ADVERTISEMENT

1. തീൻമേശ

 

അവളോട് ചോദിച്ചു.

"ഇൻസ്റ്റാഗ്രാം ഐഡി എന്താ..?

അവൾ "അടുക്കള" ചൂണ്ടി കാണിച്ചു.

"നിന്റെ പോസ്റ്റുകളും സ്റ്റോറിയുമെവിടെ.."

അവൾ "കരിപിടിച്ച കലവും പാത്രങ്ങളും" ചൂണ്ടി കാണിച്ചു.

"ഇൻബോക്സ് എവിടെ..."

അവൾ "തീൻമേശ" ചൂണ്ടി കാണിച്ചു.

ഭർത്താവും മക്കളും അവിടെയിരിപ്പുണ്ട്.

ഒപ്പം റീപ്ലേയില്ലാത്ത സീൻ ചെയ്ത ഒരുപാട് മെസ്സേജുകളും...

 

2. (അ)നീതി

 

'നീതി' എന്നായിരുന്നു കടയുടെ പേര്, 

അവകാശവും സ്വാതന്ത്രമൊക്കെ അവിടെ വിൽക്കപ്പെടുന്നുണ്ട്.

പത്രാസുകാരന് അവയിൽ നിന്ന് മുന്തിയ ഇനം ഒരു പിടി കൂടുതൽ നൽകി കടക്കാരൻ ധർമിഷ്ഠനായി. പോയത്തക്കാരന് താഴ്ന്നത് നൽകിയും പിടിച്ചു വെച്ചും അയാൾ പിശുക്കനുമായി.

അപ്പോഴും കടയുടെ പേര് മാത്രം തിളങ്ങി നിന്നു.

'നീതി'

 

3. കുറ്റബോധം

 

അവൻ കല്യാണം കഴിച്ചത് സ്ത്രീധനത്തെയാണ്. ആദ്യരാത്രി ആഘോഷിച്ചത് ആഭരണങ്ങളെ കെട്ടിപിടിച്ചാണ്. പിറ്റേന്ന് അവർ ഹണിമൂണിന് പോയത് ജ്വല്ലറിയിലേക്കാണ്.

അഞ്ച് പവന്റെ കുറവ്. തിരിച്ചു വരുമ്പോൾ അവനൊരു കയർ വാങ്ങി. ഒന്നും പറയാതെ അവൾക്ക് കൊടുത്തു. അഞ്ച് പവന് വേണ്ടിയുള്ള അഭ്യാർത്ഥനയായിരുന്നു അത്.

അവൾ കയറിൽ കുരുക്കിട്ടു. പിന്നെ തൂങ്ങി. ശവത്തിന്റെ കാല് പിടിച്ച് 'ആത്മാർത്ഥത' കരയുമ്പോൾ അടുത്ത സത്യമറിഞ്ഞു.

പാദസരത്തിൽ ഒന്നര പവന്റെ കുറവ്...

അവൻ സ്വയം മൊഴിഞ്ഞു.

"ചങ്ങല വാങ്ങിയാൽ മതിയായിരുന്നു..."

 

4. കുഴിമാടം

 

അമ്മക്ക് വയസ്സായി തുടങ്ങി.

മകൻ വൃദ്ധസദനത്തിൽ അമ്മക്കൊരിടം ബുക്ക് ചെയ്തു.

അച്ഛന്റെ കുഴിമാടത്തിന് സമീപം അമ്മക്കും ഒന്ന് കുഴിച്ചു.

മുൻകരുതലായി മൂന്ന് കഷ്ണം തുണിയും വാങ്ങാൻ മറന്നില്ല.

മടങ്ങുന്നിടെ ചെറിയ ആക്സിഡന്റ്

അമ്മക്ക് കരുതിയ തുണികൾ അത്യാഗ്രഹിയായ മകൻ തട്ടിയെടുത്തു.

ഒപ്പം കുഴിമാടത്തിന്റെ അധികാരവും...

 

5. മരുന്ന്

 

ഭയങ്കര ഓർമശക്തി. ഇത്തിരി മറക്കണം. മറക്കാനുള്ള മരുന്നിന് സർക്കാർ വില കുറച്ചത് കാരണം ക്യൂവിൽ തിരക്ക് കൂടുതലാണ്. 

മരുന്ന് കുടിച്ചിട്ട് വീട്ടിലേക്ക് തിരിച്ചപ്പോൾ അവൻ മുണ്ടും ചെരുപ്പും എടുക്കാൻ മറന്നു. രണ്ട് കാലിന്റെ ഓർമയില്ലാതെ നാല് കാലിൽ ഇഴയാൻ തുടങ്ങി. നാട്ടുഭാഷ മറന്ന് പുതിയ സാഹിത്യവാക്കുകൾ പുറത്ത് വന്നു. കാളിംഗ് ബെല്ലിന്റെ ഓർമയില്ലാതെ കതകിൽ ആഞ്ഞടിച്ചു. കതക് തുറന്ന ഭാര്യയും  "മോനേ" ന്ന് വിളിച്ച അമ്മയും പോർക്കളത്തിലെ ശത്രുക്കളായി. പോരാട്ടം കഴിഞ്ഞ് റൂമിന്റെ ഓർമയില്ലാതെ കോലായിലാണ് അവൻ ഉറങ്ങിയത്. 

 

പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ മറവിയുടെ കാര്യം അവൻ പാടെ മറന്നിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com