ADVERTISEMENT

കാലം കുറെയായി. ഒരു സ്ഥലത്ത് തന്നെ ഇരുന്നിട്ടാണോ എന്നറിയില്ല, അവരുടെ കാലുകളിൽ നീരുവച്ച് തുടങ്ങിയിരുന്നു... കെട്ടിയിട്ട ചങ്ങലകളിൽ നിന്ന് മോചനം ലഭിച്ച സന്തോഷത്തിൽ എവിടെയൊക്കെയോ ഓടിപാഞ്ഞ് പാവങ്ങൾ ഒന്ന് നടു നിവർത്തുമ്പോൾ ആണ്  ഭൂമികാണാനുള്ള വെപ്രാളവുമായി അമ്മയുടെ വയറ്റിൽ നിന്നും എന്റെ പരാക്രമം...

 

"പാവങ്ങൾ ഒന്നു സമാധാനമായി ഇരിക്കാനുള്ള സാവകാശം കിട്ടിയില്ല എന്നു തോന്നുന്നു." എവിടെയൊക്കെയോ സ്ഥാനം തെറ്റി ആണ് ഇരുന്നത്.... ഓഹ്! ആരാണെന്നല്ലേ? നമ്മുടെ ചൊവ്വയും ശനിയും  വ്യാഴവും ഒക്കെ. പക്ഷെ, ഇവരൊക്കെ സ്ഥാനം തെറ്റിയാണ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ജാതകമെഴുതുന്ന കണിയാര് വേണ്ടിവന്നു എന്നുമാത്രം. അല്ല ഇനിയിപ്പോ അത് അറിഞ്ഞിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല! കൂട്ടത്തിൽ അല്പം പ്രശ്നക്കാരനായ രാഹുവിന്റെ ഉപദ്രവം കുറക്കാൻ അച്ഛനുമമ്മയും മത്സരിച്ചു കഴിപ്പിച്ച സർപ്പബലികളിൽ എത്ര ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാകും പാവം രാഹു എന്ന് ചിന്തിച്ചു ഇടയ്ക്കൊക്കെ എനിക്ക് വല്ലാതെ വിഷമം തോന്നാറുണ്ട്....

 

ഇതിപ്പോ എനിക്കും അവർക്കും ഒരു പ്രശ്നം ആയ സ്ഥിതിക്ക് ഇതിനൊരു പരിഹാരം എന്നോണം കണിയാരെ കൊണ്ട് ഒരു നല്ല ദിവസം നോക്കി ജാതകം എഴുതാൻ പറഞ്ഞു. സ്ഥാനം തെറ്റിയ ഗ്രഹങ്ങളെയും കൊണ്ട് ഞാനൊരു തീർത്ഥയാത്ര പുറപ്പെട്ടു. തീർത്ഥയാത്ര എന്നു പറഞ്ഞാൽ തെറ്റിദ്ധരിക്കേണ്ട. കാശി രാമേശ്വരം,ഹരിദ്വാർ ഇതൊന്നും അല്ല കേട്ടോ. നല്ല നീരുറവ ഉള്ള നമ്മുടെ സ്വന്തം തോട്ടിലേക്ക്...

 

സ്വരരാഗ ഗംഗാ പ്രവാഹമെന്ന പാട്ടും പാടി ജാതകമെഴുതാൻ കൊടുത്ത കണിയാരുടെ വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ, കണിയാരെ കാത്തുനിന്ന ആൾക്കാരുടെ കയ്യിലെ ചുവപ്പും നീലയും പുറം ചട്ടയുള്ള  ബുക്കിൽ നിന്നും കണ്ടകന്റെയും ഏഴരയുടെയും നിലവിളി മുഴങ്ങുന്നു..."പാവങ്ങൾ എന്ത് ചെയ്യാൻ ഇനിയിപ്പോ, രണ്ടരയോ ഏഴരയോ വർഷങ്ങൾ എടുക്കും ഒന്ന് ഫ്രീ  ആവാൻ" 

 

അതൊക്കെ പോട്ടെ. എല്ലാ ഗ്രഹങ്ങളെയും നല്ല സ്ഥലങ്ങളിൽ ഇരിപ്പിടം കൊടുത്തു  2000 ത്തിന്റെ ഒരു ഗാന്ധിത്തല കണിയാരുടെ കയ്യിൽ കൊടുത്തു വാങ്ങിയ രാജയോഗവുമായി  പച്ചതുരുത്ത് ലക്ഷ്യമാക്കി ഞാൻ നടന്ന് തുടങ്ങി. അകലെയല്ല എന്ന പ്രതീക്ഷയിൽ.....

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com