ADVERTISEMENT

വികൃതമായ നിഴലുകൾ (കഥ)

 

ദ്രവിച്ച കഴിക്കോലിന്റെ കറുത്ത പൊടിയും, കാറ്റുകൊണ്ടെത്തിച്ച കരിയിലകളും നിറഞ്ഞ തറയിൽ കിടന്ന് ഞാൻ എപ്പോഴാണ് ഉറങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഉണർന്നപ്പോൾ പായലുകൾ പറ്റിപ്പിടിച്ച പുരത്തറയിൽ ചിതലരിച്ച തൂണിൽച്ചാരി, കൽപടവുകളിൽ കാലും നീട്ടി അല്പനേരം ഇരുന്നു. എവിടെയാണു ഞാൻ.. എന്തിനിവിടെ വന്നു..? ഈ സ്ഥലം ഏതാണ്..? ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. പ്രഭാതം ഉണർന്നു വരുന്നതേയുള്ളു. എനിക്കു ചുറ്റിനും തിങ്ങിക്കൂടിയ മരങ്ങൾക്കിടയിൽ നിന്ന് പ്രകാശം ശരം പോലെ താഴേക്കിറങ്ങിക്കൊണ്ടിരുന്നു. 

 

സെക്കന്റ്ഷോ കഴിഞ്ഞ് സുരേന്ദ്രനുമൊത്ത് നടന്നു വരുന്ന വഴി മഴ പെയ്തപ്പോഴാണ് റബ്ബർ കടയുടെ ഇറയത്ത് കയറി നിന്നത്. മഴ മാറുന്ന ഒരു ലക്ഷണവും കാണാതായപ്പോൾ ഞാനും സുരേന്ദ്രനും മഴയത്ത് നടക്കാൻ തീരുമാനിച്ചു. വഴിവിളക്കിന്റെ വെട്ടത്തിൽ നീണ്ടു കിടക്കുന്ന ടാറിട്ട റോഡിലൂടെ കുറെ ദൂരം നടന്നു. മഴയിൽ തുളച്ചു കയറുന്ന പ്രകാശത്തോടെ വാഹനങ്ങൾ അതിദ്രുതം കടന്നു പോകുന്നു. ബീറ്റ് ശബ്ദം മുഴക്കി ഒരു പോലീസ് ജീപ്പ് അതുവഴി വന്നതും ഞങ്ങൾ ഓടിയതും ഓർമ്മയുണ്ട്. ഓട്ടത്തിനിടയിൽ രണ്ടു വഴിക്കായി പിരിഞ്ഞു. പിന്നെ ഓർമ്മ വരുമ്പോൾ ഇവിടെയാ... 

തറയുടെ പലയിടത്തും ഉറുമ്പുകൾ കൂട്ടിയിട്ട മൺകൂനകൾ കാണാം. മുണ്ടിൽ പറ്റിപ്പിടിച്ചിരുന്ന കരിയിലകളും കറുത്ത പൊടിയും തട്ടിക്കളഞ്ഞ് ഞാൻ എഴുന്നേറ്റു ചുറ്റിനും നടന്നു. വവ്വാൽ ചപ്പിയ പേരയ്ക്കായുടെ ബാക്കി ഭാഗങ്ങൾ ഈച്ചകൾ പൊതിഞ്ഞ് അവിടമാകെ ചിതറിക്കിടക്കുന്നു. പ്രകാശം വീണ വഴിത്താരയിലൂടെ നടന്നു. ഈ പ്രദേശത്തെ നിഴലുകൾക്കൊരു പ്രത്യേക രൂപമാറ്റം എന്റെ ശ്രദ്ധയിൽപ്പെട്ടത് യാദൃശ്ചികമായിട്ടായിരുന്നു. തന്റെ നിഴലുകൾക്ക് മറ്റേതോ വസ്തുക്കളുടെ ഭാവം പോലെ. സ്വന്തമായൊരു രൂപം ധരിക്കാതെ അവയെല്ലാം മറ്റൊരു രൂപം ധരിച്ചിരിക്കുന്നു. പലപ്പോഴും അതു മാറിക്കൊണ്ടിരുന്നു. നിലം പൊത്തിയ മേൽക്കൂരയ്ക്ക് താഴെയായി ചിതൽ ബാക്കിവെച്ച കസേരകളും കട്ടിലുകളും. വീടിനു ചുറ്റും പടർന്നു കയറിയ വള്ളിപ്പടർപ്പുകൾക്ക് ഇടയിലൂടെ വീണ്ടും നടന്നു. നിഴലുകളെ നോക്കി. ഒരോ വസ്തുവിനും സ്വന്തമെന്നു തോന്നിപ്പിക്കാത്ത വികൃതമായ നിഴൽ രൂപങ്ങൾ. ഈ പ്രദേശത്ത് മാത്രം എന്താണിങ്ങനെ നിഴലുകൾക്ക് രൂപമാറ്റം വരാൻ കാരണം..? പ്രകൃതിയിലുള്ള ഭാവമാറ്റമാണോ…? അതോ എന്റെ കണ്ണുകളിൽ ശരിയായ രൂപം തെളിയാത്തതോ..? പല സംശയങ്ങളും എന്റെ മനസ്സിലൂടെ കയറിയിറങ്ങി.

