അമ്മിഞ്ഞപ്പാൽ (കഥ)
കടുത്ത പനിയും വിറയലും. കട്ടക്ക് നിൽക്കാൻ പാകത്തിൽ പ്രസവാനന്തര രക്തസ്രാവവും. ആദ്യ ഗർഭാനുഭവത്തിന്റെ ആലസ്യം അവളുടെ കൺതടങ്ങളിലെ തടിപ്പുകളിൽ പ്രകടമായിരുന്നു. വിരുന്നുകാർ പലരും വന്നു പോയി. കുഞ്ഞിനെ ഐസിയുവിൽ പോയി കാണാൻ സമ്മതിക്കാത്തതിൽ കെറുവിച്ച് പോയ വിവരമില്ലാത്ത കുറച്ച് ബന്ധുക്കളുടെ പരാതി പ്രവാഹം കണ്ടില്ലെന്നു നടിച്ചവൾ കണ്ണുകൾ ഇറുക്കിയടച്ചു തിരിഞ്ഞ് കിടന്നു. ആരും കേൾക്കാതെ പതിയെ അവൾ പിറുപിറുത്തു ‘‘സുഖപ്രസവമെന്ന പേരും ഒട്ടും സുഖകരമല്ലാത്ത പ്രസവവും. എന്തൊരു വിരോധാഭാസം.’’
വിറയൽ കൂടുതൽ അനുഭവപ്പെട്ടതോടെ കൂടെയുള്ള തന്റെ പ്രിയതമനോട് അവൾ ചോദിച്ചു ‘‘ഇച്ചാ.. കുറച്ച് കൂടി കട്ടിയുള്ള പുതപ്പ് ഉണ്ടോ എന്നു നോക്കോ.. ഉണ്ടേൽ ഒന്ന് പുതച്ച് തായോ.. എനിക്ക് കുളിർന്നിട്ട് കിടക്കാൻ മേല.. അവളുടെ ചോദ്യം കേട്ടു ജോസ് ചാടിയെഴുന്നേറ്റു. വീട്ടിൽ നിന്നും കൊണ്ട് വന്ന കവറുകളിലും പെട്ടിയിലും ബാഗിലുമെല്ലാം തിരഞ്ഞ് നോക്കി. ഉള്ളതിൽ വെച്ച് ഏറ്റവും വലുതെന്ന് തോന്നിയ വിരിപ്പെടുത്ത് അവൾക്ക് പുതച്ച് കൊടുത്തു.
വെറുതെ അവളുടെ നെറ്റിയിൽ തലോടി നോക്കി. ‘‘ഹൗ.. ജെസ്സി നിനക്ക് നന്നായി പനിക്കുന്നല്ലോ.. ഞാനാ സിസ്റ്ററ് കൊച്ചിനെ വിളിച്ചേച്ചും വരാം’’ എന്നും പറഞ്ഞു ജോസ് ധൃതിയിൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി.
‘‘എന്നതാ പറ്റിയേ?’’ എന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചു കൊണ്ട് കർത്താവിന്റെ മണവാട്ടിയും ആശുപത്രിയിലെ നഴ്സുമായ റോസാ അവരുടെ മുറിയിലേക്ക് കയറി വന്നു.
‘‘അറിയത്തില്ല സിസ്റ്ററേ.. രാവിലെ തന്നെ തുടങ്ങിയ പനിയാ.. ഇപ്പോ വിറയലും ഉണ്ട്.. ദേഹമാസകലം കുളിര് കോരുന്നു’’ ജെസ്സി വിറയലോടെ തന്നെ പറഞ്ഞൊപ്പിച്ചു.
‘‘താനാ.. പുതപ്പൊന്ന് മാറ്റിയേ.. ഞാനൊന്ന് നോക്കട്ടേ’’യെന്ന് പറഞ്ഞ് റോസാ സിസ്റ്റർ ജെസ്സിയെ പുതച്ച് മൂടിയ പുതപ്പ് താഴേക്ക് വലിച്ചു നീക്കി.
‘‘എടോ, ആ ഫാനൊന്ന് ഓഫ് ചെയ്തേക്ക്’’ എന്ന് ജോസിനോട് പറഞ്ഞു.
അവർ ജെസ്സിയുടെ രണ്ടു മാറിടത്തിലും തൊട്ട് നോക്കി. ജെസ്സി നെറ്റി ചുളിച്ച് കൊണ്ട് വേദനയോടെ ഞെരങ്ങി. റോസാ സിസ്റ്റർ ജെസ്സി ധരിച്ചിരുന്ന നൈറ്റിയുടെ മുൻവശത്തുള്ള സിബ്ബ് പൂർണമായും തുറന്ന് വെച്ചു.
തനിക്ക് കാണാൻ പാടില്ലാത്ത എന്തോ ഒരു കാഴ്ചയാണ് കാണേണ്ടി വരിക എന്നു കരുതി ജോസ് മുറിയുടെ വാതിൽ തുറന്നു പുറത്തേക്കു പോകാനാഞ്ഞപ്പോൾ ‘‘എടോ , താനിതെങ്ങോട്ട് പോകുവാ? ഇവിടെ വന്ന് നിൽക്ക്’’ എന്ന് സിസ്റ്റർ പറയുന്നുണ്ടായിരുന്നു.
അൽപം സങ്കോചത്തോടു കൂടി ജോസ്, ജെസ്സി കിടക്കുന്ന കട്ടിലിനരികെ വന്ന് നിന്നു.
സിസ്റ്റർ ജോസിന് കാണിച്ചു കൊടുത്തു, ജെസ്സിയുടെ മാറിടങ്ങളിലെ തടിപ്പ്. ‘‘കണ്ടോ.. മുലപ്പാൽ ഇറങ്ങിയതാണ്.. കൊച്ചിന് പാല് കുടിക്കാൻ മേലാത്തതല്ലേ.. ഇറങ്ങിയ പാല് ഇവിടെയൊക്കെ കെട്ടിക്കിടക്കുവാ.. അതിന്റെയാ ഈ തടിപ്പ്. പാലിറങ്ങുമ്പോ എല്ലാർക്കും ചെറിയ ഒരു പനിയും കുളിരും ഉണ്ടാകും. കുഞ്ഞ് കുടിച്ചു തുടങ്ങിയാൽ ഇതൊക്കെ മാറും. നിങ്ങടെ കൊച്ച് ഐസിയൂന്ന് ഇറങ്ങാൻ കൊറച്ച് കൂടി സമയം എടുക്കുമല്ലോ ലേ..’’
ജോസ് മറുപടിയൊന്നും നൽകാതെ തല താഴ്ത്തി നിന്നു. ജെസ്സിയും ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണിൽ മിഴിനീർ തുളുമ്പി വീഴാൻ പാകത്തിൽ തയാറായി കൺകോണിൽ വന്ന് നിന്നു. പെട്ടെന്നാണ് താൻ ചോദിച്ച ചോദ്യം അബദ്ധമായിപ്പോയെന്നവർ തിരിച്ചറിഞ്ഞത്.
അവരുടെ മൗനം മനസ്സിലാക്കിയ റോസാ സിസ്റ്റർ പറഞ്ഞു ‘‘എന്തായാലും ഈ പാല് പിഴിഞ്ഞ് കളയണം. അല്ലെങ്കിൽ ഇൻഫെക്ഷൻ കൂടാൻ സാധ്യതയുണ്ട്.’’ അതും പറഞ്ഞ് സിസ്റ്റർ റൂമിലുണ്ടായിരുന്ന ഒരു പിഞ്ഞാണമെടുത്തു. ജെസ്സിയോട് കട്ടിലിൽ ചാരിയിരിക്കാൻ പറഞ്ഞു.
ആ പിഞ്ഞാണം ജെസ്സിയുടെ നെഞ്ചിന് താഴെ ചേർത്ത് വച്ച് പതിയെ അവളുടെ സ്തനങ്ങളിൽ അമർത്തി പിഴിയാൻ തുടങ്ങി. കടുത്ത വേദന കാരണം ജെസ്സിയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകിപ്പോയി. ജെസ്സിയുടെ മിഴികൾ നിറഞ്ഞ് ഒഴുകുന്നത് കണ്ട് ജോസിനും സങ്കടം വന്നു.
റോസാ സിസ്റ്റർ അവർ രണ്ട് പേരോടുമായി പറഞ്ഞു. ‘‘അൽപം വേദനയുണ്ടാവും.. പക്ഷേ പതിയെ കുറഞ്ഞോളും.’’ ഡോക്ടർ അൽപം കഴിഞ്ഞ് വരുമെന്ന് കൂടി സൂചിപ്പിച്ച് സിസ്റ്റർ പനിക്കുള്ള മരുന്ന് കൂടി ഏൽപ്പിച്ചിട്ട് വേഗം പോയി.
ജെസ്സിയുടെ അരികിലേക്ക് ജോസ് വന്നിരുന്നു. അവളേ ചേർത്തു പിടിച്ചു. രണ്ടു പേരും ചേർന്നിരുന്നു. ജോസ് പതിയെ അവളോടായി പറഞ്ഞു..
‘‘ആ സിസ്റ്റർ പറഞ്ഞത് കേട്ടില്ലേ, നമ്മുടെ ഇപ്പോഴത്തെ എല്ലാ വേദനയും പതിയെ കുറഞ്ഞോളും.’’
********** ********* *********** *********
‘‘ഫാത്തിമ സിസ്റ്ററേ, ആ 110 ലെ കേസ് സറഗസി തന്നെയല്ലേ.. എന്തായിരിക്കും ലേ അവരുടെ പ്രശ്നം?’’ റോസാ സിസ്റ്റർ നഴ്സിങ് സ്റ്റേഷനിൽ ഇരുന്ന് ചോദിച്ചു.
‘‘ആ കൊച്ചിന്റെ ഭർത്താവില്ലേ, ആ പുള്ളിക്കാരന് അടിയന്തരമായി കിഡ്നി മാറ്റി വെക്കണം. സാമ്പത്തികമായി കുറച്ച് കഷ്ടമാണേ അവരുടെ കാര്യം. ഇവിടുത്തെ ലീലാ ഡോക്ടറാണ് ഈ ഏർപ്പാട് ചെയ്തു കൊടുത്തത്. ഭർത്താവിന്റെ ചികിത്സാ ചെലവുകൾ മുഴുവൻ ഇവിടുത്തെ ഹോസ്പിറ്റൽ വഹിച്ചോളും. അവര് ചെറുപ്പമല്ലേ ഇനിയും കുഞ്ഞുണ്ടാവുമല്ലോ. ബന്ധുക്കളോട് കുഞ്ഞ് മരിച്ചു പോയെന്ന് ഡോക്ടർ പറഞ്ഞോളും.’’
Content Summary: Amminjapal, Malayalam short story