ADVERTISEMENT

നിവേദ്യ പാചകം ചെയ്യുമ്പോളാണ് കോളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ കൈ കഴുകി വാതിൽ തുറന്നു, പ്രതീക്ഷിച്ച പോലെ വേദിക് ആയിരുന്നു.

"ഏട്ടനിന്നു നേരത്തെ വന്നോ.. ഏഴു മണി ആയില്ലല്ലോ..?" അവൾ ചോദിച്ചു.

 

"ആഹ്.. ഓഫിസിലെ വർക്കൊക്കെ കഴിഞ്ഞപ്പോൾ ഞാൻ അല്പം നേരത്തെ ഇറങ്ങി" അവൻ ക്ഷീണിച്ച മുഖത്തോടെ പറഞ്ഞു.

 

അവളവന്റെ കയ്യിൽ നിന്നും ഓഫീസ് ബാഗ് വാങ്ങിയിട്ടു പറഞ്ഞു "ഏട്ടൻ വേഗം കുളിച്ചു വായോ.. ഞാനിന്നൊരു സ്പെഷ്യൽ ഡിഷ്‌ ഉണ്ടാക്കിയിട്ടുണ്ട്" അവൾ സന്തോഷത്തോടെ പറഞ്ഞു.

 

വേദിക് റൂമിലേക്ക്‌ കയറി ഫോൺ ടേബിളിൽ വെക്കുമ്പോളും അതിൽ അനാമികയുടെ വല്ല മെസ്സേജോ കോളോ വന്നിട്ടുണ്ടോ എന്ന് ഒന്നൂടി നോക്കാൻ മറന്നില്ല. ഒന്നും വന്നിട്ടില്ലായിരുന്നു. ഇന്നലെ രാവിലെ മുതൽ അവളുടെ ഒരു വിവരവും ഇല്ല, വേദിക് ചിന്തിച്ചു.

 

കുളിച്ചു വന്നു അവൻ ടിവിയുടെ മുൻപിലിരുന്നു. അപ്പോൾ നിവേദ്യ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു, "ഞാൻ ഇന്നലെയെ ചോദിക്കാനിരുന്നതാ.. ഏട്ടൻ മിനിഞ്ഞാന്ന് ഓഫിസിൽ നിന്നും ഉച്ചക്ക് മൂന്ന് മണിക്ക് ബീച്ചിൽ പോയിരുന്നോ..??"

 

"ബീച്ചിലോ.. അതും ഓഫിസ് ടൈമിലോ... ഞാനോ.. പോയിട്ടില്ലലോ എന്തേ.??" വേദിക് സംശയത്തോടെ ചോദിച്ചു.

 

"ഹേയ്.. ഒന്നുമില്ല.. എട്ടനെ പോലെ ഒരാളെ ബീച്ചിൽ വെച്ച് കണ്ടെന്നു കൂട്ടുകാരി നന്ദ പറഞ്ഞിരുന്നു, കൂടെ ഒരു പെൺകുട്ടിയെയും കണ്ടെന്ന്. അത് കൊണ്ട് ചോദിച്ചതാ. അവൾക്കു ചിലപ്പോൾ തോന്നിയതാവും. ഞാനപ്പോളെ ആ പൊട്ടത്തിയോട് പറഞ്ഞതാ എട്ടനെ പോലെ വേറെ ആരെങ്കിലുമാകും അതെന്ന്. ഏട്ടന്റെ മനസ്സിൽ ഞാനല്ലാതെ വേറെ ആരുമില്ല എന്നെനിക്കു നന്നായി അറിയാം. ശരിയല്ലേ..?" അവൾ പറഞ്ഞു നിർത്തി.

 

"ആഹ്.. അതെ.. വേറെ ആരെയെങ്കിലുമാവും നന്ദ കണ്ടത്." അത്രയും പറയുമ്പോൾ വേദിക് അല്പം വിയർത്തിരുന്നു.

 

അത് കേട്ടതോടെ അവൾ ചിരിച്ചു കൊണ്ട് കിച്ചണിലേക്കു പോയി ഭക്ഷണം എടുത്തു വന്നു. ചോറിനൊപ്പം അവളുണ്ടാക്കിയ കറി അവന് വിളമ്പി കൊടുത്തു. വേദിക് അവളെയൊന്നു മെല്ലെ ചെരിഞ്ഞു നോക്കി മുഖം താഴ്ത്തി മെല്ലെ കഴിച്ചു തുടങ്ങി. അവളുണ്ടാക്കിയ ഭക്ഷണം അന്നവന് കൂടുതൽ സ്വാദ് ഉള്ളതായി തോന്നി.

 

അവൻ വിഷയം മാറ്റാനായി ചിരിച്ചു കൊണ്ട് ചോദിച്ചു "ഇതെന്തു ഡിഷാ മോളെ..?? മുടിഞ്ഞ ടേസ്റ്റ് ആണല്ലോ. നീ ഇത്ര നന്നായൊക്കെ കുക്ക് ചെയ്യുമോ..??"

 

"അയ്യോ.. അത് ഏട്ടന് തോന്നുന്നതാ.. ഇത് ഏട്ടൻ മുൻപും രുചിച്ചിട്ടുണ്ട്. ഞാൻ കൂടെ ഇല്ലാത്തപ്പോൾ.. ഒരുപാട് തവണ..! ഏട്ടന് ഭയങ്കര ഇഷ്ടമുള്ള നോൺ വെജാണ്. ഒന്ന് ഓർത്തു നോക്കിയേ.. മനസിലാവും ഏതാ എന്ന്.." അവൾ സൈഡിലൂടെ വരുത്തിയ ഒരു കള്ള ചിരിയോടെ ചോദിച്ചു.

 

അവൻ കറി പാത്രത്തിലെ ഒരു പീസ് ഇറച്ചി കഷ്ണം കൂടി എടുത്തു ഒന്നൂടി ചവച്ചു കഴിച്ചു ടേസ്റ്റ് നോക്കികൊണ്ട് പറഞ്ഞു "ഇല്ലാ മോളെ.. എനിക്ക് മനസിലായില്ല. ഇതേതു ഡിഷാ...??"

 

അല്പ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.

"ആ ഡിഷിന്റെ പേര് "അനാമിക" എന്നാണ്..!"

നിവേദ്യ ആ മറുപടി പറയുമ്പോൾ അവളുടെ മുഖത്തൊരു ക്രൂര ഭാവത്തോടെയുള്ള ചിരി മിന്നി മായുന്നത് വേദികിന് കാണാമായിരുന്നു...!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com