' എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഞാനത് കല്യാണം കഴിക്കുന്ന ആളോട് പറയാമോ? '

malayalam-short-story-avanthika
Representative image. Photo Credit: Viacheslav Boiko/Shutterstock.com
SHARE

അവന്തിക (കഥ)

രാവിലെ  മിഴി മിന്നി തുറന്ന് കൂകി ഒച്ചയുണ്ടാക്കിയ മൊബൈൽ ഫോണിനെ, കണ്ണു തുറക്കാതെ  കൈയ്യേന്തി പിടിച്ചു നിശബ്ദമാക്കി , വീണ്ടും  കിടക്കയിൽ ചുരുണ്ടു കിടന്നു. 

പിന്നീട്, ശബ്ദമില്ലാതെ  വിറച്ചു തുള്ളി അലോസരപ്പെടുത്തിയ  മൊബൈൽ ഫോണിനെ കൈയ്യിലെടുത്തു.

 തല നീട്ടി ചിരിക്കുന്ന  മെസേജുകൾ സ്ക്രോൾ ചെയ്യുമ്പോഴാണ്,   പേരോ, ഡി. പി യോ ഇല്ലാത്ത ഒരു  നമ്പറിൽ നിന്ന് രാത്രി 12 മണിക്ക് വന്ന  ഒരു "ഹലോ"  മെസേജിൽ കണ്ണുടക്കിയത്.   

അലസതയോടെ  മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് 

 വീണ്ടും കിടന്നെങ്കിലും, മനസ്സിനെ അധികനേരം പിടിച്ചു നിർത്താനായില്ല.

 ഒരു 'ഹലോ' മെസേജ് എന്റെ മൊബൈലിൽ നിന്നും പറന്നു പോയി.

മറുവശത്ത് നിന്ന് ഉടനെ  മറുപടി  വന്നു.

"എന്നെ ഓർക്കുന്നുവോ ?"

 ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ട ചോദ്യം. വിരൽ തുമ്പിൽ നിന്ന് ഉതിരുന്ന വാക്കുകളിൽ സ്നേഹവും വിശ്വാസവും വിലയിരുത്തപ്പെടുന്ന കാലമാണിത്. 

ഞാൻ  കിടക്കയിൽ എഴുന്നേറ്റിരുന്നു ആലോചനയിൽ മുഴുകുമ്പോഴേക്കും മറുവശത്ത് നിന്ന് അടുത്ത മെസേജ് വന്നു.

" മറന്നുപോയി കാണും എന്നറിയാം. എന്നാലും വെറുതെ ചോദിച്ചതാ . "

മൂക്കിൽ വിരൽ വെച്ചുള്ള ഒരു ആശ്ചര്യഭാവം  സ്മൈലിയായി എന്റെ മൊബൈലിൽ നിന്നും വീണ്ടും പോയി  .

"ഞാൻ അവന്തിക, നമ്മളൊരുമിച്ച്  പാരലൽ കോളേജിൽ ജോലി ചെയ്തിരുന്നു. "  മെസേജ് വായിച്ചതും ഒരായിരം ഓർമ്മ ചിന്തുകൾ ഒരു നിമിഷാർദ്ധത്തിനുള്ളിൽ  മനസ്സിലൂടെ വരി വരിയായി കടന്നു പോയതും ,

കണ്ണുകളോടി മേശപ്പുറത്ത്, ഞാനിന്നും സൂക്ഷ്മതയോടെ അടുക്കി വെച്ചിരിക്കുന്ന 'സഞ്ചാരം ', യാത്ര വിവരണ സി.ഡികളിൽ തട്ടി നിന്നു.

അവന്തിക ആരും കാണാതെ കോളേജിലെ ഗോവണിക്കൂട്ടിനരികെ നിന്ന് , യാത്രകൾ ഇഷ്ടമാണെന്ന് എപ്പഴോ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞത് , ഓർത്തെടുത്ത് സമ്മാനിച്ചതാണ്  ആ സിഡികൾ .

സന്തോഷ് കുളങ്ങര സഞ്ചാരം സി.ഡി.യിലൂടെ കൂട്ടി കൊണ്ടുപോയ സിംഗപ്പൂരിലും തായ്ലാന്റിലും പാരീസിലും അവന്തികയോടൊപ്പം ചുറ്റികറങ്ങിയ എത്രയോ സ്വപ്ന സഞ്ചാരങ്ങൾ ...

മനസ്സിന്റെ പിന്നോട്ടത്തിന് കടിഞ്ഞാണിട്ട്  വീണ്ടും വന്നു വീണു  ഒരു മെസേജ്.

നീല പുറം കവറുള്ള വിദ്യാഭ്യാസ മന:ശാസ്ത്ര പുസ്തകത്തിന്റെ ഒരു ഫോട്ടോ . താഴെ  ഒരു ചോദ്യവും

ഈ പുസ്തകം ഓർമ്മയുണ്ടോ ?

അന്നൊരു മിഥുന മാസത്തിൽ, കനത്ത മഴ  ചോർന്ന ഇടവേളയിൽ,  ചെമ്മൺ പാതയോരത്ത്, ബൈക്കിലിരിക്കുന്ന എന്റെ അരികിലേക്ക് നടന്നു വരുന്ന നീലാകാശ നിറമുള്ള ചുരിദാറിൽ  കാറ്റിൽ പിന്നോട്ട് പറക്കുന്ന വെള്ള ഷാളിട്ട് , തല കുനിച്ചു വരുന്ന അവന്തിക . ദാഹിച്ചു വരണ്ടുപോയ തൊണ്ടയ്ക്കകത്ത് ഒരു തുള്ളി കുളിർവെള്ളം ഉറ്റിയ അനുഭവമായിരുന്നു അന്ന് ആ കാഴ്ച .

തല താഴ്ത്തി കണ്ണിലെ ഭാവങ്ങളറിയിക്കാതെ എന്റെ കൈയ്യിൽ നിന്നും പുസ്തകം വാങ്ങി അകന്നു പോകുന്ന അവന്തിക . പാതയുടെ വളവ് തിരിഞ്ഞ് കാഴ്ചയിൽ നിന്ന  മായുന്ന നിമിഷത്തിൽ ഒരു തിരുഞ്ഞു നോട്ടം പ്രതീക്ഷിച്ച് അവിടെ ഞാൻ  നിന്നെങ്കിലും, നിരാശ നിഴൽ വിരിച്ച നിമിഷത്തിലും മിഴിക്കോണിൽ അവന്തികയെ കോർത്തു കൊണ്ട് പതിഞ്ഞ താളത്തിൽ ബൈക്ക് ഓടിച്ചു പോയത് തെളിമയോടെ മനസ്സിൽ  കണ്ടു.

"ഇന്നും ഈ പുസ്തകം സൂക്ഷിച്ചു വെക്കുന്നുണ്ടോ ?"

"ഉം "എന്ന തിരിച്ചൊരു  മെസേജ് കിട്ടി.

പിന്നെ അല്പ നിമഷത്തെ മൂകത.

 മനസ്സിൽ കുതിച്ചു വന്ന ആയിരം ചോദ്യങ്ങളിൽ ഇനി ഏത്  ചോദിക്കണം എന്ന് കുഴങ്ങി നിൽക്കുമ്പോൾ ,

"ഞാൻ പിന്നെ വിളിക്കാം. മോൻ കരയുന്നു " എന്ന മെസേജ് കിട്ടി.

മൊബൈൽ  ഒരു വശത്ത് വെച്ച് , വീണ്ടും സഞ്ചാരം സിഡിയിൽ നോക്കി.ഓർമ്മകളുടെ നിറ വെളിച്ചത്തിൽ മനസ്സ് അന്ന് സഞ്ചരിച്ച വഴിയിലൂടെ പിന്നോട്ടുള്ള യാത്ര തുടങ്ങി...

അവന്തികയെ ഞാനാദ്യം കാണുന്നത് കോളേജ് സ്റ്റാഫ് റൂമിൽ വെച്ചായിരുന്നു . ശ്രീജേഷ് മാഷാണ് പുതിയ ഇംഗ്ലീഷ് അദ്ധ്യാപികയെ പരിചയപ്പെടുത്തിതന്നത്. എന്റെ ഇരിപ്പിടത്തിന്റെ മുമ്പിലായി ഇടതു വശം ചേർന്ന് കിഴക്ക് നോക്കിയായിരുന്നു അവളിരുന്നത് . 

ദിവസങ്ങൾ നീങ്ങവേ, ഞങ്ങളുടെ മുമ്പിലുള്ള മേശകൾ  കൂട്ടിചേർത്തൊ രുക്കിയ ഇംഗ്ലീഷ് അക്ഷരമാലയിലെ ' 'എൽ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന  ഹൃദയ വാക്കിന്റെ അർത്ഥതലങ്ങൾ ഞാനും അന്വേഷിക്കാൻ തുടങ്ങിയിരുന്നു

അവന്തികയുമായി ആദ്യ കാഴ്ചയിൽ തന്നെ  ഒരു വേവ് ലെങ്തിന്റെ സമന്വയമുണ്ടായിരുന്നു, അതിലൂടെ വളർന്നു പന്തലിച്ച ഞങ്ങളുടെ സൗഹൃദത്തണലിൽ ഞാനറിയാതെ പ്രണയത്തിന്റെ ചെറുനാമ്പുകൾ മുളപൊട്ടിയിരുന്നു. തിരിമുറിയാ മിഥുന മഴയുടെ മുന്നോടിയായി , ആരവങ്ങളില്ലാതെ അവിചാരിതമായി പെയ്യുന്ന  വേനല്‍ മഴയുടെ  കുളിർമ പോലെ  .

എന്നാൽ അവളുടെ ഇഷ്ടം അറിയാത്തതിനാലും സൗഹൃദത്തിന്റെ നൂലിഴകളിൽ വിള്ളൽ വീഴ്ത്താൻ  ആഗ്രഹമില്ലാത്തതിനാലും മനസ്സിന്റെ ഇഷ്ടം ഞാൻ പൂഴ്ത്തി വെച്ചു.  

അവന്തികയെ കാണാനും സംസാരിച്ചിരിക്കാനും മാത്രമായി പല കാരണങ്ങളുണ്ടാക്കി ഞാനെന്നും നേരത്തെ കോളേജിൽ എത്തിയിരുന്നു. അവളുടെ മിഴിയാകാശത്തെ തെളിനീരിൽ എന്റെ പ്രതിബിംബത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു. 

അവളുടെ  കൈ കോർത്തുപിടിക്കണ മെന്നും തോളിലേക്ക് വലിച്ചിട്ടിരിക്കുന്ന മുടിയിഴകള്‍  തലോടി മുടിക്കുള്ളിൽ മുഖം ഒളിപ്പിച്ച് കഴുത്തിലെ സുവർണ്ണ രേഖയിലൂടെ അധരമോടിക്കാൻ  കൊതിച്ച്  ... ഞാൻ മണിക്കൂറുകളെ എന്നും  നിമിഷങ്ങളാക്കിയിരുന്നു.

രാവിനെ കീറി വരുന്ന നീലാത്തുണ്ട് പോലെ ഇടയ്ക്ക് വരുന്ന അവളുടെ സൗഹൃദ ഫോൺകോളുകളിലെ മൊഴി മൊട്ടുകളിൽ പ്രണയത്തിന്റെ പൊൻ വെളിച്ചം  പ്രതീക്ഷയോടെ ഞാൻ തേടി കൊണ്ടിരുന്നു.

ആയിടയ്ക്കായാണ് അവന്തികയ്ക്ക് ബി. എഡ്.  കോഴ്സിന് അഡ്മിഷൻ ലഭിച്ചതും  കോളേജ് വിട്ട് പോയതും. 

അവിളില്ലാത്ത കോളേജിൽ പോകാൻ എന്തോ ഒരു ഉൻമേഷക്കുറവായിരുന്നു. എന്റെ പകലുകൾക്ക്  അവളില്ലായ്മയിൽ ഊർജ്ജ ശോഷണം സംഭവിച്ചിരുന്നു. അപ്പോഴാണ്  അവളിൽ ഞാനാൽ തുന്നിചേർക്കപ്പെട്ട എന്റെ ഹൃദയം വേർപെടുത്തിയെടുക്കാനാവാത്ത വിധം ഇഴ ചേർന്നു പോയിരുന്നു എന്ന സത്യം മനസ്സിലായത് .

മനസ്സ് തുറക്കലിനപ്പുറമുള്ള പറയാത്ത , അറിയാത്ത ആ പ്രണയം .

നിശബ്ദമായ ഏകാന്ത യാമങ്ങളിൽ  പ്രണയാകാശത്ത് ചിറകടിച്ച് പറന്നിരുന്നു.  വൈതരണികൾ നിറഞ്ഞ  ആകാശത്തിലൂടെ ഒന്നിച്ചു കൊക്കുരുമ്മി  ഇണക്കുരുവികളായി പറക്കാൻ ആവുമോ എന്ന ഭീതിയും എന്നിലുണ്ടായിരുന്നു. എങ്കിലും ശ്മശാനത്തിലെ പൂന്തോപ്പിൽ വിടരുന്ന പനിനീർ പൂക്കളെപ്പോലെ എന്റെ മനസ്സിലും എന്നും പ്രണയ പൂക്കൾ വിടർന്നിരുന്നു.

നിശബ്ദമായി എന്നിൽ  പ്രണയം പൂത്തൊരു രാത്രിയിൽ, ഒരു നിമിഷം എല്ലാം മറന്ന്, അവന്തികയുടെ കോളേജ് ഹോസ്റ്റലിലേക്ക്  ഫോൺ ചെയ്തു. 

ഹലോ' അവന്തികയുമായി ഒന്നു സംസാരിക്കാമോ " . എന്നു ചോദിച്ചു  നിശബ്ദമായ സമയത്തിന്  ദൈർഘ്യമേറിയതുപോലെ തോന്നി.

ഹലോ  അവന്തികയുടെ ശബ്ദം കേട്ട പാടെ ഫോൺ ചെവിയിൽ അമർത്തി പിടിച്ചു. പക്ഷേ ...

"അസമയത്താണോ പെൺകുട്ടികളെ ഫോൺ ചെയ്യുക. "  വാക്കുകൾ മുറിഞ്ഞു വീണു. കാതുകൾ ക്കെന്നും അരുമയായ അവന്തികയുടെ സംസാരത്തിലെ ദൃഢതയും അസംതൃപ്തിയും  മനസ്സിൽ ഇടി മുഴക്കി. ജീവിതത്തിൽ അന്നുവരെ അനുഭവിക്കാത്ത വേദനയുടെയും വിങ്ങലിന്റെയും ശേഷിപ്പുകളിന്നും മനസ്സിൽ ഉണ്ട്.

എങ്കിലും മറ്റേയാൾ  അറിയാതെയുള്ള പ്രണയത്തിന് ആത്മാർത്ഥത കൂടു മെന്നുള്ള പ്രപഞ്ച സത്യം ഞാനറിഞ്ഞു. കാരണം അവന്തികയെ മറക്കാൻ എനിക്കാവുമായിരുന്നില്ല. 

ഉടമ്പടിയും ഉപാധിയുമില്ലാതെ അവളെ  അവളറിയാതെ  പ്രണയിച്ചിരുന്നു. 

അതിനു ശേഷവും  നിലാവുള്ള രാത്രികളിൽ നീലാകാശച്ചോട്ടിൽ നക്ഷത്രങ്ങളൊരുക്കുന്ന നിലാ തേനുണ്ട് വരുന്ന മഞ്ഞ പ്രണയശലഭങ്ങളുടെ ചിറകടി ശബ്ദം കാതോർത്ത് ഞാനിരിക്കുമായിരുന്നു. മാംഗല്യപ്പുടവ കൊടുക്കാൻ നല്ല മനസ്സുകളെ തേടുന്ന നേരം മനസ്സിൽ ആദ്യം വന്നത്  അവന്തികയുടെ മുഖം ആയിരുന്നുവെങ്കിലും മനസ്സിന്റെ ജാള്യതയിലും അവളുടെ ഇഷ്ടമില്ലായ്മയിലും  ആ മോഹം താഴെ വീണുടഞ്ഞു.

"ഇന്ന് നേരത്തെ എഴുന്നേറ്റോ ഞായറാഴ്ചയാണെന്ന കാര്യം മറന്നു പോയതാണോ "

ശാലിനിയുടെ ശബ്ദം എന്നെ ഓർമ്മകളിൽ നിന്നും  പിന്നോട്ടു  കൊണ്ടുവന്നു.

"മോനെ എഴുന്നേൽപ്പിക്കുന്നില്ലേ " .

അരികിൽ ഉറങ്ങുന്ന മോനെ ചൂണ്ടി കൊണ്ട് ശാലിനി ബെഡ് കോഫി മേശയുടെ മുകളിൽ വെച്ച് അരികിലിരുന്നു നെഞ്ചിൽ തല പൂഴ്ത്തി വെച്ചു.

"ഇന്നെന്താ ഒരിടിപ്പ് കൂടുതലിവിടെ "

ഇടതു വാരിയെല്ലിൽ തീർക്കപ്പെട്ട നല്ല പാതിക്ക് ഹൃദയമിടിപ്പിന്റെ താളം  മന:പാഠമാണ്. 

അവളെ വാരിപുണർന്ന് നെറുകയിൽ ഒരുമ്മ കൊടുത്തു.

"നീ വേഗം പോയി ചായ എടുത്തു വെക്ക് . നമുക്കിന്ന് ഒരു ഔട്ടിംഗിനു പോകാം "

"നല്ല മൂഡിലാണല്ലോ" അവൾ ചിരിച്ചു കൊണ്ടെഴുന്നേറ്റു പോയി.

ശാലിനിയോടൊപ്പം കടൽത്തീരത്തിരിക്കുമ്പോഴും പാർക്കിൽ മോന്റെ മലക്കം മറിച്ചിലുകൾ കണ്ട് ആസ്വദിക്കുമ്പോഴും അറിയാതെ മൊബൈൽ ഇടയ്ക്കിടെ തുറന്നടക്കുന്നുണ്ടായിരുന്നു. എന്തോ പ്രതീക്ഷിച്ചു കൊണ്ട് ...

രാത്രി വീട്ടിലെത്തി ബാൽക്കണിയിലി രുന്നു കൊണ്ട്  മനസ്സിനുള്ളിൽ പാതി അഴിച്ചു വെച്ച ഓർമ്മ കെട്ടുകളഴിക്കാൻ തുനിയുമ്പോഴായിരുന്നു ഒരു മെസേജ് .

"ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങളിലെ ജാനകിയാവണം എനിക്ക് . ഇനി  അത് പറ്റുമോ ?"

 നക്ഷത്രങ്ങൾ എന്നെ നോക്കി കണ്ണിറുക്കി കളിയാക്കി ചിരിക്കുന്നതു പോലെ തോന്നി.

രാജേഷിന്റെ കയ്യില്‍ നിന്നും  വാങ്ങിച്ചു വെച്ച നോവൽ  ഒന്നു മറിച്ച് നോക്കുകപോലും ചെയ്യാതെ അലമാരക്കുള്ളിൽ ഭദ്രമായി ഇരിക്കാൻ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. വേഗം അതെടുത്ത് വായിക്കാൻ തുടങ്ങി. വായിച്ചു തീർന്നതും ഞരമ്പിലൂടെ ജാനകിയും അവന്തികയും മിന്നൽ പിണർ പായിച്ചു.

കേരളത്തിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച് ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന  ജാനകി എന്ന കഥാനായിക തന്റെ പ്രണയത്തെ പാടെ അവഗണിച്ച്  മാതാപിതാക്കൾ  തിരഞ്ഞെടുത്തുതന്ന ആളെ വിവാഹം കഴിക്കുന്നു.  എന്നാൽ  കയ്പേറിയ വിവാഹ ജീവിതത്തിൽ നിന്നും ,തന്നെ  മനസ്സിലാക്കാത്ത ഭർത്താവിൽ നിന്നും വിവാഹ മോചനം നേടി സന്തോഷവും സങ്കടവും വിചാരങ്ങളും പങ്കിടാൻ  തന്റെ വിവാഹ പൂർവ്വ പ്രണയിതാവായ അർജുനനെ ജാനകി തന്റെ ശിഷ്ടം ജീവിതം പങ്കിടാൻ തെരഞ്ഞെടുക്കുന്നു...

സ്നേഹനിധിയായ മകളായോ ,  അനുസരണയുള്ള ഭാര്യയായോ  , നിസ്സഹായയായ അമ്മയായേ അല്ല , മറിച്ച് പ്രണയത്തെ ദിവ്യമായി പൂജിച്ച ജന്മാന്തര വാഗ്ദാനം അടയാളപ്പെടുത്തിയ മഹാത്യാഗിയായിട്ടായിരുന്നു  ജാനകി  പുസ്തകത്തിൽ നിന്നിറങ്ങി എന്നോടൊപ്പം കൂടിയത്.

നോവൽ വായന കനം വെപ്പിച്ച ഹൃദയത്തിൽ ചോദ്യങ്ങളുടെ വേലിയേറ്റമുണ്ടായി.

നോവലിലെ ജാനകിയായി മാറാൻ കൊതിക്കുന്ന അവന്തികയുടെ മനസ്സിലെ  അർജുനൻ ഞാനാണോ ? അല്ല വേറെ ആരെങ്കിലും ആണോ ? ചോദ്യം മനസ്സിൽ വൃത്തങ്ങളായി കറങ്ങി   അവന്തിക അന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോൾ  ഫോണിൽ പറഞ്ഞ കാര്യങ്ങളിൽ ചെന്നു നിന്നു. 

"എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഞാനത് കല്യാണം കഴിക്കുന്ന ആളോട് പറയാമോ ?"

മനസ്സിൽ കുമിഞ്ഞുകൂടിയ സംശയ കൂമ്പാരത്തിന്റെ അടിയിൽ  നിന്നും ഞാനറിയാതെ  ആ ചോദ്യം ഉയർന്നു.

" അരായിരുന്നു ആ ഭാഗ്യവാൻ ? " 

"എന്റെ കൂടെ ബി. എഡിനു പഠിച്ച കുട്ടിയുടെ ബ്രദറാണ്."

"പിന്നെന്ത് പറ്റി ? വീട്ടിലെ എതിർപ്പാണോ "

"അയ്യോ !  അതൊന്നുമല്ല എന്റെ ഇഷ്ടം അയാൾക്കറിയില്ലായിരുന്നു. പക്ഷേ ഞാനയാളെ പ്രണയിച്ചിരുന്നു. ഇപ്പോഴും പ്രണയിക്കുന്നു. "

മുറിയിലേക്ക് കടന്നുവരുന്ന ശാലിനിയുടെ കാൽചിലങ്കയുടെ ശബ്ദത്തിൽ,  അന്നത്തെ ആ സംസാരത്തത്ത തുടർന്നുകൊണ്ടു പോകാതെ ഞാൻ മുറിച്ചു കളഞ്ഞിരുന്നു.

അതായിരുന്നു അവന്തികയുമായുള്ള  അവസാന സംഭാഷണം . പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല

അവന്തികയും  നോവലിലെ ജാനകിയും അർജുനനുമൊക്കെ അവരുവരുടെ വേഷങ്ങളാടി തിമർത്ത് മനസ്സിനെ വല്ലാതെ കലക്കി മറച്ചിരുന്നു

അന്ന് രാത്രി എന്റെ മാറിൽ തല ചായ്ച്ചുറങ്ങുന്ന അവന്തികയുടെ മുടിയിഴകളിലൂടെ വിരളുകളോടിച്ച് ചെരിഞ്ഞു കിടന്നതും അരികിൽ  നെഞ്ചോരം ചേർന്നുറങ്ങുന്ന ശാലിനിയെ കണ്ടു ഞാൻ ഞെട്ടിയുണർന്നു. സമചിത്തത വീണ്ടുകിട്ടാൻ അല്പം സമയമെടുത്തു

ഞാൻ എഴുന്നേറ്റിരുന്നു. സമയം മൂന്നു മണി . മനസ്സ് അറിയാതെ കൈവിടുന്നതു പോലെ തോന്നി.

ഏറെയൊന്നും  ചിന്തിക്കാതെ  ഒരു തീരുമാനം എടുത്തു. അവന്തികയെ കാണണം , സംസാരിക്കണം അല്ലെങ്കിൽ മനസ്സ് ചിലപ്പോൾ കൈവിട്ടു പോകുമെന്ന് തോന്നി.  ഹൃദയത്തിനുള്ളിൽ  വല്ലാത്തൊരു വിങ്ങൽ.  

അപ്പോൾ തന്നെ മൊബൈൽ എടുത്തു. 

" നേരിട്ട് കാണാൻ പറ്റുമോ " എന്ന മെസേജ് അവന്തികയുടെ നമ്പറിലേക്കയച്ചു.  

രാവിലെ പലവട്ടം മൊബൈൽ എടുത്തു നോക്കിയെങ്കിലും മനസ്സിനെ തുണുപ്പിക്കുന്ന വാട്സപ്പിലെ രണ്ട് നീല വരകൾ കണ്ടില്ല. 

കുറച്ച് സമയത്തിനു ശേഷം മറുപടി വന്നു.

" എപ്പോൾ , എവിടെ എന്ന് അറിയിക്കുക. ഞാൻ വരാം "

പിറ്റേ ദിവസം വൈകുന്നേരം നഗര മദ്ധ്യത്തിലെ  ഷോപ്പിങ്ങ്മാളിലെ  റെസ്റ്റോറന്റിൽ അവിചാരിതമായി കണ്ടുമുട്ടിയന്നെ ഭാവം മുഖത്തൊട്ടിക്കാൻ ശ്രമിച്ച് അവന്തിക എന്റെ മുമ്പിലുള്ള കസേരയിൽ വന്നിരുന്നു.

നീണ്ട പതിനാല് വർഷത്തിനു ശേഷം അവന്തികയെ കാണുകയാണ്. കാലം അവളിൽ പ്രകടമായ ഒരു മാറ്റവും വരുത്തിയിട്ടില്ല . അതേ ഭാവം , രൂപം,  ചിരി .  ഭംഗി  കൂടിയതു  പോലെ തോന്നി...

കുറച്ചു നേരം എന്റെ മുഖത്തേക്കു നോക്കിയതിനു ശേഷം , അവൾ പറഞ്ഞു " ഇങ്ങിനെ ഒരു കൂടിച്ചേരൽ ഉണ്ടാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... "

അഗാധതയിൽ എവിടുന്നോ വരുന്ന ഒരു  ശബ്ദം പോലെ  തോന്നി.

"ഞാനും . ജീവിതം എങ്ങിനെ "

"രവി കിഷന് എന്നോട് ല്യ ഇഷ്ടമാണ് എന്തിനും ഏതിനും ഞാൻ വേണം.  രണ്ട് കുട്ടികൾ മൂത്തയാൾ  മൂന്നിൽ പഠിക്കുന്നു. ഇളയതിന് മൂന്ന് വയസ്സ് . "

മുഖമുയർത്തി ഞാനവളുടെ കണ്ണിൽ നോക്കി. എനിക്ക് ചോദിക്കാനുള്ളത് മുഴവനും അവളെന്റെ കണ്ണുകളിൽ നിന്ന് തന്നെ വായിച്ചെടുത്ത് കൊണ്ട് തുടർന്നു.

" ഇനിയും എനിക്കെന്നെ  വഞ്ചിക്കാനാവില്ല. തുറന്ന് പറഞ്ഞില്ലെങ്കിൽ ഒരു പക്ഷേ  ഹൃദയം പൊട്ടി ഞാൻ  മരിച്ചു പോകും.  പ്രണയമായിരുന്നു അന്നും ഇന്നും എന്നും നിങ്ങളോട്  ... "

ജ്യൂസ് ഗ്ലാസിന്റെ മുകളിലേക്ക് മുഖം താഴ്ത്തിയ അവളിൽ നിന്നടർന്നുവീണു  ചിതറിയ മിഴിനീർ തുള്ളിയിൽ ഞാനെന്റെ പ്രതിബിംബം കണ്ടപ്പോൾ ,

എന്നിലെവിടെയോ തങ്ങി നിന്ന പ്രണയത്തിന്റെ ശേഷിപ്പുകൾ ഒരു പ്രവാഹമായി വീണ്ടും ഒഴുകി.

കൈയ്യിലിരുന്ന ജ്യൂസ് ഗ്ലാസ് ഒന്നമർത്തി പിടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഞാൻ ചോദിച്ചു.

" അന്നിത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ? ഒത്തിരി വൈകിപ്പോയി അല്ലേ ?"

മിഴികൾ എന്റെ കണ്ണിൽ കൊരുത്തിട്ട് അവൾ പറഞ്ഞു.

"പലവട്ടം ഈ കാര്യം  വെളിപ്പെടുത്താൻ മുതിർന്നപ്പോഴൊക്കെ ഞാനും നിങ്ങളും സ്വന്തം പോലെ സ്നേഹിച്ച കൂട്ടുകാരായിരുന്നു തടഞ്ഞത്. അന്നവർ കുത്തിവെച്ച ജാതീയ ചിന്തകളും വരണ്ട ഉപദേശങ്ങളാലും ചില ഭീഷണിപ്പെടുത്തലിനാലും ഞാൻ നിശബ്ദമാക്കപ്പെട്ടു " .

ഞാൻ മുഖമുയർത്തി ചോദിക്കാൻ ഒരുങ്ങുന്നതിനു മുമ്പേ അവൾ തടഞ്ഞു.

" അവരുടെ പേര്  ചോദിക്കരുതേ. ഇവരുടെ തന്നെ നിർബന്ധത്താലായിരുന്നു അന്നൊരു ദിവസം നിങ്ങൾ  രാത്രി ഫോൺ ചെയ്തപ്പോൾ മോശമായി ഞാൻ പ്രതികരിച്ചത്. അന്നു ഞാൻ കുറേ കരഞ്ഞിരുന്നു. എല്ലാറ്റിനുമുപരി നിങ്ങളുടെ പ്രതികരണത്തെ  ഞാൻ പേടിച്ചു.  ഇഷ്ടമല്ല എന്നാണെങ്കിൽ ഞാൻ തകർന്നു പോകും. ഇത് നിങ്ങളറിയാതെയാണല്ലോ ഞാൻ നിങ്ങളെ പ്രണയിച്ചത് അത് കൊണ്ട് എനിക്കാവോളം പ്രണയിക്കാമല്ലോ". 

അവളുടെ വാക്കുകളിലെ പ്രണയത്തിന്റെ ആത്മാർത്ഥതയറിഞ്ഞ് ഞാൻ തരിച്ചിരുന്നു പോയി. 

നഷ്ടബോധത്തിന്റെയും  തിരിച്ചുകിട്ടലിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ മനസ്സ് വഴുതി നീങ്ങി.

"മനസ്സിനുള്ളിൽ  പ്രണയത്തെ പൂഴ്ത്തി വെച്ചവരാണ് നമ്മൾ ... ഇനി  എന്താ ചെയ്യുക?"

"നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാം?"

അവന്തികയിൽ നിന്നു കേട്ട അപ്രതീക്ഷിത മറുപടിയിൽ  നീണ്ടു പോയ മൗനത്തിന് റെസ്റ്റോറന്റിലെ  ശബ്ദ കോലഹലങ്ങൾ അപ ശ്രുതിയുടെ പശ്ചാത്തല സംഗീതമൊരുക്കി.

അവന്തികയുടെ മനസ്സ് എനിക്ക് കാണാമായിരുന്നു.

"അവന്തികാ, അഗ്നിസാക്ഷിയായി നമ്മളോട് ചേർത്തവരെ പാതിവഴിയിൽ ഉപേക്ഷിക്കാൻ ആവുമോ ? "

" ഒരിക്കലും  ആവില്ല . അവരെന്റെ ജീവനാണ്  നിങ്ങളോടുള്ള പ്രണയവും . 

 അതുകൊണ്ടു തന്നെയാണ്  ആദ്യ രാത്രിയിൽ രവിയോട് എല്ലാം തുറന്നു പറഞ്ഞത്. " 

"ദൈവമേ " ഞാൻ നീണ്ടൊരു ശ്വാസം വിട്ടു.

"ഒരുമിച്ചുള്ള ഒരു ജീവിതം? ഇല്ല ...  അത് ഇനി സാധിക്കില്ല ... ഞാൻ ഇന്നൊരു ഭർത്താവാണ് നീയൊരു ഭാര്യയും ...  കുട്ടികളും  കുടുംബത്തിന്റെ കുറേ ബലഹീനതകളുമുണ്ട് "

"എനിക്കറിയാം .

എങ്കിലും ഒരിക്കൽ കൂടി ഒന്നു കാണാൻ ഒന്നു മിണ്ടാൻ മനസ്സ് പങ്കു വെക്കാൻ ആയല്ലോ. മനസ്സു തുറന്നപ്പോൾ തന്നെ പകുതി സമാധാനമായി പക്ഷേ  പ്രണയം  ഒരിക്കൽ മാത്രമല്ലേ ഉണ്ടാവൂ അത് നിങ്ങളോട് മാത്രമായിരിക്കും. " 

" അവന്തികാ നമുക്ക്  ഇനിയും തോറ്റ് കൊടുക്കാം. നമ്മളെ ഇതുവരെ തോല്പിച്ച വിധിയോടും നമ്മളോട് തന്നെയും " 

പ്രണയമൊഴികളിൽ എപ്പോഴും കേൾക്കുന്ന ഒരു ചൊല്ലില്ലേ  " സ്വാർത്ഥതയോ സ്വന്തമാക്കലോ അല്ല പ്രണയം, വിട്ടു കൊടുക്കലാണ് പ്രണയം . മറ്റുള്ളവരെ വേദനപ്പിച്ച് നമുക്ക് ജീവിക്കേണ്ട .

പ്രണയം  നിത്യ സത്യമാണ്. വാക്കുകൾക്കും കാഴ്ചകൾക്കും അതീതമാണ്. "

ഞാൻ അവന്തികയുടെ മുമ്പിൽ അറുബോറൻ തത്വ ചിന്തകൾ വാരി വിതറിയെങ്കിലും മനസ്സ് മുഴുവൻ അവളായിരുന്നു.

മേശപ്പുറത്തെ ഒഴിഞ്ഞ ഗ്ലാസും ബില്ലും റസ്റ്റോറന്റിൽ നിന്നിറങ്ങാൻ സമയമായി എന്ന് ഓർമ്മിച്ചു.

ഷോപ്പിങ്ങ് മാളിനു പുറത്ത് എത്തിയപ്പോൾ ഞാനവളോട് ചോദിച്ചു

"ബസ്സ് സ്റ്റാന്റിൽ കാറിൽ ഇറക്കി തരട്ടെ . പേടിയുണ്ടോ ?"

"ഇല്ല എന്തിന് "

 അവന്തിക കാറിന്റെ മുൻ സീറ്റിൽ തന്നെയിരുന്നു.

"എന്തിനാ പേടിക്കുന്നത് നമ്മൾ തെറ്റൊ ന്നും ചെയ്തിട്ടില്ലല്ലോ.

പ്രണയം ഒരിക്കലും തെറ്റോ കുറ്റമോ അല്ല " .

എന്നിൽ നിന്നുമുള്ള  തത്വചിന്തകൾ അവളിലേക്ക് പകർന്നോ . ഞാൻ അവളെ നോക്കി ശാന്തമായിരുന്നു ആ മുഖം . മഴ ചോർന്നു തീർന്ന മാനം പോലെ .

"അുത്ത ജന്മത്തിൽ നമുക്ക്  പ്രണയിക്കാം നമുക്ക് ഒന്നിക്കാം എന്നൊക്കെയുള്ള  വാഗ്ദാനങ്ങളിലൊന്നും  എനിക്ക് വിശ്വാസമില്ല . നമുക്ക് പ്രണയിക്കാം അവന്തികാ  .അകന്ന്  നിന്ന് കൊണ്ട്  രണ്ട് ശരീരങ്ങളും ഒരു  ആത്മാവായും "

ഞാൻ അവളെ നോക്കി ചിരിച്ചു.

" അടുക്കാനാവാതെ അകന്നു നിന്ന് പ്രണയ സായൂജ്യം തേടുന്ന  അനേകായിരം പേരിൽ നമ്മളും അല്ലേ.  "

" മം ... ഇത്രയും കാലം ആരും അറിയാതെ , അറിയിക്കാതെ  നമ്മളിൽ മാത്രം നിശബ്ദനായി നിലകൊണ്ട  പ്രണയം ഇനിയും നിലനില്ക്കും. അവന്തികാ 

നമ്മുടെ പാതിയായവർക്കായി വെളിച്ചം തെളിയിച്ച് സമാന്തര പാതകളിലൂടെ നമുക്ക് നടന്ന് നീങ്ങാം "

അവന്തിക എന്റെ കൈകളിൽ മൃദുവായി സ്പർശിച്ച്  മനസ്സിന്റെ ചേർച്ച എന്നിലറിയിച്ച് കാറിൽ നിന്നിറങ്ങി നടന്നകന്നു.

എന്റെ പ്രണയത്തിന്റെ ദീർഘയാത്ര നിന്നിലവസാനിച്ചു അവന്തികാ. ഇനി അതിന്  തുടരാൻ  ഒരു ജൈത്രയാത്രയില്ല , മണ്ണിലലിയാൻ മാത്രമേ ഉള്ളൂ.

കാലത്തോടൊപ്പം  ഏറെദൂരം ഒഴുകിയ   ജീവിതത്തിന്റെ   സായന്തനത്തിൽ നാട്യങ്ങളോ മുഖം മൂടികളോ അണിയാതെ പ്രണയത്തെ ദിവ്യമായ്  കണ്ട്   ജീവിക്കാം ... മനസ്സിലുണ്ടായിരുന്ന പ്രണയത്തെ മുഖം മൂടിയണിഞ്ഞ് മറച്ചതിന്റെ ശിക്ഷയായി ...

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA