത്.

 

ഒരു ഗദ്ഗദത്തിനു ശേഷം അവർ വീണ്ടും പറഞ്ഞു തുടങ്ങി 

 

‘‘കൗമാരകാലത്ത് അമ്പലപ്പടവിലൂടെ കൊലുസും കിലുക്കി നടന്ന മനസ്സോടെ എനിക്ക് ആ കഥയിലേക്ക് ചേക്കേറണം. ഇനി നമ്മൾ ഒരിക്കൽ കൂടി കാണും. കഥ പൂർത്തിയായതിനു ശേഷം.’’

 

അവർ മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

 

പതിയെ അടഞ്ഞ അവരുടെ കണ്ണുകൾ ഏതോ ഓർമ്മകളെ പരതുന്നതു പോലെ തോന്നി. അപ്പോൾ ആ കണ്ണിൽ നിന്ന് ജലം പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.

 

അപ്പോൾത്തന്നെ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു. 

 

‘‘ആരാണ് വാതിലടച്ചത്? അത് തുറന്നു കിടക്കുകയായിരുന്നല്ലോ ?’’

 

എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ പാദമിടറുന്നതായി തോന്നി. വാതിലിൽ വീണ്ടും വീണ്ടും മുട്ടുന്ന ശബ്ദം ഉയർന്നു.

 

ശരിക്കും ഞെട്ടിയുണർന്നത് അപ്പോഴാണ്. എഴുന്നേറ്റ് വാതിൽ തുറന്നു. ചായയുമായി അമ്മയായിരുന്നു വാതിലിൽ മുട്ടിയത്. ചായയും വാങ്ങി മുറിയിലെ ലൈറ്റിന്റെ സ്വിച്ചുമിട്ട് ഞാൻ തിരിഞ്ഞ് കിടക്കയിലേക്ക് നോക്കി.

 

കടലാസുകൾ ചിതറിക്കിടക്കുന്നു. ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ സന്ധ്യയായതിന്റെയും മഴയിൽ ആകാശം ഇരുണ്ടുകൂടിയതിന്റെയുമായി ഇരുട്ട് പരന്നിരിക്കുന്നു.

 

മഴ തോർന്ന് മരം പെയ്യുന്ന ശബ്ദം. ചായയും കുടിച്ച് കിടക്കയിലിരിക്കുമ്പോൾ ഞായാറാഴ്ച ഒഴിവു ദിനമായതിനാൽ വൈകിട്ടൊന്നു കിടന്നപ്പോൾ ഉറങ്ങിപ്പോയതാണെന്ന തിരിച്ചറിവ് മനസ്സിലേക്കെത്തുമ്പോഴും, കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ മടിയുണ്ടായിരുന്നു.

 

കഥയെഴുതിയ കടലാസിലേക്ക് നോക്കുമ്പോൾ കാറ്റടിച്ച് ജനാലയിലൂടെ എത്തിയ ജലകണികകൾ അതിൽ ചിതറി വീണിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തി മടങ്ങിപ്പോയ അതിഥിയെയോർത്ത് ഞാൻ നെടുവീർപ്പിട്ടു. അതിഥികൾ മഴ പോലെയാണ്, നീണ്ടു നിന്നാൽ ശല്യമാകും എന്ന ചൊല്ല് മനസ്സിലേക്കെത്തി.

 

അപ്പോൾ നിലവിളക്കിനടുത്ത് അമ്മ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.

 

പുറത്ത് അരണ്ട വെളിച്ചത്തിൽ ഈയലുകൾ മുകളിലേക്ക് പറന്നുയർന്നു.

 

മനസ്സ് അപ്പോഴും സ്വപ്നത്തിന്റെയും , കഥയുടെയും ലോകത്തു നിന്ന് ഇറങ്ങി വരാൻ മടിക്കുന്നതു പോലെ തോന്നി. പേപ്പറും പേനയുമെടുത്ത് ഞാൻ വീണ്ടും എഴുതാനിരുന്നു.

 

Content Summary: Athidhi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com