ADVERTISEMENT

ഗാഥ (കഥ)

 

രാത്രി 11 മണി സമയം. 11. 40 നാണ് ട്രെയ്ൻ. ദുർഗ്ഗ കാലുകൾ നീട്ടിവലിച്ചു നടന്നു. ഓടുകയാണെന്നു തന്നെ പറയാം. കവലയിൽ ആരും കാണരുതേ എന്നു പ്രാർഥിച്ചു. ഭാഗ്യം ആരും ഇല്ല. ഒരു ധർമ്മക്കാരൻ ചുരുണ്ടു കൂടി ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങുന്നുണ്ട്. പെട്ടെന്ന് ഒരു ബൈക്ക് ശബ്ദം കേട്ടു. ആരാണോ ഈ നേരത്ത് വരുന്നത്. വേഗം ഷാൾ എടുത്തു തലവഴി മൂടി നിഴലിലേക്കു നീങ്ങി നിന്നു. ബൈക്ക് കടന്നുപോയതും ദുർഗ്ഗ നടത്തത്തിനു വേഗം കൂട്ടി. കവല തിരിഞ്ഞ് ഇടവഴിയിലൂടെ കുറുക്കു ചാടിയാൽ റയിൽ പാളത്തിൽ കയറാം. പാളത്തിലൂടെ നടന്നാൽ റയിൽവേ സ്റ്റേഷനിൽ വേഗം എത്താം. ഇടുങ്ങിയ പാതയിലൂടെ ഓടുക തന്നെയാണ്. ഏതോ പെരുച്ചാഴിയാണെന്നു തോന്നുന്നു പൊന്തയിലേക്കു ചാടിയതും അവൾ ഒന്നു ഭയന്നു. ആകെ വിയർത്തു നനഞ്ഞിരിക്കുന്നു. അവൾ സ്റ്റേഷനിൽ എത്തി. കുടിവെള്ള ടാപ്പിൽ കമഴ്ന്നു കിടന്ന് ആവോളം വെള്ളം കുടിച്ചു മുഖം കഴുകി ഷാൾ കൊണ്ട് അമർത്തി തുടച്ചു.

 

ഹാവൂ. എന്തൊരാശ്വാസം. ഇനി ട്രെയ്ൻ വരുകയേ വേണ്ടു.

 

ആ കാരാഗൃഹത്തിൽ നിന്നും രക്ഷപ്പെടണമെന്ന് ചിന്തിക്കാൻ തുടങ്ങിയിട്ട് 10-12 വർഷമായി. ഓരോ ബന്ധങ്ങൾ തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞ നാൾ മുതൽ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ. ശാരീരിക പീഡനം വേറേയും. ഇത്ര നാൾ സഹിച്ചു. ഇന്നു മോൻ വലുതായിരിക്കുന്നു. അവനും അമ്മയുടെ വാക്കുകൾ അധികപറ്റായി തോന്നി തുടങ്ങിയിരിക്കുന്നു. ഒരു പാവം അമ്മായി മാത്രമായിരുന്നു ഇത്ര നാൾ അവിടെ പിടിച്ചു നിൽക്കാൻ പ്രേരിതമായ ഒരു ജീവൻ. അവരും കാലമായി. ഇനിയും ഈ അവഗണന സഹിക്കേണ്ട ആവശ്യം എനിക്കെന്തിന്. ഭർത്താവ് എന്നാൽ താങ്ങും തണലുമാകേണ്ടവൻ. എന്നാൽ ശശിയേട്ടൻ .... അയാൾ ഒരു മാനസിക രോഗിയാണെന്നു പലപ്പോഴും തോന്നിയിരുന്നു. ഇന്നുവരെ എന്നെ അംഗീകരിക്കാത്ത മനുഷ്യൻ. ഭാര്യ എന്നാൽ അയാളുടെ അടിമയാണെന്നാണ് വിചാരം. ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും അയാളുടെ കാമചേഷ്ടകൾക്കു വിധേയപ്പെടാനുമുള്ള ഒരു വസ്തു എന്നതിലുപരി അവരും ഒരു മനുഷ്യ സ്ത്രീയാണ്. അവർക്കും പല വികാരങ്ങളും അഭിപ്രായങ്ങളും ആഗ്രഹങ്ങളുമുണ്ടെന്ന് അറിയേണ്ടേ. മതി ഇനി ഒരു മടക്കം ഇപ്പോഴില്ല. എന്റെ നിലനിൽപിൽ ഞാൻ എന്റെതായ ഒരു പ്രതിഛായ ഉണ്ടാക്കിയതിനു ശേഷം മാത്രമേ ഒരു തിരിച്ചു വരവുള്ളു..  ബാഗിൽ തന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം ഭദ്രമായിട്ടുണ്ടെന്ന് ദുർഗ്ഗ വീണ്ടും ഉറപ്പു വരുത്തി.