 

അല്പം അകലെയായി കാവിനോട് ചേർന്ന്, വൃക്ഷക്കൊമ്പുകൾ വീണു തകർന്നടിഞ്ഞ ഒരു ക്ഷേത്രം കാണാം. എന്നോ ഒരിക്കൽ ദിവസേന വിളക്കുവെച്ച് ആരാധനയുള്ളതായിരിക്കണം അവിടം. എവിടെ നോക്കിയാലും ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ. ചുറ്റിനും നോക്കിയിട്ട് ഒരു വീടോ വഴിയോ ഒന്നും കാണുന്നില്ല! അയാൾ ആശ്ചര്യപ്പെട്ടു. ഇതിന് പുറത്ത് ഞാൻ എങ്ങനെ കടക്കും. എങ്ങനെ വീട്ടിലെത്തും. അദൃശ്യശക്തികൾ മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുന്നതായി അയാൾക്ക് എപ്പഴോ തോന്നി. മോഷ്ടാവായ അയാളുടെ കഠിന മനസ്സിനെ ഇവിടെ എത്തിയപ്പോൾ ഉലച്ചിൽ തട്ടിയപോലെ... കരിയിലകൾ വീണു നിറഞ്ഞ പുരത്തറയിൽ അയാൾ വീണ്ടും ഇരുന്നു. മടിക്കുത്തിൽ തിരുകി വച്ചിരുന്ന ബീഡിയെടുത്ത് ആഞ്ഞുവലിച്ചു കൽത്തൂണിൽ ചാരി, പുകച്ചുരുളുകൾ മുകളിലേക്ക് പോകുന്നതും നോക്കിക്കൊണ്ടിരുന്നു.

കുറെ നേരം അവിടിരുന്നപ്പോൾ തന്റെ വീടിനെപ്പറ്റിയോർത്തു. ഭാര്യയെയും മകളെപ്പറ്റിയുമെല്ലാം ഓർത്തു. ഇപ്പോൾ വീട്ടുമുറ്റത്തൊരു വലിയ പന്തൽ  ഉയർന്നിട്ടുണ്ടാകും. കഴിഞ്ഞ രാത്രി താൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പന്തലിന്റെ പണി പൂർത്തിയായിട്ടില്ലായിരുന്നു. നാളെ നടക്കേണ്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളാവും ഇപ്പോൾ. ഒരച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാം ശുഭമായി നടത്തേണ്ട താൻ ഇവിടെ, ഇങ്ങനെ ഏകനായി. ഹോ… ആലോചിച്ചിട്ട് ഒന്നിനും ഒരുത്തരമില്ല. അയാളുടെ മനസ്സ് വിഹ്വലതയുടെ കൊടുമുടികയറി. ഞാൻ എത്ര ശ്രമിച്ചിട്ടും വികൃതമായ നിഴലുകളുടെ വലയങ്ങളിൽ നിന്നൊരു മോചനം സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും. സൂര്യവലയങ്ങൾ നിഴലുകളായ് വന്ന് തന്നെ ബന്ധിച്ചതാണോ..? മഴ ചാറിപെയ്ത രാത്രിയിൽ ഞാൻ കണ്ട പോലീസ് ജീപ്പ് ഒരു തോന്നലു മാത്രമാണോ.. ഈ ബന്ധനത്തിലേക്ക് തള്ളിവിടാനുള്ള ഒരു നിമിത്തം..? അതോ താൻ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലമോ..? മനോവ്യസനത്താൽ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

 

വീട്ടിൽ എല്ലാവരും തന്നെ അന്വേഷിക്കുന്നുണ്ടാവാം. കുറെ തിരക്കിനടക്കും. കാണാതാവുമ്പോൾ എല്ലാവരും ശാപവാക്കുകൾ ചൊരിയും. പെണ്ണിന്റെ അച്ഛനെപ്പറ്റി തിരക്കുമ്പോൾ എന്തു പറയണമെന്ന് ഇപ്പോഴവൾ ആലോചിക്കുന്നുണ്ടാവും. ഒടുവിൽ അതിയാൻ ഇല്ലെങ്കിലും ഈ വിവാഹം നടക്കുമെന്ന ദൃഢനിശ്ചയത്തോട് കൂടി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടാവും. മകൾ പലവട്ടം ചോദിക്കും. അച്ഛനെന്താ അമ്മേ വരാത്തതെന്ന്... എത്രയായാലും അതിയാൻ നേരയാകില്ല. ഭാര്യ പറയും. ഒരിക്കലും നന്നാകത്തില്ല. അല്ലേലുണ്ടോ ഇങ്ങനൊരവസ്ഥ. ഒരേയൊരു മകളുടെ കല്യാണത്തിന്, അതിന് പോലും വീട്ടിൽ വരാതിരിക്കാ എന്നുവച്ചാൽ… അതിയാൻ ഒരിക്കൽ പോലും സമാധാനം തന്നിട്ടില്ല. അച്ഛനെപ്പറ്റി ആരു ചോദിച്ചാലും പറയാൻ ഒരോ കാരണങ്ങൾ കണ്ടുവെച്ചിട്ടുണ്ടാകും.

