‘രോഗങ്ങൾ സകല കണക്കുകൂട്ടലുകളും തകർത്തുകളയുന്നു, അതുവരെയുള്ള സമ്പാദ്യം തന്നെ കവർന്നെടുക്കുന്നു’

HIGHLIGHTS
  • ദീപുരാജ് സോമനാഥൻ എഴുതുന്ന നോവലെറ്റ്
abhayam-malayalam-novelette
വര: അനൂപ് കെ. കുമാർ
SHARE

അഭയം - നോവലെറ്റ്

സിറ്റിയിൽ പുതിയതായി വന്ന മൾട്ടി സ്പഷ്യാലിറ്റി ഹോസ്പിറ്റൽ 10 ഓളം നിലകളിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും സജ്ജമാക്കിയിട്ടുള്ളത്. പ്രധാന റോഡിനോട് ചേർന്ന് തന്നെയാണ് വലിയ പ്രവേശന കവാടം. ആദർശ് കാർ നേരെ അകത്തേക്ക് കയറ്റി സാമാന്യം വേഗതയിൽ ആയിരുന്നു അയാൾ ഓടിച്ചിരുന്നത്. പിറക് വശത്ത് അച്ഛനെ തന്റെ തോളിലേക്ക് ചാരി കിടത്തി അമ്മ ഇരിപ്പുണ്ട്, കാർ പാർക്ക് ചെയ്യുന്നതിനിടയിൽ തിരിഞ്ഞു നോക്കി, ഇല്ല ബോധം വന്നിട്ടില്ല ....

വണ്ടി പാർക്ക് ചെയ്ത് ആദർശ് വേഗം പിറകിലെ വാതിൽ തുറന്നു , അപ്പോഴേക്കും സെക്യൂരിറ്റി വീൽ ചെയറുമായി എത്തി, അയാളുടെ സഹായത്തോടെ അച്ഛനെ എഴുന്നേൽപ്പിച്ച് ഇരുത്തി, വിൽ ചെയർ അയാൾ നേരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി, തങ്ങൾ വരുന്നത് കണ്ടപ്പോഴേ രണ്ടു ചെറുപ്പക്കാർ ആയ ഡോക്ടർമാർ ഓടി വന്ന് വീൽ ചെയറിനൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് കയറി. അയാൾ നേരെ കൗണ്ടറിലേക്ക് ഓടി ചീട്ട് എടുത്ത് തിരിച്ചു വന്നു , ആദർശിനെ കാത്ത് ഒരു ഡോക്ടർ പുറത്തു നിൽക്കുന്നുണ്ടായിരുന്നു.

", ചേട്ടാ എന്താണ് അച്ഛന് പറ്റിയത്" 

ആദർശിനോട് ഡോക്ടർ ചോദിച്ചു.

"ഡോക്ടർ, ഇന്നലെ മുതൽ സ്ഥിതി വഷളായി, പെട്ടന്ന് ഓർമ്മ പോയി, ഉച്ചത്തിൽ ഉള്ള ശ്വാസോച്ഛ്വാസം മാത്രം, ഒന്നിനോടും റെസ്പോൺസ് ചെയ്യുന്നില്ല" 

അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

" ഓക്കെ, എന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ ? മരുന്ന് വല്ലതും സ്ഥിരമായി കഴിക്കുന്നുണ്ടോ ?"

ആദർശ് പറഞ്ഞു

" ഷുഗർ ഉണ്ട്, ഒരു ടാബ്ലറ്റ് ദിവസവും കഴിക്കുന്നുണ്ട്, പിന്നെ കുറച്ചായിട്ട് നല്ല ഡിപ്രഷൻ ഉണ്ട്"

ശരി എന്ന് പറഞ്ഞ് ഡോക്ടർ അകത്തേക്ക് പോയി. ആദർശ് അമ്മയുടെ അടുത്ത് കസേരയിൽ ഇരുന്നു, അമ്മ ആകെ പരിഭ്രാന്തിയിൽ ആണ്, അയാൾ അമ്മയെ ആശ്വസിപ്പിച്ച് ഓരോന്ന് പറഞ്ഞിരുന്നു, പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് നോക്കി, കുറെ മിസ്ഡ് കോൾസ് വന്നിട്ടുണ്ട് , പിന്നെ നോക്കാം ആദർശ് ഫോൺ പോക്കറ്റിലിട്ടു.

 "സുരേന്ദ്രനാഥിന്റെ ആരാ ഉള്ളത്"

 കാഷ്വാൽറ്റിയിൽ നിന്നുള്ള വിളി കേട്ട് അയാൾ അങ്ങോട്ട് ചെന്നു. ഒരു ചീട്ട് കയ്യിൽ കൊടുത്തിട്ട് നഴ്സ് പറഞ്ഞു.

" എം.ആർ.ഐ സ്കാൻ ചെയ്യണം ബിൽ അടച്ചിട്ട് വരൂ "

അയാൾ ചോദിച്ചു

 "ഡോക്ടറെ ഒന്നു കാണണം"

 "ഒരു നിമിഷം"

അവർ അകത്തേക്ക് പോയി, പിറകെ ഒരു ലേഡി ഡോക്ടർ ഇറങ്ങി വന്നു ആദർശിനോടായി പറഞ്ഞു. 

" സി.ടി. സ്കാൻ എടുത്തു , തലയിൽ ക്ലോട്ട് ഉണ്ട്, എം.ആർ.ഐ എടുത്താലെ വിശദമാകൂ"

"ശരി ഞാൻ ബില്ല് അടച്ചിട്ട് വരാം"

അയാൾ നേരെ കൗണ്ടറിനടുത്തേക്ക് നടന്നു.

ഹോസ്പിറ്റലിലെ ന്യൂറോ സർജൻ മൃദുല മാധവിന്റെ റൂമിന് പുറത്ത് കാത്തിരിക്കുകയാണ് ആദർശ് , തന്റെ ഊഴം എത്തിയപ്പോൾ അയാൾ ഒ.പി.യിലേക്ക് ചെന്നു.

" ഫാദറിന് മൾട്ടിപ്പിൾ ലാക്കൂണാർ ഇൻഫാർട്ട്" ആണ് .

ഡോക്ടർ പറഞ്ഞു,

" അതായത് ബ്രയിനിൽ വിവിധ സ്ഥലങ്ങളായി 3 ക്ലോട്ടുകൾ ഉണ്ട്, അദ്ദേഹത്തിന്റെ പ്രായം വച്ച് നോക്കുമ്പോൾ സർജറി പ്രാക്ടിക്കൽ അല്ല, നമുക്ക് നോക്കാം, മെഡിസിൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്, എങ്കിലും ക്ലോട്ടുകൾ പല ഭാഗത്ത് ഉള്ളത് കൊണ്ട് ആശക്ക് വകയില്ല,

 ഐ മീൻ ദ സിറ്റുവേഷൻ ഈസ് വെരി ക്രിട്ടിക്കൽ .....എങ്കിലും ചെയ്യാവുന്നത് നമുക്ക് ചെയ്യാം, അത്യാവശ്യം വേണ്ടവരെ ഇൻഫോം ചെയ്തു കൊള്ളുക. തീരുമാനം താങ്കളുടേതാണ്, എവിടെ കൊണ്ടുപോയാലും ഈ ഒരു സ്റ്റേജിൽ കൂടുതൽ ഒന്നും ചെയ്യുവാനില്ല, കൂടാതെ "ഹൈപ്പോ നട്രീമിയയും " ഉണ്ട് , സോഡിയം വല്ലാതെ കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥ."

ആദർശ് ആലോചനയിൽ മുഴുകി, എന്തായാലും ഇവിടെ തന്നെ തുടരാം, ഇത്രയടുത്ത് എല്ലാ സൗകര്യവും ഉള്ള ഹോസ്പിറ്റൽ ഉള്ളപ്പോൾ അതാണ് ഉചിതം.

"ശരി , ഡോക്ടർ പ്രൊസീഡ് ചെയ്തോളൂ" 

അയാൾ അത് പറഞ്ഞു കൊണ്ട് എഴുന്നേറ്റു, ക്യാബിനിൽ നിന്നിറങ്ങി നേരെ മെയിൻ ഗെയിറ്റിലൂടെ പുറത്ത് കടന്ന് കുറച്ചു നേരം എങ്ങോട്ടെന്നില്ലാതെ നടന്നു, പ്രശ്നങ്ങൾ പലതാണ് അയാളോർത്തു .....എന്തായാലും ഫേസ് ചെയ്യുക തന്നെ, അയാൾ നേരെ തിരിച്ച് ന്യൂറോ ഐ.സി.യു ലക്ഷ്യമാക്കി നടന്നു.

                                      

ആദർശ് ന്യൂറോ ഐസിയുടെ വശത്തായി ഇരിക്കുന്ന അമ്മയുടെ അടുത്തിരുന്നു ,

"എന്താ മോനേ ഡോക്ടർ പറഞ്ഞത്"

ആദർശിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അമ്മ ചോദിച്ചു.

അയാൾ മുഖം പ്രസന്നമാക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു,

" കുഴപ്പമില്ല അമ്മേ, തലയിൽ ചെറിയൊരു ക്ലോട്ട് ഉണ്ട്, അവർ ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്, മൂന്നാലു ദിവസം ഐ.സി.യുവിൽ കിടക്കണ്ടി വരും എന്നാണ് പറഞ്ഞത്"

നേരിയ ആശ്വാസം വന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് തുടർന്നു

" ഞാൻ ഉണ്ണിയോട് വരാൻ പറഞ്ഞിട്ടുണ്ട്, അമ്മ അവന്റെ കൂടെ പൊക്കോളൂ, ഇവിടെ ഞാൻ മതി"

"സാരമില്ല ഞാനും ഇരിക്കാം"

"വേണ്ട, അതിന്റെ ആവശ്യം ഇല്ല, അമ്മ പൊക്കോളു, ഇവിടെ ഇരുന്നാൽ ഉറങ്ങാനൊന്നും കഴിയില്ല വെറുതെ പ്രഷർ കൂട്ടണ്ട."

മനസില്ലാമനസ്സോടെയാണെങ്കിലും അമ്മ സമ്മതിച്ചു.

ഇനിയങ്ങോട്ട് പലതും താൻ മാത്രമറിഞ്ഞാൽ മതി ആദർശ് മനസിലോർത്തു. അയാൾ പരിസരം വീക്ഷിച്ചു , തങ്ങളെ കൂടാതെ 20 ഓളം പേർ അപ്പോൾ അവിടെയുണ്ട്, എല്ലാവരുടെയും മുഖങ്ങളിൽ ഏതാണ്ട് സമാന ഭാവങ്ങൾ, തുലാസിലാടുന്ന ജീവന്റെ തീർപ്പ് അറിയാനായി കാത്തിരിക്കുന്നവർ, ചിലർ ദിവസങ്ങളായി ഇരുന്ന് ഈ ചടങ്ങൊന്ന് അവസാനിച്ചെങ്കിൽ എന്ന വിചാരത്തിലേക്ക് പരിണമിച്ചെത്തിയവർ, മനുഷ്യരുടെ വ്യത്യസ്ത തലങ്ങളിൽ വികസിച്ചു വരുന്ന ചിന്താരീതികളെ കുറിച്ചോർത്ത് അയാൾ ഒന്നു നെടുവീർപ്പിട്ടു, ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാത്തിനും ചില പരിധികളും, പരിമിതികളും നിർണ്ണയിക്കപെട്ടിട്ടുണ്ടല്ലോ? ഫോൺ റിംഗ് ചെയ്തു ഓഫീസിൽ നിന്നും നയനയാണ് , അയാൾ ഫോണെടുത്തു സീറ്റിൽ നിന്നും എഴുന്നേറ്റ് കുറച്ച് മാറി നിന്നിട്ട് പറഞ്ഞു ....

" ആ.... നയന, കാര്യങ്ങൾ അൽപ്പം ക്രിട്ടിക്കൽ ആണ് , അവിടെത്തെ ഇഷ്യൂസ് എല്ലാം താൻ നോക്കിക്കൊള്ളണം, മനോജ് എത്തിയോ ? അയാൾ വരുമ്പോൾ എന്നെ വിളിക്കാൻ പറയൂ, ഞാനെന്തായാലും കുറച്ചു ദിവസം ഉണ്ടാവില്ല, ഔട്ട് സ്റ്റാൻഡിംഗ് പേയ്മെന്റ് ലിസ്റ്റിലെ എല്ലാവരെയും ബന്ധപ്പെട്ട് പരമാവധി എമൗൺണ്ട് കളക്ട് ചെയ്യണം, ഓ.കെ ഞാൻ പിന്നെ വിളിച്ചോളാം" 

അയാൾ ഫോൺ പോക്കറ്റിലിട്ടു. നടന്ന് അമ്മയുടെ അടുത്ത് കസേരയിൽ ഇരുന്നു.

 "അവളെ അറിയിക്കണ്ടേ പാറുവിനെ" 

അമ്മ അയാളോട് ചോദിച്ചു. 

" അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് നാളെ രാവിലെ വരും"

പാറു എന്ന് വിളിക്കുന്ന പാർവ്വതി ഏക അനിയത്തിയാണ്, അവൾ ചെന്നൈയിൽ ഐ.ടി മേഖലയിൽ ആണ് ജോലി ചെയ്യുന്നത്, അവളുടെ വിവാഹ കാര്യങ്ങൾ ഏതാണ്ട് തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമാണിത്, കഴിഞ്ഞ ആഴ്ചയാണ് പുതിയതായി വന്ന പയ്യന്റെ വീട്ടിൽ താനും ഗോവിന്ദൻ മാമയും ചേർന്ന് പോയത്, കാര്യങ്ങൾ എല്ലാം സംസാരിച്ച് ഏകദേശ ധാരണയും ആയിട്ടുണ്ട്, പയ്യനും ഐ.ടി ഫീൽഡിൽ ആണ്, ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു, ഇനിയിപ്പോ ......

ചിന്തകളിലേക്ക് പായുന്ന മനസ്സിനെ അയാൾ തിരിച്ചു കൊണ്ടുവന്നു. ഐ.സി.യുവിൽ നിന്നും അച്ഛന്റെ പേര് വിളിക്കുന്നത് കേട്ട് അയാൾ, എഴുന്നേറ്റ് നേരെ വാതിലിനിടുത്തെത്തി, 

" ചേട്ടാ ഈ ഇൻജക്ഷൻസ് വാങ്ങണം, താഴെ ഫാർമസിയിൽ പോയാൽ മതി".

അയാൾ നഴ്സ് കൊടുത്ത ചീട്ടും വാങ്ങി നേരെ ലിഫ്റ്റ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുമ്പോൾ ആണ് ഉണ്ണിയുടെ ഫോൺ വരുന്നത്, കസിൻ സിസ്റ്ററുടെ മകനാണ്, ഫോണെടുത്ത് മുകളിൽ 6ാം നിലയിൽ ന്യൂറോ ഐസി .യുവി ലേക്ക് വരാൻ പറഞ്ഞു, അവൻ താഴെ എത്തിയിട്ടുണ്ട്, എന്തായാലും ഇനി അവർ പോയിട്ട് താഴെ പോകാം . അമ്മയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു,  

"അവൻ, ഉണ്ണി വരുന്നുണ്ട്, അമ്മ അവന്റെ ഒപ്പം പോകൂ, ഞാൻ ഇടക്ക് ഫോണിൽ ബന്ധപ്പെട്ടുകൊള്ളാം".

അപ്പോഴേക്കും ഉണ്ണിവന്നു, അവൻ കയ്യിലിരുന്ന ബാഗ് അയാൾക്ക് കൊടുത്തു,

" എന്താ ഇത് ?" 

"മാമന്റെ ഡ്രെസ്സ് ആണ്, ഫ്ളാസ്കും ഉണ്ട്" 

അയാൾ ബാഗ് വാങ്ങി താൻ ഇരുന്നിരുന്ന കസേരയിൽ വച്ചു, ശേഷം അമ്മയോട് പറഞ്ഞു,

"ശരി, ഇറങ്ങിക്കൊള്ളൂ പേടിക്കണ്ട , മരുന്ന് സ്റ്റാർട്ട് ചെയ്തിട്ടില്ലേ, ഇനി കുഴപ്പം ഒന്നും ഇല്ല", 

മടിച്ചിരുന്ന അമ്മയെ അയാൾ കൈപ്പിടിച്ച് എഴുന്നേൽപിച്ചു. ഉണ്ണിയോടായി പറഞ്ഞു,

"നീ അമ്മായിയെ വീട്ടിൽ ആക്കിയിട്ട് , നാളെ രാവിലെ പത്തു മണിയാകുമ്പോൾ വരണം, എന്റെ ലാപ് ടോപ്പും എടുത്തു ക്കൊള്ളണം." 

ഉണ്ണി അമ്മയേയും കൂട്ടി പോകാൻ ആയി തിരിഞ്ഞു, അപ്പോൾ അമ്മ അയാളോടായി ചോദിച്ചു ,

" മോനെ, അച്ഛന് വേറെ കുഴപ്പമൊന്നും ഇല്ലലലോ അല്ലേ?"

 അയാൾ ചിരിച്ചിട്ട് പറഞ്ഞു,

" ഇല്ല അമ്മേ, ഒന്നും ഇല്ല, ബി.പി. ഷൂട്ട് ചെയ്തതാണ് അത് പതുക്കെ ശരിയാകും, ഞാൻ ഡോക്ടറെ കണ്ട് സംസാരിച്ചിരുന്നു, വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല, "

അമ്മയെ ചേർത്തു പിടിച്ചിട്ട് അയാൾ പറഞ്ഞു, 

"അമ്മ ധൈര്യമായിരിക്കൂ, ഇവിടെ ഞാനില്ലേ ?".

എന്നിട്ട് ഉണ്ണിയോടായി ,

" ശരി , നീ രാവിലെ വരൂ"

അവർ നടന്നകലുന്നതും നോക്കി അയാൾ നിന്നു എന്നിട്ട് തിരിഞ്ഞ് അടുത്തിരിക്കുന്ന ചേട്ടനോട് ,

" ഈ ബാഗൊന്ന് ശ്രദ്ധിക്കണേ ഞാൻ ഫാർമസി വരെ പോയി വരാം" 

 അയാൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു .

 വാങ്ങിയ ഇൻജക്ഷൻസ് ഐ.സി.യുവിൽ ഏൽപ്പിച്ചിട്ട് ആദർശ് കസേരയിൽ ഇരുന്നു. തന്റെ വലത് വശത്ത് ഇരുന്നിരുന്നത് ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് ,

" ചേട്ടന്റെ ആരാണ് കിടക്കുന്നത് ?" 

അയാൾ ആദർശിനെ നോക്കി കൊണ്ട് പറഞ്ഞു,

" എന്റെ അമ്മയാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് കടുത്ത തലവേദനയുമായി കൊണ്ടുവന്നതാണ് , വരും വഴിക്ക് സ്ട്രോക്ക് ഉണ്ടായി, സീരിയസാണ് വലിയ മാറ്റമൊന്നുമില്ല"

"സ്ട്രോക്ക് പൊതുവിൽ വന്നാൽ ബുദ്ധിമുട്ടാണ്, പിന്നെ പ്രായുള്ളവർക്കാകുമ്പോൾ ഭേദമാകാൻ സമയം എടുക്കും"

അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം ആദർശ് പറഞ്ഞു.

"എന്ത് ചെയ്യുന്നു" 

അയാൾ കസേരയിൽ ഒന്നിളകി ഇരുന്നിട്ട് ചോദിച്ചു.

" പെയിന്റെർ ആണ് സർ" 

ആദർശ് ഓർത്തു, എത്ര കഷ്ടപ്പെട്ടാണ് ആളുകൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായ് പാടുപെടുന്നത്, അതിനിടയിൽ ഉണ്ടാകുന്ന രോഗങ്ങൾ സകല കണക്കൂട്ടലുകളും തകർത്തുക്കളയുന്നു , ചിലരുടെ അതു വരെയുള്ള സമ്പാദ്യം തന്നെ കവർന്നെടുക്കുന്നു.

ഇവിടെ ബൈ സ്റ്റാന്റേഴ്സിനുള്ള റൂം കിട്ടുമോ എന്ന് നോക്കാം, രാവിലെ ഫ്രെഷ് ആവാനുമെല്ലാo അതുപകരിക്കും. ആദർശ് എഴുന്നേറ്റു നേരെ റിസപ്ഷനിലേക്ക് നടന്നു.

അയാൾ ഇപ്പോൾ ബൈസ്റ്റാന്റേഴ്സിന്റെ റൂമിൽ കുളി കഴിഞ്ഞ് വസ്ത്രം മാറി, ഹാൻഡ് ബാഗും എടുത്ത് റൂം പൂട്ടി ഇറങ്ങി. അയാൾ ഓർത്തു , ഇന്ന് മൂന്നാം ദിവസം ആണ് ഇവിടെ വന്നിട്ട് . അച്ഛന്റെ സ്ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല എന്നാണ് ഡോക്ടർ ഇന്നലെയും പറഞ്ഞത്. നടന്ന് ലിഫ്റ്റിനടുത്തെത്തി, ഫോൺ റിംഗ് ചെയ്തതു കാരണം അറ്റൻഡ് ചെയ്യാനായി അല്പം മാറി നിന്നു, ഓഫീസിൽ നിന്നും നയനയാണ് അത്യാവശ്യം കാര്യങ്ങൾ സംസാരിച്ചിട്ട് അയാൾ ലിഫ്റ്റിൽ കയറി. 6 റാം നിലയിൽ ഇറങ്ങി ഐ.സിയുവിനടുത്ത് എത്തി, കസേരകളെല്ലാം ഫുള്ളാണ്, കുറച്ചുനേരം അവിടെ തന്നെ നിന്നു അപ്പോഴാണ് താൻ സാധാരണയായി ഇരിക്കാറുള്ള കസേരയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത് , ഇതിനു മുൻപിവിടെ കണ്ടു പരിചയം ഇല്ല, മെലിഞ്ഞ ശരീരപ്രകൃതം മഞ്ഞയിൽ വൈലറ്റ് പുള്ളികളുള്ള ചുരിദാറാണ് വേഷം, വലിയ കണ്ണുകൾ , സാധാരണയിലും നീണ്ട മുടിയിഴകൾ ആദ്യ നോട്ടത്തിൽ തന്നെ എന്തോ ആകർഷണീയത തോന്നി. പുസ്തകം ഏതാണെന്ന് വ്യക്ത്യമല്ല വായനയിൽ മുഴുകിയിരുക്കുകയാണ്. എന്തായാലും കുറച്ചു നേരം അവിടെ തന്നെ നിൽക്കാം എന്നയാൾ തീരുമാനിച്ചു. ഇതിനിടയിൽ അത്യാവശ്യം വേണ്ട മെസേജുകൾ വാട്ട്സ്ആപ്പിൽ നോക്കുകയും മറുപടി അയക്കുകയും ചെയ്യാം. നാലഞ്ച് അത്യാവശ്യ ഔദ്യോകിക മെസേജുകൾ അയാൾ ഓപ്പൺ ചെയ്തു നോക്കി, മുൻഗണനാ ക്രമത്തിൽ മറുപടി അയക്കേണ്ടതിനെല്ലാം അയച്ചു. ഇതിനിടെ ശ്രദ്ധിച്ചപ്പോൾ ആ സ്ത്രീയുടെ അടുത്ത് കസേരയിൽ ഇരുന്നിരുന്ന ആൾ എഴുന്നേൽക്കുവാനായി ഭാവിക്കുന്നത് കണ്ട് വേഗം അങ്ങോട്ടു നടന്നു. ഒഴിഞ്ഞ കസേരയിൽ അയാൾ ഇരുന്നു . അവർ വായനയിൽ ലയിച്ചിരിക്കുകയാണ്.അയാൾ മോബൈലിൽ മെസേജുകൾ നോക്കുന്നത് തുടർന്നു , കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീയുടെ പേര് വിളിച്ച് പറഞ്ഞു കൊണ്ട് ബൈസ്റ്റാൻഡേഴ്സ് ആരെങ്കിലുമുണ്ടോ എന്ന നഴ്സിന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ട് അവർ തന്റെ ബാഗ് ചെയറിൽ വച്ചിട്ട് പെട്ടെന്ന് എഴുന്നേറ്റ് ഐ.സി യു വിലേക്ക് നടന്നു. ആദർശ് അവരുടെ നടത്തവും ശ്രദ്ധിച്ച് ഇരുന്നു , 5 അടി 6 ഇഞ്ച് ഉയരം കാണും, നീണ്ടു നിവർന്നുള്ള നടത്തം, ചുവടുകൾക്ക് പ്രത്യേക താളം ഉണ്ടായിരുന്നതായി അയാൾക്ക് തോന്നി. അയാൾ അവർ കസേരയിൽ വച്ചിട്ട് പോയ പുസ്തകം നോക്കി ആനന്ദിന്റെ "മരുഭൂമികൾ ഉണ്ടാകുന്നത് " എന്ന നോവലായിരുന്നു അത്. അയാൾക്ക് താൽപര്യം ആയി നന്നായി വായിക്കുന്ന ആളാണ്. കുറച്ച് കഴിഞ്ഞ് അവർ തിരിച്ചു വന്നു, ഇപ്പോൾ അവരുടെ മുഖത്ത് ചെറിയ അങ്കലാപ്പ് ഉണ്ട്, കസേരയിൽ ഇരുന്നിട്ട് അവർ ചുറ്റും കണ്ണോടിച്ചു , എന്തോ തേടും പോലെ . അയാൾ അവരോട് ചോദിച്ചു ,

  " എന്താണ് എന്തോ അന്വേഷിക്കുന്നത്പോലെ ?"

അവർ വേഗം ആദർശിനു നേരെ തിരിഞ്ഞിട്ട് പറഞ്ഞു,

  " അകത്ത് അമ്മയാണ്, അവർ ചായ മേടിച്ചു കൊടുക്കുവാൻ പറഞ്ഞു, ഇന്നലെ പെട്ടന്ന് പോന്നത് കൊണ്ട് ഒന്നും കരുതാനായില്ല"   

അയാൾ ഉടൻ മറുപടി പറഞ്ഞു,

" അതിനെന്താ, ഫ്ളാസ്ക് ഞാൻ തരാം , കുറച്ച് വെയിറ്റ് ചെയ്യു, മുകളിൽ റൂമിൽ പോയി എടുത്തിട്ട് വരാം"  

എന്നിട്ട് എന്തു പറയണം എന്നറിയാതെ നിന്ന അവരോട് ചോദിച്ചു, 

"അല്ല അമ്മക്ക് എന്താണ് പറ്റിയത്"  

അവർ ആദർശിനെ നോക്കിയിട്ട് ,

" തലവേദനയും, ചർദ്ദിയും ആയിരുന്നു , വർഷങ്ങളായി ബി.പി.യുടെ മരുന്ന് കഴിക്കുന്നുണ്ട് , ഇന്നലെ പെട്ടെന്ന് കടുത്ത തലവേദന വന്നു അങ്ങനെ കൊണ്ടുവന്നതാണ്, സ്ട്രോക്കാണെന്നാണ് ഡോക്ടേഴ്സ് പറയുന്നത്"   

ആദർശ് ചോദിച്ചു ,

"വേറെ അസുഖം വല്ലതും ഉണ്ടായിരുന്നോ? ഡയബറ്റിക്ക് ആണോ? 

"അതെ, കുറെ നാളായി ടൈപ്പ് 2 ഡയബറ്റിക്കിന് മെഡിസിൻ കഴിക്കുന്നുണ്ട്"  

ആദർശ് വേഗം എഴുന്നേറ്റിട്ട് പറഞ്ഞു ,

"സാരമില്ല , ഞാൻ ഫ്ളാസ്ക് എടുത്തിട്ട് വരാം"

"അയ്യോ ബുദ്ധിമുട്ടാവുമോ?

 അവർ സങ്കോചത്തോടെ ചോദിച്ചു.

ആദർശ് വേഗം ചിരിച്ചു കൊണ്ട്

 "പിന്നെ ഭയങ്കര ബുദ്ധിമുട്ടാകും"

 എന്നിട്ട് ലിഫ്റ്റിനടുത്തേക്ക് നടന്നു, അയാൾ നടന്നകലുന്നതും നോക്കി അവർ നെടുവീർപ്പിട്ടു കൊണ്ട് ഇരുന്നു.

ആദർശ് റൂമിലിരുന്ന് ലാപ്ടോപ്പിൽ അത്യാവശ്യം വേണ്ട ഓഫീസ് വർക്കുകൾ ചെയ്യുകയാണ്. കുറെ ദിവസത്തെ പെൻഡിംഗ് ജോലികൾ കുറച്ചെങ്കിലും തീർക്കാം. കുറച്ചു നേരം ജോലി ചെയ്തതിനു ശേഷം ലാപ്ടോപ്പ് അടച്ചു വച്ച് കസേരയിൽ കണ്ണടച്ച് ചാരി കിടന്നു. ചിന്തകൾ ഓരോന്നായി അയാളുടെ സിരകളിൽ ഉടലെടുത്തു. ഹോസ്പിറ്റലിൽ ഇന്ന് പാർട്ട് ബിൽ അടക്കണം, ഉച്ചക്ക് ശേഷം മനോജ് പൈസ അക്കൗണ്ടിൽ ഇടാം എന്നാണ് പറഞ്ഞിരിക്കുന്നത്, പേമെന്റുകൾ ഒരു പാട് കിട്ടുവാൻ ഉണ്ട്, സാരമില്ല എല്ലാം നയനയും, മനോജും കൂടി മാനേജ് ചെയ്തുകൊള്ളും, ഇന്നത്തെ കാലത്ത് ഇങ്ങനെ വിശ്വസ്തരായ രണ്ടു പേരെ ജോലിക്ക് കിട്ടിയത് തന്നെ ഭാഗ്യം . ഇങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ഫോൺ റിംഗ് ചെയ്തു. പാറുവാണ് അവൾ ഇങ്ങോട്ട് പോരാനിരുന്നതിന്റെ തലേ ദിവസം , ഓഫീസിൽ നിന്ന് തിരിച്ച് റൂമിലേക്ക് പോകും വഴി ടൂ വീലർ മറിഞ്ഞു, വലിയ പരിക്കുകൾ ഒന്നും ഇല്ല , കൈയ്ക്കും, കാലിനും മുറിവുണ്ട്, വലത് കാലിന്റെ മുട്ട് നീരുകെട്ടിയിര ക്കയാണ്, അവൾ വരാം എന്ന് പറഞ്ഞതാണ്, താനാണ് വേണ്ട അവിടെ റെസ്റ്റ് എടുത്തു കൊള്ളു എന്ന് പറഞ്ഞത്. അയാൾ ഫോണെടുത്തു ,

 " ആ പാറു, ഇല്ല മോളെ, വേറെ പ്രത്യേകിച്ച് വിശഷങ്ങൾ ഒന്നും തന്നെയില്ല, അതേ അവസ്ഥ തുടരുന്നു, ഞാനിന്ന് ഡോക്ടറെ കാണുന്നുണ്ട്, രാത്രി നിന്നെ വിളിക്കാo .....ഓ.കെ ."

അയാൾ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു. എഴുന്നേറ്റ് ബാഗുമെടുത്ത് റൂം ലോക്ക് ചെയ്ത് ഇറങ്ങി.

 ഐ.സി യു.വിന്റെ മുൻപിൽ ചെല്ലുമ്പോൾ അവിടെ അവർ ഇരിപ്പുണ്ട്, അയാളെ കണ്ട് ചിരിച്ച് വിഷ് ചെയ്തു, ആദർശ് നേരെ അടുത്ത കസേരയിൽ ഇരുന്നു, ബാഗ് മടിയിൽ വച്ചിട്ട് ചോദിച്ചു,

" സോറി, ഞാനിന്നലെ തിരക്കിനിടയിൽ പേര് ചോദിക്കാൻ വിട്ടു പോയ്, എന്റെ പേര് ആദർശ് .

അവർ ചിരിച്ചു കൊണ്ട് ,

 "ഞാൻ ചിൻമയി"

"എന്തു ചെയ്യുന്നു " 

അയാൾ ചോദിച്ചു.

" ടീച്ചറാണ് അടുത്തു തന്നെ ഗവൺമെന്റ് സ്കൂളിൽ ജോലിനോക്കുന്നു, താങ്കൾ എന്തു ചെയ്യുന്നു"

" ഞാനിവിടെ സിറ്റിയിൽ ഡിസ്ട്രിബൂഷൻ സ്ഥാപനം നടത്തുകയാണ്, ബിൽഡിംഗ് മെറ്റീരിയൽസിന്റെ ഹോൾസയിൽ"

" വേറെയാരാ ഉള്ളത് ബ്രദേഴ്സ് ? ഇവിടെ മറ്റാരെയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്"

"ഇല്ല ഞാൻ ഏക സന്താനം ആണ് " 

 അവൾ മറുപടി പറഞ്ഞു. 

"ഭാഗ്യം, പാർട്ടീഷൻ ചെയ്യുബോൾ എളുപ്പമായി ,സ്വത്തൊന്നും ആർക്കും വീതിച്ചു കൊടുക്കണ്ടല്ലോ?

അയാൾ പറഞ്ഞു.

ചിൻമയി ചിരിച്ചു കൊണ്ട് ,

" ഓ അതിനുമാത്രമൊന്നുമില്ല മാഷേ"

ആദർശ് ചിരിയിൽ പങ്കു ചേർന്നു ,

 " ഏയ് ഞാനൊരു തമാശ പറഞ്ഞതല്ലേ? നന്നായി വായിക്കും എന്നു തോന്നുന്നു, ആനന്ദിനെയൊക്കെയാണല്ലോ വായിക്കുന്നത്"

"ഏയ് അങ്ങനെയില്ല, എന്നാലും വായനയുണ്ട, ആനന്ദിന്റെ പുസ്തകങ്ങൾ ഇഷ്ടമാണ് "

"അയാളുടേത് ഭയങ്കര വരണ്ട ശൈലിയല്ലേ? അസാധ്യ പീഡനമാണ് അയാളെ വായിക്കുന്നത് "

ആദർശ് പറഞ്ഞു.

" നിഷ്കളങ്കരായ മനുഷ്യരുടെ വ്യഥകളും, പീഡനങ്ങളും ഒക്കെ പറയുമ്പോൾ സ്വാഭാവികമായും കുറച്ചു വരണ്ടതായി തോന്നും, എന്നു വച്ച് ആ വിഭാഗത്തിനെ അഡ്രസ് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ?" 

ചിൻമയി കുറച്ചു ഗൗരവത്തിലാണ് പറഞ്ഞത്.

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു ,

" മനുഷ്യരുടെ നിസ്സഹായതകളും, പീഡനങ്ങളും ഒക്കെ എഴുതേണ്ടത് തന്നെയാണ്, പക്ഷേ അത് വായനക്കാരെ പീഡിപ്പിച്ചു കൊണ്ടാകരുത് , തന്റെ പുസ്തകം വായിക്കുന്നു എന്ന ചെറിയ തെറ്റ് ചെയ്യുന്ന പാവം വായനക്കാരെ ഇത്തരത്തിൽ പീഡിപ്പിക്കണമോ ഓ.... ഭയങ്കരം"

ചിൻമയി തിരിഞ്ഞ് അയാളെ നോക്കിയിട്ട് ,

"മനുഷ്യരാശി നേരുടുന്ന കാതലായ പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടതല്ലേ? കാലാകാലങ്ങളായി സാധാരണക്കാർ നേരിടുന്ന വിവേചനങ്ങളും, അവഗണനകളും, പച്ചയായ പീഡനങ്ങളും എഴുത്തുകളിലൂടെയെങ്കിലും പുറത്ത് കൊണ്ടുവരാനാകുന്നത് ഗുണമല്ലെ ചെയ്യൂ"

"അയ്യോ ..... ഞാൻ തർക്കിക്കാനില്ല "  

അയാൾ പറഞ്ഞു, ആനന്ദിനെ ഞാനും വായിക്കാറുണ്ട്, എങ്കിലും എനിക്ക് കൂടുതൽ താൽപ്പര്യം വിജയന്റെ ശൈലിയോടാണ്"

" ഒ വി. വിജയനേയും ഞാൻ വായിക്കാറുണ്ട്, അദ്ദേഹത്തിന്റെ ഖസാക്കൊക്കെ എത്രയോ വട്ടം വായിച്ചിരിക്കുന്നു, അവസാനം വായിച്ചത് തലമുറകൾ ആണ്"

ആദർശ് കാലുകൾ നീട്ടിവച്ച് ഒന്നു നിവർന്നിരിന്നിട്ട് ചോദിച്ചു,

" ലിറ്ററേച്ചർ ആയിരുന്നോ സബ്ജക്ട് ?"

"അല്ല പൊളിട്ടിക്സ് ആയിരുന്നു "

ആഹാ ..... അതു കൊള്ളമല്ലോ, ഞാൻ കരുതി സാഹിത്യത്തിൽ ഒക്കെ താൽപര്യം ഉള്ളപ്പോൾ ലിറ്ററേച്ചർ ആയിരുന്നിരിക്കും എന്ന്, ഇൻട്രസ്റ്റിംഗ്"

ചിൻമയി തന്റെ കയ്യിലിരുന്ന പുസ്തകം മടക്കി ബാഗിലേക്കിട്ടിട്ട് പറഞ്ഞു ,

" വായന നന്നേ ചെറുപ്പത്തിലേ ഉണ്ട്, വീട്ടിൽ അച്ഛന് നല്ല പുസ്തക ശേഖരം ഉണ്ടായിരുന്നു, നന്നായിട്ട് വായിക്കുമായിരുന്നു അച്ഛൻ , എന്നെ വായിക്കാനായി സ്നേഹപൂർവ്വം നിർബന്ധിക്കുകയും ചെയ്തിരുന്നു, അങ്ങനെ കുഞ്ഞിലെ മുതൽ വായനയുമായി ചങ്ങാത്തതിലായി."

"ഗുഡ് ... വായിക്കുന്നത് എപ്പോഴും നല്ലതാണ്, അത് എത്ര നേരത്തെ തുടങ്ങാനാവുന്നോ അത്രയും നല്ലത്"

ആദർശ് ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

"ഡോക്ടർ എന്തു പറഞ്ഞു"

ചിൻമയി അയാളുടെ മുഖത്തേക്കും, ഐ.സിയുവിലേക്കും മാറി നോക്കിയിട്ട് പറഞ്ഞു,

" കുഴപ്പമില്ല, പേടിക്കാനൊന്നും ഇല്ല എന്നാണ് പറഞ്ഞത്, മൈനർ ക്ലോട്ടാണ് ,കുറച്ചു ദിവസം കൊണ്ട് ഇഞ്ചക്ഷനിലൂടെ തന്നെ അലിയിച്ചു കളയാനാകും, സർജറി ഒന്നും വേണ്ടി വരില്ല.

"ഹാവൂ, ആശ്വാസo, അതേ വിരോധമില്ലെങ്കിൽ നമുക്ക് ഒരു കാപ്പി കുടിച്ചാലോ ?, ഇവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ ഫോണിൽ ബന്ധപ്പെട്ടുക്കൊള്ളും മുകളിൽ കാന്റീനുണ്ട്, നല്ല കാപ്പി കിട്ടും, പോയാലോ ?"

ചിൻമയി ഒന്നു മടിച്ചു ,

"ഓ അത് വേണോ എന്തെങ്കിലും ആവശ്യം വന്നാൽ?"

ആദർശ് എഴുന്നേൽക്കാനായി ഭാവിച്ചു കൊണ്ട് ,

 "അതല്ലേ പറഞ്ഞത്, എന്ത് ആവശ്യം വന്നാലും അവർ ബൈസ്റ്റാൻഡേഴ്സിനെ ഫോണിൽ വിളിക്കും, സമാധാനമായി വരു, ഒരു പതിനഞ്ച് മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ, അതല്ല ഒരപരിചിതന്റെ കൂടെ വരാനുള്ള ബുദ്ധിമുട്ടാണെങ്കിൽ, അതു വേണ്ട ഒരുമിച്ച് ഒരു കാപ്പി കുടിക്കാനുള്ള പരിചയം ഒക്കെ ആയി നമ്മൾ തമ്മിൽ"

"ഏയ് , അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ല "

എങ്കിൽ വരൂ, അയാൾ എഴുന്നേറ്റു, ഒപ്പം ചിന്മയിയും, ലിഫ്റ്റ് വേണ്ടല്ലോ? തൊട്ട് മുകളിലാണ് അയാൾ ചോദിച്ചു, എന്നിട്ട് മുകളിലേക്കുള്ള സ്റ്റെയർ കേസ് ലക്ഷ്യമാക്കി നടന്നു.

7-ാം നിലയിലെ വിശാലമായി, നന്നായി മോടിപിടിപ്പിച്ച കാഫറ്റേറിയ, വലിയ തിരക്കില്ല മൂന്നോ, നാലോ ടേബിളുകളിൽ മാത്രം ആളുകൾ ഇരിക്കുന്നുണ്ട്, ആദർശ് ഇരിപ്പിടത്തിന് അടുത്തെത്തി ചിൻമയിയോടായി ,

" കാപ്പിയോ, ചായയോ ? ഏതാണ് താൽപര്യം?, ഞാൻ കാപ്പിയുടെ ആളാണ്, ഇവിടെ സെൽഫ് സർവീസാണ് .

അവൾ പറഞ്ഞു,

" ഏതായാലും കുഴപ്പമില്ല പൊതുവെ താൽപ്പര്യം കാപ്പിയോടാണ്"

"ഗുഡ്, അപ്പോൾ സമാനതകൾ ഇല്ലാതില്ല, ഞാൻ ഇദാ വരുന്നു"

അയാൾ നടന്ന് കൗണ്ടറിൽ എത്തി കാപ്പിയുടെയും, പഴം പൊരിയുടെയും പൈസ കൊടുത്തിട്ട്, തൊട്ടപ്പുറത്ത് നിന്നും കാപ്പി വാങ്ങി ആദ്യം ടേബിളിൽ കൊണ്ടുപോയി വച്ച് , പഴം പൊരി വാങ്ങാനായി പോയി, ചിൻമയി അയാൾ കൊണ്ടുവച്ച കപ്പിലെ അലങ്കാര പണികൾ സാകൂതം വീക്ഷിച്ചിരുന്നു, കപ്പിന് ചുറ്റും ചുമന്ന നിറത്തിലുള്ള പൂക്കളുടെയും, അവയെ ചുറ്റി പച്ച തണ്ടുകളുടെയും മനോഹരമായ ചിത്രം ...

"ഭാഗ്യം, നല്ല ചൂടൻ പഴം പൊരിയാണ്,"  

ആദർശ് രണ്ടു പ്ലേറ്റുകൾ ടേബിളിന് മുകളിൽ വച്ചിട്ട് എതിർവശത്തായി ഇരുന്നു.

കാപ്പിയുടെ കപ്പിൽ വിരലോടിച്ചിരിക്കുന്ന ചിൻമയിയെ നോക്കിയിട്ട് ചോദിച്ചു .

 " ഹലോ .......എന്താ വലിയ ചിന്തയിലാണല്ലോ ?"

" ഏയ്, ഒന്നുമില്ല, വെറുതെ"

"കാപ്പി കുടിക്കൂ, അത് ആറിയാൽ പിന്നെ ഒരു സുഖവും ഉണ്ടാവില്ല"

രണ്ടു പേരും കാപ്പിയെടുത്ത് നുണഞ്ഞു.

"ആഹാ, നല്ല കാപ്പി, എന്തു പറയുന്നു ഇഷ്ടമായോ"

ചിൻമയി പെട്ടെന്ന് വല്ലാതായി

ആദർശ് അവളോടായി പറഞ്ഞു,

" കാപ്പിയേ,......കാപ്പി ഇഷടമായോ എന്നു ചോദിക്കുകയാരിന്നു"

അവൾ ഒന്നു കൂടി നുണഞ്ഞിട്ട് പറഞ്ഞു,

" കൊള്ളാം, തരക്കേടില്ല"

"ആഹാ ...... ആളൊരു പെർഫക്ഷനിസ്റ്റാണെന്ന് തോന്നുന്നു"

അവൾ ചിരിച്ചിട്ട് പറഞ്ഞു,

" ഏയ് ശരിക്കും നല്ല കാപ്പിയാണ്, പോരെ"

അയാൾ ,

"അദ്ദാണ്, ഞാൻ അധികവും കാപ്പിയാണ് കഴിക്കാറ്, കഫൈൻ ബ്രെയിനിന് ഉണർവ് പകരും എന്നാണ് പറഞ്ഞു കേൾക്കുന്നത്, കസേരയിലേക്ക് ഒന്ന് ചാഞ്ഞിരുന്നിട്ട് ചോദിച്ചു .

" പിന്നെ, വേറെ വിശേഷങ്ങൾ ?"

 " കൂടുതൽ പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്, ഞാനീ ബന്ധങ്ങൾ രൂപം കൊള്ളുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു, ചിലത് എത്ര കാലം എടുത്താണ്, ചിലവ വളരെ പ്പെട്ടന്നും, ഇപ്പോൾ നാം തന്നെ എത്ര പ്പെട്ടന്നാണ് അടുത്തത്, ആകസ്മികമായി രൂപം കൊള്ളുന്ന ചില ബന്ധങ്ങൾ ഏറെ കാലം നിലനിൽക്കും എന്നും എവിടെയോ വായിച്ചതോർക്കുന്നു."

അയാൾ പഴം പൊരി എടുത്ത് ഒന്നു കടിച്ചിട്ട് അവളെ നോക്കി.

ചിൻമയി ഒരിറക്ക് കാപ്പി കൂടി കുടിച്ചിട്ട് ,

," എന്ത് പറയാനാണ്, ചിലതെല്ലാം സംഭവിക്കുന്നതാണ്, തികച്ചും യാദൃശ്ചികമായി"

" ചിൻമയി " 

അയാൾ പറഞ്ഞു

 " വളരെ നല്ല പേരാണ്, പക്ഷേ വിളിക്കാൻ സുഖം ചിന്നു എന്നാണ് ഞാൻ അങ്ങനെ വിളിക്കുന്നതിൽ വിരോധമുണ്ടോ ? എനിക്കീ നാടൻ പേരുകളോട് വലിയ താൽപ്പര്യം ആണ്"

അവൾ അയാളെ നോക്കിയിട്ട് ,

 " ഒരു വിരോധവും ഇല്ല , മാത്രമല്ല എന്നെ വീട്ടിൽ വിളിക്കുന്നതും അങ്ങനെയാണ്, അച്ഛനാണ് ആദ്യം അങ്ങനെ വിളിച്ചു തുടങ്ങിയത് എന്നാണ് അമ്മ പറയാറ്" 

അവൾ പാതി കടിച്ച പഴം പൊരി പ്ലേറ്റിൽ വച്ചിട്ട് പറഞ്ഞു.

അച്ഛൻ എത്ര നാളായി?

അവൾ ഒന്നു നെടുവീർപ്പിട്ടിട്ട് അയാളെ നോക്കി തന്റെ മുടിയിഴകൾ തലോടി കൊണ്ട് പറഞ്ഞു ,

"എനിക്ക് 17 വയസുള്ളപ്പോൾ ആണ്, കാർഡിയാക് അറസ്റ്റ് ആയിരുന്നു"

"ഓ..... സോറി, എന്റെ ചോദ്യം വിഷമിപ്പിച്ചില്ല എന്നു കരുതുന്നു, ഞാൻ ഇങ്ങനെയാണെട്ടോ നല്ല പരിചയം മനസ്സിൽ തോന്നിയാൽ പിന്നെ വല്ലാതെ ഓപ്പൺ ആകും .

"ഏയ് അത് സാരമില്ല, അച്ഛന്റെ മരണശേഷം അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്, അമ്മയും അദ്ധ്യാപികയായിരുന്നു, പ്രൈമറി സ്കൂൾ ടീച്ചർ"

"ഓ..... അദ്ധ്യാപക കുടുംബം ആണ് " അയാൾ പറഞ്ഞു.

"എന്തേ , ഇങ്ങനെ ഒറ്റയക്ക് ? എൻഗേജ്ഡ് ആകണ്ടേ ?

അവൾ കപ്പിലേക്ക് മിഴികൾ താഴ്ത്തി പതുക്കെ പറഞ്ഞു,

" ഒരിക്കൽ ആയതാണ്, അമ്മയുടെ ഒരു കസിന്റെ മകൻ ആയിരുന്നു, സിറ്റിയിൽ ഒരു ലിമിറ്റഡ് കമ്പനിയിൽ അക്കൗ ൺഡ്സ് മാനേജർ ആയിരുന്നു, ആ ബന്ധം കേവലം ഒരു മാസം മാത്രം നീണ്ടു നിന്നുള്ളൂ" 

ആദർശ് മുന്നോട്ട് ആഞ്ഞിരുന്നിട്ട്,

 " ഐ. ആം എക്സ്ട്രീമിലി സോറി, വെറുതെ ഓരോ കാര്യങ്ങൾ ഓർമ്മിപ്പിച്ചതിന്"

അവൾ അയാളെ നോക്കിയിട്ട് ,

"ഏയ് അതൊന്നും സാരമില്ല, നമ്മളുടെ കണക്കു കൂട്ടലുകൾ എല്ലായ്പ്പോഴും ശരിയാകണമെന്നില്ലല്ലോ? ജീവിതം നമുക്കായി കാത്തു വച്ചിരിക്കുന്നത് അമ്പരിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ ആയിരിക്കും, അതിലേക്ക് എത്തുംവരെ ഒരു സൂചന പോലും പലപ്പോഴും നമുക്ക് ലഭിക്കണം എന്നുില്ല. ഈ കേസിൽ മൂപ്പർക്ക് അവിടെ വേറെ ചില ബന്ധങ്ങളും ഉണ്ടായിരുന്നു," മൾട്ടിപ്പിൾ എക്സട്രാ മാർഷ്യൽ അഫേയ്ഴ്സ് " ,

ഭാഗ്യത്തിന് അത് വേഗം തന്നെ എനിക്ക് തിരിച്ചറിയാനായി, സാധാരണ രീതിയിൽ, എല്ലാം സഹിച്ച് , കേവലം ഒരു പുരുഷന്റെ അടിസ്ഥാന തൃഷ്ണകൾ ശമിപ്പിക്കാനുള്ള യന്ത്രം മാത്രമായി ഒതുങ്ങാൻ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു, ഫെമിനിസം ഒന്നുമ്മല്ലാട്ടോ മാഷേ ..... വയ്യായിരിന്നു അത്തരം ഒരാളെ സഹിക്കാൻ, അങ്ങനെ ലീഗലി വേർപ്പെട്ടു" 

അവൾ ഒന്ന് റിലാക്സ്ഡ് ആയ പോലെ കസേരയിൽ ചാരി ഇരുന്ന് കാഫറ്റേറിയ ആകെ കണ്ണോടിച്ചു.

ആദർശ് മുഖം പ്രസന്നമാക്കുവാനായി ശ്രമിച്ചിട്ട് തന്റെ കൈയ്യിലെ ഞെട്ടുകൾ പൊട്ടിച്ച് അവളെ നോക്കി, കുറച്ചു സെക്കന്റുകൾ ഇരുവരും പരസ്പരം മിഴിനട്ടിരുന്നു, തുടർന്ന് ചിരിച്ചിട്ട് പറഞ്ഞു,

" ഓക്കെ ......കൂൾ , അതൊക്കെ പോകട്ടെ, "ലൈഫ് ഈസ് ലൈക് ദാറ്റ് സം ടൈംസ്, ലീവ് ഇറ്റ്" ഞാൻ എന്നെ പറ്റി ഒന്നും പറഞ്ഞില്ല എന്നു വേണ്ട, പറഞ്ഞല്ലോ സിറ്റിയിൽ ബിസിനസ്സ് ചെയ്യുന്നു, സ്ട്രഗ്ളിംഗ് സ്റ്റേജിലാണ് എന്നാലും കുഴപ്പമില്ല, നമുക്ക് വേണ്ടി നാം തന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യുമ്പോൾ ഉള്ള സംതൃപ്തിയും, ത്രില്ലും ഉണ്ടല്ലോ? നന്നായി വരും എന്ന് തന്നെയാണ് പ്രതീക്ഷ, അതിനായി കാര്യമായി എഫർട്ട് എടുക്കുന്നുമുണ്ട്, പിന്നെ വീട്ടിൽ ഞങ്ങൾ മൂന്നാളുകൾ, അമ്മയും, പാറുവും പിന്നെ ഈ ഞാനും, വിവാഹം ഇതുവരെ കഴിച്ചിട്ടില്ല, നേരത്തെ തന്നെ അങ്ങനെയൊരു കൺസപ്റ്റിനോട് പൊതുവെ താൽപ്പര്യം ഇല്ലായിരുന്നു, കാർന്നോൻമാരുടെ കാലശേഷം ഒരു യാത്രയായിരുന്നു മനസ്സിൽ , തികച്ചും അപരിചിതമായ സ്ഥലങ്ങൾ, മനുഷ്യർ, വിവിധ സംസ്കാരങ്ങൾ അവിയ്ക്കിടയിലൂടെയുള്ള സഞ്ചാരം, ജീവിതത്തെ കൂടുതൽ അടുത്തറിയാൻ യാത്രകൾ ഉപകരിക്കും എന്നാണല്ലോ ശങ്കുണ്ണി നായർ പറഞ്ഞിരിക്കുന്നത് "

അയാൾ ഉച്ചത്തിൽ ചിരിച്ചു. ചിൻമയിയും അതിൽ ലയിച്ച് ആസ്വദിച്ച് ചിരിച്ചു ...... 

"അപ്പോൾ ഇനി വിവാഹമേ വേണ്ട എന്നാണോ?" 

ചിൻമയി ചോദിച്ചു.

"ഞാൻ പറഞ്ഞല്ലോ അങ്ങനെയാണ് തീരുമാനിച്ചിരുന്നത്, പിന്നെ മറിച്ച് ചിന്തിക്കത്തക്ക രീതിയിൽ സ്വാധീനം ചെലുത്തുന്ന ആരെയും ഇതുവരെ കണ്ടെത്തിയിട്ടും ഇല്ല, വരട്ടെ നോക്കാം ..... ജീവിതമാണല്ലോ, ചിന്നു പറഞ്ഞത് പോലെ എന്തെല്ലാമാണ് അത് നമുക്കായി കരുതി വച്ചിരിക്കുന്നത് എന്നും അറിയില്ലല്ലോ? എന്തായാലും മുന്നോട്ട് പോകുക തന്നെ ... ദ ഷോ മസ്റ്റ് ഗോ ഓൺ" ...

അയാൾ ഒന്ന് ചിരിച്ച്, ശേഷം ഉണ്ടായിരുന്ന പഴം പൊരി എടുത്ത് കഴിച്ചിട്ട്, ചിന്നുവിനോടായി ,

"അപ്പോൾ ഇറങ്ങിയാലോ? എന്തായാലും മനസ്സ് ഒരു പാട് റിലാക്സ്ഡ് ആയി അല്ലേ?എന്ത് തോന്നുന്നു?

അവൾ അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിട്ട് പറഞ്ഞു 

"ശരിക്കും, റിലാക്സ്ഡ് ആയി , തികച്ചും അപ്രതീക്ഷിതമായ ഒരനുഭവം, ഒരു പാട് നാളായി ഇങ്ങനെ അയഞ്ഞ് സംസാരിക്കാനായിട്ട്, ഐ ആം റിയലി താങ്ക് ഫുൾ റ്റു യൂ .

ആദർശ് ചിരിച്ചു ക്കൊണ്ട് ,

 "ഏയ് എന്തിന്? ഡോൺ ബി സോ ഫോർമൽ ,നമ്മളിനിയും കാണേണ്ടവർ അല്ലേ ? സാർത്ഥകമായ ഒരു സുഹൃത്ത് ബന്ധത്തിന്റെ നല്ല തുടക്കമാവട്ടെ ഇത്, അപ്പോൾ പോയേക്കാം"

 അയാൾ എഴുന്നേറ്റു, ചിൻമയി ഹാൻഡ് ബാഗെടുത്ത് തോളിൽ ഇട്ട് അയാളൊടൊപ്പം നടന്നു.

 ന്യൂറോ സർജൻ മൃദുല മാധവിന്റെ ഒ.പി. ആദർശ് അവരുടെ വാക്കുകൾ ശ്രദ്ധിച്ചിരിക്കുന്നു. 

" അപ്പോൾ, അതാണ് ഇപ്പോഴത്തെയും സ്റ്റേജ്, പിന്നെ താങ്കൾ പറഞ്ഞതു പോലെ എല്ലാ ഓപ്ഷനും ഞങ്ങൾ ട്രൈ ചെയ്യുന്നുണ്ട്, ബേസിക്കലി മെഡിസിൻസിനോടുള്ള പേഷ്യന്റിന്റെ സമീപനം ആണ് ഇത്തരം കേസുകളിൽ പ്രസക്തമാവുക, ഇവിടെ നിർഭാഗ്യവശാൽ അത് നമുക്ക് അനുകൂലം അല്ല, പിന്നെ ഏജ് ഈ ഓൾസോ എ ഫാക്ടർ, ഈ സ്റ്റേജിൽ വേണമെങ്കിൽ നിങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടു പോകാം, എപ്പോഴാണ്, എന്താണ് സംഭവിക്കുക എന്ന് വീ കാൻഡ് പ്രഡിക്ട് യു നോ ? ,പിന്നെ ഭക്ഷണം ലിക്വിഡ് ഫീഡിംഗ് ആണ് അതും ഒരു പ്രശ്നമാണ്, ഞങ്ങൾ പരമാവധി ശ്രമിക്കുന്നത് ഭക്ഷണം നിങ്ങൾക്ക് ഡയറക്ട് കൊടുക്കാനാവുന്ന സ്റ്റേജാണെങ്കിൽ പിന്നെ ഇത്രയും കോംപ്ലിക്കേഷൻസ് ഇല്ല, അപ്പോൾ മെഡിസിൻസ് മാത്രം ശ്രദ്ധിച്ചാൽ മതി, എനിവേ മിസ്റ്റർ ആദർശ് വീ കാൻ ഹോപ്പ് ഫോർ ദ ബെസ്റ്റ്, ലെറ്റ് അസ് സീ, വാട്ട് മോർ വീ കാൻ ഡൂ ,ഈസ് ദാറ്റ് ഓക്കെ വിത്ത് യൂ ?.

ആദർശ് ഡോക്ടറുടെ മുഖത്തേക്ക് നോക്കിയിട്ട് ,

 "ഓ.ക്കെ. ഡോക്ടർ അങ്ങനെ തന്നെ ചെയ്യാം , അച്ഛന് വേണ്ടി ചെയ്യാവുന്നതെല്ലാം നമുക്ക് ചെയ്യണം, പാവം ഒരുപാട് കഷ്ടപ്പെട്ടാണ് ഞ്ങളെ വളർത്തിയത്, റിയലി ഹീ ഈസ് എ സെൽഫ് മേഡ് മാൻ ,ശരി ആദർശ് ഡോക്ടറെ നോക്കി ചിരിച്ചിട്ട് എഴുന്നേറ്റ് നേരെ പുറത്തേക്ക് നടന്നു.

ഐ.സി.യു വിന് മുന്നിൽ ആദർശും, ചിൻമയിയും സംസാരിച്ചിരിക്കുന്നു,

"അതെ, അങ്ങനെയാണ് ഡോക്ടർ പറഞ്ഞത്, എന്തായാലും നോക്കാം നമുക്ക് അതല്ലെ കഴിയൂ" 

ആദർശ് ദീർഘമായി ശ്വസിച്ചിട്ട് കസേരയിൽ ഒന്നു കൂടി ചാരി ഇരുന്നു.

"ഏയ് .....പ്ലീസ് ഡോൺട് അപ്സെറ്റ് , ബി ഒപ്റ്റിമിസ്റ്റിക്, എന്തെങ്കിലും നല്ലത് തന്നെ സംഭവിക്കുo, നമുക്ക് അതിനായി പ്രാർത്ഥിക്കാം, സമാധാനമായിരിക്കൂ" 

അവൾ പതുക്കെ ആദർശിന്റെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു.

" യെസ്, അതെ അങ്ങനെ തന്നെ വിശ്വസിക്കാo" 

"പിന്നെ പറയൂ , വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചിരുന്നോ , അന്ന് അമ്മാവൻ വന്നതിന് ശേഷം പിന്നെ ആരെങ്കിലും വന്നിരുന്നോ?"

ചിന്നു അയാളോടായി ,

 " എല്ലാവരും വിളിക്കുന്നുണ്ട് അമ്മാവനും, മകൻ വിഷ്ണു ഏട്ടനും എപ്പോഴും വിളിക്കും ഇന്നും വിളിച്ചിരുന്നു, അമ്മക്ക് ഒരാങ്ങളയല്ലേ ഉള്ളൂ, വിഷ്ണു ഏട്ടൻ ഇവിടെ നിന്നോളാം , എന്നോട് രണ്ടു ദിവസം വീട്ടിൽ പോയിക്കൊള്ളാനും പറഞ്ഞു, ഞാൻ സമ്മതിച്ചില്ല, എന്തിനാ വെറുതെ അവരെ കൂടി ബുദ്ധിമുട്ടിക്കുന്നത്? രണ്ടു ദിവസം കൂടി നോക്കാം എന്നാണല്ലോ ഡോക്ടറും പറഞ്ഞിരിക്കുന്നത്" 

അവൾ ബാഗ് തുറന്ന് കർച്ചീഫ് എടുത്ത് മുഖം നന്നായി തുടച്ചു.

"പിന്നെ ഞാനിന്നലെ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു ഏതോ ഫോറിൻ റൈട്ടറാണ് , അതിൽ പ്രധാനമായും പറയുന്നത് ക്രൂഷ്യൽ സിറ്റുവേഷനൻസിൽ മനുഷ്യമനസ്സ് എങ്ങനെയാണ് പ്രശ്നങ്ങളെ അഭിമുഖികരിക്കാൻ പ്രാപ്തമാവുന്നത് ,എന്നതിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള വിശകലനങ്ങൾ ആണ്, ക്വയറ്റ് ഇൻട്രസ്റ്റിംഗ് യു നോ ? , നാമെല്ലാം നിരന്തരം കടന്നുപോകുന്ന അവസ്ഥകൾ , അവയെ എല്ലാം നല്ലൊരു പരിധിവരെ നാം തരണം ചെയ്യുന്നുമുണ്ട്, സ്വാഭാവികമായും ചിലതെല്ലാം മറിച്ചും സംഭവിക്കുന്നു, അത്തരം നിർണ്ണായക അവസ്ഥകളിൽ എങ്ങനെയാണ് മനുഷ്യമനസ്സ് അതിനോട് പ്രതികരിക്കുന്നത്, പ്രശ്നപരിഹാരത്തിനായുള്ള വിവിധ സാധ്യതകളിലേക്ക്, അതിൽ തന്നെ ഏറ്റവും ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലേക്ക് മനസ്സ് എങ്ങനെ എത്തിച്ചേരുന്നു എന്നെല്ലാം ഉള്ള വളരെ ഇൻഡെപ്ത് ആയ അനലൈസിസ് , വായിച്ചപ്പോൾ വലിയ ഇൻട്രസ്റ്റിംഗ് ആയി തോന്നി ,ഈ മനസ്സിന്റെ ഓരോ കളികളെ "

ആദർശ് ചിരിച്ചു കൊണ്ട് ചിൻമയിയെ നോക്കി.

ചിൻമയിയും ചിരിയിൽ പങ്കു ചേർന്നു ക്കൊണ്ട് ,

"അല്ലെങ്കിലും മനസ്സല്ലേ എല്ലാം നിയന്ത്രിക്കുന്നത് , ഏറ്റവും ഇന്ട്രസ്റ്റിംഗ് അതിന്റെ ദുരൂഹതകളാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്, ഒരിക്കലും , ആർക്കും പിടികൊടുക്കാത്ത നിഗൂഡത, എത്രയോ നൂറ്റാണ്ടുകളായി മനശാസ്ത്രജ്ഞൻമാർ തലക്കുത്തി നിന്ന് ഗവേഷണം നടത്തുന്നു, എന്നിട്ടും മനസ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഏതാണ്ടൊക്കെ പറഞ്ഞു വയ്ക്കാനായി എന്നല്ലാതെ, ശാസ്ത്ര പുരോഗതിയുമായി തട്ടിച്ചു നോക്കുമ്പോൾ , സ്റ്റിൽ ദേ കാൺഡ് കൺക്വർ ഇറ്റ് , അവർക്കതിനെ ഇതു വരെ കീഴടക്കാൻ ആയിട്ടില്ല..അല്ലേ ? വല്ലാത്ത ഒരു പ്രതിഭാസം തന്നെ

എന്ത് തോന്നുന്നു?

അയാൾ ശ്രദ്ധയോടെ അവളെ കേട്ടിരിക്കുകയായിരുന്നു.

 " തീർച്ചയായും വളരെ നന്നായി പറഞ്ഞു ചിന്നു" 

"ഏയ് ..... എപ്പോഴോ പലയിടത്തായി വായിച്ച കാര്യങ്ങൾ ഒന്ന് പറയുവാൻ ശ്രമിച്ചതാണ്."

"ആ ..... പിന്നെ സ്കൂളിലെ അവസ്ഥ എന്തായി ?

 അയാൾ കുറച്ച് ഗൗരവഭാവത്തിൽ ചോദിച്ചു.

" ഏയ് ..... കുഴപ്പമില്ല, ഞാൻ പ്രിൻസിപ്പളിനെ എപ്പോഴും അപ്ഡേറ്റ് ചെയ്യുന്നുണ്ട്, അത്തരം അവസ്ഥയാണല്ലോ ? പിന്നെ പോർഷൻസ് ഒക്കെ ഏതാണ്ട് കവർ ചെയ്തിട്ടുമുണ്ട്, അദ്ദേഹം ഇടക്ക് വിളിക്കാറുണ്ട്."

"ഓ.ക്കെ. , അതൊരു ആശ്വാസം ആണ് ജോലി സേഫായിരുന്നാൽ തന്നെ വലിയ റിലീഫ് ആണ്."

ആദർശ് പ്പെട്ടെന്ന് മൊബൈലിൽ നോക്കിയിരുന്ന ചിന്നുവിനോടായി ഇതെന്താ എന്തോ എമർജൻസി ഉണ്ടെന്ന് തോന്നുന്നുവല്ലോ ? ഡോക്ടേഷ്സ് എല്ലാം ഐ.സി.യുവിലേക്ക് ഓടുന്നുണ്ടല്ലോ? ആർക്കോ ണാവോ ....

ഫോണിൽ നിന്നും കണ്ണുയർത്തി ചിന്നുവും പെട്ടെന്ന് അങ്ങോട്ട് നോക്കി ,

" ശരിയാണല്ലോ, സംതിംഗ് സീരിയസ് ഹാസ് ഹാപ്പൻഡ് "

 അവളുടെ മുഖം വല്ലാതെയായി , ആദർശിനെ നോക്കിയിട്ട് എന്താണാവോ ? .....

ഏയ് ഒന്നുമുണ്ടാവില്ല, അവർക്ക് എപ്പോഴും അങ്ങനെ തന്നെയാണല്ലോ ഇൻന്റെസീവ് കെയർ യൂണിറ്റല്ലേ ? ആർക്കെങ്കിലും സഡൻ ഫ്ളക്ച്ചേഷൻസ് ഉണ്ടകും.

പെട്ടെന്ന് ചിൻമയിയുടെ അമ്മയുടെ പേര് വിളിക്കുന്നത് കേട്ട് അവൾ പൊടുന്നനെ എഴുന്നേറ്റു, ഒപ്പം ആദർശും, ഐ.സി യുവിലേക്ക് ഓടുന്ന അവളുടെ ഒപ്പമെത്താനായി അയാൾ പാടുപ്പെട്ടു, ഐ.സി.യു വിന് മുമ്പിൽ രണ്ടു ഡോക്ടർമാർ ഉണ്ട് അവരിൽ സീനിയറായ ആൾ ചിന്നുവിനോട് സംസാരിച്ചു തുടങ്ങി ,

 " മാഡം, ശ്രദ്ധിച്ച് കേൾക്കണം, ബി പേഷ്യന്റ് ...... അമ്മയുടെ നില വളരെ പ്പെട്ടന്ന് വഴളായി "

അയാൾ പറയാനായി ബുദ്ധിമുട്ടുന്നത് പോലെ തോന്നി,

"സ്പൊൺഡേനിയസ് ബ്രെയിൻ സ്റ്റെം ഹെമ്മറേജ് " 

ഇത് വളരെ അപൂർവ്വമായി മാത്രം ഉണ്ടാകുന്നതാണ് , ബെയിൻ സ്റ്റെം എന്നത് തലച്ചോറിന്റെ പിന്നിലായി കാണപ്പെടുന്ന ഭാഗം ആണ് , അതിൽ നിന്നാണ് സ്പൈനൽ കോഡിന്റെ തുടക്കം , ശ്വസിക്കാനും, ചവക്കാനും, ബാലൻസ് ചെയ്യാനും, എല്ലാം ഉള്ള സുപ്രധാന കാര്യങ്ങൾ എല്ലാം ക്രോഡീകരിക്കുന്നത് ഈ ഭാഗം ആണ്, അവിടെ ശക്തമായ ബ്ലീഡിംഗ് ഉണ്ടായി , മാസീവ് ഇംപാക്ട് ആണ് അത് ഉണ്ടാക്കിയത്, ഞങ്ങൾ ചെയ്യാവുന്നതെല്ലാം ശ്രമിച്ചു നോക്കി, ബട്ട് വീ ആർ റിയലി സോറി ...... ദ ഫാറ്റൽ തിംഗ് ഹാപ്പൻഡ് , ഐ മീൻ ഷീ ഈസ് നോ മോർ "....... ഒറ്റ ശ്വാസത്തിൽ ഡോക്ടർ പറഞ്ഞു തീർത്തു.

ചിൻമയി തരിച്ചു നിൽക്കുകയാണ്, എന്ത് പറയണമെന്നറിയാതെ, ആദർശ് വേഗം അവളോട് ചേർന്ന് നിന്നു പതുക്കെ കയ്യിൽ പിടിച്ചു, ഡോക്ടർ അയാളോടായി പറഞ്ഞു,

 "സർ, ഞങ്ങൾ എത്രയും പെട്ടെന്ന് ബോഡി റിലീസ് ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്യാം" .

ആദർശിന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചിന്നു വേച്ച് ഒരു ഭാഗത്തേക്ക് ചരിയാനായി പോയി, അയാൾ വേഗം അവളെ വട്ടം പിടിച്ച് പിറകിലേക്ക് നടന്ന് അടുത്ത് കണ്ട കസേരയിൽ ഇരുത്തി, ചിന്നു കസേരയിൽ ചാരി ഇരുന്ന് ഇരു കൈകളും മുഖത്ത് പൊത്തി പൊട്ടി കരഞ്ഞു, അതുവരെ അടക്കിവച്ച വികാരങ്ങളെല്ലാം കണ്ണീർ ചാലുകളായ് കൈവിരലുകളുടെ ഇടയിലൂടെ താഴേക്ക് ഒഴുകി, ആദർശ് അടുത്ത കസേരയിൽ ഇരുന്നു, ഏയ് ....... ചിന്നു, അയാൾ അവളുടെ കൈകൾ മുഖത്തു നിന്നും മാറ്റുവാനായി ശ്രമിച്ചു കൊണ്ട് വിളിച്ചു, കുറച്ചു ബലത്തോടെ തന്നെ അയാൾ കൈകൾ വിടുവിച്ചു, എന്നിട്ട് , ആ കൈകളിൽ തലോടി കൊണ്ട് പറഞ്ഞു ,

 "ചിന്നൂ , റിലാക്സ് ആകൂ, താൻ തന്നെയല്ലേ പറയാറുള്ളത് ജീവിതം നമുക്കായി കരുതിവച്ചിട്ടുള്ള അമ്പരിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ച്, സാരമില്ല, നഷ്ടം വളരെ വലുതാണ്, പക്ഷേ, നമുക്ക് എന്ത് ചെയ്യാൻ പറ്റും, അനിവാര്യമായത് സംഭവിച്ചല്ലേ പറ്റു "

"എന്നാലും, ഒരു കുഴപ്പവും ഇല്ലാ എന്ന് പറഞ്ഞതല്ലേ മാഷേ ...... ഇപ്പോൾ, ഞാനിനി എന്താ ചെയ്യാ , ഇനി ആരാ എനിക്കുള്ളത് ? " 

ഏങ്ങലടിച്ചു ക്കൊണ്ട് അവൾ പറഞ്ഞു.

"ഏയ് , അങ്ങനെയൊന്നും കരുതണ്ട എല്ലാവരും ഉണ്ട്, സമാധാനമാവൂ, ചിന്നു വളരെ മെച്ച്വേഡ് ആയ കുട്ടിയല്ലേ ബി ഓക്കെ,എന്തായാലും നമ്മൾ ഫേസ് ചെയ്തല്ലേ പറ്റൂ ?... പ്ലീസ് റിലാക്സ് ,ഇനി ബാക്കി കാര്യങ്ങളൊക്കെ ചെയ്യണ്ടേ ?, അമ്മാവനെ ഒക്കെ അറിയക്കണ്ടേ? ചിന്നു വേണ്ടേ അതെല്ലാം ചെയ്യാൻ ? , നന്നായി പ്രാർത്ഥിച്ചിട്ട് മനസ്സാന്നിദ്ധ്യത്തോട് കൂടി അറിയിക്കണ്ടവരെയൊക്കെ വിളിക്കൂ, അല്ലെങ്കിൽ നമ്പർ തരൂ ഞാൻ വിളിക്കാം ......"

ചിന്നു വേഗം കർച്ചീഫ് എടുത്ത് നന്നായി മുഖം തുടച്ചിട്ട് ,

 " ഏയ് വേണ്ട മാഷേ, ഞാൻ വിളിച്ചോളാം, ഐ ആം ഓ.ക്കെ നൗ", എന്നിട്ട് ഫോണെടുത്ത് ഡയൽ ചെയ്തു , ഇപ്പോൾ വളരെ ഗൗരവത്തോടെയാണ് അവൾ സംസാരിക്കുന്നത് , തികച്ചും സമചിത്തതയോടെ അമ്മാവനേയും, മറ്റ് ചിലരേയും വിളിച്ചിട്ട് അവൾ ഫോൺ ബാഗിലിട്ടു, എന്നിട്ട് ആദർശിനോടായി ,

 " അവർ വരാമെന്ന് പറഞ്ഞു, ഞാൻ വേണ്ട , അവിടത്തെ മറ്റ് കാര്യങ്ങൾ നോക്കിക്കൊള്ളു , അമ്മയേയും കൊണ്ട് ഞാൻ വന്നു ക്കൊള്ളാം എന്ന് പറഞ്ഞു"

ആദർശ് വേഗം അവളോടായി ,

" ഓ.ക്കെ , ചിന്നു ഒറ്റക്ക് മാനേജ് ചെയ്യുമെങ്കിൽ ശരി, പിന്നെ ബിൽ ഒക്കെ സെറ്റിൽ ചെയ്യണമല്ലോ? ഞാൻ പോയി ചോദിക്കട്ടെ ?, പെട്ടെന്ന് ചിന്നു പറഞ്ഞു ,

"അതൊക്കെ എന്റെ കയ്യിൽ ഉണ്ട് , ബാങ്കിൽ ഞാൻ കരുതിയിട്ടുണ്ട്."

താഴെ പോർച്ചിൽ അമ്മയുടെ ബോഡിയും ആയി അവർ നല്ക്കുന്നു, നേരിയ മഴ പെയ്യുന്നുണ്ട്, റിവേഴ്സ് എടുത്ത് ആംബുലൻസ് നിന്നു, വണ്ടിയുടെ ഡ്രൈവറും, ഹോസ്പിറ്റൽ സ്റ്റാഫും ചേർന്ന് ബോഡി ആംബുലൻസിലേക്ക് കയറ്റി, ചിന്നു മുന്നോട്ടാഞ്ഞ്, തിരിഞ്ഞു നിന്നു , അവളുടെ മുഖത്ത് നിസംഗഭാവമാണ് , ആദർശ് അടുത്തേക്ക് ചെന്ന് ചേർന്ന് നിന്നു അവളുടെ തോളിൽ കൈകൾ വച്ചുക്കൊണ്ട് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,

" സമാധാനപ്പെടു, ഒരു ഭയപ്പാടും വേണ്ട, ആരുമില്ലെന്നുള്ള തോന്നലും വേണ്ട ....... താൻ ഒറ്റക്കല്ല, ഞാനുണ്ട്, എന്തിനും, എന്നും, കേട്ടോ ,ഇപ്പോൾ പോകൂ, മനസ്സാന്നിദധ്യത്തോടെ എല്ലാം ചെയ്യൂ, ഞാൻ ഉണ്ണിയോട് വരാൻ പറഞ്ഞിട്ടുണ്ട്, ഒരു മണിക്കൂറിനുള്ളിൽ അവനെത്തും, ഞാൻ വരും, എല്ലാത്തിനും ഒപ്പം ഉണ്ടാകും, ചിന്നു, എനിക്ക് തോന്നുന്നു നാം ഒരു തോണിയിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടവർ ആണെന്ന്, ഓ.ക്കെ ,ഇപ്പോൾ പൊയ്ക്കൊള്ളൂ , അവിടെ എല്ലാവരും കാത്തിരിക്കുകയല്ലേ" ,

 അയാൾ അവളെ ഒന്നു കൂടെ ചേർത്ത് പിടിച്ചിട്ട് , ആംബുലൻസിലേക്ക് കയറ്റി, അവൾ അമ്മയെ കിടത്തിയിരുക്കുന്നതിന്റെ എതിർവശത്തായുള്ള സീറ്റിൽ ഇരുന്നു , അയാളെ നോക്കി കണ്ണുകൾ ചലിപ്പിച്ച് യാത്ര ചോദിച്ചു, ആദർശ് കൈ ഉയർത്തി വീശിയിട്ട് , അംബുലൻസിന്റെ ഡോർ അടക്കാനായി മുന്നോട്ടു ചെന്നു, ഒരിക്കൽ കൂടി അവളെ നോക്കി തലയാട്ടി .

ഒരായുസ്സിന്റെ കർമ്മങ്ങളുടെ, ചിന്തകളുടെ, സന്ദേഹങ്ങളുടെ , സന്താപങ്ങളുടെ എല്ലാം പരിസമാപ്തി കുറിച്ചുക്കൊണ്ട് അഞ്ചരയടി നിശ്ചേതനമായ ദേഹത്തിന് മുന്നിൽ ലോഹനിർമ്മിതമായ വാതിൽ പാളി അയാൾ വലിച്ചടച്ചു.

മെല്ലെ നീങ്ങി , വേഗത്തിലേക്ക് പ്രയാണം ചെയ്യുന്ന ആംബുലൻസിനെ നോക്കി കുറച്ചുനേരം അയാളവിടെ നിന്നു .

തീരെ പ്രതീക്ഷിക്കാത്ത ഒരാളെ യാത്ര പോലും പറയാനിട നൽകാതെ മരണം അതിന്റെ തണുത്ത കൈകളാൽ ചേർത്തു നിർത്തി കൊണ്ടു പോകുന്നു .......

ആദർശ് ദീർഘ നിശ്വാസം എടുത്തുക്കൊണ്ട് നടന്നു ....... അവശേഷിക്കുന്ന ജീവന് കാവലിരിക്കാൻ, സാക്ഷീഭാവത്തിൽ .

അവസാനിച്ചു.

Content Summary: Abhayam, Malayalam novelette written by Deepuraj Somanathan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS