ADVERTISEMENT

കുപ്പിവളപ്പൊട്ട് (കഥ)

 

 

മഴ ചാറിത്തുടങ്ങുമ്പോൾ ബസ് പാലത്തിലേക്ക് കയറുന്നതേ ഉണ്ടായിരുന്നുള്ളൂ...താഴെ തെളിഞ്ഞു കിടന്ന പുഴയിൽ മഴത്തുള്ളികൾ കളം വരച്ചു തുടങ്ങിയിരുന്നു...ഓലത്തൊപ്പിയും ചൂടി ഒരു കൊതുമ്പുവള്ളം  മെല്ലെ പാലത്തിന്നടിയിലേക്ക് പതുങ്ങി.

 

മഴ കൊട്ടിക്കേറിത്തുടങ്ങിയപ്പോൾ തന്നെ വശങ്ങളിലെ സീറ്റുകളിൽ ഇരുന്നവർ സൈഡ് കർട്ടൻ വലിച്ചിട്ടു തുടങ്ങിയിരുന്നു...ബസിന്റെ അഴികളിൽ വീശിയടിക്കുന്ന ടാർപോളിൻ ഷീറ്റ് അല്പം ഉയർത്തിപ്പിടിക്കാൻ നടത്തിയ ശ്രമം ഫലം കണ്ടില്ല...മുൻവശത്തെ ചില്ലുകളിലൂടെ ദൃശ്യമായിരുന്ന, പാലത്തിനപ്പുറം റോഡിലേക്ക് കുടചൂടി പൂത്തുനിൽക്കുന്ന വാകമരക്കൂട്ടത്തെയും മഴച്ചാലുകൾ  മറച്ചുപിടിച്ചു.കാഴ്ചകൾ മറഞ്ഞതോടെ അവൻ സീറ്റിലേക്ക് ചാരിയിരുന്നു.

 

മുൻപൊരിക്കൽ, മഴ തോരാതെ പെയ്തൊരു വേനൽക്കാല രാത്രിയിൽ അവൾക്കായ് എഴുതിയ വരികളായിരുന്നു തുടക്കം. നേരിട്ട് പറയാൻ സാധിക്കാത്തത് എഴുത്തുകളിലൂടെയെങ്കിലും അറിയിക്കാൻ ആഗ്രഹിച്ചു നടന്ന കാലം.ഇ രുട്ടിന്റെ മറവിൽ കുളിച്ചൊരുങ്ങുന്ന പ്രകൃതി അന്തരീക്ഷമാകെ പുതുമണ്ണിന്റെയും ചെമ്പകപ്പൂക്കളുടെയും മണം പരത്തുമ്പോൾ അവന്റെ മനസ്സിലെ ചിന്തകൾ മെല്ലെ അക്ഷരങ്ങളായി...

"കാലം തെറ്റി വന്ന്... തുള്ളിക്കൊരു കുടം പെയ്ത്... മഴ വാക്ക് പാലിച്ചു...!!

മഴക്കെന്നോടുള്ള വായ്‌പിൽ ഊറ്റം കൊണ്ട്...മഴനൂലിലേറി ഞാനും പാറി...പട്ടം പോലെ...

പക്ഷേ... 

ഈറൻ മുടിക്കെട്ടഴിച്ചാടുന്ന മഴക്കുറുമ്പുകൾക്കിടയിലൊന്നും കണ്ടില്ല...മഴക്കാഴ്ചകളിൽ ഒറ്റക്കിരിക്കാനാശിച്ചൊരാളെ....

പിന്നെ...

പെയ്തുവീഴുന്ന ഓരോ മഴത്തുള്ളികളിലും ഞാനാ മുഖം വരച്ചു വെച്ചു...

ഒടുവിലൊടുവിൽ...

വീശിയടിച്ച കിഴക്കൻ കാറ്റിൽ പാറിപ്പറന്ന് ഞാൻ വന്നിറങ്ങി...ഒരുപാടോർമ്മകളുടെ ഒറ്റമരക്കൊമ്പിൽ...

പതിയെ....

മഴ പെയ്തൊടുങ്ങി...

ഞാൻ പിന്നേയും പെയ്തു കൊണ്ടേയിരുന്നു..."

 

ഒരുപാട് ആലോചനകൾക്കു ശേഷം അവൾക്കത് അയച്ചു കൊടുത്തിരുന്നുവെങ്കിലും  അതിനു പക്ഷെ അവൾ മറുപടിയൊന്നും അയച്ചിരുന്നില്ലെന്നും അവനോർത്തു.