 

പലതും ചിന്തിച്ചുകൊണ്ട് ഏറെ നേരം ഇരുന്നു. നിലം പൊത്തിയ മേൽക്കൂരയ്ക്ക് ചുറ്റിനും  അയാൾ നടന്നു. നടക്കും വഴി കള്ളിമുൾചെടികൾ കാലുകളിൽ കുത്തി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. പണ്ടെങ്ങോ കൂരിരുട്ട് മൂടിയ രാത്രികളിൽ മുള്ളുചെടികൾ തന്നെ മുറിവേൽപ്പിച്ച കാര്യം അയാൾ ഓർത്തെടുത്തു. കുറെ മുന്നോട്ട് പോയപ്പോഴാണ് കുളത്തിനോട് ചേർന്ന് ഉപയോഗശൂന്യമായ കിണറും പൂത്തുനിൽക്കുന്ന പാലമരവും, അങ്ങകലെയായി വലിയ മതിലും കണ്ണുകളിൽ പതിഞ്ഞത്. ഏറെ നേരം അങ്ങോട്ടു തന്നെ നോക്കിനിന്നപ്പോൾ മനസ്സിൽ ദ്രുതഗതിയിൽ ഭീതിജനകമായ ഓർമ്മകൾ ഉടലെടുത്തു. ഒരിക്കൽ നടന്ന സംഭവങ്ങൾ ദൃശ്യങ്ങളായി തന്റെ മുന്നിൽ തെളിയുന്ന പോലെ. ഓർമ്മിക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത ചില സംഭവങ്ങൾ, നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ. പൊടുന്നനെയാണ് ആ കാഴ്ച കണ്ടത്. ഭയത്തിന്റെ കണങ്ങൾ ഉച്ചി മുതൽ പാദം വരെ കൊള്ളിയാൻ പോലെ പാഞ്ഞു പോയി. കിണറിനുള്ളിൽ പൊങ്ങി വന്ന ഭയപ്പെടുന്ന കാഴ്ചയിൽ തലചുറ്റി അരയാലിന്റെ വികൃതമായ നിഴലകൾക്കു കീഴെ അയാൾ ഇരുന്നു.

 

നെൽവയലുകൾ നിറഞ്ഞ ഗ്രാമമായിരുന്നു കിഴക്കേപ്പാടം. ഗ്രാമത്തിന്റെ അങ്ങേ ചരുവിലായി ഓണാട്ടുകരയുടെ അതിർത്തിയിലായിരുന്നു അയാളുടെ വീട്. എല്ലാവരാലും വെറുക്കപ്പെട്ട് ദാരിദ്രത്തിൽ കഴിഞ്ഞ അയാളിൽ അപകർഷതാബോധം ഏറെയായിരുന്നു. ചെയ്തിരുന്ന ജോലികളെല്ലാം ഒരോ കാരണങ്ങളാൽ നഷ്ടപ്പെട്ടിരുന്നു. നഷ്ടബോധങ്ങൾ അയാളെ വളർത്തിയത് മോഷ്ടാവിലേക്കാണ്. തന്നിൽ രൂപീകൃതമായ ഭാവം മോഷ്ടാവിന്റെ തന്നെയാണെന്ന് അയാൾ സ്വയം നിശ്‌ചയിച്ചു. എല്ലാ മോഷ്ടാക്കളെയും പോലെ തുടക്കം ചെറിയ മോഷണങ്ങളിലായിരുന്നു.

പതിയെപ്പതിയെ അയാളുടെ ശ്രദ്ധ മോഷണത്തിൽ മാത്രമായി. ഒരോരുത്തർക്കും ദൈവം ഒരോ കർമ്മങ്ങളായിരിക്കും നൽകിയിട്ടുള്ളത്. തന്റെ കർമ്മം മോഷ്ടാവ് ആകുക എന്നാണന്നാണ് അയാൾ വിശ്വസിക്കുന്നത്. മോഷ്ടാവാണെങ്കിലും ചില തത്ത്വശാസ്ത്രത്തിലും തന്റേതായ ശരികളിലും അയാൾ വിശ്വസിച്ചിരുന്നു. രാത്രി നേരങ്ങളിൽ വീട്ടിൽ നിൽക്കുക എന്നത് പതിവില്ലാതെയായി. കോളജ് കഴിഞ്ഞ് നയന എത്തുമ്പോഴേക്കും അച്ഛൻ പോയിട്ടുണ്ടാകും. അറിവായ പ്രായമെത്തിയപ്പോൾ നയന പലപ്പോഴും ചോദിക്കും. 

