ADVERTISEMENT

ആർദ്രം (കഥ)

 

നല്ല തണുത്ത കാറ്റുണ്ട്, ദീക്ഷിത് ട്രെയിനിന്റെ വാതിലിന്റെ കമ്പിയിൽ പിടിച്ച് അകലെ പച്ച പുതച്ച് കിടക്കുന്ന മലനിരകളെ നോക്കി, എത്രയോ തവണ താൻ ഇതു വഴി കടന്നു പോയിരിക്കുന്നു. എങ്കിലും ഈ കാഴ്ചകൾ പകർന്നു നൽകുന്ന സുഖം ഒന്നു വേറെ തന്നെയാണ്, ഇപ്പോഴും , ഏതാണ്ട് 25 വർഷം മുൻപ്, ആദ്യമായി ഈ വഴി യാത്ര ചെയ്തപ്പോൾ ഉണ്ടായ അതേ കൗതുകം ആണ്. എത്ര കണ്ടാലും മതിവരാത്തവ ...... കുറെ നേരം എ.സി യിൽ ഇരുന്നു കഴിയുമ്പോൾ ഇങ്ങനെ ഇവിടെ വന്ന് നിൽക്കുന്നത് പതിവാണ്, പലപ്പോഴും ഔദ്യോഗികമായ നൂലാമാലകൾ നിറഞ്ഞ പ്രശ്നങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഇവിടെ ഇങ്ങനെ നിന്ന് ചിന്തിച്ചാണ് പലതിന്റെയും പരിഹാരത്തിലേക്കും എത്താറ്. അല്ലെങ്കിലും ഏത് പ്രശ്നത്തിന്റെയും പരിഹാരം പ്രകൃതി നൽകും എന്നാണല്ലോ ? ദീക്ഷിത് ഒന്നു കൂടി ഇളകിയാടുന്ന വാതിലിൽ ചാരി നിന്ന് ഓർത്തു, ഒരു നേരിയ ചിരി മുഖത്ത് വിടർന്നു, അയാൾ പോക്കറ്റിൽ നിന്ന് അല്പം മുമ്പ് വാങ്ങിയ "വിശാൽ " ഗുഡ്കയുടെ പാക്കറ്റ് എടുത്ത്, പുകയിലയും ചേർത്ത് നന്നായി രണ്ട് കയ്യും തിരുമി യോജിപ്പിച്ചിട്ട് വായിലേക്കിട്ടു, ഇത് നാട്ടിൽ കിട്ടില്ലല്ലോ, അവിടെ പുകയില ഉൽപ്പന്നങ്ങൾ ആയ ഗുഡ്കയും, ജർദ്ദയ്ക്കും നിരോധനം ആണ്. ഇപ്പോൾ വണ്ടി ഒരു തുരങ്കത്തിലേക്ക് കയറി, കാതടപ്പിക്കുന്ന ശബ്ദം, കനത്ത ഇരുട്ട്, നല്ല തണുപ്പ് ..... അയാൾ ഒരു വേള തുരങ്കങ്ങളെ കുറിച്ചോ ത്തു, പ്രത്യേകിച്ചും തുരങ്കങ്ങളായ മനുഷ്യ ജന്മങ്ങളെ, അവയിലടങ്ങിയിട്ടുള്ള രഹസ്യാന്മകത്വത്തെ ....

 

400 മീറ്റർ നീളം കാണും ഏകദേശം, ഇപ്പോൾ തുരങ്കം കടന്ന് വീണ്ടും ഹരിതാഭയിലേക്ക് ...... ഫോണെടുത്ത് നോക്കി കുറെ മെസേജുകൾ ഉണ്ട്, വീട്ടിലേക്ക് ഇന്ന് വിളിച്ചില്ല, അല്ലെങ്കിൽ തന്നെ എന്തിനാ എപ്പോഴും വിളിച്ചിട്ട് ?, പുതിയ കാര്യം ഒന്നും പറയാനില്ലല്ലോ? അമ്മയാണേൽ എപ്പോഴും വിവാഹ കാര്യം മാത്രമേ സംസാരിക്കൂ, അല്ല അവരെ കുറ്റം പറയാൻ കഴിയില്ല, സ്വാഭാവികമാണല്ലോ അത്തരം ആഗ്രഹങ്ങൾ, ന്യായീകരിക്കത്തക്കതും .

 

 ഇങ്ങനെ ഓരോന്ന് ഓർത്തു നിൽക്കുബോൾ ആരോ തന്റെ പാന്റ്സിൽ പിടിച്ച് വലിക്കുന്ന പോലെ തോന്നി, തിരിഞ്ഞു നോക്കി, ഒരു പെൺകുട്ടി ആണ് നന്നായി വെളുത്ത്, മെലിഞ്ഞ് ചടച്ച ഒരു കുട്ടി, എണ്ണ പുരളാതെ പാറി പറക്കുന്ന മുടിയിഴകൾ, വലിയ കണ്ണുകൾ, ഇടതു കവിളിൽ ഒരു കറുത്ത മറുക് , വടക്കേ ഇന്ത്യയിലെ ഏതോ സംസ്ഥാനത്ത് നിന്നുള്ളതാണെന്ന് തോന്നുന്നു, ദീക്ഷിതിന് എന്തോ ആ മുഖത്തിനോട് ഒരു പ്രത്യേകത തോന്നി, ഏതാണ്ട് 6 വയസ് പ്രായം കാണും, അയാൾ അവളുടെ കൈയ്യും പിടിച്ച് ടൊയ്​ലറ്റുകൾ ക്ക്‌ മുൻപുള്ള കോച്ച് അറ്റൻഡർ ക്ക് ഇരിക്കാനുള്ള സീറ്റിൽ ഇരുന്നു, തന്റെ കൈ വിടു വിക്കാനായി ശ്രമിച്ചു കൊണ്ട്, ലാളിത്യം നിറഞ്ഞ ഹിന്ദിയിൽ കുട്ടി പറഞ്ഞു "എന്തെങ്കിലും തരൂ സാബ്, " അവളെ ഒന്നു കൂടി ചേർത്തു നിർത്തി, കവിളിലെ മറുകിൽ ചൂണ്ടു വിരൽ തൊട്ടു കൊണ്ട് ചോദിച്ചു, "എന്താ മോളുടെ പേര്? "പത്മ" ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു, "വേറെ ആരാ മോളേ വീട്ടിൽ ഉള്ളത്" ശങ്കർ മാമയും മാമിയും, അയാൾ അവളുടെ ദൈന്യതയാർന്ന മിഴികളിലേക്ക് നോക്കി, അകത്തെവിടെയോ എന്തെന്നില്ലാത്ത ഘനം, സാധാരണ താൻ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ്, താൽപര്യം ഇല്ലാഞ്ഞിട്ടല്ല, തനിക്ക് ഇതൊന്നും കാണുവാനും, കേൾക്കുവാനും കഴിയില്ല, ചില മുഖങ്ങൾ ആഴ്ചകളോളം തന്നെ വേട്ടയാടാറും ഉണ്ട് , പക്ഷേ ഈ കുട്ടിയോട് എന്തോ കൂടുതൽ സംസാരിക്കണമെന്ന് തോന്നി, "അവർ മോളെ നന്നായി നോക്കാറുണ്ടോ ?" കുട്ടിയുടെ മുഖം പെട്ടെന്ന് ഇരുണ്ടു, കണ്ണുകൾ താഴ്ത്തി നിലത്തേക്ക് നോക്കിയിട്ട് പറഞ്ഞു "ഇല്ല അങ്കിൾ, എപ്പോഴും അടിക്കും, വഴക്കും പറയും" അയാൾ ശ്രദ്ധിച്ചു അവളുടെ മിഴികൾ നിറഞ്ഞിരുന്നു, "എന്തിനാ മോളെ അവർ തല്ലുന്നത്" അവൾ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു "വീട്ടിൽ ചെല്ലുമ്പോൾ പൈസ കുറവാണെന്ന് പറഞ്ഞാ അടിക്കാ, ഞാനെന്ത് ചെയ്യാനാ അങ്കിളെ കിട്ടുന്നതല്ലെ കൊടുക്കാൻ പറ്റൂ" അയാൾ അവളെ തന്നോട് ചേർത്തു നിർത്തി, നെറ്റിയിൽ തലോടി കൊണ്ട് ഓർത്തു, പാവം കുട്ടി, ഈ മാഹാരാജ്യത്തിലെ കോടികണക്കിന് വരുന്ന നിസഹായരായ കുരുന്നുകളുടെ പ്രതിനിധി... അവളെ അയാൾ തന്റെയടുത്ത് സീറ്റിൽ ഇരുത്തി, കുറച്ച് നേരം ചിന്തയിലാണ്ടു, അടുത്ത സ്റ്റോപ്പ് മഡ്ഗാവാണ്, വേണമെങ്കിൽ അവിടെയിറങ്ങാം, മാറ്റി വയ്ക്കാൻ പറ്റാത്ത യാത്ര ഒന്നും അല്ലല്ലോ ഇത്, കാര്യങ്ങൾ എന്തെങ്കിലും പിന്നെ പുരുഷോത്തം ഭായിയോട് പറയാം , ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെങ്കിൽ,.....

 

 

അമ്മക്ക് എന്തായാലും കുഴപ്പം കാണില്ല, ആദ്യത്തെ എതിർപ്പ് പതുക്കെ പറഞ്ഞ് മനസ്സിലാക്കി മാറ്റാവുന്നതേയുള്ളൂ, അയാൾ ഒന്നു കൂടി അവളുടെ കണ്ണുകളിലേക്ക് നോക്കി, ചിരിച്ചിട്ട് ചോദിച്ചു "മോൾ പോരുന്നോ അങ്കിളിനൊപ്പം?" അവൾ ഒന്ന് അമ്പരന്നിട്ട് ചോദിച്ചു "എങ്ങോട്ടാ" അങ്കിളിന്റെ വീട്ടിലേക്ക്, പത്മ അയാളെ വിശ്വാസം വരാത്ത പോലെ സൂക്ഷിച്ച് നോക്കിയിട്ട് ചോദിച്ചു "അവിടെ വേറെയാരാ ഉള്ളത്" 

"അങ്കിളിന്റെ വീട്ടിൽ അമ്മാമയുണ്ട്, പിന്നെ രണ്ട് പൂച്ച കുട്ടികൾ , മുറ്റം നിറയെ ചെടികളും, നല്ല ഭംഗിയുള്ള പൂക്കളും ഉണ്ട്" അവൾ ഒന്നു കൂടി അയാളുടെ മുഖത്തേക്ക് നോക്കിയിട്ട്, നേരെ അയാളുടെ കൈകളിൽ പിടിച്ചു ..... ദീക്ഷിത് അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ഉമ്മ വച്ചു, അയാളുടെ നയനങ്ങൾ സജലങ്ങളായി .... കൂടുതൽ ഒന്നും ആലോചിക്കാനില്ല, അധിക ചിന്തകൾ ചില സമയത്ത് മനസിന്റെ സ്വാസ്ഥ്യം കെടുത്തും, അവ സന്ദേഹത്തിലേക്കും, അവ്യക്തതയിലേക്കും നയിക്കും, ഇപ്പോൾ തീരുമാനമാണ് വേണ്ടത്, ഗോവയിൽ ഇറങ്ങുക, മോൾക്ക് ആഹാരവും, വസ്ത്രങ്ങളും വാങ്ങിയിട്ട് അടുത്ത വണ്ടിക്ക് നാട്ടിലേക്ക് .....

 

നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്നും അവളുടെ കൈയ്യും പിടിച്ച് തിരക്കിനിടയിലൂടെ, ഉറച്ച ചുവടുകളുമായ് അയാൾ പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി നടന്നു.... ജനങ്ങൾ വണ്ടിയിൽ കയറാനായി തിരക്ക് കൂട്ടുന്നു ചുറ്റിലും, ഇറങ്ങിയവർ സുരക്ഷിത സ്ഥലങ്ങൾ എന്നു കരുതുന്ന ഇടങ്ങളിലേക്ക് ഒഴുകുന്നു: യാത്രകൾ തുടരുന്നു പുതിയ ആകാശം തേടിയുള്ള പ്രതീക്ഷാ നിർഭരമായ യാത്രകൾ .......

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com