ADVERTISEMENT

സിന്ധുവിന്റെ ഓർമ വഴികൾ (കഥ)

 

ഓർത്തോർത്തു കരയാൻ നിനക്ക് ദുഃഖങ്ങൾ ഏറെയുണ്ട്... നീ ആരോടും പറയാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞോളൂട്ടോ. ആരോ തന്നോട് പറയുന്നതു പോലെ സിന്ധുവിനു തോന്നി. ചുറ്റും ആരും ഇല്ലല്ലോ. ഓഹ്, പതിവ് പോലെ സ്വന്തം മനസിന്റെ കൃത്രിമ സാന്ത്വനത്തിന്റെ അലകൾ... പക്ഷേ ഇത് ഇപ്പോൾ ഒരു തമാശ അല്ല, ഒറ്റയ്ക്കിരുന്നു സ്വയം സംസാരിക്കാൻ പഠിച്ചു കഴിഞ്ഞു. അല്ലെങ്കിലും കുറെ നാൾ ആയി ഇങ്ങനെ തന്നെയാണല്ലോ. ഈ വലിയ ഫ്ലാറ്റിൽ ഉള്ള ആളുകൾ ആരും പരസ്പരം സംസാരിക്കുന്നത് കാണാറില്ല. പറഞ്ഞിട്ട് കാര്യമില്ല!  എല്ലാർക്കും ഒരുപാട് തിരക്കുകൾ. വേലയും കൂലിയും ഉള്ളവരൊക്കെ യന്ത്രം കണക്കെ ഓടി നടക്കുന്നു. ഒന്നും ഇല്ലാത്ത ഈയുള്ളവൾക്ക് പ്രത്യേകിച്ച് ഒരു തിരക്കും ഇല്ല. വല്ലതും വല്ലപ്പോഴും വച്ചു കഴിക്കണം. ഉറങ്ങണം. കുറെ ദുസ്വപ്നങ്ങൾ കാണണം.

 

പക്ഷേ, ചെറിയൊരു സന്തോഷം നൽകാൻ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ ഒരു തിരക്കില്ലാത്ത മുത്തശ്ശി ഉണ്ട്. തന്നെ കാണുമ്പോൾ മോണ കാട്ടി ചിരിക്കും. കൈ കൊണ്ട് ഒരുപാട് എന്തൊക്കെയോ ഗോഷ്ടികൾ കാണിക്കും. പാവം ദീർഘ കാലമായുള്ള ഒറ്റപ്പെടൽ അവരെ ഒരു മാനസിക വിഭ്രാന്തിയിൽ എത്തിച്ചതു പോലെ തോന്നുന്നു... എങ്കിലും ആ മുഖം കാണുന്നത് വലിയ ആശ്വാസം ആണ്.

 

സിന്ധു തന്റെ കൗമാര കാലഘട്ടം ആലോചിച്ചു. പത്തു പാസായപ്പോൾ ഇഷ്ടം ഇല്ലെങ്കിലും പ്ലസ് ടുവിന് പോയി. ഒരു കണക്കിന് നേർച്ച പോലെ അത് തീർത്തെടുത്തു. പിന്നീട് സ്വതവേ ഉള്ള മടി വളർന്നു വലുതായപ്പോൾ തുടർന്നുള്ള പഠിത്തം വേണ്ടെന്നു വച്ചു. അങ്ങനെ അടുക്കളയിൽ അമ്മയോടൊപ്പം പാചക കലകളിൽ ജീവിതം ആസ്വദിച്ചു കാലം കടന്നു പോയി. കാലത്തിനൊപ്പം ജീവിത രീതികൾ മാറി. അൽപാൽപ്പമായി ജീവിതത്തോട് മുഷിച്ചിൽ ആരംഭിച്ചപ്പോൾ പഠിത്തം നിർത്തിയതിന്റെ നിരാശകൾ മുള പൊട്ടി തുടങ്ങി. അതിനു കാരണമുണ്ട്. തന്റെ കൂടെ പഠിച്ച എല്ലാരും ജോലിക്ക് പോകുന്നു, സ്വന്തം ശമ്പളം കൊണ്ട് അന്തസായി ജീവിക്കുന്നു, സമ്പാദിക്കുന്നു.  പഠിത്തം നിർത്തി വീട്ടിൽ ഒതുങ്ങിയതിന്റെ പേരിൽ വീട്ടുകാർ വിവാഹം ആലോചിച്ചു തുടങ്ങി. അധികം വൈകാതെ ഒരു ഗൾഫുകാരൻ വന്നു വിവാഹം കഴിച്ചു. പക്ഷേ അദ്ദേഹം ലീവ് കഴിഞ്ഞ് ഉടനെ തിരികെ പോയി. താമസം അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ ആയി. അവിടെ ആ ഫ്ലാറ്റിൽ തന്നോടൊപ്പം അഞ്ചു വീട്ടുകാർ കൂടെ ഉണ്ട്.