 

“അച്ഛനീ രാത്രി എവിടെ പോകാ അമ്മേ, വീട്ടിലെങ്ങാനും ഇരുന്നു കൂടെ” 

‘‘അതിയാൻ എവിടെ പോകുന്നെന്ന് ആർക്കറിയാം. ഞാൻ പറഞ്ഞാൽ വല്ലോം കേൾക്കുമോ. ഇനി എപ്പഴെങ്കിലും വരട്ടെ”. 

അമ്മ വിഷമത്തോടെ പറയും. വരുന്ന ദിവസങ്ങളിൽ പകൽ സമയങ്ങളിൽ കൂടുതൽ നേരവും വീട്ടിൽ തന്നെ മദ്യപിച്ചിരിക്കും.

ഒരു ദിവസം പോലീസുകാര് വീട്ടിൽ വന്ന് അച്ഛനെ കൊണ്ടുപോയപ്പോഴാണ് ഒരു മോഷ്ടാവാണെന്ന് നയന അറിയുന്നത്. അച്ഛൻ മോഷ്ടാവാണെന്ന് കുട്ടികൾ പലരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും നയന കോളജിൽ പോകാതെയായി. അപമാന ഭാരത്തിൽ മുറിയിൽ ഒറ്റയ്ക്കിരുന്ന് കരയും. നയനയുടെ കോളജ് പഠനകാലം ഈ വിധ ദുഃഖങ്ങളാൽ കഴിഞ്ഞു പോയി. പലപ്പോഴും ആഴ്ചകൾക്കും മാസങ്ങൾക്കും ശേഷമായിരിക്കും അച്ഛനെ കാണുന്നത്, അതും കുടിച്ചു ബോധമില്ലാതെ.

 

ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞും പതുങ്ങിയും ഒരു മായാജാലക്കാരന്റെ വൈഭവത്തോടെ  അയാളുടെ ഒരോ ചുവടുകൾ ചടുലതയേറിയതായിരുന്നു. പകലുകളെ ഭയന്ന് ഇരുട്ട് വീഴാൻ കാത്തിരിക്കും. ഒരിക്കൽ മോഷണത്തിന് പറ്റിയ വീടന്വേഷിച്ചു നടന്നപ്പോഴാണ് കാവിനുള്ളിൽ കത്തിച്ച നിലവിളക്കിന്റെയും മൺചിരാതിന്റെയും പ്രകാശശോഭയിൽ നിൽക്കുന്ന വലിയ നാലുകെട്ട് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. റോഡിൽ നിന്ന് നോക്കിയാൽ കാണാത്ത പോലെ വൻ മരങ്ങൾക്കിടയിലായിരുന്നു നാലുകെട്ട്. വിശേഷ ദിവസങ്ങളിൽ കാണുന്ന പോലെ എല്ലായിടത്തും പ്രകാശം. കൂരിരുട്ടിലും സൂര്യ തേജസ്സോടെ ശോഭിച്ച് നിൽക്കുന്ന നാലുകെട്ട് കണ്ടപ്പോൾ മറ്റേതോ ലോകത്തെത്തിയ പോലെ... നാലുകെട്ടിന്റെ നീണ്ട ഇടനാഴിയിലൂടെ ഓടിക്കളിക്കുന്ന കുട്ടികൾ, പുതുവസ്ത്രങ്ങൾ അണിഞ്ഞ യുവതികൾ, ആഢ്യതയിൽ തറവാട്ടിലൂടെ ഉലാത്തുന്ന കാരണവർ അങ്ങനെ എല്ലാരുമുണ്ട്. കിഴക്കു ഭാഗത്തായുള്ള വിശാലമായ മുറിയിൽ ബന്ധുമിത്രാദികൾ ഒത്തുകൂടിയിട്ടുണ്ട്. വിവാഹത്തലേന്ന് രാത്രിയുടെ ഒച്ചയും ബഹളങ്ങളുമെല്ലാം അവിടെമാകെ നിറഞ്ഞു നിൽക്കുന്നു. 

 

ഒരിക്കൽ സമൃദ്ധിയിൽ കഴിഞ്ഞവരായിരുന്നു മേലുക്കുന്നേൽ തറവാട്. പൂർവികർ കാലങ്ങളായി പൂജകളും ഉത്സവവും നടത്തി. പതിയെ പതിയെ ഇല്ലത്തെ ധനാഢ്യത്വത്തിന് അറുതിയായി. കണ്ണെത്താ ദൂരത്തായുള്ള നെൽവയലുകളും തെങ്ങും പുരയിടങ്ങളുമെല്ലാം അന്യാധീനപ്പെട്ട് ഇന്നിപ്പോൾ ക്ഷയിച്ച ഇല്ലമായി മാറിയിരുന്നു. 

 

ജാതകത്തിൽ ചൊവ്വാ ദോഷമുള്ളതു കൊണ്ട് ഗായത്രിക്ക് വേളിയൊന്നും ഇതുവരെ തരപ്പെട്ടിട്ടില്ല. തറവാട്ടിലെ മറ്റ് പെൺകുട്ടികളുടെയെല്ലാം വിവാഹം പതിനെട്ടു വയസ്സിലെ കഴിഞ്ഞു. ഗായത്രിക്കിപ്പോൾ പ്രായം ഇരുപത്തിരണ്ടായി. തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ രാമവർമ്മ അവസാന തെങ്ങും പുരയിടവും വിറ്റ് പലയിടത്തു നിന്ന് സ്വരുക്കൂട്ടിയതെല്ലാം വച്ചാണ് ഗായത്രിയുടെ മാംഗല്യത്തിന് പണ്ടങ്ങൾ തരപ്പെടുത്തിയത്. ചൊവ്വാദോഷമുള്ള ജാതകത്തിനായി രാമവർമ്മ പലരെയും അയച്ച് തെരക്കി. ഒരുപാട് അനേഷിച്ചപ്പോഴാണ് ചേർന്നൊരു ജാതകം ഒത്തുവന്നത്. ബാങ്ക് ജോലിക്കാരനായ ജയദേവൻ കഴിഞ്ഞ കാർത്തിക വിളക്കിൽ കാവിലെ അമ്പലത്തിൽ വെച്ച് ഗായത്രിയെ ഒരു വേള കണ്ടിരുന്നത്ര. രാമവർമ്മ മറ്റൊന്നും ചിന്തിക്കാൻ പോയില്ല. ആ വിവാഹം ഉറപ്പിച്ചു. നാളെ അവരുടെ വിവാഹമാണ്. അതിന്റെ ഒരുക്കങ്ങളാ ആ തറവാട്ടിൽ നടക്കുന്നത്.

 

“ഗായത്രി... മോളെ ഗായത്രി... ഇതുവരെ കുളി കഴിഞ്ഞിറങ്ങാറായില്ലേ.” വിസ്തരിച്ചുള്ള കുളി അതെത്ര തിരക്കുണ്ടെങ്കിലും ഗായത്രിക്ക് നിർബന്ധമാ. 

“ഗായത്രികുട്ട്യേ കഴിഞ്ഞില്ലേടി... നിന്നെ കാണാൻ എല്ലാരും കാത്തിരിക്കാൻ തൊടങ്ങിയിട്ട് നേരം കൊറെയായി”

“കഴിഞ്ഞമ്മേ, ഇപ്പം വരണു”. കുളിമുറീന്ന് ഗായത്രി ഉച്ചത്തിൽ പറഞ്ഞു. കുളി കഴിഞ്ഞ് ഈറൻ മാറി കണ്ണാടിക്കു മുന്നിൽ നിന്ന് പുതിയ പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു. കണ്ണെഴുതി നെറ്റിയിൽ ചന്ദനം ചാർത്തി നീണ്ടു കിടക്കുന്ന നനവാർന്ന മുടിയിൽ തുളസിക്കതിർ ചൂടി. വിവാഹ രാത്രിയിൽ അണിയാൻ മുത്തശ്ശിതന്ന അരിഞ്ഞാണം പുക്കിൾ ചുഴികൾക്ക് താഴെ ചേർത്ത് വച്ച് അതിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആസ്വദിച്ചു. പുതിയ വേഷങ്ങളിൽ പതിവിലും ഏറെ മനോഹരിയായി തോന്നി. കണ്ണാടിയിൽ കൂടെ നോക്കിയാൽ തനിക്ക് പിന്നിൽ ജനാലയിലെ തടിയഴികൾക്കിടയിലൂടെ കാണുന്നത് ഇരുണ്ട ആകാശമാണ്. ഗായത്രി ജാലകത്തിനടുത്തേക്ക് നടന്നു. പഴകി ദ്രവിച്ച തടിയഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി അല്പനേരം നിന്നു. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പാലമരത്തിന്റെ ഇലകൾക്കിടയിലൂടെ നോക്കുമ്പോൾ കുരിരുട്ടാണ്. ഒട്ടും തന്നെ നിലാവില്ലാത്ത രാത്രിയായിരുന്നു അന്ന്. ഗായത്രി ഒരു നിമിഷം ഓർത്തു. പൂർണേന്ദു രാവുകളിൽ ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്ന പാലപ്പൂക്കൾക്ക് എന്തു ഭംഗിയായിരുന്നു. ആദ്യ രാത്രിയിൽ ഒരിക്കലും മറക്കാനാവാത്ത ഗന്ധമാദനത്തോടുള്ള നിദ്രാനുഭൂതി ആകണമേ എന്നു സ്വപ്നം കാണും. പക്ഷേ ഇന്നു കറുത്ത വാവാണല്ലോ. മനസ്സിൽ അല്പം പരിഭവം നിറഞ്ഞു. വിവാഹപ്രായമായ പെൺകുട്ടികളിൽ മനസ്സ് നിറയെ സ്വപ്നങ്ങളാണ്. വിവാഹ പൂർവ്വ രാത്രികളെല്ലാം വികാര തരളിതങ്ങളായിരിക്കും.

 

കല്യാണപ്പെണ്ണിനെ കാണാനും വിശേഷം തിരക്കാനും ബന്ധുക്കൾ തറവാട്ടിൽ എത്തിയിരുന്നു. ഗായത്രിക്ക് ചുറ്റിനും ഇരുന്ന് വിവാഹത്തിന് അണിയാനായി വാങ്ങിയ പുടവയും ആഭരണങ്ങളും കണ്ടുകൊണ്ടിരുന്നു. രാത്രി മറ്റൊരു യാമത്തിലേക്ക് പ്രവേശിച്ചു. മോഷ്ടാവായ അയാൾക്ക് നല്ല ബോധ്യമുണ്ട്, ഏറെ അംഗങ്ങളുള്ളതും വിശേഷ വേളകളിലും മോഷണം സുഗമമാകുമെന്ന്... വീടിനുള്ളിൽ എത്ര ശബ്ദങ്ങൾ കേട്ടാലും അത് മറ്റ് അംഗങ്ങളുടെ അരുടെയെങ്കിലും ആയിരിക്കാം എന്ന് ഒരോത്തരും ചിന്തിക്കും. അതാണ് അയാളുടെ വിശ്വാസവും. നാലുകെട്ടിലെ മതിലിലൂടെ ഏന്തിവലിഞ്ഞു കയറി കുളത്തിന്റെ അരികിലൂടെ നടന്നു. പൂത്ത പാലമരച്ചുവട്ടിൽ പാലപ്പൂക്കളുടെ ഗന്ധത്തിൽ അല്പനേരം ഇരുന്ന് വീട്ടിൽ കഴിഞ്ഞിരുന്നവർ ഉറങ്ങാൻ കാത്തിരുന്നു. ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു. സന്ധ്യ മയങ്ങിയ നേരത്ത് പാലപ്പൂക്കളുടെ മാദക ഗന്ധമേറ്റ് അല്പം മയങ്ങി പോയി. ഏറെ രാത്രി കഴിഞ്ഞ് ഉണർന്ന് നോക്കിയപ്പോൾ വിവാഹ വീട്ടിൽ അങ്ങിങ്ങായി മാത്രം പ്രകാശം. വിവാഹ തലേന്ന് രാത്രിയിലെ തിരക്കിട്ട പണികളൊക്കെ കഴിഞ്ഞ് എല്ലാവരും ഗാഢനിദ്രയിലായിരുന്നു. അയാളിലെ മോഷ്ടാവ് ഉണർന്നു. വലിയ നാലുകെട്ടിലെ ഒരോ മുറിയും അയാൾ തിരഞ്ഞു നടന്നു. പുതുവസ്ത്രങ്ങളിൽ ഉറങ്ങുന്ന ഗായത്രീടെ മുറിയാണ് അയാൾ പ്രത്യേകം ശ്രദ്ധിച്ചത്. ഐശ്വര്യം തുളുമ്പിയ മുഖത്തുനിന്നും കണ്ണുകളെടുക്കാൻ തോന്നുന്നേയില്ല. മോഷ്ടാവിനെ സംബന്ധിച്ചടത്തോളം ഒരോ രാത്രിയും അയാൾ മുമ്പ് കണ്ടു വെച്ച വീട്ടിൽ കയറുക, ലക്ഷ്യം പൂർത്തീകരിക്കുക, അല്ലാതെ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു. രാത്രിയുടെ ഒരോ യാമങ്ങളും ഇരുട്ടിൽ മറഞ്ഞു.

അടുത്ത പ്രഭാതം വിടർന്നത് വലിയ നിലവിളിയോടു കൂടിയായിരുന്നു. വിവാഹ വീട്ടിലെ സന്തോഷ മുഹൂർത്തങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. അച്ഛന്റെയും അമ്മടെയും മുറിയിൽ നിന്ന് കേട്ട നിലവിളിയിൽ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. പടികളിറങ്ങി ഓടി വന്ന ഗായത്രി കണ്ടത്, കട്ടിലിൽ ബോധമില്ലാതെ കിടക്കുന്ന അമ്മയെയാണ്. മുറിയുടെ ഒരു വശത്തിരുന്ന അച്ഛൻ മൂകനായി ഇരിക്കുന്നു. ഏറെ വ്യസനിപ്പിക്കുന്ന വാർത്ത നിറകണ്ണുകളോടെ അച്ഛനിൽ നിന്നു കേട്ടു.

 

വിവാഹത്തിനായ് കരുതി വെച്ച സ്വർണ്ണവും പണവും മോഷണം പോയി എന്ന ദുഃഖ വാർത്തയായിരുന്നു അത്. കല്ല്യാണത്തിരക്കിനിടയിൽ രാത്രിയിലെ ശബ്ദങ്ങളാരും ശ്രദ്ധിച്ചതേയില്ല. ഒരു രാത്രി കൊണ്ട് സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞ വീടായി മാറിയിരുന്നു. വാർത്ത നാട്ടിലെങ്ങും പടർന്നു. സ്വർണ്ണാഭരണങ്ങളൊന്നുമില്ലാതെ, പെണ്ണിനെ വിവാഹ വേദിയിൽ കാണാൻ അവർക്ക് ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു. അതോടെ ആ വിവാഹം മുടങ്ങി.

