നക്ഷത്രങ്ങൾ കണ്ണടയ്ക്കാറില്ല – ഹരിദാസൻ കൂട്ടപുലാക്കിൽ എഴുതിയ കഥ

Teacher
SHARE

"രാമുട്ടി മാഷെ .... ഒന്ന് നിക്വോ. ഒരു കാര്യണ്ട്. ങ്ങളോട്‌ കൊറെ ദെവസായി പറയണംന്ന് വിചാരിച്ചിട്ട്."

"എന്താ ... സരസ്വതി  ടീച്ചറേ?"

"ങ്ങക്ക് , കുട്ട്യോളും കുടുംബോം ല്യാ. പക്ഷേ ...ഞങ്ങക്ക്ണ്ട്"

"യ്ക്ക് ,കുട്ട്യോളും കുടും ബോംല്യാ.അത് ഞാനങ്ങട്ട് സഹിച്ചു".

"ടീച്ചറ് ,വളഞ്ഞ് മൂക്ക് പിടിയ്ക്കാതെ കാര്യം പറ ടീച്ചറേ"

"എല്ലാരും സ്റ്റാഫ് റൂമില് പ്പൊ , ദെന്നെ സംസാരം ".!

"എന്ത് സംസാരം"?

 "അതിന്ങ്ങള് സ്റ്റാഫ് റൂമില് ണ്ടാവില്ലല്ലോ "?

"സരസ്വതി ടീച്ചറേ...ങ്ങടെ സാരിക്കണക്കും സ്വർണ്ണവെലേം കേട്ടിരുന്നാ ന്റെ മക്കള് ,കണക്കില് വട്ടപൂജ്യമാകും.അത് നിയ്ക്ക് വയ്യ".

"കുട്ട്യോള് പറയണത് ങ്ങള് മലയാളം മാഷാന്നാ. ക്ലാസിലെപ്പോഴും പാട്ടും കൂത്തുമല്ലേ . അല്ല .അതെന്താച്ചാ ആയിക്കോട്ടെ .യ്ക്കൊരു കൊഴപ്പൊല്യാട്ടോ" .

"പിന്നെ ആർക്കെന്താ കൊഴപ്പം ?

ടീച്ചറ്പ്പൊന്നെ വിളിച്ച് നിർത്തീതെന്തിനാ "?

"മാഷേ ...ങ്ങക്ക് സ്കൂള്ന്നും കുട്ട്യോള്ന്നും മാത്രേ വിചാരള്ളു. ബാക്കിള്ളോർക്ക് അതല്ല".

"ടീച്ചറ് പിന്നേം , അതെന്നെ പറഞ്ഞോണ്ട്... എനിയ്ക്ക് വേറെ പണീണ്ട്. ഞാൻ പോണു".

മാഷ് നടക്കാനൊരുങ്ങി.

"മാഷ് അവ്ടെക്ക് . പറയട്ടെ. ങ്ങളോട് എല്ലാർക്കും ദേഷ്യാ അതറിയോ ങ്ങക്ക് ?" 

"എന്റെ പൊന്നു സരസ്വതി ടീച്ചറേ... എന്നെ വിട് "

പിന്നെ എന്നോട് ആരാച്ചാ ദേഷ്യപെട്ടോട്ടെ . യ്ക്ക് ആരോടും ദേഷ്യല്യാ ട്ടോ... ഞാൻ പോട്ടെ ".

"അയ്യോ പോണ്ട ... ഞാൻ പറയാം. പ്പൊ ...എങ്ങനെപ്പോ ങ്ങളോട്.. അത് ...പ്പോ".

സരസ്വതി ടീച്ചർ പിന്നേം നിന്ന് തിരിയാൻ തുടങ്ങി.

"ങ്ങള് പറയണുണ്ടോ ?

അതോ ... ഞാൻ പറയാം. മാഷെ ങ്ങള് ഈ ശനിയാഴ്ചോള് കുട്ട്യോൾക്ക് സ്പെഷൽ ക്ലാസെടുക്കരുത്. എല്ലാ ടീച്ചർ മാർക്കും ദേഷ്യം ണ്ട്.

ഞാൻ സ്റ്റാഫ് സെക്രട്രി ആയിപോയില്ലെ. എല്ലാരും ന്നോടാ പരാതി പറയണത് !".

"ഓ... അതാ ...ല്ലെ കാര്യം? നോക്കാം. ഞാൻ ആലോചിയ്ക്കട്ടെ" മാഷ് പറഞ്ഞു.

"ഒന്നുല്യാ ... ആലോചിയ്ക്കാൻ . അടുത്ത ശനിയാഴ്ച ക്ലാസ് വയ്ക്കരുത്. വച്ചാ ... ണ്ടല്ലോ... ങ്ങക്കത് ബുദ്ധിമുട്ടാവും". സരസ്വതി ടീച്ചർ സ്വരം കടുപ്പിച്ചു

"വച്ചാ ... ന്താ ... ?

എന്ത് ബുദ്ധിമുട്ടായ്ക്ക് ?

ന്റെ മുമ്പിലിരിയ്ക്കുന്ന കുട്ട്യോളില്ലേ... ന്റെ കുട്ട്യോളാ .പെണ്ണുകെട്ടീലെങ്കിലും കുട്ട്യോള്ണ്ടാവും ... അച്ഛനാവും. പ്രസവിച്ചിട്ടില്ലെങ്കിലും അമ്മയാവാം.

ഞാനെ ....നാല്പത്തിയഞ്ച് കുട്ട്യോളടെ അച്ഛനാ...

ടീച്ചർക്ക്,

അത് പറഞ്ഞാ മനസ്സിലാവില്യാ.പിന്നെ, നിയ്ക്ക് ഒന്നും നഷ്ട്ടപ്പെടാനുല്യാ".

"ന്റെ കുട്ട്യോൾക്ക് ഒന്നും നഷ്ട്ടപ്പെടാൻ ഞാൻ സമ്മതിയ്ക്കുല്യാ ... " 

"ങ്ങള് ഒച്ചണ്ടാക്കണ്ട. ങ്ങക്ക് ... ഒരു സംഘടനേം പിമ്പെലം ഇല്യാ ട്ടോ . അത് മറക്കണ്ട".

"യ്ക്ക് ആരും വേണ്ട ... ഞാൻ രണ്ടക്ഷരം പഠിപ്പിയ്ക്കാനാ വന്നത് ഞാനത് ചെയ്യും. ടീച്ചറ് ടീച്ചറടെ പാട്ടിന് പോ ..."

"അതാ ...മ്മടെ മാനേജര് വര്ണ് ണ്ട്".

"ടീച്ചറടെ പരാതി നേരിട്ടങ്ങട്ട് പറഞ്ഞോളു ".

മാനേജരെ കാണാനൊന്നും സരസ്വതി ടീച്ചർ നിന്നില്ല.

പോകുന്ന വഴിക്ക് ടീച്ചർ ഇങ്ങനെ പിറുപിറുത്തു

" അനുഭവിയ്ക്കുമ്പോ അറിയും "

രാമുട്ടി മാഷ് സ്കൂളിന്റെ പുറത്തേയ്ക്കിറങ്ങി. റോഡിൽനല്ല തിരക്ക് ... വീടെത്താൻ വെമ്പി നീങ്ങുന്ന വണ്ടികളിൽ അമ്പല മുറ്റത്തെ അരി തിന്നുന്ന പ്രാവുകളെപോലെ ജനം . 

വണ്ടിയിൽ കയറാതെ മാഷ് നടന്നു. ഭാരതപുഴയിൽ ചേരാൻ കുതിച്ചു പായുന്ന പുഴയ്ക്കു കുറുകെയുള്ള പാലം കടന്ന് മാഷ് വലത്തോട്ട് തിരിഞ്ഞു .

തീവണ്ടിയിറങ്ങി വരുന്ന ജനക്കൂട്ടം ചിരിയ്ക്കാൻ പോലും സമയമില്ലാതെ നിരത്തിലൂടെ ഒഴുകി ... മീനുകളെ വലയിലാക്കാനെന്ന പോലെ ഒട്ടോറിക്ഷകളും ബസ്സുകളും ഇവരെ കാത്ത് വാതിലിലടിച്ചും ഓണടിച്ചും ശ്രദ്ധ ആകർഷിച്ചു.

ആകാശം മഴയുടെ ഭാഷയിൽ സംസാരിച്ച് തുടങ്ങി. കറുത്ത മാനത്തെ നെടുകെ പിളർക്കാൻ വെളുത്ത കൊറ്റികൾ സർവ്വ ശക്തിയുമെടുത്ത് പറന്നു. അകലെ സഹ്യനിൽ വെള്ളിയരഞ്ഞാണം പോലെ നീർ ചാലുകൾ പ്രത്യക്ഷപ്പെട്ടു.

മാഷ് സരസ്വതിടീച്ചർ പറഞ്ഞ കാര്യങ്ങളോർത്ത് കാഴ്ചകൾ ആസ്വദിച്ചു നടന്ന് വീടെത്തി. മഴനിവർത്തിയ തണുപ്പിൻ പുതപ്പിൽ നന്നായി ഉറങ്ങി.

രാവിലെ ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് ഉണർന്നത്.

"ഹലോ ... നമസ്ക്കാരം മാഷേ 

"ആ ...നമസ്ക്കാരം "

"ഞാൻ മാനേജരാ ..

മാഷ് വീട്ടില് വന്നിട്ട് പോയാമതിട്ടോ സ്കൂളിലേയ്ക്ക്. അല്ലെങ്കി ... വേണ്ട ഞാൻ സ്കൂളിലേയ്ക്ക് വരാം. ഒന്ന് കാണണം ഒരു കാര്യം പറയാനുണ്ട് ".

"ശരി, ആവാം. ഞാൻ വരാം " മാഷ് പറഞ്ഞു.

അന്ന് മാഷ്ത്തിരി നേരത്തെ ഇറങ്ങി. ഓഫീസിലെത്തി.

 'എന്തിനാവോ കാണണംന്ന് പറഞ്ഞത് ' മാനേജരുടെ ഓഫീസിനു മുന്നിലിരിയ്ക്കുമ്പോഴും രാമുട്ടി മാഷ് ചിന്തിച്ചു.

"മാഷേ....

നാളെ ശനിയാഴ്ചയല്ലേ? ഏതാ പാഠം . ട്രിഗണോമെട്രിയാണോ..എ ന്തായാലും മ്മക്ക് നാളെ പൊളിയ്ക്കണം. ഞങ്ങള് എല്ലാരുണ്ടാവും ".

"മാഷെ ... ങ്ങടെ ഫോണടിയ്ക്കുണു. ഇട്ക്കിൻ " . 

ഓഫീസിൽ വന്ന കുട്ടികൾ മാഷെ ഓർമ്മിപ്പിച്ചു.

"ഹലോ .. രാമുട്ടി മാഷെ, മാനേജരാണ്. ഞാൻ വേറെ ഫോണ്ന്നാ. പിന്നെ ... എനിയ്ക്ക് ഒരു സ്ഥലം വരെ പോവാം ണ്ട്. പിന്നെ കാണാം ട്ടോ.

പിന്നെ സംസാരിയ്ക്കാം. ഇന്ന് കാണാൻ പറ്റില്ല."

'എന്ത് പറയാനാവും കാണാൻ വരാൻ പറഞ്ഞത്?' എന്തെങ്കിലും ആവട്ടെ . രാമുട്ടി മാഷ്നടന്നു. വരാന്തയിലെ പൂച്ചട്ടികളിൽ വളർന്നു നിൽക്കുന്ന പൂക്കൾ മാഷോട് ചിരിച്ചു. മാഷ് ആ മിണ്ടാ സൗന്ദര്യത്തെ കൈകളാൾ തഴുകി അവരുതിർത്ത ചിരിയ്ക്ക് മറുപടി പറഞ്ഞു.

ആദ്യ പിരീഡ് ക്ലാസില്ല ... സ്റ്റാഫ് റൂമിൽ പോകണ്ട പിന്നെ എന്തു ചെയ്യും ... സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നു നിൽക്കുന്ന മരത്തണലിൽ ഇരിയ്ക്കാൻ രാമുട്ടി മാഷ് തീരുമാനിച്ചു.

ചെറിയ തണുപ്പുണ്ട്. അകലെ മലയിൽ മഴനൂലുകളിറങ്ങി നൃത്തം തുടങ്ങി കഴിഞ്ഞിരിയ്ക്കുന്നു. അസ്വസ്ഥമായ മനസ്സിലാണത്രെ കഥകളും കവിതകളും വിരിയാറുള്ളത്. സ്വസ്ഥമായ മനസ്സുകൾ അത് വായിച്ചു രസിയ്ക്കുകയും ചെയ്യാറുണ്ടത്രേ ....

അസ്വസ്ഥമായ മനസ്സാണ് രാമുട്ടി മാഷ്ക്ക് ... പക്ഷേ കവിതയോ കഥയോ വരുന്നില്ല.

ക്ലാസ് കഴിഞ്ഞ് വൈകുന്നേരം വരുമ്പോളും രാമുട്ടി മാഷ്ടെ മനസ്സ് മാഷ്ക്ക് പിടികൊടുക്കാതെ മാനേജരുടെ വീട്ടിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടിരുന്നു

'എന്തിനായിരിയ്ക്കണം മാനേജർ വിളിച്ചത്. ' ചിന്തകൾക്കൊപ്പം ഉറക്കം മാഷ്ടെ കണ്ണുകളിലേയ്ക്കും പടർന്നു കഴിഞ്ഞിരുന്നു.

" ... മാഷേ .... എന്തുറക്കാടോ ഇത്. എഴുന്നേറ്റില്ലേ".

രാമുട്ടി മാഷ് എഴുന്നേറ്റ് വാതിൽ തുറന്നു . മുന്നിൽ മാനേജർ .

" അങ്ങോട്ട് വരുമായിരുന്നു". മാഷ് പറഞ്ഞു.

"ഞാൻ പാലക്കാട്ടേയ്ക്ക്... പോണ വഴിയാ... പിന്നെ മാഷേ ....ങ്ങള് ... ആ... ശനിയാഴ്ചത്തെ ക്ലാസ് നിർത്തല്ലേ നല്ലത്?"

" സ്റ്റാഫ് സെക്രട്ടറി വിളിച്ചിരുന്നു. പിന്നെ മ്മടെ ഡി. ഇ. ഓയും " 

"സാറെ ... ഞാനൊന്നു പറഞ്ഞാൽ മുഷിയരുത്".

"ഇല്ലടോ... പറ "

"കഴിഞ്ഞ തവണ എത്ര ഡിവിഷനാ കൂടീത് ? എത്ര പോസ്റ്റാ പുതീത്ണ്ടായത്? എത്ര കോടികളാ മറിഞ്ഞത്. ന്റെ കണക്കില് ഒരു രണ്ട് കോടി രൂപ കിട്ടി കാണും. ശരിയല്ലേ "?

"മാഷ്... പറയണത് ശരിയാ ".

"ഞാനേ...... ശനിയും ഞായറും ക്ലാസ് വച്ച്, കണക്കെന്നല്ല എല്ലാ വിഷയത്തിനും ക്ലാസെടുത്തിട്ടല്ലെ മ്മടെ സ്കൂളിന്

നൂറ് ശതമാനം കിട്ടിയത് .

അതോണ്ടല്ലെ കൊല്ലോം കൊല്ലോം ഡിവിഷനിങ്ങനെ കൂടണത്. അതോണ്ടല്ലെ ങ്ങടെ മകൾക്ക് സംസ്കൃതം ടീച്ചറാവാൻ കഴിഞ്ഞത്.

വേണ്ടങ്കി വേണ്ട . ഞാൻ നിർത്താം."

"താൻ പറഞ്ഞ് ശരിയാ ... എന്നാ പിന്നെ നിർത്തണ്ട .... ഇന്ന് ശനിയാഴ്ച്ചയല്ലേ ... ക്ലാസിന് പൊക്കോളു. ഞാൻ പോട്ടെ. ന്നാ "

"രാമുട്ടിടെ നാളെന്താ ...?"

"തിരുവോണം".

"പത്മനാഭന്റെ നാളാണല്ലോ ".

"എന്തിനാ ന്റെ നാളൊക്കെ?"

"അതൊക്കെയുണ്ട്."

"ജാതകംണ്ടോ തനിയ്ക്ക് "

"ഓ... ഉണ്ട് ".

"ന്നാ ....അതൊന്ന് ങ്ങട്ട് എടുക്കൂ. ഒരു കാര്യം ണ്ട് ".