 

ഏറെ നാളുകൾ കഴിഞ്ഞു, ദൂരെയാത്രക്ക് മുൻപ് യാത്ര പറയാൻ അവളുടെ വീട്ടിലേക്ക് ചെന്നപ്പോഴാണ് മഴത്തുള്ളികളിൽ വരച്ചു ചേർത്ത മുഖം ആരുടേതാണെന്ന് അവൾ ചോദിക്കുന്നത്. അവളത് ഓർത്തിരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഗൂഢമായൊരു സന്തോഷം അവന്റെ മനസ്സിൽ നിറഞ്ഞു. ഇളം തിണ്ണയോട് ചേർന്നുള്ള ഒറ്റപ്പാളി ജനലിൽ കൈചേർത്തു വെച്ച് പുഞ്ചിരിയോടെ അവൾ 

മറുപടിക്കായ് കാത്തുനിന്നു...‌

 

കരിമഷിക്കൂട്ടണിഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു... 

"അതൊരു ശലഭമായിരുന്നു... പൂക്കൾക്കിടയിലൂടെ പാറിനടക്കുന്ന ഒരു ശലഭം.... മൃദുവായൊരു സ്പർശനം പോലും ആ നേർത്ത ചിറകുകൾ തളർത്തുമോയെന്നു ഞാൻ ഭയപ്പെട്ടു.. അത് കൊണ്ട് തന്നെ ദൂരെക്കാഴ്ചകളിലൂടെ മാത്രം ഞാൻ അതിനെ അറിയാൻ ശ്രമിച്ചു... ഓരോ നിമിഷവും എന്റെ മിഴികളിൽ ആ സൗന്ദര്യം നിറക്കാൻ ഞാൻ കൊതിച്ചു...പിന്നെയാ മനോഹര ശലഭം മെല്ലെ എന്റെ ഹൃദയത്തോട് ചേർന്നു..."

ഒന്ന് നിർത്തി അവൻ പറഞ്ഞു...

"ആ ശലഭം നീയായിരുന്നു..."

ശലഭച്ചിറകുകെ പോലെ അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു...പിന്നെ ഒന്നും പറയാതെ പടികൾ ഇറങ്ങി ഓടിയകന്നു...

 

ആധിയും ആകാംക്ഷയുമേറി ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിലെഴുതിയ വരികളിൽ അവളെ കുറിച്ചുള്ളതും അവളോട് പറയാനുള്ളതുമെല്ലാം നിറഞ്ഞു നിന്നു. യാത്ര പുറപ്പെടുന്ന അന്ന്, മുറ്റത്തെ കോണിൽ പൂത്തുനിന്ന കൈതച്ചെടിയുടെ മറപറ്റി അവളുടെ കയ്യിലേക്ക് നീട്ടിയ ആ കുറിപ്പ് വാങ്ങുമ്പോൾ അവൾ മുഖത്തേക്ക് നോക്കിയിരുന്നില്ല.

 

പതിവുപോലെ സന്ധ്യക്കുമുമ്പ് ടെറസിന് മുകളിൽ പഠിക്കാനിരിക്കുമ്പോൾ, ചിമ്മിണിയോട് ചേർന്ന് കിഴക്കോട്ടു നീളുന്ന കൈവരിയിൽ ചാരിയിരുന്ന് അവളത് വായിച്ചു തുടങ്ങി,

 

"കാലത്തിന്റെ കനൽചൂടെന്നെ പൊള്ളിക്കയാണ്...

 

തീക്ഷ്ണമായ നോട്ടം താങ്ങാനുള്ള ശക്തിയെനിക്കില്ലാത്ത പോലെ... അതുമല്ലെങ്കിൽ ആ കണ്ണുകളിലെ പ്രണയം എന്നോടുള്ളതായിരുന്നില്ലേ എന്നുള്ള ആശങ്ക... 

 

എല്ലാം എന്റെ തോന്നലാകാം...

 

പക്ഷെ...ഇതിനെല്ലാമിടയിലും...ഒരല്പമെങ്കിലും അവളെനിക്കൊപ്പമുണ്ടെന്നുള്ള തോന്നലിൽ എന്റെ പ്രണയം നിറയുകയാണ്...കാണാൻ കൊതിക്കുന്ന പ്രണയം...കേൾക്കാൻ കൊതിക്കുന്ന പ്രണയം.

 

കാലത്തിനോടൊപ്പമെനിക്ക് പുറകോട്ടു സഞ്ചരിക്കണം...

 

പലവർണചില്ലുകളുള്ള ആ ജനാലക്കരികിലേക്ക് അവളെ മാടിവിളിക്കണം....ആ ഒറ്റപ്പാളി ജനലിനരികിൽ നിന്ന് അവളോടെല്ലാം പറയണം...അപ്പോളവൾ ജനൽക്കമ്പികളിൽ പിടിച്ചിരുന്ന കൈകൾ വിടുവിച്ചു എന്നിൽ നിന്നോടിപ്പോകുമോ എന്നെനിക്കറിയില്ല... എങ്കിലും എന്റെ മനസ്സിലുള്ളത് മുഴുവനും അവളോട് ഞാൻ പറഞ്ഞു തീർക്കും....

 

അപ്പോൾ ,

എന്റെ കണ്ണുകളിലെ പ്രണയം അവൾ തിരിച്ചറിയും...കാരണം അതെനിക്ക് ഇനിയുമൊരുപാട് മൂടിവെക്കാനാവില്ല....

 

പിന്നെ,

അസ്തമയ സൂര്യനെയും നോക്കി പാടവരമ്പിലൂടെ നടക്കാൻ അവളെയും കൂട്ടിപ്പോകണം...തോട്ടുവെള്ളത്തിലേക്ക് കാലിറക്കി വെച്ച് മുഖത്തോടു മുഖം നോക്കി ഒരുപാടൊരുപാട് സംസാരിച്ചിരിക്കണം...

 

ചാറിവീഴുന്ന മഴക്കൊപ്പം അവളുടെ കൈപിടിച്ച് കടൽത്തീരത്ത് കൂടി നടക്കണം... കാറ്റേറ്റ് പാറിവീഴുന്ന തട്ടത്തിനൊപ്പം അവളിലെ സുഗന്ധവും എന്നിലേക്ക്‌ തഴുകിപ്പരക്കണം...കവിളിലേക്കു പാറിവീഴുന്ന മുടിയിഴകൾ കോതിയൊതുക്കുവാൻ എന്റെ വിരലുകൾ കൊതിക്കണം...ഒടുവിലൊടുവിൽ...ആ പുഞ്ചിരിക്കുന്ന മുഖം എന്റെ കൈകളിൽ കോരിയെടുക്കണം...

 

എന്റെ ഓരോ നോക്കിലും വാക്കിലും നിറഞ്ഞിരുന്നത് അവളോടുള്ള പ്രണയമാണെന്ന് അന്നൊരു പക്ഷേ അവൾക്ക് മനസ്സിലാകുമായിരിക്കും.... 

 

ഒന്നും ഞാൻ പറയാതിരുന്നത് ...പറഞ്ഞു കഴിഞ്ഞാൽ...അതെ കാരണത്താൽ അവളെന്നിൽ നിന്നകലുമോ എന്ന പേടികൊണ്ടായിരുക്കുമെന്ന്... 

 

അകലെ നിന്നാണെങ്കിലും ഒരു നോക്ക് കാണണമായിരുന്നു...ആ  പുഞ്ചിരി എന്നും എനിക്ക് വേണമായിരുന്നു...

 

ഓർമ്മ വെച്ച നാൾ മുതൽ മനസ്സിൽ നിറഞ്ഞ ആ കുഞ്ഞുപൂവ്...! എന്നും കൂട്ടായി നിന്ന കളിക്കൂട്ടുകാരി...!!

 

സ്വപ്ന സഞ്ചാരങ്ങളിൽ കൂടെ കൂട്ടിയ ചുവന്ന വളപ്പൊട്ട്...ഒരു സ്ഫടികത്തുണ്ട്...!

 

അതു ഞാൻ കാത്തുവെച്ചോളാം..!! കൂടെയിരുന്ന നിമിഷങ്ങളും...!!

 

ഞാൻ കാത്തിരുന്നോളാം...പാതി ചാരിയ ആ ജനൽ പാളിയിലൂടെ ഒരു ഇളം കാറ്റായ് നീ തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ...!!"

 

വായിക്കുന്നതിനിടയിൽ,  സന്ധ്യവെളിച്ചത്തിൽ കുളിച്ചുകിടന്ന അക്ഷരക്കൂട്ടങ്ങളിലേക്ക് വീണ മിഴിനീർത്തുള്ളികൾ സന്തോഷത്തിന്റെയോ സങ്കടത്തിന്റെയോ എന്ന് അവൾക്കും മനസ്സിലായില്ല.

 

പിന്നീട്, കാലം കരുതി വെച്ച വേർപാടുകൾക്കിടയിലും വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ച പ്രണയം പതിയെ കത്തുകളിലൂടെ അവളിലേക്കെത്തി, തിരിച്ചും... 

ഒടുവിൽ..സ്വപ്നങ്ങളിലും സങ്കല്പങ്ങളിലും മാത്രം നിറഞ്ഞു നിന്ന കൂടിക്കാഴ്ചക്കായുള്ള ഈ യാത്ര...അതിനെക്കുറിച്ചുള്ള ചിന്തകളും ആശങ്കകളും, കഴിഞ്ഞ രാത്രികളിൽ ഉറക്കം എന്നത് ഒരു മരീചികയാക്കി മാറ്റിയിരുന്നു.

 

ബസ് ചെറുതായൊന്നു കുലുങ്ങി. 

പാലത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വേഗം കുറച്ചു പോകണമെന്ന, വെള്ളയിൽ ചുവന്ന അക്ഷരങ്ങളുള്ള, മുന്നറിയിപ്പ് ബോർഡ് കടന്നതിന് ശേഷവും വണ്ടി സാമാന്യം വേഗതയിൽ തന്നെയാണ് പൊയ്ക്കൊണ്ടിരുന്നത്.മഴയുടെ ശക്തി കൂടിക്കൊണ്ടേയിരുന്നു. ഒരു കാർമുകിൽക്കീറ് ബസ്സിലേക്കിറങ്ങി വന്ന പോലെ ചെറിയൊരു ഇരുട്ട് പരന്നു തുടങ്ങി...ഒപ്പം നേർത്ത തണുപ്പും....അവൻ മെല്ലെ ചെറിയൊരു മയക്കത്തിലേക്ക് വഴുതി...സ്വപ്നങ്ങളുടെ താഴ്‌വരയിലേക്ക്...

-----

മഴ പെയ്തു തോർന്ന മുറ്റത്തേക്കിറങ്ങാൻ കൊതിച്ച ഇളം മഞ്ഞ വെയിൽ തറവാടിന്റെ മേൽക്കൂര നിഴലുകളെ കിഴക്കോട്ട് നീട്ടി വരച്ചു. മണൽ വിരിച്ച മുറ്റത്തിനോട് ചേർന്നു ചെത്തിപ്പൂക്കൾ അതിരിട്ട പൂന്തോട്ടത്തിൽ ശലഭങ്ങൾ പാറുന്ന പൂക്കൾക്കിടയിലൂടെ ഓടിക്കളിക്കുന്ന രണ്ടു കുട്ടികൾ...ചുവന്ന കുപ്പിവളകൾ നിറഞ്ഞ കുഞ്ഞിക്കൈകളിൽ അവൻ തന്റെ കുഞ്ഞിക്കൈകൾ മുറുക്കിപ്പിടിച്ചിരുന്നു...റോസാച്ചെടിയിൽ കുരുങ്ങിയ അവളുടെ ചെമ്പകപ്പൂ നിറമുള്ള പട്ടുടുപ്പ് മുള്ളുകൾക്കിടയിൽ നിന്ന് വിടുവിച്ചെടുക്കുന്ന അവന്റെ കവിളുകളിൽ മെല്ലെ അവളൊരു മുത്തം കൊടുത്തു...ഒപ്പം ഒരു പുഞ്ചിരിയും...

ചുറ്റും നിലാവ് പരന്ന പോലെ...

അന്തരീക്ഷമാകെ ചുവന്ന പൂക്കൾ നിറഞ്ഞു....മാസ്മരികമായ സുഗന്ധവും...

-----

നില തെറ്റി അഗാധമായ കയത്തിലേക്കെന്ന പോലെ അവൻ ഭാരമില്ലാതെ ഒഴുകിയിറങ്ങി....പൂക്കളേക്കാളേറെ വർണ്ണശലഭങ്ങൾ അവന് ചുറ്റും നൃത്തം വെച്ചു...അവന്റെ ചുമലുകളിൽ പറന്ന് വന്നിരുന്ന ഇണപ്രാവുകൾ കൊക്കുരുമ്മി കുറുകി....സ്വർണ്ണച്ചിറകുകളുള്ള പറവക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നു...

കാതുകളിൽ തഴുകുന്ന മഴത്താരാട്ടിനൊപ്പം അടുത്തടുത്തെത്തുന്ന പുഴയുടെ കളകളാരവം...ഈറൻ മുടിയിഴകളിലൂടെ തഴുകിപ്പോകുന്ന കൈതപ്പൂമണമുള്ള കാറ്റ്...

അവൻ മെല്ലെ കണ്ണുകൾ തുറന്നു...മുകളിൽ നിന്ന് പൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾക്കൊപ്പം ഇരുണ്ട ചിറകുകൾ വീശി ഭീമൻ പക്ഷി...  മഴനൂലുകൾക്കിടയിലൂടെ അരിച്ചിറങ്ങിയ നേർത്ത സൂര്യ കിരണങ്ങൾക്കിടയിൽ ഒരു മഴവിൽത്തുണ്ട്...ഒരു മാലാഖപ്പുഞ്ചിരി...അവൻ ചിരിച്ചു...പതിയെ...ആ കണ്ണുകളടഞ്ഞു...

ചോരപ്പൂക്കൾ വിരിയുന്ന കൈക്കുമ്പിളിൽ ഒരു കുപ്പിവളപ്പൊട്ട്...!!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com