ബന്ധുക്കളെല്ലാം മടങ്ങി പോയ വീട്ടിൽ മൂന്നു പേർ മാത്രമായി. കഴിഞ്ഞ രാത്രികളിൽ കുട്ടികളുടെ കളിചിരികളും ഒച്ചയും എല്ലാം നിശ്ചലമായിരിക്കുന്നു. ഇല്ലത്ത് നിശ്ശബ്ദത പരന്നൊഴുകി. വിവാഹ സ്വപ്നങ്ങളുമായി ഉറങ്ങേണ്ട പെൺകുട്ടി ആ വലിയ വീട്ടിൽ ഏകയായി, തനിക്കുണ്ടായ വിധിയിൽ നീറുകയായിരുന്നു. തനിക്ക് സംഭവിച്ച ദുർവിധിയിൽ സകലതിനെയും പഴിച്ച്, മനസ്സിൽ എന്തോ ഒന്ന് ഉറപ്പിച്ച് അവൾ നടന്നു. ഈ വിധിയിലേക്ക് തള്ളിവിട്ട മോഷ്ടാവിനെയും സകല ദൈവങ്ങളെയും സൂര്യ ചന്ദ്രന്മാരെയും പ്രകൃതിയിലുള്ള സകല ചരാചരങ്ങളെയും ശപിച്ച് കടുത്ത വ്യഥയോടെ കിണറ്റിലേക്ക് എടുത്തു ചാടി അവളുടെ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു. ഭൂമിയിലെ മനുഷ്യജീവിതം ഉപേക്ഷിച്ച് ആത്മാവായി നിത്യതയിലേക്ക് തീ ഗോളമായി ഉയർന്നു പൊങ്ങി. വിവാഹ ജീവിതം സ്വപ്നം കണ്ടുറങ്ങിയ രാത്രികൾ ഇനിയില്ല. സുന്ദരമായ മേനിയിൽ അണിഞ്ഞ പട്ടുടയാടകളും ആഭരണങ്ങളുമൊന്നും ഇനിയില്ല. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചിരിക്കുന്നു. പൊടുന്നനെയുള്ള അവളുടെ പ്രവർത്തിയിൽ സൂര്യന്റെ മിഴികൾ നിമിഷാർദ്രം അടഞ്ഞു. ആ പ്രദേശത്ത് മുഴുവനും സൂര്യൻ വികൃതമായ നിഴൽ വലയത്തിലാക്കി. ഒരിക്കൽ അകപ്പെട്ടു പോയവർക്ക് മോചനം നിഷിദ്ദമാക്കിയ വികൃതമായ നിഴലുകൾ.

 

ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ് അടുത്ത പ്രഭാതത്തിൽ നാടുണർന്നത്. മുറികൾക്കുള്ളിൽ തൂങ്ങിയാടുന്ന രണ്ടു പേരും തറവാട്ടുകുളത്തിൽ ഒരു ശവവും പൊങ്ങിയ വിവരം നാട്ടിൽ കാട്ടുതീ പോലെ പടർന്നു. ഇല്ലത്തിന്റെ മുച്ചോട് മുടിഞ്ഞ് സർവ്വനാശമാണ് പിന്നീട് കണ്ടത്. ബന്ധുക്കൾ പലരും അവിടെ താമസിച്ചിരുന്നെങ്കിലും പലരും അകാലമൃത്യുവടഞ്ഞു. വർഷങ്ങളായി അടഞ്ഞ വീടിന് ചുറ്റും കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞു. വൃഷങ്ങളെല്ലാം ഇല്ലത്തിനു മുകളിൽ ആകാശത്തോളം വളർന്ന് സൂര്യാംശു പോലും ഭൂമിയിൽ പതിക്കാതെയായി. ആ ഇല്ലപ്പറമ്പിലേക്ക് ആരും പോകാതെയായി.

കുറെ നേരത്തിന് ശേഷമാണ് അരയാൽ ചുവട്ടിൽ നിന്നേഴുന്നേറ്റത്. നീണ്ട മയക്കത്തിൽ നിന്നുണർന്നയാൾ ചുറ്റിനും നോക്കി. വിഹ്വലതയിൽ മങ്ങിയ കാഴ്ചകൾ പതിയെ പതിയെ വ്യക്തമായി. വർഷങ്ങൾക്കു മുമ്പേ താൻ മോഷണത്തിനായി കയറിയ നാലുകെട്ടിന്റെ ഇപ്പോഴത്ത കാഴ്ച. താൻ കുറച്ചു മുമ്പേ കിണറിന്റെ ഉള്ളിൽ കണ്ട സുന്ദരിയായ യുവതി ആരായിരുന്നു. അയാളിൽ പൊടുന്നനെ സംഭ്രമകരമായ ചിന്തകൾ കൊടുമുടിയോളം ഉയർന്നു. പണ്ടെങ്ങോ താൻ മോഷണത്തിനായി കയറിയ നാലുകെട്ടിലെ താമസക്കാരായ കാരണവരും മകളും. മോഷണത്തിന് ശേഷം പിറ്റേന്ന് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ വാർത്ത. എന്നന്നേക്കുമായി മോഷ്ടിക്കില്ലെന്ന് തീരുമാനിച്ച നാളുകൾ.

 

ആഴമേറിയ കിണറിൽ നിന്ന് പൊങ്ങി വന്ന രൂപം കണ്ണുകളിൽ നിന്ന് ഇപ്പോഴും മായുന്നില്ല. ഓർമ്മകളിൽ കനലെരിയുന്നു. നാലുകെട്ടിലെ മരണങ്ങൾക്ക് ശേഷം കൊടിയ മോഷ്ടാവായ തന്നിലുണ്ടായ പരിണാമം എത്ര വേഗത്തിലായിരുന്നു. പിന്നീടൊരിക്കലും മോഷണത്തിനായി മുതിരാതിരുന്നത് ഏതോ അദൃശ്യ ശക്തി തന്നെ പ്രേരിപ്പിച്ചകൊണ്ടല്ല. ആ സംഭവത്തിന് ശേഷം ഒരോ നിമിഷത്തിലും കുറ്റബോധത്താൽ കഴിയുകയായിരുന്നു. താൻ കാരണം ഒരു കുടുംബം തന്നെ ഇല്ലാതായിരിക്കുന്നു. താൻ ചെയ്ത പാപഫലങ്ങൾക്ക് ശിക്ഷയാണോ ഈ നിഴൽ വലയങ്ങളിൽ തളച്ചിട്ടിരിക്കുന്നത്. നിഴൽ വലയങ്ങളെ ഭേദിച്ച് എങ്ങനെ വീട്ടിലെത്തും. തന്റെ മകളുടെ വിവാഹവും മുടങ്ങി പോകുമോ..? അതോ അച്ഛനില്ലാതെ മകളുടെ വിവാഹം നടക്കേണ്ടിവരുമോ..? തനിക്കുള്ള ശിഷയുമായിട്ടാണോ വികൃതമായ നിഴലുകൾ വിടാതെ പിന്തുടരുന്നത്. വള്ളിപ്പടർപ്പുകൾ നിറഞ്ഞ കൽപടവിന്റെ ഒരു മൂലയ്ക്കിരുന്നയാൾ സങ്കടപ്പെട്ടു.

 

നിഴൽ വലയങ്ങളുടെ ബന്ധനത്തിൽ നിന്ന് രക്ഷപെടാൻ പല തവണ ശ്രമിച്ചു. രക്ഷപെടാൻ ഏതെങ്കിലും തുറന്ന വാതിലുകൾ അന്വേഷിച്ച് ഇല്ലപ്പറമ്പിന് ചുറ്റിനും അയാൾ ഓടി. അയാളുടെ കാഴ്ചയിൽ എവിടെയും നിഴൽ വലയങ്ങളുടെ ബന്ധനം മാത്രം. തുറന്ന വാതിലുകൾ പോലും നിഴൽ വലയങ്ങളാൽ ബന്ധിച്ചിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൽത്തൂണുകളിൽ തീർത്ത ആഴമേറിയകിണർ മുമ്പിൽ വരുന്ന പോലെ.. അയാളുടെ ഹൃദയത്തിൽ പരിഭ്രാന്തിയുടെ അഗ്നിപർവ്വതങ്ങൾ പൊട്ടാൻ തുടങ്ങി. അയാളുടെ നിലവിളികൾ എങ്ങോട്ടെന്നില്ലാതെ അനന്തതയിൽ ഒഴുകി നടന്നു. വീണ്ടും വീണ്ടും തന്റെ ചുറ്റിനും ആഴമേറിയ കിണറുകൾ വട്ടം ചുറ്റുന്ന പോലെ. കിണറുകൾക്കുള്ളിൽ മാത്രമേ തനിക്ക് മോചനമുള്ളു. അയാളുടെ ചിന്തകൾ മറ്റൊരു തലത്തിലേക്ക് വ്യാപിച്ചു. ഒരു നിമിഷത്തിൽ നിഴൽ വലയങ്ങളുടെ ബന്ധനത്തിൽ നിന്ന് അയാൾ കിണറിലേക്ക് എടുത്ത് ചാടി. ദീർഘ കാലത്തെ ശാപങ്ങളിൽ നിന്നൊരു മോചനം ലഭിച്ചിരിക്കുന്നു. മരണത്തിലൂടെ മോചിക്കപ്പെട്ടിരിക്കുന്നു. വികൃതമായ നിഴൽ വലയങ്ങൾ മാഞ്ഞ് നാലുകെട്ട് നിശ്ശബ്ദതയിലായി.

 

Content Summary: Vikruthamaya nizhalukal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com