"തന്റെ ഈ പേര് രാമുട്ടിന്ന്ള്ളത് രാമുന്ന് ആക്കിയാലോ?"

"പറ്റ്വോ ".

"ആളെ മാറാതിരിയ്ക്കാൻ കണ്ടെത്താൻ ഒരു പേര് ... ഞാനത്രേ കരുതീട്ടുള്ളു.അല്ലാ ..... അർത്ഥമില്ലാത്ത പേരിടുന്ന കാലല്ലേ?

എന്റെ പേര് ശരിയ്ക്ക് രാമൻകുട്ടി പിഷാരടി എന്നാണ്. ".

"അല്ലാ ...ഗോവിന്ദപിഷാരടിന്നല്ലേ സാറിന്റെ പേര് ... അതു മാറ്റി ഗോവിന്ദ് എന്നാക്ക്വോ സാറ് " .

"താനെന്താടോ ഈ പറയണേ ! എന്നാ ... ക്ലാസ് നടക്കട്ടെ ഞാൻ പോണു ".

"അല്ലാ... സാറേ ... ജാതകം പ്പൊ എന്തിനാ ന്റെ?"

"അതൊക്കെണ്ട്. പിന്നെ പറയാം"

സ്കൂളിലെത്തിയ രാമുട്ടി മാഷ് സമയം കളയാതെ ക്ലാസ് തുടങ്ങി.

"മാഷേ... മഷേ കൊറെ ആളുകളതാ ഇങ്ങോട്ട് വരുന്നു " .

"എവ്ടെ?"

"ഒരു മിനുട്ട് മക്കള് മിണ്ടാതിരിയ്ക്കു ". മാഷ് പറഞ്ഞു.

ആളുകൾക്കിടയിൽ നിന്ന് ഒരാൾ മുന്നിലോട്ട് വന്നു.

"മാഷേ... ഒന്നു പുറത്തേയ്ക്ക് വരു... പിന്നെ ... മാഷ് വളരെ ക്ഷമയോടെ കേൾക്കണം".

"പറയു ,എന്താ കാര്യം ?"

"ക്ലാസിന് വന്ന ഒരു കൂട്ടി റോഡ് മുറിച്ച് കടക്കുമ്പോൾ ... "

"കടക്കുമ്പോ ? "

"അപകടം പറ്റി മാഷേ ... കുട്ടി മരിച്ചു ".

"ന്റെ ദൈവമേ ....ഇനിപ്പോ .... എന്താ ചെയ്യാ..?"

"ഞങ്ങള് മാനേജരെ വിളിച്ചിട്ടുണ്ട്. അദ്ദേഹം വരട്ടെ"

പെട്ടെന്ന് സ്റ്റാഫ് മീറ്റിംഗ് കൂടി ഔപചാരികതയൊന്നും ഉണ്ടായില്ല. നേരെ വിഷയം ചർച്ചയ്ക്കിട്ടു.

"എന്തു ചെയ്യാം ?"

... ഹെഡ് മാഷ് ചോദിച്ചു. "വിഷയം എല്ലാവർക്കും അറിയാം നമ്മുടെ സ്കൂളിലെ കുട്ടിയാണ് ".

"റോഡപകടത്തിൽ മരിച്ചാൽ ഇൻഷൂറൻസ് കിട്ടുലോ ...പിന്നെന്താ?"

ഹനീഫ സാറ് പറഞ്ഞു.

"അതല്ല .എങ്ങനെ നീങ്ങണമെന്നാണ്. കുട്ടി സ്കൂൾ യൂണിഫോമിലാണ്. ഇന്ന് സ്കൂളില്ല. പ്രശ്നങ്ങളാണ്. നാട്ടുകാര് പുറത്ത് നിക്കുന്നുണ്ട് ".

"സാറേ ...ഒന്ന് തെളിച്ച് പറ... തൊട്ടും തൊടാതേം പറഞ്ഞിട്ട് കാര്യമില്ല ".

"ഞാൻ സംസാരിച്ചു. കൂടിയുടെ കുടുംബത്തിലുള്ളോരോട്." 

"ന്നിട്ട് ...."

