ADVERTISEMENT

ഗന്ധർവനെപ്പോലെ ഭാവനാംബരത്തിലൂടെ പറന്നു നടന്ന പത്മരാജൻ ‘ലോല’യിലൂടെ പടിഞ്ഞാറിന്റെ ചരമഗീതം എഴുതുകയായിരുന്നു എന്ന് എത്രപേർക്കറിയാം. മലയാളത്തിലെ ആധുനിക വിമർശനത്തിന്റെ തന്തപ്പെരിയോൻ ആയ കെ.പി.അപ്പൻ ലോലയെ ‘ഏറ്റവും മികച്ച പ്രണയകഥ’ എന്നു വിളിച്ചതോടെ മക്കളെല്ലാം അപ്രകാരം ‘ലോല’യെ കണ്ടുതുടങ്ങി. അപ്പൻ നടത്തിയ പ്രതിഷ്‌ഠകളെ ഇളക്കാൻ ഇത്തിരി പാടാണ്. അസാധാരണമായ കടുശർക്കരക്കൂട്ടിട്ടാണ് അപ്പൻ കഥാവിഗ്രഹങ്ങൾ പ്രതിഷ്‌ഠിക്കുക. അപ്പന്റെ ഭാഷയ്‌ക്ക് അത്ര തേജസ്സാണ്. ഓജസ്സാകട്ടെ തുളളിത്തുളുമ്പുന്നു.

 

‌മൈനാക പർവതത്തെപ്പോലെ കടലിൽനിന്നുയർന്നു വരുന്ന കിഴക്കൻ ഭാവനയുടെ കൊടിപ്പടമാണ് വാസ്തവത്തിൽ ഈ കഥ. പ്രകടമായിത്തന്നെ ഈ കഥ ആ സൂചന നൽകുന്നുണ്ട്. വാച്യാർഥത്തിൽ ഊന്നി കഥ വായിക്കണം. വാച്യത്തെ അത്യന്തം തിരസ്‌ക്കരിക്കരുത്. കവിതയെ ഊന്നി ആനന്ദവർധനാദികൾ നെയ്‌തെടുത്ത ധ്വന്യാദിപ്പുടവകൾ കഥയ്‌ക്ക് പാകമാകില്ല. ലിംഗപരമായി കഥയും കവിതയും വ്യത്യാസപ്പെട്ടിരിക്കുന്നു. കവിത ലാവണ്യവതിയായ അംഗനയാണെങ്കിൽ കഥ പുരുഷഗോപുരമാണ്. രണ്ടിന്റെയും പരിചരണങ്ങൾ വ്യത്യസ്തമാണ്; ആടകളും. ഇനി ഒരേ ആടകൾ ഉടുപ്പിക്കാൻ, കഥാപുരുഷനിൽ കവിതാംഗനയുടെ ഉടുപ്പണിയിക്കാൻ ശ്രമിച്ച കാലഭൈരവസമാനനായ ടി. പത്മനാഭൻ തുടങ്ങിയവരുടെ കഥകളിലും താമരക്കൂമ്പുകൾ പോലുള്ള  കവിതപ്പെണ്ണിന്റെ വക്ഷോജങ്ങൾ ദൃശ്യമല്ല. മേൽപടി പത്മനാഭാദികളുടെ കവിത പോലുള്ള കഥകൾ കഥകൾ, സ്‌ത്രീവേഷം കെട്ടിവരുന്ന കഥകളിയിലെ പുരുഷ കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു. ആട്ടം തീരുവോളമേ വെപ്പുമുലകൾ നിൽക്കുന്നുള്ളൂ. തേപ്പുമായ്ച്ച് സ്‌ത്രീവേഷങ്ങൾ മുണ്ടും ജുബ്ബയും അണിഞ്ഞ് വീട്ടിലേക്കു പോകുന്നു. കവിതപ്പെണ്ണിൽ ഒളിക്കാൻ ശ്രമിക്കുന്ന കഥാപുരുഷൻമാരെ പത്മനാഭൻ എമ്പാടും സൃഷ്‌ടിച്ചിട്ടുണ്ട്. ബ്രഹ്മഭാവനയാണല്ലോ പത്മനാഭന്റേത്; കാലൻ, കാലഭൈരവൻ.

 

പത്മനാഭനല്ല പത്മരാജൻ. ലോല ആരംഭിക്കുന്നതുതന്നെ സ്വയം പരിചയപ്പെടുത്തലിലാണ്. പടിഞ്ഞാറൻ വെണ്മയ്‌ക്കു മുന്നിൽ പരിഭ്രമിച്ചു നിൽക്കുന്ന, അപകർഷപ്പെട്ടുനിൽക്കുന്ന കറുമ്പനായ കിഴക്കനെ അവിടെ കാണാം. പത്മരാജൻ എന്ന പേരിനെ ശരിയായി വിഗ്രഹിക്കുവാൻ കഥാകൃത്തായ കഥാപാത്രത്തിനു കഴിയുന്നില്ല. ‘പത്മത്തിന്റെ രാജാവ്’ എന്ന അസംബന്ധ വിഗ്രഹമാണ് അയാൾ നടത്തുന്നത്.

 

പുരുഷന്റെ കർത്തൃബോധം ഉറങ്ങിക്കിടക്കുന്ന അയാളുടെ ഭാവനയിൽ തൽപുരുഷ സമാസമേ തോന്നൂ. കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കർത്താവിനെ വിട്ട് കർമത്തിലേക്ക് അയാളുടെ ബുദ്ധി തിരിയുന്നില്ല. കർമത്തെക്കുറിച്ച് ഒരു ധാരണയില്ലാതെ നിൽക്കുകയാണല്ലോ അയാൾ. താൻ കന്യകയാണെന്ന് ലോല പറഞ്ഞിട്ടും കന്യാചർമം ഛേദിക്കുവാൻ അയാൾക്കു ധൈര്യമില്ല. ചുണ്ടുകളിൽ ചുംബിച്ചിട്ട് കന്യാവിസ്രംഭണത്തിൽ അയാളുടെ രതി ഒടുങ്ങുന്നു. കൊടിമരത്തിൽ പറ്റിയ താര പോലെ തളർന്നു കിടക്കാനുള്ള ലോലയുടെ അദമ്യമായ തൃഷ്‌ണയെ ശമിപ്പിക്കുവാൻ അയാൾക്കാകുന്നില്ല.

പുഷ്‌പങ്ങളിൽ രാജപദവിയുള്ള പത്മമാണ് താനെന്ന്, തന്റെ പേരിന്റെ രൂഢി അതാണെന്ന് തെര്യപ്പെടുത്താൻ അയാൾക്കു കഴിയുന്നതേയില്ല. പത്മം, താമര, അംബുജം, തുടങ്ങിയ പങ്കജപ്പര്യായങ്ങളെല്ലാം സ്‌ത്രീലിംഗ സൂചകങ്ങളാണ്. പത്മം കാമുകിയാണെന്നും രവി കാമുകനാണെന്നും സംസ്കൃതം മലയാളത്തെ പഠിപ്പിച്ചുവച്ചിരിക്കുകയാണ്. സംസ്കൃതത്തിന്റെ കീഴിൽക്കിടന്ന് അമരുന്ന ഭാഷയാണ് മലയാളം. ഇങ്ങനെയാണ് മലയാളസാഹിത്യം വിശേഷമായി പഠിക്കാത്ത പത്മരാജനും കരുതിപ്പോന്നത്. വിശേഷേണ പഠിക്കാതിരുന്നത് നന്നായി.

 

ഏതെങ്കിലും കോളജിലെ വാധ്യാർപ്പണിയെക്കാൾ എത്ര നല്ലതാണ് ആകാശവാണിയിലെ ശബ്‌ദം കൊണ്ടുള്ള ജീവിതം. അശരീരി മാത്രമായ ഒരുതരം ഗന്ധർവ ജീവിതം. കോളജിലല്ലാതിരുന്നതിനാൽ പത്മരാജൻ സിനിമയെടുത്തു. കഥയെ തിരക്കഥയാക്കി ക്യാമറയ്‌ക്കു പിന്നിൽ നിന്ന് ദൃശ്യവിസ്‌മയങ്ങൾ മലയാളികൾക്കായി ഒരുക്കി. മുന്തിരിക്കുലകൾക്കിടയിൽ, ശാരിയോടൊപ്പം പുടവകളഴിഞ്ഞ് അർദ്ധനഗ്നരായി കണ്ണോട് കൺനോക്കി കിടക്കുന്ന മോഹൻലാൽ. മുന്തിരിവീഞ്ഞിന്റെ രതി ലഹരിയുണ്ട് ആ ദൃശ്യത്തിന്. ഒറ്റപ്പുടവയ്‌ക്കുള്ളിൽ പാർവതീപരമേശ്വരൻമാരെപ്പോലെ മുന്തിരിപ്പാടത്തു നിൽക്കുന്ന നായികാനായകൻമാർ. എഴുപതുകളിൽ പിറന്ന ഞങ്ങളുടെ തലമുറയുടെ ഭാവനകളെ പത്മരാജൻ എത്ര മധുരിപ്പിച്ചു. ‘ഞാൻ ഗന്ധർവനി’ൽ ഭാമയുടെ മുന്നിൽ വന്നുപെട്ട, തടികൊണ്ടുള്ള പാവയെപ്പോലെ, പത്മരാജ സിനിമകൾ അക്കാലത്തെ യുവാക്കളെ ആകർഷിച്ചു. അവർ ഉറക്കറകളിൽ തനിയെ കിടന്ന് ആ പാവയുടെ മുഖത്തേക്ക് ഓർമകളുടെ നിലാവെളിച്ചം ചൊരിഞ്ഞു. എത്ര മനോഹരമായിരുന്നു ആ ദൃശ്യം. ഹോസ്റ്റൽമുറിയിലിരുന്ന് രാത്രിയുടെ മറവിൽ പാവയുടെ മുഖത്തേക്കു ടോർച്ചടിക്കുന്ന ഭാമ. ഹോസ്റ്റൽ മുറിയിൽ മറുപാതിയെ മേറ്റായിക്കിട്ടുന്ന ഇന്നത്തെ യുവതയ്‌ക്ക് ഇത് നിസ്സാരമായി തോന്നും. പക്ഷേ ഞങ്ങൾ അങ്ങനെയായിരുന്നില്ലല്ലോ. 2022 ൽ എത്തിയ മധ്യയൗവനങ്ങൾ. ഹാ! മധ്യാഹ്ന സൂര്യനെപ്പോലെ ചൂടുകൊണ്ടു ജ്വലിച്ചിട്ടും ഞങ്ങൾക്കു മുന്നിൽ അങ്ങകലെ, ഏറെ ദൂരെയായി താമരകൾ പരിശോഭിതരായി നിൽക്കുന്നതേയുള്ളു. അരയന്നത്തള്ളയെപ്പോലെ കിടാങ്ങളെ ചിറകിന്റെ കീഴിൽ ഒതുക്കി ഞങ്ങൾ നിർവൃതിക്കൊള്ളുന്നു. തള്ളക്കോഴിയെപ്പോലെ ചോരയുടെ കഥ പറഞ്ഞ് ഇടയ്‌ക്കുനിർത്തി പിളളാരെ പേടിപ്പിക്കുന്നു. ശാന്തയായി തോന്നുന്നെങ്കിലും  കേരളത്തിലെ മധ്യയൗവനങ്ങൾ ക്രോധകളാണ്. കൈകേയിയെപ്പോലെ ക്രോധാഗാരത്തിൽ കിടന്ന് പണ്ടു തന്ന വാഗ്‌ദാന വരങ്ങളെക്കുറിച്ച് എണ്ണിയെണ്ണി  ചോദിച്ചു വാങ്ങാൻ കൊതിക്കുന്നവർ. പ്രച്ഛന്ന വേഷങ്ങളുടെ കോമാളി നാടകയരങ്ങാണ് കേരള ഭുവനം, ഏറെ നാളായിട്ട.് നാളിതുവരെ. നാളെയാകട്ടെ എന്നു പറയുന്ന ഭർത്താവിനെ എന്തിനുകൊള്ളും. തള്ളാനുമാവതില്ലല്ലോ.

 

സ്‌ത്രീരൂപത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പത്മത്തെ താനായി സങ്കൽപിക്കുവാൻ മലയാളി പുരുഷനു കഴിയുന്നില്ല. തടാകമാകുന്ന പുരുഷന്റെ നാഭിയിൽനിന്നു വിടർന്നു വരുന്ന ലിംഗമാണ് താമരയെന്നു ഭാവന ചെയ്യാൻ, അതിനനുസരിച്ച് വിഗ്രഹിച്ച് സമാസിക്കാൻ അയാൾ തയാറല്ല. രവി സ്‌ത്രീയാണെന്നു സങ്കൽപിക്കാൻ അയാൾക്കു കഴിയുന്നതേയില്ല. ഉപരിസുരതാനന്തരം തളർന്നു മയങ്ങിയ കാമുകനെ ഉണ്ണുനീലിയുടെ കീഴിൽനിന്ന് വലിച്ചെടുത്തു പറന്നുപോയ യക്ഷ ഭാവനയിൽ അയാൾ മയങ്ങിക്കിടന്നു. ഉണർന്നു വിടുവിച്ചുപോരാനുള്ള നരസിംഹമന്ത്രം നഷ്‌ടപ്പെട്ടുപോയി. മന്ത്രവാദം അപരിഷ്കൃതമെന്ന് അയാൾ നണ്ണിക്കഴിഞ്ഞിട്ട് ലോലയെ കാണുമ്പോഴേക്ക് ഒരു നൂറ്റാണ്ടിപ്പുറമായിക്കഴിഞ്ഞിരുന്നു.

അതിനാൽ,  അയാൾ പത്മരാജൻ എന്ന മനോഹരമായ പേരിൽ മദാമ്മയുടെ മുന്നിൽ അപകർഷപ്പെട്ടു ലജ്ജിതനായി കൂമ്പി. എന്നിട്ടോ തന്റെ  നാണം മദാമ്മക്കുട്ടിയിൽ ആരോപിച്ചു ബ്രാക്കറ്റിട്ട് ഇങ്ങനെ കിണ്ണി... 

‘‘ലജ്ജാശീലയായ ഒരമേരിക്കൻ പെണ്ണ് എനിക്കൊരു സങ്കൽപമായിരുന്നു. അതുകൊണ്ടു കൂടിയാവാം ഞാൻ ലോലയിൽ ആകൃഷ്‌ടനായത് എന്ന് ഇന്നെനിക്കു തോന്നുന്നു.’’

 

മലയാളി പുരുഷന് എല്ലാം സങ്കൽപമായിരുന്നു. റിയാലിറ്റിയിൽനിന്ന് അയാൾ ഒളിച്ചോടി. വഞ്ചന അയാളുടെ സ്ഥായിഭാവമായി. ഭയമായി. എന്നിട്ട് ഓരോരോ മുട്ടുന്യായങ്ങൾകൊണ്ട് സ്വയം ന്യായീകരിച്ചു. തന്നെത്താനേ ന്യായീകരിച്ചുകൊണ്ടിരിക്കുന്ന അന്ധമായ ന്യായീകരണത്തൊഴിലാളിയാണ് മലയാളത്തിലെ മധ്യാഹ്ന പുരുഷൻ. കത്തിജ്വലിക്കേണ്ട  കാലത്ത് തേജസ്സു കെട്ടവർ. കാന്തന്റെ കാന്തി മങ്ങിയതറിഞ്ഞിട്ടും മങ്ങൽ മറച്ചുവച്ചു നടക്കുന്ന സ്‌ത്രീകൾ. പുരുഷ ലിംഗം താമരപോലെ ഉദ്ധൃതമാണ്. എന്നാൽ അതിനു ചലനശേഷിയില്ല. മധ്യ പ്രായത്തിലുള്ള മലയാള പുരുഷന്റെ ചലനശേഷി തൽക്കാലം  നഷ്‌ടപ്പെട്ടിരിക്കുകയാണ്. തൽപ്പുരുഷൻമാർ നിസ്സഹായരായി നിർവികാരതയോടെ മേവുകയാണ് .എന്നാൽ സ്‌ത്രീക്കുമേൽ അധീശം തുടരുന്നു എന്ന സങ്കൽപ്പത്തിൽ അഭിരമിക്കുകയും ചെയ്യുന്നു.

 

‘ലോല’ വീണ്ടുമെടുത്തു വായിക്കുക. അവൾ അമേരിക്കൻ സാഹിത്യത്തെക്കുറിച്ച് അഭിമാനിക്കുന്നു. അവൾ അമേരിക്കൻ സാഹിത്യകൃതിയിൽ മദിക്കുന്നു. മലയാളി പുരുഷനാകട്ടെ സാഗരം പോലെ കിടക്കുന്ന തങ്ങളുടെ സാഹിത്യസമ്പത്തിനെക്കുറിച്ച് ബോധവാനാകുന്നില്ല. ഭാരതത്തിന്റെ നാഭീപത്മമാണ് കേരളം എന്ന് അറിയുന്നില്ല. ചുണ്ടിൽ ചുംബിക്കാനേ അയാൾക്കു കഴിയുന്നുള്ളു. നാരിയുടെ സ്തനഭരദേശങ്ങൾ അയാൾക്ക് അപ്രാപ്യമാകുന്നു. അയാളുടെ അലസത ലോലയെ ക്ഷോഭിപ്പിച്ചു. അവൾ ലോകത്തെയാകെ തെറിപറഞ്ഞു. ഓരോരോ ഒണക്ക അന്താരാഷ്‌ട്രപൗരത്വനിയമങ്ങൾ. അവൾ തിരമാലകളില്ലാത്ത കിഴക്കൻ കടലോനെ  നോക്കി നിരാശപ്പെട്ടു. ഇയാളെന്തൊരു ശപ്പൻ, ലോലയെ കേരളത്തിലേക്കു കൊണ്ടു വന്ന് കുടിപാർപ്പിക്കാൻ അയാൾക്കു കെൽപില്ല. നിലവിളക്കുകൊളുത്തി മദാമ്മപ്പെണ്ണിനെ മരുമകളായി തന്റെ അമ്മ വീട്ടിലേക്ക് പിടിച്ചു കയറ്റുന്നത് സങ്കൽപിക്കാൻ പത്മരാജന്റെ കഥയിലെ ഞാൻ എന്ന കഥാപാത്രത്തിനു കഴിയുന്നില്ല. പിന്നെന്തു പ്രേമം? ഭോഗിക്കാനാകാത്ത പ്രേമം. കേരള മോഡൽകാലത്തെ, 1970 കളിലെ യുവാക്കളുടെ സാങ്കൽപികമായ പ്രണയത്തെ എങ്ങനെ മികച്ച പ്രണയകഥയായി കാണും. കെ.പി അപ്പൻ  എഴുതിയത് ശരിയാണ്. അന്നത്തെ പ്രണയ സങ്കൽപം വെച്ചു നോക്കിയാൽ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥ തന്നെ ഇത്.

 

കിഴക്കിന്റെ  അസ്‌പൃശ്യ  സമ്പത്തിനെ (Intangible wealth) ദാരിദ്ര്യമായി അന്നത്തെ  മലയാളി യുവാവ് തെറ്റിദ്ധരിച്ചു. മർലിൻ മൺറോ മരിച്ചതോടെ പാശ്ചാത്യ സൗന്ദര്യം മരിച്ചു എന്ന് സിനിമാക്കാരനായ പത്മരാജന് മനസ്സിലായോ? അബോധത്തിൽ മനസ്സിലായിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെ എഴുതില്ലല്ലോ

 

‘Golden Memories and Silver Tears’ എന്ന പാട്ടിൽ എല്ലാമുണ്ട്. ‘മൂന്നു ചെറുപ്പക്കാർ ബിക്കിനി മാത്രം ധരിച്ച ഒരു പടിഞ്ഞാറൻ പെണ്ണിനെ ഇരുട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു’ എന്ന പ്രസ്താവത്തിൽ എല്ലാമുണ്ട്. ഒരു പ്രണയകഥയിൽ, വിരഹ പ്രണയകഥയിൽ, വിപ്രലംഭശൃംഗാരത്തിൽ പതിക്കുന്ന കഥയിൽ ഇത്തരം പടിഞ്ഞാറൻ ദൃശ്യങ്ങൾ കഥാകൃത്ത് എന്തിനു തുന്നിച്ചേർത്തു. ചിന്തിക്കേണ്ടതാണ്. ശീർഷാസനത്തിൽ നിന്നേ ചിന്തിക്കാനാവൂ. അപ്പോൾ വെളിവാകും, പടിഞ്ഞാറൻ വശ്യകാമിനിയെ ആരോ കീഴടക്കിയിരിക്കുന്നു എന്ന്. അമേരിക്കയെ, ഇന്ത്യയും ചൈനയും ജപ്പാനും കൂടി അസ്തപ്രഭമാക്കുന്ന ഒരു കാലം ആഗതമാകാൻ പോകുന്നു എന്ന സൂചന ലോലയിൽ നിഴലായി കിടപ്പുണ്ട്. വെളിച്ചം കണ്ടുകണ്ടു മാത്രം നടക്കുന്നവർ നിഴലിനെ നോക്കുന്നതേയില്ല. നിഴലാണ് കാവ്യധ്വനി, കഥാധ്വനി. തിരുനിഴൽമാലയാണ് മലയാള സാഹിത്യം. അമേരിക്കേ നിന്റെ കാര്യം പോക്കാണ്, നീ തളർന്നു എന്ന രാജ്യാന്തര പ്രവചനകഥയെ ആണ് കെ.പി.അപ്പൻ പ്രണയകഥ എന്നു പറഞ്ഞ് മറച്ചു പിടിച്ചത്. മറവിലുള്ളത് എന്നായാലും പൊന്തിവരും. ചുണ്ടുകൾ ചുംബിക്കാനുള്ളതല്ല, മറ്റു പലതിനുമുള്ളതാണെന്ന് മലയാളികൾ, വിശേഷിച്ച്  മലയാളി യുവത പടിഞ്ഞാറൻ കാമശാസ്‌ത്രങ്ങളിൽ നിന്ന് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.  ഇനി എപ്പോഴാണ് അവർ കിഴക്കൻ കാമശാസ്‌ത്രം  വായിക്കുക, വാത്സ്യായനനെയും കൊക്കോകനെയും, കെ.ആർ. ഇന്ദിരയെയും വായിക്കുക. യഥാർഥ പ്രണയകഥകൾ എഴുതുക. അതിനു കഴിയുന്ന പത്മഗന്ധം പൊഴിയുന്ന ഭാവനയുള്ള യുവാക്കൾ നായായും നരിയായും നടക്കുന്നുണ്ട്. ഇനി അവർക്ക് പറക്കാനാകണം. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും ആനയാകാനും സിംഹമാകാനും മനുഷ്യനാകാനും കഴിയണം. ഭാവനയുടെ ഒടിവിദ്യകൾ  കൊക്കോകൻ ഒളിച്ചുവെച്ചിട്ടുണ്ട്. അതിനു കാക്കയുടെ രതിനിർവേദത്തെക്കുറിച്ച് സങ്കൽപിക്കാനുള്ള കരിഭാവന വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com