 

ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ അതിനെ ഓമനിച്ചു ജീവിക്കാമായിരുന്നു. അഞ്ചു കൊല്ലം ആയി വിവാഹം കഴിഞ്ഞു താമസിക്കുന്നു. ഇത് ഇപ്പോൾ ഭർത്താവ് വിദേശത്ത് തന്നെ സ്ഥിരം ആയത് പോലെ. ഒരു തവണ രണ്ടു മാസം ലീവിന് വന്നു പോയി. ആകെയുള്ള സമാധാനം ഇടക്ക് വരുന്ന ഫോൺ വിളികൾ മാത്രം. അപ്പോഴും തിരക്ക് ആയിരിക്കും. നീണ്ട ഒറ്റപ്പെടൽ കൊണ്ട് സിന്ധു ഒരുപാട് തളർന്നു. വീട്ടിൽ പോകാൻ തോന്നുന്നില്ല. ആകെയുള്ള അമ്മ കൂടി മരിച്ചു. ഇപ്പോൾ അവിടെ ഏട്ടനും ഏട്ടത്തിയും രണ്ടു കുട്ടികളും മാത്രം. വെറുതെ അവരെ എന്തിനു ബുദ്ധിമുട്ടിക്കണം.

 

സിന്ധു ഒരു ജോലി ആഗ്രഹിച്ചു തുടങ്ങി. ആഗ്രഹം കൂടിയപ്പോൾ കൈയിൽ ഉള്ള വിദ്യാഭ്യാസ യോഗ്യത കൊണ്ട് ഒരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. അങ്ങനെ അടുത്തുള്ള ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി കിട്ടി. വീട്ടിൽ ആരെയും അറിയിക്കാതെ ഭർത്താവിനെ പോലും അറിയിക്കാതെ ജോലി ആരംഭിച്ചു. പെട്ടെന്ന് ജീവിതത്തിനു ഒരു അർഥം വന്നത് പോലെ തോന്നി. അവൾ ഭയങ്കര സന്തോഷവതിയായി. ആ സന്തോഷത്തിനു പക്ഷേ ആയുസ് കുറവായിരുന്നു.

 

ഒരു തിങ്കളാഴ്ച ദിവസം ക്യാഷർ ഇല്ലാതെ വന്ന ദിവസം അവൾക്ക് കടയിലെ ക്യാഷ് കൗണ്ടറിൽ നിൽക്കേണ്ടി വന്നു. ഒരു നിയോഗം പോലെ ആ ദിവസം അവിടെ നിന്ന് അമ്പതിനായിരം രൂപ കാണാതെ പോയി. കടയിൽ ഉള്ള ബാക്കി എല്ലാവരും ഒരു പോലെ സിന്ധുവിനെ മോഷ്ടാവായി ചിത്രീകരിച്ചു. പുതിയ ജോലിക്കാരി ആയത് കൊണ്ട് അവൾക്ക് അവിടെ ഒരു പരിഗണനയും ലഭിച്ചില്ല. കട ഉടമസ്ഥൻ ഉടനെ തന്നെ കേസ് കൊടുത്തത് കാരണം പോലീസ് സിന്ധുവിനെ കൊണ്ട് പോയി ചോദ്യം ചെയ്തു. ‘‘ഈശ്വരാ എന്ത് ചെയ്യും, ആരോട് പറയും ഈ ജോലിയുടെ കാര്യം ആർക്കും അറിയില്ല.’’

 

ഒരു പരിഹാരം കാണാൻ കഴിയാത്ത ഈ ദുർവിധിക്ക് അവസാനം തന്റെ ആത്മഹത്യ ആണെന്ന് സിന്ധു തീരുമാനിച്ചു. ഒരു പരിചയക്കാരൻ വക്കീൽ  മുഖാന്തിരം തല്ക്കാലം ജാമ്യം കിട്ടി. വീടെത്തിയപ്പോൾ തന്നെ സിന്ധു മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. കട ഉടമസ്ഥൻ കാശ് കിട്ടുന്നതു വരെ തന്നെ വെറുതെ വിടാൻ പോകുന്നില്ല. കൈയിൽ ആണെങ്കിൽ പണമില്ല. അവൾ കുറച്ചു നേരം എങ്കിലും സന്തോഷം കിട്ടുവാൻ വേണ്ടി ഭർത്താവിനെ വിളിച്ചു. അയാൾ ഫോൺ എടുക്കുന്നില്ല. ഇപ്പോൾ വിളിക്കുന്നത് തന്നെ വിരളം ആണ് അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കാനും സമയം ഇല്ല. തന്റെ ശവം കാണാൻ അയാൾക്ക് നേരമുണ്ടാകുമോ എന്നറിയില്ല. എന്നാലും ജീവിതം വേണ്ടെന്ന് വയ്ക്കാൻ തന്നെ അവൾ തീരുമാനിച്ചു.

 

നല്ല ബലമുള്ളൊരു സാരി എടുത്തു കൊണ്ട് അവൾ കട്ടിലിന്റെ മുകളിൽ കയറി ഫാനിൽ കെട്ടിയിട്ടു. പിന്നീട് അല്പ നേരം നിശബ്ദമായി പ്രാർഥിച്ചു. മരിച്ചു പോയ അമ്മയെയും അച്ഛനെയും അൽപ നേരം ഓർത്തു. കുറെ നാളായ് വീട്ടിലേക്കു വിളിക്കാറില്ല. അത് കൊണ്ട് മാത്രം ആങ്ങളയെ വിളിച്ചു കുറച്ചു സംസാരിച്ചു. ‘‘എന്താ എന്റെ കുട്ടി നീ ഇങ്ങനെ വല്ലപ്പോഴും മാത്രം വിളിക്കുന്നെ, ഒന്ന് ഇങ്ങോട്ട് വായോ. രണ്ടീസം നിന്നിട്ട് പോവാലോ മോളേ. ഏട്ടന് അങ്ങോട്ട്‌ വരാൻ വയ്യാത്തോണ്ടാ.’’ അവൾ ഒന്നും പറയാതെ ഫോൺ വച്ചു. കുറെ നാളുകൾക്കു ശേഷം പെങ്ങളുടെ സ്വരം കേട്ടപ്പോൾ ചേട്ടൻ ആകെ സന്തോഷം കൊണ്ട് വിങ്ങി പൊട്ടി.

 

സിന്ധു നെടുവീർപ്പിട്ടു കൊണ്ട് ആലോചിച്ചു. ‘‘ഇന്ന് ഈ ഭൂമിയോട് വിട പറയുകയാണ്. ഇനി ഒരു ജന്മം ഉണ്ടോ എന്നൊന്നും അറിയില്ല. എന്നാലും ആഗ്രഹമില്ല. സ്നേഹം എന്നത് കിട്ടിയില്ലെങ്കിൽ പിന്നെ എവിടെ താമസിച്ചിട്ടും കാര്യമില്ല.’’ സിന്ധു കട്ടിലിന്റെ മുകളിൽ ഒരു സ്റ്റൂൾ കയറ്റി വച്ചു. പതിയെ മുകളിലേക്ക് കയറി. സാരി പതിയെ കഴുത്തിൽ ചുറ്റാൻ തുടങ്ങി. പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൾ ഞെട്ടി. കുറച്ചു നേരം തറഞ്ഞു നിന്ന ശേഷം താഴെ ഇറങ്ങി. എന്നിട്ട് പതിയെ പോയി ജനാല പാതി തുറന്നു നോക്കി. എന്റമ്മോ, അവൾ ഞെട്ടി പോയി അതാ തന്റെ ഭർത്താവ് പുറത്തു നിൽക്കുന്നു. ഇങ്ങോട്ട് വരുന്നത് ഒന്നും പറഞ്ഞില്ലല്ലോ. അവൾ എല്ലാം മറന്നു വാതിൽ മലർക്കെ തുറന്നു. കണ്ടയുടനെ അയാൾ അവളെ വട്ടം പിടിച്ചു ‘‘കണ്ണ് മിഴിക്കണ്ട പെണ്ണെ, നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി.’’ എന്നാലും എന്റെ ഏട്ടാ ഇത് ഭയങ്കര സർപ്രൈസ് ആയി പോയി. അകത്തേക്ക് നടന്ന രാജേന്ദ്രൻ ഫാനിൽ തൂങ്ങിയാടുന്ന സാരി കണ്ടു അന്തം വിട്ടു. ‘‘ഇത് എന്താ ഇവിടെ നീ തൂങ്ങി ചാവാൻ പ്രാക്ടീസ് ആയിരുന്നോ.’’ ‘‘ അതേ, ഒരു പത്തു മിനുട്ട് കൂടി ഏട്ടൻ വൈകി എങ്കിൽ ചിലപ്പോ ഞാൻ ഒന്ന് ട്രൈ ചെയ്തേനെ’’

 

അയാൾ ഒന്നും ആലോചിക്കാതെ അവളുടെ കരണം പുകച്ച് ഒന്നു കൊടുത്തു. അവൾ കരഞ്ഞു കൊണ്ട് സംഭവം എല്ലാം പറഞ്ഞു. ഉടനെ അയാൾ അവൾ ജോലി ചെയ്തിരുന്ന കടയിലേക്ക് വിളിച്ചു.

 

‘‘അയ്യോ താങ്കൾ, സിന്ധുവിന്റെ ഭർത്താവ് ആണോ. ഞങ്ങൾ അങ്ങോട്ട് വിളിക്കാൻ പോകുകയായിരുന്നു. ഇന്നലെ രാവിലെ പൈസ  മേശയിൽ നിന്നും എടുത്തു ചരക്ക് വാങ്ങാൻ കൊടുത്തത് മറന്നു പോയി. ക്ഷമ ചോദിക്കാൻ കഴിഞ്ഞില്ല. സിന്ധുവിനെ ഒരുപാട് വേദനിപ്പിച്ചു. എന്നാലും മാപ്പ് പറയുന്നു.’’

 

‘‘ഓഹോ കാശ് പോയ വഴി ഓർമ്മ വന്നപ്പോൾ നിങ്ങൾ ഇപ്പോൾ മാപ്പ് ചോദിക്കുന്നു. ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ നിങ്ങൾ ഒരു ജീവന് വില പറയേണ്ടി വന്നേനെ. നിങ്ങളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ല.’’

 

സിന്ധു നല്ലവരിൽ നല്ലവനായ തന്റെ ഭർത്താവിനെ കണ്ണു ചിമ്മാതെ നോക്കി ഇരുന്നു പോയി. ‘‘എന്താ നാളെ മുതൽ ജോലിക്ക് പോകുന്നില്ലേ നീ. എന്തായാലും ആരോടും പറയാതെ തേടി കണ്ടെത്തിയ ജോലി കൊള്ളാം.’’ രാജേന്ദ്രൻ അവളെ നോക്കി. അയ്യോ ഇനി ഞാൻ ഒരു വഴിക്കും പോകുന്നില്ല. പക്ഷേ ഇതോടെ ഞാൻ ഒരു കാര്യം പഠിച്ചു രാജേട്ടാ. എന്താന്നു പറയട്ടെ., ഏട്ടൻ കേട്ടോളു. അതായത് പഠിക്കുന്ന സമയത്ത് ആത്മാർഥമായി തന്നെ പഠിക്കണം. ഒരു ലക്ഷ്യം കണ്ടെത്തി പഠിച്ചാൽ ഇന്ന് ഞാൻ നല്ലൊരു ഉദ്യോഗസ്ഥ ആയേനെ. എന്റെ പകുതിയിലേറെ പ്രശ്നങ്ങളും തീരുമായിരുന്നു. ഈ ഏകാന്തത ഉൾപ്പെടെ എല്ലാം. പക്ഷേ ഇനിയങ്ങോട്ട് ഒന്നും നേടി എടുക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അത് കൊണ്ട് ഇനി നമ്മുടെ കുട്ടികൾക്ക് ഞാൻ നല്ല വിദ്യാഭ്യാസം കൊടുക്കും. അവർ ജീവിതത്തിൽ ഒരിക്കലും തോൽക്കരുത്. ആരുടെ മുൻപിലും തല കുനിക്കരുത്. എന്താ ശരിയല്ലേ... ‘‘ഓഹ് ശരിക്കും ശരിയാണേ’’ എന്നാ പിന്നെ അത് വൈകിക്കണ്ട. രാജേന്ദ്രൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. സിന്ധുവിന് ചിരി വന്നെങ്കിലും ഗൗരവം പൂണ്ടു.

 

‘‘ഞാൻ പണം അയക്കുന്നതിൽ അൽപ്പം പിശുക്ക് കാണിച്ചത് നാട്ടിൽ വന്നു എന്തെങ്കിലും കച്ചവടം ചെയ്യാൻ വേണ്ടിയാണ്. എന്നോട് ക്ഷമിക്ക് മോളേ. ഫോൺ വിളിക്കുമ്പോൾ എടുക്കാത്തത് എന്റെ കുറ്റബോധം ആണ്. നിന്നെ തനിച്ചാക്കി പോയ കുറ്റബോധം. തിരിച്ചു വിളിക്കാൻ ശ്രമിച്ചു നോക്കി. നടന്നില്ല, പക്ഷേ നീ അതൊന്നും നിന്റെ വീട്ടിൽ പോലും അറിയിച്ചില്ല. അത്ര പാവം കുട്ടിയാ എന്റെ സിന്ധു.’’ ആ മുഖത്തെ ദയനീയത കണ്ടു സിന്ധു ചിരിച്ചു കൊണ്ട് രാജേന്ദ്രനെ ചേർത്ത് പിടിച്ചു.

 

Content Summary: Sindhuvinte Ormavazhikal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com