ADVERTISEMENT

അന്ധത ഒരനുഗ്രഹമാണ്, പലപ്പോഴും. പക്ഷെ, ആജീവനാന്തം താനെന്തിനാണീ അന്ധത സ്വീകരിച്ചത് എന്ന് അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു ഗാന്ധാരി.

താനെന്നും അങ്ങനെയായിരുന്നു. പിതൃഗേഹത്തിൽ എല്ലാം അത്ഭുതംകൂറിയ കണ്ണുകളോടെ കണ്ടു. ചിറകടിച്ചുയരുന്ന പ്രകാശത്തെ നമിച്ചുണർന്നു. അന്ധകാരത്തെ എന്നും വെറുത്തു. വെളിച്ചത്തിനായി പ്രാർത്ഥിച്ചു. ഒരേയൊരു മന്ത്രം മാത്രം, “തമസോ മാ ജ്യോതിർ ഗമയാ”.

 

ഗാന്ധാരം ഒരു ഗന്ധർവ്വലോകമായിരുന്നു. സൈന്ധവ നദിയുടെ, ഹിമസാനുക്കളുടെ, ശൈവഭാവത്തിന്റെ, ഐശ്വര്യത്തിന്റെ, സ്നേഹത്തിന്റെ, ധർമ്മത്തിന്റെ നരാഷ്ട്രം.

“ബാലേ, നിന്നെ കന്യാദാനം ചെയ്യുമ്പോൾ സ്ത്രീധനമായി നിന്റെയീ ജ്യേഷ്ഠനും വരുവാൻ അനുവദിക്കണേ ദേവീ”. ശകുനി പകുതി കളിയായും പകുതി കാര്യമായും പറയുമ്പോൾ വിടർന്ന കണ്ണുകളിൽ ആയിരം തിരിതെളിച്ച് അവൾ ചിരിക്കും.

 

“ഞാൻ ഭാഗ്യവതിയല്ലേ ജ്യേഷ്ഠാ, അങ്ങയെപ്പോലെ ഒരു വാത്സല്യവാന്റെ സഹോദരിയായി പിറക്കുവാൻ, ഈ ഗാന്ധാരത്തിന്റെ മകളായി പിറക്കുവാൻ. തീർച്ചയായും ഞാൻ വാക്കു തരുന്നു, ഭാരതഖണ്ഡത്തിന്റെ ഏതു കോണിലാണെങ്കിലും ജ്യേഷ്ഠനും കൂടെയുണ്ടാകും. എന്നാലും ഞാൻ പ്രാർത്ഥിക്കുന്നതോ, ഇവിടംവിട്ടെങ്ങും പോകുവാൻ ഇട വരല്ലേയെന്നാണ്. ഈ രാജധാനി, ഇവിടത്തെ വസന്തങ്ങൾ, പ്രഭാതങ്ങൾ, പ്രദോഷങ്ങൾ... കൺനിറയെ എത്ര കണ്ടാലും മതിവരില്ല, ജ്യേഷ്ഠാ”.

 

ശകുനി ചിരിക്കും, കരയുംവരെ ചിരിക്കും. കൂടെ ബാലയും ചിരിക്കും. ആകാശത്തിലെ താരകൾ അതുകണ്ടു പ്രകാശം വർഷിക്കും. അതിലൊരു കണം അവളുടെ കണ്ണിൽ പ്രോജ്വലമാകും.

 

കാലചക്രം എത്രപെട്ടെന്നാണ് തിരിയുന്നത്! വിധിയും വിളയാടുന്നത് എത്ര പ്രവചനാതീതമായാണ്.

സുബലമഹാരാജാവ് മകൾക്കായി കണ്ടുവച്ചത് കുരുവംശജനെ ആയിരുന്നു. കന്യക ഹസ്തിനപുരിയിലേക്ക് വലതുകാൽ വച്ചു നടന്നുകയറി. മറ്റൊരു സംസ്കാരത്തിലേക്ക്, ആചാരാനുഷ്ഠാനത്തിലേക്ക്, കുലത്തിലേക്ക് താൻ വധുവായി ചെന്നപ്പോൾ, അന്നേനാൾ വരെ വിശ്വസിച്ചുപോന്ന സകല ജീവിതമൂല്യങ്ങളും ഇരുട്ടിലായി.

 

ഏതു സൂര്യപ്രകാശത്തിൽ നിന്നായിരുന്നു തന്റെ ഒളിച്ചോട്ടം?

ഗാന്ധാരനാട്ടിലെ അരചനായ സുബലന്റെ ഏക പുത്രിയായ ബാലക്ക് എന്തായിരുന്നു കുറവ്? വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തോഴിമാരും പരിചാരകരും. സഹോദരന്മാരുടെ പ്രത്യേകശ്രദ്ധയും സംരക്ഷണവും എപ്പോഴും ഉണ്ടായിരുന്നുവല്ലോ.

 

പശ്ചിമദിക്കിലെ പുരുഷപുരത്തിലും തക്ഷശിലയിലുമായി മാറിമാറി വസിച്ചു. ഹിമാലയസാനുക്കളിൽ വസന്തർത്തുവിലെ പുഷ്പങ്ങളിറുത്തു മഹേശ്വരനർപ്പിക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളു. സർവ്വകലാവല്ലഭനായ പുരുഷകേസരിയെ പ്രാണപ്രിയനായി ലഭിക്കേണമേയെന്ന്.

 

നീതിയുടെയും മൃത്യുവിന്റെയും ദേവനായ യമനെ മാതൃകയാക്കി, ധർമ്മത്തെ നിഴലാക്കി മാറ്റി ഗാന്ധാരദേശത്തെ ഓരോ മൺതരിയോടും കഥകൾ ചൊല്ലി നടന്നൊരു കാലം.

എങ്ങോട്ട് തിരിഞ്ഞാലും തന്റെ ഹിതങ്ങൾ നോക്കുന്ന സഹോദരങ്ങൾ. നാടിന്റെ ക്ഷേമാന്വേഷണത്തിനും രാജ്യഭാരങ്ങൾക്കുമിടയിൽ തന്റെ സുഖസൗകര്യങ്ങൾ മുടങ്ങാതെ നോക്കിയിരുന്ന പ്രിയജ്യേഷ്ഠൻ ശകുനി.

 

ഒരു സാധാരണ സ്ത്രീയായി ജന്മം ഒടുങ്ങണമെന്നേ മോഹിച്ചുള്ളൂ. രാജ്യവും രാജ്യാധികാരവും രാജഭോഗങ്ങളും കാംക്ഷിച്ചില്ല. പുരുവംശജന്റെ വിവാഹാലോചന വന്നപ്പോഴും അറിഞ്ഞില്ല, ഒരു അന്ധന്റെ മുന്നിലാവും കഴുത്തുനീട്ടേണ്ടിവരികയെന്ന്.

എന്നിട്ടും അന്ധരാജന്റെ രാജ്ഞിയാകാനായിരുന്നുവല്ലോ നിയോഗം. അതോടെ ഇരുട്ടിന്റെ കൽത്തുറുങ്കിൽ എന്നെന്നേക്കുമായി പെട്ടുപോയി.

 

എങ്ങുതിരിഞ്ഞാലും ഇരുട്ട്. വാശിയുടെ, ബന്ധങ്ങളുടെ, ആചാരങ്ങളുടെ, ധാർഷ്ട്യത്തിന്റെ, സ്വാർത്ഥതയുടെ, അഹംഭാവത്തിന്റെ അന്ധത!

 

എല്ലാവരുമറിഞ്ഞിരുന്നുവല്ലോ ധൃതരാഷ്ട്രർ ജന്മനാ അന്ധനെന്നും അദ്ദേഹത്തിനു വേണ്ടി രാജ്യഭാരം അന്നേ നോക്കിനടത്തിയതും പാണ്ഡു ആയിരുന്നു എന്നും. അതായിരുന്നു സുബലനെ പ്രകോപിപ്പിച്ചതും. ധാർത്തരാഷ്ട്രരെ സഹായിക്കുവാൻ ശകുനിയുണ്ടാകും കു‌ടെ. ഗാന്ധാരിക്കാശ്രയമായി, സാല്വന് കണ്ണായി, പാണ്ഡുവിന് ഉപദേശിയായി.

 

ആ പാണ്ഡുവിന്റെ വിധവയുടെ കരം ഗ്രഹിച്ചാണ് വാനപ്രസ്ഥത്തിനായി തങ്ങളിപ്പോൾ വന്നത്. വിദുരമഹാശയനും കൂടെയുണ്ടായിരുന്നു. ഏതോ അഭിശപ്ത മുഹൂർത്തത്തിൽ അദ്ദേഹം സ്വയംമൃത്യു വരിച്ചു.

 

“ഗാന്ധാരീ, അങ്ങകലെ മാംസം കത്തിയെരിയുന്ന ഗന്ധം. ജഠരാഗ്നിയുടെ ഗനധം. കണ്ണുമാത്രമേ കാണാതുള്ളു. ഇന്നും ചതുരിന്ദ്രിയങ്ങൾക്കും കൃത്യതയുണ്ടല്ലോ”.

ഓർമ്മയുടെ ഇരുട്ടിൽ നിന്നും ഗാന്ധാരി പുറത്തിറങ്ങി. അവളുടെ ചുണ്ടുകൾ വക്രിച്ചു വന്നു. കുരുടനെങ്കിലും, വൃദ്ധന്റെ നാവിനുമുൻപിൽ വാക്കുകൊണ്ടും മൂർച്ചയുള്ള മനസ്സുകൊണ്ടും പാശുപതവും തോൽക്കും.

 

ഗാന്ധാരി മൗനിയായി കാതുകൂർപ്പിച്ചു. എവിടെ കുന്തി? ഭർതൃഗൃഹത്തിൽ, അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ എന്നും അവളായിരുന്നു മുന്നിൽനിന്ന് തന്നെ നയിച്ചിരുന്നത്. കുന്തി അറിഞ്ഞിരുന്നുവല്ലോ എല്ലാം, അവൾ അന്ധയല്ലായിരുന്നു. കാന്താരദേശത്തിന്റെ വളർത്തുപുത്രി എന്നും ജാഗ്രതപൂണ്ടിരുന്നു. നിയതിക്കെതിരെ സ്വയം പോരാടിയവൾ.

 

ഏതു മാർഗ്ഗത്തിലൂടെയും ലക്ഷ്യം വരിക്കുവാൻ യാദവന്റെ വാക്കുകളുടെ ബലത്തിൽ എന്തിനെയും നേരിട്ടവൾ!

താനോ, ചിരം അന്ധത്വം സ്വീകരിച്ചവൾ. ധർമ്മം പുലർത്തുവാൻ ത്രാണിയില്ലാതെയായപ്പോൾ സത്യത്തിനു നേരേ ഇരുട്ടിൽ വസിച്ചവൾ. എന്നിട്ടും ആരും ഒന്നും നേടിയില്ല.

 

അധികാരത്തിന്റെ മത്സരം എന്നാണ്, ആരാണ് തുടങ്ങിവച്ചത്, എന്തിനുവേണ്ടി?

പാരമ്പര്യമനുസരിച്ചു കനിഷ്ഠപുത്രനല്ലേ രാജാധികാരം? ത്രേതായുഗം തൊട്ടേ അതല്ലേ ലിഖിതങ്ങൾ രേഖപ്പെടുത്തിയത്. ഗാന്ധാരനാട്ടിലും അതായിരുന്നു പതിവ്. കുരുവംശത്തിലും മറിച്ചായിരുന്നില്ല നിയമം. അതുകൊണ്ടാണല്ലോ ദേവവ്രതൻ ഭീഷ്മരായി ശപഥം ചെയ്യേണ്ടിവന്നതും സ്‌ത്രീഗന്ധമറിയാതെ ജീവിതം നയിച്ചതും. എന്നിട്ടോ പുരുവംശം നിലനിർത്തുവാൻ, ശപഥം തിരുത്തുവാൻ തയ്യാറാകാത്തതിനാൽ സത്യവതിക്ക് വ്യാസരെ വിളിച്ചുവരുത്തേണ്ടിവന്നുവല്ലോ.

 

ഓർത്താൽ, പുരുവംശത്തിന്റെ ദുർഗതി സത്യവതിയിൽ തുടങ്ങിയതല്ലേ. അധികാരമാണ് പ്രധാനം. സത്യവും ധർമ്മവും വഴിമാറട്ടെ. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമല്ലോ. യാദവന്റെ ജല്പനങ്ങളിൽ ഒന്ന്!

 

കുന്തിയുടെ ലക്ഷ്യസാധ്യത്തിന് അവൾ എന്തെല്ലാം വഴി സ്വീകരിച്ചിരുന്നു. അതിശയം തോന്നേണ്ട കാര്യമില്ല. ഒരേ രക്തമല്ലേ! യദുവംശജർ.

ഹും, ജനിച്ചമണ്ണിൽ വളരാൻ ഭാഗ്യമില്ലാതെ പോറ്റമ്മയെ തേടിപോയവർ. പൂർവജന്മകർമ്മഫലം ആകാം. യാദവവംശം എന്നും അങ്ങനെയായിരുന്നു. സ്വന്തം മണ്ണിൽ അസ്തിത്വമില്ലാത്ത സമൂഹം. അർഹിച്ചതേ നിനക്കും കിട്ടൂ, യാദവാ.

 

ഗാന്ധാരിയുടെ അടഞ്ഞ കണ്ണുകൾ തുടിച്ചു. വെളിച്ചം ചിറകടിച്ചു. ഇരുട്ടിൽ അവളുടെ ഹൃദയം ചിരിച്ചു. പുച്ഛം വഴിഞ്ഞൊഴുകി.

 

സൗകര്യാർത്ഥം വളച്ചൊടിക്കുന്ന നീതികളെ കാറിത്തുപ്പണം.

“എവിടെ അവൾ, കുന്തീ…”, ഗാന്ധാരി മെല്ലെ വിളിച്ചു. നെഞ്ചിലഗ്നിയെരിഞ്ഞു. കടലിരമ്പി. കാടും നാടുമെരിഞ്ഞു. ധർമ്മയുദ്ധം കഴിഞ്ഞല്ലോ. ആരാണ് ജയിച്ചത്? ആരാണ് ഒടുങ്ങിയത്? ആരാണ് കുലം മുടിച്ചത്? ആർക്കാണ് ശാന്തി ലഭിച്ചത്?

 

ചോദ്യങ്ങൾ…

ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ ഗാന്ധാരിയുടെ അന്ധതയെ കീറിമുറിച്ച്, അവളുടെ ഹൃദയത്തിൽ മുറിവുണ്ടാക്കി.

 

“ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല…”

മഹദ്വചനങ്ങൾ എരിയുന്നകാടിന്റെ ആത്മാവിൽ നിന്നും കാറ്റിലൊഴുകിയെത്തി.

അവളാണ്, അവളുടെ രക്തമാണീ സനാതന മന്ത്രം ജൽപ്പിക്കുന്നത്.

“കുന്തീ…”

കാതുകളിൽ അനുനാദമുണർന്നു. കുരുടൻ പറഞ്ഞത് വാസ്തവമോ? കാടെരിയുന്നുവോ?

 

വർഷങ്ങൾക്കുമുൻപേ ഖാണ്ഡവം ദഹിച്ചപ്പോൾ സർവ്വചരാചരങ്ങളുടെയും ശാപം ഏറ്റുവാങ്ങിയതാരാണ്?

നൂറ്റവർക്കു ബലിതർപ്പണം ചെയ്ത കുരുടൻ അന്നും തടഞ്ഞില്ല. എവിടെ, എന്റെ ഉണ്ണികൾ? അവളുടെ നെഞ്ചുകലങ്ങി. കയ്പ്പുനീരൊഴുകി മേലാകെ പടർന്നു.

 

“കുന്തീ, ശേഷിച്ചത് നിന്റെ മക്കൾ മാത്രം, അവർക്ക് ലഭിച്ചതോ വിധവകളെ മാത്രം…

പുരുവംശത്തിന്റെ രേതസ്സിന് ഉത്പാദനശേഷിയില്ല, വിനാശബുദ്ധിയേ ഉള്ളു. അപ്പോളിനി പാണ്ഡവവംശം എങ്ങനെ തുടരും. ഷണ്ഡന്മാരെ ഉൽപ്പാദിപ്പിക്കുവാൻ ജാരന്മാരും ശേഷിച്ചില്ലല്ലോ കുന്തീ. നിന്റെ പുരുഷവശീകരണമന്ത്രം പകർന്നുകൊടുത്തുവോ നിന്റെ സ്നുഷകൾക്ക്?”.

 

അവർ വീണ്ടും ചിന്തയുടെ ഇരുണ്ട ഗർത്തത്തിലേക്ക് കൂപ്പുകുത്തി.

 

ഗംഗാതീരത്തെ രാജവംശങ്ങളുടെ നേരും നെറിയും സന്ദർഭത്തിനനുസരിച്ചു നിറം മാറുന്ന ഓന്തിനെപ്പോലെയാണ്. ഗംഗയുടെ നിറവും അതുതന്നെയല്ലേ? പുഴയിലെറിയുന്ന ജഡങ്ങളും ഒഴുക്കിലേക്കു തള്ളിവിടുന്ന കുഞ്ഞുങ്ങളും, ഹോ!

 

“ഒഴുകിവരേണ്ടിനി

ഗംഗേ, നീയീ കാട്ടിലേക്ക്

വാനപ്രസ്ഥത്തിലാശ്രയം

തേടിയെൻ ജന്മമുറയട്ടെ.

പുണ്യപാപങ്ങളില്ലാ,

മോക്ഷകർമ്മങ്ങളില്ലാ,

നിശ്ശൂന്യഭാവങ്ങൾ മാത്രം

നിതാന്ത ശാന്തി മാത്രം…

 

ധൃതരഷ്ട്രരുടെ ചിഹ്നംവിളി വീണ്ടും കേട്ടു, “ഹേ, ഗാന്ധാരി, നാടെരിയുംവണ്ണമല്ല കാടെരിയുക. നാടെരിയാൻ അരണി വേണം, ആളും അർത്ഥവും വേണം. എരിയുന്നതിനു കാര്യവും കാരണവും വേണം. ഇതൊന്നുമില്ലാത്ത ഈ വൃദ്ധന് ലക്ഷ്യങ്ങളില്ല, മോക്ഷവും വേണ്ട. അന്ധനെങ്കിലുമറിയുന്നു.

ഹേ ഗാന്ധാരീ, ഞാനൊടുങ്ങാം. പോവുക. രക്ഷതേടുക. ഈ അഗ്നിജ്വാലകളിൽ നിന്നും സ്വയം മോചിതയാകൂ. നിന്റെ കണ്ണിലെ ബന്ധനമഴിക്കുക, വിമോചിതയാകുക, രക്ഷനേടുക”.

 

ഗാന്ധാരി കേട്ടു. നിസ്സംഗഭാവത്തിൽ കേട്ടു വൃദ്ധജൽപനം. സർവ്വനാശം. സത്യനാശം സംഭവിച്ചുകഴിഞ്ഞു. പാണ്ഡവരും യാദവനും ശേഷിച്ചു. കൗരവർ ഒടുങ്ങി. ഇനിയെന്ത് ബാക്കി. സർവ്വം അന്ധകാരം.

 

ഒടുങ്ങട്ടെ. ദഹിക്കട്ടെ. അവൾ ശപിച്ചു. യാദവനെ, കുന്തിയെ, പുരുവംശത്തെ, പ്രപഞ്ചത്തെ, തന്റെ ജന്മത്തെ.

തീർന്നു. എല്ലാം ഒടുങ്ങി. ഗാന്ധാരിക്കിനി മോഹങ്ങളില്ല, മോഹഭംഗങ്ങളില്ല.

 

കുന്തീ, വരിക സോദരീ, ഷണ്ഡന്റെ പത്നീ. സത്യവതിക്കു നീയാണ് ശരിയായ കുലവധു. മേഘങ്ങളുടെ മറവിൽ പരാശരനെ പ്രാപിച്ചു, കൃഷ്ണദ്വൈപായനെ പ്രസവിച്ചു ദ്വീപിൽ ഉപേക്ഷിച്ച സത്യവതിയും, ഇരുളിൽ സൂര്യനെ പ്രാപിച്ച്, തമസ്സിൽ പ്രസവിച്ചു ഗംഗയിൽ കനിഷ്ഠപുത്രനെ ഒഴുക്കി വിട്ട കുന്തിയും ചേരും. നിങ്ങൾ പരസ്പരപൂരകങ്ങൾ തന്നെ!

 

ഗാന്ധാരി ചിരിച്ചു. അന്ധതയൊഴിഞ്ഞ ചിരി, എല്ലാം അറിഞ്ഞ ചിരി. വെളിച്ചം നിറഞ്ഞ ചിരി. അന്ധകാരത്തിൽ അവൾ തിളങ്ങി. അഗ്നിയുടെ താപത്തിൽ അവൾ സ്ഫുടം ചെയ്തെടുത്ത കാഞ്ചനയായി.

 

കുന്തീ, നീ സത്യവതിക്കും ഒരുപടി മേലെയല്ലേ… ബാല്യത്തിൽ തന്നെ നിന്റെ പിതാവ് നിന്നെ ഉപേക്ഷിച്ചു. എന്തുകൊണ്ടെന്നറിയുമോ? നിന്നിൽ ധർമ്മം ഇല്ലായിരുന്നു എന്നറിഞ്ഞതിനാൽ. ഗീതയുടെ ഉപജ്ഞാതാവല്ലേ യാദവൻ, നിന്റെ സഹോദരപുത്രൻ. ലക്ഷ്യം നേടുവാൻ ഏതു മാർഗ്ഗവും സ്വീകരിക്കാമെന്ന് മാതുലയെ ഉപദേശിച്ചവൻ? ഷണ്ഡന്റെ രാജ്യാധികാരം നിലനിർത്തുവാൻ, അന്ധന്റെ മക്കളെ മുച്ചൂടും നശിപ്പിക്കുവാൻ ഹേ, കുന്തീ പരപുരുഷന്മാരെ പ്രാപിച്ചവൾ നീ. അസത്യത്തിൽ അഭിരമിച്ച സത്യവതിക്കു ചേർന്നവൾ നീ തന്നെ കുന്തീ…

നിനക്കിനി മോചനമില്ല. കാടെരിയുന്നു. വരിക, മരണം വരിക്കുക. നിന്റെ പൂർവ ജാരൻ ധർമ്മദേവൻ കാത്തിരിക്കുന്നുവല്ലോ, നിന്നെ.

 

ഒന്നോർത്താൽ, ധർമ്മം സ്ഥാപിക്കുവാൻ ത്രാണിയില്ലാതെ, മക്കൾക്ക്‌ നേർവഴി കാട്ടുവാൻ കഴിയാതെ അന്ധത്വം വരിച്ച ഞാനും ധർമ്മജയല്ലേ, അപ്പോൾ നീയെനിക്കു മാതാവ്…

ഹോ! വരു കുന്തീമാതേ, നിന്റെ ജാരസന്തതികളെ മറക്കുക, നിന്റെ രഹസ്യങ്ങളറിയുന്ന ഗംഗയിനി ഒഴുകിവരില്ല, നിനക്കാശ്വാസമേകുവാൻ. ഈ അഗ്നി നിന്നെ ഭുജിക്കട്ടെ, എന്നോടൊപ്പം വരിക. നമുക്കൊന്നായി മൃത്യുദേവനെ പ്രാപിക്കാം. നീയെനിക്കു വഴികാട്ടി.

 

“കുന്തീ… നീ എവിടെ”, ചിലമ്പിയ അവളുടെ ശബ്ദത്തിന്റെ അനുരണനം കാടാകെ പടർന്നു അഗ്നിയിലെരിഞ്ഞു. കാട്ടുമൃഗങ്ങൾ അലറിക്കരഞ്ഞു…

അഗ്നി… രുധിരത്തിന്റെ നിറമൊഴുക്കുന്ന അഗ്നി ആകാശത്തോളം പൊങ്ങി സൂര്യനെ മറച്ചു. ആശ്രമം ഇരുട്ടിൽ തിളങ്ങി.

 

ഒരു നനുത്ത കരസ്പർശം ഗാന്ധാരിയെ ഉണർത്തി. മൃതിയുടെ ഹിമതാപം അവളുടെ വിരൽതുമ്പിലൂടെ പടർന്നുകയറി.

“ജ്യേഷ്ഠത്തീ, ഇതാ, ഞാൻ വന്നു…”

കുടിലിനുള്ളിൽ പാണ്ഡുവിന്റെ അന്ധജ്യേഷ്ഠൻ വീണ്ടും വീണ്ടും അലറി, പൊയ്ക്കോളൂ…

 

ഗാന്ധാരി കുന്തിയുടെ കരങ്ങളിൽ ഇറുകിപ്പിടിച്ചു. ഞാൻ തയ്യാറാണ്. മോചനം എവിടെ?

അവളുടെ അമർന്ന ചുണ്ടുകൾക്കുള്ളിലെ ദന്തങ്ങൾ മുറുകി, കൂട്ടിലടച്ച വന്യമൃഗം പുറത്തുചാടുംപോലെ ഒരു സ്വരം തൊണ്ടക്കുഴി തുളച്ചു പുറത്തേക്കൊഴുകി.

കുന്തി ശാന്തമായ മനസ്സോടെ ഗാന്ധാരിയുടെ കരങ്ങൾ പിടിച്ചുകൊണ്ട് നടന്നു, അഗ്നി തെളിച്ച വഴിയിലൂടെ, ജ്യോതിസ്സിന്റെ ആത്മാവിലേക്ക്.

കുന്തിയുടെ അധരപുടങ്ങളിൽ പേരറിയാത്ത ഒരു നിർവൃതി തുടിച്ചു.

അവൾ പിറുപിറുത്തു, “കഴിഞ്ഞു. ഈ ജന്മത്തിലെ എല്ലാ ലക്ഷ്യവും മാർഗ്ഗവും ഒടുങ്ങി…

ഗംഗേ, നിനക്കു മംഗളം. നീയിനിയുമൊഴുകുക പ്രിയസഖി. നിന്നെ ഉപേക്ഷിച്ചു ഞാൻ യാത്രയാകുന്നു. അശാന്തിപർവ്വത്തിൽ നിന്നും ശാന്തിപർവ്വത്തിലേക്ക്, ഒരിക്കലും തിരിച്ചുവരാത്ത എന്റെ യാത്ര. കൂടെയുണ്ട് അന്ധത മനസാവരിച്ച ഗാന്ധാരിയും.

എന്റെ ജീവിതം ദ്വൈപായനൻമാർ പാടിനടക്കുമ്പോൾ അറിയുക ഗംഗേ, നിന്നെപ്പോലെയെനിക്കും ഒരു പിൻയാത്രയില്ല”.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com