ട്രയിനിന്റെ ചൂളം വിളി അവളെ ചിന്തകളിൽ നിന്നും ഉണർത്തി. രാത്രിവണ്ടിയായതിനാൽ കയറാൻ. അധികം യാത്രക്കാരില്ല. ദുർഗ്ഗ ജനറൽ കമ്പാർട്ടുമെന്റിൽ കയറിക്കൂടാൻ ശ്രമിച്ചു നിലത്തു വരെ ആളുകൾ ഇരുന്നും കിടന്നും യാത്ര ചെയ്യുന്നു. ഏതോ ചെറുപ്പക്കാരൻ സ്ലീപ്പർ ക്ലാസിൽ കയറി. വേഗം അയാൾക്കൊപ്പം കയറിപ്പറ്റി. തനിക്കായി സീറ്റുകൾ ഇല്ല. ഒരു ജനറൽ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. ടിടി വന്നാൽ ഉറപ്പായും ഇറക്കിവിടും. ഫൈൻ നൽകാൻ കയ്യിൽ കാശുമില്ല. അവൾ ബാത്രൂമിനോടു ചേർന്ന് ഒതുങ്ങി നിന്നു. എല്ലാവരും നല്ല ഉറക്കത്തിലാണ്. സമയം 12 കഴിഞ്ഞിരിക്കുന്നു.

ദൂരെ റ്റിറ്റിയുടെ അനക്കം കണ്ടും അവൾ ടോയ്​ലറ്റിനുള്ളിൽ ഒതുങ്ങി. മറ്റാരും ആ സ്റ്റേഷനിൽ നിന്നും കയറിട്ടില്ലല്ലോ. അയാൾ അടുത്ത Compartment ലേക്കു നീങ്ങി. ആശ്വാസം ഇനി ആരും ഇതിൽ ചെക്കിങിനു വരില്ല. അവൾ ഡോറിനോടു ചേർന്നുള്ള പാസേജിൽ ഒതുങ്ങി കൂടി. നേരം പര പരാ വെളുക്കാറാകുന്നു. അവൾ ബാഗിൽ നിന്നും പേഴ്സ് എടുത്തു നോക്കി മഡ് ഗോൺ ലാണ് ഇറങ്ങേണ്ടത്. സുചിത്ര ഗോവയിലാണ്. അവൾ എന്റെ ഉറ്റമിത്രം. ആകെ ബന്ധമുളളത് അവളുമായി മാത്രം.

 

പാവം എത്ര കഷ്ടപ്പെട്ടാണ് അവൾ പഠിച്ചത്. ബാല്യവും കൗമാരവും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. എന്റെ പൊതിച്ചോറാണ് അവൾ പങ്കിട്ടു ഭക്ഷിച്ചിരുന്നത്. ഇന്ന് അവൾ എതോ ഉയർന്ന പദവിയിലാണത്രേ. ആ ധൈര്യമാണ് വീടും കഷ്ടപ്പാടുകളും പീഡനങ്ങളും ഉപേക്ഷിച്ച് ഈ ഒളിച്ചോട്ടം.

നേടണം എനിക്കും തനിച്ച് ഉയരണം. ഒരു തരം ആവേശമായിരുന്നു. പഠിക്കുന്ന കാലത്ത് എത്ര എത്ര സമ്മാനങ്ങൾ കഥകൾ കവിതകൾ ഉപന്യാസ മത്സരം പ്രസംഗ മത്സരം എല്ലാത്തിനും ദുർഗ്ഗ തന്നെയായിരുന്നു ഒന്നാം സ്ഥാനം. തന്റെ കഴിവുകളെ മുഴുവൻ ഭാണ്ഡം കെട്ടി ഭർത്താവിനും മകനും വേണ്ടി ഇത്ര നാൾ കഴിഞ്ഞു. എന്നിട്ടെന്തു ഫലം. ആർക്കും വേണ്ടാത്ത ഒരു വസ്തുവായി ഇത്ര നാൾ ജീവിച്ചു. ഇല്ല ഇനിയൊരു തിരിച്ചു പോക്കില്ല. പഴയ ദുർഗ്ഗ മരിച്ചിരിക്കുന്നു.

 

മഡ്ഗാവിൽ ഇറങ്ങിയതും സുചിത്ര ഓടി വന്നു. അവൾ ആകെ മാറിയിരിക്കുന്നു. ക്രോപ്പ് വച്ച മുടിയും, ജീൻസും ടോപ്പും ചുണ്ടത്ത് ലിപ്സ്റ്റിക്കും ഒക്കെ കൂടി ആകെ ഒരു പ്രൗഢി :

അവൾക്കൊപ്പം കാറിൻ സഞ്ചരിക്കവേ മനസ്സ് തിരമാല പോലെ അലയടിച്ചു കൊണ്ടിരുന്നു.

ശശിയേട്ടനും വിനുവും എന്നെ കാണാതെയാകുമ്പോൾ എങ്ങനെ പ്രതികരിക്കും. അന്വേഷണാവസാനം പോലീസിൽ വിവരം പറയുമായിരിക്കും. അടുക്കള തിട്ടിൽ ‘‘ഞാൻ പോകുന്നു. എന്നെ അന്വേഷിക്കണ്ട. ആത്മഹത്യ ചെയ്യില്ല. എനിക്കു ഞാനായി ജീവിക്കണം ’’ എന്നൊരു കുറിപ്പു വച്ചാണ് പോന്നത്.

സുചിത്രയുടെ ചോദ്യം പരിസര ബോധമുണർത്തി.

ഒരു അജ്ഞാതവാസം.

 

ആദ്യമൊക്കെ മനസ്സ് പതറി. പക്ഷെ ലക്ഷ്യം - എനിക്കെഴുതണം - മനസ്സു തുറന്നെഴുതണം. കഥകൾ പലതും പബ്ലിഷ് ചെയ്തു വന്നു തുടങ്ങി. ഗാഥ എന്ന തൂലികാ നാമത്തിൽ തന്റെ കഴിവുകൾ വെളിച്ചം കണ്ടു തുടങ്ങിയതോടെ ആത്മ വിശ്വാസവും വളർന്നു. തെരുവുനായ എന്ന നോവലൈറ്റ്ന് സംസ്ഥാന അവാർഡു ലഭിച്ചതോടെ ദുർഗ്ഗക്ക് തന്റെ പുറം ചട്ട ഊരി വെക്കേണ്ടി വന്നു. നമ്മുടെ ശശിയുടെ ഭാര്യ ദുർഗ്ഗയാണ് ഗാഥ എന്നു നാട്ടുകാർ തിരിച്ചറിഞ്ഞിരിക്കുന്നു.

അവാർഡു ദാന ചടങ്ങിൽ വച്ചാണ് ശശിയേട്ടനേയും വിനുവിനേയും കണ്ടുമുട്ടിയത്.

 

വേണ്ട ശശിയേട്ടാ ... എന്നെ ഗാഥയായി തന്നെ വിട്ടേക്കു. എനിക്കിനി ദുർഗ്ഗയാകാൻ വയ്യ. കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ തുടച്ച് അവൾ സുചിത്രയ്ക്കൊപ്പം നീങ്ങി.

 

Content Summary: gadha-malayalam-short-story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com