ADVERTISEMENT

ഈ നദിയുടെ അക്കരെ വിദൂരതയിൽ ഒരു കാലത്ത് ഒരാളുടെ ചലനമുണ്ടായിരുന്നു. വളരെയേറെ ഊഷ്മളതയോടെ ഇഷ്ടപ്പട്ടിരുന്ന ഒരാളുടെ ചലനം...!

ഇടയ്ക്ക് മനസ്സസ്വസ്ഥമാവുമ്പോൾ മണലിനെ തഴുകിയൊഴുകുന്ന ഈ പുഴയിലേയ്ക്ക് നോക്കിയിരിയ്ക്കവേ എന്നോ... എപ്പോഴോ ഈ പുഴയെ പോലെ തന്നെ മനസ്സിൽ പതിഞ്ഞ ഒരു സുന്ദര രൂപം..!

അന്ന് പ്രായം വെറും പതിനെട്ടായിരുന്നു..!

 

അവനെത്തേടി ആരും അറിയാതെ ഇവിടെ വന്നിരിയ്ക്കവേ അക്ഷരങ്ങളായിവിരിഞ്ഞ ആ  കഥാപാത്രത്തിന് പ്രായം വെറും ഇരുപത്തിരണ്ടു വയസ്സു മാത്രം പക്ഷേ...

സ്നേഹസ്വപ്നങ്ങളിൽ മതിമറന്നാ കാമുകീകാമുക ഹൃദയങ്ങൾ തഴുകിയൊഴുകി നടക്കവേ ഒരു ദിവസം ആ പതിനെട്ടു വയസ്സുകാരിയെ നൈരാശ്യത്തിൻ്റെ പടുകുഴിയിൽ വീഴ്ത്തി കൊണ്ട് അവൻ പോയി....അതൊരു ദുരന്തമായിരുന്നു... പുഴ സമ്മാനിച്ച ദുരന്തം..! 

പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞതോടെ  അവളെ ഭ്രാന്തിയാക്കി കൊണ്ട് ഇരുപത്തി രണ്ട് അധ്യായത്തോടെ ആ നോവൽ  പൂർത്തിയായി..

'അതാരു ദുരന്തത്തിൻ്റെ കഥ'യായിരുന്നു.'' 

വായനക്കാർ നോവലിനെ വാനോളം പുകഴ്ത്തി..! പ്രണയ സങ്കൽപ്പങ്ങളുടെ ഉദാത്ത മാതൃകയായി അവരെ ലോകം വാഴ്ത്തിപ്പാടി..അവാർഡുകൾ ഒഴുകിയെത്തി.. ! 

 

വീണ്ടും ഒരു കഥക്കൂട്ടിനായി ആ പുഴയിറമ്പിലൂടെ  നടക്കവേ... ഇടയ്ക്ക് എപ്പോഴോ എതിരേ വന്നു ചിരിച്ചു കാണിയ്ക്കുന്ന വിവാഹിതനായ ഒരാളെ കണ്ടുമുട്ടി.

വളരെ മാന്യനായ വ്യക്തി...! 

"തൻ്റെ കഥാപാത്രങ്ങൾ അനശ്വരമാണ് കേട്ടോ.." അവസാനമിറങ്ങിയ നോവൽ ഞാൻ ഒറ്റയിരിപ്പിനാണ് വായിച്ചു തീർത്തത് "

"ഓ...നന്ദി... പുതിയൊരു കഥാപാത്രം തേടി നടപ്പാണ്‌ ഒരു ത്രെഡ് കിട്ടണം"

"കിട്ടിക്കോളും... നമ്മൾ തമ്മിൽ എന്നും ഇങ്ങനെ ദിവസവും ഒരു നേരം കണ്ടാൽ മതി...!"

അതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

വീണ്ടും ഒരു നോവൽ ജനിയ്ക്കുകയായിരുന്നു. പ്രലോഭനങ്ങളുടെ രാജാവായിരുന്ന അയാൾ

ഒരു പാട് സമ്മാനപ്പൊതികൾ ദിവസവും കൊണ്ടുവന്ന് ചുറ്റും അലങ്കരിയ്ക്കുബോൾ അതെല്ലാം ഓരോ അധ്യായക്ഷരങ്ങളായി മാറുകയാണ് എന്നയാൾ അറിഞ്ഞിരുന്നില്ല..!

ഒരു ദിവസം  അയാൾ തന്നെ  ആ നോവലിൻ്റെ അവസാന ഭാഗങ്ങൾ വളരെ വേഗത്തിലാക്കാൻ എന്നോണം തുടക്കമിട്ടു.

"അല്ലഢോ...നമ്മുടെ നല്ല സമയങ്ങൾ ഇങ്ങനെ വെറുതേ കളയണോ?...സുരക്ഷിതമായ മാർഗ്ഗങ്ങൾ വേണ്ടതുപോലുണ്ടല്ലോ..!.?"

"ഉം... കൊള്ളാം  താൻ എന്നിൽ നിന്നും നേടാൻ ഉദ്യേശിച്ചത് അതാണോ?"

"അതെ...!"

"എന്നാൽ അത് നടപ്പില്ല അതിന് താൻ വേറെ ആളെ നോക്ക് "

" ഓ.. തനിയ്ക്കിപ്പോൾ താൻ  വലിയ എഴുത്തുകാരിയാണെന്നുള്ള ഭാവമായിരിയ്ക്കും അവാർഡുകൾ ഒക്കെ കിട്ടിയതല്ലേ..!?" 

"ആവാം എന്തായാലും നല്ലൊരുസുഹൃത്ബന്ധം മറന്ന് മറ്റൊരു ബന്ധത്തിലേയ്ക്ക് പോകാൻ എനിയ്ക്ക് താൽപര്യമില്ല"

"സുഹൃത്ബന്ധമോ..? സ്ത്രീയും പുരുഷനും തമ്മിലുള്ള സുഹൃത് ബന്ധത്തിൽ അത് തനിയേ കയറി വന്നോളും പ്രകൃതി നിയമമാണത്.!"

"കന്നിമാസത്തിലെ ശുനകപ്പടപ്പോലെയുള്ള പ്രകൃതി നിയമം അല്ലേ .? തൽക്കാലം  എനിയ്ക്ക് മനസ്സില്ല....താൻ പോഢോ"

വാക്കുകൾ കുറച്ചു കടുത്തു പോയതുകൊണ്ടാവാം അവൻ്റെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നത് കണ്ടറിഞ്ഞതോടെ  പതിയെ പതിയെ ആ  പുഴക്കരയിലേയ്ക്കുള്ള യാത്രയുടെ സമയം മാറ്റിവച്ചു.! ഒപ്പം ഫോണിനോടും താൽക്കാലികമായി വിട പറഞ്ഞു.

എന്നാൽ ഒരു ദിവസം അയാൾ ഓർക്കാപ്പുറത്ത് എഴുത്തുമുറിയിലേയ്ക്ക്  കയറി വന്നു കൊണ്ട് പറഞ്ഞു.

"താനെന്താ ഇപ്പോൾ പുഴക്കരയിലേയ്ക്ക് വരാത്തത്  ഒരു ദിവസം ഞാൻ വിളിയ്ക്കും അപ്പോൾ എൻ്റെ കൂടെ  വന്നേയ്ക്കണം പക്ഷേ പുഴക്കരയിലേയ്ക്കല്ല..!"

"എങ്ങോട്ട് "

"അത് ഞാൻ അന്ന് പറയാം"

"നടക്കില്ല.. താൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമല്ലേ..?"

"അതിന് അവരുണ്ടെങ്കിലെന്താ..? ആ ബന്ധം വേർപ്പെടുത്താനുള്ള കേസ് കോടതിയിലാണ്"

"തന്നെ കുറിച്ച്  ഇപ്പോൾ എനിയ്ക്ക് എല്ലാം അറിയാം ഞാൻ അന്വേഷിച്ചിരുന്നു."

"എന്തറിയാം.. "

"താൻ ഈ ഇരുപത്തിയേഴാമത്തെ വയസ്സിൽ ഭാര്യയേയും മകനെയും ഉപേക്ഷിച്ച് പുതിയ ഒരു ഇരകളെ തേടി നടപ്പാണ് എന്ന് "

"ഞാൻ ആഗ്രഹിച്ചത് നേടിയ ചരിത്രമേ എന്നിലുള്ളൂ തന്നെയും ഞാൻ നേടിയിരിയ്ക്കും"

"എങ്കിൽ അന്ന് ഈ സത്രീ കഥാപാത്രം തൻ്റെ മരണമായി പരിണമിയ്ക്കും..!",

അയാൾ കുറച്ചു നേരം മുഖത്തേയ്ക്ക് തന്നെ നോക്കി വിരൽ ചൂണ്ടികൊണ്ട് പതിയെ അവിടെ നിന്നും ഇറങ്ങിപ്പോയി 

മനസ്സിൽ വെള്ളി വെളിച്ചം പോലെ ഒരു കഥാപാത്രം വില്ലൻ പരിവേക്ഷകനായി മാറുന്നത് കണ്ടറിഞ്ഞു.

അന്ന് രാത്രി ആ നോവലിൻ്റെ അവസാന അധ്യായം തുടക്കം എഴുതി വച്ചു. ഇനി മുഴുവനാക്കണം അവസാന വാചകങ്ങൾക്കായി ആലോചിച്ചിരിയ്ക്കവേ

അധികം വൈകാതെ ഒരു ദിവസം എഴുത്തുപുരയിൽ അയാൾ നിശ്ശബ്ദം കയറി വന്നു കൊണ്ട് പിന്നിലൂടെ അടക്കിപ്പിടിച്ചൊതുക്കി കൈകൾ മുന്നിലൂടെ  തഴുകിയിറക്കി..!  

സർവ്വശക്തിയും സംഭരിച്ച് തെന്നിമാറിയതും മേശപ്പുറത്ത് അലങ്കാരത്തിനായി വച്ചിരുന്ന ഈഫൽ ടവറിന്റെ മാതൃകയിലേയ്ക്കയാൾ കമിഴ്ന്നു വീണതും ഒരുമിച്ചാണ്.

അതിന്റെ അറ്റം അയാളുടെ പിൻ കഴുത്തിൽ രക്തത്തോടൊപ്പം ഒരു കൂൺ മുളച്ചതു പോലെ കാണാമായിരുന്നു.! 

അന്ന് പോലീസ് വരുന്നതിനു മുന്നേ പ്രസാധകർക്ക് ആ നോവലിൻ്റെ അവസാന അധ്യായവും എഴുതി മുഴുവനാക്കി അയച്ചു കൊടുത്തു.

'

ഫെമിനിയുടെ നോമിനിയായി ആ നോവൽ വാഴ്ത്തപ്പെടുമ്പോൾ ജയിലായിരുന്നു..! 

 

അതേ ജയിലിൽ വച്ചായിരുന്നു അടുത്ത കഥാപാത്രത്തെ കണ്ടത് 

രാത്രി ഡ്യൂട്ടിയ്ക്ക് വനിതാ പോലീസിന്  സഹായിയായി വന്നയാൾ..!  പെരുമാറ്റത്തിൽ വളരെ മാന്യനായിരുന്നു എന്നു തോന്നി. അത്ര കണ്ട് ഭവ്യതയോടെയായിരുന്നു. പെരുമാറ്റം

ഒരു ദിവസം  പേപ്പറും പേനയും  തന്നു കൊണ്ട് എഴുതാൻ പ്രചോദനം തന്നു.

ദിവസങ്ങളോളം ഒരു ത്രെഡ് കിട്ടാതെ ഇരിയ്ക്കവേ പകൽ സമയം അയാളെ സെല്ലിന് പുറത്ത് വച്ച് കണ്ടപ്പോൾ  പറഞ്ഞു.

"മാഢം എൻ്റെ ജയിലിലെ ഡ്യൂട്ടി കഴിഞ്ഞു പുതിയ സ്ഥലത്തേയ്ക്ക് പ്രമോഷനോടൊപ്പം പോകുന്നു  ഇനി എന്നാ കാണാൻ പറ്റുക എന്നറിയില്ല"

"മൂന്നു കൊല്ലം കൂടി ഇവിടെ കിടക്കണ്ടേ എൻ്റെ കുറച്ചു വർഷങ്ങൾ പാഴായിപ്പോയിരിയ്ക്കുന്നു."

"സാരമില്ല ഇവിടെ നിന്നും ഇറങ്ങുമ്പോൾ കാണാൻ ശ്രമിയ്ക്കാം മാഢത്തെ ഞാൻ തേടിപ്പിടിച്ചോളാം അത് എളുപ്പമാണല്ലോ എന്നാലും. ഈ നംബർ കയ്യിൽ വച്ചോളൂ എപ്പോൾ വിളിച്ചാലും എന്നെ കിട്ടും.!"

അന്ന് രാത്രി പുതിയൊരു നോവലിന് തലേകെട്ടെഴുതി അടിവരയിട്ടു കൊണ്ട് ആദ്യത്തെ അധ്യായം എഴുതി തീർത്തു.  വയസ്സുപോലെ തന്നെ ഇരുപത്തി ഒൻപത്  അധ്യായങ്ങൾ എഴുതി തീർക്കാൻ മൂന്ന് വർഷങ്ങൾ എത്തു. 

ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതയായി അവസാന അധ്യായത്തിലേയ്ക്ക് കടക്കാനിരിക്കെ  ഒരു ദിവസം എഴുത്തുപുരയിലേയ്ക്കയാൾ പോലീസ് യൂണിഫോമിൽ കയറി വന്നു.

" ഹാ താൻ ജയിലിൽ നിന്നിറങ്ങിയത് ഞാൻ അറിഞ്ഞിരുന്നു. വന്നു കാണാൻ സമയം കിട്ടിയില്ല പക്ഷേ  താൻ എന്നെ വിളിയ്ക്കും എന്നു പ്രതീക്ഷിച്ചു."

പഴയ ബഹുമാനവും ഭവ്യതയും എങ്ങോ പോയ് മറഞ്ഞിരിയ്ക്കുന്നു

" നമ്പർ കയ്യിൽ നിന്നും പോയി അല്ല ഇയാൾ ആകെ മാറിയിരിയ്ക്കുന്നു. ഭാഷയ്ക്കു പോലും വിത്യാസം..!

"അന്ന് കോൺസ്റ്റബിൾ ആയിരുന്നു. എന്നാൽ ഞാനിപ്പോൾ ഇവിടുത്തെ സബ് ഇൻസ്പെകറ്ററാണ് "

"ഓ... കൊള്ളാം അധികാരം കയ്യിൽ വരുമ്പോൾ മാറാം അല്ലേ ഞാനൊരു കൊലപാതകിയാണ് മറക്കണ്ട "

ഇടയ്ക്കു വന്നു സുഹൃദം പുതുക്കവേ അയാളുടെ രീതികൾ മാറുന്നത് കണ്ടറിഞ്ഞപ്പോൾ മെല്ലെ അകറ്റി നിർത്താനൊരു ശ്രമം നടത്തിയപ്പോൾ  അയാൾ പറഞ്ഞു.

"എന്നെ ഒഴിവാക്കാനുള്ള ശ്രമത്തിലാണോ? തന്നെ ഞാൻ ജയിലിൽ നിന്നേ നോക്കി വച്ചതാണ് താൻ പിന്നെ നാലാൾ അറിയുന്ന ഒരു എഴുത്തുകാരിയും,

"ഉം.. അന്നെന്തേ ഒന്നും പറഞ്ഞില്ല"

"അവിടെ മുഴുവൻ ക്യാമറയും വനിതാ ജീവനക്കാരും കാരണം കുറച്ചു ബഹുമാനം തന്നതാണ് ഇവിടെ പുറത്ത് അതും തൻ്റെ നാട്ടിൽ ഞാൻ  വിചാരിച്ചാൽ തന്നെ ഒരു അഭിസാരികയാക്കാം അതിനിടവരുത്തേണ്ട എനിയ്ക്ക് രണ്ടു ദിവസത്തേയ്ക്ക് തന്നെ വേണം"

"നടക്കില്ല എന്ന് മാത്രമല്ല ഇനി ഇങ്ങോട്ട് വന്നേയ്ക്കരുത് അവൻ്റെ ഉദ്യേശവും ലക്ഷ്യവും തന്നെ നേടിയെടുക്കുവാൻ കഴിഞ്ഞില്ല  എങ്കിൽ  സമൂഹത്തിൽ അഭിസാരികയുടെ പരിവേഷം ചാർത്തിത്തന്ന്  തൻ്റെ മാനം കെടുത്തുക എന്നത് കൂടിയാണ് എന്ന് കൃത്യമായി മനസ്സിലായത്  ഒരാഴ്ച്ച കൂടി കഴിഞ്ഞാണ്. 

കുറച്ചു ദൂരെയുള്ള ഒരു സഹപാഠിയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു ഓഡിറ്റോറിയത്തിൽ വച്ച്..! 

അയാൾക്കവിടെ എന്താണ് കാര്യം എന്നുമനസ്സിലായില്ല.

" എനിയ്ക്ക് തന്നോട് ഇന്ന് കുറച്ചു സംസാരിയ്ക്കണം"

"എനിയ്ക്ക് തന്നിൽ നിന്നും  കേൾക്കാൻ ഒന്നുമില്ലാതായിട്ട് ഒരാഴ്ച്ചകഴിഞ്ഞു."

"ഞാനിവിടെ  രണ്ടു ദിവസമായി ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട്  'റിവർവ്യൂ' ഹോട്ടലിൽ ആണ് താമസം ഈ ചടങ്ങ് കഴിഞ്ഞാൽ  അങ്ങോട്ട് വരണം  തന്നോട് സംസാരിയ്ക്കണം."

"കൊള്ളാം ഇയാൾ ഇവിടെ ഉണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ ഞാനിത് ഒഴിവാക്കുമായിരുന്നു താനെന്നെ വിടാതെ  പിൻതുടരുകയാണല്ലേ?"

അതിനയാൾ " റൂം നമ്പർ നൂറ്റിയാറ് മറക്കേണ്ട വന്നേ തീരൂ ഒന്നുകിൽ നമ്മൾക്ക് സംസാരിച്ച് പിരിയാം അല്ലെങ്കിൽ ഭാവിജീവിതം ഊട്ടിയുറപ്പിയ്ക്കാം" എന്നാണ് പറഞ്ഞത്..!

"ഞാൻ വരില്ല ഉറപ്പാണത് മാത്രമല്ല നമ്മൾ തമ്മിൽ ഇനിയൊരു കൂടിക്കാഴ്ച്ചയില്ല"

അയാളുടെ  മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ ശ്രദ്ധിയ്ക്കാതെ വധൂവരൻമാരിയ്ക്കുന്ന ഓഡിറ്റോറിയത്തിലേയ്ക്ക് കയറി ഒരു കോണിലെ കസേരയിൽ ഇടം പിടിച്ചു.

ആരോടൊക്കെയോ തന്നെ ചൂണ്ടിക്കാണിച്ചു കൊണ്ടയാൾ ചിരിയ്ക്കുന്നുണ്ടായിരുന്നു.

താലി കെട്ട് കഴിഞ്ഞ് വധൂവരൻമാരെ ആശംസിയ്ക്കാൻ കയറവേ  പലരും തന്നെ ശ്രദ്ധിച്ചു ഗൂഢ മന്ദസ്മിതം പൊഴിച്ചുകൊണ്ടടക്കം പറഞ്ഞു ചിരിയ്ക്കുന്നതും കണ്ടു.

സഹപാഠിയ്ക്ക് മംഗളം നേർന്ന് സമ്മാനപ്പൊതിയും നൽകി  ഭക്ഷണവും  കഴിച്ച് ഇറങ്ങാൻ നേരം അയാളവിടെ എവിടേയും ഇല്ലായിരുന്നു എന്നു മനസ്സിലായി ഒരു പക്ഷേ ഹോട്ടലിൽ പോയി തന്നെ കാത്തിരിപ്പാവും..! 

ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി കാറിനടുത്തെത്തിയപ്പോഴാണ് മുന്നിലെയും പിന്നിലേയും ഓരോ  ചക്രങ്ങളിൽ കാറ്റില്ലെന്നറിയുന്നത് അവിടവിടെയായി നിന്ന ഒന്നുരണ്ടു പേർ സഹായഹസ്തങ്ങളുമായി അടുത്തേയ്ക്ക് വന്നത് കണ്ടില്ല എന്നു നടിച്ചു കൊണ്ട് നാലുഭാഗവും ഒന്നു നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന  ഒരു ആട്ടോക്കാരൻ വിളിയ്ക്കാതെ തന്നെ അരുകിലേയ്ക്ക് ഓടിവന്നു കൊണ്ട് ചോദിച്ചു

"ആ...ഈ കാറ് ചേച്ചിയുടേതാണോ..? "

" ചേച്ചിയോ..? ചേട്ടന് വയസ്സെത്രയായി..?"

"ഈമകരത്തില് മുപ്പത് തികയും.."

"എന്നാ ചേട്ടൻ  ചേട്ടൻ്റെ വണ്ടി സ്റ്റാർട്ട് ചെയ്യ് എന്നിട്ട് എന്നെ അടുത്ത ബസ്റ്റാൻ്റ് വരെ ഒന്നു വിട് "

"അതൊക്കെ ചെയ്യാം പിന്നെ നേരേ അയാൾ പറഞ്ഞ ഹോട്ടലിലേയ്ക്കല്ലേ പോകേണ്ടത്..?

"അയാളോ ആരാണത്..? 

"ഓ ചേച്ചീടെ ഒരഭിനയം...! ഇന്നലെ രാത്രി ചേച്ചി അയാൾടെ കൂടെ അല്ലായിരുന്നോ..! അല്ല എനിയ്ക്കറിയാം നിങ്ങൾ എല്ലാവരും ഇങ്ങനെയാ കാറും പത്രാസും കൂടുംബോൾ റേറ്റും ജാഡയും കൂട്ടും..!

"താനെന്തൊക്കെയാ ഢോ ഈ പറയുന്നത് " "നാടകം കളിയ്ക്കല്ലേ ചേച്ചീം രാത്രിയായാൽ എൻ്റെ വണ്ടിയിലും ചേച്ചിയെ പോലെ ഉള്ള ചിലർ വരും ഒക്കെ ഇവിടെ ലോക്കലായി ഓടുന്നവരാ.. "

"മനസ്സിലായില്ല..?"

"ചേച്ചിയ്ക്ക് മറ്റേ ബിസിനസ്സ് ആണെന്ന് അയാള് എന്നോട് പറഞ്ഞു ചേച്ചി വിളിച്ചാൽ റിവർവ്യൂ ഹോട്ടലിൽ കൊണ്ടു വന്നു വിടണം ന്നും പറഞ്ഞു....!"

"ഉം.... മനസ്സിലായി"

"ഇവിടെ ടയർ പഞ്ചൊറൊട്ടിയ്ക്കുന്ന കടയുണ്ടോ..? രണ്ടു വീലും പഞ്ചറായിരിയ്ക്കുന്നു..!"

"അത് പഞ്ചറായതൊന്നുമല്ല ചേച്ചിയെ കുറിച്ച് പറഞ്ഞ ആൾ കാറ്റഴിച്ചു വിട്ടതാ... എന്നിട്ടയാൾ വേറൊരു കാറിൽ കയറി ഓടിച്ചു പോകുന്നതു കണ്ടു."

"താൻ വണ്ടി നേരേ റിവർവ്യൂ ഹോട്ടലിലേയ്ക്ക്  വിട്..''

"ഒന്നു കാറ്റടിച്ചാൽ തീരാവുന്നതേ ഉള്ളൂ ചേച്ചീ നൂറു രൂപതന്നാൽ മതി ഞാൻ മെഷീൻ കൊണ്ടുവന്ന് കാറ്റടിച്ചു നിറച്ചു തരാം" 

"താൻ  വണ്ടി വിടുന്നോ അതോ ഞാൻ 'എം വി ഡി ' യ്ക്ക് വിളിച്ച് തൻ്റെ വണ്ടിയുടെ നബർ കൊടുക്കണോ?"

"വേണ്ട വിടാം"

ഹോട്ടലിനു താഴെ വണ്ടി എത്തിയതും ,അവനോട് 

"താനിവിടെ നിൽക്ക് എൻ്റെ കാറിന് കാറ്റടിയ്ക്കണം അതിനു മുൻപ് ഒരാളുടെ കാറ്റ് കളയാനുണ്ട് " എന്നു പറഞ്ഞപ്പോൾ  അവൻ ഗൂഢമായി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

" ചേച്ചിയെ എവിടേയോ വച്ചു കണ്ട പോലെ നല്ല പരിചയംണ്ട് ഏതോ ഒരു കഥയെഴുത്തുകാരിയുടെ ലുക്ക്..!  എന്തായാലും കാറ്റടിച്ചു കൊടുത്തിട്ട് വരൂ ഞാൻ വെയ്റ്റ് ചെയ്യാം വെയിറ്റിംഗ് കൂലി കൂടി തന്നേയ്ക്കണം" 

അന്ന് ആ ഹോട്ടലിൽ അയാൾ പറഞ്ഞ ആ നൂറ്റിയാറാമത്തെ മുറിയിൽ കയറി അയാളുടെ മുഖത്തേയ്ക്ക് കാർക്കിച്ചുതുപ്പി കൊണ്ട് ആ കരണത്ത് രണ്ടെണ്ണം പൊട്ടിയ്ക്കുബോൾ ആ മുറിയിൽ വേറെയൊരു പെണ്ണുണ്ടായിരുന്നു..! 

"താനൊരു സബ് ഇൻസ്പെക്റ്ററാണോഢോ ചെറ്റേ..?!"

ഞെട്ടിത്തരിച്ചു നിന്നതല്ലാതെ അയാളതിനു മറുപടിയൊന്നും പറഞ്ഞില്ല തനിയ്ക്ക് കഴിയാത്തത് മറ്റെരാൾക്ക് കഴിയും എന്നു തന്നെ കാണിയ്ക്കാൻ അവൻ കാണിച്ച നാടകമായിരുന്നോ  അത് എന്നു സംശയിച്ചു. അതോ ആരെയെങ്കിലും വരുതിയ്ക്ക് കിട്ടിയപ്പോൾ പൊക്കിയതോ..?

എന്തായാലും അവിടെ നിന്നും ഇറങ്ങി.. 

ആ നോവലിൻ്റ അവസാന അധ്യായവും അന്നെഴുതിതീർത്തു. 

 

വർഷങ്ങൾക്കിപ്പുറം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ..! 

വിവാഹം കഴിഞ്ഞതിനു ശേഷം ഒന്നും ആലോചിയ്ക്കാനോ എഴുതാനോ സമയം കിട്ടിയിട്ടില്ലായിരുന്നു ഭർത്താവിൻ്റെയും അദ്ദേഹത്തിൻ്റെ കുടുബത്തിൻ്റെയും തിരക്കിൽ  ഊളിയിട്ടു നടക്കവേ ഒരു ദിവസം പറഞ്ഞു

" എനിയ്ക്ക് എൻ്റെ എഴുത്തുപുര വീടിനടുത്തുള്ള ആ പുഴക്കരയിൽ ഒന്നു പോകണം കുറേ കാലമായി അവിടെ പോയിട്ട് "

അയാൾ  ഒന്നിരുത്തി മൂളിക്കൊണ്ട്  കണ്ണിൽ നോക്കി പറഞ്ഞു.

"ഉം...! കാരണം എനിയ്ക്കൂഹിയ്ക്കാൻ കഴിയുന്നുണ്ട് ആ ബന്ധത്തിലെ  ആരെങ്കിലും ഇപ്പോൾ സ്ഥലത്തുണ്ടാവും അല്ലേ..?"

"ആര്..."

"തൻ്റെ ജാരന്മാർ"

"ജാരൻമ്മാരോ...? 

"പറയാം... ഞാൻ കൂടി വരുന്നുണ്ട് "

ആ  പുഴക്കരയിൽ എത്തിയപ്പോൾ അക്കരെ സുമുഖനായ ഒരാൾ ഇരിപ്പുണ്ടായിരുന്നു. ഒരു ജോഡികളെ കണ്ടതുകൊണ്ടാവാം  അവൻ ഇക്കരെയ്ക്ക് നോക്കി കൈ വീശിക്കാണിച്ചു. 

"പണ്ട് താനിവിടെയീ പുഴക്കരയിൽ ഇങ്ങനെ പലരേയും  കാണാനായി എന്നും വന്നിരിയ്ക്കാറുണ്ടായിരുന്നു അല്ലേ ഞാൻ തൻ്റെ കൂടെയുള്ള കാര്യം എന്തേ ആ ജാരനോട് പറഞ്ഞില്ല ..?"

" അയാളെ ഞാൻ അറിയുമെന്ന് ആരു പറഞ്ഞു.?"

"എനിയ്ക്കറിയാം... എനിയ്ക്ക്  സംശയമുണ്ടായിരുന്നു.

തൻ്റെ അനുഭവകഥയിലെ കഥാപാത്രങ്ങളുടെ  പൂർണത ഈ പുഴക്കരയിൽ വച്ചായിരുന്നു അല്ലേ അതും അനുഭവത്തിൻ്റെ പച്ചയായ വെളിച്ചത്തിലെ അക്ഷരങ്ങൾ..!"

"ഇവിടെ ഇരുന്നു കൊണ്ടാണ് ഞാൻ എൻ്റെ ചില നോവലുകളുടെ  തുടക്കവും അവസാന അധ്യായവും എഴുതി തീർത്തിട്ടുള്ളത്..!"

"ഇപ്പോൾ ഇവിടെ വരാൻ കാരണം ദാ  അവനെ കണാനും ആ പഴയ ഓർമ്മകൾ  പുതുക്കാനും അല്ലേ അതോ..?"

"അല്ല ഒരു കഥയുടെ തുടക്കം എന്നത്തേയും പോലെ ഇവിടെ നിന്നും തുടങ്ങണം അതിനൊരു ത്രെഡ് കിട്ടണം ഇപ്പോൾ എനിയ്ക്കതു കിട്ടിക്കഴിഞ്ഞു."

"താനവരുടെ ഓർമ്മകൾ അയവിറക്കാൻ വന്നതല്ലേ അതുകൊണ്ട് താനിനി എൻ്റെ വീട്ടിലേയ്ക്ക് വരേണ്ട തൻ്റെ ജാരന്മാരുമായി എന്തോ ആയിക്കോ ഞാൻ നാളെത്തന്നെ വക്കീൽ നോട്ടീസയയ്ക്കാനുള്ള ഏർപ്പാട് ചെയ്യാം.?"

"ഇതെല്ലാം നിങ്ങളോട് ആരു പറഞ്ഞു.? എല്ലാം എൻ്റെ കഥയും കഥാപാത്രങ്ങളുമാണ്..!"

"അതെ എല്ലാം നിൻ്റെ കഥകളാണ് എനിയ്ക്കറിയാം താൻ പലരേയും പ്രേമിച്ചിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് തനിക്കൊരു പാട് ജാരൻമാരുണ്ട്  ഒന്നും അറിയാതെ ഞാൻ തന്നെ വിവാഹം കഴിച്ചു പെട്ടു പോയി" 

അവൾ അവനെത്തന്നെ ശ്രദ്ധിച്ചു കൊണ്ട് ഒരു മന്ദഹാസത്തോടെ പറഞ്ഞു.

"നിങ്ങളുടെ  ചിന്തകൾ കാടുകയറിയിരിയ്ക്കുന്നു ഇനി തിരുത്തുക പ്രയാസം പക്ഷേ... നമ്മൾക്ക് നമ്മളെ രണ്ടു പേരേയും സ്വയം തിരുത്താവുന്നതേ ഉള്ളൂ..! "

hari-vadassery
ഹരി വടശ്ശേരി

അവൻ പറഞ്ഞു.

"എത്രയും പെട്ടന്ന് ഒപ്പിട്ടയച്ചേയ്ക്കണം എനിയ്ക്കിനി ഇങ്ങനെ തന്നോടൊത്ത് ജീവിയ്ക്കാൻ കഴിയില്ല"

അന്ന്  പുഴക്കരയിൽ വച്ച് കിട്ടിയ ഒരു ത്രെഡുമായി പുതിയൊരു നോവലിനായി  തലവാചകം എഴുതി അടിവരയിട്ടു.

'രചയത്രിയുടെ ജാരന്മാർ'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com