ADVERTISEMENT

ഗൊരാൻ (കഥ)

 

          തണുത്തകാറ്റില്‍ തിരയിളക്കുന്ന ഗോതമ്പു പാടത്തിനരികിലൂടെ  കുടുംബമെന്ന ഗൃഹാതുരതയിലേക്കുള്ള മടക്കയാത്ര. നിലാവു പെയ്തിറ ങ്ങുന്ന വഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ ഗൊരാന്റെ മനസ്സിലെ സന്തോഷം ചെറുചിരിയായി ഇടയ്ക്കിടെ മുഖത്തു തെളിയുന്നുണ്ട്. യുദ്ധ ങ്ങളും ദുർഘടമായ വഴികളും താണ്ടിയ നീണ്ട പതിനൊന്നു വർഷങ്ങളുടെ കഠിനമായ ജീവിതകാലം അവസാനിക്കുകയാണ്. മടങ്ങിയെത്താൻ കഴി യുമെന്ന് ഉറപ്പില്ലാതിരുന്ന ഇന്നലെകളിലേക്ക് വീണ്ടുമൊരിക്കല്‍ക്കൂടി അവന്‍ തിരിഞ്ഞുനോക്കി. ഗൊരാന്റെ മനസ്സ്‌ നിരാശയുടെ രാവുകളിലേ ക്കൊന്നിലാണ് എത്തിയത്.

     ‘’ഗൊരാൻ..ഗൊരാൻ..എവിടെയാണ് മോനേ..നീ.? നിന്റെ അച്ഛൻ ഡിമി ത്തറാണ് ഞാൻ’’

        മുകളിലേക്കു നീട്ടിയ ഗൊരാന്റെ വലതുകൈ ഏറെ സമയം കാത്തി രുന്നു. അച്ഛന്റെ രൂപം മാഞ്ഞുപോവുകയാണോ.? സ്വപ്നത്തിൽ നിന്നുണ രാന്‍ തുടങ്ങിയ അവന്റെ ശരീരത്തിൽ രാത്രിയുടെ തണുപ്പിലും വിയർപ്പു കണങ്ങൾ ആവരണം ചെയ്തപ്പോൾ പതിയെ താഴ്ന്ന കൈവിരലുകൾ ഗെഡ്രോഷ്യൻ മരുഭൂമിയിലെ തണുത്ത മണലിൽ ആഴ്ന്നിറങ്ങി. മെല്ലെ യെഴുന്നേറ്റ ഗൊരാൻ കാതോർത്തു. അച്ഛനെന്തിനായിരിക്കും വിളിച്ചത്? അങ്ങിനെ ചിന്തിക്കുമ്പോഴേക്കും എലോനയുടെ മധുരശബ്ദം കാതുക ളിൽ മുഴങ്ങുന്നത്പോലെ അവനു തോന്നി.        

       ‘’ഗൊരാൻ..ഈ കാത്തിരിപ്പ് എനിക്കു മടുത്തു.’’ 

       തലോടലായെത്തിയ അവളുടേ മുഖം മുടിയിഴകളിലൂടെ ഗൊരാന്റെ യുള്ളിലേക്കു നിറയുകയാണ്. എലോനയിപ്പോൾ ഉറങ്ങുന്നുണ്ടായിരിക്കു മോ? അതോ മാസിഡോണിയയിലെ ആകാശത്തു നക്ഷത്രങ്ങളെ നോ ക്കി തന്നെ കാത്തിരിക്കുകയാണോ?  

        ചിന്തകളിൽ നിന്നുണർന്ന ഗൊരാൻ കൂടാരത്തിന്റെ കട്ടിയുള്ള മറ മെല്ലെ നീക്കി പുറത്തേക്ക് കണ്ണോടിച്ചു. പാൽനിറം പരത്തി  നിൽക്കുന്ന ചന്ദ്രൻ ചുറ്റിനും നിലാവു പൊഴിക്കുന്നു. ഇതുപോലെ നിലാവു നിറഞ്ഞ ദിവസങ്ങളായിരുന്നു എലോനയോടൊപ്പം കഴിഞ്ഞ രണ്ടു മാസങ്ങൾ    

        സിയൂസ് ദേവന് നേർച്ചകളര്‍പ്പിച്ചയച്ച കുടുംബത്തിൽ നിന്നകന്നിട്ട് ഋതുഭേദങ്ങളെത്ര കഴിഞ്ഞു? അറിയില്ല. മാസിഡോണിയയിലിപ്പോൾ രാ ത്രിയാണോ? അതോ പകലോ? ഗൃഹാതുരത്വം ഭ്രാന്തുപിടിപ്പിക്കുന്ന വികാ രമായി മനസ്സിനെ ഇരുട്ടിലാഴ്ത്തുന്നപോലെ ഗൊരാനു തോന്നി. 

       ‘’എന്തിനിത്രയും ദൂരം’’? 

       തിരിച്ചറിയാനാകാത്ത ദൂരത്തിലേക്കാണ് സൈന്യം അകന്നുകൊണ്ടി രിക്കുന്നതെന്നൊരിക്കൽ കൂടി ചിന്തിച്ച ഗൊരാന്റെ കണ്ണുകൾ ആകാശ ത്തിലേക്കു തിരിഞ്ഞു. ദിക്കറിയാനുള്ള നക്ഷത്രങ്ങൾ നിലാവെളിച്ചത്തി ൽ മറഞ്ഞിരിക്കുന്നു.

        ലക്ഷ്യം കാണാത്തൊരു നദിപോലെ അലക്ഷ്യമായൊഴുകുകയായിരി ക്കും ചക്രവർത്തിയുടെ മനസ്സെന്നു ഗൊരാനു തോന്നി. പേർഷ്യയിലേക്കു ള്ള പടനീക്കം കഴിഞ്ഞു മാസിഡോണിയയിലേക്കു തിരിച്ചെത്തുമെന്നായി രുന്നു താനുൾപ്പടെയുള്ള സൈനികരെല്ലാവരും കരുതിയത്.

         ഗൊരാന്റെ കണ്ണുകൾ അങ്ങകലെയുള്ള വലിയ കൂടാരത്തിലേക്കു നീങ്ങി. ചക്രവർത്തിയുറങ്ങുന്ന അതിനു മുകളിൽ ഉയർന്നു നിൽക്കുന്ന മാസിഡോണിയൻ പതാക തണുത്ത മരുക്കാറ്റിലിളകുന്നുണ്ട്. തിരികെയ വൻ കൂടാരത്തിനുള്ളിലേക്കു നോക്കി. ഗാഢനിദ്രയിലാണ് കൂട്ടുകാരായ മാസിഡോണിയൻ പടയാളികൾ. പോർച്ചട്ടകൾ തകർത്ത് എതിരാളിക ളുടെ വാൾമുനകളേൽപ്പിച്ച മുറിവുകളുടെ പാടുകൾ ആ ദൃഢശരീരങ്ങ ളിൽ ധീരതയുടെ അടയാളങ്ങൾ ചാർത്തിയിരിക്കുന്നു. എല്ലാവരും ഗൃഹാ തുര ചിന്തകൾ പേറുന്ന, എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചുപോ കണമെന്ന് ചിലപ്പോഴെങ്കിലും  ആഗ്രഹിക്കുന്നവരാണ്.  

       മേഘങ്ങളില്ലാത്ത ആകാശത്തൊരു മിന്നൽ പാഞ്ഞുപോയോ? ഇടി മുഴക്കത്തിനായി ഗൊരാന്‍ കാതോർത്തു.

        ‘’എന്റെ ധീര സൈനികരേ.., ഈ ലോകം മാസിഡോണിയയ്ക്ക് കീഴട ങ്ങാനുള്ളതാണ്’’

        അലക്‌സാണ്ടർ ചക്രവർത്തിയുടെ ശബ്ദം ചക്രവാളത്തിൽ മുഴങ്ങു ന്നതു പോലെ ഗോരാനു തോന്നി. ആവേശം തുളുമ്പുന്ന വാക്കുകള്‍ അവ നെ വീണ്ടും അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവത്തിലേക്കു വലിച്ചടുപ്പിച്ചു.

         ‘’ഇല്ല..അലക്‌സാണ്ടർ എന്റെ ദൈവമാണ്, സിയൂസ് ദേവന്റെ പുത്ര ൻ, ഗ്രീക്കുകാരുടെയും ലോകത്തിന്റെയും ചക്രവർത്തി.’’

         ഗൊരാന്റെ മനസ്സും ചുണ്ടുകളും അലക്‌സാണ്ടർ ചക്രവർത്തിക്കായി പ്രാർത്ഥിച്ചു. ദാരിയസിനെ തോൽപിച്ചപ്പോൾ അദ്ദേഹത്തിന്റെയും എല്ലാ ഗ്രീക്കുകാരുടെയും ആഗ്രഹമാണ് നിറവേറ്റപ്പെട്ടത്. വിശാലമായ പേർഷ്യ ൻ സാമ്രാജ്യം കീഴടങ്ങിയിട്ടും അലക്‌സാണ്ടർ രാജകീയ വരവേൽപ്പിനായി മാസിഡോണിയയിലേക്കു തിരിച്ചു പോവുകയല്ല ചെയ്തത്. 

      ദൈവികമായ ദൗത്യമാണിതെന്നു ചിന്തിച്ച ഗൊരാൻ അനുസരണയു ള്ള മാസിഡോണിയൻ സൈനികനായി. കൂട്ടത്തിലൊരാളായവൻ കിടന്ന പ്പോൾ കൂടാരം കണ്ണുകളടച്ചു. അതിനുള്ളിലേക്കപ്പോൾ ഒളിച്ചുകടന്ന തണുത്ത കാറ്റ് ദീർഘശ്വാസമായി ഗൊരാന്റെയുള്ളിൽ നിറഞ്ഞു.  

        യുദ്ധങ്ങളില്ലാത്ത ശാന്തമായ കുറച്ചുദിവസങ്ങൾകൂടി കടന്നുപോയി. ചുവന്നഗ്രഹത്തിന്റെ വീര്യം അടുത്ത പോരാട്ടത്തിനായി ഫിലിപ്പ് രണ്ടാ മന്റെ പുത്രനിലേക്ക് ആവാഹിക്കപ്പെടുമ്പോൾ ആരെസ് ദേവൻ തനിക്കു മുന്നിൽ വീണ്ടും ഉണരുകയാണെന്ന് ഗൊരാനു തോന്നി.

        ബ്യൂസിഫാലസിന്റെ പുറത്തേറിയ അലക്‌സാണ്ടർ ചക്രവർത്തി മു ന്നോട്ടേക്ക് കുതിക്കാൻ തയ്യാറെടുത്തു. ആനപ്പുറത്തേറിയ പോറസ് രാജാവിനെ അങ്ങകലെ അവൃക്തമായി ഗൊരാനു കാണാം. കിഴക്കുദി ക്കില്‍ മാസിഡോണിയൻ സൈന്യത്തിന്റെ അവസാനയുദ്ധമായിരുന്നത്. പോറസിന്റെ പടയാളികൾ മാസിഡോണിയൻ നിരയിലേക്കു ഇരച്ചുകയറു കയാണ്. ഗൊരാന്റെയുള്ളിലാദ്യമായി ഭീതിയുടെ കണങ്ങൾ കടന്നുവരാൻ തുടങ്ങി.

        ‘’ചക്രവര്‍ത്തിയെവിടെ’’?

         എതിരാളികൾക്കുമേൽ ശരവര്‍ഷം നടത്തുമ്പോഴും പതിവില്ലാത്ത ആശങ്ക അവന്റെ മനസ്സിൽ നിറയുകയാണ്. പെട്ടെന്ന് കുറച്ചു മാസിഡോ ണിയൻ കുതിരപ്പടയാളികൾ പിൻവാങ്ങുന്നത് ഗൊരാന്റെ കണ്ണുകളിൽ ഭയം പടർത്തി. അതിലൊന്നിൽ ആരെയോ കിടത്തിയിരിക്കുന്നു. അവൻ സൂക്ഷിച്ചു നോക്കി. അലക്‌സാണ്ടർ പരിക്കേറ്റു കിടക്കുന്നു.

        ‘’ചക്രവർത്തിക്കെന്തു പറ്റി’’?

         ‘’പോറസിന്റെ ആന ബ്യൂസിഫാലസിനെ ഇടിച്ചുവീഴ്ത്തി. യുദ്ധം തുട രുക, ചക്രവർത്തിയുടെ ആജ്ഞയാണ്’’

          ഒരു സൈനികൻ എല്ലാവരോടുമായത് വിളിച്ചുപറഞ്ഞു. അതുകേട്ട ഗൊരാന്റെ വലതുകൈ അരയിലുറങ്ങുന്ന വാളിലേക്കു നീങ്ങി. ആരെസി ന്റെ ശക്തി ഓരോ മാസിഡോണിയൻ സൈനികനിലേക്കും പകർന്നാടു മ്പോൾ യുദ്ധക്കളത്തിലൊഴുകിയ രക്തം ത്സലം നദിയെ ചുവപ്പിക്കുകയാ യിരുന്നു. 

          വീഴ്ചയുടെ ആഘാതത്തിൽ നിന്നും അലക്‌സാണ്ടർ  ഉണർന്നെഴു ന്നെഴുന്നേൽക്കുകയാണ്. ബൃൂസിഫാലസ് അദ്ദേഹത്തിനരികിലെത്തി. തന്റെ പ്രിയപ്പെട്ട കുതിരപ്പുറത്തേറിയ ചക്രവർത്തി വലതുകയ്യിൽ ഉയർ ത്തിപ്പിടിച്ച വാളുമായി വീണ്ടും പടക്കളത്തിലേക്ക് കുതിച്ചു. ഫിലിപ്പിന്റെ പുത്രൻ രക്തദാഹിയായി. ഗ്രീക്ക് ദൈവങ്ങളായ പന്ത്രണ്ട് ഒളിമ്പ്യന്മാരും അത്ഭുതത്തോടെ ആകാശത്തു നിന്ന് താഴേക്ക് നോക്കിനിന്നിട്ടുണ്ടായി രിക്കണം.          

        താൻ കണ്ടതിൽ വച്ചേറ്റവും ധീരനായ രാജാവായിരുന്നു പോറസെന്ന് ഗൊരാനോർത്തു. പക്ഷേ മാസിഡോണിയൻ ശക്തിക്കു മുന്നിൽ കീഴട ങ്ങാന്‍ അദ്ദേഹം നിർബന്ധിതനായി. പോറസ് തന്റെ വാൾ ചക്രവർത്തി ക്കു മുന്നിൽ കാഴ്ചവച്ചപ്പോൾ രക്തദാഹിയായ ആരെസ് എല്ലാ മനുഷ്യരു ടെയും സിയൂസ് ദേവനായി പരിണമിക്കുകയായിരുന്നു. അലക്‌സാണ്ടര്‍ പോറസിനു മുന്നിൽ ദയാലുവായി.

        ‘’താങ്കൾ യഥാർത്ഥ രാജാവാണ്, ധീരനാണ്, നിങ്ങളുടെ രാജ്യം മാസി ഡോണിയക്കുവേണ്ടി ഭരിക്കുക’’

        രാജകീയവാൾ തിരികെ നൽകിയ അലക്‌സാണ്ടർ ചക്രവർത്തി പോറസിനെയും അദ്ദേഹത്തിന്റെ രാജ്യത്തെയും സ്വതന്ത്രമാക്കുന്നത് ഗൊരാൻ അത്ഭുതത്തോടെ നോക്കിനിന്നു. നാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം കണ്ട മാഡിഡോണിയൻ സൈനികരുടെ മനസ്സിലപ്പോൾ പ്രിയപ്പെ ട്ടവരുടെ മുഖം തെളിഞ്ഞു.

        നിരയൊപ്പിച്ചു നിൽക്കുന്ന സൈനികർക്കു മുന്നിലൂടെ ബ്യൂസിഫാല സിന്റെ പുറത്തേറി മെല്ലെ നീങ്ങുകയാണ് ചക്രവർത്തി.

        ‘’മാസിഡോണിയ കിഴക്കോട്ടേക്കുള്ള പ്രയാണം തുടരും. മഗധയാണ്  നമ്മുടെ അടുത്ത ലക്ഷ്യം’’

        അലക്‌സാണ്ടറുടെ വാക്കുകൾ സൈനികരെ നിശ്ശബ്ദരാക്കി. ആര വങ്ങളും ആവേശവും ആര്ക്കിടയിലുമില്ല.

         ‘’ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങണം’’

        പിൻനിരയിലെ കാലാൾ പടയാളികളിൽ നിന്നാരുടെയോ ശബ്ദം ചക്ര വാളത്തിൽ മുഴങ്ങിയപ്പോൾ പലരും അതേറ്റുപറയുകയാണ്. നിരാശനായ അലക്‌സാണ്ടർ ബ്യൂസിഫാലസിനെ തന്റെ കൂടാരത്തിലേക്കു നയിച്ചു. ചുറ്റിലും പടർന്ന നിശബ്ദതയുടെ ഓരോ നിമിഷവും ഒരോ യുഗമായി ഗൊരാനു തോന്നി. തന്റെ സന്തോഷവും ചക്രവർത്തിയുടെ സ്വപ്നവും അവയിലേതാണ് വലുത് ? മനസ്സിന്റെ രണ്ടു തട്ടുകളിലേക്കവന്‍ സൂക്ഷിച്ചു നോക്കി.

       ശൂന്യതയിലേക്കു കണ്ണുനട്ടിരിക്കുന്ന എലോന. അവൾ മെല്ലെയെഴു ന്നേറ്റ് തന്റെയരികിലേക്ക് നടന്നുവരുമ്പോൾ മനസ്സിൽ സന്തോഷം കട ന്നുവരുന്നത് ഗൊരാൻ തിരിച്ചറിഞ്ഞു. സാമ്രാജ്യവും സമ്പത്തും നൈമി ഷികമാണ്. കൊഴിഞ്ഞുപോയ ജീവിതം തിരിച്ചുപിടിക്കാൻ അവയെ ക്കൊണ്ടു കഴിയില്ല. 

        തിരികെയുള്ള ദീർഘമായ പ്രയാണത്തിന് ബാബിലോണിലെത്തിയ പ്പോൾ അർദ്ധവിരാമമായി.

        അലക്‌സാണ്ടറുടെ ആരോഗ്യം അപകടത്തിലാണ്.  എതിർസൈനിക നിരയിലേക്കു പാഞ്ഞുകയറി നടത്തിയ പോരാട്ടങ്ങളിലേറ്റ മുറിവുകൾ അദ്ദേഹത്തിന്റെ ശരീരത്തെ തളർത്തിയിട്ടുണ്ട്. പരാജയമില്ലാത്ത ഇരു പതു യുദ്ധങ്ങൾക്കൊടുവിൽ അലക്‌സാണ്ടർ കീഴടങ്ങുകയാണോ? ലോ കത്തെ കൈപ്പിടിയിലൊതുക്കിയ ചക്രവർത്തിയുടെ രാജകീയ വൈദ്യ ന്മാരും പുരോഹിതന്മാരും നിസ്സഹായരായി മുകളിലേക്കു നോക്കി.

        ‘’ചക്രവർത്തിയെ രക്ഷിക്കാൻ ദൈവങ്ങൾ പ്രത്യക്ഷപ്പെടുമോ’’

         ഗൊരാൻ ആകാശത്തേക്കു കണ്ണു നട്ടു. 

        ‘’ഇല്ല, ആരുമില്ല, സിയൂസും മറ്റു ദൈവങ്ങളും ഒളിമ്പസ് പർവ്വതത്തിന പ്പുറം ഒളിച്ചിരിക്കയാണ്’’

        ബാബിലോണിയയിലെ കൊട്ടാരത്തിനു പുറത്തു കൂടിനിൽക്കുന്നവ ര്‍ക്കിടയിലൂടെ നിരാശയോടെ പിറുപിറുത്തുകൊണ്ടവൻ നടന്നു. നിരന്തര യുദ്ധങ്ങൾ കൊണ്ട് അദ്ദേഹമെന്തു നേടിയെന്ന ചിന്ത വീണ്ടും ഉത്തരമില്ലാ ത്തൊരു സമസ്യയായി ഗൊരാന്റെ മനസ്സിനെ ദുഖിതമാക്കി.  

        ‘’മോനേ.. അലക്‌സാണ്ടർ..’’

        ആരോ ചക്രവർത്തിയുടെ പേരു വിളിക്കുന്നത് കേട്ട ഗൊരാൻ ചിന്ത കളിൽ നിന്നുണർന്ന് ചുറ്റിനും നോക്കി. വീടിനടുത്തെത്തിയിരിക്കുന്നു. താൻ കേട്ടത് എലോനയുടെ ശബ്ദമാണ്. വീടിനു പുറത്തെരിയുന്ന ഒലീവ് വിളക്കിന് താഴെയൊരു കുട്ടിയിരിക്കുന്നുണ്ട്. 

         ‘’അമ്മേ..അച്ഛനിന്നു വരും’’

         വീടിനകത്തുള്ള അമ്മയോട് മറുപടി പറയുന്ന അവനെ ഗൊരാൻ ഒന്നുകൂടി  നോക്കി. താനാദ്യമായി കാണുന്ന തന്റെ മകൻ.

         ‘’അലക്‌സാണ്ടർ’’

         ദൈവം തിരികെതന്ന തന്റെ ചക്രവർത്തിയുടെ പേര് ഗൊരാൻ ഉറ ക്കെ വിളിച്ചു.

       ‘’അമ്മേ.. അച്ഛൻ വന്നു’’

         തന്റെയടുക്കലേക്കു ഓടിവരുന്ന അലക്‌സാണ്ടറുടെ നേരെ ഇരു കൈകളും നീട്ടിയപ്പോഴേക്കും അച്ഛന്റെ ശബ്ദവും ഗൊരാൻ കേട്ടു.

        ‘’ഗൊരാൻ…’’

vinod-thaliparamba
വിനോദ് തളിപറമ്പ

       വീടിനു പുറത്തേക്കു വരികയാണ് ദിമിത്തര്‍. ഗൊരാൻ വീണ്ടും കാത്തി രുന്നു. വാതിൽക്കലെത്തിയ എലോനയുടെ മുഖത്തു അത്ഭുതം നിറഞ്ഞ സന്തോഷം വിടരുന്നത് മങ്ങിയ വെളിച്ചത്തിലും അവൻ തിരിച്ചറിഞ്ഞു. അച്ഛനെയും എലോനയെയും അലക്‌സാൻഡറെയും ചേർത്തുപിടിച്ച് വീട്ടി ലേക്കു നടക്കുമ്പോൾ ഈ ലോകം ഒരു പൂനിലാവുപോലെ തനിക്കു കീഴ്പ്പെടുകയാണെന്നു ഗൊരാനു തോന്നി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com