"അവർക്ക് ... അമ്പതുലക്ഷം

വേണത്രെ ! അല്ലെങ്കിൽ സ്ക്കുള് തുറക്കാൻ സമ്മതിയ്ക്കില്യാന്ന് ".

"നമ്മളെല്ലാവരും ഓരോ ലക്ഷം വച്ച് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു".

"അതേയ് , കുട്ടി മരിച്ചത് രാമുട്ടി മാഷ് ക്ലാസ് വച്ചിട്ടാണ്. ആ തെണ്ടിത്തരം നിർത്താൻ ഒരായിരം തവണ പറഞ്ഞതാണ്.

കേട്ടില്ല. ഞ്ഞി. മൂപ്പരങ്ങട്ട് കൊടുത്തോട്ടെ . ഞാൻ തയ്യാറല്ല".

ജോർജ്ജ് മാഷ്ടെ ശബ്ദമുയർന്നു.

"ഒരു നിമിഷം . സ്റ്റാഫ് സെക്രട്ടറി എന്ന നിലയ്ക്ക് എന്റെ അഭിപ്രായം ഞാൻ പറയാം. വേണങ്കി ... ഞങ്ങള് ഒരു പതിനായിരം വച്ച് എടുക്കാം. അതിന്റെ അപ്പറൊന്നും ചിന്തിയ്ക്കാൻ പറ്റില്ല മാഷേ."

"രാമുട്ടി മാഷ്ടെ അഭിപ്രായം എന്താ?"

അല്‌പം വൈകിയെത്തിയ മാനേജർ ഇടപെട്ടു.

"ഞാനിപ്പോ എന്താ പറയുക ...അ മ്പത് ലക്ഷം ന്നൊക്കെ പറഞ്ഞാൽ .....'' രാമുട്ടി മാഷ് വാക്കുകൾ കിട്ടാതെ വിങ്ങി.

"അന്നും ഞാൻ പറഞ്ഞതാ.... വേണ്ടാന്ന് . കേട്ടോ ,ഇല്ല്യ. നി ...അനുഭവിച്ചോ. അല്ല പിന്നെ. 

"മാഷ്‌ കൊടുക്കണം. ങ്ങള് ചെയ്ത തെറ്റിന് ഞങ്ങളാ അനുഭവിയ്ക്കാ ..ഹും " ടീച്ചർ തുടർന്നു.

"ആ ഇമ്മാക്കും ഇപ്പാക്കും ഒരൊറ്റ കൂട്ട്യേള്ളു. അതാ പോയത് . ങ്ങടെ ഒരൊറ്റ ... കുരുത്തം ക്കെട്ട: സ്പെ.....ഹും.  ഞാൻ പറയുന്നില്ല".സ്റ്റാഫ് സെക്രട്ടറി സരസ്വതി ടീച്ചർ വലിയമുറിവിൽ പിന്നെയും സൂചികേറ്റാൻ നോക്കി.

രാമുട്ടി മാഷ്... 

പൊറവെള്ളത്തിൽ ഒഴുകി പോകുന്ന ഉള്ളുപോയ തേങ്ങപോലെ ആയി. ദിശയറിയാതെ ... ഒഴുകി.

പുറത്ത് മഴ കനത്തു. മാഷ് ആ കോരി ചൊരിയുന്നമഴയത്തും വിയർത്തു. കനത്ത നിശബ്ദത.

"ഒരു കാര്യം ചെയ്യാം .... എല്ലാവർക്കും സമ്മതാവുംന്ന് കരുതുണു .അമ്പതു ലക്ഷം ഞാൻ കൊടുക്കാം..."

ആരാണത് പറഞ്ഞിട്ടുണ്ടാകുക .? ആർക്കാണതിന് ചങ്കൂറ്റം ഉണ്ടാവുക.? മാനേജരാണോ? അല്ല . പിന്നെ ആരാവും ?

സംഭവമറിഞ്ഞെത്തിയ നാട്ടുകാർക്കിടയിൽ നിന്ന് ഒരു കുറിയ മനുഷ്യന്റെ വാക്കുകൾ . എല്ലാവരും അത്ഭുതത്തോടെ പരസ്പരം നോക്കി.

ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ തൊട്ടടുത്ത് നിൽക്കുന്നവനെ തോണ്ടികൊണ്ട് ചോദിച്ചു.

"ഏതാ ... ഈ പൊട്ടൻ".

"ആവു... രക്ഷപ്പെട്ടു ".

സരസ്വതി ടീച്ചർ ശരിയ്ക്കൊന്ന് ശ്വാസംവിട്ടു. ടീച്ചർമാരുടെ മുഖം തെളിഞ്ഞു.

"ഞാൻ ആന്റണി ... എന്റെ മോനിപ്പോ അമേരിക്കയിലാണ്. അഞ്ച് പൈസ ചെലവില്ലാതെ സ്കോളർഷിപ്പ് കിട്ടിയിട്ടാ പോയത്. അതുമല്ല ...അവന് രണ്ടു ലക്ഷത്തോളം ശമ്പളായി കിട്ടുന്നൂണ്ട്.. കഴിഞ്ഞ അഞ്ച് വർഷായിട്ട് അവൻ അവ്ടെ തന്നയാ "

"ന്റെ മോൻ അവിടെ എത്താൻ കാരണം ഈ രാമുട്ടി മാഷാ... മാഷില്ലെങ്കിൽ ന്റെ മോൻ ... എല്ലാരെം പോലെ " ആന്റണിയുടെ കണ്ഠമിടറി.

"ആന്റണി വരൂ . " 

ഹെഡ്മാഷ് വിളിച്ചു.

"എന്ന് കൊടുക്കാൻ കഴിയും പറയു " .

"ഞാനൊന്ന് ഇടപെട്ടോട്ടെ ... "

മാനേജരാണ്. ആ പറഞ്ഞത്.

"പിന്നെ ... ആന്റണി മുഴുവൻ കൊടുക്കണ്ട ഒരു മുപ്പത് ലക്ഷം ഞാൻ തരാം ബാക്കി ആന്റണി കൊടുത്താമതി. "

ഇതുകേട്ട ടീച്ചർമാർ ഞെട്ടി.

അറുത്ത കൈയ്ക്ക് ഉപ്പുതേയ്ക്കാത്തവനെന്ന ഖ്യാതിയുള്ള മാനേജരാണ് പറയണത്. മുപ്പത് ലക്ഷം മൂപ്പര് കൊടുക്കാന്ന്.

"എന്നാ പിന്നെ ഞങ്ങളുണ്ട് മാഷ്ക്ക് സഹായത്തിന് ... രാമുട്ടി മാഷ് ഒറ്റയ്ക്കല്ല. എന്റെ വക പതിനായിരം".

പത്ത് ബിലെ രസ്‌നയുടെ വാപ്പയാണത് പറഞ്ഞത്.

ഇതു കേട്ട സോമശേഖരൻ നായർ തന്റെ മിലിട്ടറി മീശ തടവി കൊണ്ട് പറഞ്ഞു ...

 "ഞാൻ ഇരുപത്തഞ്ചായിരം ".

കഷ്ടി രണ്ടു മാസം സർവ്വീസുകൂടി ബാക്കിയുള്ള ഹെഡ് മാഷ് പറഞ്ഞു ...

"ഞാൻ അയ്യായിരം ".

"അത് ങ്ങള് കൊണ്ടുപോയി പുയുങ്ങി തിന്നോളിൻ "  അഷ്റഫ് പറഞ്ഞത് എല്ലാവരും കേട്ടു.

എല്ലാവരിലും ഒരു ചിരി പടർന്നു ... 

"എഴുതിക്കോളിൻ ന്റെ പേരിന്റെ നേരെ. അമ്പതിനായിരം"

അഷറഫ് പറഞ്ഞവസാനിപ്പിച്ചപ്പോ ഹെഡ് മാഷ് പറഞ്ഞു.

"ഒരു കാര്യം ചെയ്യാം മാഷെ സഹായിയ്ക്കാൻ തയ്യാറുള്ളവർ പേരും തുകയും ഈ വെള്ള കടലാസിൽ എഴുതു."

"ഗോവിന്ദപിഷാരടി - മുപ്പത് ലക്ഷം "

ഞാനെഴുതി. മാനേജർ പറഞ്ഞു.

ചെറുതും വലുതുമായി സംഖ്യകൾ കൊണ്ട് കടലാസ് നിറഞ്ഞു !

ആന്റണിയുടെ ഊഴമെത്തി.

"എനിയ്ക്ക് എഴുത്തറിയില്ല ... എന്റെ പേര് ആരെങ്കിലും എഴുതി തരു ... സംഖ്യ ഞാൻ പറഞ്ഞത് തന്നെ അമ്പത് ലക്ഷം. "

"എന്തിനാ ആന്റണി അത്രയൊക്കെ . കുറച്ചൊക്കെ എന്റേലുണ്ട്". കരഞ്ഞു കലങ്ങിയ കണ്ണുമായി

രാമുട്ടി മാഷ് പിന്നെയും എന്തോ പറയാൻ വെമ്പി.

"അല്ല മാഷേ അതല്ല.. ങ്ങള് ഈ സ്കൂളിൽ പല മാറ്റങ്ങളും കൊണ്ടുവരും. യ്ക്ക് ഒറപ്പാ... അതിന് ഇനി പണംല്യാന്ന് പറഞ്ഞ് ഒന്നും നടക്കാതിരിയ്ക്കരുത്. ഈ സരസ്വതി ക്ഷേത്രത്തിലെ കെടാവിളക്കാകണം മാഷ്."

രാമുട്ടി മാഷ്ടെ കണ്ണുകൾ നിറഞ്ഞൊഴുകി ....

എല്ലാം കേട്ടു നിന്ന കുട്ടിയുടെ രക്ഷിതാവിന് കുറ്റബോധം തോന്നിയതുകൊണ്ടാവാം പെട്ടെന്ന് തന്നെ രാമുട്ടിമാഷ്ടെ കാൽക്കൽ വീണു. 

"മാഷെ ന്നോട് ക്ഷമിക്കണം. പെട്ടെന്നുണ്ടായ സങ്കടത്തിൽ ഞാനെന്തൊക്കെയോ പറഞ്ഞുപോയി. ന്റെ കുട്ടിക്ക് അത്രെ ആയുസ്സുള്ളൂ.

അതാണ്. അതിന് ഞാൻ ആരെയും കുറ്റപ്പെടുത്തു‌ന്നില്ല. എത്ര കാശ് കിട്ടിയാലും അതൊന്നും ന്റെ കുട്ടിക്ക് പകരാവില്ല്യലൊ... അതുകൊണ്ട് ന്റെ കുട്ടീടെ പേരിൽ കിട്ടിയ ഈ കാശ് മ്മടെ സ്കൂളിലെ പാവപ്പെട്ട , ന്നാ പഠിയ്ക്കാൻ കഴിയണ കുട്ട്യോളെ പഠിപ്പിനും ചികിൽസക്കും വേണ്ടി  മാഷ്ടെ പേരിൽ തന്നെ ഒരു സഹായനിധിയായി കിടക്കട്ടെ......"

കൂടുതൽ വാദപ്രതിവാദങ്ങൾക്കിട നൽകാതെ എല്ലാരും പിരിഞ്ഞ് പോയപ്പോൾ രാമുട്ടി മാഷും എങ്ങോട്ടിന്നില്ലാതെ നടന്നുതുടങ്ങി. 

പിന്നിൽ നിന്നും "മാഷേ" എന്ന വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന കുട്ടി മാഷോട് ചോദിക്കാണ് .

"എന്നെചൊല്ലിയുള്ള പ്രശ്നങ്ങളെല്ലാം തീർന്നു ല്ലെ  മാഷെ?" 

"മാഷ് സങ്കടപ്പെടണ്ട ട്ട്വൊ..... "

സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ രാമുട്ടിമാഷ് അവന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും,

അവൻ ചിരിച്ചുകൊണ്ട് തോളത്തുള്ള ബാഗും കുലുക്കിക്കൊണ്ട് പൂട്ടിയിട്ട ഗേറ്റിനുള്ളിലൂടെ രാമുട്ടിമാഷ്ടെ ക്ലാസ്സിലേക്കോടി കയറി........

പറിച്ചുവെച്ച കാലുകൾ മുന്നോട്ടോ പിറകോട്ടൊ വെക്കാനാവാതെ രാമുട്ടി മാഷ് നിന്ന നിൽപ്പിൽ നിന്നും അനങ്ങാനാവാതങ്ങിനെ നിന്നുപോയി.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS