ADVERTISEMENT

വിശപ്പ് (കഥ)

 

ആരുടേയോ ഒക്കെ ചോരക്കറ പിടിച്ചുണങ്ങിയ ആ പോസ്റ്റുമാർട്ടം ടേബിളിൽ അവനെ മലർത്തിക്കിടത്തി കൊണ്ടവന്റെ ഷർട്ടൊന്നു വലിച്ചൂരിയെടുക്കവേയാണ് പോലീസ് സർജൻ അതു ശ്രദ്ധിച്ചത്. 

പലയിടത്തും കീറിയ അഴുക്കുപിടിച്ചു ദുർഗ്ഗന്ധം വമിയ്ക്കുന്ന അവൻ്റെ പാൻ്റിൽ ബെൽട്ടിനു പകരം ഒഴിഞ്ഞൊട്ടിയ വയറിനോട് ചേർത്ത് ഒരു ചണക്കയർ കൊണ്ടു വല്ലാതെ വലിച്ചു മുറുക്കി കെട്ടിയിരിയ്ക്കുന്നു..! 

പുറത്ത് അസാധാരണമാം വിധം ആളുകൾ തടിച്ചുകൂടിയിരിയ്ക്കുന്നത് കണ്ട് സർജൻ സഹായിയോട് കാരണം ചോദിച്ചു.

 

"അത്.. സർ ഇവൻ ആരുടേയോ വീട്ടിൽ കയറി ഭക്ഷണം അടിച്ചു മാറ്റീത്രേ അവർ ഒന്നു പെരുമാറി വിട്ടു.. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ മരിച്ച നിലയിൽ വഴിയിൽ കിടക്കുന്നത് കണ്ട് ആരൊക്കെയോ ചേർന്ന്  ജില്ലാ ആശുപത്രിയിൽ കൊണ്ടുവരുകയായിരുന്നു എന്നാണ് ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്ന കൂട്ടത്തിലെ ഒരു  കോൺസ്റ്റബിൾ പറഞ്ഞത്.. അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണ് പുറത്തുള്ള കോലാഹലം ഭരണ പാർട്ടിക്കെതിരേ മറ്റുള്ള എല്ലാ പാർട്ടിക്കാരും ഉണ്ട്..!"

 

അവൻ്റെ കീറിപ്പറിഞ്ഞ ഷർട്ട് വലിച്ചൂരി തിരിച്ചു കിടത്തിയപ്പോൾ മുതുകിൽ പലവിധത്തിലുള്ള പാടുകൾ കാണാമായിരുന്നു.

പക്ഷേ ശരീരത്തിൻ്റെ മുകളിലേറ്റ ആ മർദ്ദനങ്ങൾ ഒന്നും തന്നെ  ഇവൻ മരിയ്ക്കാനുള്ള കാരണമല്ല എന്നദ്ദേഹം ഓർത്തുകൊണ്ട് കീറിയ പാൻറും വലിച്ചൂരിയെടുത്തു.. 

കാൽ തുടകളിലും അടിയുടെ മുഴുത്ത  പാടുണ്ടായിരുന്നു.. എന്നാൽ അതും ഒരു മരണകാരണം  അല്ലെന്ന് അദ്ദേഹം ഉറപ്പാക്കി..! 

ശരീരശാസ്ത്രത്തിൻ്റെ ആഴങ്ങളിലേയ്ക്ക് അദ്ദേഹത്തിൻ്റെ കയ്യിലെ ആയുധം ആഴ്ന്നു പോകവേ താനറിയാതെ പുറത്തേയ്ക്കുന്ന കണ്ണുനീർ തൻ്റെ  സഹായികൾ കാണാതിരിയ്ക്കാൻ അദ്ദേഹം വല്ലാതെ പാടുപെട്ടു..! 

പാവം ഭക്ഷണം കഴിച്ചിട്ട് ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും ആയിക്കാണും..!

"ഹാ ഇവനെന്താ വായുവും വെള്ളവും മാത്രം കൊണ്ട് ജീവിയ്ക്കുന്നവനാണോ വയറ്റിൽ ഒന്നുമില്ലല്ലോ..! ? "

സഹായികളിൽ ഒരാൾ അതു പറഞ്ഞപ്പോൾ അടുത്തയാൾ ബാക്കി പൂരിപ്പിച്ചു.

"ശരിയായിരിയ്ക്കാം ഇവനെ നാട്ടാരോ വീട്ടാരോ  ആരും അടുപ്പിയ്ക്കാറില്ലാത്രേ..! ശകലം  മനോരോഗമുള്ള കൂട്ടത്തിലാണ് എന്നു കേട്ടു അതായത് സ്വൽപം രതിവൈകൃതം..!"

" എന്നു വച്ചാൽ "

"ഭാര്യാ ഭർത്താക്കൻമാർ കിടക്കുന്നത് ഒളിഞ്ഞു നോക്കുക, അവരുടെ കൂടെ കയറി കിടക്കുക, പിന്നെ സ്ത്രീകളുടെ കുളിമുറിയിൽ.....

"മതി നിർത്ത്...! ഇഡിയറ്റ്സ്..!"

എല്ലാം കേട്ടു നിന്ന സർജൻ അവരോടായി അലറുകയായിരുന്നു..!

"വൃത്തികെട്ട ജന്മങ്ങൾ... അവൻ്റെ നിസ്സഹായതയും, ബലഹീനതകളും, ചെയ്തികളുമെല്ലാം പുറത്തു വരാൻ ദാ... ഇതു പോലെ കീറിപ്പൊളിച്ച രീതിയിൽ കിടക്കേണ്ടി വന്നു അല്ലെടോ..!? പട്ടിണി കിടന്ന് സഹിയ്ക്കാൻ വയ്യാതെ ഒരു നേരത്തെ ഭക്ഷണം എടുത്തു കഴിച്ചതിന് പിടിച്ചു തല്ലി കൂട്ടിയ മ്ലേച്ഛൻ മാരെക്കാൾ നികൃഷ്ട ജൻമങ്ങളാണിപ്പോൾ പുറത്തിവനു വേണ്ടി കൊടി പിടിച്ചും മറ്റും  ആളാവാൻ ശ്രമിയ്ക്കുന്നത്..!"

"അത് സർ ഇവൻ മരിയ്ക്കുന്നതു വരെ അവൻ്റെ നാട്ടിലും വീട്ടിലും സമൂഹത്തിലും വെറുക്കപ്പെട്ടവനായിരുന്നൂത്രേ..!"

സഹായികളിൽ ഒരാൾ അത് പറഞ്ഞതും സർജജൻ അവനെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.

" ഇവൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് "

" അത് സർ... കൃത്യമായി അറിയില്ല എന്നാലും.... അവൻ്റെ അമ്മയും, അനിയനും  വിവാഹപ്രായമായ ഒരു പെങ്ങളും ഉണ്ടെന്ന് പറഞ്ഞു കേട്ടു ..! ഒരു പൊതു ശല്യമായ ഇവനെ അവരും ശ്രദ്ധിയ്ക്കാറില്ല എന്നു മാത്രമല്ല സ്വന്തം വീട്ടിൽ പോലും കയറ്റാറില്ല എന്നാണ് പറഞ്ഞു കേൾക്കുന്നത് പാവം...!"

"വീട്ടുകാർക്കും വേണ്ടാത്തവനായിരുന്നു അല്ലേ..?" 

"അതെ സർ പക്ഷേ ഇങ്ങനെ പോയാൽ ഇനി അവർക്ക് ഇത് ഒരു ലോട്ടറിയായി മാറും ജനം ഇളകിയിട്ടുണ്ട്..! സഹതാപ തരംഗം, സഹായഹസ്തങ്ങൾ,ആശ്രിത ജോലി തുടങ്ങിയ സമ്മാനങ്ങൾ കൊണ്ടവരെ പൊതിയും" 

പിന്നീട്  ആ പോസ്റ്റുമാർട്ടം കഴിയുന്നതുവരെ അവരാരും തന്നെ ഒന്നും സംസാരിച്ചില്ല  ആവശ്യത്തിനുള്ള ശരീര സാംബിളകൾ ശേഖരിച്ചു കൊണ്ട് അവർ പുറത്തു വരുമ്പോൾ ആ പരിസരം മുഴുവൻ 

പലവിധ നിറത്തിലുള്ള കൊടികൾ കയ്യിലേന്തിയ ജനങ്ങളാൽ  പരിസരം നിറഞ്ഞിരുന്നു..! 

"സാറേ എന്തായി..? പാവം അവനെ ആ  തെണ്ടികൾ ഭക്ഷണം കട്ടു എന്നു പറഞ്ഞു തല്ലി കൊന്നതാ ഞങ്ങൾ വിടില്ലവരെ എന്തെങ്കിലും കിട്ടിയോ..?"

ഒരു ശരീരത്തിൻ്റെ പോസ്റ്റുമാർട്ടവും പ്രൊസീജറും എന്തെന്നു പോലും അറിയാത്ത ഒരു കൂട്ടം രാഷ്ട്രീയ അണികൾക്കിടയിലൂടെ അദ്ദേഹം നടന്നു പോകവേ.. നേതാവെന്നു തോന്നുന്ന ഒരാൾ ഇടയ്ക്ക് കയറി തടുത്തു കൊണ്ട് ചോദിച്ചു

"പറഞ്ഞിട്ടു പോണം സാറേ അവൻ്റെ ശരീരത്തിൽ നിന്നെന്തെങ്കിലും കിട്ടിയോ? അറിഞ്ഞിട്ടു വേണം അവരെ ശക്തമായി പൂട്ടാൻ..! 

അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്.

"ആ പാവം മനുഷ്യൻ മൂന്നു ദിവസത്തോളമായി വല്ലതും കഴിച്ചിട്ട് ഇപ്പോൾ ഈ കാണിയ്ക്കുന്ന പേക്കൂത്തിന് പകരം ഇതുപോലുള്ള പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങിക്കൊടുക്കടോ.!"

"ഞങ്ങളുടെ പാർട്ടി ഭരിയ്ക്കുമ്പോൾ... " 

അയാൾ മുഴുമിപ്പിയ്ക്കുന്നതിനു മുന്നേ സർജൻ അയാളെ നോക്കി ശബ്ദമുയർത്തി കൊണ്ട് പറഞ്ഞു.

"വഴി മാറഢോ.."

ശേഷം തൻ്റെ ഓഫീസിൽ വന്നിരുന്നദ്ദേഹം റിപ്പോർട്ടെഴുതി.

ഒന്ന് ) അവന്റെ ശരീരത്തിൽ ഇരുപതോളം മർദ്ദനത്തിൻ്റെ  പാടുകൾ ഉണ്ടായിരുന്നു.!

രണ്ട് ) പോഷകാഹാരക്കുറവ് കാരണം അന്തരീക അവയവങ്ങൾ വളരെ  ജീർണ്ണാവസ്ഥയിലായിരുന്നു

മൂന്ന്) അവന്റെ ആമാശയം തീർത്തും ശൂന്യമായിരുന്നു.! 

 

പോഷകാഹാരക്കുറവും പട്ടിണിയും കാരണം മർദ്ദനമേറ്റപ്പോൾ അത് സഹിയ്ക്കാനുള്ള  ശാരീരിക ക്ഷമതയില്ലാത്തതിനാൽ ഉണ്ടായ ആഘാതം ഹൃദയസ്തംഭനത്തിലേയ്ക്കവനെ നയിച്ചതാണ് മരണകാരണം..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com